ഇന്നത്തെ തീയതി :

Wednesday, October 29, 2014

ചുംബനത്തിലെ സാംസ്കാരിക ചര്‍ച്ചകള്‍ - ഒരു തിരിഞ്ഞു നോട്ടം



1985 ഏപ്രില്‍ മാസം. ആ അവധിക്കാണ് കുടുംബസമേതം ഞങ്ങള്‍ ബോംബേ കാണാന്‍ പോകുന്നത്. ആന്റി അവിടെ താമസിക്കുന്നുണ്ട്. അവരുടെ കൂടെ ഒരു ദിവസം ജൂഹുവിലും പോയി. ബീച്ചില്‍ ഒരു പ്രദേശം കഴിഞ്ഞപ്പോള്‍ അവിടെയുള്ള ആന്റി പറഞ്ഞു ഇനി അങ്ങോട്ട് പോകണ്ട. പലതും കാണും എന്ന്. അപ്പോള്‍ തന്നെ പലതും കണ്ടിരുന്നു.

1988-89 വര്‍ഷം. ഞാന്‍ കോട്ടയത്ത് പഠിക്കുന്ന സമയം. സെന്റ്റല്‍ ജങ്ഷനില്‍ ഉള്ള ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍. അവിടെ ഫാമിലിക്കായി എ.സി മുറിയുണ്ട്. രാവിലെ വലിയ തിരക്കില്ല. കാപ്പി കുടിക്കാന്‍ കയറുന്ന ഫാമിലി(?)-കള്‍ അവിടെയിരുന്ന് ചുമ്പിക്കുന്നതും "അസ്ഥാനത്ത്"(?) പിടിക്കുന്നതും കണ്ടിട്ടുണ്ട്.

വര്‍ഷം കുറച്ചു കൂടി കഴിഞ്ഞു. 1994-95 സമയം. എറണാകുളത്ത് പോയി ടെസ്റ്റ് ഒക്കെ എഴുതി നടക്കുന്ന കാലം. രാവിലെ ടെസ്റ്റ് കഴിഞ്ഞാല്‍ വൈകുന്നേരം അഞ്ചു മണിക്കുള്ള വേണാടില്‍ ആണ് മടക്കം. ഉച്ച കഴിയുമ്പോള്‍ ജെട്ടിയില്‍ നിന്ന് ബോട്ടില്‍ കയറി ബോള്‍ഗാട്ടിയിലേക്ക്. ബിയര്‍ പാലറില്‍ കയറി ഹെയ്‌വാര്‍ഡ് 5000 സ്റ്റ്രോങ് കഴിക്കും. പിന്നെ കായലിനരികിലെ അരമതിലില്‍ പോയി ഇരിക്കും, ചിലപ്പോള്‍ കിടക്കും. അങ്ങനെ ഇരിക്കാന്‍ പോകുമ്പോള്‍ അവിടവിടെ കുറ്റിച്ചെടികളും, മുളങ്കാടുകളുമുണ്ട്, അതിന്റെ ചുവട്ടില്‍ കെട്ടിപ്പിടിച്ചും ഉമ്മവച്ചും കളിക്കുന്ന ധാരാളം മിഥുനങ്ങളെ കണ്ടിട്ടുണ്ട്.

1994-95-ലും 1995-96 -ലും രണ്ടു മൂന്നു തവണ ബാംഗ്ലൂര്‍ പോയിട്ടുണ്ട്. പിന്നെ 2010-ലും. ഈ പോയപ്പോള്‍ ഒക്കെ ലാല്‍ബാഗ് പാര്‍ക്കിലും ഒന്നു രണ്ടു തവണ കബ്ബന്‍ പാര്‍ക്കിലും പോയിരുന്നു. അവിടെ ചുംബനം മാത്രമല്ല, പലതും കാണേണ്ടി വന്നിട്ടുണ്ട്.

1997-98 കാലം. ചെന്നൈ-യില്‍ ജോലി ചെയ്തിരുന്ന കാലം. ഞായറാഴ്ചകളില്‍ ഒരു പണിയുമില്ല. രണ്ടു മൂന്നു കൂട്ടുകാരും ഞാനും മാത്രം. ചില ദിവസം സെന്റ് തോമസ് കുന്നില്‍ പോയി ഇരിക്കും. അല്ലെങ്കില്‍ വടപളനിയിലോ കെ കെ നഗറിലോ പോകും. ഇതൊന്നും തോന്നിയില്ലെങ്കില്‍ നേരെ  അണ്ണാ ചതുക്കം..മറീനാ ബീച്ച്. അവിടെയും കാണാം ഈ ചുംബന കൂട്ടയ്മ.

അന്നും അവിടെ ഇരുന്നു ചുംബിച്ചവര്‍ ആരുടെയോ പെങ്ങളോ മകളോ ഒക്കെ ആയിരിന്നു. ഒരു പക്ഷേ ഇന്നവരുടെ കുട്ടികള്‍ വളര്‍ന്നു വലുതായിട്ടുണ്ടാകാം. ചിലപ്പോള്‍ അവര്‍ക്ക് വിവാഹം കഴിക്കാനായില്ലായിരിക്കാം. ചിലര്‍ താല്‍ക്കാലിക പ്രലോഭനങ്ങളില്‍ പെട്ട് വന്നവരായിരിക്കാം. ചിലരാകട്ടെ ആ ചുംബനസുഖം നുകരാന്‍ മാത്രം എത്തിയവരാകാം. എന്തായാലും ആ നിമിഷങ്ങള്‍ അവര്‍ ആസ്വദിച്ചിരുന്നു എന്ന് വ്യക്തം.  കാരണം അവര്‍ക്ക് ആ സ്ഥലങ്ങളില്‍ അന്ന് അത്ര വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടില്ല. പരിസരം പോലും മറന്നപോലെയായിരുന്നു പലരുടേയും ഇരുപ്പ്.

ഇവിടെയൊന്നും കണ്ടതിലും വലുതൊന്നുമല്ല ഞാന്‍ കഴിഞ്ഞയാഴ്ച ജയ്‌ഹിന്ദ് ടി.വി-യില്‍ കണ്ടതെന്നതാണ് സത്യം. പക്ഷേ ഈ ചുംബനങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലും ആള്‍ക്കാര്‍ കാണാത്ത തെറ്റ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. അന്നൊന്നും ഇല്ലാത്ത സാംസ്കാരിക തകര്‍ച്ച ഈ ചുംബനത്തിലൂടെ ഇപ്പോള്‍ ഈ ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല.ടി.വി-യിലും സമൂഹത്തിലും എത്രയെത്ര ചര്‍ച്ചകള്‍!
---------- ---------- ---------- ---------- ---------- ---------- ----------
അന്നത്തെ ആ കാലഘട്ടത്തില്‍ നിന്ന് നമ്മുടെ നാറ്റ് ഒത്തിരി മാറി. നാട്ടില്‍ ഇന്ന് കഥ മാറി. സമൂഹം "പുരോഗമിച്ചു". യുവാക്കളുടേയും യുവതികളുടേയും മധ്യവയസ്കന്റേയും മധ്യവയസ്കയുടേയും മൊബൈലുകളിലും കമ്പ്യൂട്ടറിലും പലതരം ചിത്രങ്ങളും സിനിമകളും ക്ലിപ്പുകളും വന്നു നിറഞ്ഞു. അതൊന്നും കാണുന്നത് തെറ്റല്ല എന്ന് പലരും പറയാന്‍ തുടങ്ങി. പണ്ടൊക്കെ വളരെ രഹസ്യമായി കുറെ പേര്‍ കൂടി പിരിവു നടത്തി ടി വിയും വിസിപിയും വാടകക്കെടുത്ത് ഒഴിവുള്ള വീടുകളിലിരുന്ന് കണ്ടിരുന്ന ബ്ലൂഫിലിമുകള്‍ ഇന്ന് സി ഡി-യിലാക്കി അങ്ങോട്ടും ഇങ്ങോട്ടും കൈമാറാന്‍ കോളേജ് കുട്ടികള്‍ക്ക്, എന്തിന് സ്കൂള്‍ കുട്ടികള്‍ക്ക് വരെ മടിയില്ലാതായി.

ദിവസവും കാണുന്ന സിനിമയിലും സീരിയലുകളിലും ചുംബനങ്ങളോ അതിലും കൂടുതലോ ആയ കാഴ്ചകള്‍ വീടുകളിലിരുന്ന് കാണാന്‍ അവസരങ്ങള്‍ ഏറെയാണിന്ന്. ആളൊഴിഞ്ഞു കിട്ടുന്ന വേളകളില്‍ ഒരു ചുംബനം കൈമാറുന്നത് തെറ്റല്ല എന്ന് യുവ തലമുറയിലെ കാമുകീ കാമുകന്മാര്‍ ചിന്തിക്കാന്‍ തുടങ്ങിയെങ്കില്‍ അതില്‍ അവരെ കുറ്റം പറയാനാവില്ല. അതിലും കടന്നു ചിന്തിച്ചാല്‍ കാമുകീ കാമുകന്മാരല്ലാത്ത കൂട്ടുകാര്‍ക്കിടയില്‍ പോലും ഒരു ചുംബനം അത്ര വലിയ പ്രശ്നമല്ലാതായി എന്നു വേണം കരുതാന്‍. ന്യൂ ഈയര്‍ ആഘോഷങ്ങളുടെ ഭാഗമായി ഉന്നതന്മാരും അവരുടെ മക്കളും വലിയ ഹോട്ടലുകളില്‍ നടത്തുന്ന പാര്‍ട്ടികളിലൊക്കെ നാം കാണുന്നത് ഈ പരസ്യ ചുംബനം തന്നെയല്ലേ? മഹാനഗരങ്ങളിലെ പബ്ബുകളില്‍ മദ്യവും കഴിച്ച് യുവതീ യുവാക്കള്‍ കൈമാറുന്നതും ചുംബനങ്ങളല്ലേ? അവരും കുടുംബത്ത് നിന്ന് വന്നവര്‍ തന്നെയല്ലേ?

ഒന്നു ചുംബിച്ചാല്‍ ഇടിഞ്ഞു വീഴുന്നതാണോ നമ്മുടെ സംസ്കാരം. അല്ല എന്ന് നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും അറിയാം. മറ്റുള്ളവരെ ബോധിപ്പിക്കാനാണ് നമ്മള്‍ ജീവിക്കുന്നത് തന്നെ, അപ്പോള്‍ പിന്നെ നാം ചുംബനത്തെയൊ ആലിംഗനത്തെയോ പിന്തുണച്ചാല്‍ മറ്റുള്ളവര്‍ എന്തു കരുതും എന്നതാണ് നമ്മുടെ ആദ്യ ചിന്ത. അതാണ് എല്ലാം തെറ്റാണ് എന്ന് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമ്മളെ പ്രേരിപ്പിക്കുന്നത്. മറ്റുള്ളവരെ ബോധിപ്പിക്കാനല്ലാതെ സ്വന്തം മനസ്സിന്റെ വിളി കേട്ട് ജിവിക്കാന്‍ എന്ന് നമുക്ക് സാധിക്കുന്നോ അന്നേ നമ്മുടെ സമൂഹം നന്നാകൂ.
---------- ---------- ---------- ---------- ---------- ---------- ----------
പറഞ്ഞു വന്നത്, പ്രേമം എന്നത് തനിയെ വന്നു ചേരുന്നതോ സ്വയം എടുത്ത് തലയില്‍ വക്കുന്നതോ എന്തുമാകട്ടെ, പ്രേമിക്കുന്നവര്‍ക്കിടയില്‍ കടന്നു ചെന്ന് അവരുടെ 'സ്വകാര്യത'യില്‍ ഇടപെടാന്‍ സമൂഹത്തിന് ഒരധികാരവും ഇല്ല. (പബ്ലികിന്റെ മുമ്പിലാണെങ്കില്‍ അത് കാമോദ്ദിപകമാണെങ്കില്‍ നിങ്ങള്‍ക്ക് പരാതിപ്പെടാം)  അവരുടെ കുടുംബക്കാര്‍ക്ക് വേണമെങ്കില്‍ അവരെ ഉപദേശിക്കാം, പ്രായപൂര്‍ത്തിയകാത്തവരാണെങ്കില്‍ 'തക്കതായ' ശിക്ഷ കൊടുക്കാം. അത്ര തന്നെ.

ഞാന്‍ ആദ്യം പറഞ്ഞ ഭാഗങ്ങളിലുള്ള "പഴയ തലമുറക്ക്" കിട്ടിയിരുന്ന സ്വാതന്ത്ര്യം പോലും നിഷേധിക്കാന്‍ നമ്മുടെ കുട്ടികള്‍ എന്ത് തെറ്റാണ് ചെയ്തത്? ഞങ്ങളുടെ കാലത്ത് മാങ്ങയായിരുന്നു തേങ്ങയായിരുന്നു, ഞങ്ങള്‍ പഠിച്ച സമയത്ത് അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു, കോളജിന്റെ പല മൂലകളും പഞ്ചാര മുക്കുകളായിരുന്നു, ലവേഴ്സ് കോറ്ണറുകള്‍ എല്ലാ കോളജിന്റെയും ഭാഗമായിരുന്നു എന്നൊക്കെ പറഞ്ഞ് വീമ്പിളക്കുന്ന "പഴയ തലമുറ" ഇന്നത്തെ കുട്ടികള്‍ക്ക് ആ ജീവിതം നിഷേധിക്കാന്‍ തുനിയുന്നുവെങ്കില്‍ ചികിത്സിക്കേണ്ടത് പുതിയ തലമുറയെ അല്ല മറിച്ച് ഈ പറഞ്ഞ പഴയ തലമുറയെ തന്നെയാണ്. 

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി