ഇന്നത്തെ തീയതി :

Saturday, January 15, 2011

മകരവിളക്ക് അപകടം ??

മകരവിളക്ക് മഹോത്സവത്തിനിടയില്‍ ഉണ്ടായ അപകടം നാടിനെയാകെ നടുക്കിയിരിക്കുന്ന ഈ അവസരത്തില്‍ മരിച്ചവരുടെ ബന്ധുക്കളോടുള്ള അനുശോചനങ്ങള്‍ അറിയിക്കട്ടെ.


അതോടൊപ്പം എനിക്കുണ്ടായ ചിന്തകള്‍ പങ്കു വയ്ക്കുന്നു. ഇത് ഇപ്പോള്‍ പറയുന്നത് അനുചിതമായി പോയി എന്ന് പറയുവാന്‍ ഉദ്ദേശിക്കുന്നവരോട് ഒരു അപേക്ഷ... ദയവായി വായിച്ചിട്ട് കമന്റ് ഇടാതിരിക്കുക.

ദിനം തോറും (മണ്ഠല കാലത്ത്) ലക്ഷക്കണക്കിന് ഭക്തര്‍ വരുന്ന കേരളത്തിലെ ഒരേ ഒരു പുണ്യസ്ഥലമാണ് ശബരിമല. സര്‍കാരിനും, പൊതുജങ്ങള്‍ക്ക് പല രീതിയിലും, വരുമാനം ലഭിക്കുന്ന ഒരു തീര്‍ത്ഥാടനമാണ് ശബരിമലയിലേത്. (നാട്ടിലെ നോണ്‍-വെജ് ഹോട്ടലുകള്‍ പോലും "വെജിറ്റേറിയന്‍" ആകുന്ന കാലം) എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പലതും സ്ഥാപിക്കുന്നതില്‍ അവിടെ സര്‍ക്കരും, ദേവസ്വം ബോര്‍ഡും അലംഭാവം കാണിക്കുന്നു എന്നൊക്കെയാണ് പല മാധ്യമ റിപോര്‍ട്ടുകളീല്‍ നിന്നും മനസ്സിലായിട്ടുള്ളത്. സുരക്ഷ എന്നാല്‍ 'തീവ്രവാദി' ആക്രമണങ്ങളില്‍ നിന്നുള്ള സുരക്ഷ മാത്രമല്ല എന്ന് ഇപ്പോഴെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്.

മലയിടിഞ്ഞ് വീണോ, ഉരുള്‍ പൊട്ടലില്‍ അകപ്പെട്ടോ ഭക്തര്‍ മരിച്ചാല്‍ അത് ആരുടെയെങ്കിലും വീഴ്ചയായി കണക്കാക്കാന്‍ കഴിയില്ല. പക്ഷേ ഇന്നലെ നടന്ന പോലെയുള്ള ദുരന്തങ്ങള്‍ ഒരു പരിധി വരെയെങ്കിലും ഒഴിവാക്കാവുന്നതാണ്. വണ്ടിപ്പെരിയാറില്‍ നിന്നും 30-40 ആളുകളെ അകത്തും പുറത്തുമായി ഇരുത്തി ട്രിപ് അടിക്കുന്ന ജീപ്പുകള്‍ അധികാരികളുടെ മുമ്പില്‍ കൂടി തന്നെയാണ് പോകുന്നത്. എന്നിട്ടും അവ യധേഷ്ടം ഓടിക്കൊണ്ടിരിക്കുന്നു. സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത പുല്‍‌മേട്ടിലേക്ക് എത്ര പേര്‍ കയറി പോകുന്നു എന്നൊന്നും ആരും കണക്കാക്കുന്നില്ല. അഗാധമായ ഗര്‍ത്തങ്ങളിലേക്ക് പതിക്കാതിരിക്കാന്‍ സുരക്ഷ വല്ലതും ഉണ്ടോ എന്നൊന്നും എനിക്കറിയില്ല.

ഇനി, മകരവിളക്ക് എന്നത് ദിവ്യാത്ഭുതം അല്ല എന്ന് കാലാകാലങ്ങളായി പലരും പറയുന്നു. ആദിവാസികള്‍ അനുഷ്ടിച്ചു വന്നിരുന്ന ഒരു ഉത്സവം, അത് 'ആരൊക്കെയോ' ഏറ്റെടുത്ത് നടത്തി ജ്യോതി തെളിയിക്കുന്നു എന്നാണ് ആരോപണം. ആ ആരോപണങ്ങള്‍ നില നില്‍ക്കെ തന്നെ, ലക്ഷക്കണക്കിന് ഭക്തര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇത് കാണാന്‍ എത്തുന്നു. അവരൊന്നും ഈ ആരോപണങ്ങളെ പറ്റി അറിയുന്നില്ല എന്നാണ് എന്റെ വിശ്വാസം. മകരവിളക്ക് എന്നത് ദൈവീക പ്രഭാവത്താല്‍ തനിയെ തെളിയുന്ന എന്തോ അത്ഭുതം ആണെന്ന് കരുതി തന്നെയാണ് അവര്‍ അവിടെ തടിച്ചു കൂടുന്നത്. ഇനിയെങ്കിലും ഈ ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തി ആരോപണം ശരിയാണെങ്കില്‍ അത് നിര്‍ത്തലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഇനി, ഈ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ അത് ഭക്തര്‍ക്കുള്ള ഒരു അനുഗ്രഹമായി കണക്കാക്കമല്ലോ. അത് ഭക്തിയെ കൂടുതല്‍ ഊട്ടിയുറപ്പിക്കുവാന്‍ സഹായകമാകും. പിന്നെന്തിന് ഭക്തര്‍ ഇങ്ങനെ ഒരു അന്വേഷണത്തെ എതിര്‍ക്കണം?

തീര്‍ത്ഥാടനം നിര്‍ത്തണമെന്നൊന്നും ആരും പറയില്ല, പക്ഷേ പോകുന്നവര്‍ തങ്ങളുടെയും കൂടെയുള്ളവരുടേയും കൂടി സുരക്ഷയെ പറ്റി ബോധവാന്മാരായില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. സര്‍കാരിനും അധികാര കേന്ദ്രങ്ങള്‍ക്കും, പ്രവര്‍ത്തകര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത പലതും സ്വയം തടയാന്‍ തീര്‍ത്ഥാടകര്‍ ശ്രമിക്കണം. ഉയരമുള്ള മരങ്ങളിലും, അഗാധമായ കൊക്കയുടെ വക്കത്തും ഒക്കെയിരുന്ന് ജ്യോതി ദറ്ശിക്കാന്‍ പാടു പെടുന്നവര്‍ സ്വയം ശവക്കുഴികള്‍ ഒരുക്കുകയാണെന്ന് കൂടി പറയേണ്ടിയിരിക്കുന്നു. ഭക്തി ആവാം, പക്ഷേ "അന്ധമായ" ഭക്തി അപകടം വരുത്തും.

സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം എന്ന പ്രഹസനം നടത്താന്‍ ഒരുങ്ങുന്നുണ്ട്. നാലു വര്‍ഷം കഴിയുമ്പോല്‍ കിട്ടുമായിരിക്കും എന്ന് കരുതുന്ന ഒരു സിറ്റിങ് ജഡ്ജ്ജിയേക്കൊണ്ട്  നമുക്ക് അങ്ങനെയൊരു പരിപാടി എന്തിനു നടത്തുന്നു എന്ന് കൂടി ആലോചിക്കുക.

അടുത്ത മണ്ഠല കാലത്തെങ്കിലും നല്ല റോഡുകളും നല്ല സുരക്ഷാ സം‌വിധാനങ്ങളുമായി മല കയറുവാന്‍ അയ്യപ്പ ഭക്തര്‍ക്ക് കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകുന്നു.

അടിക്കുറിപ്പ്

പ്ലാസ്റ്റിക് നിരോധിത മേഖല എന്ന് പറയുന്ന ശബരിമലക്കാടികളിലൂടെ ഇരുമുടിക്കെട്ടിന്റെ മുകളില്‍ കൂടി പ്ലാസ്റ്റിക് മഴക്കോട്ടുമിട്ട്, പ്ലാസ്റ്റിക് കുപ്പിയില്‍ മിനറല്‍ വാട്ടറുമായി പോകുന്ന അയ്യപ്പന്മാരെയും ടെലിവിഷനില്‍ കണ്ടു.

Wednesday, January 12, 2011

അങ്കിളിന്റെ നിര്യാണത്തില്‍ അനുശോചനം

 ശ്രീ ചന്ദ്രകുമാര്‍ എന്‍.പി എന്ന റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരന്‍ 9-01-2011 ന് ഹൃദ്രോഗസംബന്ധമായ അസുഖം മൂലം നിര്യാതനായി. 'അങ്കിള്‍' എന്ന അപരനാമത്തില്‍ ഉപഭോക്താവ് (http://upabhokthavu.blogspot.com/), സര്‍ക്കാര്‍ കാര്യം (http://sarkkaarkaryam.blogspot.com/) എന്നീ ബ്ലോഗുകള്‍ എഴുതിയിരുന്ന അദ്ദേഹത്തിന്റെ നിര്യാണം ഇവിടെ നിന്ന് ഇന്നാണ് അറിഞ്ഞത്.

ഇത്രയും താമസിച്ചാണെങ്കിലും, അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി