ഇന്നത്തെ തീയതി :

Sunday, June 6, 2010

സ്വകാര്യ ഇന്‍ഷുറന്‍സ് മേഖല കെണിയോ ?

കഴിഞ്ഞ ആഴ്ച മനോരമയില്‍ വന്ന ഒരു ലേഖനവും - "എന്നാലും എന്റെ ഇന്‍ഷുറന്‍സ് സുന്ദരീ...". (ലേഖനം എന്നു പറയാമോ അതോ കഥ എന്ന് പറയണോ എന്നറിയില്ല ) അതിലെ കമന്റുകളും വായിച്ചപ്പോള്‍ ഇന്‍ഷുറന്‍സ്‌ ഏജന്റുമാര്‍ ആണ് കേരളത്തിലുള്ളതില്‍ വച്ചേറ്റവും നികൃഷ്ടരെന്നു തോന്നി. ഒരാള്‍ ഒരു കഥ എഴുതിയതായാണ് എനിക്ക്‌ തോന്നിയത്‌. പക്ഷേ ഗള്‍ഫില്‍ ജീവിക്കുന്ന ചിലര്‍ അതിനെഴുതിയ കമന്റ്‌ വായിച്ചപ്പോഴാണ് ജിവിക്കാന്‍ വേണ്ടി തങ്ങളുടെ ജോലി ചെയ്യുന്ന ഏജന്റുമാരെ അടച്ചാക്ഷേപിച്ചിരിക്കുന്നത്‌ കണ്ടത്‌.

അവധിക്കു നാട്ടില്‍ ചെല്ലുന്ന പ്രവാസികള്‍ക്ക്‌ പലപ്പോഴും ഇത്തരം ഏജന്റുമാര്‍ ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ടെന്നത്‌ നേരു തന്നെ. പക്ഷേ ആവശ്യവും കഴിവുമുണ്ടെങ്കില്‍ മാത്രമേ ഇത്തരം ഇന്‍ഷുറന്‍സ്‌ എടുക്കേണ്ടതുള്ളു. തങ്ങള്‍ക്ക്‌ ആവശ്യമില്ലെങ്കില്‍ അല്ലെങ്കില്‍ പ്രീമിയം അടക്കാന്‍ കഴിയില്ല എന്ന് തോന്നിയാല്‍ അവരെ നല്ല വാക്ക്‌ പറഞ്ഞ്‌ ഒഴിവാക്കമല്ലോ.

ഇന്‍ഷുറന്‍സ്‌ മേഖല ഇന്ന് ഒരു ഇന്‍വെസ്റ്റ്‌മന്റ്‌ മേഖലയായി മാറിയിരിക്കുന്നു എന്നത്‌ വസ്തുതയാണ്. സ്വകാര്യ-വിദേശ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ അധികവും മാര്‍ക്കറ്റ്‌ ബേസ്ഡ്‌ ഇന്‍വെസ്റ്റ്‌മന്റ്‌ പോളിസികള്‍ ആണ് ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്നത്‌. അത്‌ എപ്പോഴും റിസ്ക്‌ അടങ്ങിയതായിരിക്കും. ഒരു റിസ്കും ഇല്ലാതെ വെറുതെ ഇരട്ടി കാശ്‌ തരാം എന്നാരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുന്നവരെ പറഞ്ഞിട്ട്‌ കാര്യമില്ല. അവര്‍ പിന്നീട്‌ കാശ്‌ പോയി എന്ന് വിലപിച്ചിട്ട്‌ കാര്യമില്ല. അതിന്‍ ഏജന്റുമാരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല എന്നാണ്‍ എനിക്കു തോന്നുന്നത്‌.

പ്രസ്തുത ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം പോളിസി എടുത്തവന് കാശ് പോയതില്‍ ഒരു സങ്കടവും തോന്നേണ്ടതില്ല. അതു പോലെ എല്ലാ ഏജന്റുമാരും അയാള്‍ പറയുന്ന തരക്കാരുമല്ല.
 
പലപ്പോഴും ഏജന്റുമാര്‍ മുഴുവന്‍ കാര്യങ്ങളും പറഞ്ഞു തരുന്നില്ല എന്നത്‌ കാര്യമാണ്. അവര്‍ക്ക്‌ അതിലുള്ള അജ്ഞത ആണ് അതിന്റെ കാര്യം. പലര്‍ക്കും നെറ്റ്‌ വഴി ഈ ഫണ്ട്‌ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് പോലും അറിയില്ല. ഐ.സി.ഐ.സി.ഐ പോലെയുള്ള സ്വകാര്യ ഇന്‍ഷുറന്‍സ്‌ സ്ഥാപനങ്ങള്‍ സ്വന്തം ഫണ്ട്‌ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ "സ്വിച്ച്‌" ചെയ്യാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനു നല്‍കുന്നുണ്ട്‌. കുറച്ചൊരു ശ്രദ്ധ മാര്‍ക്കറ്റില്‍ ഉണ്ടെങ്കില്‍ സ്വന്തം കാശ്‌ നഷ്ടമാകാതെ നോക്കാം. ഇതൊന്നും നോക്കാന്‍ കഴിയാതെ കാശ്‌ ഇരട്ടിയാകും എന്നൊക്കെ വിചാരിച്ചിരുന്നാല്‍ മാര്‍ക്കറ്റില്‍ ഇടിവുണ്ടാകുമ്പോള്‍ ചിലപ്പോള്‍ കാശ്‌ പോയെന്നിരിക്കും. പക്ഷേ തിരികെ പഴയപോലെ ആകുകയും ചെയ്യും. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം ബാധിച്ച കഴിഞ്ഞ വര്‍ഷം പലര്‍ക്കും ഇങ്ങനെ കാശ്‌ പോയിട്ടുണ്ടാകാം. പക്ഷേ അവര്‍ക്കൊക്കെയും തന്നെ ഇപ്പോള്‍ പഴയ നിലയിലേക്ക്‌ എത്തിയിട്ടുണ്ടാകാം. അല്ലെങ്കില്‍ എത്താറായിട്ടുണ്ടാകാം. ആ നഷ്ടം ഏജന്റുമാരുടെ തലയില്‍ കെട്ടി വയ്ക്കുന്നത്‌ ശരിയല്ല. കാരണം ഇങ്ങനെ ഒരു തകര്‍ച്ച ആരും മുന്നില്‍ കണ്ടതല്ലല്ലോ.

ഇങ്ങനെ ഒക്കെ ആണെങ്കിലും ഒന്നു വച്ചാല്‍ പത്തു കിട്ടുമെന്ന വാക്ക്‌ വിശ്വസിച്ച്‌ എടുത്തു ചാടരുത്‌ എന്ന് കൂടി പറയട്ടെ. എടുക്കുന്ന പോളിസിയെ കുറിച്ചു അത്‌ എങ്ങനെ കൈകാര്യം ചെയ്യാം എന്നും സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുക. എന്നിട്ട്‌ മാത്രം യൂണിറ്റ്‌ ലിങ്ക്ഡ്‌ പോളിസികള്‍ എടുക്കുക.

ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്നതിനെ വരെ നിശിതമായി വിമര്‍ശിച്ചവരെ അതിന്റെ കമന്റുകള്‍ക്കിടയില്‍ കണ്ടു. തന്റെ മൂന്നു തലമുറക്കു വരെ സമ്പാദിച്ചു വച്ചിരിക്കുന്നവരെ ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു ഇന്‍ഷുറന്‍സ്‌ എങ്കിലും എടുത്തിട്ടില്ലാത്തവര്‍ ബുദ്ധിശൂന്യതയാണ് ചെയ്യുന്നത്‌ എന്ന് തോന്നുന്നു. പെട്ടെന്നുള്ള ഒരു അത്യാഹിതം സകല കണക്കു കൂട്ടലുകളും പിഴപ്പിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്‌. ആ സന്ദര്‍ഭത്തില്‍ തന്റെ ഉറ്റവര്‍ക്ക്‌ ഒരു സഹായം ആകും എന്നുറപ്പുണ്ടെങ്കില്‍ ഒരു പോളിസി എടുക്കുന്നതില്‍ എന്താണ് തെറ്റ്‌ എന്ന് മനസ്സിലാകുന്നില്ല.

ഏതായാലും സ്വകാര്യ ഇന്‍ഷുറന്‍സ് മേഖല കെണിയാനെന്ന് എനിക്കു തോന്നുന്നില്ല... കാരണം തീരുമാനമെടുക്കാന്‍ നമുക്ക് സ്വാതന്ത്ര്യം ഉണ്ടല്ലോ !!!!


::::::::::::::::::  അടിക്കുറിപ്പ്‌  :::::::::::::::::::


ഞാന്‍ ഒരു ഇന്‍ഷൂറന്‍സ്‌ ഏജന്റല്ല. മൂന്നാലു പോളിസികള്‍ കയ്യില്‍ ഉണ്ട്‌. വലിയ നഷ്ടമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ചെറിയ ലാഭം ഉണ്ടുതാനും..

9 comments:

അനില്‍ശ്രീ... said...

കഴിഞ്ഞ ആഴ്ച മനോരമയില്‍ വന്ന ഒരു ലേഖനവും - "എന്നാലും എന്റെ ഇന്‍ഷുറന്‍സ് സുന്ദരീ...". (ലേഖനം എന്നു പറയാമോ അതോ കഥ എന്ന് പറയണോ എന്നറിയില്ല ) അതിലെ കമന്റുകളും വായിച്ചപ്പോള്‍ ഇന്‍ഷുറന്‍സ്‌ ഏജന്റുമാര്‍ ആണ് കേരളത്തിലുള്ളതില്‍ വച്ചേറ്റവും നികൃഷ്ടരെന്നു തോന്നി. ഒരാള്‍ ഒരു കഥ എഴുതിയതായാണ് എനിക്ക്‌ തോന്നിയത്‌. പക്ഷേ ഗള്‍ഫില്‍ ജീവിക്കുന്ന ചിലര്‍ അതിനെഴുതിയ കമന്റ്‌ വായിച്ചപ്പോഴാണ് ജിവിക്കാന്‍ വേണ്ടി തങ്ങളുടെ ജോലി ചെയ്യുന്ന ഏജന്റുമാരെ അടച്ചാക്ഷേപിച്ചിരിക്കുന്നത്‌ കണ്ടത്‌.

സന്തോഷ്‌ said...

എല്ലാം അറിയുന്നവര്‍ എന്നാ ഭാവം ഉണ്ടെങ്കിലും ഓരോ ശരാശരി മലയാളിയും പല കാര്യങ്ങളിലും അജ്ഞരാണ്. പക്ഷെ സ്വന്തം അജ്ഞത പരിഹരിക്കുവാന്‍ ശ്രമിക്കുന്നതിനു പകരം അത് മറ്റൊരാളുടെ തലയില്‍ വച്ചുകെട്ടുവാനാണ് കൂടുതല്‍ പേര്‍ക്കും താല്പര്യം.

അനില്‍@ബ്ലോഗ് // anil said...

അനില്‍ശ്രീ,
പ്രസ്തുത ലേഖനത്തെക്കുറിച്ചല്ല മറിച്ച് സ്വകാര്യ ഇന്ഷുറന്‍സ് എന്ന സംഗതിയെയാണ് താങ്കള്‍ ന്യായീകരിക്കുന്നതെന്ന് തോന്നുന്നു. സ്വകാര്യ ഇന്ഷുറന്‍ രംഗം സേഫ് ആണെന്ന് താങ്കള്‍ക്ക് എങ്ങിനെ പറയാനാവും?
ലോകത്തിലെ നമ്പര്‍ വണ്‍ സ്ഥാപനമായിരുന്നു എ.ഐ.ജി , നമ്മുടെ നാട്ടില്‍ ടാറ്റയുമായിട്ടായിരുന്നു അവര്‍ക്ക് സംബന്ധം , എന്നാല്‍ ആ ഒന്നാം കിടക്കാരന്‍ ഇന്നെവിടെ? പൂട്ടിപ്പോയി ഇല്ലെ?
അതുപോലെ നിരവധി ധനകാര്യസ്ഥാപനങ്ങള്‍ ഇല്ലെ?

ഇന്ഷ്വര്‍ ചെയ്ത കമ്പനി തന്നെ ഉണ്ടാവുമോ‌ തീര്‍ച്ച പറയാന്‍ പറ്റാത്ത സ്ഥലത്ത് എന്തോന്ന് ഉറപ്പാണുള്ളത് ?

അനില്‍ശ്രീ... said...

സ്വകാര്യ മേഖലയെയോ സര്‍ക്കാര്‍ മേഖലയെയോ അല്ല അനില്‍.. ഏജന്റുമാരെ മാത്രം കുറ്റം പറയുന്ന ആ ലേഖനത്തെയും അതില്‍ വന്ന കമന്റുകളേയുമാണ് ഞാന്‍ എതിര്‍ക്കാന്‍ ശ്രമിക്കുന്നത്,., ആ കമന്റുകള്‍ മുഴുവന്‍ വായിച്ചു നോക്കിയോ?.. അതില്‍ പറയുന്നത് എല്ലാം വെള്ളം വിടാതെ വിഴുങ്ങാന്‍ എനിക്ക് കഴിയുന്നില്ല. പല കമന്റുകളും അറിവില്ലായ്മയുടെ ബഹിര്‍സ്ഫുരണം ആണ്.

പിന്നെ സ്വകാര്യ കമ്പനികള്‍ സേഫ് ആണോ എന്ന്.. അങ്ങനെ നോക്കിയാല്‍ ഏതാണ് സേഫ് ആയുള്ള പോളിസികള്‍,? ഷെയര്‍ മാര്‍ക്കറ്റ് തന്നെ ഒരു തരം ചൂതാട്ടമാണല്ലോ..

എല്‍ ഐ സി-യുടേതോ.. അവരും ഇപ്പോള്‍ ഇതു തന്നെയല്ലേ ചെയ്യൂന്നത്,, മാര്‍ക്കറ്റ് പ്ലസിന്റെ പരസ്യം കണ്ടില്ല എന്നുണ്ടോ?..


പിന്നെ ഞാന്‍ പറഞ്ഞല്ലോ.. റിസ്ക് ഇല്ലാത്ത ഒരു യൂണിറ്റ് പ്ലാനും ഇല്ല... അതെല്ലാം അറിഞ്ഞു കൊണ്ടു വേണം ഇതിന് പുറപ്പെടാന്‍.. എനിക്ക് എല്‍ ഐ സി മണി പ്ലസിന്റെയും പോളിസി ഉണ്ട്.. പക്ഷേ ഐ.സി.ഐ.സി ഐ നല്‍കുന്ന സ്വിച്ചിങ് ഓപ്ഷന്‍ എല്‍.ഐ സി തരുന്നില്ല. അതിനാല്‍ തന്നെ മാര്‍കറ്റ് വ്യതിയാനങ്ങള്‍ക്കനുസരിച്ച് സ്വിച്ച് ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല എന്ന ഒരു ചെറിയ കുഴപ്പം ഉണ്ട്.

ജനശക്തി said...

അനില്‍@ബ്ലോഗിന്റെ കമന്റിനു തുടര്‍ച്ചയായി ഈ കമന്റിനെ കാണുക.

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ തകര്‍ത്ത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ വാഴിക്കുക എന്ന ഒരു അജണ്ട നടപ്പിലായിക്കൊണ്ടിരിക്കുന്നുണ്ട്. വര്‍ക്കേഴ്സ് ഫോറം ബ്ലോഗില്‍ ഇന്‍ഷുറന്‍സ് എന്ന ലേബലിലെ ലേഖനങ്ങള്‍ ഈ വിഷയത്തിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നുണ്ട്.

എതിരാളി said...

ഇന്‍ഷൂറന്‍സ്‌ എജണ്റ്റുമാര്‍ ഒരു ശല്യം തന്നെ. മിക്കവാറും അവര്‍ വരിക എതെങ്കിലും അയല്‍ വാസിയുടെയോ ബന്ധുക്കളുടെയോ സുഹ്രുത്തുക്കളായിട്ടായിരിക്കും. അവരുടെ 'വാചകമടി' തന്നെ മടുപ്പാണു. എന്തൊക്കെ കാരണങ്ങള്‍ പറഞ്ഞ്‌ എത്ര മടക്കി അയച്ചാലും യാതൊരുളുപ്പുമില്ലാതെ പിറ്റേന്നും മുന്‍പില്‍ അതേ 'വാചകമടിച്ച്‌' നില്‍ക്കും. ഒടുക്കം (ആവശ്യമുണ്ടായിട്ടല്ല) ഇവണ്റ്റെ/ഇവളുടെ ശല്യം ഒഴിവാക്കാന്‍ പോളിസിയില്‍ ചേരുകയും പ്രീമിയം അടക്കാന്‍ ഇല്ലാത്ത കശുണ്ടാക്കുകയും ചെയ്യുന്നു. എന്നിട്ടോ എതാനും മാസമോ വര്‍ഷമോ കഴിഞ്ഞ്‌ എന്തെങ്കിലും ഒരു ആവശ്യത്തിനു ഈ എജണ്റ്റിനെ വിളിച്ചാല്‍ പറയും "ഞാന്‍ ഇപ്പോള്‍ ആ കബ്ബനിയിലല്ല ജോലി ചെയ്യുന്നത്‌!! നിങ്ങള്‍ വേണമെങ്കില്‍ അവരുടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടു നോക്കൂ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല!!" ഈ വന്ന ഒരൊറ്റൊരുത്തനെ വിശ്വസിച്ച അല്ലെങ്കില്‍ അവണ്റ്റെ ആവശ്യത്തിനുവേണ്ടി മാത്രമാണു ആവശ്യമില്ലാഞ്ഞിട്ടും നമ്മില്‍ പലരും ഇതില്‍ ചേരുന്നത്‌. ഇവിടെ തുടങ്ങുന്നു ഇന്‍ഷൂറന്‍സുമായി ബന്ധപെട്ട ചതികള്‍. കബ്ബനിയുടെ വക പലരീതിയില്‍ വേറെ! അത്‌ ക്ളൈയിം ചെയ്യുബ്ബോള്‍ അറിയാം.

ബയാന്‍ said...

anil: നല്ല നിര്‍ദ്ദേശം; ഓര്‍മ്മിപ്പിച്ചതിനു നന്ദി. ഇത്തവണ നാട്ടില്‍ ചെന്നാല്‍ ഒരു പോളിസിയെടുക്കണം.

Murali said...

ഇന്‍ഷുറന്‍സ്‌ മേഖല ഇന്ന് ഒരു ഇന്‍വെസ്റ്റ്‌മന്റ്‌ മേഖലയായി മാറിയിരിക്കുന്നു എന്നത്‌ വസ്തുതയാണ്.
ഇതിന്റെ അടിസ്ഥാന കാരണം വ്യാപകമായ സാമ്പത്തിക നിരക്ഷരതയാണ്. ഇന്‍ഷുറന്‍സും ഇന്‍‌വെസ്റ്റ്മെന്റും രണ്ടായിക്കാണണം. ഇന്‍‌വെസ്റ്റ്മെന്റ് പണം വര്‍ദ്ധിപ്പിക്കാനുക്കുള്ളതാണ് (growth), ഇന്‍ഷുറന്‍സ് പരിരക്ഷക്കുള്ളതും (protection). ഇതു രണ്ടും കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല, തെറ്റാണുതാനും. ULIp-കളില്‍ നിക്ഷേപിക്കുന്നതിന് പകരം ഒരു ടേം പോളിസി അതിന്റെ പത്തിലൊന്ന് ചിലവില്‍‌, പലമടങ്ങ് പരിരക്ഷയോടെ എടുക്കുകയാണ് നല്ലത്. ബാക്കിയുള്ള തുക മ്യൂച്വല്‍‌ ഫണ്ടില്‍ നിക്ഷേപിക്കുകയും ചെയ്താല്‍ ULIP-കളില്‍ നിന്നും കിട്ടുന്ന ആദായത്തിനെക്കാള്‍ വളരെ അധികമാവും. ഷെയര്‍മാര്‍ക്കറ്റ് ചൂതാട്ടമാണെന്നൊക്കെപ്പറയുന്നവര്‍ക്ക് എങ്ങനെ മാര്‍ക്കറ്റില്‍ നിക്ഷേപിക്കണമെന്ന ധാരണയില്ല എന്നാണ് കരുതേണ്ടത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപത്തിന് ഇക്വിറ്റിയാണ് ഏറ്റവും നല്ലത് - അതില്‍ നിന്നും ഉള്ള returns റിയല്‍ എസ്റ്റേറ്റിനെയും സ്വര്‍ണ്ണത്തെപ്പോലും കവച്ചുവക്കും.

ULIP-കളാണ് ഇന്ന് ഏറ്റവും അധികം mis-sell ചെയ്യപ്പെടുന്ന പ്രോഡക്ട്. ഇതില്‍ സ്വകാര്യ, സര്‍ക്കാര്‍ വ്യത്യാസമില്ല - mis-selling-ല്‍ മുന്‍പന്‍ LIC-യുടെ മാര്‍ക്കറ്റ് പ്ലസ്സാണ്. പലരും ലോണെടുത്തിട്ട് പോലും ഇതില്‍ നിക്ഷേപിച്ചിട്ടുണ്ടത്രേ! പക്ഷെ ULIP-കളെക്കാളെല്ലാം evil എന്നുപറയാവുന്നത് എന്‍‌ഡോവ്മെന്റ്, മണിബാക്ക് പോളിസികളാണ്. LIC മാത്രമുണ്ടായിരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റുപോയിരുന്നത് ഈ വിഭാഗത്തില്‍ പെട്ട പോളിസികളായിരുന്നു - ഒരുപക്ഷെ 95%-ല്‍ അധികം. ഇത് ഒരിക്കല്‍ എടുത്തുപോയാല്‍ രക്ഷയില്ല - മുഴുവന്‍ അടച്ചുതീര്‍ത്തില്ലെങ്കില്‍ വന്‍ നഷ്ടം വരും. അടച്ചുതീര്‍ത്താലും - ഒരിക്കലും റിട്ടേണ്‍സ് പണപ്പെരുപ്പത്തിനെ കടത്തിവെട്ടില്ല.

പക്ഷെ ഇതൊന്നും ഉന്നത ഉദ്യോഗത്തില്‍ ഇരിക്കുന്നവര്‍ക്കുപോലും അറിയില്ല എന്നതാണ് സത്യം. ഞാനും അടുത്തകാലം വരെ ഒരു നിരക്ഷരനായിരുന്നു എന്ന് സമ്മതിക്കട്ടെ. പ്രയോജനമില്ലാത്ത പല ULIP, endowment പോളിസികള്‍ എനിക്കുണ്ട്. നഷ്ടവും പറ്റിയിട്ടുണ്ട്. ഈ അജ്ഞതെയാണ് ഏജന്റന്മാരും ഇന്‍ഷുറന്‍സ് കമ്പനികളും മുതലെടുക്കുന്നത് (പല ഏജന്റന്മാരും നിരക്ഷരരാണ് എന്നത്‌ വേറെ കാര്യം). ബഹുഭൂരിപക്ഷത്തിനും ടേം പോളിസി എന്നൊന്ന് ഉണ്ടെന്ന് തന്നെ അറിയില്ല. അറിയുമ്പോളോ, ‘കാശുതിരിച്ചു കിട്ടില്ലല്ലോ - അതുകൊണ്ട് വേണ്ടാ’ എന്നായിരിക്കും പ്രതികരണം.

ഇതിനൊക്കെ ഒരേ ഒരു പരിഹാരം സാമ്പത്തിക സാക്ഷരത വര്‍ധിപ്പിക്കുകയാണ്. ഇതിലേക്കുള്ള ഒരു എളിയ ശ്രമമാണ് മനീഷ് ചൌഹാന്‍ എന്ന വ്യക്തിയുടെ Jago Investor എന്ന് ബ്ലോഗ് (www.jagoinvestor.com). ഈ ബ്ലോഗിന് കഴിയുന്നത്ര പബ്ലിസിറ്റി കൊടുക്കുവാന്‍ താത്പര്യപ്പെടുന്നു. (Disclaimer: എനിക്ക് പ്രസ്തുത ബ്ലോഗുമായി യാതൊരു ബന്ധവുമില്ല - വായനക്കാരനാണ് എന്നതൊഴിച്ചാല്‍. പ്രസ്തുത ബ്ലോഗില്‍ നിന്നും സാമ്പത്തിക ഉപദേശം തേടുന്നവര്‍ അത് സ്വന്തം റിസ്ക്കിലായിരിക്കും ചെയ്യുന്നത്.)

ഷൈജൻ കാക്കര said...

ഞാനും ഒരു നിരക്ഷരനാണ്‌. എന്നേക്കാൽ നിരക്ഷരരാണ്‌ ഏജന്റുമാർ!

പിണറായി-വി.എസ്സ്‌ അല്ലെങ്ങിൽ ഉമ്മൻ-ചെന്നിത്തല ചക്കളത്തി പോരാട്ടം വർണ്ണിക്കുന്ന സ്ഥലത്തിന്റെ വെറും 5% സ്ഥലം നമ്മുടെ പത്രങ്ങൾ ചിലവഴിച്ചിരുന്നുവെങ്ങിൽ കുറച്ച്‌ പേരെങ്ങിലും സാക്ഷരരായിരുന്നേനേ!

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി