ഇന്നത്തെ തീയതി :

Saturday, May 25, 2013

കണ്‍‌വെണ്‍ഷന്‍ സെന്റര്‍ - ബോള്‍ഗാട്ടി


എന്താണ് ലുലു കണ്‍‌വെന്‍ഷന്‍ സെന്റര്‍ എന്നോ, എന്താണ് ആ പ്രോജക്റ്റ് എന്നൊ ഒന്നും അറിയാത്തവരാണ് കേരളത്തിലെ തൊണ്ണൂറ് ശതമാനം ആള്‍ക്കരും. അതില്‍ ഉള്‍പ്പെടുന്നവനാണ് ഞാനും. യൂസഫലി പത്രസമ്മേളനം നടത്തി " എന്നെ കയ്യേറ്റകാരന്‍ എന്നു വിളിച്ചില്ലേ, അതിനാല്‍ ഞാന്‍ കൂട്ടുവെട്ടി, ഞാന്‍ എന്റെ സെന്ററും കൊണ്ട് നാടു വിടുന്നു" എന്ന് പറയുന്ന നിമിഷം,  കേരളത്തിന്റെ വികസനത്തിനു വിലങ്ങുതടിയായി ആരോ പ്രവര്‍ത്തിക്കുന്നു എന്ന് നാട്ടുകാര്‍ക്ക് മുഴുവന്‍ മനസ്സിലായി.

വായിച്ചറിഞ്ഞിടത്തോളം ഒരു കണ്‍‌വെന്‍ഷന്‍ സെന്ററും, അതിന്റെ കൂടെ ഗ്രാന്റ് ഹയാത്ത് ഹോട്ടലും ആണ് ആ പ്രോജക്ട്. ആ പ്രോജക്റ്റ് ആണ് ഇപ്പോള്‍ കേരളത്തിന് നഷ്ടപ്പെടുന്നത്. കേരളത്തിന്റെ വികസനത്തിന് വിലങ്ങു തടിയാകുന്നവര്‍, അതായത് ഇടതുപക്ഷം ജനങ്ങളോട് മാപ്പു പറയണം. മാപ്പു പറയുന്നതിന് മുമ്പ്,,,,

ഈ സെന്റര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. അതു കൊണ്ട് കേരളത്തിന് എന്തൊക്കെയാണ് നഷ്ടപ്പെടുന്നത് എന്നൊക്കെ ആരെങ്കിലും ജനങ്ങളെ പറഞ്ഞു മനസ്സിലാക്കണം. പതിനാലായിരം തൊഴിലവസരം, ഇരുപതിനായിരം തൊഴിലവസരം, അമ്പതിനായിരം ഇന്‍‌ഡയറക്റ്റ് തൊഴിലവസരം എന്നൊക്കെ ആര്‍ക്കും പറയാവുന്നതാണ്.

ഒരു കണ്‍‌വെന്‍ഷന്‍ സെന്റര്‍ പണി തീരുന്നതു വരെ പല കമ്പനികള്‍ക്കും അവിടെ പണി കിട്ടും, പലര്‍ക്കും ആ കമ്പനികളില്‍ ജോലി കിട്ടും എന്നതൊക്കെ ഏത് പ്രോജക്ടിലും ഉള്ളതാണ്. അത് കൂടുതലും മലയാളികള്‍കാവില്ല എന്നത് കേരളത്തിലെ ഇന്നത്തെ തൊഴില്‍മേഘലയെ അറിയുന്നവര്‍ക്കറിയാം. ആതൊന്നുമല്ലാതെ സ്ഥിരം തൊഴിലവസരങ്ങള്‍ എത്ര കാണും എന്നതാണ് ഒരു സ്ഥാപനത്തിന്റെ തൊഴിലവസരം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

കണ്‍‌വെണ്‍ഷന്‍ സെന്റര്‍ എന്നത് എക്സിബിഷന്‍സ് നടത്താനുള്ള പല ഹാളുകളാണ്. അവിടെ നടക്കുന്ന എക്സിബിഷനുകളില്‍ കൂടുതലും പൊതു ജനങ്ങള്‍ക്ക് ഉള്ളതാകില്ല. ലോകത്തിന്റെ പല ഭാഗത്തു നിന്ന് ക്ഷണം സ്വീകരിച്ചെത്തുന്ന പല കമ്പനികളിലെ ആളുകള്‍ക്കു വേണ്ടിയുള്ള എക്സിബിഷനുകള്‍ ആയിരിക്കും അവയില്‍ ഭൂരിഭാഗവും. അങ്ങനെ ഗസ്റ്റുകള്‍ വന്നാല്‍ നമ്മുടെ ഹോട്ടലുകള്‍ക്കൊന്നും ഉപയോഗം ഉണ്ടാകാതിരിക്കാനാണ് ആ കണ്‍‌വെന്‍ഷന്‍ സെന്ററിന്റെ കൂടെ ഹയാത്ത് ഹോട്ടല്‍ കൂടി തുടങ്ങുന്നത്.

ഒരു എക്സിബിഷന്‍ സെന്റര്‍ തുടങ്ങിക്കഴിഞ്ഞാല്‍ അതില്‍ നിന്നുള്ള വരുമാനം സാധാരണക്കാരന് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ്. അത് ദുബായിലും അബു ദാബിയിലും ഉള്ള എക്സിബിഷന്‍ സെന്ററുകള്‍ ദിനേന കാണുന്ന ഒരു ഗള്‍ഫ് വ്യവസായി ആയ യൂസഫലിക്ക് നല്ലവണ്ണം അറിയാം. ഇങ്ങനെയുള്ള ഒരു എക്സിബിഷന്‍ സെന്ററില്‍ പതിനാലായിരമോ അതിലധികമോ സ്ഥിരം തൊഴിലവസരം കാണും എന്നത് ഒരു മിഥ്യയാണ്. ഉള്ളതില്‍ തന്നെ ഭൂരിഭാഗവും നാലാംതരം തൊഴിലവസരങ്ങള്‍ ആയിരിക്കും. ഉദാഹരണമായി ക്ലീനേഴ്സ്, ഓഫിസ് ബോയ്സ് തുടങ്ങിയവ. അതിനൊട് ചേര്‍ന്നു തുടങ്ങുന്ന ഹയാത്ത് ഹോട്ടല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ആണ്. അതില്‍ ഉണ്ടാകുന്ന തൊഴിലവസങ്ങള്‍ അത് ഹോട്ടലുകാര്‍ തീരുമാനിക്കും.

ഈ ഒരു എക്സിബിഷന്‍ സെന്ററും ഹോട്ടലും തുടങ്ങി ആ വ്യവസായ ഗ്രൂപ്പിനും മാത്രം ലാഭം ഉണ്ടാക്കാന്‍ വേണ്ടി ബോള്‍ഗാട്ടി ദ്വീപില്‍ ചെറിയ പാട്ടത്തിന് സ്ഥലം വിട്ടുകൊടുക്കുക എന്നത്
ആത്മഹത്യാപരം തന്നെയാണ്. അത് ഇടതുപക്ഷം ആയാലും വലതു പക്ഷം ആയാലും. എല്ലാത്തിനും എന്റെ പക്കല്‍ ഗവണ്മെന്റ് കടലാസുകള്‍ ഉണ്ടെന്ന് പറയുന്ന യൂസഫലി നാട്ടുകാരെ കളിയാക്കുകയാണോ എന്ന് സംശയം. കാരണം ഇത്രയും മുതല്‍ മുടക്കുന്ന ഒരാള്‍ക്ക് പേപ്പറുകള്‍ ഒപ്പിക്കാന്‍ ഒരു വിഷമവും ഉണ്ടാകില്ല എന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം. തീരദേശ നിര്‍മ്മാണ നിയമങ്ങളും മാറ്റി മറിച്ച പേപ്പറുകളും അതില്‍ കാണും. ആ പേപ്പര്‍ വര്‍ക്കുകളില്‍ എന്തോ തരികിട ഉള്ളതു കൊണ്ടല്ലേ ഇടതുപക്ഷത്തിന്റെ പിടലിയില്‍ കുറ്റം ചാര്‍ത്തി യൂസഫലി പ്രോജക്റ്റ് അവസാനിപ്പിക്കുന്നതെന്നാണ് എന്റെ സംശയം. അതായത്, ആരെങ്കിലും കുത്തിപ്പൊക്കിയാല്‍ ആ പ്രോജക്ടിന് സ്റ്റേ വരുവാനുള്ള സാധ്യത മുന്നില്‍ കണ്ടു കൊണ്ടൂള്ള ഒരു രക്ഷപെടല്‍ . ഒരു പ്രശ്നവുമില്ലാതെ വെറുതെ ഒരു പ്രോജക്ട് ഉപേക്ഷിക്കാന്‍ മാത്രം വിഡ്ഡിയാണൊ മിസ്റ്റര്‍ യൂസഫലി???

 

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി