ഇന്നത്തെ തീയതി :

Monday, November 24, 2014

വിശുദ്ധരും മനുഷ്യദൈവങ്ങളും

കേരളത്തിലെ കത്തോലിക്ക സഭക്ക് രണ്ട് വിശുദ്ധരെ കൂടി കിട്ടി. സ്വാഭാവികം. ഇന്ത്യയില്‍ കത്തോലിക്ക സഭക്ക് നല്ല രീതിയില്‍ വളര്‍ച്ചയുള്ള സ്ഥലം കേരളമാണ്‍. അപ്പോള്‍ ഇടക്കിടെ വിശുദ്ധരെ കിട്ടാതിരുന്ന് വിശ്വാസത്തിന്‍ മങ്ങലേല്‍ക്കാതിരിക്കാന്‍ ഇത് ആവശ്യമാണ്‍. ദൈവസഹായം പിള്ളയെ കൂടി എത്രയും പെട്ടെന്ന് വിശുദ്ധനാക്കാനുള്ള അത്ഭുത പ്രവൃത്തികള്‍ എവിടെ നിന്നെങ്കിലും വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യത കാണുന്നുണ്ട്. അതിനു ശേഷം ഗോവ, കല്‍ക്കത്ത, മുംബൈ, ബാംഗളൂറ് മുതലായ ആള്‍ത്തിരക്കുള്ള അതിരൂപതകള്‍ക്കും കുറച്ച് വിശുദ്ധരെ കൊടുക്കാവുന്നതാണ്‍. കൂടെ സഭ വളര്‍ന്നു വരുന്ന ഇടങ്ങളിലും ഇടക്ക് ഒന്നു രണ്ട് വിശുദ്ധരെ പ്രഖ്യാപിക്കാവുന്നതാണ്‍.

അതൊക്കെ സഭയുടെ കാര്യം. ഇനി മറ്റുള്ളവരുടെ രസകരമായ ചില കാര്യങ്ങള്‍ കണ്ടു. കത്തോലിക്ക സഭ വിശുദ്ധരെ പ്രഖ്യാപിച്ചതില്‍ കളിയാക്കിയവര്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് മറ്റു സഭക്കാരും മറ്റു മതക്കാരും. ഇന്നലെ പല പോസ്റ്റുകളിലും കണ്ടത് ഈ പ്രഖ്യാപനത്തിനെ പറ്റിയും അതിന്റെ പിന്നാമ്പുറ കഥകളെ പറ്റിയും അതിലെ ആള്‍ദൈവ കല്പ്പനകളെയും പറ്റിയുള്ള ചര്‍ച്ചകളാണ്‍.

അതില്‍ മറ്റു സഭകളെ എടുത്തു നോക്കിയാല്‍ എല്ലാ സഭകളും ഏതെങ്കിലും പുണ്യാളന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നവയാണ്‍. അപ്പോള്‍ അവര്‍ക്ക് ഇതിനെ എതിര്‍‌ക്കാന്‍ എന്തവകാശം?. പറഞ്ഞു വരുമ്പോള്‍ ക്രിസ്ത്യന്‍ മതം തന്നെ യേശു എന്ന മനുഷ്യ ദൈവത്തിന്റെ പിന്തുടര്‍ച്ചയാണല്ലോ. അപ്പോള്‍ അവരെ നമുക്ക് ഒരു വശത്തു കൂടി വിടാം.

ഇനിയുള്ളത് മറ്റു മതസ്ഥരാണ്‍. മരിച്ചവരെ ആരാധിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണെന്ന് തോന്നുന്നു, "പ്രേതദൈവങ്ങളെ പൂജിക്കുന്നവരെന്ന്" കൃസ്ത്യാനികളെപറ്റി ഒരാള്‍ എഴുതിക്കണ്ടു. എഴുതിയ ആള്‍ ഹിന്ദുമത വിശ്വാസിയാണ്‍. ഇത് വളരെ രസകരമായ സംഗതിയായി തോന്നി. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം "വിശുദ്ധരെ" പൂജിക്കുന്നവരാണ്‍ ഹിന്ദുക്കള്‍. അമ്മയെന്നും ബാബയെന്നും സ്വാമിയെന്നും വിളിപ്പെരു മാറുമെന്നു മാത്രം. ലക്ഷക്കണക്കിന്‍ ഭക്തര്‍ വന്ന് ദര്‍ശനം തേടുന്ന ശബരിമല അയ്യപ്പന്‍ പോലും ജീവിച്ചിരുന്ന മനുഷ്യനാണ്‍ എന്നാണ്‍ കഥകള്‍ നമുക്ക് പറഞ്ഞു തരുന്നത്. അതെ പോലെ തന്നെ ഹിന്ദുക്കളുടെ ആരാധനാ പുരുഷന്മാരെല്ലാം തന്നെ  ജീവിച്ചു മരിച്ചവര്‍ തന്നെ. ഒരു കണക്കിന്‍ പറഞ്ഞാല്‍ മനുഷ്യ ദൈവങ്ങള്‍ തന്നെ. എന്നിട്ടും കൃസ്ത്യാനികളുടെ ആള്‍ദൈവങ്ങളെ കളിയാക്കാന്‍ നില്‍ക്കുന്നവരെ എന്തു പറയും?

മുഹമ്മദ് എന്ന മനുഷ്യന്‍ പറഞ്ഞ വെളിപ്പെടുത്തലുകളില്‍  നിന്ന് ഉത്ഭവിച്ച ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍, ആള്‍ ദൈവങ്ങളില്‍ വിശ്വാസമില്ല എന്നു പറയുമ്പോഴും അനേകം കബറുകളില്‍  പോയി പ്രാര്‍ത്ഥിച്ചു മടങ്ങുന്നതു കൊണ്ടാകാം  ഈ കോലാഹലങ്ങളില്‍ വലിയ താല്പര്യമൊന്നും പ്രകടിപ്പിച്ചു കണ്ടില്ല. (അതോ ഞാന്‍ കാണാഞ്ഞതോ?). സ്വര്‍ഗ്ഗം എന്ന മിഥ്യയിലൂന്നിയ ഒരു ചിന്താധാര ഉണ്ടാക്കുകയും താന്‍ അവിടെ പോയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് ആള്‍ക്കാരെ തന്നിലേക്കും തന്റെ കാഴ്ചപ്പാടുകളിലേക്കും ആകര്‍ഷിക്കുകയും ചെയ്ത മുഹമ്മദ് നബിക്കും ഇതെ പരിവേഷമാണുള്ളതെന്നും (അങ്ങനെയല്ല എന്നു അദ്ദേഹത്തിന്റെ ആരാധകര്‍ പറയുമ്പോഴും) കാണാം.

പറഞ്ഞു വന്നത് എല്ലാ മതങ്ങളും നില നില്‍ക്കുന്നത് ഇത്തരം ആള്‍ദൈവങ്ങളുടെ ബലത്തിലാണ്‍. ഏതെങ്കിലും മനുഷ്യന്റെയോ, അല്ലെങ്കില്‍ മനുഷ്യരുടെയോ സൃഷ്ടിയാണ്‍ എല്ലാ മതങ്ങളും അവയിലെ ദൈവ സങ്കല്പ്പങ്ങളും. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ മനുഷ്യ ദൈവങ്ങളിലും അവര്‍ പറഞ്ഞ സൂക്തങ്ങളിലോ മന്ത്രങ്ങളിലോ വാക്യങ്ങളിലോ ഒക്കെ വിശ്വസിക്കുക മാത്രമാണ്‍ എല്ലാ വിശ്വാസികളും ചെയ്യുന്നത്.

ഒരു മതത്തിലെ ആള്‍ദൈവങ്ങളെ അല്ലെങ്കില്‍ മനുഷ്യ ദൈവങ്ങളെ വിമര്‍ശിക്കുമ്പോള്‍ തന്നെ, സ്വന്തം മതത്തിലെ ഇതേ ഗണത്തിലുള്ളവരെ അതെ കണ്ണു കൊണ്ട് കാണാനും തയ്യാറാകണം. അത് ദൈവീകഭാവമുണ്ടെന്ന് പറയുന്ന 'മനുഷ്യ'രാണെങ്കിലും വിശുദ്ധപദവി കൊടുത്ത പുണ്യാളര്‍ ആണെങ്കിലും!

മനുഷ്യര്‍ എല്ലാം മനുഷ്യര്‍ തന്നെ. അവരെ, ദൈവീക പരിവേഷമുള്ളവരാക്കി, ദൈവത്തിന്റെ സ്വന്തം ഭാഗമാക്കി, പുത്രനാക്കി, പ്രവാചകരാക്കി ഉയര്‍ത്തിക്കാട്ടുകയെന്നത് എല്ലാ മതത്തിന്റെയും നിലനില്‍പ്പിന്റെ ആവശ്യമാണ്‍. സ്വന്തം ആള്‍ദൈവങ്ങളെ തള്ളിപ്പറയാതെ ഒരാള്‍ക്കും മറ്റൊരു മതത്തിലെ ആള്‍ദൈവങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ ധാര്‍മികമായ അവകാശമില്ല എന്നു വേണം കരുതാന്‍. അതല്ലയെങ്കില്‍ ആള്‍ദൈവങ്ങളും വിശുദ്ധരും സൃഷ്ടിക്കപ്പെട്ടു കൊണ്ടേയിരിക്കും.

1 comment:

Sabu Kottotty said...

>>>> ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍, ആള്‍ ദൈവങ്ങളില്‍ വിശ്വാസമില്ല എന്നു പറയുമ്പോഴും അനേകം കബറുകളില്‍  പോയി പ്രാര്‍ത്ഥിച്ചു മടങ്ങുന്നതു കൊണ്ടാകാം  ഈ കോലാഹലങ്ങളില്‍ വലിയ താല്പര്യമൊന്നും പ്രകടിപ്പിച്ചു കണ്ടില്ല.<<<

താങ്കളുടെ ഈ അഭിപ്രായം ശരിയല്ല. ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവർ ഇമ്മാതിരി പണികൾ ചെയ്യില്ല. ഇങ്ങനെ ചെയ്യുന്നവർ വിശ്വാസം നടിക്കുന്നവർ ആണ്. അവരാകട്ടെ ഖുർആനിനു വിരുദ്ധമായി പ്രവർത്തിക്കുന്നവരാണ്. ദൈവത്തിൽ പങ്കു ചേർക്കുന്നവരാണ്. എല്ലാ മതത്തിലും ഇത്തരക്കാർ കണ്ടേക്കാം അതിനു മതം കുറ്റം പേറേണ്ടതില്ല. ഞാനൊരു മുസ്ലിമാണ്, ദൈവ വിശ്വാസിയാണ്. മേൽപ്പറഞ്ഞ മാതിരി ഞാൻ ചെയ്യാറില്ല. അതുപോലെ വലിയൊരു വിഭാഗം ഉണ്ടാവും. അവരെല്ലാം കപടന്മാരാണെന്നാണോ..?

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി