ഇന്നത്തെ തീയതി :
Showing posts with label കമലാ സുരയ്യ. Show all posts
Showing posts with label കമലാ സുരയ്യ. Show all posts

Wednesday, June 10, 2009

ഒരു കമന്റ് - ചീന്തുകള്‍

ഇത് കാട്ടിപ്പരുത്തിയുടെ ചീന്തുകളിലെ പോസ്റ്റില്‍ ഇട്ട ഒരു കമന്റ് മാത്രമാണ്. കുറെ പോസ്റ്റുകള്‍ ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഇതു മാത്രം വായിച്ച് മറുപടി ഇടരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. മറുപടി അവിടെ ഇട്ടാലും മതി.

::::::::::::::::::::::::::: X :::::::::::::::::::::::::::::::::::::::

കാട്ടിപ്പരുത്തിയുടെ ലേഖന പരമ്പര വൈകിയാണ് കണ്ടത്. അപ്പോഴേക്കും മൂന്നാം ഭാഗം ആയിരുന്നു. അതില്‍ എന്റെ പോസ്റ്റിലേക്ക് ലിങ്ക് നല്‍കിയിരുന്നതിനാല്‍ ഒരു മറുപടി കമന്റും ഇട്ടു. പിന്നീട് തിരിഞ്ഞ് നോക്കുന്നത് ഇന്നാണ്. നാലാം ഭാഗത്തില്‍ മുഴുവന്‍ എനിക്കുള്ള മറുപടിയാണെന്ന് ഇന്നാണ് കണ്ടത്. അപ്പോഴേക്കും പരമ്പര അഞ്ചാം ഭാഗം വരെ എത്തിയിരുന്നു.

വായിച്ചപ്പോള്‍ തമാശ ആണ് തോന്നിയത്. ഞാനിട്ട പോസ്റ്റ് എന്തിനെന്ന് പല തവണ പറഞ്ഞിട്ടും മനസ്സിലാക്കാന്‍ സാധിക്കാത്തവര്‍ ആണല്ലോ പിന്നെയും പിന്നെയും ഞാന്‍ ഇട്ട പോസ്റ്റിനെ വിമര്‍ശിക്കുന്നത്.

കമലാ സുരയ്യ മതം മാറിയതില്‍ എനിക്ക് ഒരു പ്രശ്നവുമില്ല എന്ന് ഞാന്‍ പലവട്ടം പറഞ്ഞു. അവര്‍ അതിന് പറഞ്ഞ കാരണങ്ങളിലെ വൈരുദ്ധ്യം ആണ് ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞത്. അതു തന്നെ പോങ്ങുമ്മൂടന്റെ പോസ്റ്റില്‍ വന്ന വിഷയത്തിനും അതില്‍ വന്ന കമന്റുകള്‍ക്കും മറുപടിയായി ഇട്ടതാണ്. ഒരു കൂട്ടില്‍ നിന്ന് മറ്റൊരു കൂട്ടിലേക്ക് ഒരു കിളി തനിയെ പറന്നു കയറുന്നതില്‍ എനിക്ക് എന്തെതിര്‍പ്പ്. ഒരു തരത്തില്‍ രണ്ടും കൂടു തന്നെ. (വാഗ്ദാനങ്ങള്‍ നല്‍കി ഒരു കൂട്ടില്‍ നിന്ന് മറ്റൊരു കൂട്ടിലേക്ക് പിടിച്ചു കൊണ്ടു പോകുകയാണെങ്കില്‍ എതിര്‍ക്കപ്പെടണം).

അവര്‍ ഇസ്ലാം ആയതില്‍ അഭിമാനിക്കുക എന്നത് ഇപ്പോള്‍ ഏതൊരു മുസ്ലീമിനെയും‌പോലെ കാട്ടിപ്പരുത്തിയുടേയും അവകാശമാണ് എന്ന് എനിക്ക് മനസ്സിലാകുന്നു. ഇതേ വിഷയത്തില്‍ ഈ ബൂലോകത്ത് തന്നെ എത്രയെത്ര പോസ്റ്റുകള്‍ വായിച്ചു കഴിഞ്ഞു! അതിനാല്‍ കാട്ടിപ്പരുത്തിയുടെ പോസ്റ്റുകള്‍ എന്നില്‍ ഒരു വികാരവും ഉണ്ടാക്കുന്നില്ല. ഇതിന്റെ കൂടെ എന്റെ പോസ്റ്റില്‍ hAnLLaLaTh എഴുതിയ ഈ കമന്റ് കൂടി നോക്കണം എന്ന്‍ അഭ്യര്‍ത്ഥിക്കുന്നു. മതം മാറിയെങ്കിലും ഒരിക്കലും ഒരു യത്ഥാര്‍ത്ഥ ഇസ്ലാമാകാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നാണ് എന്റെ ധാരണ.

"ഇത്തിരി വിശാലമായി ചിന്തിക്കുന്നതു കൊണ്ടാണ് അത് തുറന്നെഴുതിയത് . അപ്പോള്‍ അവരുടെ മതംമാറ്റത്തെ കുറ്റം പറയുന്ന സങ്കുചിതനായി കാണാനായിരുന്നു പലര്‍ക്കും താല്പര്യം. ഹ ഹ ഹ.." എന്ന് ഞാന്‍ കമന്റിടുമ്പോള്‍ അതിനെ എന്റെ വിലാപമായി കാണുന്നതില്‍ തന്നെ വായനയുടെ ആഴം എനിക്കു മനസ്സിലാകുന്നു. എന്റെ മുന്നത്തെ പോസ്റ്റ് എഴുതിയത് പൂര്‍ണ്ണബോധത്തോടു കൂടെ തന്നെയാണെന്ന് കൂടി ഓര്‍മപ്പെടുത്തട്ടെ.

മരണപ്പെട്ടു എന്ന് കരുതി ആരെയും വിമര്‍ശിക്കരുതെന്ന് പറയുന്നത് ഒരു തരം വിധേയത്വത്തില്‍ നിന്ന് ഉണ്ടാകുന്നതാണ്. ആരോടും ആരാധനയാകം, പക്ഷേ അത് വിധേയത്വം ആകുന്ന നിമിഷത്തില്‍ സ്വയം ഒരു അടിമയാകുകയാണ് ചെയ്യുന്നത്. പിന്നീട് ഉടയോനെ വിമര്‍ശിച്ചാല്‍ നോവുന്നത് അടിമക്കായിരിക്കും.

"ആര്‍ക്കും മാതൃകയാക്കാന്‍ ഉള്ള മഹത്വം ഒന്നും അവരുടെ ജീവിതത്തിനില്ല എന്നാണ് എന്റെ സ്വതന്ത്ര അഭിപ്രായം.
അനില്‍ എന്നാണ് അവര്‍ തന്നിലൊരു മാതൃകയുണ്ടെന്ന് അവകാശപ്പെട്ടത്. നിങ്ങളുടെ ജീവിതത്തിന് ഒരുത്തമ മാതൃകയിതാ എന്ന് സ്വയം അവകാശപെട്ടിരുന്നുവോ?"
എന്നൊക്കെ ചോദിക്കുമ്പോള്‍ പല പോസ്റ്റുകളിലും അവരെ അമ്മയായും മാതൃകയായും ഒക്കെ എഴുതിയിരിക്കുന്നതാണ് ഓര്‍മ വരുന്നത്. അല്ലാതെ അവര്‍ സ്വയം പറഞ്ഞിരുന്നു എന്നല്ല അര്‍ത്ഥം. ഗാന്ധിയേയും ശ്രീനാരായണ ഗുരുവിനേയും ഒക്കെ മാതൃകയാക്കുന്നത് അവര്‍ പറഞ്ഞിട്ടല്ലല്ലോ ...

"ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇതിലും ദുരിതം അനുഭവിച്ച് നാട്ടില്‍ കഴിയുന്നില്ലേ? അവര്‍ക്കൊന്നും പോകാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ നാട്ടില്‍ തന്നെ ജീവിതം തള്ളിനീക്കുന്നു"എന്ന അനിലിന്റെ എഴുത്തില്‍ മറ്റു സ്ഥലങ്ങളുള്ളവരും ഇതെല്ലാം സഹിക്കണമെന്നു എന്തിനാണ് വാശിപിടിക്കുന്നത്."

എനിക്ക് ഒരു വാശിയുമില്ല, പകരം അവരുടെ മതം മാറ്റത്തെക്കുറിച്ച് ഞാനെഴുതിയ എന്നാല്‍ ആരും ശ്രദ്ധിക്കാത്ത ഒരു വാചകം ആവര്‍ത്തിക്കുന്നു.

"പലരും ചെയ്തപോലെ ഒരു സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടുന്നതിന് കമലാ ദാസിന്/മാധവിക്കുട്ടിക്ക് ശക്തി ഇല്ലായിരുന്നോ? അതിനുള്ള ഏറ്റവും നല്ല ആയുധം അവരുടെ കയ്യില്‍ ഉണ്ടായിരുന്നല്ലോ. അതിനല്ലെങ്കില്‍ തൂലിക പടവാള്‍ ആണെന്നൊക്കെ പറയുന്നതിനെന്തര്‍ത്ഥം?"

അവസാനമായി എന്റെ പോസ്റ്റിന്റെ ഔചിത്യത്തെ കുറിച്ചുള്ള (സമയത്തെ കുറിച്ചുള്ള) സംശയങ്ങള്‍ക്കുള്ള മറുപടി " എന്റെ മനസ്സില്‍ അപ്പപ്പോള്‍ തോന്നുന്ന കാര്യങ്ങള്‍ എഴുതാനാണ് എന്റെ ബ്ലോഗ് എന്നുള്ളതാണ് എന്റെ ധാരണ. അല്ലാതെ ആരെങ്കിലും മരിച്ച് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ട് കഴിഞ്ഞ് മാത്രമേ അവരെ കുറിച്ച് എഴുതാന്‍ പാടുള്ളു എന്നാണെങ്കില്‍ അത്രയും കാലം ഒന്നും ഓര്‍ത്തിരുന്ന് പോസ്റ്റ് ഇടുവാന്‍ എനിക്ക് തീരെ താല്പര്യമില്ല എന്ന് അറിയിക്കട്ടെ.

Monday, June 1, 2009

കമലാ സുരയ്യ - എന്റെ ചില വിമത ചിന്തകള്‍

പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശകലനങ്ങള്‍ കണ്ടു. പോങ്ങുമ്മൂടന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു കമന്റ് എഴുതണം എന്ന് തോന്നി, അത് ഇങ്ങനെ ഒരു പോസ്റ്റ് ആയി.

::::::::::::::::::::::::: XX ::::::::::::::::::::::

കമലാ സുരയ്യ എന്ന സഹിത്യകാരിയെ കുറിച്ചോ അവരിലെ തന്റേടിയായ സ്ത്രീയെ കുറിച്ചോ നല്ലതല്ലാതെ ഒന്നും പറയാനില്ല. ആ നിലയില്‍ അവരെ ഞാന്‍ ആദരിക്കുന്നു, ബഹുമാനിക്കുന്നു. ഇത്രയും പ്രശസ്തയായ ഒരു സ്ത്രീ മലയാളത്തിലിന്നു വരെ ഉണ്ടായിട്ടില്ല എന്നതും സത്യമാണ്.
പക്ഷേ, കമലാ ദാസ് ,കമലാ സുരയ്യ ആയതിനെ കുറിച്ച് എനിക്കുള്ള അഭിപ്രായം പറയാം. സ്വയം എന്തൊക്കെയോ ആണെന്ന് ധരിച്ച് സമൂഹത്തില്‍ എന്നും ലൈംലൈറ്റ് ആകാന്‍ ശ്രമിച്ച സ്ത്രീ ആയിരുന്നില്ലേ സുറയ്യ? അവരുടെ മതം മാറ്റം പോലും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ലേ? പിന്നീട് ഓര്‍ത്ത് പശ്ചാത്തപിക്കുന്നതിന് പകരം അതിനെ ന്യായീകരിക്കാന്‍ പല കാരണങ്ങളും അവര്‍ പറഞ്ഞിട്ടുണ്ടാകാം. അതില്‍ ഒന്നാകാം അമ്പലത്തില്‍ പോകാന്‍ വന്ന അയല്പക്കക്കാര്‍ അവരെ കണ്ട് തിരികെ പോയി എന്ന മുടന്തന്‍ ന്യായം. ഇതു പോലെയുള്ള കാര്യങ്ങള്‍ കൊണ്ട് നടന്ന മതം മാറ്റമായതിനാലാവാം ഇസ്ലാം സമൂഹത്തിലും അവര്‍ക്ക് ഒരു അംഗീകാരം നേടി കൊടുക്കാതിരുന്നത്. ഇസ്ലാം എന്തെന്നറിഞ്ഞ് എല്ലാത്തരത്തിലും അതൊരു ജീവിതചര്യ ആക്കാന്‍ ശ്രമിക്കുന്നവര്‍ മതം മാറിയാലേ ശരിക്കുള്ള ഇസ്ലാം ആകൂ എന്നാണ് എന്റെ ധാരണ. അല്ലാതെ ഹിന്ദു മതത്തിലുള്ള ചില ആചാരങ്ങള്‍ ഇസ്ലാമിലില്ല എന്നത് ഒരു മതം മാറ്റത്തിന് ന്യായീകരണമല്ല.
പലരും ചെയ്തപോലെ ഒരു സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടുന്നതിന് കമലാ ദാസിന്/മാധവിക്കുട്ടിക്ക് ശക്തി ഇല്ലായിരുന്നോ? അതിനുള്ള ഏറ്റവും നല്ല ആയുധം അവരുടെ കയ്യില്‍ ഉണ്ടായിരുന്നല്ലോ. അതിനല്ലെങ്കില്‍ തൂലിക പടവാള്‍ ആണെന്നൊക്കെ പറയുന്നതിനെന്തര്‍ത്ഥം? അത് മനസ്സിലാക്കാതെ ഒരു മതം‌മാറ്റം എന്ന പ്രവൃത്തി കൊണ്ട് അവര്‍ എന്തുനേടി എന്ന് കൂടി ആലോചിക്കുക.

വൈകിയ വേളയിലെ മതം മാറ്റം സമൂഹത്തില്‍ അവരെ കുറെയൊക്കെ ഒറ്റപ്പെടുത്തി എന്നത് സത്യം തന്നെ. അതില്‍ ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മതം മാറുക മാത്രമല്ല, അതു വരെ വിശ്വസിച്ചിരുന്ന മതത്തെ തള്ളിപ്പറയുക വഴി ഒരു സമൂഹത്തെയാകെ കുറ്റം പറയുകയല്ലേ അവര്‍ ചെയ്തത്. മതം മാറുക എന്നത് ഒരു കുറ്റമല്ല. തികച്ചും വ്യക്തിപരമായ കാര്യം. പക്ഷേ അത് എന്തിനുവേണ്ടി ചെയ്തു എന്നത് പ്രസക്തമാണ്. വ്യക്തിപരമായ ചില നിഗൂഢ ലക്ഷ്യങ്ങളും അതിലുണ്ടായിരുന്നു എന്ന് അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.

ഹിന്ദു മതത്തില്‍ പല അനാചാരങ്ങളും ഉണ്ട്. ഏവര്‍ക്കും അറിയാവുന്ന സത്യം. അത് മനസ്സിലാക്കാന്‍ കമലാ സുരയ്യക്ക് ഇത്രയും വര്‍ഷം വേണ്ടി വന്നു എന്ന് എനിക്ക് വിശ്വസിക്കാനാവില്ല. അവരുടെ അമ്മയും വിധവ ആയിരുന്നു. അവരും ഈ സമൂഹത്തില്‍ ആണല്ലോ ജീവിച്ചത്. അന്നൊന്നും കമലദാസ് മറ്റുള്ളവരുടെ ജീവിതം കണ്ടിട്ടില്ല എന്ന് കരുതുന്നോ?

എന്നും വിവാദങ്ങള്‍ ആയിരുന്നു കമലാ സുരയ്യക്ക് താല്പര്യം എന്ന് പോലും പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്കെ അവരുടെ ഇന്റര്‍‌വ്യൂ കാണുമ്പോള്‍ മനപ്പൂര്‍‌വ്വം അല്ലെങ്കിലും ചില നിലപാടുകള്‍ ബാലിശമല്ലേ എന്ന് തോന്നിപ്പോയിട്ടുണ്ട്.

മാധവിക്കുട്ടി/കമലാ സുരയ്യ-യുടെ സാഹിത്യത്തെ കുറിച്ച് എതിരഭിപ്രായമില്ല. പക്ഷേ വ്യക്തിപരമായി ആര്‍ക്കും മാതൃകയാക്കാന്‍ ഉള്ള മഹത്വം ഒന്നും അവരുടെ ജീവിതത്തിനില്ല എന്നാണ് എന്റെ സ്വതന്ത്ര അഭിപ്രായം. മതം മാറ്റം മാത്രമല്ല അതിന് കാരണം. അവരുടെ പല ആദര്‍ശങ്ങളും വ്യക്തമല്ലാത്തതും നേര്‍‌രേഖയില്‍ അല്ലാത്തതുമായേ എനിക്ക് തോന്നിയിട്ടുള്ളു. കേരളത്തില്‍ നിന്ന്‍ പോകുന്ന സമയത്തു പോലും നാടിനെ തള്ളിപ്പറയാനേ അവര്‍ക്ക് തോന്നിയുള്ളൂ. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇതിലും ദുരിതം അനുഭവിച്ച് നാട്ടില്‍ കഴിയുന്നില്ലേ? അവര്‍ക്കൊന്നും പോകാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ നാട്ടില്‍ തന്നെ ജീവിതം തള്ളിനീക്കുന്നു. കമലാ സുരയ്യയെ കേരളം അവഗണിച്ചു എന്ന് അവര്‍ക്ക് തോന്നാന്‍ തന്നെ കാരണം ഞാന്‍ ആദ്യം പറഞ്ഞ "സ്വയം" എന്തൊക്കെയോ ആണെന്നുള്ള ധാരണയില്‍ നിന്നുണ്ടായതാണ്. തനിക്ക് തെറ്റാണെന്ന് തോന്നിയതിനെയെല്ലാം മതമാണെങ്കിലും നാടാണെങ്കിലും, മറ്റു നല്ലതെല്ലാം മറന്ന് തള്ളിപ്പറഞ്ഞ ഈ വ്യക്തിത്വം എങ്ങനെ മാതൃകയാകും?

മരണശേഷം ഇത് എഴുതിയത് ഔചിത്യമാണോ എന്നൊന്നും ചിന്തിക്കാന്‍ തോന്നുന്നില്ല. കമലാ സുരയ്യ എന്ന മാധവിക്കുട്ടിക്ക് "ആദരാഞ്ജലികള്‍."

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി