അങ്ങനെ ആണവക്കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടോലിസ റൈസും ഒക്ടോബര്‍ പത്താം തീയതി വൈകുന്നേരം നാലുമണിക്കാണ് (ഇന്ത്യന്‍ സമയം രാവിലെ ഒന്നു മുപ്പത്) ഒപ്പു വച്ചത്. രണ്ട് ദിവസം മുമ്പ് പ്രസിഡന്റ് ജോര്‍ജ് ബുഷ് കരാറില്‍ ഒപ്പിട്ടിരുന്നു. ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യക്ക് പല ഗുണങ്ങളും ഉണ്ടെന്ന് മന്‍മോഹന്‍സിംഗിന്റെ കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ പലവിധം തിരിച്ചടികള്‍ ഉണ്ടാകും എന്ന് ബി ജെ പിയും ഇന്ത്യയുടെ അഭിമാനം അടിയറ വച്ചു എന്ന് ഇടതുപക്ഷവും പറയുന്നു. പലര്‍ക്കും കരാറിനെ പറ്റിയും അതിലെ വ്യവസ്ഥകളെപ്പറ്റിയും ധാരാളം സംശയങ്ങള്‍ ഉണ്ട്. ഇനി സംശയങ്ങള്‍ ഒക്കെ കാലം തെളിയിക്കട്ടെ എന്നല്ലേ പറയാനൊക്കൂ.
കുറച്ചുനാള്‍ മുമ്പ് അനൂപ് കോതനല്ലൂരിന്റെ ഒരു പോസ്റ്റില്‍ ഞാന്‍ കമന്റായി ചോദിച്ച ചോദ്യങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കുന്നു.
1.ആണവക്കരാര്‍ വന്നത് കൊണ്ട് ഇന്ത്യയിലെ ഊര്‍ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആകുമോ?
2.കേരളത്തില്‍ ആണവ നിലയം വരുമോ? അതിനാല്‍ കേരളത്തില്‍ പവര്‍ക്കട്ട് ഇല്ലാതാകുമോ?
3.ഒരു കാലത്ത് യുറേനിയം തീരുമ്പോള്‍ ആണവ നിലയങ്ങള്‍ എന്ത് ചെയ്യും? അതോ യുറേനിയം എന്നത് തീരാത്ത ഒരു സാധനമാണോ?
4.അത് തീര്‍ന്നാല്‍ ഊര്ജ്ജോല്പ്പാദനത്തിനായി വീണ്ടും പ്രകൃതി ശ്രോതസുകളെ ആശ്രയിക്കുമോ?
5. ആണവക്കരാര്‍ വന്നാത് കൊണ്ട് അമേരിക്ക ഇന്ത്യക്ക് എന്തൊക്കെ തരും?
6. ആണവോര്‍ജ്ജം ഇല്ലാത്തതിനാല്‍ ആണോ ഇന്ത്യയില്‍ വ്യവസായം തഴച്ച് വളരാത്തത് ?ഇനിയിപ്പോള്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ഒക്കെ തീര്‍ന്ന് ഇന്ത്യ ഒരു വ്യവസായ ഭീമന് ആകുമോ?
7. യുറേനിയം കിട്ടിയാല്‍ തന്നെ അത് ഇന്ത്യയിലെ മുഴുവന്‍ ഊര്ജ്ജോല്പാദനത്തിന് ഉപയോഗിക്കാനാണോ? ആണെങ്കില്‍ അതിനുള്ള ചിലവിനെ പറ്റി വല്ല ഊഹവുമുണ്ടോ?
8. ഇതൊക്കെ കഴിഞ്ഞ് , ആണവ വേസ്റ്റ് എന്നൊരു സാധനത്തെ പറ്റി കേട്ടു. അത് എങ്ങെനെ സംസ്കരിക്കും? അതിനൊക്കെ ഒത്തിരി ചെലവ് ആകില്ലെ?
9. അതിനിടയില്‍, ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ കരാര്‍ റദ്ദാകുമെന്നും, ഇല്ല അതൊക്കെ ചുമ്മാതാണെന്നും ഒക്കെ കേട്ടു. ആണവ പരീക്ഷണം നടത്താന്‍ ഇന്ത്യക്കുള്ള അവകാശം ഈ കരാര്‍ മൂലം ഇല്ലാതാവുമോ?
മുകളില്‍ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഉത്തരം കിട്ടും എന്ന് കരുതിയല്ല ചോദ്യങ്ങള്‍ ഇട്ടിരിക്കുന്നത്. കുറച്ച് നാളുകള്‍ക്കകം, അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതിന് ഉത്തരങ്ങള്‍ കിട്ടുമല്ലോ. ഇതൊക്കെ ആണവക്കരാറിനേക്കുറിച്ച് കൂടുതലൊന്നും പഠിക്കാത്ത ഒരു സാധാരണക്കാരന് എന്ന നിലയില്‍ എന്റെ സംശയങ്ങള്‍ ആണ്. ഇതിനൊക്കെ കാലം മറുപടി തരും എന്ന പ്രതീക്ഷയോടെ ഇന്ത്യയുടെ ഈ "വളര്‍ച്ച"യില്‍ നമുക്ക് അഭിമാനിക്കാം. കാരണം ആഗോള മുതലാളിയുമായി അല്ലേ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ( വീട്ടിലെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ മുതലാളി അയല്‍ക്കാരുടെയും പരിചയക്കാരുടേയും ഒക്കെ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണ് എന്നത് വേറെ കാര്യം.)
10 comments:
ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യക്ക് പല ഗുണങ്ങളും ഉണ്ടെന്ന് മന്‍മോഹന്‍സിംഗിന്റെ കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ പലവിധം തിരിച്ചടികള്‍ ഉണ്ടാകും എന്ന് ബി ജെ പിയും ഇന്ത്യയുടെ അഭിമാനം അടിയറ വച്ചു എന്ന് ഇടതുപക്ഷവും പറയുന്നു. പലര്‍ക്കും കരാറിനെ പറ്റിയും അതിലെ വ്യവസ്ഥകളെപ്പറ്റിയും ധാരാളം സംശയങ്ങള്‍ ഉണ്ട്. ഇനി സംശയങ്ങള്‍ ഒക്കെ കാലം തെളിയിക്കട്ടെ എന്നല്ലേ പറയാനൊക്കൂ.
ഇതിനൊക്കെ കാലം മറുപടി തരും എന്ന പ്രതീക്ഷയോടെ ഇന്ത്യയുടെ ഈ "വളര്‍ച്ച"യില്‍ നമുക്ക് അഭിമാനിക്കാം. കാരണം ആഗോള മുതലാളിയുമായി അല്ലേ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ( വീട്ടിലെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ മുതലാളി അയല്‍ക്കാരുടെയും പരിചയക്കാരുടേയും ഒക്കെ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണ് എന്നത് വേറെ കാര്യം.)
കാത്തിരിന്ന് കാണേണ്ടീയിരിക്കുന്നു. രജ്യത്തിന്റെ പരമാധികാരത്തിന് കോട്ടം വരാതിരിക്കട്ടെ .
ചോദ്യങ്ങള്‍ക്ക് മുമ്പ് ഉത്തരം തന്നിട്ടുണ്ടോ എന്നോര്‍മ്മയില്ല. എന്നാലും ഒന്ന് കൂടി ഇരിക്കട്ടെ...
1.ആണവക്കരാര്‍ വന്നത് കൊണ്ട് ഇന്ത്യയിലെ ഊര്‍ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആകുമോ?
ഇപ്പോള്‍ നാമുപയോഗിക്കുന്ന ആണവോര്‍ജ്ജം, ആകെയുള്ള ഊര്ജ്ജോല്പാദനത്തിന്റെ 2 ശതമാനം മാത്രമാണ്. ആണവക്കരാര്‍ സഫലമാകുമ്പോള്‍ (അതായത് ആണവനിലയങ്ങളുടെ പണിയൊക്കെ പൂര്‍ത്തിയായി ഉല്പാദനം തുടങ്ങുമ്പോള്‍) ഇത് 7 ശതമാനമാകുന്നു. ഈ ചെറിയൊരു വളര്‍ച്ചയ്ക്ക് നാം കൊടുക്കുന്നത് ലക്ഷം കോടി രൂപയും നട്ടെല്ലും! ഈ അഞ്ച് ശതമാനം വളര്‍ച്ച നമ്മുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് പരിഹാരമാകുമോ എന്നത് സ്വയം കണ്ട് പിടിക്കേണ്ട ഉത്തരം. (പത്ത് വരെ പഠിച്ചവര്‍ക്കും കോണ്ഗ്രസ്സുകാരല്ലാത്തവര്ക്കും വിവരമുണ്ടെങ്കില്‍ മനസ്സിലാകും)
2.കേരളത്തില്‍ ആണവ നിലയം വരുമോ? അതിനാല്‍ കേരളത്തില്‍ പവര്‍ക്കട്ട് ഇല്ലാതാകുമോ?
അറിയില്ല. വരുത്തുവാന്‍ എനിക്ക് താല്പര്യമില്ല. വന്‍കിട ഊര്ജ്ജോല്പാദനത്തിനേക്കാള് എനിക്കിഷ്ടം "mass production by masses" ആണ്. ഓരോരുത്തരും അവര്‍ക്ക് കഴിയുന്ന രീതിയില്‍ ഊര്‍ജ്ജം ഉല്പാദിപ്പിച്ച് കേന്ദ്ര ഗ്രിഡിലെ ഭാരം കുറയ്ക്കുക. അങ്ങനെ ആയാല്‍ ഊര്‍ജ്ജ സംരക്ഷണം ഒക്കെ താനേ വന്ന് കൊള്ളും.
3.ഒരു കാലത്ത് യുറേനിയം തീരുമ്പോള്‍ ആണവ നിലയങ്ങള്‍ എന്ത് ചെയ്യും? അതോ യുറേനിയം എന്നത് തീരാത്ത ഒരു സാധനമാണോ?
വളരെ പ്രസക്തമായ ചോദ്യം. ലക്ഷം കോടി ഡോളര്‍ വാങ്ങി നമ്മളുണ്ടാക്കുന്ന ഈ നിലയങ്ങള്‍ ആയുഷ്ക്കാലത്തേക്കാണോ എന്ന് ഒരൊറ്റ കോണ്‍ഗ്രസ്സുകാരനും ആലോചിക്കുന്നില്ല. അവനൊക്കെ അന്നന്ന് കിട്ടുന്ന പിച്ചക്കാശ് നക്കുവാനല്ലേ നേരം. യുറേനിയമോ മറ്റേതൊരു ആണവ ഇന്ധനമോ അനന്തകാലം നിലനില്ക്കാത്തത് കൊണ്ട് ഇതിനെ renewable source of energy എന്ന് വിളിക്കുവാന്‍ പറ്റില്ല. നിര്‍മ്മിക്കുന്ന ഊര്‍ജ്ജം പേപ്പറില്‍ വലുതാണ്, അത് കൊണ്ട് അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ല എന്നാണ് ആണവലോബിയുടെ വാദം. ഇന്ത്യയുടെ 3 stage nuclear program-ന്റെ ആദ്യ ഘട്ടത്തില്‍ സ്വാഭാവിക U-235 ഉപയോഗിച്ചുള്ള pressurized heavy water reactor-ലൂടെ പ്ലൂട്ടോണിയം നിര്‍മ്മിക്കുന്നു. രണ്ടാം ഘട്ടത്തില്‍ ഈ പ്ലൂട്ടോണിയം fast breeder reactor-ല്‍ ഉപയോഗിച്ച് തോറിയത്തില്‍ നിന്നും U-233 നിര്‍മ്മിക്കുന്നു. മൂന്നാമത്തെ ഘട്ടത്തില്‍ ഈ U-233 വൈദ്യുത നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.
ആണവക്കരാറും മറ്റും (IAEA, NSG മുതലായവ) ഇന്ത്യയുടെ fuel reprocessing അവകാശങ്ങളെയും പ്ലൂട്ടോണിയം storage-നെ പറ്റിയുമൊക്കെ നിയന്ത്രണങ്ങള്‍ വെച്ചിട്ടുള്ളത് കൊണ്ട് ഇതിന്റെ ഭാവി നമ്മുക്ക് കണ്ട് തന്നെ അറിയാം.
4.അത് തീര്‍ന്നാല്‍ ഊര്ജ്ജോല്പ്പാദനത്തിനായി വീണ്ടും പ്രകൃതി ശ്രോതസുകളെ ആശ്രയിക്കുമോ?
പ്രകൃതി സ്രോതസ്സുകളെ ആശ്രയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മൈക്രോ വിന്‍ഡ് പവറും, ഹൈഡല്‍ പവറും, സോളാര്‍ പവറും എന്ന് വേണ്ട എല്ലാം തന്നെ ഉപയോഗിച്ച് ഊര്‍ജ്ജ സ്വയംപര്യാപ്തത കൈവരിക്കേണ്ട സമയമാണിത്. ഇന്ത്യയില്‍ സമൃദ്ധമായുള്ള non-coking കല്‍ക്കരി, പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന municipal waste മുതലായവയില്‍ നിന്ന് ഊര്‍ജ്ജോല്‍പ്പാദനം സുഖമായി നടത്താം!!!കര്‍ഷകര്‍ പാഴാക്കിക്കളയുന്ന agricultural waste-ല്‍ നിന്നും ബയോഗ്യാസും നല്ല ഒന്നാന്തരം വളവും നിര്‍മ്മിക്കാവുന്നതാണ്. കോണ്ഗ്രസ്സുകാരനാകണമെങ്കില് തലയ്ക്കകത്ത് ആള്ത്താമസമുണ്ടാകരുതെന്ന് നിയമമുണ്ടോ?
5. ആണവക്കരാര്‍ വന്നാത് കൊണ്ട് അമേരിക്ക ഇന്ത്യക്ക് എന്തൊക്കെ തരും?
അറുപഴഞ്ചന്‍ സാങ്കേതികവിദ്യ, ഇന്ധനം*.
*conditions apply
അമേരിക്കന്‍ താല്പര്യങ്ങള്ക്ക് വിരുദ്ധമായി എപ്പോഴെങ്കിലും ഇന്ത്യ പ്രവര്‍ത്തിച്ചാല്‍ അപ്പോ ഇത് തിരികെ വാങ്ങും. ഫ്യുവല്‍ റീപ്രോസ്സസ്സിങ്ങ് റൈറ്റുകള്‍ അമേരിക്ക തരുന്നില്ല.
6. ആണവോര്‍ജ്ജം ഇല്ലാത്തതിനാല്‍ ആണോ ഇന്ത്യയില്‍ വ്യവസായം തഴച്ച് വളരാത്തത് ?ഇനിയിപ്പോള്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ഒക്കെ തീര്‍ന്ന് ഇന്ത്യ ഒരു വ്യവസായ ഭീമന് ആകുമോ?
ആണവോര്‍ജ്ജം ഇല്ലാത്തതിനാലല്ല. വ്യക്തമായ പ്ലാനിങ്ങോ ആത്മാര്‍ത്ഥതയോ ഇല്ലാത്തത് കൊണ്ട് മാത്രമാണ്. എന്തായാലും അമേരിക്കയിലെ പോലെ ഒരു ഫ്രീ മാര്‍ക്കറ്റ് ആക്കുവാന് ഇവിടുത്തെ ജനങ്ങള്‍ സമ്മതിക്കില്ല. ആണവോര്‍ജ്ജം ഊര്‍ജ്ജം തരും - ശരി തന്നെ. അത് കൊണ്ട് വ്യവസായങ്ങളും ഉണ്ടാകും - അതും ശരി. ഇതൊക്കെ നിര്‍മ്മിച്ചാല്‍ മാത്രം മതിയോ, മാര്‍ക്കറ്റ് വേണ്ടേ? അതൊരു കാര്യം. രണ്ടാമത്തേത് ഊര്‍ജ്ജോല്‍പ്പാദനത്തില്‍ മാത്രമല്ല, അത് വിതരണം ചെയ്യുന്നതിലും, ഉപയോഗിക്കുന്നതിലും ശ്രദ്ധ ചെലുത്തിയാലേ ഗുണമുള്ളൂ. നമ്മുടെ T&D losses എന്ന് പറയുന്നത് ഏകദേശം 30% ശതമാനമാണ്. ഇതൊക്കെ ശരിയാക്കാതെ ആണവക്കരാര്‍ വികസനം കൊണ്ട് വരുമെന്ന് പറയുന്നതിലെ യുക്തി? ആണവവൈദ്യുതിക്ക് യൂണിറ്റൊന്നിന് 8-9 രൂപ വെച്ച് കൊടുക്കേണ്ടി വരും. ഉയര്‍ന്ന ഉല്‍പ്പന്ന വിലയ്ക്ക് ഇത് ഹേതുവാകാം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇത് എന്തൊക്കെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഉല്‍പ്പന്നത്തിന് ഡിമാന്‍ഡ് ഇല്ലെങ്കില്‍ ഈ വ്യവസായങ്ങളൊക്കെ എന്ത് ചെയ്യും?
7. യുറേനിയം കിട്ടിയാല്‍ തന്നെ അത് ഇന്ത്യയിലെ മുഴുവന്‍ ഊര്ജ്ജോല്പാദനത്തിന് ഉപയോഗിക്കാനാണോ? ആണെങ്കില്‍ അതിനുള്ള ചിലവിനെ പറ്റി വല്ല ഊഹവുമുണ്ടോ?
ആണവോര്ജ്ജോല്പ്പാദനത്തിന് ചെലവ് ലക്ഷം കോടി ഡോളറാണ്. യൂണിറ്റൊന്നിന് 8-9 രൂപ കൊടുത്ത് വൈദ്യുതി വാങ്ങുവാന്‍ തയ്യാറായിക്കൊള്ളൂ.
8. ഇതൊക്കെ കഴിഞ്ഞ് , ആണവ വേസ്റ്റ് എന്നൊരു സാധനത്തെ പറ്റി കേട്ടു. അത് എങ്ങെനെ സംസ്കരിക്കും? അതിനൊക്കെ ഒത്തിരി ചെലവ് ആകില്ലെ?
ആണവ വേസ്റ്റ് സാധാരണ് ഗതിയില്‍ പുനഃസംസ്ക്കരിക്കാവുന്നതാണ്. എന്നാല്‍ പുനഃസംസ്കരണാവകാശം ഇന്ത്യക്ക് അമേരിക്ക തരുന്നില്ല. ആണവ വേസ്റ്റ് സാധാരണ വലിയ ലെഡ് ടാങ്കുകളില്‍ നിറച്ച് മണ്ണിനടിയില്‍ കുഴിച്ചിടുകയാണ് ചെയ്യുക. എങ്ങാനും പൊട്ടി ലീക്കായാല്‍ ആണവ വെള്ളം അണ്ണാക്കിലോട്ടൊഴിച്ച് കുടിക്കാം. ആണവ വേസ്റ്റ് കൈകാര്യം ചെയ്യാന്‍ മറ്റൊരു ലക്ഷം കോടി ഡോളര്‍ കരാര്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ആണവ പ്ലാന്റുകളുടെ ചിലവില്‍ ആണവ ലോബി ഒളിപ്പിച്ച് വെയ്ക്കുന്ന ഒരു ചിലവുണ്ട് - demolition cost. capital cost-ഉം running cost-ഉം മാത്രമെ ഇവര്‍ പുറത്ത് പറയാറുള്ളൂ.
9. അതിനിടയില്‍, ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ കരാര്‍ റദ്ദാകുമെന്നും, ഇല്ല അതൊക്കെ ചുമ്മാതാണെന്നും ഒക്കെ കേട്ടു. ആണവ പരീക്ഷണം നടത്താന്‍ ഇന്ത്യക്കുള്ള അവകാശം ഈ കരാര്‍ മൂലം ഇല്ലാതാവുമോ?
ഇന്ത്യയ്ക്ക് ആണവ പരീക്ഷണം നടത്തുവാനുള്ള പൂര്‍ണ്ണ അവകാശമുണ്ട്. നടത്തിയാല്‍ പക്ഷെ ലക്ഷം കോടി ഡോളര്‍ കൊടുത്ത് വാങ്ങിച്ച സാധനങ്ങളെല്ലാം തിരികെ കൊടുക്കേണ്ടി വരുമെന്ന് മാത്രം. ഇനി പ്രകാശ് കാരാട്ട് തന്നെ പ്രധാനമന്ത്രി ആയാലും, അങ്ങനെ ചെയ്യുമെന്ന് തോന്നുന്നോ? അവിടെയാണ് അമേരിക്കക്കാരന്റെ ബുദ്ധി. സിടിബിടി ഒപ്പ് വെക്കാതെ തന്നെ ഇന്ത്യക്ക് മൂക്ക്കയറിട്ടു!!!
ഇവിടെയാണ് മറ്റൊരു ചോദ്യത്തിന്റെ പ്രസക്തി. ആണവക്കരാര്‍ ഉറപ്പ് വരുത്തുമെന്ന് പറഞ്ഞ "ഊര്‍ജ്ജ സുരക്ഷ".... അതെവിടെ?
കൂടുതല്‍ വായനയ്ക്ക്...
പ്രതികരണം: ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍, ഒരു പാര്‍ശ്വവീക്ഷണം .. ആ പോസ്റ്റിന്റെ അവസാനം മറ്റ് കുറെ ലിങ്കുകള്‍ കൂടി കൊടുത്തിട്ടുണ്ട്. അതും കൂടി വായിച്ചാല്‍ സംശയമൊക്കെ തീരും! :)
ഭാസ്കരപട്ടേലരും വിധേയനും(രും) - ഈ ചരിത്ര ദിവസത്തിന്റെ ഓര്മ്മയ്ക്കായിട്ടൊരു പോസ്റ്റ്!!!
ആണവക്കരാർ ചർച്ചകളിൽ കൂടുതലും,ആദ്യം ഒരു പക്ഷം ചേരുകയും പിന്നെയതിനെ ന്യായീകരിയ്ക്കാൻ വാദങ്ങൾ കൊണ്ടുവരികയും ചെയ്യുന്നവയായിട്ടാൺ എനിയ്ക്ക് തോന്നിയിട്ടുള്ളത്-ഓരൊരുത്തരുടെ രാഷ്ട്രീയ താല്പര്യങ്ങളാൺ പക്ഷം നിശ്ചയിക്കുന്നത്.
ഇതിന്റെയൊക്കെ നെല്ലും പതിരും തിരിയണമെങ്കിൽ കാലം കുറച്ച് കടന്നുപോകണം എന്ന് തന്നെയാൺ
ഞാനും കണക്കാകിയിരിയ്ക്കുന്നത്.
അനില്‍ശ്രീ,
നല്ല പോസ്റ്റ്.
ഞാന്‍ പറഞ്ഞകാര്യങ്ങള്‍ക്കു ഒരു ഒപ്പുകൂടി.
എല്ലാ ആണവ വേസ്റ്റുകളും റീപ്രോസസ ചെയ്യാന്‍ പറ്റില്ല. റിയാക്റ്ററൂകളിലെ കണ്ടോള് ഗ്രിഡ്ഡിലെ വേസ്റ്റുകള്‍ തുടങ്ങിയ ചില സാധനങ്ങളാണ് റീപ്രോസ്സസ് ചെയ്യുന്നത്. മറ്റുള്ളവ കുഴിച്ചിടുക തന്നെ വേണം.പ്രവര്‍ത്തനം കഴിഞ്ഞ ആണവ നിലയങ്ങള്‍ സംസ്കരിക്കുക എന്നത് ഒരു ചിലവേറിയ പരിപാടിയാണ് എന്നാണ് മനസ്സിലാക്കാനാവുന്നത്.
നമുക്കുണ്ടാവുന്ന മെച്ചങ്ങള്‍ അതിന്റെ കോട്ടങ്ങളുമായി തട്ടിച്ച് കണക്കാക്കുമ്പോള്‍ എത്രമാത്രം കൂടുതലാണ് എന്നതാണ് പ്രസക്തം. ആ കാര്യത്തില്‍ ആണവനിലയങ്ങള്‍ ഇന്ത്യക്കു ഒരു ഭാരമായിരിക്കും.
ഭൂമിപുത്രി,
ചുമ്മാ കിട്ടുന്ന വിവരങ്ങള്‍ ഒന്നു വായിച്ചു നോക്കാമല്ലോ, ആരും പറയുന്നത് കേള്‍ക്കണ്ട, സ്വയം വായിച്ചു മനസ്സിലാക്കാവുന്നതേ ഉള്ളൂ.
ഒരു സാധാരണക്കാരന് പോലും ഒന്നു ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്ന കാര്യങ്ങളേ ഞാന്‍ ചോദിച്ചുള്ളു. അതിന് "ഞാന്‍" എഴുതിയ മറുപടി മനസ്സിലാകാത്തവര്‍ കാണില്ല എന്ന് കരുതുന്നു. ഇനിയുള്ളതൊക്കെ കാത്തിരുന്നു കാണുക.
യുറേനിയം പോലും ഇനി എഴുപത്തഞ്ച് വര്‍ഷത്തേക്ക് മാത്രമേ തികയുള്ളൂ എന്നാണ് വായിച്ചിട്ടുള്ളത്. എഴുപത്തഞ്ച് വര്‍ഷം എന്നത് ഒരു മനുഷ്യായസ്സ് പോലുമാവുന്നില്ല എന്നോര്‍ക്കണം. അപ്പോള്‍ പിന്നെ ഇത്രയും ഭീമമായ തുക ഇന്ത്യ മുടക്കുമോ? മുടക്കിയാല്‍ അത് എത്രത്തോളം വിജയകരമായിരിക്കും? ഇപ്പോള്‍ തന്നെ വൈദ്യുത ബില്‍ ജനദ്രോഹമാണെന്ന് പറയുന്നവര്‍ കൂടിയ റേറ്റിന് കരണ്ട് വാങ്ങി ഉപയോഗിക്കുമോ? പല ടെലഫോണ്‍ ലൈന്‍ പോലെ "ജല വൈദ്യുതി ലൈന്‍", "ആണവ വൈദ്യുതിലൈന്‍" എന്നൊക്കെ പല ലൈന്‍ വരുമോ? എന്നിട്ട് ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ളത് എടുക്കാം എന്ന ഒരു ഓപ്ഷന് കൊടുക്കുമായിരിക്കും അല്ലേ?
ഇനി ഈ കൂടിയ കരണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്ക്കുമ്പോള് അത് ബാധിക്കുന്നതും സാധാരണക്കാരനെ തന്നെ.
ഇതൊക്കെയല്ലേ സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങള്‍? ബാക്കിയുള്ള വലിയ വലിയ പ്രശ്നങ്ങള്‍ എല്ലാം പ്രത്യക്ഷത്തില്‍ അല്ലല്ലോ സാധാരണക്കാരനെ ബാധിക്കുന്നത്. അത് നികുതിയായോ, മറ്റു തരത്തിലോ അവന് അറിയാതെ തലയില്‍ വരുകയല്ലേ ഉള്ളു. പിന്നെ അന്താരാഷ്ട്റ ആണവ സമിതി, അവരുടെ നൂലാമാലകള്‍, വിലക്കുകള്‍, വ്യാപനങ്ങള്‍, 123 എഗ്രിമെന്റ്, ഹൈഡ് ആക്ട്, ഒക്കെ വലിയ വലിയ കാര്യങ്ങള്‍ അല്ലേ? അതൊക്കെ പല ബ്ലോഗുകളില്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞതാണല്ലോ.
മറന്നു.. "ഞാന്‍" എത്ര വിശദമായ ഒരു മറുപടി എഴുതാന്‍ കാണിച്ച മനസ്സിന് നന്ദി.
അനിലിനും ഞാനിനും നന്ദി...
കാലം തെളിയിക്കട്ടെ അനിലേ. ഏതായാലും അടുത്ത ഇലക്ഷന് പാട്ടികള്‍ക്ക് എടുത്തിട്ട അമ്മാനമാടാന്‍ ഒരു വിഷയമായി. ഇതേ കരാര്‍ ഫ്രാന്‍സുമായി ഒപ്പിട്ടതിനെ പറ്റി ആരും ഒന്നും പറഞ്ഞതു കാണുന്നില്ലല്ലോ? അത് അമേരിക്കയുമായി ഒപ്പിട്ടത്ര 'പ്രശ്നമില്ലാത്ത' ഒരു കരാരാണോ? അതിലെ നിബന്ധനകള്‍ എന്തൊക്കെയാണ്? ഇത് അമേരിക്കയുമായി ആയതുകൊണ്ട് മാത്രമാണോ ഇത്ര ചര്‍ച്ചാ വിഷയമായത്? ആര്‍ക്കറിയാം, ഞാനും ഒരു സാധാരണക്കാരന്, ഇതെന്തു കുന്തം എന്നറിയാതെ മിഴിച്ചിരിക്കുന്നു.
ഫ്രാന്‍സുമായും റഷ്യയുമായുള്ള കരാറില്‍ ഇന്ധന പുനഃസംസ്കരണാവകാശം അവര്‍ നമ്മുക്ക് തരുന്നുണ്ട്. എന്നാല്‍ അമേരിക്കയുമായുള്ള 123 കരാറില്‍ അതില്ല. അമേരിക്ക ഇതിന് മുമ്പ് ജപ്പാനുമായും കൊറിയയായും 123 കരാര്‍ ഒപ്പു വെച്ചിട്ടുണ്ട്, അവര്‍ക്കൊക്കെ ഇന്ധന പുനഃസംസ്കരണാവകാശം ഉണ്ട്. ഇന്ത്യക്ക് മാത്രമില്ല. അതുമൊരു കാരണമാകാം. (ഞാന്‍ എന്ന വ്യക്തി ആണവോര്‍ജ്ജത്തിന് തന്നെ എതിരാണ്)
ആണവക്കരാറിന്റെ ദൂഷ്യങ്ങളെ പറ്റി വളരെ ആധികാരികമായ ഒരു പഠനം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയിട്ടുണ്ട്. അതും (in PDF format) പിന്നെ ഇത് വരെ ആണവക്കരാറിന്റെ ചൂഷകവശങ്ങളെ കുറിച്ചും ഇതു വരെ ബുലോകത്ത് വന്ന ലേഖനങ്ങള്‍ ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്. ദയവായി വായിക്കുക. പ്രതികരിക്കുക.
Post a Comment