ഇന്നത്തെ തീയതി :

Monday, December 29, 2008

യേശുവിന് സഹോദരങ്ങള്‍ ഉണ്ടായിരുന്നോ?

ആകെ കണ്‍ഫ്യൂഷന്‍.. യേശുവിന് സഹോദരങ്ങള്‍ ഉണ്ടായിരുന്നോ? ഇപ്പോള്‍ പെട്ടെന്നിത് തോന്നാന്‍ കാരണം ഇന്ന് ഉച്ചക്ക് വന്ന ഒരു ഫോണ്‍ കോള്‍ ആണ്.

എന്റെ ഒരു സുഹൃത്ത് ഈ സംശയം ചോദിക്കാന്‍ വിളിച്ചു. അറിയാവുന്ന ആരോടെങ്കിലും ചോദിക്കണം എന്ന് പറഞ്ഞു. കാരണം 'യേശുവിന് സഹോദരങ്ങള്‍ ഉണ്ടായിരുന്നു' എന്ന് അയാളുടെ ഒരു പെന്തകോസ്ത് വിശ്വാസിയായ സുഹൃത്ത് പറഞ്ഞു പോലും. അത് കേട്ടപ്പോള്‍ ആണ് ആ ഫോണ്‍‌വിളി ഉണ്ടായത്.

ഇങ്ങനെ ഒരു സംശയം ചോദിച്ച സ്ഥിതിക്ക്, ഇതെക്കുറിച്ച് കൂടുതല്‍ പഠിച്ചിട്ടില്ലാത്തതിനാല്‍ ‍, ഇന്റര്‍നെറ്റില്‍ ഒന്ന് പരതി നോക്കി. അപ്പോള്‍ കിട്ടിയ ചില ലേഖനങ്ങളില്‍ പറഞ്ഞിരിക്കുന്ന പ്രകാരം താഴെപ്പറയുന്ന വാക്യങ്ങള്‍ ആണ് ഈ സംശയത്തിന് കാരണം എന്ന് കണ്ടു.

******************* ************* *************** ************

മർക്കൊസ് എഴുതിയ സുവിശേഷം, അദ്ധ്യായം 6 
6:2 ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു?
6:3 ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 12
12:46
അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.

12:47 ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനിലക്കുന്നു എന്നു പറഞ്ഞു.
12:48 അതു പറഞ്ഞവനോടു അവൻ : “എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ” എന്നു ചോദിച്ചു.
12:49 ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: “ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.12:50 സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു.


മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 13
13:55 ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ , യൂദാ എന്നവർ അല്ലയോ?

13:56 ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

13:57 യേശു അവരോടു: “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” എന്നു പറഞ്ഞു.


അപ്പൊസ്തലനായ പൌലൊസ് ഗലാത്യര്ക്കു എഴുതിയ ലേഖനം, അദ്ധ്യായം 1

1:19 എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.

*********** *************** ***************

നെറ്റില്‍ കണ്ട ഒരു ലേഖനത്തില്‍ യേശുവിന്റെ കുടുംബത്തെ പറ്റി പറയുന്നതില്‍ സഹോദരങ്ങള്‍ ഉണ്ട് എന്ന് പറയുന്നു, പക്ഷേ അടുത്തതായി കണ്ട ഈ ലേഖനം ഈ വാദഗതികളെ ഖണ്ഡിക്കുന്നു. ഇതില്‍ ഏതാണ് ശരി. (രണ്ടും ആധികാരികമാണെന്ന് ഞാന്‍ പറയുന്നില്ല)


മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നതിനെ അംഗീകരിക്കാതിരിക്കാന്‍ കാരണമുണ്ടോ? അറിവുള്ളവര്‍ അഭിപ്രായം അറിയിക്കണം എന്ന് താല്പര്യപ്പെടുന്നു. എന്തെങ്കിലും ഒരുത്തരം കിട്ടും എന്ന് കരുതിയാണ് ഇവിടെ സമര്‍പ്പിക്കുന്നത്.

*************** ******************** *************************

പെട്ടെന്നുള്ള റഫറന്‍സിന് കൈപ്പള്ളിയുടെ ബൈബിളിന് നന്ദി

Monday, December 22, 2008

ഇതാണോ മഹത്തായ നിയമം?

ഇന്നത്തെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത. സൗദിയില്‍ എട്ടു വയസ്സുകാരിയെ അമ്പത്തെട്ടുകാരന്‍ വിവാഹം കഴിച്ചു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ (മകള്‍ക്ക് വേണ്ടി) വിവാഹമോചനത്തിന് കേസു കൊടുക്കാന്‍ കോടതിയില്‍ എത്തി. ഈ കേസ് എടുക്കാന്‍ പറ്റില്ല എന്ന് കോടതി പറയുന്നു, കാരണം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല പോലും. ഇനി പ്രായപൂര്‍ത്തിയായിട്ട് പെണ്‍കുട്ടി കേസ് കൊടുക്കുമ്പോള്‍ കേസ് പരിഗണിക്കും, അത് വരെ പെണ്‍കുട്ടി ഇയാളുടെ ഭാര്യ ആയിരിക്കും.

ഒരു പത്രത്തിന്റെ ലിങ്കും ഞാനായിട്ട് തരുന്നില്ല. ഇതില്‍ പറഞ്ഞിരിക്കുന്ന വാര്‍ത്തകള്‍ വായിക്കുക.

ഇതാണോ ദൈവസൃഷ്ടിയായ മഹത്തായ നിയമസംഹിതയില്‍ പറഞ്ഞിരിക്കുന്നത്? (അങ്ങനെയാണ് ) എങ്കില്‍ ദൈവത്തിന് തെറ്റു പറ്റിയിരിക്കുന്നു. (പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം ചെയ്യാമെങ്കില്‍ വിവാഹമോചനവും ആവാമല്ലോ.)

ഈ വാര്‍ത്ത നിങ്ങളുടെ മുമ്പില്‍ കൊണ്ടുവരിക എന്നത് മാത്രമേ ഉദ്ദേശം ഉള്ളു. ഈ വാര്‍ത്ത നല്ലതോ ചീത്തയോ എന്ന് നിങ്ങള്‍ തീരിമാനിക്കുക.

Thursday, December 11, 2008

ബംഗ്ലാദേശില്‍ ഒരു താജ്മഹല്‍

ഇത് ശരിയോ തെറ്റോ? ബംഗ്ലാദേശില്‍ ഒരു താജ്മഹല്‍ പണിയുന്നു. ബംഗ്ലാദേശിലെ പ്രശസ്ത സിനിമാ നിര്‍മ്മാതാവ് അസനുള്ളാ മോനി (Ahsanullah Moni) 58 മില്യണ്‍ ഡോളര്‍ (ഏകദേശം 284 കോടി രൂപ) ചിലവാക്കിയാണ് താജ്മഹലിന്റെ മാതൃകയില്‍ ഒരു കെട്ടിടം പണിയുന്നത്. മാണിക് മിയാ എന്ന ആര്‍ക്കിടെക്റ്റ് ആണിതിന്റെ ശില്പ്പി. ഒറിജിനല്‍ പോയിക്കാണാന്‍ സാധിക്കാത്ത സാധാരണ ബംഗ്ലാദേശികള്‍ക്ക് കാണാന്‍ വേണ്ടിയാണ് ഈ താജ്മഹല്‍ എന്നാണ് ഉടമസ്ഥന്‍ ഇതേ പറ്റി പറയുന്നത്.

നിര്‍മ്മാണം പുരോഗമിക്കുന്ന ഈ കെട്ടിടത്തിന്റെ ചിത്രങ്ങള്‍ കാണൂ.

എന്തു തോന്നുന്നു? ഇതിനെതിരെ പ്രതിഷേധിക്കണമെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ ഇത് കാണുമ്പോള്‍ ഒരു വല്ലായ്ക തോന്നുന്നുണ്ടോ?

ഒരു ചരിത്രസ്മാരകത്തിന്റെ മാതൃക അതേപടി പകര്‍ത്തുന്നതില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അമര്‍ഷം അറിയിച്ചിരിക്കുന്നു. ഇതിന്റെ നിര്‍മ്മിതിയില്‍ കോപ്പിറൈറ്റ് വയലേഷന്‍ ഉണ്ടോ എന്ന് പരിശോധിക്കമെന്നും ഹൈക്കമ്മീഷന്‍ വ്യക്താവ് അറിയിച്ചു.

ഇക്കണക്കിന് പോയാല്‍‍ ലോകത്തിന്റെ പല ഭാഗത്തും ഇങ്ങനെ താജ്മഹലുകള്‍ ഉയരുമല്ലോ.
ഇന്ത്യയില്‍ ഒരു പിരമിഡ് ഉണ്ടെങ്കില്‍ പിരമിഡ് കാണാന്‍ നമ്മുടെ ആള്‍ക്കാര്‍ എന്തിന് ഈജിപ്തില്‍ പോകണം?
പാലക്കാട്ട് എങ്ങാനും ഒരു വന്മതില്‍ ഉണ്ടാക്കിയാല്‍ ചൈനയില്‍ പോക്ക് ഒഴിവാക്കാം.
ഒരു സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ഉണ്ടാക്കി ശംഖുമുഖത്ത് വച്ചാല്‍ നന്നായിരുന്നു.
ഇനി ആരെങ്കിലും നയാഗ്ര വെള്ളച്ചാട്ടം രാജസ്ഥാനില്‍ എങ്ങാനും ഉണ്ടാക്കുമോ ആവോ?
എന്തൊക്കെയാണെങ്കിലും ഒറിജിനല്‍ താജ്‌മഹലിന്റെ അടുത്തെങ്ങും എത്തില്ല ഇതിന്റെ നിര്‍മ്മാണം എന്ന് ആശ്വസിക്കാം.

ദുബായില്‍ ഇതിന്റെ ഒരു മാതൃക ഉണ്ടാക്കിയെന്നോ മറ്റോ കേട്ടിരുന്നു. പക്ഷേ ഒരേ സൈസ് ആയിരുന്നില്ല എന്നാണ് കേട്ടത്.

കടപ്പാട് : NowPublic, gulfnews

Monday, December 1, 2008

ഗള്‍ഫിനേയും സാമ്പത്തിക മാന്ദ്യം ബാധിക്കുന്നു.

ഗള്‍ഫില്‍ സ്ഥിതി വഷളായി കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്യം ആളുകള്‍ക്ക് മനസ്സിലായി കൊണ്ടിരിക്കുന്നു എന്ന് കരുതുന്നു. ( തലക്കെട്ട് കണ്ടിട്ട് ഇന്നാണോ ഇത് അറിഞ്ഞത് എന്ന് ചോദിക്കരുത്. പ്രത്യക്ഷത്തില്‍ വരാന്‍ തുടങ്ങി എന്നതാണ് കാരണം). ഇപ്പോഴും ഇവിടുത്തെ ഗവണ്മെന്റുകള്‍ ഒന്നും അംഗീകരിക്കുന്നില്ലെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യം ഗള്‍ഫിനെ സാരമായി ബാധിച്ചു തുടങ്ങി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കുറഞ്ഞ പക്ഷം റിയല്‍ എസ്റ്റേറ്റ് മേഖലയെ എങ്കിലും.

(എനിക്ക് അറിയാവുന്ന) യു. എ.ഇ- യിലെ കാര്യം നോക്കിയാല്‍, ആദ്യം ദുബായ് ആണ് ഓര്‍മ്മയില്‍ എത്തുന്നത്. കാരണം എണ്ണപ്പണമില്ലാതെ ബിസിനസ്സ് കൊണ്ട് സാമ്പത്തിക രംഗം പിടിച്ചു നിര്‍ത്തുന്ന ദുബായിലാണ് ആദ്യമായി ഇത് ബാധിച്ചു തുടങ്ങിയത് എന്ന് തോന്നുന്നു. ബാങ്കിങ് മേഖലയാണ് ആദ്യമായി പ്രതിരോധത്തിലൂന്നിയത് എന്നും തോന്നുന്നു. Job cutting മുന്നില്‍ കണ്ട് ലോണുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുനര്‍ക്രമീകരിച്ചത് തന്നെ ഉദാഹരണം. അപ്രൂവ് ആകാറായ ലോണുകള്‍ പോലും പലര്‍ക്കും നിഷേധിക്കപ്പെട്ടു. ലോണിനുള്ള കുറഞ്ഞ ശമ്പള പരിധി 20,000 ദിര്‍ഹം വരെ ഉയര്‍ത്തിയ ബാങ്കുകളുമുണ്ട്.

ഇനി റിയല്‍ എസ്റ്റേറ്റിന്റെ കാര്യമെടുക്കാം. ആറുമാസം മുമ്പ് വരെ ഒരോ ദിവസവും ഓരോ പ്രോജെക്റ്റ് അനൗണ്‍സ് ചെയ്തിരുന്ന പല വമ്പന്മാരും തങ്ങളുടെ പ്രോജക്റ്റുകള്‍ തുടങ്ങിയതു പോലും നിര്‍ത്തി തടിയൂരാനുള്ള പുറപ്പാടിലാണ്. ഒന്നുകൂടി ശരിയായി പറഞ്ഞാല്‍ തടിയൂരിക്കൊണ്ടിരിക്കുകയാണ്. ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതു തന്നെയാണ്. ഡിമാന്റിനും അധികം യൂണിറ്റുകള്‍ നിര്‍മ്മിച്ച് അമിതലാഭം പ്രതീക്ഷിച്ചിരുന്നപ്പോള്‍ ആരും ഈ ഒരു ഇടിവ് പ്രതീക്ഷിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍. നിര്‍മ്മാണ മേഖലയുടെ കുതിപ്പിന് കടിഞ്ഞാണ്‍ ഇടണമെന്ന്, അതായത് Slow Down അനിവാര്യമാണെന്ന് ഒരു വര്‍ഷം മുമ്പേ പല സാമ്പത്തിക വിദഗ്ദരും മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ അമിത ലാഭം എന്ന ഒറ്റ കാരണത്താല്‍ എല്ലാവരും അത് അവഗണിച്ചു. ഇപ്പോള്‍ പല യൂണിറ്റുകള്‍ക്കും 40-50% വില കുറഞ്ഞിരിക്കുന്നുവെങ്കിലും വാങ്ങാന്‍ ആളില്ലാത്ത സ്ഥിതി. (തറവാടിയുടെ ഈ പോസ്റ്റ് അനുബന്ധമായി വായിക്കാം).

ഇതിന്റെ പരിണിതഫലം ഇപ്പോള്‍ എല്ലാ മേഖലയിലേക്കും ബാധിക്കുന്നു. സാധാരണക്കാരനിലേക്ക് പോലും അത് പല രൂപത്തില്‍ എത്തി തുടങ്ങിയിരിക്കുന്നു. നിര്‍മ്മാണ മേഖലയിലെ പല കമ്പനികളും ആളുകളെ കുറച്ചു കൊണ്ടിരിക്കുന്നു. അതില്‍ 800 ദിര്‍ഹം ശമ്പളമുള്ള തൊഴിലാളികളും 60000 ദിര്‍ഹം ശമ്പളമുള്ള മാനേജരും ഉള്‍പ്പെടുന്നു എന്നതാണ് വാസ്തവം. എല്ലാ ഡവലപ്പേഴ്സും അനിവാര്യമായ ഈ "Fat cutting" നടത്തുന്നതായാണ് അറിവ്. Emaar, Nakheel, Damac, Better Homes, Dubai Properties എന്നു വേണ്ട ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വമ്പന്മാരെല്ലാം ഈ കട്ടിങ് നടത്തിക്കഴിഞ്ഞു. സാങ്കേതിക രംഗത്തും അഡ്മിനിസ്ട്റേഷന്‍ രംഗത്തും മാത്രമായി 300 മുതല്‍ 800 വരെ ആള്‍ക്കാരെയാണ് ഓരോ കമ്പനിയും കുറച്ചിരിക്കുന്നത്. എന്റെ സുഹൃത്തുക്കളും ജോലി പോയവരില്‍ പെടുന്നു.

ഇവരുടെ ഒക്കെ പല പ്രോജക്റ്റുകളും പാതി വഴിക്ക് ഉപേക്ഷിക്കപ്പെട്ടു. ടൂറിസം രംഗവുമായി ബന്ധപ്പെട്ട പ്രോജക്റ്റുകള്‍ പലതും നിര്‍ത്തിയതില്‍ ഉള്‍‍പ്പെടുന്നു. ഫലമോ, പല കണ്‍സ്ട്രക്ഷന്‍ കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ കുറക്കാന്‍ നിര്‍ബന്ധിതരായി കൊണ്ടിരിക്കുന്നു. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ എന്റെ അറിവനുസരിച്ച് 18,000 ആളുകളെയാണ് പിരിച്ചു വിട്ടു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ഓരോ പ്രോജെക്റ്റിലും ഉള്ള സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ അറിയുന്ന വിവരങ്ങള്‍ പലതും ആശങ്കയുടേതാണ്. പലരും തങ്ങളുടെ ഊഴവും കാത്തിരിക്കുന്നു. ഈ കാത്തി‍ക്കുന്നവരില്‍ എല്ലാ വിഭാഗവും ഉള്‍പ്പെടുന്നു.

സാങ്കേതിക രംഗത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടാലും അത് ചിലപ്പോള്‍ പൂര്‍ണ്ണമായും ദോഷകരമായി ബാധിക്കില്ല എന്ന് പറയാം. ചിലര്‍ക്കൊക്കെ മറ്റു കമ്പനികളില്‍ ജോലിക്ക് കയറാന്‍ സാധിക്കുന്നുണ്ട്. പക്ഷേ അവിടെയും ഒരു പ്രശ്നം അവരെ ബാധിക്കും. കിട്ടിക്കൊണ്ടിരുന്ന ശമ്പളത്തിന്റെ പാതിയോ അതില്‍ ഇത്തിരി കൂടുതലോ ഒക്കെയാവും പുതിയ കമ്പനിയുടെ 'ഓഫര്‍'. അപ്പോള്‍ അവരുടെ പല പ്ലാനുകളും അവതാളത്തിലാകും. പഴയ ശമ്പളത്തിന്റെ ബലത്തില്‍ നാട്ടിലൊക്കെ വലിയ ലോണുകള്‍ എടുത്ത ഇവര്‍ക്ക് പെട്ടെന്നുള്ള മാറ്റം ബുദ്ധിമുട്ടുണ്ടാക്കും എന്ന് തീര്‍ച്ച.

ചിലര്‍ക്ക് ഒരു മാസത്തിനകം ജോലി നേടിയെടുക്കാന്‍ കഴിയാതെയും വരാം. അവര്‍ക്കൊക്കെ തിരിച്ചു പോക്ക് അനിവാര്യമാകും. നോട്ടീസ് കിട്ടിയ ആര്‍ക്കും നോട്ടീസ് കാലാവധി ആയ ഒരു മാസം തികഞ്ഞിട്ടില്ല. അടുത്ത മാസം മുതല്‍ ചിത്രം കൂടുതല്‍ വ്യക്തമായിത്തുടങ്ങും. കൂട്ടത്തോടെ ഒരു തിരിച്ചു വരവല്ലെങ്കിലും പലരും നാട്ടിലേക്ക് 'താല്‍ക്കാലികമായെങ്കിലും' മടങ്ങും. (ഗള്‍ഫ് ജോലി ശാശ്വതമാണെന്നുള്ള കാഴ്ച്ചപ്പാടില്‍ കേരളത്തിലേക്ക് മടങ്ങിപ്പോക്ക് ഓര്‍ക്കാന്‍ കൂടി സാധിക്കില്ല എന്ന് പറഞ്ഞ് ചര്‍ച്ച നടന്ന ദേവസേനയുടെ പോസ്റ്റും കമന്റുകളും ഒരിക്കല്‍ കൂടി ഓര്‍മയില്‍ വരുന്നു).

ഇനിയാണ് തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം. ഞാന്‍ പറഞ്ഞല്ലോ ഒരു 18,000 കണക്ക്. (ഇത് ഒരു കമ്പനിയിലെ കാര്യമാണ്, അങ്ങനെ എത്ര കമ്പനികള്‍ കാണും എന്ന് ഊഹിച്ചാല്‍ മതി). അതില്‍ 60-70% ആള്‍ക്കാര്‍ സാധാരണ തൊഴിലാളികള്‍ ആണ്. പെട്ടെന്നുള്ള പിരിച്ചു വിടല്‍ ഇവരെ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയുകയേ നിവൃത്തിയുള്ളൂ. ഇവരില്‍ ഇന്ത്യാക്കാര്‍ മാത്രമല്ല ഉള്ളത്. ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളും പാകിസ്ഥാനികളും നേപ്പാളികളും ചൈനാക്കാരും ഒക്കെ ഉള്‍പ്പെടും. പലരും ആത്മഹത്യയുടെ വഴി തെരെഞ്ഞെടുക്കുമോ എന്ന് പോലും ഭയപ്പെടേണ്ടിയിരിക്കുന്നു. ഉള്ളതൊക്കെ വിറ്റുപെറുക്കി, അല്ലെങ്കില്‍ പണയപ്പെടുത്തി നാട്ടില്‍ നിന്ന് 80,000-1,00,000 രൂപയൊക്കെ കൊടുത്ത് ജോലിക്ക് വന്ന പാവം തൊഴിലാളികള്‍. പലര്‍ക്കും ജീവിതം വഴിമുട്ടും എന്ന് തീര്‍ച്ച. വര്‍ഷങ്ങളായി ഇവിടെ നില്‍ക്കുന്നവരെ നിലനിര്‍ത്തി, പുതിയ ആള്‍ക്കാരെയാവും പല കമ്പനികളും പിരിച്ചു വിടുന്നത്. അതായിരിക്കും തൊഴിലാളികള്‍ നേരിടൂന്ന ഏറ്റവും വലിയ പ്രശ്നം. പലരുടേയും കടങ്ങള്‍ വീടിക്കാണില്ല.

നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധി പ്രത്യക്ഷമായും പരോക്ഷമായും അതിനോടനുബന്ധിച്ചുള്ള പല ബിസിനസ്സുകളേയും ബാധിക്കാനിരിക്കുന്നതേയുള്ളൂ. ഞാന്‍ പറഞ്ഞത് യു.എ.യി-യിലെ നിര്‍മ്മാണ മേഖലയെ പറ്റി മാത്രമാണെന്ന് ഓര്‍ക്കുക. മറ്റു മേഖലയിലെ യാഥാര്‍ത്ഥ്യം എന്തെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. അതുപോലെ , മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതിയും ഇതു തന്നെയാണെന്ന് കരുതുന്നു.

ഏതായാലും വരും നാളുകള്‍ (കുറച്ച് നാളുകളെങ്കിലും) ഗള്‍ഫുകാരെ സംബന്ധിച്ച് നല്ലതായിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി