ഇന്നത്തെ തീയതി :

Monday, November 24, 2014

വിശുദ്ധരും മനുഷ്യദൈവങ്ങളും

കേരളത്തിലെ കത്തോലിക്ക സഭക്ക് രണ്ട് വിശുദ്ധരെ കൂടി കിട്ടി. സ്വാഭാവികം. ഇന്ത്യയില്‍ കത്തോലിക്ക സഭക്ക് നല്ല രീതിയില്‍ വളര്‍ച്ചയുള്ള സ്ഥലം കേരളമാണ്‍. അപ്പോള്‍ ഇടക്കിടെ വിശുദ്ധരെ കിട്ടാതിരുന്ന് വിശ്വാസത്തിന്‍ മങ്ങലേല്‍ക്കാതിരിക്കാന്‍ ഇത് ആവശ്യമാണ്‍. ദൈവസഹായം പിള്ളയെ കൂടി എത്രയും പെട്ടെന്ന് വിശുദ്ധനാക്കാനുള്ള അത്ഭുത പ്രവൃത്തികള്‍ എവിടെ നിന്നെങ്കിലും വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യത കാണുന്നുണ്ട്. അതിനു ശേഷം ഗോവ, കല്‍ക്കത്ത, മുംബൈ, ബാംഗളൂറ് മുതലായ ആള്‍ത്തിരക്കുള്ള അതിരൂപതകള്‍ക്കും കുറച്ച് വിശുദ്ധരെ കൊടുക്കാവുന്നതാണ്‍. കൂടെ സഭ വളര്‍ന്നു വരുന്ന ഇടങ്ങളിലും ഇടക്ക് ഒന്നു രണ്ട് വിശുദ്ധരെ പ്രഖ്യാപിക്കാവുന്നതാണ്‍.

അതൊക്കെ സഭയുടെ കാര്യം. ഇനി മറ്റുള്ളവരുടെ രസകരമായ ചില കാര്യങ്ങള്‍ കണ്ടു. കത്തോലിക്ക സഭ വിശുദ്ധരെ പ്രഖ്യാപിച്ചതില്‍ കളിയാക്കിയവര്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് മറ്റു സഭക്കാരും മറ്റു മതക്കാരും. ഇന്നലെ പല പോസ്റ്റുകളിലും കണ്ടത് ഈ പ്രഖ്യാപനത്തിനെ പറ്റിയും അതിന്റെ പിന്നാമ്പുറ കഥകളെ പറ്റിയും അതിലെ ആള്‍ദൈവ കല്പ്പനകളെയും പറ്റിയുള്ള ചര്‍ച്ചകളാണ്‍.

അതില്‍ മറ്റു സഭകളെ എടുത്തു നോക്കിയാല്‍ എല്ലാ സഭകളും ഏതെങ്കിലും പുണ്യാളന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നവയാണ്‍. അപ്പോള്‍ അവര്‍ക്ക് ഇതിനെ എതിര്‍‌ക്കാന്‍ എന്തവകാശം?. പറഞ്ഞു വരുമ്പോള്‍ ക്രിസ്ത്യന്‍ മതം തന്നെ യേശു എന്ന മനുഷ്യ ദൈവത്തിന്റെ പിന്തുടര്‍ച്ചയാണല്ലോ. അപ്പോള്‍ അവരെ നമുക്ക് ഒരു വശത്തു കൂടി വിടാം.

ഇനിയുള്ളത് മറ്റു മതസ്ഥരാണ്‍. മരിച്ചവരെ ആരാധിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണെന്ന് തോന്നുന്നു, "പ്രേതദൈവങ്ങളെ പൂജിക്കുന്നവരെന്ന്" കൃസ്ത്യാനികളെപറ്റി ഒരാള്‍ എഴുതിക്കണ്ടു. എഴുതിയ ആള്‍ ഹിന്ദുമത വിശ്വാസിയാണ്‍. ഇത് വളരെ രസകരമായ സംഗതിയായി തോന്നി. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം "വിശുദ്ധരെ" പൂജിക്കുന്നവരാണ്‍ ഹിന്ദുക്കള്‍. അമ്മയെന്നും ബാബയെന്നും സ്വാമിയെന്നും വിളിപ്പെരു മാറുമെന്നു മാത്രം. ലക്ഷക്കണക്കിന്‍ ഭക്തര്‍ വന്ന് ദര്‍ശനം തേടുന്ന ശബരിമല അയ്യപ്പന്‍ പോലും ജീവിച്ചിരുന്ന മനുഷ്യനാണ്‍ എന്നാണ്‍ കഥകള്‍ നമുക്ക് പറഞ്ഞു തരുന്നത്. അതെ പോലെ തന്നെ ഹിന്ദുക്കളുടെ ആരാധനാ പുരുഷന്മാരെല്ലാം തന്നെ  ജീവിച്ചു മരിച്ചവര്‍ തന്നെ. ഒരു കണക്കിന്‍ പറഞ്ഞാല്‍ മനുഷ്യ ദൈവങ്ങള്‍ തന്നെ. എന്നിട്ടും കൃസ്ത്യാനികളുടെ ആള്‍ദൈവങ്ങളെ കളിയാക്കാന്‍ നില്‍ക്കുന്നവരെ എന്തു പറയും?

മുഹമ്മദ് എന്ന മനുഷ്യന്‍ പറഞ്ഞ വെളിപ്പെടുത്തലുകളില്‍  നിന്ന് ഉത്ഭവിച്ച ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍, ആള്‍ ദൈവങ്ങളില്‍ വിശ്വാസമില്ല എന്നു പറയുമ്പോഴും അനേകം കബറുകളില്‍  പോയി പ്രാര്‍ത്ഥിച്ചു മടങ്ങുന്നതു കൊണ്ടാകാം  ഈ കോലാഹലങ്ങളില്‍ വലിയ താല്പര്യമൊന്നും പ്രകടിപ്പിച്ചു കണ്ടില്ല. (അതോ ഞാന്‍ കാണാഞ്ഞതോ?). സ്വര്‍ഗ്ഗം എന്ന മിഥ്യയിലൂന്നിയ ഒരു ചിന്താധാര ഉണ്ടാക്കുകയും താന്‍ അവിടെ പോയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് ആള്‍ക്കാരെ തന്നിലേക്കും തന്റെ കാഴ്ചപ്പാടുകളിലേക്കും ആകര്‍ഷിക്കുകയും ചെയ്ത മുഹമ്മദ് നബിക്കും ഇതെ പരിവേഷമാണുള്ളതെന്നും (അങ്ങനെയല്ല എന്നു അദ്ദേഹത്തിന്റെ ആരാധകര്‍ പറയുമ്പോഴും) കാണാം.

പറഞ്ഞു വന്നത് എല്ലാ മതങ്ങളും നില നില്‍ക്കുന്നത് ഇത്തരം ആള്‍ദൈവങ്ങളുടെ ബലത്തിലാണ്‍. ഏതെങ്കിലും മനുഷ്യന്റെയോ, അല്ലെങ്കില്‍ മനുഷ്യരുടെയോ സൃഷ്ടിയാണ്‍ എല്ലാ മതങ്ങളും അവയിലെ ദൈവ സങ്കല്പ്പങ്ങളും. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ മനുഷ്യ ദൈവങ്ങളിലും അവര്‍ പറഞ്ഞ സൂക്തങ്ങളിലോ മന്ത്രങ്ങളിലോ വാക്യങ്ങളിലോ ഒക്കെ വിശ്വസിക്കുക മാത്രമാണ്‍ എല്ലാ വിശ്വാസികളും ചെയ്യുന്നത്.

ഒരു മതത്തിലെ ആള്‍ദൈവങ്ങളെ അല്ലെങ്കില്‍ മനുഷ്യ ദൈവങ്ങളെ വിമര്‍ശിക്കുമ്പോള്‍ തന്നെ, സ്വന്തം മതത്തിലെ ഇതേ ഗണത്തിലുള്ളവരെ അതെ കണ്ണു കൊണ്ട് കാണാനും തയ്യാറാകണം. അത് ദൈവീകഭാവമുണ്ടെന്ന് പറയുന്ന 'മനുഷ്യ'രാണെങ്കിലും വിശുദ്ധപദവി കൊടുത്ത പുണ്യാളര്‍ ആണെങ്കിലും!

മനുഷ്യര്‍ എല്ലാം മനുഷ്യര്‍ തന്നെ. അവരെ, ദൈവീക പരിവേഷമുള്ളവരാക്കി, ദൈവത്തിന്റെ സ്വന്തം ഭാഗമാക്കി, പുത്രനാക്കി, പ്രവാചകരാക്കി ഉയര്‍ത്തിക്കാട്ടുകയെന്നത് എല്ലാ മതത്തിന്റെയും നിലനില്‍പ്പിന്റെ ആവശ്യമാണ്‍. സ്വന്തം ആള്‍ദൈവങ്ങളെ തള്ളിപ്പറയാതെ ഒരാള്‍ക്കും മറ്റൊരു മതത്തിലെ ആള്‍ദൈവങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ ധാര്‍മികമായ അവകാശമില്ല എന്നു വേണം കരുതാന്‍. അതല്ലയെങ്കില്‍ ആള്‍ദൈവങ്ങളും വിശുദ്ധരും സൃഷ്ടിക്കപ്പെട്ടു കൊണ്ടേയിരിക്കും.

Wednesday, October 29, 2014

ചുംബനത്തിലെ സാംസ്കാരിക ചര്‍ച്ചകള്‍ - ഒരു തിരിഞ്ഞു നോട്ടം1985 ഏപ്രില്‍ മാസം. ആ അവധിക്കാണ് കുടുംബസമേതം ഞങ്ങള്‍ ബോംബേ കാണാന്‍ പോകുന്നത്. ആന്റി അവിടെ താമസിക്കുന്നുണ്ട്. അവരുടെ കൂടെ ഒരു ദിവസം ജൂഹുവിലും പോയി. ബീച്ചില്‍ ഒരു പ്രദേശം കഴിഞ്ഞപ്പോള്‍ അവിടെയുള്ള ആന്റി പറഞ്ഞു ഇനി അങ്ങോട്ട് പോകണ്ട. പലതും കാണും എന്ന്. അപ്പോള്‍ തന്നെ പലതും കണ്ടിരുന്നു.

1988-89 വര്‍ഷം. ഞാന്‍ കോട്ടയത്ത് പഠിക്കുന്ന സമയം. സെന്റ്റല്‍ ജങ്ഷനില്‍ ഉള്ള ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍. അവിടെ ഫാമിലിക്കായി എ.സി മുറിയുണ്ട്. രാവിലെ വലിയ തിരക്കില്ല. കാപ്പി കുടിക്കാന്‍ കയറുന്ന ഫാമിലി(?)-കള്‍ അവിടെയിരുന്ന് ചുമ്പിക്കുന്നതും "അസ്ഥാനത്ത്"(?) പിടിക്കുന്നതും കണ്ടിട്ടുണ്ട്.

വര്‍ഷം കുറച്ചു കൂടി കഴിഞ്ഞു. 1994-95 സമയം. എറണാകുളത്ത് പോയി ടെസ്റ്റ് ഒക്കെ എഴുതി നടക്കുന്ന കാലം. രാവിലെ ടെസ്റ്റ് കഴിഞ്ഞാല്‍ വൈകുന്നേരം അഞ്ചു മണിക്കുള്ള വേണാടില്‍ ആണ് മടക്കം. ഉച്ച കഴിയുമ്പോള്‍ ജെട്ടിയില്‍ നിന്ന് ബോട്ടില്‍ കയറി ബോള്‍ഗാട്ടിയിലേക്ക്. ബിയര്‍ പാലറില്‍ കയറി ഹെയ്‌വാര്‍ഡ് 5000 സ്റ്റ്രോങ് കഴിക്കും. പിന്നെ കായലിനരികിലെ അരമതിലില്‍ പോയി ഇരിക്കും, ചിലപ്പോള്‍ കിടക്കും. അങ്ങനെ ഇരിക്കാന്‍ പോകുമ്പോള്‍ അവിടവിടെ കുറ്റിച്ചെടികളും, മുളങ്കാടുകളുമുണ്ട്, അതിന്റെ ചുവട്ടില്‍ കെട്ടിപ്പിടിച്ചും ഉമ്മവച്ചും കളിക്കുന്ന ധാരാളം മിഥുനങ്ങളെ കണ്ടിട്ടുണ്ട്.

1994-95-ലും 1995-96 -ലും രണ്ടു മൂന്നു തവണ ബാംഗ്ലൂര്‍ പോയിട്ടുണ്ട്. പിന്നെ 2010-ലും. ഈ പോയപ്പോള്‍ ഒക്കെ ലാല്‍ബാഗ് പാര്‍ക്കിലും ഒന്നു രണ്ടു തവണ കബ്ബന്‍ പാര്‍ക്കിലും പോയിരുന്നു. അവിടെ ചുംബനം മാത്രമല്ല, പലതും കാണേണ്ടി വന്നിട്ടുണ്ട്.

1997-98 കാലം. ചെന്നൈ-യില്‍ ജോലി ചെയ്തിരുന്ന കാലം. ഞായറാഴ്ചകളില്‍ ഒരു പണിയുമില്ല. രണ്ടു മൂന്നു കൂട്ടുകാരും ഞാനും മാത്രം. ചില ദിവസം സെന്റ് തോമസ് കുന്നില്‍ പോയി ഇരിക്കും. അല്ലെങ്കില്‍ വടപളനിയിലോ കെ കെ നഗറിലോ പോകും. ഇതൊന്നും തോന്നിയില്ലെങ്കില്‍ നേരെ  അണ്ണാ ചതുക്കം..മറീനാ ബീച്ച്. അവിടെയും കാണാം ഈ ചുംബന കൂട്ടയ്മ.

അന്നും അവിടെ ഇരുന്നു ചുംബിച്ചവര്‍ ആരുടെയോ പെങ്ങളോ മകളോ ഒക്കെ ആയിരിന്നു. ഒരു പക്ഷേ ഇന്നവരുടെ കുട്ടികള്‍ വളര്‍ന്നു വലുതായിട്ടുണ്ടാകാം. ചിലപ്പോള്‍ അവര്‍ക്ക് വിവാഹം കഴിക്കാനായില്ലായിരിക്കാം. ചിലര്‍ താല്‍ക്കാലിക പ്രലോഭനങ്ങളില്‍ പെട്ട് വന്നവരായിരിക്കാം. ചിലരാകട്ടെ ആ ചുംബനസുഖം നുകരാന്‍ മാത്രം എത്തിയവരാകാം. എന്തായാലും ആ നിമിഷങ്ങള്‍ അവര്‍ ആസ്വദിച്ചിരുന്നു എന്ന് വ്യക്തം.  കാരണം അവര്‍ക്ക് ആ സ്ഥലങ്ങളില്‍ അന്ന് അത്ര വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടില്ല. പരിസരം പോലും മറന്നപോലെയായിരുന്നു പലരുടേയും ഇരുപ്പ്.

ഇവിടെയൊന്നും കണ്ടതിലും വലുതൊന്നുമല്ല ഞാന്‍ കഴിഞ്ഞയാഴ്ച ജയ്‌ഹിന്ദ് ടി.വി-യില്‍ കണ്ടതെന്നതാണ് സത്യം. പക്ഷേ ഈ ചുംബനങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലും ആള്‍ക്കാര്‍ കാണാത്ത തെറ്റ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. അന്നൊന്നും ഇല്ലാത്ത സാംസ്കാരിക തകര്‍ച്ച ഈ ചുംബനത്തിലൂടെ ഇപ്പോള്‍ ഈ ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല.ടി.വി-യിലും സമൂഹത്തിലും എത്രയെത്ര ചര്‍ച്ചകള്‍!
---------- ---------- ---------- ---------- ---------- ---------- ----------
അന്നത്തെ ആ കാലഘട്ടത്തില്‍ നിന്ന് നമ്മുടെ നാറ്റ് ഒത്തിരി മാറി. നാട്ടില്‍ ഇന്ന് കഥ മാറി. സമൂഹം "പുരോഗമിച്ചു". യുവാക്കളുടേയും യുവതികളുടേയും മധ്യവയസ്കന്റേയും മധ്യവയസ്കയുടേയും മൊബൈലുകളിലും കമ്പ്യൂട്ടറിലും പലതരം ചിത്രങ്ങളും സിനിമകളും ക്ലിപ്പുകളും വന്നു നിറഞ്ഞു. അതൊന്നും കാണുന്നത് തെറ്റല്ല എന്ന് പലരും പറയാന്‍ തുടങ്ങി. പണ്ടൊക്കെ വളരെ രഹസ്യമായി കുറെ പേര്‍ കൂടി പിരിവു നടത്തി ടി വിയും വിസിപിയും വാടകക്കെടുത്ത് ഒഴിവുള്ള വീടുകളിലിരുന്ന് കണ്ടിരുന്ന ബ്ലൂഫിലിമുകള്‍ ഇന്ന് സി ഡി-യിലാക്കി അങ്ങോട്ടും ഇങ്ങോട്ടും കൈമാറാന്‍ കോളേജ് കുട്ടികള്‍ക്ക്, എന്തിന് സ്കൂള്‍ കുട്ടികള്‍ക്ക് വരെ മടിയില്ലാതായി.

ദിവസവും കാണുന്ന സിനിമയിലും സീരിയലുകളിലും ചുംബനങ്ങളോ അതിലും കൂടുതലോ ആയ കാഴ്ചകള്‍ വീടുകളിലിരുന്ന് കാണാന്‍ അവസരങ്ങള്‍ ഏറെയാണിന്ന്. ആളൊഴിഞ്ഞു കിട്ടുന്ന വേളകളില്‍ ഒരു ചുംബനം കൈമാറുന്നത് തെറ്റല്ല എന്ന് യുവ തലമുറയിലെ കാമുകീ കാമുകന്മാര്‍ ചിന്തിക്കാന്‍ തുടങ്ങിയെങ്കില്‍ അതില്‍ അവരെ കുറ്റം പറയാനാവില്ല. അതിലും കടന്നു ചിന്തിച്ചാല്‍ കാമുകീ കാമുകന്മാരല്ലാത്ത കൂട്ടുകാര്‍ക്കിടയില്‍ പോലും ഒരു ചുംബനം അത്ര വലിയ പ്രശ്നമല്ലാതായി എന്നു വേണം കരുതാന്‍. ന്യൂ ഈയര്‍ ആഘോഷങ്ങളുടെ ഭാഗമായി ഉന്നതന്മാരും അവരുടെ മക്കളും വലിയ ഹോട്ടലുകളില്‍ നടത്തുന്ന പാര്‍ട്ടികളിലൊക്കെ നാം കാണുന്നത് ഈ പരസ്യ ചുംബനം തന്നെയല്ലേ? മഹാനഗരങ്ങളിലെ പബ്ബുകളില്‍ മദ്യവും കഴിച്ച് യുവതീ യുവാക്കള്‍ കൈമാറുന്നതും ചുംബനങ്ങളല്ലേ? അവരും കുടുംബത്ത് നിന്ന് വന്നവര്‍ തന്നെയല്ലേ?

ഒന്നു ചുംബിച്ചാല്‍ ഇടിഞ്ഞു വീഴുന്നതാണോ നമ്മുടെ സംസ്കാരം. അല്ല എന്ന് നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും അറിയാം. മറ്റുള്ളവരെ ബോധിപ്പിക്കാനാണ് നമ്മള്‍ ജീവിക്കുന്നത് തന്നെ, അപ്പോള്‍ പിന്നെ നാം ചുംബനത്തെയൊ ആലിംഗനത്തെയോ പിന്തുണച്ചാല്‍ മറ്റുള്ളവര്‍ എന്തു കരുതും എന്നതാണ് നമ്മുടെ ആദ്യ ചിന്ത. അതാണ് എല്ലാം തെറ്റാണ് എന്ന് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമ്മളെ പ്രേരിപ്പിക്കുന്നത്. മറ്റുള്ളവരെ ബോധിപ്പിക്കാനല്ലാതെ സ്വന്തം മനസ്സിന്റെ വിളി കേട്ട് ജിവിക്കാന്‍ എന്ന് നമുക്ക് സാധിക്കുന്നോ അന്നേ നമ്മുടെ സമൂഹം നന്നാകൂ.
---------- ---------- ---------- ---------- ---------- ---------- ----------
പറഞ്ഞു വന്നത്, പ്രേമം എന്നത് തനിയെ വന്നു ചേരുന്നതോ സ്വയം എടുത്ത് തലയില്‍ വക്കുന്നതോ എന്തുമാകട്ടെ, പ്രേമിക്കുന്നവര്‍ക്കിടയില്‍ കടന്നു ചെന്ന് അവരുടെ 'സ്വകാര്യത'യില്‍ ഇടപെടാന്‍ സമൂഹത്തിന് ഒരധികാരവും ഇല്ല. (പബ്ലികിന്റെ മുമ്പിലാണെങ്കില്‍ അത് കാമോദ്ദിപകമാണെങ്കില്‍ നിങ്ങള്‍ക്ക് പരാതിപ്പെടാം)  അവരുടെ കുടുംബക്കാര്‍ക്ക് വേണമെങ്കില്‍ അവരെ ഉപദേശിക്കാം, പ്രായപൂര്‍ത്തിയകാത്തവരാണെങ്കില്‍ 'തക്കതായ' ശിക്ഷ കൊടുക്കാം. അത്ര തന്നെ.

ഞാന്‍ ആദ്യം പറഞ്ഞ ഭാഗങ്ങളിലുള്ള "പഴയ തലമുറക്ക്" കിട്ടിയിരുന്ന സ്വാതന്ത്ര്യം പോലും നിഷേധിക്കാന്‍ നമ്മുടെ കുട്ടികള്‍ എന്ത് തെറ്റാണ് ചെയ്തത്? ഞങ്ങളുടെ കാലത്ത് മാങ്ങയായിരുന്നു തേങ്ങയായിരുന്നു, ഞങ്ങള്‍ പഠിച്ച സമയത്ത് അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു, കോളജിന്റെ പല മൂലകളും പഞ്ചാര മുക്കുകളായിരുന്നു, ലവേഴ്സ് കോറ്ണറുകള്‍ എല്ലാ കോളജിന്റെയും ഭാഗമായിരുന്നു എന്നൊക്കെ പറഞ്ഞ് വീമ്പിളക്കുന്ന "പഴയ തലമുറ" ഇന്നത്തെ കുട്ടികള്‍ക്ക് ആ ജീവിതം നിഷേധിക്കാന്‍ തുനിയുന്നുവെങ്കില്‍ ചികിത്സിക്കേണ്ടത് പുതിയ തലമുറയെ അല്ല മറിച്ച് ഈ പറഞ്ഞ പഴയ തലമുറയെ തന്നെയാണ്. 

Monday, April 28, 2014

ദേവസ്വം ബോര്‍ഡ് - രാജഭരണകാലത്തും ശേഷവും

കൊല്ലവര്‍ഷം 927 അതായത് എ.ഡി 1812 വരെ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം അതാത് ദേവസ്വങ്ങളുടെ കീഴില്‍ ഹിന്ദുക്കള്‍ തന്നെ നടത്തിയിരുന്നു. ആ സമയത്താണ് മണ്‍റോ സായിപ്പ് റസിഡന്റായി വരുന്നത്. അന്നത്തെ "രാജ്ഞി" ലക്ഷീറാണി മൈനറായിരുന്നത് കൊണ്ട് അവരെ ഭരണകാര്യങ്ങളില്‍ സഹായിക്കാന്‍ മണ്‍റോയെ ദിവാന്‍‌ജി ആയി നിയമിച്ചു. അദേഹത്തിന്റെ ഉപദേശപ്രകാരം 378 അമ്പലങ്ങളും അവയുടെ സ്വത്തായ 65,000 ഏക്കര്‍ പുരയിടങ്ങളും 60 ലക്ഷപ്പറ നിലം ഇവയെല്ലാം കൂടി സര്‍ക്കാരിലേക്കെടുത്തു. അതിനു ശേഷം 1123 മൈനര്‍ ക്ഷേത്രങ്ങള്‍ കൂടി സര്‍ക്കാര്‍ ഏറ്റെടുത്തു.

മേല്പ്പറഞ്ഞ അമ്പലങ്ങള്‍ സര്‍ക്കാര്‍ അധീനതയില്‍ ആയതില്‍ പിന്നെ അവിടെ ശരിയായ രീതിയില്‍ പൂജകളോ കര്‍മ്മങ്ങളോ നടന്നിരുന്നില്ല. ഉടമസ്ഥന്മാര്‍ക്കു യാതൊരു അധികാരവും ഇല്ലാതായി. അവരുടെ അഭിപ്രായത്തെ അവഗണിച്ചു. ഇടിഞ്ഞു പൊളിഞ്ഞു കിടന്ന ക്ഷേത്രങ്ങള്‍ക്കായി ഒന്നും സര്‍ക്കാര്‍ ചെയ്തില്ല.ക്ഷേത്രക്കുളങ്ങള്‍ നന്നാക്കിയില്ല. പല്‍സ് ക്ഷേത്രങ്ങളും നാമാവശേഷമായി. കിഴക്കേ മലയോരത്തുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ ഭൂരിഭാഗവും മണ്ണിനടിയിലായി. അവയുടെ സ്വത്ത് മുഴുവനും അഹിന്ദുക്കളുടെ കൈവശമായി.

ഇരുപതാം നൂറ്റാണ്ട് ആയപ്പോള്‍ കൃസ്ത്യന്‍ സ്കൂളുകള്‍ക്കും മിഷണറി പ്രവര്‍ത്തനങ്ങളിക്കും ധാരാളം സഹായങ്ങള്‍ തിരുവിതാംകൂര്‍ രാജാവില്‍ നിന്നുണ്ടായി. തീര്‍ച്ചയായും അത് ബ്രിട്ടീഷുകാരെ സന്തോഷിപ്പിക്കാന്‍ തന്നെയാണ്‍. പത്മനാഭ സ്വാമിക്ഷേത്രത്തിനു സമീപം തന്നെ സ്കൂളു തുടങ്ങി.

(തിരുവിതാംകൂറില്‍) വിദേശികളായ ഒരു കൂട്ടം ബ്രാഹ്മണരുടെ വിളനിലങ്ങളായി മാറി ഈ ദേവസ്വം. നമസ്കാര ചോറും പലഹാരങ്ങളും ഉള്‍പ്പെടെ എല്ലാം കയ്യടക്കിയ, വിധിപ്രകാരം പൂജ ചെയ്യാനറിയാത്ത, മലയാളഭാഷ എഴുതുവാനും വായിക്കാനും അറിയാത്ത ഈ ബ്രാഹ്മണര്‍ ഒരു കാലത്ത് ദേവസ്വം ഉടമസ്ഥരായിരുന്ന നായന്മാരെ ദേവസ്വത്തില്‍ നിന്ന് അകറ്റി നിര്‍ത്തി. തീര്‍ത്ഥവും പ്രസാദവും പട്ടിക്ക് എച്ചില്‍ എന്ന പോലെ എറിഞ്ഞു കൊടുത്തു. (പല അമ്പലങ്ങളിലും ഇപ്പോഴും ഇങ്ങനെ തന്നെ). അബ്രാഹ്മണര്‍ക്ക് അമ്പലങ്ങളില്‍ മണി അടിക്കാന്‍ പാടില്ല, മണ്ഡപത്തില്‍ പ്രവേശിക്കാന്‍ പാടില്ല, ഊട്ടുപുരയില്‍ ചോറില്ല അങ്ങനെ നിരവധി വിലക്കുകള്‍.

മറ്റൊരു ആരോപണമാണ് ദേവസ്വം ഡിപ്പര്‍ട്ട്മെന്റിലെ ബ്രാഹ്മണമേധാവിത്വം. അവിടെയും നായന്മാര്‍ തഴയപ്പെട്ടു. ഭൂരിപക്ഷം ഉദ്യോഗസ്ഥരും ബ്രാഹ്മണന്മാരായി. ആണ്ടു തോറും 25 ലക്ഷം ചിലവു ചെയ്യുന്ന (1936-ലെ കണക്കാണ്) ദേവസ്വം ബോര്‍ഡ് ഒരു കമ്മീഷണറുടെ ഇഷ്ടത്തിനാണ് അന്നും നടന്നിരുന്നത്. ധര്‍മ്മക്കഞ്ഞിക്കു ചിലവാക്കുന്ന സംഖ്യ ശ്രീമൂലം ഷഷ്ട്യാബ്ദപൂര്‍ത്തി സ്മാരക ഹിന്ദുമഹിളാമന്ദിരത്തിനു കൊടുക്കാതെ കണ്ണമ്മൂല കൃസ്ത്യന്‍ മിഷനു കൊടുത്തു എന്നും പറയുന്നു.   1925-ല്‍ ദിവാന്‍ജിയെ ദേവസ്വം ഭരണത്തില്‍ നിന്ന് എടുത്തു കളഞ്ഞെങ്കിലും 1932 ആയപ്പോള്‍ വീണ്ടും ദിവാനു ഭരണ ചുമതല നല്‍കി. ദിവാന്‍‌ജിയുടെ ഭരണത്തില്‍ നായന്മാര്‍ക്കു എല്ലാ അധികാരങ്ങളും നഷ്ടമായി.
                     xx :::::::::::::::::::::::::::::::::::::::::::::::::::: xx
ഇതൊക്കെയാണ് 1936 വരെയുള്ള കാര്യങ്ങള്‍. അതുവരെ അവര്‍ണ്ണഹിന്ദുക്കള്‍ക്ക് ഈ ക്ഷേത്രങ്ങളില്‍ പ്രവേശനം ഇല്ലായിരുന്നു എന്നത് മറ്റൊരു കാര്യം. തര്‍ക്കങ്ങളും ഈ സവര്‍ണ്ണ മേധാവിത്വവുമൊക്കെ പറയുന്നത് നായരും അതിന് മുകളിലുള്ളവരും തമ്മില്‍ ആയിരുന്നു എന്നോര്‍ക്കുക. 1936 നവംബറിലാണ് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദത്തിനും പല സമരത്തിനുമൊടുവില്‍ പ്രസിദ്ധമായ ക്ഷേത്രപ്രവേശനവിളംബരം ഉണ്ടാകുന്നത്.

വിളംബരത്തിന്റെ പൂർണ്ണരൂപം

“ശ്രീപദ്മനാഭദാസ വഞ്ചിപാലസർ രാമവർമകുലശേഖര കിരീടപതിമന്നേ സുൽത്താൻ മഹാരാജ രാമരാജ ബഹദൂർ ഷംഷെർ ജംഗ്,നൈറ്റ് ഗ്രാൻ‌ഡ് കമാൻഡർ ഓഫ് ദ് ഇന്ത്യൻ എം‌പയർ, തിരുവതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ട് 1936-നു 12-നുക്കു ശരിയായ 1112 തുലാം 12-ന് പ്രസിദ്ധപ്പെടുത്തുന്ന വിളംബരം: “നമ്മുടെ മതത്തിന്റെ പരമാർത്ഥതയും സുപ്രമാണതയും ഗാഢമായി ബോദ്ധ്യപ്പെട്ടും ആയതു ദൈവികമായ അനുശാസനത്തിലും സർവവ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും, അതിന്റെ പ്രവർത്തനത്തിൽ അതു ശതവർഷങ്ങളായി കാലപരിവർത്തനത്തിന് അനുയോജിച്ചു പോന്നുവെന്നു ധരിച്ചും, നമ്മുടെ ഹിന്ദുപ്രജകളിൽ ആർക്കുംതന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമതവിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാൻ പാടില്ലെന്നുള്ള ഉത്കണ്ഠയാലും നാം തീരുമാനിക്കുകയും ഇതിനാൽ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാൽ, സമുചിതമായ പരിതസ്ഥിതികൾ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചുനടത്തുന്നതിനും നാം നിശ്ചിയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി, ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാൾക്കും നമ്മുടെയും ഗവൺ‌മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേൽ യാതൊരു നിരോധനവും ഉണ്ടായിരിക്കാൻ പാടില്ലെന്നാകുന്നു”

അതിനു ശേഷം മാത്രമാണ് അവര്‍ണ്ണരെന്നു പറയപ്പെടുന്ന താഴ്ന്ന ജാതി ഹിന്ദുക്കള്‍ക്ക് ദേവസ്വം വക ക്ഷേത്രങ്ങളിലെങ്കിലും പ്രവേശിക്കാനായത്. ഇങ്ങനെയൊക്കെയാണ് പ്രജാക്ഷേമ തല്പരരായ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നായന്മാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുക്കളെ പരിപോക്ഷിപ്പിച്ചിരുന്നത്. ചുരുക്കി പറഞ്ഞാല്‍ തിരുവിതാം‌കൂര്‍ ഗവണ്മെന്റിന്റെ ഒന്നര നൂറ്റാണ്ടോളം നീളുന്ന ദേവസ്വം ഭരണം കൊണ്ട് ഹിന്ദുസമുദായം ക്ഷയിച്ചു, നാട്ടിലെ നമ്പ്പൂതിരി സമൂഹം ക്ഷയിച്ചു, പകരം പരദേശബ്രാഹ്മണര്‍ കുബേരന്മാരായി തീര്‍ന്നു.

             xx :::::::::::::::::::::::::::::::::::::::::::::::::::: xx

ഇങ്ങനെ പലവിധത്തില്‍ നശിച്ചതും മണ്ണിനടിയിലായതും കഴിച്ചുള്ള, ക്ഷയിച്ച ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള 1194 ക്ഷേത്രങ്ങളാണ് തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മതസ്ഥാപന ആക്റ്റ് (1950) പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങളിലേക്കു വന്നതും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലേക്ക് മാറ്റപ്പെട്ടതും. (പിന്നീട് ചില ക്ഷേത്രങ്ങള്‍ കൂടി ഇതിലേക്ക് കൂട്ടി ചേര്‍ത്തിട്ടുണ്ട്). അതായത് അന്നു വരെ തിരുവിതാംകൂര്‍ രാജവംശത്തിന്റെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന ക്ഷേത്രങ്ങളാണ് ഇന്ത്യ എന്ന രാജ്യത്തിന് തത്വത്തില്‍ കൈമാറിയതെന്നര്‍ത്ഥം. അവയുടെ പുനരുദ്ധാരണം, റോഡ് നിര്‍മ്മാണം, അനുബന്ധ സൗകര്യങ്ങളൊരുക്കല്‍ തുടങ്ങിയ പല കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവായിട്ടുണ്ടെന്നതും വസ്തുതയാണ്.

ഇതൊന്നും അറിയാതെ അമ്പലങ്ങളെല്ലാം സര്‍ക്കാര്‍ കയ്യടക്കി വച്ചിരിക്കുന്നുവെന്നും വരുമാനം എല്ലാം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നു എന്നും മുറവിളി കൂട്ടുന്നവര്‍ ഇതൊക്കെ മനസ്സിലാക്കിയാല്‍ നന്ന്. ഇന്ന് വരുമാനം ഉള്ള അമ്പലങ്ങള്‍ ഒന്നര നൂറ്റാണ്ടോളം കയ്യടക്കി വച്ചിരുന്നത് തിരുവിതാംകൂര്‍ രാജവശത്തിന്റെ അധീനതയിലുള്ള ദേവസ്വം ബോര്‍ഡാണ്. ആ ബോര്‍ഡ് രൂപ്പീകരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഭൂസ്വത്തൊക്കെ അന്യാധീനപ്പെടാന്‍ കാരണം ബ്രിട്ടീഷുകാരാടുള്ള വിധേയത്വവും കെടുകാര്യസ്ഥതയുമാണ്.

           xx :::::::::::::::::::::::::::::::::::::::::::::::::::: xx

1112 തുലാമാസത്തില്‍ (1936 നവമ്പര്‍) സര്‍ സി പി-യെ കാണാന്‍ പോയ നായര്‍ വിജിലന്‍സ് കമറ്റിയോട് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്

"പടയാളികളായ നിങ്ങള്‍ കൂലിക്കു വേണ്ടിയല്ല, രാജ്യത്തിനും രാജാവിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ആത്മസം‌യമനവും ശിക്ഷണവുമുള്ള സമുദായത്തിന് രാഷ്ട്രീയമായ വിജയമുണ്ടാകും. നായന്മാര്‍ പട്ടാളങ്ങളുടെ നായകന്മാര്‍ എന്ന നിലയില്‍ സൈനീക പാരമ്പര്യമുള്ളവരാകുന്നു. ആ പാരമ്പര്യം ദ്യോതിപ്പിക്കുന്നത്  രാജഭക്തിയും ജീവിതത്തില്‍ ശിക്ഷണവുമാകുന്നു. ഈ ഡപ്യുട്ടേഷന്റെ ഫലമായോ ഗവണ്മെന്റിന്റെ പ്രവൃത്തിയുടെ ഫലമായോ എന്തു സംഭവിച്ചാലും നിങ്ങള്‍ നിസഹകരണം ഭാവിക്കാതെ നിങ്ങളുടെ ഭരണാധികാരിയുടെ ഭാഗത്ത് നില്‍ക്കണമെന്നുള്ള കാര്യം വിസ്മരിക്കയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു"

അതിനു ശേഷം ഇരുപത് ദിവസത്തിനകം ക്ഷേത്രപ്രവേശനവിളംബരം ഉണ്ടാകുന്നു. അന്ന് സര്‍ സി പി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും അനുസരിക്കുന്നവരാണ് തിരുവിതാംകൂറിലെ ഒരു വിഭാഗം നായര്‍ തറവാട്ടുകാര്‍. അവര്‍ക്ക് ഇപ്പോഴും പൊന്നു തമ്പുരാന്‍ കഴിഞ്ഞേ എന്തും ഉള്ളൂ.

          xx :::::::::::::::::::::::::::::::::::::::::::::::::::: xx

അനുബന്ധം 1: മണ്‍റോ സായിപ്പിന്റെ കാലത്താണ് കല്ലടയിലെ തുരുത്ത് മിഷണറി സംഘത്തിന് വിട്ടുകൊടുക്കുകയും അത് പിന്നീട് മണ്‍‌റോ തുരുത്താകുകയും ചെയ്തത്. അതേ കാലഘട്ടത്തിലാണ് പൂഞ്ഞാര്‍ കൊട്ടാരത്തില്‍ നിന്ന് മൂന്നാര്‍ കുന്നുകള്‍ മണ്‍റോ കൈക്കലാക്കുന്നതും ടര്‍ണറും ഷാര്‍പ്പും ഒക്കെ തെയിലത്തോട്ടം ഉണ്ടാക്കുന്നതും. കണ്ണന്‍ ദേന കമ്പനിയും സ്വാതന്ത്ര്യത്തിനു ശേഷം പിന്നീടത് ടാറ്റാ- ഫിന്‍ലേ കമ്പനിക്ക് കൈമാറിയതും അതിനു ശേഷം നടന്നതുമൊക്കെ ചരിത്രം. 1,36,600 ഏക്കര്‍ സ്ഥലം ഇന്ന് ചുരുങ്ങിയത് ഒരു പതിനായിരം കോടി രൂപ മതിപ്പു വില കാണുമെന്ന് കരുതാം. അതും പൊതുസ്വത്ത് എന്ന പരിധിയില്‍ വരേണ്ടതായിരുന്നു.

അനുബന്ധം 2: മറ്റു പാര്‍ട്ടികള്‍ ക്രിസ്ത്യന്‍ മിഷണറികള്‍ക്ക് അതിരു വിട്ട സഹായം ചെയ്യുന്നു എന്നു പറഞ്ഞ് കരയുകയും അതേ സമയം പൊന്നു തമ്പുരാനെ സ്രാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ ശക്തികള്‍ ഏറ്റവും കൂടുതല്‍ കൃസ്ത്യന്‍ പ്രീണനം നടന്നത് 1812 മുതലിങ്ങോട്ട് രാജഭരണത്തിന്റെ അവസാനം വരെയാണെന്നുള്ള വസ്തുതകള്‍ മറക്കുന്നു.

അനുബന്ധം 3: 1936-നു മുമ്പ് അധ:കൃതരായ ഹിന്ദുക്കള്‍ ജാതീയമായ വേര്‍‌തിരിവ് മൂലവും അയിത്തം പോലെയുള്ള ദുരാചാരങ്ങള്‍ മൂലവും പൊതു സമൂഹത്തില്‍ നിന്ന് തഴയപ്പെട്ടത് മുതലെടുത്ത് കൃസ്ത്യന്‍ മിഷണറിമാരും മുസ്ലിം സമുദായവും അവരെ മതം മാറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അന്നത്തെ സവര്‍ണ്ണമേധാവിത്വത്തിനും ഭരണകര്‍ത്താക്കളും തന്നെയല്ലേ?

           xx :::::::::::::::::::::::::::::::::::::::::::::::::::: xx

വിവരങ്ങള്‍ക്ക് അവലംബം: ദേവസ്വം ഭരണവും ഹിന്ദുമതവും;  ആറ്റുങ്ങല്‍ കെ ഗോപാലന്‍ നായര്‍ (1936-37-ല്‍ പ്രസിദ്ധീകരിച്ചത്)
ചില വിവരങ്ങള്‍ക്ക് കടപ്പാട് : ബാബുരാജ് ഭഗവതി (ബ്ലോഗില്‍ നിന്ന്)
സാങ്കേതികമായി തെറ്റുണ്ടെങ്കില്‍ പറയുക. തിരുത്തുന്നതായിരിക്കും.

Wednesday, February 5, 2014

Infatuation അഥവാ മോഹിപ്പിക്കല്‍

Infatuation (പണ്ടു വായിച്ച ഒരു ലേഖനത്തിന്റെ ഓര്‍മയില്‍ നിന്നുള്ള പരിഭാഷ)

1. ആദ്യമായി ഒറ്റ നോട്ടത്തില്‍ എതിര്‍ലിംഗത്തില്‍ പെട്ട ആളോട് തോന്നുന്ന ആകര്‍ഷണത്തെ "മോഹിക്കല്‍" അഥവാ ബുദ്ധിമയങ്ങുക (Infatuation) എന്ന് പറയാം. യഥാര്‍ത്ഥമായ സ്നേഹത്തില്‍ നിന്നുണ്ടാകുന്ന ഒന്നല്ല ഈ മോഹിപ്പിക്കല്‍.സ്നേഹം എന്നത് തീപോലെയുള്ള സുഹൃദ് ബന്ധമാണ്. അത് വേരുറക്കുകയും വികസിക്കുകയും ചെയ്യുന്നത് വളരെ സമയമെടുത്തായിരിക്കും.

2. Infatuation-നു ആത്മവിശ്വാസം കുറവായിരിക്കും. അവന്‍/അവള്‍ നിന്നില്‍ നിന്ന് അകന്നു നില്‍ക്കുമ്പോള്‍ അവന്‍/അവള്‍ നിന്നെ വഞ്ചിക്കുന്നോ എന്ന് തോന്നിക്കുകയും രഹസ്യമായി നിരീക്ഷിക്കുകയും ചെയ്യും. മറിച്ച്, സ്നേഹം എന്നാല്‍ വിശ്വാസമാണ്. നിങ്ങള്‍ ശാന്തമായി സുരക്ഷിതമായി ഭീഷണിയില്ലാതെ കഴിയും. നിങ്ങളുടെ സ്നേഹഭാജനവും അതു തന്നെ അനുഭവിക്കുമ്പോള്‍ കൂടുതല്‍ വിശ്വാസമുള്ളവരായി ഭവിക്കുന്നു.

3. മോഹിപ്പിക്കല്‍ സുരക്ഷിതത്വമില്ലാത്തതിന്റെ തെളിവാണ്. നിങ്ങള്‍ സന്ദീപ്തരും  കുതൂഹലരും ആകുമെങ്കിലും തികച്ചും സന്തോഷവാന്മാരാകില്ല. ഉയരുന്ന സംശയങ്ങള്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍, പിന്നെ കമിതാവിന്റെ ചില വ്യക്തമല്ലാത്ത പ്രവൃത്തികള്‍ തുടങ്ങിയവ അടുത്തറിയാന്‍ ശ്രമിക്കില്ല, അത് ഒരു പക്ഷേ സ്വപ്നങ്ങളെ നശിപ്പിച്ചേക്കം. എന്നാല്‍, സ്നേഹം തികച്ചും മനസ്സിലാക്കാവുന്നതും പക്വവുമയതാണ്. അത് ശ്വാശതമാണ്.

4. മോഹിപ്പിക്കലിന് ലൈഗികമായ ഒരു കണ്ണിയുണ്ട്. നിങ്ങള്‍ വിശ്വസ്തയാണെങ്കില്‍ ശരീരികമായ അടുപ്പത്തില്‍ എത്തുമെന്ന ഭയത്താല്‍ നിങ്ങള്‍ക്ക്  കമിതാവിന്റെ കൂടെ കൂട്ടുചേരലിന്  ബുദ്ധുമുട്ടാണെന്ന് സമ്മതിക്കേണ്ടി വരും.

5. മോഹിപ്പിക്കല്‍ അഥവാ ബുദ്ധിയെ മയക്കല്‍ താല്‍ക്കാലികവും കാലക്രമേണ മങ്ങുന്നതുമായിരിക്കും..ഒരു പക്ഷേ അത് പിന്നീട് പശ്ചാത്താപം തോന്നുവനുള്ള കാരണങ്ങളിലേക്ക് നയിച്ചു എന്നു വരാം.

6. മോഹിപ്പിക്കല്‍ , അതു നിങ്ങളെ കൊണ്ട് പറയിക്കും ; "നമുക്ക് പെട്ടെന്ന് വിവാഹിതരാകാം, എനിക്ക് നിന്നെ നഷ്ടപ്പെടുത്തുവാനാവില്ല.

7. മോഹിപ്പിക്കല്‍ നിങ്ങളെ anxious, nervous and jealous ഉള്ളതാക്കി തീര്‍ക്കും. കമിതാവില്ലാതെ ജീവിക്കാനാവില്ല എന്ന് തോന്നിപ്പോകും. നിങ്ങളുടെ കണ്ണില്‍ അയാള്‍ പൂര്‍ണ്ണനായതിനാല്‍ യത്ഥാര്‍ത്ഥത്തില്‍ അയാളാരാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാനാവില്ല.

:::::::::::::::::::::::   xxxxxxxxxxxxxxx   :::::::::::::::::::::    xxxxxxxxxxxxxxx  :::::::::::::::::::::::: xxxxxxxxxxxxxxx 

പലപ്പോഴും ഈ പറയുന്ന Infatuation ആണ് പ്രേമം എന്ന് തെറ്റിദ്ധരിക്കപ്പെടുന്നതും പക്വമല്ലാത്ത മനസ്സുള്ളവരുടെ ആത്മഹത്യയില്‍ വരെ എത്തിച്ചേരുന്നതും. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക പശ്ചാത്തലത്തില്‍  ബന്ധങ്ങള്‍ക്ക് മാറ്റം വരുകയും ഒരു വിവാഹേതര ബന്ധം തെറ്റല്ല എന്ന് സാഹിത്യത്തിലൂടെയും ദൃശ്യമാധ്യമങ്ങളില്‍ കൂടെയും മനസ്സില്‍ ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തന്നോട് അടുക്കുന്ന എതിര്‍ലിംഗക്കാരോട്  ഈ പറയുന്ന മോഹിക്കല്‍ തോന്നുന്നത് സ്വാഭാവികം. വളരെ ലാഘവത്തോടെ ഈ ബന്ധങ്ങളെ സമീപിക്കുന്നവര്‍ അതേ ലാഘവത്തോടെ തന്നെ അതില്‍ നിന്ന് പിന്മാറുകയും ചെയ്യും. പക്ഷേ തനിക്കു തോന്നുന്ന Infatuation എന്ന വികാരം പ്രേമം ആണെന്ന് ധരിക്കുകയും, എന്നാല്‍ തന്റെ ഈ ബന്ധത്തിലെ പങ്കാളി അങ്ങനെ കരുതാതിരിക്കുകയും ചെയ്യുമ്പോഴാണ് ആത്മഹത്യയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. പൂര്‍‌വ്വകാലങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ ആണ് ഇരയുടെ സ്ഥാനത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇന്നിത് ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഒരേ പോലെ ബാധകമാണ്‍.

നാലാമത്തെ പോയിന്റില്‍ പറയുന്ന ഭയം, അത് ഇല്ലാതാകുന്ന ചില അവസരങ്ങള്‍, അതില്‍ ശരീരിക ബന്ധങ്ങള്‍ യാദൃശ്ചികമായി ജീവിതത്തില്‍ സംഭവിച്ചു പോവുകയും അത് ചിലര്‍ക്കെങ്കിലും പശ്ചാതാപം തോന്നുന്ന അവസ്ഥയിലേക്ക്  എത്തുകയും ചെയ്യുന്നു.

അതുപോലെ തന്നെ രണ്ടാമത്തെ പോയിന്റ്. തന്റെ ഈ ബന്ധത്തിലെ പങ്കാളി മറ്റുള്ളവരോട് ഇടപഴകുന്നതും ഇതേ രീതിയിലായിരിക്കും എന്ന മുന്‍‌വിധി സ്വാഭാവികമായും അയാളെ സംശയദൃഷ്ടിയോടെ നിരീക്ഷിക്കാന്‍ ഇടയാക്കുന്നു. ഇത് സ്വയം മാനസിക സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്യുന്നു.

പലപ്പോഴും വിവാഹേതര ബന്ധങ്ങളും ആരംഭിക്കുന്നതും അസ്വസ്ഥമായ അവസ്ഥയിലേക്ക് അത് നീങ്ങുന്നതും ഈ മോഹിപ്പിക്കല്‍ മൂലമാണ്, അല്ലാതെ സ്നേഹം മൂലമല്ല. ഈ പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണ് പലപ്പോഴും ഇവയൊക്കെ പരാജയപ്പെടുന്നതും പങ്കാളിയെ ഉത്മൂലനം ചെയ്യാന്‍ പോലും പലരും തുനിയുന്നതും.

Friday, January 3, 2014

ആധാര്‍ കാര്‍ഡും വ്യക്തിവിവരങ്ങളും


ആധാര്‍ കാര്‍ഡ് എടുക്കുന്നതോ എടുക്കാതിരിക്കുന്നതോ ഓരോരുത്തരുടെ ഇഷ്ടം. അതില്‍ അഭിപ്രായം പറയാന്‍ ഞാനില്ല. ആധാര്‍ ഉണ്ടെങ്കിലേ സബ്സിഡി സിലിണ്ടാര്‍ കിട്ടൂ എന്ന് പറയുന്നതും എനിക്ക് ബാധകമല്ല. കാരണം റേഷന്‍ കാര്‍ഡ് ഉണ്ടെങ്കിലേ ഗ്യാസ് ഏജന്‍സി സബ്സിഡി ഉള്ള ഗ്യാസ് തരൂ. പ്രവാസി എന്ന നിലയില്‍ റേഷന്‍ കാര്‍ഡ് തരാനാകില്ല എന്ന് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞിട്ടുണ്ട്. എങ്കിലും കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം കാര്‍ഡ് കിട്ടുകയും ചെയ്തു എന്ന് ഇന്നറിയാന്‍ കഴിഞ്ഞു.

ആധാര്‍ കാര്‍ഡ് എടുക്കില്ല എന്ന് പറഞ്ഞ് പലരും ഇട്ട പോസ്റ്റ് ഇന്നു കണ്ടു. അതിന് പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ വളരെ രസകരമായി തോന്നി. പലര്‍ക്കും പ്രശ്നം ഇത് പ്രൈവറ്റ് കമ്പനികള്‍ ചെയ്യുന്നതിനാല്‍ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമല്ല എന്നാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനു പ്രവാസികളുടെ പാസ്പോര്‍ട്ട് പുതുക്കുന്നത് പ്രൈവറ്റ് ഏജന്‍സികളാണെന്ന് ഇവര്‍ക്കറിയാമോ? ഞങ്ങളുടെ പ്രൈവസിക്കൊന്നും ഒരു വിലയുമില്ലേ? എല്ലാ പ്രവാസികളുടേയും വിവരങ്ങള്‍ അമേരിക്കയുടെ കയ്യില്‍ എത്താന്‍ ആധാര്‍ കാര്‍ഡ് വേണമെന്നില്ല എന്നര്‍ത്ഥം.

ഇനി ചിലര്‍ പറയുന്നത്, വിരലടയാളങ്ങളും മറ്റും കൊടുക്കുന്നത് സുരക്ഷിതമല്ല എന്നാണ്. അതിലും ഞങ്ങള്‍ പ്രവാസികള്‍ പരാജയപ്പെടുന്നു. ഇവിടെ യു എ ഇ-യില്‍ വന്നവര്‍ ഒക്കെ എമിറെറ്റ്സ് ഐ ഡി (Emirates ID) എടുക്കണം. അവിടെ എല്ലാ കൈവിരലുകളും രണ്ടു കണ്ണുകളും സ്കാന്‍ ചെയ്തു വയ്ക്കും. ഇവിടെ വന്നിറങ്ങുന്ന ഒരോ വിസിറ്റേഴ്സും കണ്ണിന്റെ സ്കാനിന് വിധേയനാകണം. അതൊക്കെ തന്നെയല്ലേ ആധാറിനും ചെയ്യുന്നത്? പിന്നെന്താണ് ഇന്ത്യയിലുള്ളവര്‍ ഇതിന് ഇത്ര പേടിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
---------------------------   ---------------------------------------- -----------------------------
ഒരു ചൈനാ മേഡ് USB ഉപയോഗിക്കുമ്പോള്‍ പോലും നിങ്ങളുടെ പ്രൈവറ്റ് കാര്യങ്ങള്‍ ചൈനയില്‍ എത്താവുന്ന സാഹചര്യത്തില്‍ കുറച്ചു കാര്യങ്ങള്‍ അമേരിക്കയുടെ കയ്യിലും ചെല്ലട്ടെ. പറഞ്ഞു വന്നത് ഒന്നും ഇന്ന് പ്രൈവറ്റ് അല്ല. എല്ലാം പബ്ലിക് തന്നെയാണ്, നിങ്ങളറിയാതെ തന്നെ.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി