ഇന്നത്തെ തീയതി :

Wednesday, May 28, 2008

ബ്ലോഗ് കോപ്പി ചെയ്യുന്നത് തടയാന്‍ ഒരു വഴി

ബ്ലോഗ് പോസ്റ്റുകള്‍ പെട്ടെന്ന് കോപ്പി ചെയ്യാന്‍ പറ്റാത്ത രീതിയില്‍ HTML, തിരുത്തുന്ന ഒരു രീതി സിമി ചാക്കോയുടെ ബ്ലോഗില്‍ ഒരു പോസ്റ്റ് ഉണ്ടായിരുന്നു. അന്ന് ആ പോസ്റ്റ് കാണാത്തവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.

< onselectstart="'return"> എന്ന ഒരു tab modification ആയിരുന്നു സിമി പറഞ്ഞു തന്നത്.

അത് പ്രയോഗിച്ചപ്പോള്‍ എന്തോ ശരിയായില്ല എന്ന അപ്പൂവിന്റെ പരാതി ആണ് ഈ പോസ്റ്റ് ഇടാന്‍ കാരണമായത്... സിമിയോ മറ്റ് സാങ്കേതിക വിദഗ്ദരായ ബ്ലോഗര്‍മാരോ അപ്പുവിനെയും മറ്റു ബ്ലോഗര്‍മാരെയും സഹായിക്കും എന്ന് കരുതുന്നു.

എന്റെ അനുഭവത്തില്‍ അത് ശരിക്കും വര്‍ക്ക് ചെയ്യുന്ന ഒരു പരിപാടി തന്നെയാണ്. ഞാന്‍ അന്നത് ചെയ്തു നോക്കിയതുമാണ്. അടിച്ചു മാറ്റാന്‍ പറ്റിയത് ഒന്നും എന്റെ ബ്ലോഗില്‍ ഇല്ലല്ലോ എന്ന് കരുതി പിന്നീട് ഞാന്‍ അത് മാറ്റി. ഇനി റ്റെമ്പ്ലേറ്റ് അനുസരിച്ച് എവിടെയെങ്കിലും മാറ്റം വരുമോ എന്നൊന്നും എനിക്കറിയില്ല. സംശയമുള്ളവര്‍ക്ക് അറിവുള്ള ആരെങ്കിലും പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു.

ഇതിനെ പറ്റി കൂടുതല്‍ അറിയാവുന്നവര്‍ അത് എല്ലാവരിലേക്കും എത്തിച്ചു കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഉള്ള ഒരു ദോഷമായി എനിക്ക് തോന്നിയത് കമന്റുകളില്‍ ചില ഭാഗങ്ങള്‍ ക്വോട്ട് ചെയ്യുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതാണ്. കാരണം കോപ്പി & പേസ്റ്റ് പറ്റില്ലല്ലോ. പക്ഷേ ക്രിയാത്മകമായി ബ്ലോഗില്‍ എന്തെങ്കിലും ചെയ്യുന്നവര്‍ ഇങ്ങനെ എങ്കിലും തങ്ങളുടെ ബ്ലോഗ് സംരക്ഷിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. സിമി പറഞ്ഞപോലെ ഇതൊരു പൂര്‍ണ്ണമായ സം‌രക്ഷണം അല്ല എന്നറിയാം. എന്നാലും ... ഒരു ചെറിയ മനസമാധാനത്തിന് വേണ്ടി ചെയ്യാം. അത്രയേ ഉള്ളു.

ഇതിന്റെ പേരില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാന്‍ പ്രാപ്തനല്ല എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ. ആയതിനാല്‍ ആരെങ്കിലും ഒക്കെ സഹായിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ സംശയങ്ങള്‍ സിമിയുടെ പോസ്റ്റില്‍ തന്നെ ചോദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സിമിയുടെ പോസ്റ്റിലേക്കുള്ള ലിങ്ക് ( " ബ്ലോഗ് മോഷണം തടയാന്‍ " )

സിമിക്ക് നന്ദി , ഈ വഴി മറ്റാരോ കൂടി നേരത്തെ കൊടുത്തിരുന്നു എന്നാണ് ഓര്‍മ. ആരാണെന്ന് ഓര്‍മയില്ല.

(പിന്നെ റ്റെമ്പ്ലേറ്റില്‍ എന്ത് മാറ്റം വരുത്തുന്നതിനു മുമ്പും അത് മുഴുവന്‍ ഒരു വേര്‍ഡ് ഷീറ്റിലോ നോട്ട്പാഡിലോ കോപ്പി ചെയ്ത് വയ്ക്കണം. എന്തെങ്കിലും പ്രശ്നം വന്നാല്‍ ആദ്യത്തേത് തിരികെ പേസ്റ്റ് ചെയ്താല്‍ മതിയല്ലോ.)

Wednesday, May 21, 2008

ഒരു മീന്‍പിടുത്തം - പറക്കും മീന്‍

മഴക്കാലമായാല്‍ മീന്‍ പിടിക്കാന്‍ പോകുക എന്നത് പണ്ട് മുതലേ ഒരു രസമായിരുന്നു. ഇപ്പോള്‍ ഇതാ അടുത്ത മഴക്ക്കാലം വരുന്നു. ആറ്റു തീരത്ത് പോകാനും, വല വീശാനും, മീന്‍ പിടിക്കാനും കൊതി തോന്നുന്നു. പക്ഷേ എന്തു ചെയ്യാം. ഇവിടെ ആറില്ലല്ലോ, മഴ ഇല്ലല്ലോ. മീന്‍ ഇല്ലല്ലോ.

എങ്കിലും മീന്‍ പിടിക്കുന്നതിന്റെ ഒരു video ഇവിടെ ഇടാം. "flying fish" എന്ന് സേര്‍ച്ച് അടിച്ചപ്പോള്‍ കിട്ടിയ ഒരു വീഡിയോ ആണിത്.




ഇത് അരങ്ങേറുന്നത് അങ്ങ് ബ്രസീലിലെ മിസൗറി മിസ്സിസിപ്പി നദിയില്‍ ആണ്. ഇവിടെ കാണുന്ന ഈ മീനുകള്‍ matrinxa (Brycon cephalus) എന്നയിനം കാര്‍പ്പ് മല്‍സ്യങ്ങള്‍ ആണ് . ഇങ്ങനെ മീന്‍ പിടിക്കാന്‍ എന്തു രസം അല്ലേ? ഇതിനാണോ കൈ നനയാതെ മീന്‍ പിടിക്കുക എന്ന് പറയുന്നത്. (നമ്മുടെ അപ്പൂപ്പന്മാര്‍ ബ്രസീലില്‍ പോയിട്ടില്ല എന്ന് തോന്നുന്നു).


********** *********** ************** **********


ഇനി പകല്‍ വെളിച്ചത്തില്‍ നടക്കുന്ന ഒരു മീന്‍ പിടുത്തം കൂടി കാണൂ. ഇത് ഏഷ്യന്‍ കാര്‍പ്പ് വര്‍ഗ്ഗത്തില്‍ പെട്ട silver carp ആയിരിക്കുമെന്ന് ഇവിടെ നിന്ന് മനസ്സിലായി. ഇതിനെ നമ്മുടെ കായലുകളിലും ആറുകളിലും എന്തു കൊണ്ട് വന്ന് വിടുന്നില്ല എന്ന് മനസ്സില്‍ ഒരു ചോദ്യം ഉയരുന്നു.





സമയം ഉണ്ടെങ്കില്‍ ഇതു കൂടി കാണൂ.

*********** ************* ************* **********


ഇനിയാണ് flying fish എന്താണെന്ന് കാണുന്നത്. ഇത് പറക്കുന്ന വീഡിയോ കാണൂ.





ഇതിന്റെ ഫോട്ടോ ഇങ്ങനെ ഇരിക്കും. ഇത്തരം മീനുകളെ ഇതു വരെ കാണാന്‍ പറ്റിയിട്ടില്ല. പക്ഷേ കുറെ ഫോട്ടോ കണ്ടു. ഇതിനെ കണ്ടവരുണ്ടോ? കണ്ടപ്പോള്‍ ഉണ്ടായ കൗതുകത്തിന് പോസ്റ്റ് ചെയ്യുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പറ്റിയില്ല. ക്ഷമിക്കുക.

Wednesday, May 14, 2008

സന്തോഷ് മാധവന്‍ - ഒരു പ്രതീകം

ഭാരതത്തില്‍ അങ്ങോളമിങ്ങോളം ഉള്ള സ്വാമിമാരുടെ ഒരു പ്രതീകം മാത്രമാണ് സന്തോഷ് മാധവന്‍ എന്ന് ഞാന്‍ കണക്കാക്കുന്നു. കണക്കു കൂട്ടലുകളില്‍ വന്ന എന്തോ ഒരു പാളിച്ച, അത് അദ്ദേഹത്തെ വെട്ടിലാക്കി എന്നേ ഉള്ളു. 'അദ്ദേഹത്തെ' എന്ന് ബഹുമാനത്തോടെ പറഞ്ഞതിന്റെ കാരണം സന്തോഷിന്റെ കഴിവിനെ അംഗീകരിച്ചത് കൊണ്ടാണ്. ഇത്രയേറെ വിദ്യാസമ്പന്നരായ ഒരു ജനതയുടെ ഭാഗമായ കുറെ ഏറെ പേരെ വിഡ്ഡിയാക്കുക എന്നത് ചില്ലറ കാര്യമല്ലല്ലോ.

ഇന്ന് സന്തോഷിനെ, അല്ല അമൃത ചൈതന്യയെ കുറ്റം പറയുന്നവരില്‍ കുറെ ഏറെ പേര്‍ക്കെങ്കിലും അതിനുള്ള അര്‍ഹത ഉണ്ടോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. അവരില്‍ എത്ര പേരുടെ പോക്കറ്റിലോ വീട്ടിലോ, സായി ബാബയുടെ ഫോട്ടോ, അല്ലെങ്കില്‍ അമൃതാനന്ദമയിയുടെ ഫോട്ടോ, അല്ലെങ്കില്‍ അമ്മ ഭഗവാന്റെ ഫോട്ടോ, അല്ലെങ്കില്‍ ശ്രീ ശ്രീ രവിശങ്കറുടെ ഫോട്ടോ, അല്ലെങ്കില്‍ എനിക്ക് പേരറിയാത്ത അനേകം അനേകം ആള്‍ ദൈവങ്ങളില്‍ ഒരാളുടെ ഫോട്ടോ കാണുമെന്ന് ചിന്തിച്ച് നോക്കൂ. ഈ പറഞ്ഞ ദൈവങ്ങളില്‍ നിന്നും എത്രമാത്രം വ്യത്യസ്തനാണ് ശ്രീ സന്തോഷ് എന്ന് എനിക്കറിയില്ല. ഒരിക്കല്‍, ഇവരുടെ ഒക്കെയും തുടക്ക കാലങ്ങളില്‍ ഇവരില്‍ പലരും ഒരു സന്തോഷ് ആയിരുന്നിരിക്കണം. ഇന്ന് തിളങ്ങി നില്‍ക്കുന്ന എല്ലാ ആള്‍ദൈവങ്ങള്‍ക്കും ഉള്ള ആസ്തി എവിടെ നിന്ന് വന്നു എന്ന് ഇവരെ പൂജിക്കുന്ന ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?

ഇന്നലെ വരെ സന്തോഷ് പറയുന്നത് സന്തോഷത്തോടെ അനുസരിച്ചിരുന്ന പലരും സ്വയം മുഖം രക്ഷിക്കാന്‍ ഓടുന്നത് കാണാന്‍ രസമുണ്ട്. ഇനി നാളെ അമൃതാനന്ദമയി-യെ പറ്റി ഇങ്ങനെ ഒരു പരാതി വന്നു കൂട എന്നില്ലല്ലോ. (വരില്ല എന്നറിയാം, കാരണം ഇന്നവര്‍ ഉയരങ്ങളില്‍ അല്ലേ ഇരിക്കുന്നത് ). വന്നാല്‍ ഇന്ന് സന്തോഷ് മാധവന്റെ ഗതി തന്നെ ആകില്ലേ അവരുടേതും? അപ്പോള്‍ ഇന്ന് അവരെ അമ്മയും, ദൈവവും ആയി കാണുന്നവര്‍ എന്ത് പറയും? ആലോചിക്കാന്‍ നല്ല രസം. ഇത് ചോദിക്കുന്നത് ഇന്നലെ വരെ സന്തോഷിന്റെ കാല്‍ നക്കിയിരുന്ന കലാ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ നായകന്മരുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നത് കൊണ്ടാണ്.

ഇനിയും നമ്മുടെ ജനങ്ങള്‍ മനസ്സിലാക്കില്ല എന്നതാണ് ഏറെ ദു:ഖകരം. പിടിക്കപ്പെടുന്നവര്‍ മാത്രമേ കള്ളനാണയങ്ങള്‍ ഉള്ളു എന്ന് അവര്‍ പറയും . പിടിക്കപ്പെടാത്തവരുടെ അടുത്ത് പോയാല്‍ ശാന്തി കിട്ടുന്നെങ്കില്‍ ജനങ്ങള്‍ അവിടെ പോകുന്നതില്‍ എന്താ തെറ്റ് എന്ന് ചോദിക്കുന്നവര്‍ ആയിരിക്കും കൂടുതല്‍. ഇന്ന് സന്തോഷ് മാധവന്‍ എന്ന അമൃത ചൈതന്യ പിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ (പരാതി കൊടുത്ത ആ സ്ത്രീക്ക് നന്ദി. ) അയാള്‍ മറ്റൊരു വള്ളിക്കാവിന് അധിപന്‍ ആകില്ലായിരുന്നു എന്ന് പറയാനാകുമോ? ഒരു 'ആശ്രമ' അധിപതി ആകില്ലായിരുന്നു എന്ന് ആരു കണ്ടു? അങ്ങനെ ആയിക്കഴിഞ്ഞ് അയാള്‍ പിടിക്കപ്പെടുമായിരുന്നു എന്ന് ഉറപ്പിച്ച് പറയാനാകുമോ? ഇല്ല. ഈ തരത്തിലുള്ള സ്വാമി വിഗ്രഹങ്ങള്‍ എല്ലാം വളരുന്നത് ആതുര സേവനം എന്ന് ലേബലില്‍ ആണെന്ന് കൂടി ചേര്‍ത്തു വായിച്ചാല്‍ എല്ലാവരേയും ഒരു ചരടില്‍ കെട്ടാന്‍ എളുപ്പമായി.

അതാണ് ഞാന്‍ പറഞ്ഞത് , സന്തോഷ മാധവന്‍ ഒരു പ്രതീകം മാത്രമാണ്. ഇന്ന് വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ദൈവങ്ങളുടേയും, കേരളത്തില്‍ എല്ലായിടത്തും പൊട്ടി മുളക്കുന്ന ചെറിയ ദൈവങ്ങളുടെയും എല്ലാം ഒരു പ്രതീകം. ഇവര്‍ക്ക് വളരാന്‍ വെള്ളം ഒഴിച്ച് കൊടുക്കുന്ന, ഇവരുടെ കാല്‍ നക്കുന്ന പട്ടികളെ അല്ല നമ്മുടെ സമൂഹത്തിന്‍ ആവശ്യം എന്നെങ്കിലും നമ്മുടെ ജനങ്ങള്‍ മന‍സ്സിലാക്കിയിരുന്നെങ്കില്‍ ? ?

ഹിന്ദുക്കളുടെ ഇടയില്‍ മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കും, മുസ്ലീങ്ങള്‍ക്കും ഉണ്ട് ഇത്തരം ആള്‍ദൈവങ്ങള്‍ എന്ന് കൂടി ചേര്‍ക്കേണ്ടിയിരിക്കുന്നു. എന്നാലേ ഒരു പൂര്‍ണ്ണ ചിത്രം കിട്ടുകയുള്ളൂ. പല സിദ്ധന്മാരും ഇടക്ക് പിടിക്കപ്പെടാറുണ്ടല്ലോ. പിടിക്കപ്പെടുന്നവര്‍ നിര്‍ഭാഗ്യവാന്മാര്‍, പിടിക്കപ്പെടാത്തവര്‍ ഭാഗ്യവാന്മാര്‍. അത്രയേ ഉള്ളു.


വാല്‍ക്കഷണം.
പാവം സന്തോഷ് മാധവന്‍ , എന്തെല്ലാം സ്വപ്നങ്ങള്‍ ആയിരുന്നു. നാളെ ആരായി തീരേണ്ട ആളായിരുന്നു. ഭാരതത്തിന് നഷ്ടമായത് ഒരു ഗുരുവിനെയാണ്. അനേകം മക്കളുടെ ദുരിതം അകറ്റേണ്ടിയിരുന്ന ഒരു അച്ഛനെയാണ്. അനേകര്‍ക്ക് സാന്ത്വനം ഏകുന്ന ഒരു ആതുര സേവകനെയാണ്. അനേകം പേര്‍ക്ക് തൊഴില്‍ നല്‍കിയേക്കാമായിരുന്ന ഒരു ബിസ്സിനസ്സുകാരെനെയാണ്. എത്ര സ്ത്രീകളെ കെട്ടിപ്പിടിച്ച് അനുഗ്രഹം നല്‍കേണ്ടയിരുന്ന കൈകള്‍ ആയിരുന്നു അത്. എല്ലാം കഴിഞ്ഞോ, അതോ ഇനിയും വരുമോ ? കാത്തിരുന്നു കാണാം.

Just remember, all these are happening in Kerala, the most literate state in India.

Saturday, May 3, 2008

ഇന്ത്യാക്കാര്‍ ആര്‍ത്തി പിടിച്ചവര്‍ - ബുഷ്

ലോകത്തിലെ ഭക്ഷ്യ പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണം ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ ആണെന്ന രീതിയില്‍ ജോര്‍ജ് ബുഷ് പ്രസ്താവന ഇറക്കിയിരിക്കുന്നു. ഇത് അങ്ങേര് ചുമ്മാ ഇരുന്നപ്പോള്‍ വിളിച്ച് പറഞ്ഞതല്ല. മിസോറിയില്‍ സാമ്പത്തിക വിദഗ്ദരുടെ സമ്മേളനത്തില്‍ ആണ് ബുഷ് ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. അപ്പോള്‍ ഈ ആരോപണം ചിന്തിച്ച് ഉണ്ടാക്കിയത് തന്നെ.

ഇന്ത്യ , ചൈന തുടങ്ങിയ രാജ്യങ്ങളിലെ കൂടി വരുന്ന ഉപയോഗം ആണ് പോലും ഭക്ഷ്യ പ്രതിസന്ധിക്ക് കാരണം. അതു പോലെ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പുരോഗതി പ്രാപിച്ചതോടെ ഭക്ഷ്യ ഉപയോഗം കൂടി എന്നും ഈ ബുഷ് എന്ന ദുഷ്ടന്‍ കണ്ടു പിടിച്ചിരിക്കുന്നു. എന്താണ് അമേരിക്കക്കാര്‍ വിചാരിച്ചിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. എല്ലാക്കാലവും ഇന്ത്യയിലെ ജനങ്ങള്‍ പട്ടിണി കിടന്ന് അമേരിക്കക്കാര്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കണമെന്നോ?

കണക്കുകള്‍ കാണിക്കുന്നത് പ്രകാരം ഉപയോഗിക്കുന്നതിന്റെ അത്ര തന്നെ ഭക്ഷണം വേസ്റ്റ് ആക്കുന്ന ഒരു രാജ്യമാണ് അമേരിക്ക. ഏകദേശം 75 ബില്ല്യണ്‍ ഡോളറിന്റെ ഭക്ഷണം ആണത്രെ അവര്‍ ഒരു വര്‍ഷം വേസ്റ്റ് ആക്കുന്നത്. ലിങ്ക് 1 ( ഏകദേശം മൂന്ന് ലക്ഷത്തി പതിനെണ്ണായിരം കോടി രൂപ. ഇന്ത്യയുടെ വാര്‍ഷിക ബജറ്റ് അഞ്ച് ലക്ഷം കോടിയില്‍ കുറച്ച് കൂടുതല്‍ ആണെന്ന് തോന്നുന്നു ) . അങ്ങനെയുള്ള ഒരു രാജ്യത്തിന്റെ തലവന്‍ ആണിത് പറയുന്നത് എന്ന് ഓര്‍ക്കുക. ഇത്രയും കാശ് കൊണ്ട് പത്ത് വാഴ വച്ചാല്‍ ബുഷിനു കൊള്ളാം. സ്വന്തം രാജ്യക്കാരെ നന്നാക്കിയിട്ട് പോരെ മറ്റുള്ളവരെ ഡയറ്റിങ് പഠിപ്പിക്കാന്‍.

ഇതിലൊക്കെ കൂടുതല്‍ ഓര്‍ക്കേണ്ട കാര്യം മറ്റു രാജ്യങ്ങളിലെ പോലീസ് കളിക്കാന്‍ അമേരിക്ക ചിലവാക്കുന്ന പൈസയുടെ പത്തിലൊന്ന് വികസ്വര രാജ്യങ്ങളില്‍ ഭക്ഷ്യോല്പാദനത്തിന് ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ഈ വിലക്കയറ്റം ഇങ്ങേര്‍ക്ക് തന്നെ നിയന്ത്രിക്കാമായിരുന്നല്ലോ. അതിന് പകരം ഇന്ത്യാക്കാരും ചൈനാക്കാരും ആര്‍ത്തി പിടിച്ചവരാണെന്ന് ആ അമ്മച്ചിയെ കൊണ്ട് പറയിക്കേണ്ട കാര്യം വല്ലതുമുണ്ടോ?

ഇന്ത്യ ആണവക്കരാര്‍ ഒപ്പിടാത്തതും ഇറാന്‍ പ്രസിഡന്റിനെ അഥിതി ആക്കിയതും ഒക്കെയാണോ ഈ മരങ്ങോടനെ കൊണ്ട് ഇത് പറയിച്ചത്? ആകാനേ വഴിയുള്ളൂ.

ജൈവ ഇന്ധനങ്ങളുടെ ഉപയോഗവും ഇതിന് ഒരു കാരണം ആണു പോലും. ഈ ആരോപണം ഉന്നയിക്കാന്‍ മാത്രം ജൈവ ഇന്ധന ഉപയോഗം സാധാരണമായോ എന്നൊരു സംശയം. ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് ജൈവ ഇന്ധനം ഉപയോഗത്തില്‍ ഉള്ളത് എന്നാണ് അറിവ്. അതും വളരെ കുറഞ്ഞ അളവില്‍.

ഡിസ്‌ക്ലൈമര്‍.
ഇതൊരു ആധികാരിക ലേഖനം അല്ല. ബുഷ് പറഞ്ഞത് വായിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ വച്ച് എഴുതിയതാണ്. കൂടുതല്‍ അറിവുള്ളവര്‍ തിരുത്തുക.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി