ഇന്നത്തെ തീയതി :

Wednesday, May 27, 2009

മാതൃഭാഷ മലയാളം തന്നെയല്ലേ?

ഇത് വായിക്കുന്ന നിങ്ങളൊക്കെ മലയാളികളാണെന്ന് എനിക്കറിയാം. ദേ തമാശ ! എന്നല്ലേ വിചാരിച്ചത്. തമാശ അല്ല, സീരിയസ്. മലയാളികള്‍ക്ക് മലയാളികളെ തിരിച്ചറിയാനും സ്നേഹിക്കാനും ബഹുമാനിക്കാനും ഇഷ്ടമില്ലാത്ത കാലമാണ് . പക്ഷേ ഇപ്പോഴും മലയാളത്തെ ഇത്തിരി എങ്കിലും ഇഷ്ടപ്പെടുന്നതു കൊണ്ടാവുമല്ലോ ഇത് വായിക്കുന്നവരും ഈ മലയാളം ബ്ലോഗ് ലോകത്ത് ചുറ്റിക്കറങ്ങുന്നത്.
മലയാളം സംസാരിച്ചതിന് തല മൊട്ടയടിച്ച സ്കൂളിന്റെ കഥയൊക്കെ പലരും പലവട്ടം പറഞ്ഞതാണെങ്കിലും ഇന്നും ഓര്‍ത്തു പോയി. ഓര്‍ക്കാന്‍ കാരണം ഡല്‍ഹി അപ്പോളോ ഹോസ്പിറ്റലിലെ രണ്ട് നേഴ്സുമാരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന്റെ വാര്‍ത്ത വായിച്ചപ്പോഴാണ്. പിരിച്ചു വിട്ടതിന്റെ കാരണം സിമ്പിള്‍ ! ലിഫ്റ്റിന്റെ അടുത്തു വച്ച് മലയാളത്തില്‍ സംസാരിച്ചു. ഇന്ത്യയിലെ ഔദ്ധ്യോഗിക ഭാഷകളില്‍ ഒന്നാണ് നമ്മുടെ "മലയാളം". ആ മലയാള ഭാഷ സംസാരിച്ചതിന് രണ്ടുപേരെ പിരിച്ചു വിട്ടിരിക്കുന്നു. ഡ്യൂട്ടി സമയത്ത് ഇംഗ്ലീഷ് മാത്രമേ സംസാരിക്കാന്‍ അനുവാദമുള്ളു പോലും. ശരിയായിരിക്കാം. റൂള്‍സ് അന്റ് റെഗുലേഷന്‍സ് പാലിക്കേണ്ടത് അവരുടെ കര്‍ത്തവ്യം ആയിരിക്കാം. പക്ഷേ ഈ നേഴ്സുമാര്‍ പറയുന്നത് അവര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളു എന്നാണ്. ഡ്യൂട്ടി സമയത്ത് തമ്മില്‍ തമ്മില്‍ സംസാരിക്കുന്നതിന് മാത്രമാണ് വിലക്ക് എന്ന് കരുതുന്നു.

റൂള്‍സ് ഉണ്ടാക്കുമ്പോള്‍ അത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുണ്ടോ എന്ന് നോക്കാന്‍ നമുക്ക് വകുപ്പുകള്‍ ഇല്ലേ? ഈ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ ഉന്നതന്മാര്‍ ആയിരിക്കാം. കാശുകാരായിരിക്കാം. പക്ഷേ ഇംഗ്ലീഷ് അറിയാത്തവരാണെങ്കില്‍ ചികിത്സ ഇല്ല എന്ന് പറയില്ലല്ലോ. ഇന്ത്യയിലെ ഏത് സ്ഥലത്താണെങ്കിലും ആശുപത്രികളില്‍ ചെന്നാല്‍ മലയാളി നേഴ്സുമാരാണധികവും. വിദേശത്താണെങ്കിലും അങ്ങനെ തന്നെ. വിദേശങ്ങളിലെ ആശുപത്രികളില്‍ പോലും സ്വന്തം ഭാഷ 'അത്യാവശ്യത്തിന്' ഉപയോഗിക്കുന്നതില്‍ വിലക്കില്ല എന്നാണ് കരുതുന്നത്.
ഇതിലൊക്കെ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം ഈ "ഉഷാ ബാനര്‍ജി" ഒരു മലയാളി ആണെന്ന് ദീപികയില്‍ വായിച്ചപ്പോഴാണ്. അത് ശരിയാണെങ്കില്‍ ശ്രീമതി ഉഷാ, നിങ്ങള്‍ മലയാളി ആണെന്നോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ജോലിയാണ് ചെയ്തത് എന്ന് ന്യായീകരിക്കുമെങ്കിലും സ്വന്തം സഹോദര്‍മാരോട് ഒന്നു ക്ഷമിക്കാമായിരുന്നു. അല്ലെങ്കിലും, എല്ലാം റൂള്‍സ് നോക്കി മാത്രമാണോ ചെയ്യുന്നത്, ചിലതെങ്കിലും മനസ്സാക്ഷിക്കനുസരിച്ചും ചെയ്യാമല്ലോ, പ്രത്യേകിച്ച് ആതുര സേവന രംഗത്ത്. മനുഷ്യത്വം എന്ന് പറയുന്നത് അതിനല്ലേ?
നേഴ്സ് മൂത്ത് സൂപ്രണ്ട് ആകുന്ന ഭൂരിപക്ഷവും ചെയ്യുന്നത് ഇതൊക്കെ തന്നെയാണ് എന്ന് തോന്നുന്നു. ജൂനിയേഴ്സിനെ റാഗ് ചെയ്യുമ്പോള്‍ സീനിയേഴ്സിന് കിട്ടുന്ന സുഖം ഇങ്ങനെയുള്ള പ്രവൃ‍ത്തികളില്‍ നിന്ന് അവര്‍ക്ക് കിട്ടുന്നുണ്ടാവാം.
മലയാളം സംസാരിച്ചു എന്ന ഒറ്റ കാരണത്താല്‍ ഈ നേഴുസുമാരെ പിരിച്ചു വിടാനുള്ള നീക്കത്തില്‍ ഒരു മലയാളി എന്ന നിലയില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

X :::::::::::::::::::: X :::::::::::::::::::: X :::::::::::::::::::: X

അറിയാതെ വന്ന് മലയാള നാട്ടില്‍ ജനിച്ചുപോയി എന്ന് കരുതുന്ന ചിലര്‍ മലയാളികളും ഇംഗ്ലീഷുകാരുമല്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അശ്രാന്തപരിശ്രമം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഈ വാര്‍ത്തക്കൊന്നും പ്രാധാന്യമില്ല എന്നറിയാം. ആഗോള ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷിനുള്ള പ്രാധാന്യം ഒട്ടും കുറച്ചു കാണാന്‍ സാധിക്കില്ല. എന്നിട്ടും നമ്മളുടെ ആള്‍ക്കാര്‍ നല്ല ഇംഗ്ലീഷ് ആണൊ പഠിക്കുന്നതെന്ന് എന്ന് കൂടി ചിന്തിക്കൂ. (മരമാക്രിയുടെ ഒരു പോസ്റ്റും അതിലെ ദേവന്റെ കമന്റും വായിക്കുക). പക്ഷേ മാതൃഭാഷ പഠിക്കുന്നതില്‍ വിമുഖത കാട്ടണമോ എന്ന് മാത്രം ചിന്തിക്കുക.


നാം ഒക്കെ മലയാളികളാണെന്നും മലയാളം നമ്മുടെ 'മാതൃ'ഭാഷ ആണെന്നും മലയാളം സംസാരിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നേണ്ട കാര്യമില്ലെന്നുമൊക്കെ നിങ്ങള്‍ക്ക് തോന്നുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുറ്റമല്ല എന്ന് തോന്നുന്നു. പിന്നെയോ ? സമൂഹത്തിന്റെ കുറ്റമായിരിക്കും അല്ലേ? !!!!!!!!

20 comments:

അനില്‍ശ്രീ... said...

മലയാളം സംസാരിച്ചതിന് തല മൊട്ടയടിച്ച സ്കൂളിന്റെ കഥയൊക്കെ പലരും പലവട്ടം പറഞ്ഞതാണെങ്കിലും ഇന്നും ഓര്‍ത്തു പോയി. ഓര്‍ക്കാന്‍ കാരണം ഡല്‍ഹി അപ്പോളോ ഹോസ്പിറ്റലിലെ രണ്ട് നേഴ്സുമാരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന്റെ വാര്‍ത്ത വായിച്ചപ്പോഴാണ്. പിരിച്ചു വിട്ടതിന്റെ കാരണം സിമ്പിള്‍ ! ലിഫ്റ്റിന്റെ അടുത്തു വച്ച് മലയാളത്തില്‍ സംസാരിച്ചു. ഇന്ത്യയിലെ ഔദ്ധ്യോഗിക ഭാഷകളില്‍ ഒന്നാണ് നമ്മുടെ "മലയാളം". ആ മലയാള ഭാഷ സംസാരിച്ചതിന് രണ്ടുപേരെ പിരിച്ചു വിട്ടിരിക്കുന്നു. ഡ്യൂട്ടി സമയത്ത് ഇംഗ്ലീഷ് മാത്രമേ സംസാരിക്കാന്‍ അനുവാദമുള്ളു പോലും. ശരിയായിരിക്കാം. റൂള്‍സ് അന്റ് റെഗുലേഷന്‍സ് പാലിക്കേണ്ടത് അവരുടെ കര്‍ത്തവ്യം ആയിരിക്കാം. പക്ഷേ ഈ നേഴ്സുമാര്‍ പറയുന്നത് അവര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളു എന്നാണ്. ഡ്യൂട്ടി സമയത്ത് തമ്മില്‍ തമ്മില്‍ സംസാരിക്കുന്നതിന് മാത്രമാണ് വിലക്ക് എന്ന് കരുതുന്നു.

ശ്രീ said...

ഞാനും പ്രതിഷേധം രേഖപ്പെടുത്തുന്നു

Aluvavala said...

പ്രതിഷേധിക്കാതെ....എവിടെപ്പോകാന്‍...! അല്ലെങ്കിലും പ്രതിഷേധിക്കാനല്ലേ പറ്റൂ....!

ramanika said...

മലയാളം സംസാരിച്ചു എന്ന ഒറ്റ കാരണത്താല്‍ ഈ നേഴുസുമാരെ പിരിച്ചു വിടാനുള്ള നീക്കത്തില്‍ ഒരു മലയാളി എന്ന നിലയില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

Appu Adyakshari said...

അനിൽശ്രീ, ന്യൂസ് ഞാനും കേട്ടു ഇന്നലെ. കേട്ടപ്പോൾ അല്പം വിഷമം തോന്നാതിരുന്നില്ല. അപ്പോളോ ആശുപത്രിയിൽ മലയാളം മാത്രം പറയാൻ അറിയാവുന്ന ഒരു രോഗി ചെന്നുപെട്ടാൽ എന്തായിരിക്കും സ്ഥിതി!!

ഹന്‍ല്ലലത്ത് Hanllalath said...

...എനിക്ക് തോന്നുന്നത് ആ നഴ്സുമാരോട്
നഴ്സിംഗ് സൂപ്രണ്ടിന് എന്തോ വ്യക്തി വിരോധം ഉണ്ടാകും എന്നാണ്...

ആർപീയാർ | RPR said...

കഷ്ടം !!
ഞാനും പ്രതിഷേധിക്കുന്നു..

Vadakkoot said...

അവിടത്തെ രോഗികളെ മലയാളം പറഞ്ഞാല്‍ കിഡ്നി അടിച്ചു മാറ്റുമോ എന്തോ...

ഒരു പക്ഷേ ഭാഷയായിരുന്നിരിക്കില്ല യഥാര്‍ത്ഥപ്രശ്നം.. എന്തെങ്കിലും വ്യക്തിപരമായ വൈരാഗ്യം കാണും...

ബയാന്‍ said...

തെറ്റുചൂണ്ടിക്കാട്ടിയതിന് ഏത്തമിടാന്‍ പറഞ്ഞപ്പോള്‍ കരണത്തിട്ട് രണ്ടുപൊട്ടിക്കാതെ ചെവിക്കുപിടിച്ച് ഏത്തമിട്ട ഒരു പാവം മലയാളിയെ ഇവിടെ കാണാം. അതും സ്വന്തം നാട്ടില്‍, സഹപ്രവര്‍ത്തകരുടെ മുന്നില്‍ നിന്നു.

മലയാളി നാട്ടിലും മല്ലുവല്ല, പുറംനാട്ടിലും മല്ലുവല്ല. എന്തോരു ജന്മാണിതപ്പാ.

t.k. formerly known as thomman said...

നാലുപേര്‍ കൂടിനില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കുക എന്നത് കേവലമര്യാദയാണ്. തൊഴില്‍ദായകര്‍ക്ക് അവരുടെ കസ്റ്റമേഴ്സിന്റെയടുത്ത് ഏതുഭാഷ ഉപയോഗിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നതിലും കുഴപ്പമില്ല; ഭാഷാസ്വാധീനം തൊഴിലിന്നുവേണ്ടുന്ന ഒരു സ്കില്‍ ആയി കണക്കാക്കാം.

പക്ഷേ, ഈ പിരിച്ചുവിടല്‍ തികച്ചും അപലനീയമാണ്; 2 വ്യക്തികളുടെ സ്വകാര്യസംഭാഷണം ശ്രദ്ധിക്കുന്നത് തന്നെ സംസ്ക്കാരത്തിന്റെ ലക്ഷണമല്ല.

ആശയവിനിമയത്തിന് അപ്പുറം ഭാഷ അധികാരത്തിന്റെയും സാംസ്ക്കാരികാടിമത്തിന്റെയും അടയാളമാകുന്ന നാട്ടിലെ സാധാരണകാഴ്ചയിലൊന്നാണ് ഇതും. ഇം‌ഗ്ലീഷിനോടും ഹിന്ദിയോടും പ്രത്യേകിച്ചും, മലയാളമല്ലാത്ത മറ്റേതു ഭാഷയോട് പൊതുവിലും മമത വച്ചുപുലര്‍ത്തുന്ന മലയാളിക്ക് ഇത്തരം അടികിട്ടുന്നത് സ്വഭാവികവുമാണ്.

ചാണക്യന്‍ said...

പ്രതിഷേധിക്കുന്നു....

അനില്‍ശ്രീ... said...

വിവിധ തലങ്ങളില്‍ നിന്നുള്ള ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിരിച്ചു വിട്ട നഴ്സുമാരെ തിരിച്ചെടുക്കാനും സൂപ്രണ്ടിനോട് വിശദീകരണം തേടാനും തീരുമാനമായതായി അറിയുന്നു. നല്ല കാര്യം.

ബഷീർ said...

അവർ മലയാളിയല്ല അനിൽശ്രീ. മലയാലി..

ഈ മലയാലികളാണ് മലയാളികൾക്ക് എവിടെയും പാര..

Unknown said...

മുടിഞ്ഞ മലയാളമേ
മുല പറിച്ച പരദെവതെ
നിനക്ക് ശരണം മഹാബലി
അടിഞ്ഞ പാതാളമേ... (ബാലന്‍)

Anil cheleri kumaran said...

മുദ്രാവാക്യം വിളിക്കുക തന്നെ..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

അങ്ങിനെ റൂളൊന്നും ഇല്ലെന്നാണ്‌ ഇന്നലത്തെ കണ്ടെത്തല്‍. അതോടെ ജോലിയില്‍ തിരിച്ചെടുക്കുകയും ചെയ്തു.

പക്ഷേ അതിലും വേദനിപ്പിക്കുന്ന ഒരു വാര്‍ത്ത ഇന്നലത്തെമാതൃഭൂമി പത്രത്തില്‍ വായിച്ചു. ദശാബ്ധങ്ങള്‍ പഴക്കമുള്ള ഒരു സ്ക്കൂളില്‍ (മലയാളം മീഡിയം) ഒരു കുട്ടിയും മൂന്നുഅദ്ധ്യാപകരും മാത്രം ബാക്കിയായ വാര്‍ത്ത. "ഒരു ഗ്രാമത്തെ മുഴുവന്‍ കണ്ണിരിലാഴ്ത്തിക്കൊണ്ട്‌"ആ സ്ക്കൂള്‍ എന്നേക്കു മായി അടക്കാന്‍ പോകുന്നത്രെ. ഗ്രാമവാസികള്‍ക്കു മലയാളവും സ്ക്കൂളും വേണ്ട. പക്ഷേ ഗ്രാമം (മാറിയിരുന്നിട്ടാവും) ആ സ്ക്കൂളിനു വേണ്ടി കണ്ണീരൊഴുക്കുന്നത്രെ.

മലയാളത്തിനോടുള്ള അവഗണന കൂടുതലായി കാണുന്നത്‌ കേരളത്തിലെ ആ വാര്‍ത്തയിലല്ലേ?

Lathika subhash said...

ഈ പോസ്റ്റ് ഉചിതമായി.
പ്രതിഷേധം അറിയിക്കുന്നു.

Suraj P Mohan said...

പ്രാദേശികമായ ഭാഷ വ്യതിയാനങ്ങള്‍ നമ്മള്‍ സ്വീകരിക്കുന്നില്ലേ? .. മലയാളം എന്ന് പറയുന്നതിന് പകരം മലയാലം എന്ന് പറയുന്നവരെയും അങ്ങനെ ഒരു വിഭാഗമായി കരുതിയാല്‍ മതി. എനിക്കറിയാം, പലരും അത് മനപൂര്‍വ്വം പറയുന്നതല്ല. അവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന മറ്റു ഭാഷയുടെ ചെറിയ സ്വാധീനമായി ഇതിനെ കരുതിയാല്‍ മതി. മലയാളത്തെ അവഗണിക്കുന്നു. എന്ന് കരുതി നാം ഭയപ്പെടേണ്ട കാര്യം ഒന്നും ഇല്ല. ആരും പഠിക്കാന്‍ ചെല്ലാത്ത ഒരു സ്കൂള്‍ പൂട്ടുമ്പോള്‍ നമ്മള്‍ വ്യാകുല പെടേണ്ട കാര്യവും ഇല്ല. പിന്നെ നമ്മുടെ മക്കളെ മലയാളം പഠിപ്പിക്കണം എന്ന അദമ്യമായ ആഗ്രഹം ഉണ്ടെങ്കില്‍ അത് വീട്ടില്‍ തന്നെ ആവാമല്ലോ? വളര്‍ന്നു കഴിയുമ്പോള്‍ എന്ത് തെരഞ്ഞെടുക്കണം എന്ന കാര്യം അവര്‍ക്ക് വിട്ടു കൊടുത്തേക്കൂ

Hashim said...

മലയാളം ലങ്ഗ്വിജ് സ്റ്റഡി ചെയ്യാന്‍ ദിഫ്ഫികുല്റ്റ് ആണ് എങ്കിലും അത് നമ്മുടെ മതര്‍ ലങ്ഗ്വിജ് അല്ലെ. കുട്ടികള്‍ ഡൈലി ന്യൂസ്‌ പേപര്‍ റീഡ് ചെയ്യണം . അവരെ അതിനു കമ്പല്‍ ചെയ്യണം. അത് അവരുടെ ഒരു മോര്‍ണിംഗ് ഹാബിറ്റ്‌ ആവണം .

Jomy said...

മാതൃഭാഷ സംസാരിക്കുന്നത് ഒരാളുടെ അവകാശമാണ്.മലയാളത്തെ രക്ഷിക്കുന്നതിന് ചില പ്രായോഗിക മാർഗങ്ങൾ :

1.സര്‍വകലാശാലതലം വരെ വിദ്യാഭ്യാസം മലയാളത്തിലാക്കും

2. വിവാഹ ക്ഷണ കത്തുകൾ മലയാളത്തിൽ അച്ചടിക്കുക
3.കോടതികളില്‍ വിനിമയങ്ങള്‍ മലയാളത്തില്‍
4. ഭരണ ഭാഷ ( ഭരണം ജനങ്ങളുടെ ഭാഷയിലാവണം)

5.കേരളത്തിലെ പൊതു ഗ്രന്ഥശാലകൾ സംരക്ഷിക്കുക

6.സർക്കാർ രേഖകൾ മലയാളത്തിൽ ആക്കുക

7.സർക്കാർ ഓഫീസകൾ,പൊതു മേഖല സ്ഥാപനങ്ങൾ,സർവകാലശാലകൾ,ആശുപത്രികൾ,കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളി ലെ ബോർഡുകൾ നിർബന്ധമായും മലയാളത്തിലേക്ക് മാറ്റുക

8. PSC പരീഷകൾ മലയാളികരിക്കുക.

9. മലയാളം ബ്ലോഗ്‌ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക

10.മലയാളം ഒരു പേപ്പർ ആയി എല്ലാ ക്ലാസ്സിലും പഠിപ്പിക്കുക

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി