ഇന്നത്തെ തീയതി :

Wednesday, July 23, 2008

പണമാണ് വിശ്വാസം, പണമാണ് ഭരണം

വിശ്വാസ വോട്ട് എന്നു പറഞ്ഞാല്‍ എന്താ? ആരുടെ വിശ്വാസത്തിന്റെ വോട്ടാണത്? ഇതാണോ ജനാധിപത്യം? ഇവന്മാരാണോ ജനപ്രതിനിധികള്‍ ? ഇവരെ ആണോ നാം വോട്ട് ചെയ്ത് വിജയിപ്പിച്ചത്? ..... ഒരു സാധാരണക്കാരന്റെ ചോദ്യങ്ങള്‍ ഇങ്ങനെ നീളുന്നു.

നാലു വര്‍ഷങ്ങളിലായി ജനങ്ങള്‍ പല വിശ്വാസത്തിന്റെ പുറത്ത് വോട്ട് ചെയ്തു വിജയിപ്പിച്ച 541 ആള്‍ക്കാര്‍, പലതവണ മുന്നണി മാറിയവര്‍, പല കുറ്റങ്ങള്‍ക്കായി കേസ് നടക്കുന്നവര്‍, പല ആരോപണങ്ങള്‍ക്ക് വിധേയരായവര്‍, ഇവരുടെയെല്ലാം താല്പര്യം ആണോ ഒരു രാജ്യത്തിന്റെ താല്പര്യം എന്നു പറയുന്നത്? അല്ലെങ്കില്‍ തന്നെ ഇവരുടെ താല്പര്യം എന്താണ്? പണത്തില്‍ അല്ലേ ഇവരുടെ താല്പര്യം? അപ്പോള്‍ പിന്നെ മന്മോഹന്‍ സിംഗ് വിജയിച്ചു എന്ന് പറയുന്നതില്‍ എന്താണ് ഒരു യുക്തി? പണം ജയിച്ചു എന്ന് പറഞ്ഞാല്‍ പോരെ.

ആണാണെങ്കില്‍ മന്മോഹന്‍ സിംഗ് ഇപ്പോള്‍ ചെയ്യേണ്ടത് രാജി വച്ച് ഇലക്ഷനെ നേരിടുകയാണ്. എന്നിട്ട് ആണവ കരാര്‍ ഉയര്‍ത്തിക്കാട്ടി വോട്ട് നേടി , ജനങ്ങളുടെ വിശ്വാസം നേടി, അത് നടപ്പാക്കണം. അതായത് വോട്ടെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയാല്‍ ജനങ്ങളുടെ വിശ്വാസം നേടി എന്ന് പറയാമല്ലോ. അതിനുള്ള ധൈര്യം ആ തലപ്പാവിനുള്ളില്‍ ഉണ്ടോ ആവോ? ഏയ് അതെങ്ങനെ, മറ്റൊരാളുടെ കളിപ്പാവക്ക് സ്വയം തീരുമാനം എടുക്കാനാവില്ലല്ലോ. ഇതിപ്പോള്‍ നൂറു കോടിയിലധികം ജനങ്ങളെ മുഴുവന്‍ വിഡ്ഡികളാക്കി, പത്തോ ആയിരമോ വരുന്ന കുറെ രാഷ്ട്രീയ കോമാളികള്‍ നടത്തിയ കച്ചവടമല്ലേ ലോകം മുഴുവന്‍ കണ്ടത്.

സ്വതന്ത്രന്മാരുടെ "വില" അറിഞ്ഞ സമയമാണല്ലോ കഴിഞ്ഞത്. ഞാഞ്ഞൂലുകളും പത്തി വിടര്‍ത്തി. ഇനിയിപ്പോള്‍ മന്തിസഭാ വികസനം. ഒരു നൂറ് നൂറ്റന്‍പത് മന്ത്രി എങ്കിലും കാണും മന്ത്രിസഭയില്‍ എന്ന് തോന്നുന്നു. കാരണം സിമ്പിള്‍. മൂന്നും നാലും എം.പി-മാര്‍ ഉള്ള കക്ഷികള്‍ പോലും രണ്ട് മന്ത്രിമാരെ ചോദിക്കാതിരിക്കുമോ? കൊടുത്തില്ലെങ്കില്‍ നാളെ താഴെ കിടക്കും..

പിന്നെ, ഇടത്പക്ഷം ബി.ജെ.പി യെ പിന്തുണച്ചു എന്ന് പറയുന്നതില്‍ കഴമ്പില്ല എന്ന് എനിക്ക് തോന്നുന്നു. തങ്ങളുടെ ചിന്താഗതിക്കനുസരിച്ചല്ലാത്ത ഒരു തീരുമാനത്തെ എതിര്‍ക്കാന്‍ ജനാധിപത്യത്തില്‍ ഉള്ള മാര്‍ഗമാണ് ഇടത് പക്ഷം സ്വീകരിച്ചത്. ആ നിലപാടിന്റെ പുറത്താണ് പിന്തുണ പിന്‍‌വലിച്ചതും. പിന്തുണ പിന്‍‌വലിച്ച് കഴിഞ്ഞ് ആ പ്രശ്നത്തിന്റെ പേരില്‍ വന്ന വിശ്വാസ വോട്ടിനെ (ബി.ജെ.പി എതിര്‍ക്കുന്നു എന്നതിനാല്‍ ) എതിര്‍ക്കാതിരിക്കേണ്ട കാര്യമില്ലല്ലോ. പിന്തുണ പിന്‍‌വലിച്ച് കഴിഞ്ഞപ്പോള്‍ മുതല്‍ ഇടത്പക്ഷം പ്രതിപക്ഷത്തായി. പ്രതിപക്ഷത്ത് ബ്.ജെ.പി. ഉള്ളത് കൊണ്ട് ഞങ്ങള്‍ പ്രതിപക്ഷത്തിരിക്കില്ല എന്ന് എങ്ങനെ പറയും?

ഇടത് പക്ഷം ബി.ജെ.പി-ക്ക് വേണ്ടി വോട്ട് ചെയ്തു എന്ന് പല കേരള നേതാക്കളും പറയുന്നത് കേട്ടു. ഇവന്മാരുടെ തലക്കകത്ത് എന്താ, കളിമണ്ണ് ആണോ? ഇത് ബി.ജെ.പി കൊണ്ടുവന്ന "അവിശ്വാസ പ്രമേയം" അല്ലായിരുന്നു, മറിച്ച് സര്‍ക്കാര്‍ കൊണ്ടു വന്ന "വിശ്വാസ പ്രമേയം" ആയിരുന്നു. അതെങ്കിലും ഓര്‍ക്കണം. സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചു എന്ന് രാഷ്ടപതിക്ക് കത്തു കൊടുത്ത കക്ഷികള്‍ എതിര്‍ത്ത് വോട്ട് ചെയ്തതില്‍ അവരെ എന്തിന് കുറ്റം പറയണം ? അവരെ അടുത്ത് ഇലക്ഷനില്‍ കാണാം എന്ന് പറഞ്ഞാല്‍ പോരെ. ഇവര്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.

ഇതിനിടയില്‍ ഒരു കാര്യമൂണ്ട്. പുതുതായി വന്ന ചില കുട്ടികള്‍ക്ക് ഏതായാലും സീറ്റില്‍ ഇരിക്കാന്‍ പറ്റി. അല്ലെങ്കില്‍ രണ്ട് ദിവസത്തെ മാത്രം എം.പി ആയി പോയേനെ അവര്‍.

വാല്‍‍ക്കഷണം
അടുത്ത ഇലക്ഷനില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആകുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട് കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു. സ്വതന്ത്രന് ഇപ്പോള്‍ എന്താ ഒരു വില. നേരത്തെ ഒക്കെ ഒരു സൈഡില്‍ ഒതുങ്ങി ഇരുന്നിരുന്ന സ്വതന്ത്രന്‍ ഇപ്പോള്‍ നടുത്തളത്തില്‍ കുച്ചിപ്പുടി കളിക്കുന്നു. "..ഉം...മാക്രിയും ജ്യൂസ് കുടിക്കാന്‍ തുടങ്ങി.. അതും സ്ട്രോ ഇട്ട്..."

11 comments:

അനില്‍ശ്രീ... said...

വിശ്വാസ വോട്ട് എന്നു പറഞ്ഞാല്‍ എന്താ? ആരുടെ വിശ്വാസത്തിന്റെ വോട്ടാണത്? ഇതാണോ ജനാധിപത്യം? ഇവന്മാരാണോ ജനപ്രതിനിധികള്‍ ? ഇവരെ ആണോ നാം വോട്ട് ചെയ്ത് വിജയിപ്പിച്ചത്? ..... ഒരു സാധാരണക്കാരന്റെ ചോദ്യങ്ങള്‍ ഇങ്ങനെ നീളുന്നു.

അടുത്ത ഇലക്ഷനില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആകുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട് കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു. സ്വതന്ത്രന് ഇപ്പോള്‍ എന്താ ഒരു വില. നേരത്തെ ഒക്കെ ഒരു സൈഡില്‍ ഒതുങ്ങി ഇരുന്നിരുന്ന സ്വതന്ത്രന്‍ ഇപ്പോള്‍ നടുത്തളത്തില്‍ കുച്ചിപ്പുടി കളിക്കുന്നു. "..ഉം...മാക്രിയും ജ്യൂസ് കുടിക്കാന്‍ തുടങ്ങി.. അതും സ്ട്രോ ഇട്ട്..."

ചാണക്യന്‍ said...

ജനാധി പൈത്യത്തിന്റെ അനന്തസാധ്യതകളില്‍ ഗവേഷണം നടത്തി വിജയിച്ചവരാണ് ഇപ്പോള്‍ ഇന്‍ഡ്യ ഭരിക്കുന്നത്!

Joker said...

ലോകത്തെ വലിയ പോരിശയേറിയ ജനാധിപത്യരാജ്യമായ ഇന്ത്യ.ജനാധിപത്യ നാടകത്തിന്റെ എല്ലാ അങ്കങ്ങളില്‍ കൂടെയും അത് കടന്നു പോകുന്നു.ഭരണ സംവിധാനങ്ങളില്‍ കുറ്റമറ്റ രീതിയൊന്നുമല്ല അത്.പക്ഷെ ഇതിന്റെ ഏറ്റവും വലിയ ഒരു പോരായ്മ.തെരെഞ്ഞെടുത്തു കഴിഞ്ഞ് വിട്ടാ‍ല്‍ പിന്നെ മേമ്പര്‍ മാരെ തിര്‍ച്ച് പുറത്താക്കാന്‍ പറ്റുന്നില്ല എന്നാണ്.കൂടാതെ ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെടാതെ ജനങ്ങളെ ഭരിക്കാര്‍ ഒരുമ്പെട്ട് നടക്കുന്ന ശ്രീ.മന്മോഹനെ പോലുള്ള വരുടെയും കാര്യമാണ്.

ശ്രീ.ആന്റണി,വയലാര്‍ രവി തുടങ്ങിയ മന്ത്രിമാരെ യൊക്കെ ആരാണ് നമ്മെ ഭരിക്കാന്‍ തെരെഞ്ഞെടുത്ത് വിട്ടത്.ഇതെല്ലാം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ 50 കൊല്ലം കഴിഞ്ഞിട്ടും തുടരുന്ന പുണ്ണുകളോ ബാലാരിഷ്ടതകളോ ആണ്.

സ്ഥാനമാനങ്ങള്‍ ഒന്നും ആവശ്യപ്പെടാതെ പുറത്ത് നിന്ന് പിന്തുണച്ച ഇടതുപക്ഷത്തിന് ഇട്ട് കൊട്ടാനാണ് ഇപ്പോള്‍ എല്ലാവര്‍ക്കും താല്പര്യം.ആത്മവിശ്വാസമില്ലാത്ത ബിജെപി അവരുടെ മാടമ്പി സഹോദരന്മാര്‍ക്ക് ജയിക്കാല്‍നുള്ള ഒത്താശകള്‍ ചെയ്തു കൊടുത്തു എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

പണ്ട് ജന്മിമാരും,ജമീന്ദാര്‍മാരും ആണ് നാട് ഭരിച്ചിരുന്നത് കാരണം അവരുടേ കയില്‍ പണവും പത്രാസും ഉണ്ടായിരുന്നു ഇന്നും ഭരിക്കുന്നവര്‍ ഒരു മാറ്റവും വരാതെ നിലനില്‍ക്കുന്നു എന്നത് യാഥാര്‍ത്യം തന്നെ.പുകള്‍ പെറ്റ രാഷ്റ്റ്രീയ കങ്കാണിമാരെല്ലാം വലിയ വലിയ പണക്കാരും അല്ലെങ്കില്‍ പണച്ചാക്കുകളുടെ ദല്ലാളുമാരുമായിരുന്നു എന്നത് ഇന്നു തുടരുന്ന കഥയാണ്.അതിന്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.

അനില്‍ശ്രീ... said...

"ഇതിന്റെ ഏറ്റവും വലിയ ഒരു പോരായ്മ, തെരെഞ്ഞെടുത്തു കഴിഞ്ഞ് വിട്ടാ‍ല്‍ പിന്നെ മേമ്പര്‍ മാരെ തിര്‍ച്ച് പുറത്താക്കാന്‍ പറ്റുന്നില്ല എന്നാണ്" അതു തന്നെയാണ് ഞാന്‍ പറഞ്ഞത്. ഈ 541 പേരെ തെരെഞ്ഞെടുത്തപ്പോള്‍ ആണവ കരാര്‍ ജനങ്ങളുടെ മുമ്പില്‍ ഇല്ലായിരുന്നു.

ഇത്ര തന്ത്രപ്രധാന കരാര്‍ നടപ്പാക്കുന്നത് ഇങ്ങനെ കച്ചവടം നടത്തി ഭൂരിപക്ഷം ഉണ്ടാക്കിയിട്ട് വേണോ എന്നതാണ് ചോദ്യം. അത് ജനങ്ങളുടെ താല്പര്യം ആണെന്ന് എങ്ങനെ പറയും? വിവിധ ചേരികളില്‍ നിന്നവര്‍ പണത്തിനും പദവിക്കും വേണ്ടി ഉണ്ടാക്കിയതല്ലേ ഈ ഭൂരിപക്ഷം. വിശ്വാസ വോട്ടിന് മുമ്പ് അമേരിക്ക പറഞ്ഞത് ഒരു തൂക്കു പാര്‍ലമെന്റ് വന്നാല്‍ പോലും കരാറുമായി മുമ്പോട്ട് പോകും എന്നാണ്. അവര്‍ക്ക് ഈ കരാര്‍ നടപ്പാക്കാനുള്ള താല്പര്യം അതില്‍ നിന്ന് തന്നെ മനസ്സിലാകുമല്ലോ.

അതിനിടയില്‍ ദീപികയില്‍ വന്നമുഖപ്രസംഗം കണ്ടിട്ട് ചിരി വന്നു. ജൂലൈ 22, 2008 ഭാരതത്തിന്റെ അഭിമാന ദിനം എന്നതാണ് അവരുടെ മുഖപ്രസംഗത്തിന്റെ ആദ്യ വരി. ഇതാണ് യഥാര്‍ത്ഥ ജനാധിപത്യ ബോധം.

അനിയന്‍കുട്ടി | aniyankutti said...

കഷ്ടമുണ്ട് എന്നല്ലാതെന്തു പറയാന്‍!! വിജയം ആധികാരികം എന്നൊരു ചാനലിന്റെ തലക്കെട്ടു കണ്ടു. നാലു വോട്ടിന്റെ ഈ വിജയത്തെ ആധികാരികമെന്നൊക്കെ പറയാന്‍ തുടങ്ങിയാല്‍, ഒരു അമ്പതോ നൂറോ വോട്ടിന്റെ വിജയത്തെയൊക്കെ എന്തു പറയുമോ ആവോ! ദീപിക വായിച്ചു, സായൂജ്യമടഞ്ഞു!! ഹിഹി! കഷ്ടം!

കാസിം തങ്ങള്‍ said...

സര്‍‌ക്കാര്‍ എങ്ങനെയാണ്‌ വിശ്വാസവോട്ട് നേടിയതെന്ന്‌ കോടികളുമായി സഭയിലെത്തിയ എം പി മാരിലൂടെ പൊതുജനത്തിന്‌ മനസ്സിലാക്കാന്‍‌ കഴിഞ്ഞല്ലോ.

ബഷീര്‍ വെള്ളറക്കാട്‌ said...

>>ആണാണെങ്കില്‍ മന്മോഹന്‍ സിംഗ് ഇപ്പോള്‍ ചെയ്യേണ്ടത് രാജി വച്ച് ഇലക്ഷനെ നേരിടുകയാണ്. എന്നിട്ട് ആണവ കരാര്‍ ഉയര്‍ത്തിക്കാട്ടി വോട്ട് നേടി , ജനങ്ങളുടെ വിശ്വാസം നേടി, അത് നടപ്പാക്കണം <<


അനില്‍ ശ്രീ..

അങ്ങിനെയൊരു അബദ്ധം കാട്ടാന്‍ മാത്രം വിവരക്കേട്‌ പ്രതീക്ഷിക്കേണ്ടതുണ്ടോ ?

പണത്തിനു മീതെ ഒരു വിശ്വസവുമില്ല..

ബുഷ്‌ വിജയിച്ചു.. ഇന്ത്യയെ തോത്പിച്ചു..

അനില്‍ശ്രീ... said...

അങ്ങനെ ചെയ്യും എന്ന പ്രതീക്ഷയില്‍ എഴുതിയതല്ല ബഷീര്‍. ചേയ്യേണ്ടത് ഇതായിരുന്നു എന്നാണ് ഉദ്ദേശിച്ചത്. ഇത്ര വലിയ കച്ചവടം നടത്തിയവര്‍ അത് മുതലാക്കാനല്ലേ നോക്കൂ..

കനല്‍ said...

janadhipathyathil panadhipathiyam kadannu koodunnatha thinokay karanam. Bharanakakshi prathipaksham ennu 2 kakshikal mathram ayatha,LDF , Bjp bandham enna aaropanathinu erayaayath.

ഫസല്‍ said...

ബി ജെ പി എം പിമാര്‍ക്ക് അഡ്വാന്‍സ് കൊടുത്ത പണം പാര്‍ലിമെന്‍റിന്‍റെ മേശപ്പുറത്തെത്താന്‍ കാരണം അമര്‍സിംഹ് പണം കൊടുക്കുന്നതിന്‍ മുമ്പ് ബി ജെ പി തന്നെ എംപി യെ ഒതുക്കിയതുകൊണ്ടാണ്, അല്ലെങ്കില്‍ ഇതൊക്കെ ആരറിയാന്‍, അങ്ങനെ അറിയാത്ത അമൌണ്ട്മായി കുറേ എസ് പി അംഗങ്ങളും കൂറ്മാറിയില്ലെ?യു പി എയ്ക്കെന്നപോലെ ഇടത്-ബിജെപി സഖ്യത്തിനും അവരുടേതായ പങ്കുണ്ട്. ഈ പണം വാരിയെറിയലില്‍ രണ്ട് പേരും മത്സരിച്ചിരുന്നു, തലനരിഴക്ക് യു പി എ മുന്നിലെത്തി. അതുകൊണ്ട് തന്നെ ഇടത്-ബി ജെ പി കളുടെ ധാര്‍മ്മിക രോഷം കപടതയുടെ വലിയ കാന്‍വാസാണ്.

അനൂപ്‌ കോതനല്ലൂര്‍ said...

വിശ്വസങ്ങള്‍ നഷ്ടപെട്ട ഒരു ഭരണ സംവിധാനമാണ് നമ്മുക്കിന്നുള്ളത്.ഒരു മന്ത്രിയോ എം.എല്‍.എ ആയാല്‍ കിട്ടാവുന്നിടത്തോളം
കൈയ്യിട്ട് വാരുക.അതിനപ്പുറം എന്താണ്
ഇവര്‍ ചെയ്യുന്നത്.ഇല്‍ക്ഷന്‍ അടുക്കുമ്പോള്‍
ഏതു കുടിലിലും കയറി ഇറങ്ങി വോട്ടു വാങ്ങിക്കും
അതു കഴിഞ്ഞാല്‍ അടുത്ത് തെരഞ്ഞെടുപ്പ് വരണം
ഇവരെ ഒന്ന് കാണണമെങ്കില്‍ ഇവരെ ജനങ്ങള്‍ക്ക്
വിശ്വാസമില്ല.
മന്മോഹന്‍ സിങ്ങിന്റെ വില കളഞ്ഞൂ.
ഈ വിശ്വാസവോട്ട്

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി