ഇന്നത്തെ തീയതി :

Saturday, February 28, 2009

സംഭാവന അറിയിപ്പ്

അറിയിപ്പ്


സുഹൃത്തുക്കളേ....,


ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി 'പെര്‍ഫോര്‍മന്‍സ്' മോശമായ കമ്പനിയെ നന്നാക്കാനായി എന്റെ ശമ്പളത്തിന്റെ പതിനഞ്ച് ശതമാനം കമ്പനിക്ക് ഞാന്‍ വിട്ടു കൊടുത്തിരിക്കുന്ന വിവരം സന്തോഷപൂര്‍‌വ്വം അറിയിച്ചു കൊള്ളുന്നു. ഇന്നു രാവിലെയാണ് കമ്പനിക്ക് ഞാന്‍ എന്റെ സമ്മതപത്രം ഒപ്പിട്ടു കൊടുത്തത്. ഞാന്‍ ചെയ്ത സല്‍പ്രവൃത്തി കണ്ട് മറ്റുള്ളവരും തങ്ങളുടെ ശമ്പളത്തിന്റെ പത്തു മുതല്‍ ഇരുപത് വരെ ശതമാനം സംഭാവന ചെയ്തതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.

Monday, February 23, 2009

കോണ്ടം എന്നാലെന്താണമ്മേ?

ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന്‍ മകന്‍ അമ്മയോട് ചോദിച്ചു "കോണ്ടം എന്നാലെന്താണമ്മേ? എന്തിനുപയോഗിക്കുന്നതാണത്? "
എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ ഒരു നിമിഷം കുഴങ്ങിയ അമ്മ സത്യസന്ധമായി ഉത്തരം പറഞ്ഞു കൊടുത്തു.
" മോനേ,,, അമ്മ അതുപയോഗിച്ചിട്ടില്ലാത്തതിനാല്‍ അതിനെപറ്റി അറിയില്ല..."

XX ::::::::::::::::::::::::::::::::::::::::::::::: XX

നിങ്ങള്‍ തന്നെ പറയൂ... ഇങ്ങനെയൊക്കെ കുട്ടികള്‍ ചോദിക്കുമ്പോള്‍ എന്തു പറയും?

ഭാരതത്തിന്റെ ഓസ്കാര്‍ അവാര്‍ഡുകള്‍

മലയാളികള്‍ക്ക് എന്നും അഭിമാനിക്കാന്‍, ഓര്‍ത്തു വയ്ക്കാന്‍ ഒരു ഓസ്കാര്‍ അവാര്‍ഡ്. റസൂല്‍ പൂക്കുട്ടി എന്ന ശംബ്ദലേഖകന്‍ ലോക സിനിമയുടെ നെറുകയില്‍ എത്തിയിരിക്കുന്നു. ഇന്ത്യന്‍ സിനിമാലോകത്തെ പല പ്രഗത്ഭര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാതിരുന്ന ഓസ്കാര്‍ ഒടുവില്‍ കേരളത്തിലേക്കെത്തുന്നു.

.

ഇന്ത്യന്‍ ജനതയുടെ അഭിമാനമായ എ. ആര്‍ റഹ്മാന് ഓസ്കാര്‍ അവാര്‍ഡ്. മികച്ച സംഗീതത്തിനാണ് അവാര്‍ഡ്. അദ്ദേഹത്തിന്റെ അതുല്യപ്രതിഭക്കുള്ള മറ്റൊരു അംഗീകാരം കൂടി. റഹ്മാനെ സംബന്ധിച്ചിടത്തോളം ഇത് പ്രതീക്ഷിച്ചിരുന്നതാണ്. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹത്തെ ലോകം അംഗീകരിച്ചേ പറ്റൂ എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അല്ല, അദ്ദേഹത്തെ ലോകം അംഗീകരിച്ചു കഴിഞ്ഞതാണ്.



മികച്ച ഗാനരചനക്ക് ഗുല്‍സാറിനും കൂടി അവാര്‍ഡ് കിട്ടിയപ്പോള്‍ ഇപ്രാവശ്യത്തെ ഓസ്കാര്‍ അവാര്‍ഡ് ഇന്ത്യാക്കാരുടേതായി എന്നു പറയാം.

.

.

.

XX::::::::::::::::::::::::::::::::::::::::::::::::::::::::::::: XX

സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയാണ് ഇവര്‍ക്ക് ഈ അവാര്‍ഡുകള്‍ നേടിക്കൊടുത്തത്. അവാര്‍ഡുകള്‍ വ്യക്തിപരമാണെങ്കിലും ഭാരത്തിന്റെ അവാര്‍ഡുകളായി ഞാന്‍ ഇതിനെ മതിക്കുന്നു. ഓസ്കാര്‍ പുരസ്കാരം നേടിയ ഇവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍. ഇനിയും ഇനിയും ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ ഇവര്‍ക്കും, ഇവരില്‍‍ നിന്ന്‍ ആവേശം ഉള്‍ക്കൊണ്ട് ഉയരങ്ങളിലെത്താന്‍ മറ്റുള്ളവര്‍ക്കുമാകട്ടെ എന്നും ആശംസിക്കുന്നു.

Monday, February 16, 2009

ജേഡ് ഗുഡി - മരണവും കാത്ത്

ജേഡ് ഗുഡിയെ ഒരുവിധം എല്ലാവര്‍ക്കും അറിയാമായിരിക്കും. നമ്മുടെ "അഭിമാനമായ" ശില്പാ ഷെട്ടിയെ (ലിങ്ക് 1 , ലിങ്ക് 2) ബിഗ് ബ്രദര്‍ ഷോയില്‍ വംശീയമായി അപമാനിച്ച താരം. അതിന്റെ പേരില്‍ ലോകം മുഴുവന്‍ പ്രതിഷേധത്തിനിരയായ സ്ത്രീ.


ജേഡ് ഗുഡിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഗുരുതരമായി ക്യാന്‍സര്‍ ബാധിച്ച അവര്‍ക്ക് ഇനി ഡോക്ടര്‍മാര്‍ വിധിച്ചിരിക്കുന്നത് കൂടിയാല്‍ എട്ടാഴ്ചയാണ്. ക്യാമറക്ക് മുമ്പില്‍ വച്ച് തന്നെ മരിക്കണമെന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. അതവരുടെ 'സ്വ'കാര്യം.


***************************************


ഇനി, എനിക്ക് മോശപ്പെട്ടതെന്ന് തോന്നിയ ഒരു സൈറ്റിലേക്കാണ് നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നത്. (ഈ സൈറ്റ് കണ്ടിട്ട് ഇത് ഉണ്ടാക്കിയവന്മാരെ മനസ്സ് കൊണ്ടെങ്കിലും രണ്ട് ചീത്ത വിളിച്ചില്ലെങ്കില്‍ മോശമാണെന്ന് തോന്നുന്നു.) ജേഡ് ഗുഡിയുടെ മരണസമയം പ്രവചിക്കുന്നവര്‍ക്ക് ഒരു ആപ്പിള്‍ ഐപോഡ് ( Apple ipode) സമ്മാന വാഗ്ദാനവുമായി ഒരു വെബ്‌സൈറ്റ് രൂപം കൊണ്ടിരിക്കുന്നു. അതാണ് www.whenwilljadegoodydie.com (ലിങ്ക് നേരിട്ട് തരുന്നില്ല).

ഒരാളുടെ ദാരുണ മരണം പ്രവചിച്ച് സമ്മാനം കൊടുക്കുക അല്ലെങ്കില്‍ നേടുക എന്ന ദുഷിച്ച ചിന്താഗതിയുള്ള മനുഷ്യരും അവരുടെ ലോകവുമാണ് എന്നെ ഈ പോസ്റ്റ് ഇടുവാന് പ്രേരിപ്പിച്ചത്. സാധാരണ മരണമായിരുന്നെങ്കില്‍ ഇത്ര വലിയ നീറ്റല്‍ തോന്നില്ലായിരുന്നു. ഇത് ഏത് നിമിഷവും മരണം കാത്തിരിക്കുന്ന ഒരു സ്ത്രീയുടെ മരണത്തെയണിവര്‍ കളിയാക്കുന്നത്. പറയുന്ന ന്യായങ്ങള്‍ അവരുടെ സൈറ്റില്‍ തന്നെ വായിച്ച് നോക്കുക. ഈ സൈറ്റിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത് അവരുടെ ന്യായം. പക്ഷേ അത് അംഗീകരിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല.

ഒരുപക്ഷേ ഇത് കാണുമ്പോള്‍ അവരെ സ്നേഹിക്കുന്ന ചിലര്‍ക്കെങ്കിലും വേദനിക്കും. മരണം അടുത്തെത്തി എന്നറിഞ്ഞിട്ട് ജീവിക്കുന്നവര്‍ക്കും അവരുടെ മരണത്തെ വേദനയോടെ കാത്തിരിക്കുന്നവര്‍ക്കും ഇത്തരം സൈറ്റുകള്‍ എന്ത് വികാരമാണ് ജനിപ്പിക്കുക എന്നാലോചിച്ചു പോയി.

നാളെയിത് വ്യാപകമായാല്‍ ഒരു പക്ഷേ നമ്മൂടെ നാട്ടിലും ഇത്തരം സൈറ്റുകള്‍ വരില്ല എന്നാരു കണ്ടു? രോഗാതുരനായി ആശുപത്രിയില്‍ കിടക്കുന്ന ഒരു മതനേതാവിന്റെ മരണം, അല്ലെങ്കില്‍ രാഷ്ട്രീയക്കാരന്റെ മരണം ഒക്കെ പ്രവചിക്കാന്‍ ആരെങ്കിലും സൈറ്റ് തുടങ്ങിയാല്‍ ....!! അവനെ വച്ചേക്കില്ല അല്ലേ?.. അതേ ന്യായം ഈ സ്ത്രീക്കും കൊടുത്തു കൂടെ?


::::::::::::::::::::::: X ::::::::::::::::::::::: X::::::::::::::::::::::: X::::::::::::::::::::::: X
ജേഡ് ഗുഡി വംശീയമായി അധിഷേപിച്ചത് ഭാരതത്തെയാണെന്നോ, കറുത്തവരെയാണെന്നോ, അതല്ല ശില്പ്പയെ ആണെന്നോ എന്നൊന്നും തര്‍ക്കിക്കാന്‍ ഞാനില്ല. അതിലും വലിയ അധിഷേപങ്ങള്‍ നിത്യജീവിതത്തില്‍ പലരും അനുഭവിക്കുന്നുണ്ടാവാം. സെലിബ്രിറ്റികളായപ്പോള്‍ വാര്‍ത്തയായി, മല്‍സരത്തില്‍ ശില്പ അത് മുതലെടുത്തു. അത്രമാത്രം.

Sunday, February 8, 2009

ഗള്‍ഫില്‍ നിന്നും ലോണ്‍ എടുത്താല്‍..

സാമ്പത്തികമാന്ദ്യം ഗള്‍ഫിനെ ശരിക്കും ബാധിച്ചിരിക്കുന്ന ഈ സമയത്ത് ലോണ്‍ എടുത്തിട്ടുള്ളവര്‍ക്കാണ് കൂടുതല്‍ ടെന്‍ഷന്‍ എന്ന് തോന്നുന്നു. കാരണം പെട്ടന്നൊരു ദിവസം ജോലി നഷ്ടപ്പെട്ടാല്‍ ലോണ്‍ ഉണ്ടെങ്കില്‍ പെട്ടു പോയതു തന്നെ. ഇമാറില്‍ നിന്നും ജോലി നഷ്ടപ്പെട്ട ഒരു കൂട്ടുകാരന്‍ പറഞ്ഞത് "ചേട്ടാ പട്ടിണി കിടക്കാന്‍ പതിനായിരം ദിര്‍ഹംസ് വേണം. ഏഴായിരം ഫ്ലാറ്റിനും, മൂവായിരം ലോണിനും." ലോണ്‍ അടച്ചില്ലെങ്കില്‍ കേസാകും.

പലരുടേയുംവിചാരം ജോലി നഷ്ടപ്പെട്ടാല്‍ ലോണ്‍ തിരികെ അടക്കണ്ട എന്നാണ്. പക്ഷേ അത് തെറ്റാണ്. പല ലോണുകള്‍ക്കും ഏതാനും ശതമാനം വരയേ ഇന്‍ഷുറന്‍സ് കവറേജ് ഉള്ളൂ.
ഇതാണ് ഒരിക്കല്‍ ഗള്‍ഫ് ന്യൂസില്‍ കണ്ട ഉത്തരം.
A reader in Dubai asks: In case of losing my job due to termination am I covered by the insurance policy in my personal loan? The bank includes an insurance fee on personal loans so do I have a legal claim for the insurance to pay my loan balance in case of losing my job?

Asw: Answering such questions requires viewing the insurance policy on loans; if the contract includes a condition that in case the debtor loses his job he will be released from the debt, then it might be OK. But, we suspect that fact, as mentioned by the questioner, because according to our knowledge, there are some banks who waive about only 1 per cent in case the debtor loses his job or if he becomes incapable of continuing payment due to urgent reasons.

ഗള്‍ഫില്‍ നിന്ന് ലോണ്‍ എടുത്തവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ പല പ്രശ്നങ്ങളേയും അഭിമുഖീകരിക്കേണ്ടി വരും. അതിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏത് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. എന്തായാലും നിയമപരമായി നോക്കിയാല്‍ ലോണ്‍ തിരിച്ചടക്കാതെ വിസ ക്യാന്‍സല്‍ ചെയ്തു പോകാന്‍ സാധിക്കില്ല. ഒരാളെ പിരിച്ചു വിടുമ്പോള്‍ അയാള്‍ ലോണ്‍ എടുത്തിരിക്കുന്ന ബാങ്കിനെ അറിയിക്കുന്ന കടമ കമ്പനിക്കുണ്ട്. കാരണം ലോണ്‍ എടുക്കുന്നതിനായി തരുന്ന ലെറ്ററില്‍ അത് പറയുന്നുണ്ട്.

ജോലി പോയാലും ഇന്‍സ്റ്റാള്‍മെന്റ് അടച്ചു കൊണ്ടിരുന്നാല്‍ കുഴപ്പമില്ല. രണ്ടുമാസത്തില്‍ കൂടുതല്‍ മുടക്കം വരുത്തിയാല്‍ മാത്രമേ ലീഗല്‍ ആക്ഷന് ബാങ്കുകാര്‍ നീങ്ങുകയുള്ളൂ.

ഇനി ഒരു മാര്‍ഗ്ഗമുള്ളത് എടുത്തിരി‍ക്കുന്ന ലോണിന് ആരെങ്കിലും ഗ്യാരണ്ടി കൊടുക്കുക എന്നതാണ്. അതായത് ബന്ധുക്കളോ സുഹൃത്തുക്കളോ ബാങ്കില്‍ നേരിട്ട് ഹാജരായി ജാമ്യം നില്‍ക്കുന്ന ഏര്‍പ്പാട്. അങ്ങനെ ആരെങ്കിലും ജാമ്യം നിന്നാല്‍ മാസാമാസം ഇന്‍സ്റ്റാള്‍മെന്റ് അടച്ചുകൊണ്ടിരുന്നാല്‍ കുഴപ്പമില്ല. രണ്ടുമാസത്തെ മുടക്കം വരുത്തിയാല്‍ ജാമ്യം നിന്നയാളെയും പ്രതി ചേര്‍ക്കും.

ഇനി വിസ ക്യാന്‍സല്‍ ചെയ്യാതെയോ ലോണ്‍ തിരികെ അടക്കാതെയോ മുങ്ങുന്നവരോട്... അമ്പതിനായിരത്തിലധികമുള്ള കാശ് വാങ്ങാന്‍ ബാങ്കുകാര്‍ നാട്ടിലെ പോലീസിനേയും കൊണ്ട് വീട്ടിലെത്തും. കൂട്ടുകാരന്റെ അനുഭവം സാക്ഷ്യം. കേസ് ആയിക്കഴിഞ്ഞാല്‍ ജീവിതകാലത്ത് തിരികെ വരാം എന്ന് കരുതരുത്. കാരണം വരുന്നയുടനെ പിടിച്ച് അകത്തിടും.

അമ്പതിനായിരത്തില്‍ താഴെയാണെങ്കില്‍ ചിലതൊക്കെ എഴുതിത്തള്ളൂം എന്ന് പറയുന്നു. (അവരുടെ ഇന്‍ഷുറന്‍സില്‍ കവര്‍ ആകും എന്ന് കേള്‍ക്കുന്നു... ഇത് എനിക്ക് ശരിക്കറിയില്ല, കേട്ടറിവാണ്)

X :::::::::::::::::::::::: X :::::::::::::::::::::::: X :::::::::::::::::::::::: X :::::::::::::::::::::::: X
ഞാന്‍ നേരത്തെയിട്ട ഈ പോസ്റ്റില്‍ (ഗള്‍ഫിനേയും സാമ്പത്തിക മാന്ദ്യം ബാധിക്കുന്നു. )കല്യാണി ചോദിച്ച ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് ഇത് എഴുതിയത് . കൂടുതല്‍ അറിയാവുന്നവര്‍ കമന്റില്‍ പറയും എന്ന് കരുതി പോസ്റ്റാക്കി എന്ന് മാത്രം.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി