ഇന്നത്തെ തീയതി :

Tuesday, March 17, 2009

വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവര്‍

അച്ഛന്‍ മരിച്ചിട്ട് ഏഴു വര്‍ഷവും അമ്മ മരിച്ചിട്ട് മൂന്ന് വര്‍ഷവും‍ കഴിഞ്ഞു. എങ്കിലും ഇപ്പോഴും ചില ദിവസങ്ങളില്‍ ഉറക്കത്തില്‍ രണ്ടു പേരെയും സ്വപ്നം കാണാറുണ്ട്. സ്വപ്നത്തില്‍ പലപ്പോഴും രണ്ടുപേരും എന്നോട് സംസാരിക്കാറുണ്ട്. ഉറക്കമെഴുനേല്‍ക്കുമ്പോള്‍ യത്ഥാര്‍ത്യവമായി പൊരുത്തപ്പെടുന്നു. പ്രവാസത്തിനിടെ ആണ് രണ്ടുപേരും എനിക്ക് നഷ്ടമായത്. അതു കൊണ്ട് തന്നെ രണ്ടു പേരുടേയും അവസാന നിമിഷങ്ങളില്‍ ഞാന്‍ അടുത്തില്ലായിരുന്നു. (അതെന്റെ സ്വകാര്യ ദു:ഖം). എല്ലാവര്‍ക്കും അനിവാര്യമായ മരണം അവര്‍ ഏറ്റുവാങ്ങിയെങ്കിലും എന്റെ മാതാപിതാക്കള്‍ എന്റെ മനസ്സില്‍ ഇന്നും ജീവിക്കുന്നു എന്നതിന്റെ തെളിവാണ് മേല്പ്പറഞ്ഞ എന്റെ സ്വപ്നങ്ങള്‍.

ജീവിതത്തില്‍ പലപ്പോഴും കുടുംബത്തില്‍ തന്നെ പലരുമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. അത് അച്ഛന് മകനോടോ മകന് അമ്മയോടോ സഹോദരന് സഹോദരിയോടോ ഒക്കെ ആവാം. പലപ്പോഴും സ്വത്തോ അല്ലെങ്കില്‍ ബന്ധുക്കളോ ആകാം ആ വഴക്കുകള്‍ക്ക് കാരണങ്ങള്‍. സമൂഹത്തില്‍ ഇതൊക്കെ കണ്ടും കേട്ടും തന്നെയാണ് ഞാനും വളര്‍ന്നത്. എന്റെ കുടുംബത്തിലും അല്ലറ ചില്ലറ പിണക്കങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് ഞാന്‍ പറയുന്നില്ല. അതൊക്കെ സ്വഭാവികം എന്ന് ഞാന്‍ കരുതുന്നു. എങ്കിലും എന്റെ മാതാപിതാക്കളെയോ സഹോദരങ്ങളേയോ 'വെറുക്കാന്‍' തക്ക എനിക്ക് കാരണങ്ങള്‍ ഒന്നുമുണ്ടായില്ല.

ചിലപ്പോഴെങ്കിലും വൃദ്ധസദനങ്ങള്‍ നല്ലതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ ചിലപ്പോഴെങ്കിലും ചിലര്‍ക്ക് സാധിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകാം. 'താല്‍ക്കാലിക പ്രവാസജീവിതം' ഒരു ഉദാഹരണം മാത്രം. (താല്‍ക്കാലികം എന്ന് എഴുതിയത് മനപൂര്‍‌വ്വം ആണ്. അതില്‍ ഡിപ്ലോമാറ്റുകള്‍ മുതല്‍ ഗള്‍ഫുകാര്‍ വരെ ഉള്‍പ്പെടും ). 'ചില' സീനിയര്‍ സിറ്റിസണ്‍സും വൃദ്ധസദനങ്ങളെ ഇഷ്ടപ്പെടുന്നതായി വായിച്ചിരുന്നു.

പക്ഷേ ചിലയിടങ്ങളില്‍ ഇതൊന്നുമല്ലാതെ തന്നെ അങ്ങേയറ്റം ഹീനമായ രീതിയില്‍ ചില വെറുക്കപ്പെടേണ്ട സര്‍പ്പസന്തതികള്‍ ജനിച്ച് വളര്‍ന്നു കൊണ്ടിരിക്കുന്നു. പണ്ടും ഉണ്ടായിരുന്നു, ഇന്നും തുടരുന്നു. ഒരു പ്രായം കഴിഞ്ഞ മാതാപിതാക്കളെ നോക്കാന്‍ മനസ്സിലാത്ത ഒരു തലമുറ ചിലയിടത്തെങ്കിലും വളരുന്നു എന്ന് വേണം കരുതാന്‍. (ഈ വാര്‍ത്ത ഒന്നു വായിച്ചുനോക്കൂ)ഇവനെയൊക്കെ വേണം തല മൊട്ടയടിച്ച് ചെരുപ്പുമാലയിട്ട് വഴിയിലൂടെ നടത്താന്‍. സ്വന്തം മാതാപിതാക്കളെ വഴിയിലുപേക്ഷിക്കാന്‍ തോന്നുന്ന ഇത്തരം പിശാചുക്കളെ എന്തു ചെയ്യണം?

X::::::::::::::::::: X::::::::::::::::::: X::::::::::::::::::: X::::::::::::::::::: X::::::::::::::::::: X
ഈ വാര്‍ത്തയുടെ ബാക്കി എന്തായി എന്നറിയില്ല. ഈ സംഭവം ഈ പോസ്റ്റിന് ഒരു വഴികാട്ടി മാത്രം. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി പലയിടത്തു നിന്നും കേള്‍ക്കുന്നു. ഇവര്‍ക്കെതിരെ പ്രതികരിക്കാന്ന് സമൂഹം തന്നെ തയ്യാറാകണം എന്നാണ് എനിക്ക് തോന്നിയത്.

19 comments:

അനില്‍ശ്രീ... said...

ചിലപ്പോഴെങ്കിലും വൃദ്ധസദനങ്ങള്‍ നല്ലതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ ചിലപ്പോഴെങ്കിലും ചിലര്‍ക്ക് സാധിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകാം. 'താല്‍ക്കാലിക പ്രവാസജീവിതം' ഒരു ഉദാഹരണം മാത്രം. (താല്‍ക്കാലികം എന്ന് എഴുതിയത് മനപൂര്‍‌വ്വം ആണ്. അതില്‍ ഡിപ്ലോമാറ്റുകള്‍ മുതല്‍ ഗള്‍ഫുകാര്‍ വരെ ഉള്‍പ്പെടും ). 'ചില' സീനിയര്‍ സിറ്റിസണ്‍സും വൃദ്ധസദനങ്ങളെ ഇഷ്ടപ്പെടുന്നതായി വായിച്ചിരുന്നു.

Bindhu Unny said...

കഴിവുണ്ടായിട്ടും മാതാപിതാക്കളെ നോക്കാത്ത മക്കളെ ക്രിമിനലുകളായി കണക്കാക്കണമെന്നാണ് എന്റെ അഭിപ്രായം.
മാതാപിതാക്കളാകട്ടെ മക്കള്‍ക്കായി മാത്രം ജിവിക്കുക എന്ന ചിന്താഗതി മാറ്റണം. മക്കള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം കൊടുക്കുക എന്നതില്‍ നില്‍ക്കണം അവരുടെ ഉത്തരവാദിത്തം. മാതാപിതാക്കളുടെ സ്വത്തും പണവും കണ്ട് മക്കള്‍ ഭാവികാര്യങ്ങള്‍ പ്ലാന്‍ ചെയ്യരുതെന്ന തിരിച്ചറിവോടെ അവരെ വളര്‍‌ത്തണം. ഇതിനര്‍‌ത്ഥം, മക്കളെ അകറ്റണമെന്നല്ല. സ്നേഹം വേറെ, സ്വത്ത് വേറെ. (ഇതിനെക്കുറിച്ച് ഞാനീയിടെ ഒരു പോസ്റ്റിട്ടിരുന്നു - http://colouredcanvas.blogspot.com/2009/03/parenting-saga.html - താത്പര്യമുണ്ടെങ്കില്‍ നോക്കുക)
വഴിവക്കിലുപേക്ഷിക്കപ്പെട്ട മാതാപിതാക്കള്‍ വീടും പറമ്പും വിറ്റില്ലായിരുന്നെങ്കില്‍, അവരുടെ അവസ്ഥ ഇതായിരുന്നിരിക്കില്ല.

അനില്‍@ബ്ലോഗ് // anil said...

വയസ്സായവര്‍ ഇന്നെല്ലാവര്‍ക്കും ഒരു ഭാരമായി മാറി.
എന്തു ചെയ്യാം !!

പാവപ്പെട്ടവൻ said...

മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുന്ന ഒരു നിയമം നിലവില്‍ വന്നിട്ടുണ്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത്

വളരെ മനോഹരമായിരിക്കുന്നു

K.V Manikantan said...

/മാതാപിതാക്കളുടെ സ്വത്തും പണവും കണ്ട് മക്കള്‍ ഭാവികാര്യങ്ങള്‍ പ്ലാന്‍ ചെയ്യരുതെന്ന തിരിച്ചറിവോടെ അവരെ വളര്‍‌ത്തണം./ bindhu. u r correct.

മലയാളികള്‍ എപ്പോഴും പ്രതീക്ഷിക്കുന്നു (തിരീച്ച്). പഠിപ്പിക്കുക വേണ്ടിടത്തോളം. പിന്നെ മക്കളെ പ്രതീക്ഷിച്ചിരിക്കാതെ സ്വന്തം കാര്യം നോക്കുക. മക്കള്‍ തിരിച്ച് നോക്കിയാലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം ലൈന്‍ സ്വീകരിക്കുക. അതിനു വേണ്ടി സ്വയം പര്യാപ്തത വരുത്തുക. ഉള്ള സ്വത്ത് വിറ്റോ മറ്റോ ഏതെങ്കിലും വൃദ്ധസദനത്തില്‍ അന്തസ്സായി പാര്‍ക്കാന്‍ മനസിനെ സജ്ജമാക്കുക.

ഒരു പുത്രനും പുത്രിയും /മറുനാട്-ഇന്ത്യയില്‍/ഗള്‍ഫ്/യുറോപ്പ്/അമേരിക്ക വയ്യാതെ കിടക്കുന്ന അച്ഛനേയോ അമ്മയേയോ പരിചരിക്കാന്‍ ജോലി ഉപേക്ഷിച്ച് വരും എന്ന് കരുതിയ മാതാപിതാക്കള്‍ മണ്ടന്‍മാര്‍. അവര്‍ വരുന്നത്, ഇന്നു കഴിയുമോ (തട്ടിപ്പോകുമോ) എന്നറിയാന്‍ മാത്രം.

എന്നിട്ടും, വയസ്സായ പാവം മലയാളി മാതാപിതാക്കള്‍ ടെന്‍ഷന്‍ അടിക്കുന്നു, മോനവിടെ അമേരിക്കയില്‍ മാന്ദ്യം ബാധിച്ചോ, മോളുടെ മോളൂടെ കല്യാണം കഴിയുന്നില്ലല്ലോ എന്നൊക്കെ ഓറ്ത്ത്.

K.V Manikantan said...

ഇതൂം കൂടി പ്രസ്കത്മാണെന്നു തോന്നുന്നു ഇതീന്റെ ഒപ്പം: http://vellezhuthth.blogspot.com/2009/03/blog-post_16.html

പകല്‍കിനാവന്‍ | daYdreaMer said...

ഈ നാട് എവിടേക്കാണ്... ? കഷ്ടം...

പാമരന്‍ said...

കഷ്ടം. അപ്പനെം അമ്മയേം നാട്ടില്‍ ഉപേക്ഷിച്ചു പോന്നവന്‍ തന്നെ ഞാനും. അതുകൊണ്ടു കൂടുതല്‍ പറയാന്‍ വയ്യ.

മെലോഡിയസ് said...

ഏതാണ്ട് സമാന സ്വഭാവമുള്ള സംഭവം രണ്ട് ദിവസം മുമ്പ് ടിവിയില്‍ കണ്ടിരുന്നു.

ചിലപ്പോള്‍ തങ്ങള്‍ക്കും പ്രായം ഏറി വരും, ചിലപ്പോള്‍ തന്റെ അച്ഛനും അമ്മക്കും വന്ന ഗതി തനിക്കും വരും എന്ന് ഇതൊക്കെ ചെയ്യുന്നവര്‍ ഓര്‍ക്കുന്നുണ്ടാവില്ല. അങ്ങിനെ ഓര്‍ത്തിരുന്നു എങ്കില്‍ ഇത് പോലെ ചെയ്യാന്‍ ആരും ഒന്ന് മടിക്കും :)

പ്രിയ said...

സ്വത്തിനേക്കാളും മിക്ക അച്ഛനമ്മമാരും ആഗ്രഹിക്കുന്നത് മക്കളോടും പേരക്കുട്ടികളോടും ഒപ്പം ഒരു ജീവിതം ആണ്. മിക്കവാറും അതാണവര്ക്ക് ശാപം ആകുന്നതും. അവസാനത്തെ തരി മണ്ണും മക്കളുടെ പേര്‍ക്കെഴുതി അവരുടെ കൂടെ ജീവിക്കാന്നോര്ക്കുമ്പോഴേക്കും മരുമക്കളുടെ (മക്കളുടെയും:) കണ്ണില്‍ കരടാവും. പിന്നെ ദുരിതം. ഉപേക്ഷിക്കപ്പെടുകയോ ഇറങ്ങിപ്പോവേണ്ടി വരികയോ ചെയ്യുന്നോരവസ്ഥയിലേക്കെത്തിക്കും.

ഇന്നലെ അമ്മ പറഞ്ഞു, പെരുമ്പാവൂരില് ഏതോ വീട്ടില്‍ അമ്മയേം അച്ഛനേയും വെളിയിലാക്കി വാതിലടച്ചു മകന് കുടുമ്പവുമൊത്ത് ബംഗ്ലൂര്ക്ക് യാത്ര പോയെന്ന്. തറവാട് പൊളിച്ച് മകന്‍ പണിത വീടിന്റെ കാര്‍്ഷെഡ്ഡില് പാവങ്ങള്‍. നാട്ടുകാരും പോലീസും എല്ലാം എത്തി വാതില്‍ കുത്തിപൊളിക്കാന് തുടങ്ങിയപ്പോള്‍ മകന് ഫോണ്‍ വിളിച്ചു പറഞ്ഞു അവര്‍ വരുന്നു എന്ന്.

വേറൊരമ്മയോട് മറ്റുള്ള മക്കളുടെ വീട്ടില്‍ പോയ് നിന്നുകൂടെ എന്ന് മരുമകളുടെ കലഹകഥയും
കേട്ട് കഴിഞ്ഞപ്പോള്‍ വളരെ വളരെ മുന്‍പ് തന്നെ ഏട്ടന്‍ തമാശക്ക് പറയാറുള്ളത് ഞാന്‍ അമ്മയോട് ആവര്‍ത്തിച്ചു. ' അമ്മക്ക് അമ്മയുടെ പേരില്‍ വീടും കഞ്ഞി കുടിക്കാനുള്ള വകയും എന്നും ഉണ്ടാവണം. ഞങ്ങള്‍ക്ക് സ്നെഹംഒരിക്കലും കുറയില്ല. എങ്കിലും നാളെ എന്തെങ്കിലും മാറ്റം ഉണ്ടായാലോ. വീടും പാടവും ഞങ്ങള്ക്കെഴുതിത്തരരുതേ. ഞങ്ങള്‍ ചോദിച്ചാലും തരല്ലേ '

നമ്മുടെ അച്ഛനമ്മമാര്‍ തനിയെ മനസിലാക്കില്ല. ഇനി സീനിയര്‍ സിറ്റിസണ്സ് ഇഷ്ടദാനം എഴുതുമ്പോള്‍ ഇനി ബാക്കി അവര്ക്കെന്തുണ്ടെന്ന് റജിസ്ട്രാര് ചെക്ക് ചെയ്യണം എന്നാ നിയമം വേണ്ടി വരുമോ

ബിന്ദു, 'Parenting saga' നല്ലൊരു പോസ്റ്റ് ആണ്. ആ aattittude അവര്‍ക്ക് വന്നേ മതിയാകു. (മാതാപിതാക്കള്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ തുക കൊണ്ട് ചെയ്യേണ്ട കാര്യങ്ങള്‍ മകന്/മകള്‍ പ്ലാന്‍ ചെയ്യേണ്ട :)

ചിതല്‍ said...

മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുന്ന ഒരു നിയമം നിലവില്‍ വന്നിട്ടുണ്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത് ...
ഇതേ അര്‍ത്ഥം വരുന്ന നിയമം ഉണ്ടോ...
---------
എന്താ പറയാ....

ശ്രീ said...

ഒരുപാട് പേരുണ്ട് അങ്ങനെ. പ്രായമാകുമ്പോള്‍ എല്ലാവര്‍ക്കും ബാധ്യത ആകുന്നവര്‍.

അനുഭവത്തില്‍ വൃദ്ധ സദനത്തില്‍ പോയ കഥ ഒരിയ്ക്കല്‍ ഞാനും എഴുതിയിരുന്നു .

അനില്‍ശ്രീ... said...

പ്രിയ പറഞ്ഞതിന്റെ മറുവശമാണ് ഞാന്‍ എന്റെ ഭാര്യയോടും എന്റെ കൂട്ടുകാരോടും പറയാറുള്ളത്. അതു തന്നെയാണ് ബിന്ദുവും, സങ്കുചുതനും പറഞ്ഞതും. ഇന്നത്തെ കാലത്ത് കുട്ടികളെ ഓര്‍ത്ത് വലിയ സ്വപ്നങ്ങള്‍ നെയ്യാതിരിക്കുക. അതു പറയുന്നതിന് നല്ലപോലെ വളര്‍ത്തിയാല്‍ ഒന്നും പേടിക്കേണ്ട എന്ന ലൈനില്‍ എതിര്‍‌വാദങ്ങള്‍ പലതും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അവരോടൊക്കെ ഞാന്‍ പറഞ്ഞിട്ടുള്ളത് എന്താണെന്നാല്‍, പതിനഞ്ച് വയസ്സു വരെയേ ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് കുട്ടികളില്‍ സ്വാധീനം കാണൂ, അതു കഴിഞ്ഞാല്‍ കുട്ടികള്‍ സ്വന്തം നിലയില്‍ ചിന്തിക്കാന്‍ തുടങ്ങുമെന്നാണ്. അതായത് അവരുടെ കാര്യങ്ങളില്‍ പിന്നീട് മാതാപിതാക്കള്‍ക്ക് ചെറിയ ഒരു ശതമാനം മാത്രമേ നിയന്ത്രണം കാണൂ. ഒരു ജോലി ആയിക്കഴിഞ്ഞാല്‍ അത് വീണ്ടും കുറയും. സ്വന്തമായി കുടുംബമാകുന്നതോടെ മാതാപിതാക്കള്‍ക്ക് കുട്ടികളിലുള്ള എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്നത്തെ കുടുംബവ്യവസ്ഥിതിയില്‍ ഉള്ളത്.

അവര്‍ ഇങ്ങനെയാകും അങ്ങനെയാകും എന്നൊക്കെ വിചാരിച്ച്, വലിയ പ്രതീക്ഷയോടു കൂടി വളര്‍ത്തിയിട്ട്, അവരുടെ ഭാഗത്ത് നിന്ന് ചെറിയ സ്വരപതര്‍‍ച്ച വരുമ്പോഴേ തകരുന്നവരാണ് ഇന്നത്തെ മാതാപിതാക്കള്‍. ആ ചെറിയ അസ്വാരസ്യം വളര്‍ന്ന് വെറുപ്പിലെത്താന്‍ സ്വത്തുക്കള്‍ ഒരു കാരണമാകുന്നതും സാധാരണം. തന്റെ കാലശേഷമല്ലാതെ മക്കളില്‍ എത്തിച്ചേരാത്ത കുറച്ചു സ്വത്തെങ്കിലും എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവണം. (സ്വത്തുള്ളവരുടെ കാര്യമാണ് പറയുന്നത്).

അനില്‍ശ്രീ... said...

"അവരുടെ കാര്യങ്ങളില്‍ പിന്നീട് മാതാപിതാക്കള്‍ക്ക് ചെറിയ ഒരു ശതമാനം മാത്രമേ നിയന്ത്രണം കാണൂ." എന്നത് അവരുടേതായ ചിന്തകളിലും തീരുമാനങ്ങളിലും എന്നാണ് ഉദ്ദേശിച്ചത്.

മാവേലി കേരളം said...

ഇവിടെ പറഞ്ഞതിനോടോക്കെ ഞാന്‍ അനുകൂലിക്കുന്നു. എന്നാല്‍ ഒരു സംശയം. സ്വന്തം മക്കളുടെ സ്വഭാവത്തിന് അച്ചനമ്മമാര്‍ ഉത്തരവാദികളല്ലേ?

അച്ചനുമമ്മയും പറയുന്നതല്ല ചെയ്യുന്നതാണ്‍് കുട്ടികള്‍ പഠിക്കുന്നത്. മറ്റുള്ളവരോടു കരുണ ദയ, സ്നേഹം ഇതൊക്കെ പഠിപ്പിക്കാതെ സ്വന്തം കാര്യം മാത്രം നോക്കി തന്നെയുമല്ല, മറ്റുള്ളവരെ നിന്ദിക്കയും അപഹസിക്കയും ഒക്കെ ചെയ്യുന്നതില്‍ ഒരു കുഴപ്പവുമില്ല എന്ന തരത്തിലാണ്‍് മലയാളികളുടെ ഭൂരി ഭാഗവും മക്കളെ വളര്‍ത്തുന്നത്. എന്നാല്‍ മക്കള്‍ വളര്‍ന്നു വലുതായി അതേപാഠം തന്നെ തങ്ങള്‍ക്കു നേരെ എടുക്കുമ്പോഴും മാതാപിതാക്കള്‍ തങ്ങള്‍ക്കു എന്തെങ്കിലും തെറ്റു പറ്റിയിരുന്നു എന്നു ചിന്തിക്കില്ല. അതിനു പകരമായി് മാതാപിതാക്കളൊട് അനിലുദ്ധരിച്ച വാര്‍ത്തയില്‍ കാട്ടിയ പോലെ പെരുമാറനമെന്നല്ല് ഉദ്ദേശിക്കുന്നത്.

ഇവിടെ പരിഹാരത്തേക്കുറിച്ചു പറയുകയുണ്ടായി. സ്വത്തും പണവും തീര്‍ച്ചയായും മാതാപിതാക്കള്‍ക്കു വേണം. പക്ഷെ അതുകൊണ്ടു മാത്രം മാതാപിതാക്കള്‍ക്കു സന്തോഷമുണ്ടാകും എന്നു ഞാന്‍ കരുതുന്നില്ല.

നമ്മുടെ കുടുംബങ്ങളില്‍ പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കുട്ടികളെ പഠിപ്പിക്കുക. അതു പോലെ ജീവികളെ സ്നേഹിക്കുക. മറ്റുള്ളവരെ കാണീക്കാന്‍ മാത്രം നല്ലവരാകാതെ യദ്ധാര്‍ഥത്തില്‍ കുടുംബത്തിനകത്ത് സമാധാനവും സന്തോഷവുമെന്തെന്നു മക്കളെ അറിയിച്ചു വളര്‍ത്തുക. അതുപോലെ അവര്‍ക്കു വേണ്ട് സ്വാതന്ത്ര്യവും കൊടുക്കുക. അതൊരു വഴിയാണെന്നാണ്‍് എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് എനിക്കു പറയാന്‍ കഴിയുന്നത്.

K.V Manikantan said...

നമ്മുടെ കുടുംബങ്ങളില്‍ പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കുട്ടികളെ പഠിപ്പിക്കുക. അതു പോലെ ജീവികളെ സ്നേഹിക്കുക. മറ്റുള്ളവരെ കാണീക്കാന്‍ മാത്രം നല്ലവരാകാതെ യദ്ധാര്‍ഥത്തില്‍ കുടുംബത്തിനകത്ത് സമാധാനവും സന്തോഷവുമെന്തെന്നു മക്കളെ അറിയിച്ചു വളര്‍ത്തുക. അതുപോലെ അവര്‍ക്കു വേണ്ട് സ്വാതന്ത്ര്യവും കൊടുക്കുക. അതൊരു വഴിയാണെന്നാണ്‍് എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് എനിക്കു പറയാന്‍ കഴിയുന്നത്.

മാവേലീ,
തീര്‍ച്ചയായും, അച്ഛന്‍ അമ്മയുടെ സ്വാധീനം തന്നെയാണ് മക്കളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്നത്. എന്നാല്‍, പ്രവാസിയുടെ മക്കള്‍, പലതും കാണുന്നില്ല. ഉദാ: അച്ഛന്റെ ചേട്ടനെ, വല്ല്യച്ഛന്‍ അങ്കിള്‍ എന്നു വിളിച്ച കുട്ടീ യുണ്ട്. പിന്നെ, നമ്മുടെ പഴയ കല്ലേച്ചി (പഴയ!) പറയൂന്നതു പോലെ, ഗള്‍ഫില്‍ മരണം എന്നാല്‍ കാണാതാവലാണ്. ‘മഴപെയ്യുമ്പോള്‍ വയലുകളില്‍...’ എന്ന ആ ഭീകരഗാനമോ, മാവു വെട്ടുന്നശബ്ദമോ അവര്‍ കേള്‍ക്കുന്നില്ല.

ഭീകരമായ ഒരു പ്രശ്നമാണ്, ഈ പ്രവാസി മക്കളെ കൊണ്ട് മാതാപിതാക്കള്‍ ക്കുണ്ടാകാന്‍ പോകുന്നത്. അതിനാല്‍ ഒന്നും expect ചെയ്യാതെ വളര്‍ത്തുക.

ഇന്‍ഷാ കൃഷ്ണാ!

അങ്കിള്‍ said...

അപ്പോള്‍ അനിലേ താങ്കള്‍ക്ക് ഒരു മകനാവാനേ കഴിഞ്ഞുള്ളൂ, ഒരു പുത്രനാകാന്‍ കഴിഞ്ഞില്ല, അല്ലേ. ആ ചിന്തയില്‍ ദുഃഖിക്കുന്നുണ്ടല്ലോ. അതു തന്നെയാണു പ്രായച്ഛിത്തവും.

അച്ഛനമ്മമാര്‍ക്ക് ഇതാ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞുകൊടുക്കേണ്ടതാണ്. എന്തു ചെയ്യാം, ഇതറിയാവുന്ന മക്കള്‍ പലരും ഇക്കാര്യം അവരുടെ അച്ഛനമ്മമാരില്‍ നിന്നും (പ്രത്യേകിച്ച് വിദ്യാഭ്യാസം കുറഞ്ഞവരില്‍ നിന്നും) മറച്ചു വയ്ക്കുന്നു.

സര്‍ക്കാര്‍ ഇത്രയൊക്കെ ചെയ്തു തന്നില്ലേ.

Kavitha sheril said...

ദൈവത്തിന്റെ വിക്രിത്തി... അല്ലാതെ പിന്നെ!!!!
അളവറ്റ് സ്നേഹികുന്നവരുടെ മാതാപിതാക്കളെ നേരത്തെ അങു വിളികും.........

സൂത്രന്‍..!! said...

സത്യം പറഞ്ഞാൽ ദൈവം പോലും പൊറിക്കില്ല ഇത്തരക്കാരോട്.............
നളെ നമ്മൾക്കും വയസ്സാവും എന്ന് ആരും ചിന്തിക്കറില്ല..

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി