ഇന്നത്തെ തീയതി :

Tuesday, May 12, 2009

ജോലിസാധ്യതയും പരസ്യങ്ങളും

കുറച്ച് നാളായി ടി വിയില്‍ കാണുന്ന ഒരു പരസ്യമുണ്ട്. സേഫ്റ്റി കോഴ്സിനെ പറ്റിയുള്ള ഒരു പരസ്യം. ഈയിടെ പുതിയ പരസ്യങ്ങളും കാണുന്നുണ്ട്. ഇവരുടെ തന്നെ മറ്റൊരു കോഴ്സിനെ പറ്റിയുള്ളത്.

X::::::::::::::::::::::::::::X X::::::::::::::::::::::::::::X X::::::::::::::::::::::::::::X

ഏകദേശം രണ്ട് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2007 ആഗസ്റ്റ് മാസത്തില്‍ ഞങ്ങളുടെ പ്രോജക്ടിന്റെ ആരംഭസമയം. ഗള്‍ഫില്‍ ചൂട് ഏറ്റവും അധികമുള്ള സമയം. വിസിറ്റ് വിസയില്‍ ഗള്‍ഫിലെത്തിയ ഒരു പയ്യന്‍ എന്റെ കൂട്ടുകാരന്റെ റെക്കമെന്റേഷനില്‍ സേഫ്റ്റി അസിസ്റ്റന്റ് ആയി ഞങ്ങളുടെ കമ്പനിയില്‍ വിസ അടിച്ച് ജോലിക്ക് കയറി. ഗള്‍ഫില്‍ നാല്പതിനായിരം ശമ്പളം മോഹിച്ചു വന്ന തുടക്കക്കാരനായ പയ്യന് തരക്കേടില്ലാത്ത ശമ്പളമായ 2500 ദിര്‍ഹമായിരുന്നു (അന്ന്‍ 28000 രൂപ വരും) നിശ്ചയിച്ചിരുന്നത്.
ആദ്യ ദിവസം ജോലിക്കു വന്ന പയ്യന് സുഡാനിയായ മാനേജര്‍ കൊടുത്ത പണി സൈറ്റില്‍ വരുന്ന വാഹനങ്ങളുടെ ഒക്കെ നിയന്ത്രണം ആയിരുന്നു. ഓര്‍ക്കുക അതും സൈറ്റിലെ സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയില്‍ ആണുള്ളത്. ട്രക്കുകളും ട്രെയിലറുകളും വന്നു കൊണ്ടേയിരിക്കും. അവ എങ്ങോട്ടൊക്കെ മാറ്റിയിടണമെന്നും, എങ്ങനെ Unload ചെയ്യണമെന്നും ഒക്കെ സേഫ്റ്റിക്കാര്‍ നിശ്ചയിക്കണം. സാധനങ്ങള്‍ ഇറക്കുമ്പോഴും ഇവരുടെ സാനിദ്ധ്യം അവിടെ വേണം. എന്തെങ്കിലും അപകടമുണ്ടാകാതെ നോക്കേണ്ടത് അവരാണല്ലോ.

ഇനിയാണ് പ്രശ്നം തുടങ്ങുന്നത്. ചൂട് സമയത്ത് ജോലിക്കിറങ്ങിയ പയ്യന്‍ ഉച്ചയാകുന്നതിന് മുമ്പേ മാനേജരുടെ അടുത്തെത്തി പറഞ്ഞു ,

"സാര്‍ ഞാന്‍ ഈ ജോലിക്കല്ല വന്നത്, എന്നെ സൈറ്റിലെ സേഫ്റ്റിയുമായി ബന്ധപ്പെട്ട ജോലിക്ക് ഇടൂ."

മാനേജര്‍ പറഞ്ഞു " ഇതും സേഫ്റ്റി ആഫീസറുടെ ജോലി തന്നെ".

ആര്‍ക്കു മനസ്സിലാകാന്‍. ഇതൊന്നും ഒരു പക്ഷേ ആ പയ്യന്‍ അവിടെ പഠിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിലും കൊച്ചിയില്‍ എവിടെയാ 48ഡിഗ്രി ചൂട്. അവനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ സീനിയര്‍ സേഫ്റ്റി എഞ്ചിനീയര്‍ " അച്ചായനും" ശ്രമിച്ചു. എവിടെ !! അവസാനം ഒരാഴ്ച്ചക്കുള്ളില്‍ കക്ഷി ജോലി മതിയാക്കി, വിസ അടിച്ചതിന്റെ കാശ് നാട്ടില്‍ നിന്നും വരുത്തി കമ്പനിയില്‍ അടച്ചിട്ട് നാട്ടിലേക്ക് മടങ്ങി.
X::::::::::::::::::::::::::::X X::::::::::::::::::::::::::::X X::::::::::::::::::::::::::::X

സേഫ്റ്റി കോഴ്സിന്റെ പരസ്യം ഇന്നും ടി.വിയില്‍ കണ്ടു. 'ടൈ' ഒക്കെ കെട്ടി സേഫ്റ്റി ഓഫീസര്‍ ആകാന്‍ ഒരുങ്ങിയിറങ്ങിയ ഒരു പയ്യന്‍ നായകനായ പരസ്യം. ഗള്‍ഫില്‍ നിന്ന്‍ സേഫ്റ്റി ഓഫീസേഴ്സിനെ ഒന്നും പിരിച്ചു വിട്ടിട്ടില്ല എന്നാണതില്‍ പറയുന്നത്. ഇതില്‍ എത്ര കണ്ട് സത്യമുണ്ടെന്ന് ഗള്‍ഫില്‍ ഉള്ളവര്‍ക്കറിയാമായിരിക്കും. കാറ്റഗറി നോക്കിയൊന്നുമല്ല പിരിച്ചു വിട്ടിരിക്കുന്നത് എന്നതാണ് സത്യം.
പറയാന്‍ വന്നത്, ഏത് കോഴ്സ് പഠിച്ചാലും ശരി, പരസ്യത്തില്‍ കാണുന്നതു പോലെയുള്ള സ്വപ്നങ്ങളുമായി പ്രവാസി ആയാല്‍ ഒരു പക്ഷേ നിരാശയാകും ഫലം. ടൈ കെട്ടിയ ജോലി മാത്രമേ ചെയ്യു എന്ന്‍ ശഠിച്ചാല്‍ കാര്യം പോക്കാ.....അത്ര തന്നെ.

ഇതേ പോലെയുള്ള കുറെ പുതിയ ജോലികളുടെ കാര്യം പരസ്യങ്ങളിലൂടെ അറിയാന്‍ സാധിച്ചു. ലിഫ്റ്റ് ടെക്‌നീഷ്യന്‍, എക്സ്റേ വെള്‍ഡര്‍.. പിന്നെന്തൊക്കെയാണ്.. അവയ്ക്കൊക്കെ ഗള്‍ഫില്‍ ഇത്ര ഡിമാന്റ് ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ഈ കോഴ്സുകള്‍ പഠിച്ചാല്‍ നല്ല് ജോലി കിട്ടില്ല എന്നര്‍ത്ഥമില്ല കേട്ടോ. പക്ഷേ, എല്ലാവര്‍ക്കും നാല്പ്പതിനായിരവും അമ്പതിനായിരവും കിട്ടണമെന്നില്ല. ഭാഗ്യമുള്ളവര്‍ക്ക് ഒരു പക്ഷേ, നല്ല ജോലി കിട്ടിയേക്കാം.

പുതിയ കോഴ്സുകള്‍ക്ക് ചേരുന്നവര്‍ അതിന്റെ സാധ്യതയെ പറ്റി കൂടി പഠിക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു. അല്ലെങ്കില്‍ മൈക്രോബയോളജി പഠിച്ച എന്റെ ബന്ധുവിന്റെ അവസ്ഥയാകും. പഠിച്ച കോഴ്സ് അനുസരിച്ചുള്ള ജോലി വളരെ അപൂര്‍‌വ്വം. MPH (Master in Public Health) പഠിച്ചിട്ട്, പഠിച്ചതു വച്ച് ജോലി കിട്ടാതെ, കിട്ടിയ ജോലിക്കു കയറിയ ഒരാള്‍ ഞങ്ങളുടെ അഡ്മിനിസ്ട്രേസഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഉണ്ട്. അയാള്‍ പറഞ്ഞത് " കയ്യിലുള്ള സര്‍ട്ടിഫിക്കറ്റ് കൊട്ടയിലും കൊള്ളത്തില്ല, കോണകത്തിലും കൊള്ളത്തില്ലാത്തതാണ് പിന്നെ എന്തു ചെയ്യാനാ, കിട്ടിയതിന് കേറി " എന്നാണ്.

16 comments:

അനില്‍ശ്രീ... said...

സേഫ്റ്റി കോഴ്സിന്റെ പരസ്യം ഇന്നും ടി.വിയില്‍ കണ്ടു. 'ടൈ' ഒക്കെ കെട്ടി സേഫ്റ്റി ഓഫീസര്‍ ആകാന്‍ ഒരുങ്ങിയിറങ്ങിയ ഒരു പയ്യന്‍ നായകനായ പരസ്യം. ഗള്‍ഫില്‍ നിന്ന്‍ സേഫ്റ്റി ഓഫീസേഴ്സിനെ ഒന്നും പിരിച്ചു വിട്ടിട്ടില്ല എന്നാണതില്‍ പറയുന്നത്. ഇതില്‍ എത്ര കണ്ട് സത്യമുണ്ടെന്ന് ഗള്‍ഫില്‍ ഉള്ളവര്‍ക്കറിയാമായിരിക്കും. കാറ്റഗറി നോക്കിയൊന്നുമല്ല പിരിച്ചു വിട്ടിരിക്കുന്നത് എന്നതാണ് സത്യം.
പറയാന്‍ വന്നത്, ഏത് കോഴ്സ് പഠിച്ചാലും ശരി, പരസ്യത്തില്‍ കാണുന്നതു പോലെയുള്ള സ്വപ്നങ്ങളുമായി പ്രവാസി ആയാല്‍ ഒരു പക്ഷേ നിരാശയാകും ഫലം. ടൈ കെട്ടിയ ജോലി മാത്രമേ ചെയ്യു എന്ന്‍ ശഠിച്ചാല്‍ കാര്യം പോക്കാ.....അത്ര തന്നെ.

Typist | എഴുത്തുകാരി said...

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പരസ്യം കാണുന്നതു് NIFE/NILT യുടേയുമൊക്കെയാണു്. അതില്‍ അവിടെനിന്നു പോയി ഉയര്‍ന്ന ജോലി കിട്ടിയവരുടെ പടങ്ങളും (അവരുടെ ശമ്പളവും) അഡ്ഡ്രെസ്സുമെല്ലാം കൊടുക്കും. ഒരു മാന്ദ്യവും അവരെ ബാധിക്കില്ലെന്നും. ഇതൊക്കെ കാണുമ്പോള്‍ എല്ലാവരും അവിടെ ചെന്നെത്തുന്നു. പഠിപ്പും കഴിഞ്ഞു, ജോലി കിട്ടി അവിടെ എത്തുമ്പോഴല്ലേ യഥാര്‍ത്ഥ കാര്യങ്ങള്‍ അറിയുന്നതു്.‍

Akshay S Dinesh said...

Thank you
പക്ഷെ ഇതിപ്പം എല്ലാരേം അറിയിക്കണല്ലോ

ഹരീഷ് തൊടുപുഴ said...

നന്ദി അനില്‍ചേട്ടാ; അവസരോചിതമായ പോസ്റ്റ്..
പക്ഷേ ആവശ്യക്കാര്‍ ഇതു കാണുന്നുണ്ടാകില്ല...

എങ്കിലും ഈ കോര്‍സുകളുടെ യഥാര്‍ത്ഥഗതി മനസ്സിലാക്കന്‍ കഴിഞ്ഞ എനിക്ക് കുറേ പേര്‍ക്കെങ്കിലും പകര്‍ന്നു കൊടുക്കാന്‍ കഴിയുമല്ലോ..

മെലോഡിയസ് said...

നാട്ടിലെ മിക്ക സേഫ്റ്റി കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപങ്ങളും പഠിപ്പിക്കാത്ത ഒന്നാണ് അനില്‍ശ്രീ പറഞ്ഞത്. എന്റെ സ്ഥാപനത്തിലും സമാന രീതിയില്‍ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഇവിടെ മിക്ക കമ്പനിയിലും ഈ പോസ്റ്റിനെ പറയുന്നത് തന്നെ HSE&S (Health,Safety,Environmental and Security) Officer അല്ലെങ്കില്‍ അസിസ്റ്റന്റ് എന്നാണ്. ഞാനും മേല്പറഞ്ഞ ഒരു സ്ഥാപനത്തില്‍ നിന്ന് തന്നെയാണ് പഠിച്ചിറങ്ങിയത്. അത് കാരണം തന്നെയാണ് എനിക്ക് ഈ പണി കിട്ടിയതും എന്ന് വിശ്വസിക്കുന്നു. പക്ഷേ, അവിടെ പഠിച്ചത് ഇതിന്റെ ഒരു ചെറിയ അംശം മാത്രം എന്ന് ഇവിടെ പണിക്ക് കേറിയാലേ അറിയു. ഇവിടെ വന്ന് അതിന് സംബന്ധമായ കാര്യങ്ങള്‍ തുടര്‍ന്നും പഠിച്ചാല്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി ഫീല്‍ഡില്‍ ഒരു പാട് ജോലി സാധ്യത ഇപ്പോഴുമുണ്ട്.

പിന്നെ എന്ത് കോഴ്സ് ചെയ്യാന്‍ പോകുമ്പോഴും, പഠിക്കാന്‍ പോകുന്ന കോഴ്സ് തനിക്ക് അനുയോജ്യമാണോ എന്ന് നോക്കുന്നത് നല്ലത്. അത്യാവശ്യം തണ്ടും, തടിയും, ആളുകളെ അനുനയിപ്പിച്ച് കാര്യം പറയാന്‍ ഉള്ള കഴിവും ഉണ്ടെങ്കില്‍ ഈ സേഫ്റ്റി ഓഫീസര്‍ പണിയില്‍ ഒരു കൈ നോക്കാം. എന്റെ മാനേജര്‍ ഇന്റര്‍വ്യു ചെയ്യുമ്പോള്‍ നോക്കിയിരുന്ന രണ്ട് പ്രധാന കാര്യങ്ങള്‍ മേല്‍ പറഞ്ഞ ഫിസിക്കല്‍ ഫിറ്റ്നസ്സും പിന്നെ കമ്യുണിക്കേഷന്‍ സ്‌കില്ലും. ഇത് രണ്ടും ഉണ്ടെങ്കിലേ വിവരം ഉള്ള സേഫ്റ്റി പേഴ്സണലിന് ജോലി മര്യാദക്ക് ചെയ്യാന്‍ പറ്റൂ എന്നാണ് പുള്ളി പറയുന്നത്.

പിന്നെ പിരിച്ച് വിടല്‍..ആരാ പറഞ്ഞത് ഇവിടെ പിരിച്ച് വിടല്‍ ഇല്ലാന്ന്..എന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് തന്നെ പകുതിയോളം ആളെ കുറച്ചു. പക്ഷേ ഒന്നുണ്ട്, ഈ ആളുകള്‍ക്ക് മൊത്തം എന്റെ കമ്പനി നല്‍കിയിരുന്നതിലും ഏകദേശം 30 മുതല്‍ 50 ശതമാനം ശമ്പള വര്‍ധനയില്‍ വേറെ ജോലി, പണി പോയി ഒരാഴ്ചക്കുള്ളില്‍ കിട്ടി. പണി അറിയാവുന്നവന് ( Atleast in HSE field) ഇവിടെ പണിയുണ്ട് എന്നതാണ് വാസ്‌തവം.

അനില്‍ശ്രീ... said...

ഈ കോഴ്സുകളെ തഴയണം എന്നല്ല ഞാന്‍ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത് എന്ന് പറഞ്ഞുകൊള്ളട്ടെ. കാരണം ജോലി സാധ്യത ഉള്ള ഫീല്‍ഡ് തന്നെയാണിത്. പക്ഷേ പ്രായോഗിക തലത്തില്‍ ഒരു തുടക്കക്കാരന് കിട്ടുന്ന ശമ്പളവും ജോലിയുടെ കാഠിന്യവും ഒന്നു മനസ്സിലാക്കണം എന്നാണ് കരുതിയത്. ഞാന്‍ പറഞ്ഞ 2500 തന്നെ കിട്ടണമെന്നില്ല.

പിന്നെ നല്ല ജോലികള്‍ കിട്ടും. പക്ഷേ അതിന് ഈ ക്വാളിഫിക്കേഷന്‍ മാത്രം പോര. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രമെന്റേഷന്‍ എന്നിവയില്‍ ഡിഗ്രിയോ, ഡിപ്ലോമയോ ഉള്ളവര്‍ ഈ കോഴ്സുകള്‍ പഠിച്ചിട്ട് വന്നാല്‍ ഒരു പക്ഷേ സേഫ്റ്റി ഓഫീസര്‍ ആയി ജോലി കിട്ടാന്‍ 'ചാന്‍സ്' ഉണ്ട്. അതും എക്സ്പീരിയന്‍സ് ഉള്ളവരുടെ അഭാവത്തില്‍ മാത്രം.

മെലോഡിയസ് പറഞ്ഞപോലെ ഇവിടെ വന്ന് എക്സ്പീരിയന്‍സ് ആയി കഴിഞ്ഞാല്‍ ജോലി കിട്ടുക ബുദ്ധിമുട്ടുള്ള കാര്യമല്ല. അത് ഏത് ഫീല്‍ഡില്‍ ആയാലും അങ്ങനെയാണല്ലോ. 25000-30000 ദിര്‍ഹംസ് ശമ്പളം വാങ്ങിക്കുന്നവരേയും നേരിട്ട് അറിയാം. പക്ഷേ അവര്‍ക്ക് പതിനഞ്ച് - ഇരുപത് വര്‍ഷവും അതിന് മേലെയും എക്സ്പീരിയന്‍സ് ഉണ്ട്.

പരസ്യങ്ങളില്‍ വരുന്ന മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി ഒത്തിരി സ്വപ്നങ്ങള്‍ കാണരുത് എന്നാണ് എനിക്ക് പറയാനുള്ളത്. നാല്പ്പതിനായിരം കിട്ടിയാല്‍ പോലും, ഇവിടുത്തെ ചിലവിനെ പറ്റി അനോണി ആന്റണിയുടെ ഈ പോസ്റ്റില്‍ ചര്‍ച്ച നടന്നിരുന്നു. അതു കൂടി കാണുക. എന്നിട്ട് വേണം മണിമാളികകള്‍ സ്വപ്നം കാണാന്‍.

ബയാന്‍ said...

ഇന്നു സേഫ്റ്റി ആയിരുന്നെങ്കില്‍ അന്ന് കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് (ഡിബേസ്, ഫോക്സ്പ്രോ, കോബോള്‍, കൊടച്ചക്രം എന്തൊക്കെ ആയിരുന്നു..അന്ന്) ഹോട്ടല്‍/ട്രാവല്‍മാനേജ്മെന്റുമായിരുന്നു. ഓരോ കാലത്തു ഓരോന്ന് മാറിമരിഞ്ഞുവരുന്നു. എങ്കിലും ഇത്തരം പരസ്യങ്ങള്‍ നല്ല നിലയില്‍ പഠിച്ചു ഡിഗ്രി നേടുന്നത് ഇല്ലാതാക്കാന്‍ സാധ്യത കൂടുതലാണ്, ശമ്പളത്തിന്റെ കണക്കും, ജോലി സാധ്യതയും സുരക്ഷയും രക്ഷിതാക്കളെയും കൌമാരപ്രായക്കാരെയും ആകര്‍ഷിക്കാന്‍ എളുപ്പമാണ്, ഒരു ബിരുദം ഇല്ലാതെ ഒരു ജോലി കണ്ടെത്താന്‍ എവിടെയും ബുദ്ധിമുട്ടുള്ള കാര്യമാണ്. ജോലിക്കയറ്റത്തിനും എവിടെയും മാനദണ്ഡമാക്കുന്നതും ഡിഗ്രി തന്നെ.

കുടുംബഭാരം ചുമലിലുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികളും, പ്രണയം തലക്കുപിടിച്ച കുരുത്തങ്കെട്ടവനുമൊക്കെയാണ് ഇത്തരം ഷോര്‍ട്കട്ടുകളില്‍ വീഴുന്നത്.

വാല്‍കഷ്ണം:
ഉച്ചഭക്ഷണം കഴിച്ചും കഴിക്കാതെയും പത്ത്കൊല്ലം മക്കളെ സ്കൂളിലയച്ചിട്ടും അവനെ ഒരാശാരി പോലുമാക്കാതെ പറഞ്ഞുവിടുന്ന വിദ്യാഭ്യാസത്തിന് പാവം രക്ഷിതാവ് എന്ത് ചെയ്യും.

പ്ലസ്റ്റു കഴിയുമ്പോഴേക്കും പാനിപ്പത്ത് യുദ്ധം പഠിപ്പിക്കുന്ന സമയം ടൈപിങ്ങ്, പൂ/പച്ചക്കറി കൃഷി, തയ്യല്‍(ഫാഷന്‍ ഡിസൈനിങ്ങ്), ബാര്‍ബര്‍ (ബ്യൂട്ടിഷന്‍),കുക്കിങ്ങ്, എഞ്ചിന്‍ മെകാനിക്, മേസന്‍, ......പോലെയുള്ള കൈതൊഴില്‍ പഠിപ്പിച്ചാല്‍ എവിടെയെത്തിയാലും നിന്നു പിഴക്കാന്‍ പറ്റും.

മിനിമം ക്വാലിഫിക്കേഷനായി ഒരു പത്തുപേര്‍ക്കു ഒരുനേരം കറിയും ചോറും ഉണ്ടാക്കാന്‍ അറിയാത്തവരെ ഗള്‍ഫിലേക്ക് അയക്കരുത്. അവര്‍ ബാചിറൂമില്‍ ഉള്ളിയരഞ്ഞുകരയേണ്ടിവരും. :)

Sureshkumar Punjhayil said...

Nalla sathyam... nannayirikkunnu. ashamsakal...!

Bindhu Unny said...

ഈ പരസ്യങ്ങളുടെ ഒക്കെ ഒരു ടോണ്‍ കേട്ടാലേ അതിശയോക്തി ആണെന്ന് തോന്നും. ഇതില്‍ മയങ്ങിപ്പോകുന്ന പാവങ്ങളുണ്ടാവും.

Anil cheleri kumaran said...

നല്ല പോസ്റ്റാണു. പക്ഷേ ഇതൊക്കെ ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ?

പകല്‍കിനാവന്‍ | daYdreaMer said...

Nalla post anil.

ഹന്‍ല്ലലത്ത് Hanllalath said...

ഉപകാര പ്രദവും കാലികവുമായ പോസ്റ്റ്‌....നന്ദി..

ചാണക്യന്‍ said...

പരസ്യങ്ങള്‍ക്കുള്ളിലെ ചതിയെ തുറന്ന് കാട്ടുന്ന പോസ്റ്റ്....
അഭിനന്ദനങ്ങള്‍....

തോമ്മ said...

അനില്‍ താങ്കളുടെ പോസ്റ്റ്‌ ശ്രധയര്ഹിക്കുന്നു .......മുഖ്യധാരാ പത്രങ്ങളും ചാനലുകളും ഇതിന്റെ സത്യാ അവസ്ഥ ചൂണ്ടിക്കാണിക്കാറില്ല ....കാരണം ഭീമമായ പരസ്യ വരുമാനം തന്നെ....

പിന്നെ ഇതിനൊക്കെ പോവുന്നവര്‍ക്ക് ബ്ലോഗുകള്‍ പലപ്പോഴും അപ്രാപ്യം ആണ്. വല്ല അത്യാവശ്യത്തിനു നെറ്റ് കഫേ യില്‍ കയറുന്നവന്‍ ബ്ലോഗ്‌ വായിക്കാന്‍ മെനക്കേടാരുമില്ല ....കൂടുതലും വലിയ ഫീസുകൊടുത്‌ പ്രഫഷണല്‍ വിദ്യാഭ്യാസം സാധിക്കാത്തവര്‍ ആണ് ഇവക്കു ചേരുന്നത് .നമ്മള്‍ ബ്ലോഗില്‍ പറയുന്നത് എത്തേണ്ടിടത്ത് എത്തുമോ എന്നുള്ള സംശയമേ ഉള്ളൂ...

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയപ്പെട്ട അനില്‍,
ഇതിന്റെ ഒരു കോമഡി രൂപം ഞാന്‍ പോസ്റ്റായി ഇട്ടിട്ടുണ്ട്. അതിന്റെ തിരകിലായതിനാല്‍ ഇവിടെ വരാന്‍ വൈകി. നമുക്ക് ഇങ്ങനെയൊക്കെയല്ലേ പ്രതികരിക്കാന്‍ പറ്റൂ. ദോ ലവിടെയും ഒന്ന് വരണേ!
http://vazhakodan1.blogspot.com/2009/05/blog-post_13.html

കല്യാണിക്കുട്ടി said...

:-)

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി