ഇന്നത്തെ തീയതി :

Saturday, December 19, 2009

പീഢനം എല്ലായിടത്തും ഒരുപോലെ

ഇന്നത്തെ ഗള്‍ഫ്‌ ന്യൂസില്‍ വന്ന ഒരു വാര്‍ത്ത ശരിക്കും ചിന്തിപ്പിച്ചു. ഈജിപ്തിലെ സ്ത്രീകളില്‍ 83% സ്ത്രീകളും ഒരു തവണ എങ്കിലും ഏതെങ്കിലും തരത്തില്‍ ലൈംഗീകമായി പീഢിതയാകുന്നു. ബലാല്‍സംഗം ചെയ്യപ്പെടുന്നു എന്നല്ല ഇതിനര്‍ത്ഥം. വാക്കുകള്‍ കൊണ്ടോ, നോട്ടം കൊണ്ടോ, തലോടലുകള്‍ കൊണ്ടോ ഒക്കെ ആകാം. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും, സ്കൂളുകളിലും അപമാനിതയാകുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നു എന്നാണ് ചില പഠനങ്ങളെയും കെയ്‌റൊയില്‍ നടന്ന ഒരു കോണ്‍ഫറന്‍സിനേയും ആധാരമാക്കിയുള്ള റിപ്പോര്‍ട്ട്‌ പറയുന്നത്‌. പതിനേഴ്‌ അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ള പ്രധിനിധികള്‍ ആ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നമ്മുടെ നാടിനെ കുറ്റം പറയുന്നവരില്‍ ചിലരെങ്കിലും പറയുന്ന കാര്യങ്ങളിലൊന്ന് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക കുറ്റകൃത്യങ്ങള്‍ ആണെന്ന് തോന്നുന്നു. ബസിലും പൊതുസ്ഥലത്തും തങ്ങള്‍ അപമാനിക്കപ്പെടുന്നു എന്ന് സ്ത്രീകളുടെ പരാതികള്‍ എന്നും കേള്‍ക്കാറുണ്ട്‌. ധാരാളം ആളുകള്‍ ഔദ്യോഗികമായി പരാതിപ്പെടാറുണ്ട്‌. പക്ഷേ യാഥാസ്ഥിതിക രാജ്യങ്ങളായ അറബ്‌ രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ പരാതി കൊടുത്താലും അതില്‍ പുരുഷന്മാര്‍ക്ക്‌ അനുകൂലമാക്കി തെളിവുകള്‍ നിരത്താനാണ് അധികാരികള്‍ പോലും ശ്രമിക്കുന്നതെന്ന് പറയപ്പെടുന്നു.

പാരമ്പര്യ വസ്ത്രങ്ങളില്‍, നിഖാബും ധരിച്ച്‌ പുറത്ത്‌ പോകുന്ന തങ്ങളെ പരസ്യമായി അപമാനിക്കാന്‍ യുവതലമുറക്ക്‌ യാതൊരു വിധ തടസ്സങ്ങളും ഇല്ല എന്ന് സ്ത്രീകള്‍ തുറന്നു പറയുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ചൂളം വിളിച്ച്‌ അരികെയെത്തുന്ന "പൂവാലന്‍" തന്റെ കൂടെ ആളൊഴിഞ്ഞ സ്ഥലത്ത്‌ വരാനും മൊബൈല്‍ നമ്പര്‍ തരാനും ആവശ്യപ്പെടുന്നു എന്ന് പറയുന്ന, രണ്ട്‌ കുട്ടികളുടെ അമ്മയായ സ്ത്രീ, വളര്‍ന്നു വരുന്ന തന്റെ പെണ്മക്കളെ ഓര്‍ത്ത്‌ ദു:ഖിക്കുന്നു.

യമന്‍, സിറിയ, ലെബനോന്‍ തുടങ്ങി മറ്റ്‌ അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ളവരും ഈജിപ്തില്‍ തങ്ങള്‍ക്ക്‌ അനുഭവിക്കേണ്ടി വന്ന അപമാനങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്‌ എന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
യമന്‍, സിറിയ, ലെബനോന്‍ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല എന്നും അവര്‍ കൂട്ടി ചേര്‍ക്കുന്നു. 22 അറബ്‌ രാജ്യങ്ങളില്‍ പകുതിയിലും ഇത്തരം പീഢനങ്ങള്‍ ക്രിമിനല്‍ കുറ്റകൃത്യമായി പരിഗണിക്കുന്നില്ല എന്നതാണ്‍ അത്‌ പെരുകാനുള്ള കാരണമായി പറയപ്പെടുന്നത്‌. പലയിടത്തും ബലാല്‍സംഗങ്ങളും ശാരീരിക പീഢനങ്ങളും മാത്രമേ കുറ്റകൃത്യമാകുന്നുള്ളൂ.

പര്‍ദക്കുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന ധാരണ തിരിത്തുക്കുറിക്കുന്ന പല അനുഭവങ്ങളും ആ കോണ്‍ഫറന്‍സില്‍ പുറത്തു വന്നു. പൂര്‍ണ്ണമായും പര്‍ദക്കുള്ളില്‍ പൊതിഞ്ഞ ശരീരങ്ങളെ തടവാനും ആളുകള്‍ മടിക്കുന്നില്ല എന്നാണ് പലരും പറഞ്ഞിരിക്കുന്നത്‌. മജീദ്‌ അല്‍ ഐസ എന്ന സൗദി സാമൂഹികപ്രവര്‍ത്തകന്‍ പറയുന്നതനുസരിച്ച്‌ മുഖ്യധാരയില്‍ നിന്ന് സ്ത്രീകളെ അകറ്റി നിര്‍ത്തിയിരിക്കുന്ന സൗദിയില്‍ പലപ്പോഴും കയ്യേറ്റങ്ങള്‍ അതിരുകള്‍ വിടാറുണ്ട്‌ എന്നാണ്.

ഇത്ര പരസ്യമായി ഒരു അറബ്‌ രാജ്യ പത്രത്തില്‍ ഒരു ഫുള്‍ പേജ്‌ ഫോട്ടോ ഫീച്ചര്‍ ആയി വന്ന വാര്‍ത്ത ആയതിനാല്‍ മാത്രമാണ് ഇത്‌ ഞാന്‍ ഇവിടെ എഴുതുന്നത്‌. നമ്മുടെ നാട്ടിലെയോ യൂറോപ്പിലെയോ അമേരിക്കയിലെയോ പത്രങ്ങളില്‍ വന്ന ഫീച്ചറായിരുന്നെങ്കില്‍ ഞാന്‍ ഇത്‌ എഴുതുന്നതിന് മുമ്പ്‌ ഇങ്ങനെ ഒരു കോണ്‍ഫറന്‍സ്‌ നടന്നോ എന്നെങ്കിലും ഒന്നു കൂടി ഉറപ്പ്‌ വരുത്തിയേനെ.( അല്ലെങ്കില്‍ എന്റെ പല സുഹൃത്തുക്കളും ഇതൊക്കെ പര്‍ദക്കെതിരെയുള്ള പ്രചരണം ആണെന്ന് പറഞ്ഞു കളയും. :) )

Sunday, December 6, 2009

സാമ്പത്തിക മാന്ദ്യം !!

ഗള്‍ഫിനേയും സാമ്പത്തിക മാന്ദ്യം ബാധിക്കുന്നു എന്ന് പറഞ്ഞ്‌ ഒരു വര്‍ഷം ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. അന്നതിനു പല പ്രതികരണങ്ങളും വന്നിരുന്നു. പക്ഷേ നാട്ടില്‍ പലരും ഇതെ പറ്റി അറിഞ്ഞത്‌ ഇപ്പോള്‍ ദുബയ്‌ വേള്‍ഡ്‌ എന്നൊരു "സ്ഥാപനം" തങ്ങള്‍ കടക്കെണിയില്‍ ആയി എന്ന് പുറം ലോകത്തെ അറിയിച്ചപ്പോള്‍ ആണെന്ന് തോന്നുന്നു .

ഇവിടെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ് ഇവിടുത്തെ അവസ്ഥ. ആരെങ്കിലും സ്വയം കണ്ണടച്ച്‌ ഇരുട്ടാക്കിയത്‌ കൊണ്ട്‌ കാര്യമില്ല എന്നര്‍ത്ഥം. നിര്‍മാണ മേഖലയില്‍ ഉണ്ടായിരുന്നവരില്‍ ജോലി നഷ്ടപ്പെട്ടവര്‍ എത്രയെന്ന് ആര്‍ക്കും ഒരു കണക്കുമില്ല. അഞ്ചക്ക ശമ്പളം വാങ്ങുന്നരുടെ കാര്യം മാത്രം നോക്കിയാല്‍ അതൊരു യഥാര്‍ത്ഥ കണക്കെടുപ്പ്‌ ആവില്ലല്ലോ. തനിക്ക്‌ ജോലി നഷ്ടപ്പെട്ടില്ല അല്ലെങ്കില്‍ ഇനി നഷ്ടപ്പെടുവാന്‍ സാധ്യതയില്ല എന്നത്‌ 'ഇവിടെ പ്രശ്നമൊന്നുമില്ല' എന്ന് പറയുവാനുള്ള മാനദണ്ഡവുമാകുന്നില്ല.

ദുബൈ വേള്‍ഡ്‌ എന്ന സ്ഥാപനത്തിന്റെ പതനം ഇന്നൊന്നും ആരംഭിച്ചതല്ല എന്നതാണ്‍ സത്യം. നഖീലിലും ലിമിറ്റ്‌ലെസ്സിലും ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഒരു വര്‍ഷം മുമ്പേ പറഞ്ഞറിഞ്ഞതാണ്‍ അവരുടെ അവസ്ഥ. പ്രധാന പിരിച്ചു വിടല്‍ ഒക്കെ അന്നേ കഴിഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ മാധ്യമ ചര്‍ച്ചകള്‍ കണ്ടാല്‍ ഇപ്പോഴാണോ ഇവരൊക്കെ ഇതൊക്കെ അറിഞ്ഞതെന്ന് തോന്നും. ഇതാണോ മാധ്യമപ്രവര്‍ത്തനം?. ഇപ്പോഴാണോ ഇവരൊക്കെ ഇതൊക്കെ അന്വേഷിക്കുന്നത്‌?

ഇനി ഇതിലെ കേരള രാഷ്ട്രീയം. ശ്രീ അച്ചുതാനന്ദനോ മറ്റു സഖാക്കളോ പറയുന്ന പോലെ ദുബായ്‌ മുഴുവന്‍ കടക്കെണിയില്‍ ആണെന്ന് പറയാന്‍ ഈയൊരു കമ്പനിയുടെ പതനം കാരണമാകുന്നില്ല. ഈ പതനം‌ ദുബായ്‌ മാര്‍ക്കറ്റിനെ ബാധിക്കും എന്നത്‌ നേരു തന്നെ. ഈ കമ്പനിയെ ചുറ്റിയുണ്ടായിരുന്ന ബിസിനസ്സ്‌ സാധ്യതകള്‍ പലതും ഇല്ലാതായി. അതൊക്കെ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ തന്നെ സംഭവിച്ചു കഴിഞ്ഞു. (ഇപ്പോള്‍ നില്‍ക്കക്കള്ളി ഇല്ലതായപ്പോള്‍ അവര്‍ പുറത്തു പറഞ്ഞു എന്നു മാത്രം. ടീകോം ദുബായ് വേള്‍ഡിന്റെ ഭാഗം അല്ല എന്നു കൂടി ചേര്‍ക്കുന്നു). തിരിച്ചു വരുന്നവര്‍ക്കുള്ള പാക്കേജ്‌ ഒക്കെ ചോദിക്കേണ്ടിയിരുന്നത്‌ കഴിഞ്ഞ വര്‍ഷം ആയിരുന്നു. അന്ന് യഥാര്‍ത്ഥ്യം ഉള്‍ക്കോള്ളാന്‍ ആരും തയ്യാറായില്ല.

"അച്ചുതാനന്ദനും കൂട്ടരും " എന്തെങ്കിലും ഒക്കെ പറഞ്ഞു എന്നു കരുതി ഇവിടെയുള്ള മലയാളികളെ മുഴുവന്‍ അത്‌ ബാധിക്കും എന്ന് കരുതാന്‍ തല്‍ക്കാലം എനിക്കാവില്ല. അതൊക്കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഒരു നമ്പര്‍ ആയി കരുതിയാല്‍ മതി.

അബുദാബിയില്‍ ദിനം തോറും ഏറി വരുന്ന ദുബായ്‌ രജിസ്ട്രേഷന്‍ വണ്ടികളുടെ എണ്ണം കണ്ടാല്‍ ദുബായില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് തോന്നുന്നത്‌ സ്വാഭാവികം. അതിനു അബുദാബിക്കാരെയോ മറ്റു നാട്ടുകാരെയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

പറഞ്ഞു വന്നതിന്റെ ചുരുക്കം : ദുബായില്‍ പ്രശ്നങ്ങള്‍ ഉണ്ട്‌. ദുബായില്‍ മാത്രമല്ല, ഗള്‍ഫില്‍ ആകമാനം ഉണ്ട്‌. ദുബായില്‍ പ്രശ്നങ്ങള്‍ ഇത്തിരി കൂടുതലാണെന്ന് മാത്രം. അത്‌ കേരള രാഷ്ട്രീയക്കാരൊ മാധ്യമ ചര്‍ച്ചക്കാരോ ഇന്നു പറയുന്ന പോലെയുള്ള പ്രശ്നങ്ങളല്ല എന്ന് മാത്രം.

പല കമ്പനികള്‍ക്കും പുതിയ പ്രോജക്ടുകള്‍ ഒന്നുമില്ല. ഉള്ളവ തീര്‍ന്നു കഴിഞ്ഞാല്‍ എന്ത് എന്ന ചോദ്യവുമായി ആയിരക്കണക്കിന് പ്രവാസികള്‍ ഇവിടെ കഴിയുന്നുണ്ട്. അത് ഇവിടെ താമസിക്കുന്ന ഓരോ മലയാളിക്കും അറിയാം. ഒരു വര്‍ഷത്തിലേറെയായി ഇതാണ് അവസ്ഥ.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി