ഇന്നത്തെ തീയതി :

Sunday, July 20, 2008

ജീവന്‍ നഷ്ടപ്പെടുത്തിയ മതമില്ലാത്ത ജീവന്‍

സമരമോ, സമരാഭാസമോ, അതോ സമരാക്രമണമോ? ഇതിനെ എന്ത് പേരില്‍ വിളിക്കണം? ഒരു പാവം അദ്ധ്യാപകന്റെ ജീവന്‍ എടുക്കുന്നിടം വരെയെത്തി മതമില്ലാത്ത ജീവന്‍. ആദ്യമൊക്കെ ഒരു പാഠം പിന്‍‌വലിക്കണം എന്നായിരുന്നു. അങ്ങനെ സമരം തുടരുന്നതിനിടെ പാഠം പരിഷ്കരിക്കാം എന്നായപ്പോള്‍ പുസ്തകം മുഴുവന്‍ പിന്‍‌വലിക്കണം എന്നായി. 'അമ്മയാണെ പുസ്തകം മാറ്റില്ല' എന്ന് സര്‍ക്കാരും. അവസാനം എല്ലാവരുടേയും വാശി മൂലം ഒരു കുടുംബത്തിന് നാഥന്‍ ഇല്ലാതെ ആയി. അതു തന്നെ ഫലം.

'മാതാ പിതാ ഗുരു ദൈവം' എന്ന് പണ്ടൊക്കെ പഠിച്ചിരുന്നു. ആ ചൊല്ലിനെ ഒരിക്കലും അംഗീകരിക്കാത്ത ഒരു സമൂഹമാണ് ഈ അദ്ധ്യാപകന്റെ മരണത്തിന് ഉത്തരവാദി എന്നത് യാദൃശ്ചികം ആയിരിക്കാം. പക്ഷേ പുസ്തകം കത്തിച്ചതിന്റെയും അപ്പുറം എത്തിയിരിക്കുന്നു മതചിന്തയുടെ ആക്കം.

ഈ പുസ്തകം പഠിച്ചത് കൊണ്ട് ഒരു കുട്ടിയും മത നിഷേധിയാകുകയോ, ഈ പുസ്തകം പിന്‍‌വലിച്ചത് കൊണ്ട് മതവിശ്വാസി ആകുമെന്നോ വിശ്വസിക്കാന്‍ എനിക്ക് കഴിയില്ല. കാരണം, ഞാന്‍ പഠിച്ച പുസ്തകത്തില്‍ ഒന്നും 'മതമില്ലാത്ത ജീവന്‍' ഇല്ലായിരുന്നു. അതിലൊന്നും ഇടത് പക്ഷ പ്രസ്ഥാനങ്ങളുടേതെന്ന് പറയുന്ന പാഠഭാഗങ്ങള്‍ ഇല്ലായിരുന്നു. എന്നിട്ടും എന്റെ തലമുറയില്‍ പെട്ടവരും പഴയ തലമുറയില്‍ പെട്ടവരും ഇന്നത്തെ പുത്തന്‍ തലമുറയില്‍ പെട്ടവരും ഇടത് പക്ഷ ചിന്താഗതിക്കാര്‍ ആയിട്ടില്ലേ? അവരൊക്കെ എങ്ങനെ ഈ വഴിക്ക് വന്നു എന്നാണ് ബഹുമാനപ്പെട്ട അച്ചന്മാരും പിതാക്കന്മാരും മുസലിയാന്മാരും കരുതുന്നത്? അവരെ ആരെയും ആരും പഠിപ്പിച്ചു വിട്ടതല്ല. സ്വയം ചിന്തിച്ച് വഴി തിരഞ്ഞെടുകയാണ് ചെയ്യുന്നത്. അപ്പോള്‍ പിന്നെ ഒരു പാഠഭാഗം വായിച്ച് എല്ലാവരും കമ്യൂണിസ്റ്റ്കാരാകും എന്ന് എങ്ങനെയാണ് നിങ്ങള്‍ വിശ്വസിക്കുന്നത്? അത്രക്ക് വിഡ്ഡികള്‍ ആണ് നിങ്ങളെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെന്തിനീ സമരാഭാസം?

ഏത് പുസ്തകം പഠിച്ചാലും തനിക്കുള്ള വഴി പലരും സ്വയം തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ വേദപുസ്തകവും ഖുറാനും പഠിച്ചവര്‍ ഇത്തരം കാടത്തം കാട്ടില്ലല്ലോ. അതില്‍ എഴുതിയത് അനുസരിക്കുന്നവര്‍ ആണോ ഇവരൊക്കെ. ഈശ്വരന് തുല്യം ആകില്ല എങ്കിലും അതിന്റെ ഇത്തിരി താഴെയെങ്കിലും കരുതേണ്ടവര്‍ അല്ലേ നമ്മുടെ അദ്ധ്യാപകര്‍? അറിയാതെ ഒരു കടലാസില്‍ ചവുട്ടിയാല്‍ തൊട്ടു തലയില്‍ വയ്ക്കാന്‍ പഠിപ്പിക്കുന്നവര്‍ ആയിരുന്നു പഴയ തലമുറ. ഇന്നിപ്പോള്‍ പുസ്തകം കത്തിച്ചാല്‍ 'അത് നന്നായി' എന്ന് പറയുന്നവര്‍ ആണ് സമൂഹ നേതാക്കള്‍. അതുപോലെ ഇത് മതനേതാക്കള്‍ നയിക്കുന്ന ഒരു സമരം എന്നതിനേക്കാള്‍ സമൂഹ്യവിരുദ്ധരുടെ ഒരു അക്രമ സമരം എന്നതിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

ഈ സര്‍ക്കാരും രാഷ്ട്രീയക്കാരും മത നേതാക്കളും തമ്മിലുള്ള വൈരത്തിന് ഇരയായ ഈ പ്രധാനാദ്ധ്യാപകന്‍ ശ്രീ ജെയിംസിന്റെ മരണത്തില്‍ എനിക്കുള്ള അനുശോചനം ഇതിനാല്‍ അറിയിക്കുന്നു. അതോടൊപ്പം എന്നെ പഠിപ്പിച്ച് ഈ കാലത്തോളം വഴി നയിച്ച അദ്ധ്യാപക സമൂഹത്തോട് ഈ സമൂഹദ്രോഹികള്‍ക്ക് വേണ്ടി ഞാന്‍ മാപ്പ് അപേക്ഷിക്കുന്നു.


********* **************** ********** *************
ഇനിയിപ്പോള്‍ ജയിംസ് എന്ന അദ്ധ്യാപകന്റെ രാഷ്ടീയമാവും ചിന്താവിഷയം. അല്ലെങ്കില്‍ അടുത്തതായി പരസ്പരം കുറ്റാരോപണങ്ങള്‍ ആയിരിക്കും. ഇതൊന്നുമല്ലാതെ ഈ സമരം നിര്‍ത്തുന്നതിനെ കുറിച്ച് പ്രതിപക്ഷമോ, ഈ പുസ്തകം പരിഷ്കരിക്കുന്നതിനെ കുറിച്ച് സര്‍ക്കാരോ ചിന്തിച്ച് നടപടിയെടുത്താല്‍ കൂടുതല്‍ ജീവന്‍ നഷ്ടപ്പെടാതെയിരിക്കും. ദൈവമുണ്ടെങ്കിലും ദൈവമില്ലെങ്കിലും മതമുണ്ടെങ്കിലും മതമില്ലെങ്കിലും " ജീവന്‍" തന്നെ വലുത്. ഇതെങ്കിലും ഓര്‍ക്കുക.

6 comments:

അനില്‍ശ്രീ... said...

ഇനിയിപ്പോള്‍ ജയിംസ് എന്ന അദ്ധ്യാപകന്റെ രാഷ്ടീയമാവും ചിന്താവിഷയം. അല്ലെങ്കില്‍ അടുത്തതായി പരസ്പരം കുറ്റാരോപണങ്ങള്‍ ആയിരിക്കും. ഇതൊന്നുമല്ലാതെ ഈ സമരം നിര്‍ത്തുന്നതിനെ കുറിച്ച് പ്രതിപക്ഷമോ, ഈ പുസ്തകം പരിഷ്കരിക്കുന്നതിനെ കുറിച്ച് സര്‍ക്കാരോ ചിന്തിച്ച് നടപടിയെടുത്താല്‍ കൂടുതല്‍ ജീവന്‍ നഷ്ടപ്പെടാതെയിരിക്കും. ദൈവമുണ്ടെങ്കിലും ദൈവമില്ലെങ്കിലും മതമുണ്ടെങ്കിലും മതമില്ലെങ്കിലും " ജീവന്‍" തന്നെ വലുത്. ഇതെങ്കിലും ഓര്‍ക്കുക.

കാസിം തങ്ങള്‍ said...

മതത്തിന്റെ പേരില്‍ രാഷ്ടീയ മുതലെടുപ്പിന്‌ ശ്രമിക്കുന്ന കാപാലിക കൂട്ടങ്ങള്‍ ചെയ്ത്കൂട്ടുന്ന വിക്രിയകള്‍ ഒരു നിരപരാധിയുടെ ജീവന്‍ അപഹരിച്ചിരിക്കുന്നു. മത നിയമങ്ങളോ അനുശാസനങ്ങളോ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത ഇത്തരം ദുശ്ശക്തികളെ ഒറ്റപ്പെടുത്തുക.

അപ്പു ആദ്യാക്ഷരി said...

ഇവിടെ മതവും ജീവനും ഒന്നുമല്ല അനിലേ പ്രശ്നം. അടുത്തുതന്നെ ലോൿസഭാ ഇലക്ഷൻ വരുന്നു. അടുത്ത നിയമസഭാ ഇലക്ഷനോടെ താഴെയിറങ്ങാൻ എല്ലാ വകുപ്പുകളും ഭരണകക്ഷി ചെയ്തുവച്ച് റെഡിയായിരിക്കുന്നു. ഇതിനെയൊക്കെയൊന്ന് ചൂടാക്കി നിറുത്താൻ ഇഷ്യൂസ് എന്തെങ്കിലുമൊക്കെ വേണ്ടേ? അതുതന്നെ കാര്യം. ഏതായാലും ഒരു പാവം കൂടി ഇതിനിടയിൽ രക്തസാക്ഷിയായി. ഒരു കുടുംബം അനാഥമായി. ഇതിൽ പ്രതിഷേധിച്ച് ബ്ലോഗർമാർ നാളെ ഒരു ഹർത്താൽ നടത്തുന്നു എന്ന് ഇന്ന് ഒരു പ്രത്രസമ്മേളനം നടത്തി വെറുതെ ഒന്നു പ്രസ്താവിച്ചാൽ മതി. കേരള ജനത ഒന്നടങ്കം നാളെത്തന്നെ ആ ഹർത്താൽ “സമ്പൂർണ്ണ വിജയമാക്കി” കൈയ്യിൽത്തരും. ഈ നാടിന്റെ ഒരു ഗതി!!

കനല്‍ said...

അവസാനം എല്ലാവരുടേയും വാശി മൂലം ഒരു കുടുംബത്തിന് നാഥന്‍ ഇല്ലാതെ ആയി. അതു തന്നെ ഫലം....

അത് മാത്രമാവുമോ ഫലം?
:(

ചന്ദ്രകാന്തം said...

ഈ ദുഷ്ടത ചെയ്ത അധമരെ ഒരു ദൈവവും ന്യായീകരിക്കില്ല.
മതവും രാഷ്ട്രീയവും കൂട്ടുകക്ഷികളായതുമുതല്‍.... ഈ വകുപ്പില്പ്പെട്ട അക്രമത്തിനു പഞ്ഞമില്ലാതായി നാട്ടില്‍.

അനില്‍ശ്രീ... said...

അഭിപ്രായങ്ങള്‍ക്ക് നന്ദി. ഇത് അഭിപ്രായം പറയാന്‍ പോലും കഴിയാത്ത ഒരു മരണം ആണല്ലോ. തികച്ചും നിരപരാധി ആയ ഒരു മനുഷ്യന്റെ ജീവന്‍ ആണ് നഷ്ടമായത് എന്ന് പറയാം. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പലപ്പോഴും ചില കാരണങ്ങള്‍ കണ്ടെത്താനാവും. അത് ചീഞ്ഞ രാഷ്ട്രീയ കാരണമാവും. പക്ഷേ ഇവിടെ അതൊന്നുമല്ലല്ലോ ഇവിടെ കണ്ടത്. ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ഇതൊക്കെ

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി