ഇന്നത്തെ തീയതി :

Tuesday, October 11, 2011

നിര്‍മല്‍ മാധവ് പ്രശ്നം - ആകെ കണ്‍ഫ്യൂഷന്‍

ആരെ സപ്പോര്‍ട്ട് ചെയ്യും എന്നറിയാതെ വിഷമിക്കുന്ന ഒരു അവസ്ഥ. അതാണിപ്പോള്‍.. വെടിയും പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെറി പിടിച്ചു ഓടുന്ന പോലീസിനെ കണ്ടാല്‍ എസ്.എഫ് ഐ-യെ സപ്പോര്‍ട്ട് ചെയ്യാന്‍ തോന്നുന്നു.


ഇരുപത്തിരണ്ടായിരത്തിനു മേല്‍ റാങ്കുള്ളവര്‍ക്കും ഗവണ്‍മെന്റ് കോളജില്‍ എഞ്ചിനീയറിങ്ങ് പഠിക്കണം എന്ന് വാശി പിടിക്കുന്ന നിര്‍മലിനെ സപ്പോര്‍ട്ട് ചെയ്യാന്‍ മനസ്സ് അനുവദിക്കുന്നില്ല. കാശ് ഉള്ളതു കൊണ്ടുമാത്രം എഞ്ചിനീയറിങ് പഠിക്കുന്നത് എങ്ങനെ ന്യായീകരിക്കാന്‍? അത് മെറിറ്റില്‍ അവിടെ പഠിക്കുന്ന് മറ്റുള്ളവരെ കൊച്ചാക്കുന്നതിന് തുല്യമല്ലേ?

അപ്പോള്‍ കുറെ പേര്‍ പറയുന്നു, എസ് എഫ് ഐ-ക്കാരുടെ തുടര്‍ച്ചയായ ആക്രമണം മൂലമാണ് ഈ നിര്‍മല്‍ പല കോളേജുകള്‍ മാറി അവസാനം ഇവിടെ എത്തുന്നതെന്ന്. അപ്പോള്‍ അയാളെ സപ്പോര്‍ട്ട് ചെയ്യുകയും എസ് എഫ് ഐ-യെ തള്ളിപ്പറയുകയും വേണം. അപ്പോഴും സംശയം ബാക്കി. അടുത്ത വര്‍ഷം ഇങ്ങനെ പല കാരണങ്ങള്‍ ഉണ്ടാക്കി സ്വാശ്രയ കോളെജുകളില്‍ നിന്ന് വരുന്നവരെ ഒക്കെ ഗവണ്മെന്റ് എന്‍‍ചിനീയറിങ് കോളെജില്‍ ചേര്‍ക്കേണ്ടി വന്നാലോ? അത് ശരിയാകില്ല.

സകല ചട്ടങ്ങളും ലംഘിച്ച് ഒരു വിദ്യാര്‍ത്ഥിയെ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രവേശിപ്പിച്ച ഗവണ്മെന്റ്, ഒരു തീരുമാനവും എടുക്കാതെ വെറുതെ ഇരിക്കുന്നു. അവരെ എങ്ങനെ സപ്പോര്‍ട്ട് ചെയ്യാന്‍?
എന്തായാലും നിര്‍മല്‍ അവിടെ പഠിക്കുന്നതിനോട് യോജിക്കാനാവില്ല, ആ പോലീസുകാരന്‍ ചെയ്തത് ഒട്ടും ശരിയല്ല, എസ് എഫ് ഐ നേതാവ് റാഗിങ് ചെയ്തെങ്കില്‍ അത് ന്യായീകരിക്കാന്‍ ഒട്ടുമാവില്ല എന്നിവ തീരുമാനിച്ച് തല്‍കാലം നിര്‍ത്താം.Wednesday, July 13, 2011

പഴയ കോപ്പിയടി, ഇപ്പോള്‍ വ്യാപകം..

ഇതാണോ പുതിയ ബൂലോകം  എന്ന് ചോദിക്കേണ്ടിയിരിക്കുന്നു,, കാരണം ഫേസ്ബുക്കില്‍ വരെ പേസ്റ്റ് ചെയ്ത്  പ്രസിദ്ധമായിരിക്കുന്ന ഒരു പോസ്റ്റ് ആണിത്.

സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍. - "ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ' എന്ന് മാത്രമേ വിളിക്കാവൂ. ...എന്നു തുടങ്ങുന്ന ഒരു പോസ്റ്റ്.

ഫേസ് ബൂക്കില്‍ കണ്ടപ്പോള്‍ ഇത് ഏത് ബ്ലോഗില്‍ നിന്നാണെന്ന് അറിയാന്‍ ഒന്നു സേര്‍ച്ച് ചെയ്തതാ.. അപ്പോള്‍  കിട്ടിയത് കുറെയേറെ ഉത്തരങ്ങള്‍... ഇപ്പോള്‍ ഇതിന്റെ ഒരിജിനല്‍ ആരുടേതാണെന്ന്  പോലും സംശയമായി.. കിട്ടിയ ഉത്തരങ്ങളുടെ തീയതി വച്ചു നോക്കിയാല്‍ "മായാലോകം" എന്ന ബ്ലോഗില്‍ നിന്നാണ് ഇത് വൈറസ് പോലെ പടര്‍ന്നിരിക്കുന്നതെന്ന് തോന്നുന്നു.. അതിനാല്‍ തല്‍ക്കാലം ക്രെഡിറ്റ് Maya V ക്ക് കൊടുക്കാം. അതല്ല,, മറ്റാരെങ്കിലുമാണ് കര്‍ത്താവെങ്കില്‍ ക്രെഡിറ്റ് എടുത്ത് അവര്‍ക്ക് കൊടുക്കാം...

May 15, 2011... മായാലോകം...


May 24, 2011.... വിജേഷ് വി നായര്

May 27, 2011 .... എലന്ത

May 29, 2011 .... RAP

May 31, 2011 ..... സംഗീതസംഗമം...

June 10, 2011 ...... കൂട്ടുകാരന്‍

June 18, 2011 ... കൂട്ട് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക്

July 13, 2011 ...... സൈമണ്‍ മാഷ്


ഇനി അനേകം കൂട്ടയ്മകളീല്‍ ഇത് കാണാം.. ഫേസ് ബൂക്കില്‍ വേറെയും.. അതു പോട്ടെ,,,


പക്ഷേ .. ബ്ലോഗുകളില്‍ ഇത് കോപ്പി ചെയ്തു വയ്ക്കുന്നവര്‍ക്ക് നാണമില്ലേ?

Sunday, July 3, 2011

കൗതുക വാര്‍ത്ത

ഇന്നത്തെ ദീപികയില്‍ വന്ന ഒരു വാര്‍ത്തയാണിത്.ദീപിക - 03/07/2011


ആരെങ്കിലും ഒക്കെ ഫോര്‍‌വേര്‍ഡ് ചെയ്യുന്ന മെയിലുകള്‍ വാര്‍ത്തയാക്കുമ്പോള്‍ ദീപിക പോലുള്ള പത്രം ഒരു അഞ്ചു വര്‍ഷം മുമ്പോട്ടുള്ള കലണ്ടര്‍ എങ്കിലും ചെക്കു ചെയ്തിരുന്നെങ്കില്‍ !! പണിയില്ലാതിരിക്കുന്ന ചില ഊഹാപോഹികള്‍ മനുസ്യനെ പറ്റിക്കാന്‍ ഓരോ മെയിലുകള്‍ പടച്ചു വിടും. എന്നിട്ട് അതിനടിയില്‍ ഒരു കുറിപ്പും കൊടുക്കും. ഈ മെയില്‍ അഞ്ചു പേര്ക്ക് അയച്ചു കൊടുത്താല്‍ അയക്കുന്നവന്റെ അച്ചനും അമ്മയ്ക്കും വേറെ കല്യാണം നടക്കും എന്നൊക്കെയാകും ഉള്ളടക്കം.. കേട്ട പാതി കേള്‍ക്കാത്ത പാതി അയക്കും പത്തു പേര്‍ക്ക്.. ഇങ്ങനെയുള്ള ഒരു മെയില്‍ ആണ് ഈ വാര്‍ത്തക്ക് ആധാരം എന്നറിയാം. കാരണം എനിക്കും കിട്ടിയിരുന്നു ആ മെയില്‍; മൂന്നാലു പ്രാവശ്യം ... അയച്ചവര്ക്കൊക്കെ മറുപടിയും അയച്ചിരുന്നു. 2016 ജൂലൈ-യിലെ കലണ്ടര്‍ ഒന്നു നോക്കാന്‍,,,,
എന്റെ കമ്പ്യൂട്ടറിലെ കലണ്ടര്‍


ദീപികയില്‍ ഈ വാര്‍ത്ത എഴുതിയവന് 2016 വരെ ആയുസ്സുണ്ടോ എന്നൊന്നും അറിയില്ല, പക്ഷേ ആ വര്‍ഷം ജൂലൈ ഈ വര്‍ഷത്തെ ജൂലൈ-യുടെ ആവര്‍ത്തനമാണ്. ഈ അപൂര്‍‌വ്വ ജൂലൈ പണമുണ്ടാക്കാന്‍ പറ്റിയ മാസമാണെന്ന് അഭിനവ ജ്യോതിഷികളും പറയുന്നു പോലും. അപ്പോള്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരു ചാന്‍സുകൂടി കിട്ടും എന്ന് സാരം.

ഇതൊക്കെ ഫോര്‍‌വേറ്‌ഡ് ചെയ്ത് സായൂജ്യമണഞ്ഞ് പണവും നോക്കി ഇരിക്കുന്നവന്റെ ഒക്കെ ചന്തിക്ക് പെടക്കണം. പറഞ്ഞിട്ടു കാര്യമില്ല. ഇന്ന് നാട്ടില്‍ നടക്കുന്ന പണമിടപാട് തട്ടിപ്പ് മുഴുവന്‍ ഇങ്ങനെയുള്ളവരെ പറ്റിച്ച് ആളുകള്‍ മുങ്ങുന്നത് തന്നെയാണ്.

പ്രബുദ്ധരായ, അഭ്യസ്തവിദ്യരായ "വിഡ്ഡികളുടെ" നാടായി നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നു. അതിനു കുട പിടിക്കാന്‍ കുറെ ജ്യോതിഷികളും അവര്‍ക്ക് പരസ്യം കൊടുക്കാന്‍ കുറെ മാധ്യമങ്ങളും... കഷ്ടം


Saturday, January 15, 2011

മകരവിളക്ക് അപകടം ??

മകരവിളക്ക് മഹോത്സവത്തിനിടയില്‍ ഉണ്ടായ അപകടം നാടിനെയാകെ നടുക്കിയിരിക്കുന്ന ഈ അവസരത്തില്‍ മരിച്ചവരുടെ ബന്ധുക്കളോടുള്ള അനുശോചനങ്ങള്‍ അറിയിക്കട്ടെ.


അതോടൊപ്പം എനിക്കുണ്ടായ ചിന്തകള്‍ പങ്കു വയ്ക്കുന്നു. ഇത് ഇപ്പോള്‍ പറയുന്നത് അനുചിതമായി പോയി എന്ന് പറയുവാന്‍ ഉദ്ദേശിക്കുന്നവരോട് ഒരു അപേക്ഷ... ദയവായി വായിച്ചിട്ട് കമന്റ് ഇടാതിരിക്കുക.

ദിനം തോറും (മണ്ഠല കാലത്ത്) ലക്ഷക്കണക്കിന് ഭക്തര്‍ വരുന്ന കേരളത്തിലെ ഒരേ ഒരു പുണ്യസ്ഥലമാണ് ശബരിമല. സര്‍കാരിനും, പൊതുജങ്ങള്‍ക്ക് പല രീതിയിലും, വരുമാനം ലഭിക്കുന്ന ഒരു തീര്‍ത്ഥാടനമാണ് ശബരിമലയിലേത്. (നാട്ടിലെ നോണ്‍-വെജ് ഹോട്ടലുകള്‍ പോലും "വെജിറ്റേറിയന്‍" ആകുന്ന കാലം) എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പലതും സ്ഥാപിക്കുന്നതില്‍ അവിടെ സര്‍ക്കരും, ദേവസ്വം ബോര്‍ഡും അലംഭാവം കാണിക്കുന്നു എന്നൊക്കെയാണ് പല മാധ്യമ റിപോര്‍ട്ടുകളീല്‍ നിന്നും മനസ്സിലായിട്ടുള്ളത്. സുരക്ഷ എന്നാല്‍ 'തീവ്രവാദി' ആക്രമണങ്ങളില്‍ നിന്നുള്ള സുരക്ഷ മാത്രമല്ല എന്ന് ഇപ്പോഴെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്.

മലയിടിഞ്ഞ് വീണോ, ഉരുള്‍ പൊട്ടലില്‍ അകപ്പെട്ടോ ഭക്തര്‍ മരിച്ചാല്‍ അത് ആരുടെയെങ്കിലും വീഴ്ചയായി കണക്കാക്കാന്‍ കഴിയില്ല. പക്ഷേ ഇന്നലെ നടന്ന പോലെയുള്ള ദുരന്തങ്ങള്‍ ഒരു പരിധി വരെയെങ്കിലും ഒഴിവാക്കാവുന്നതാണ്. വണ്ടിപ്പെരിയാറില്‍ നിന്നും 30-40 ആളുകളെ അകത്തും പുറത്തുമായി ഇരുത്തി ട്രിപ് അടിക്കുന്ന ജീപ്പുകള്‍ അധികാരികളുടെ മുമ്പില്‍ കൂടി തന്നെയാണ് പോകുന്നത്. എന്നിട്ടും അവ യധേഷ്ടം ഓടിക്കൊണ്ടിരിക്കുന്നു. സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത പുല്‍‌മേട്ടിലേക്ക് എത്ര പേര്‍ കയറി പോകുന്നു എന്നൊന്നും ആരും കണക്കാക്കുന്നില്ല. അഗാധമായ ഗര്‍ത്തങ്ങളിലേക്ക് പതിക്കാതിരിക്കാന്‍ സുരക്ഷ വല്ലതും ഉണ്ടോ എന്നൊന്നും എനിക്കറിയില്ല.

ഇനി, മകരവിളക്ക് എന്നത് ദിവ്യാത്ഭുതം അല്ല എന്ന് കാലാകാലങ്ങളായി പലരും പറയുന്നു. ആദിവാസികള്‍ അനുഷ്ടിച്ചു വന്നിരുന്ന ഒരു ഉത്സവം, അത് 'ആരൊക്കെയോ' ഏറ്റെടുത്ത് നടത്തി ജ്യോതി തെളിയിക്കുന്നു എന്നാണ് ആരോപണം. ആ ആരോപണങ്ങള്‍ നില നില്‍ക്കെ തന്നെ, ലക്ഷക്കണക്കിന് ഭക്തര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇത് കാണാന്‍ എത്തുന്നു. അവരൊന്നും ഈ ആരോപണങ്ങളെ പറ്റി അറിയുന്നില്ല എന്നാണ് എന്റെ വിശ്വാസം. മകരവിളക്ക് എന്നത് ദൈവീക പ്രഭാവത്താല്‍ തനിയെ തെളിയുന്ന എന്തോ അത്ഭുതം ആണെന്ന് കരുതി തന്നെയാണ് അവര്‍ അവിടെ തടിച്ചു കൂടുന്നത്. ഇനിയെങ്കിലും ഈ ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തി ആരോപണം ശരിയാണെങ്കില്‍ അത് നിര്‍ത്തലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഇനി, ഈ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ അത് ഭക്തര്‍ക്കുള്ള ഒരു അനുഗ്രഹമായി കണക്കാക്കമല്ലോ. അത് ഭക്തിയെ കൂടുതല്‍ ഊട്ടിയുറപ്പിക്കുവാന്‍ സഹായകമാകും. പിന്നെന്തിന് ഭക്തര്‍ ഇങ്ങനെ ഒരു അന്വേഷണത്തെ എതിര്‍ക്കണം?

തീര്‍ത്ഥാടനം നിര്‍ത്തണമെന്നൊന്നും ആരും പറയില്ല, പക്ഷേ പോകുന്നവര്‍ തങ്ങളുടെയും കൂടെയുള്ളവരുടേയും കൂടി സുരക്ഷയെ പറ്റി ബോധവാന്മാരായില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. സര്‍കാരിനും അധികാര കേന്ദ്രങ്ങള്‍ക്കും, പ്രവര്‍ത്തകര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത പലതും സ്വയം തടയാന്‍ തീര്‍ത്ഥാടകര്‍ ശ്രമിക്കണം. ഉയരമുള്ള മരങ്ങളിലും, അഗാധമായ കൊക്കയുടെ വക്കത്തും ഒക്കെയിരുന്ന് ജ്യോതി ദറ്ശിക്കാന്‍ പാടു പെടുന്നവര്‍ സ്വയം ശവക്കുഴികള്‍ ഒരുക്കുകയാണെന്ന് കൂടി പറയേണ്ടിയിരിക്കുന്നു. ഭക്തി ആവാം, പക്ഷേ "അന്ധമായ" ഭക്തി അപകടം വരുത്തും.

സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം എന്ന പ്രഹസനം നടത്താന്‍ ഒരുങ്ങുന്നുണ്ട്. നാലു വര്‍ഷം കഴിയുമ്പോല്‍ കിട്ടുമായിരിക്കും എന്ന് കരുതുന്ന ഒരു സിറ്റിങ് ജഡ്ജ്ജിയേക്കൊണ്ട്  നമുക്ക് അങ്ങനെയൊരു പരിപാടി എന്തിനു നടത്തുന്നു എന്ന് കൂടി ആലോചിക്കുക.

അടുത്ത മണ്ഠല കാലത്തെങ്കിലും നല്ല റോഡുകളും നല്ല സുരക്ഷാ സം‌വിധാനങ്ങളുമായി മല കയറുവാന്‍ അയ്യപ്പ ഭക്തര്‍ക്ക് കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകുന്നു.

അടിക്കുറിപ്പ്

പ്ലാസ്റ്റിക് നിരോധിത മേഖല എന്ന് പറയുന്ന ശബരിമലക്കാടികളിലൂടെ ഇരുമുടിക്കെട്ടിന്റെ മുകളില്‍ കൂടി പ്ലാസ്റ്റിക് മഴക്കോട്ടുമിട്ട്, പ്ലാസ്റ്റിക് കുപ്പിയില്‍ മിനറല്‍ വാട്ടറുമായി പോകുന്ന അയ്യപ്പന്മാരെയും ടെലിവിഷനില്‍ കണ്ടു.

Wednesday, January 12, 2011

അങ്കിളിന്റെ നിര്യാണത്തില്‍ അനുശോചനം

 ശ്രീ ചന്ദ്രകുമാര്‍ എന്‍.പി എന്ന റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരന്‍ 9-01-2011 ന് ഹൃദ്രോഗസംബന്ധമായ അസുഖം മൂലം നിര്യാതനായി. 'അങ്കിള്‍' എന്ന അപരനാമത്തില്‍ ഉപഭോക്താവ് (http://upabhokthavu.blogspot.com/), സര്‍ക്കാര്‍ കാര്യം (http://sarkkaarkaryam.blogspot.com/) എന്നീ ബ്ലോഗുകള്‍ എഴുതിയിരുന്ന അദ്ദേഹത്തിന്റെ നിര്യാണം ഇവിടെ നിന്ന് ഇന്നാണ് അറിഞ്ഞത്.

ഇത്രയും താമസിച്ചാണെങ്കിലും, അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി