ഇന്നത്തെ തീയതി :

Saturday, February 23, 2008

ആറ്റുകാല്‍ പൊങ്കാല - ഭക്തി വ്യവസായം

ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല്‍കുന്നു ഈ ഭക്തി വില്‍പ്പന. തീര്‍ച്ചയായും നമ്മുടെ വ്യവസായികള്‍ക്ക്‌ അനുകരിക്കാവുന്ന ഒരു മാതൃക. പരസ്യം കൊണ്ട്‌ എങ്ങനെ ഒരു വ്യവസായം വിപുലീകരിക്കാം എന്നും ഭക്തി എങ്ങനെ വളര്‍ത്താം എന്നും ആറ്റുകാല്‍ എന്ന സ്ഥലത്തുള്ളവര്‍ക്ക്‌ നന്നായി അറിയാം എന്ന് നേരത്തെ തെളിയിച്ചു കഴിഞ്ഞതാണല്ലോ. (ഒരാള്‍ ജ്യോതിഷം വിറ്റു കാശാക്കുന്നത്‌ നമ്മുടെ കണ്‍മുമ്പില്‍ ഉണ്ടല്ലോ).

വഴി നീളെ അടുപ്പ്‌ കൂട്ടി പൊതുജനത്തിനു ശല്യം ഉണ്ടാക്കുന്നത്‌ ദൈവത്തിന്റെ പേരില്‍ ആയതിനാല്‍ ആരും മിണ്ടില്ല എന്ന് ഇതിന്റെ സംഘാടകര്‍ക്ക്‌ നല്ലവണ്ണം അറിയാം. ജാഥകള്‍ പോലും നിരോധിച്ച സെക്രട്ടറിയേറ്റും പരിസരത്തും വരെ അടുപ്പുകള്‍ കൂട്ടി പൊങ്കാലയിടാന്‍ വേദി ആയെങ്കില്‍ അതിനര്‍ത്ഥം ഭക്തിയുടെ പേരില്‍ എന്തും ആകാം എന്നല്ലേ? ഇന്നലെ ചാനലുകളില്‍ എല്ലാം ഇത്‌ തന്നെ ആയിരുന്നു .

ഇതിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ എന്തോ പോലെ തോന്നി. പൊങ്കാല അടുപ്പുകളിലേക്ക്‌ ഹെലികോപ്റ്ററില്‍ നിന്നും പുഷ്പവൃഷ്ടി നടത്തുന്ന കാഴ്ച കണ്ടപ്പോള്‍ സത്യത്തില്‍ ചിരി വന്നു പോയി. ഇതാണോ ഭക്തി??? അടുപ്പുകള്‍ക്കിടയിലൂടെ ഒരു വയസ്സായ ആള്‍ നടന്ന് ഒരു പാത്രത്തില്‍ നിന്നു തെങ്ങിന്‍ പൂക്കുല കൊണ്ട്‌ എന്തോ വെള്ളം തളിക്കുന്നു, തീര്‍ഥം ആണത്രെ. അത്‌ എവിടെ ഒക്കെ വീഴുന്നു എന്നൊന്നും അയാള്‍ ശ്രദ്ധിക്കുന്നതായി തോന്നിയില്ല.

സ്ത്രീകളുടെ ശബരിമല ആണു ആറ്റുകാല്‍ അമ്പലം എന്ന് പറയുന്നത്‌ കേട്ടു. അത്‌ ഏത്‌ വകുപ്പിലാണു എന്ന് മനസ്സിലായില്ല. ഈ അമ്പലത്തിന്റെ അധികൃതര്‍ തന്നെ ചാര്‍ത്തി കൊടുത്ത അലങ്കാരം ആയിരിക്കും ഈ പദവി എന്നു തോന്നുന്നു. (ഇവിടെ എന്താ ആണുങ്ങള്‍ക്ക് പ്രവേശനം ഇല്ലേ? അതോ വേറെ ഏതെങ്കിലും തരത്തില്‍ ശബരിമലയുമായി താരതമ്യം ചെയ്യാന്‍ പറ്റുമോ, എനിക്കറിയില്ല.)

ഇത്രയൊക്കെ തോന്നാന്‍ കാരണം അഞ്ചാറു വര്‍ഷം അല്ലെങ്കില്‍ ഒരു പത്ത്‌ വര്‍ഷത്തിനു മുമ്പ്‌ വരെ ആറ്റുകാല്‍ അമ്പലം കേരളത്തിലെ ഒരു സാധാരണ അമ്പലം മാത്രം ആയിരുന്നു. (പൊങ്കാല ഇടാന്‍ വന്ന 'താരങ്ങള്‍' പറയുന്ന കേട്ടു അഞ്ചു വര്‍ഷമായി പൊങ്കാല ഇടുന്നുണ്ടെന്ന്. തിരുവനന്തപുരത്തുള്ള അവര്‍ പോലും പൊങ്കാല ഇടാന്‍ തുടങ്ങിയിട്ട അഞ്ച് വര്‍ഷമേ ആയിട്ടുള്ളൂ. ). ഇപ്പോള്‍ അത് 25 ലക്ഷം സ്ത്രീകള്‍ വരുന്ന അമ്പലം ആയത് എങ്ങെനെ എന്ന് ചിന്തിച്ചു പോയി. അതില്‍ പരസ്യത്തിനുള്ള സ്ഥാനം ചിന്തിച്ചു പോയി.

ഇനി കണക്ക് നോക്കിയാല്‍ ഇതിന്റെ രഹസ്യം മനസ്സിലാകും. 25 ലക്ഷം പൊങ്കാലക്കാര്‍ 10 രൂപ വച്ച് നേര്‍ച്ചയിട്ടാല്‍ രണ്ടര കോടി, അത് ആവറേജ് അന്‍പത് രൂപ ആയാല്‍ പന്ത്രണ്ടര കോടി..പൊങ്കാല ഇടുന്നതിന് വല്ല നടപ്പണവും അടക്കണമോ എന്നു എനിക്കറിയില്ല, ഇത് നേര്‍ച്ചയുടെ കാര്യമാ പറഞ്ഞത്. (ഹെലികോപ്റ്ററില്‍ പുഷ്പ വൃഷ്ടി നടത്തിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ.)

ഇതെല്ലാം കഴിഞ്ഞ് നേര്‍ച്ച കോഴികളെ പോലെ കുറച്ച് കുട്ടികളെ ഒരുക്കി നിര്‍ത്തിയിരിക്കുന്നു. കുത്തിയോട്ട മല്‍സരം ഉണ്ട് പോലും. കഴിഞ്ഞ ആഴ്ച ഒരു ചാനലില്‍ കണ്ടിരുന്നു ഈ കുട്ടികളെ, നാലും അഞ്ചും വയസ്സ് ഉള്ള കുട്ടികളെയും അതില്‍ കണ്ടിരുന്നു. ഒരാഴ്ച്ക അമ്പലത്തില്‍ താമസിച്ച് വൃതം എടുക്കാന്‍ വന്നവര്‍. നിലത്ത് കിടന്നു കരയുന്നവരേയും കണ്ടു. ഇങ്ങനെ ഉള്ള കുട്ടികളെയാണ് ശൂലം കുത്തി ഓടിക്കുന്നത്. ഇതില്‍ നിന്ന് എന്ത് പുണ്യം ആണാവ്വോ അവര്‍ക്ക് ലഭിക്കുക? (ജല്ലിക്കെട്ട് ഇതിലും ഭേദമല്ലേ? )

ഭക്തി നല്ലതാണ് , അത് മനസ്സിന്റെ ഉള്ളില്‍ നിന്നു വരണം. പക്ഷേ ഇത്തരത്തിലുള്ള ഭക്തി എത്രത്തോളം ആത്മാര്‍ത്ഥമാണ് എന്നൊരു സംശയം. ഇത് ഒരു അടിച്ചേല്‍പ്പിച്ച ഭക്തി അല്ലേ? അല്ലെങ്കില്‍ വാണിജ്യവല്‍ക്കരിച്ച ഭക്തി അല്ലേ?ഇപ്പോള്‍ ഈ പൊങ്കാല മറ്റൂ പല അമ്പലങ്ങളീലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്നു. (മറ്റൊരു വ്യവസായിക അമ്പലമായ ചക്കുളത്ത് കാവിലും പൊങ്കാല നടത്തുന്നുണ്ട് എന്നാണ് അറിഞ്ഞത്.)

ഇതിന്റെ പേരില്‍ ആരും എന്നെ തല്ലാന്‍ വരണ്ട. ഇന്നലെ ചാനലുകള്‍വഴി ഇത് ആഘോഷിക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയതാ. ഒന്നുണ്ട് ,മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ഇങ്ങനത്തെ ഉല്‍സവങ്ങള്‍ക്ക് കഴിയും എന്നു തോന്നുന്നു. വെള്ളിയാഴ്ച ആയിട്ടു കൂടി മുസ്ലിം പള്ളിയുടെ മുന്‍പില്‍ അടുപ്പ് കൂട്ടി എന്ന് പറഞ്ഞ് ആരും വഴക്കു കൂടിയതായി കേട്ടില്ല.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി