ഗള്‍ഫില്‍ സ്ഥിതി വഷളായി കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്യം ആളുകള്‍ക്ക് മനസ്സിലായി കൊണ്ടിരിക്കുന്നു എന്ന് കരുതുന്നു. ( തലക്കെട്ട് കണ്ടിട്ട് ഇന്നാണോ ഇത് അറിഞ്ഞത് എന്ന് ചോദിക്കരുത്. പ്രത്യക്ഷത്തില്‍ വരാന്‍ തുടങ്ങി എന്നതാണ് കാരണം). ഇപ്പോഴും ഇവിടുത്തെ ഗവണ്മെന്റുകള്‍ ഒന്നും അംഗീകരിക്കുന്നില്ലെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യം ഗള്‍ഫിനെ സാരമായി ബാധിച്ചു തുടങ്ങി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കുറഞ്ഞ പക്ഷം റിയല്‍ എസ്റ്റേറ്റ് മേഖലയെ എങ്കിലും.
(എനിക്ക് അറിയാവുന്ന) യു. എ.ഇ- യിലെ കാര്യം നോക്കിയാല്‍, ആദ്യം ദുബായ് ആണ് ഓര്‍മ്മയില്‍ എത്തുന്നത്. കാരണം എണ്ണപ്പണമില്ലാതെ ബിസിനസ്സ് കൊണ്ട് സാമ്പത്തിക രംഗം പിടിച്ചു നിര്‍ത്തുന്ന ദുബായിലാണ് ആദ്യമായി ഇത് ബാധിച്ചു തുടങ്ങിയത് എന്ന് തോന്നുന്നു. ബാങ്കിങ് മേഖലയാണ് ആദ്യമായി പ്രതിരോധത്തിലൂന്നിയത് എന്നും തോന്നുന്നു. Job cutting മുന്നില്‍ കണ്ട് ലോണുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുനര്‍ക്രമീകരിച്ചത് തന്നെ ഉദാഹരണം. അപ്രൂവ് ആകാറായ ലോണുകള്‍ പോലും പലര്‍ക്കും നിഷേധിക്കപ്പെട്ടു. ലോണിനുള്ള കുറഞ്ഞ ശമ്പള പരിധി 20,000 ദിര്‍ഹം വരെ ഉയര്‍ത്തിയ ബാങ്കുകളുമുണ്ട്.
ഇനി റിയല്‍ എസ്റ്റേറ്റിന്റെ കാര്യമെടുക്കാം. ആറുമാസം മുമ്പ് വരെ ഒരോ ദിവസവും ഓരോ പ്രോജെക്റ്റ് അനൗണ്‍സ് ചെയ്തിരുന്ന പല വമ്പന്മാരും തങ്ങളുടെ പ്രോജക്റ്റുകള്‍ തുടങ്ങിയതു പോലും നിര്‍ത്തി തടിയൂരാനുള്ള പുറപ്പാടിലാണ്. ഒന്നുകൂടി ശരിയായി പറഞ്ഞാല്‍ തടിയൂരിക്കൊണ്ടിരിക്കുകയാണ്. ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതു തന്നെയാണ്. ഡിമാന്റിനും അധികം യൂണിറ്റുകള്‍ നിര്‍മ്മിച്ച് അമിതലാഭം പ്രതീക്ഷിച്ചിരുന്നപ്പോള്‍ ആരും ഈ ഒരു ഇടിവ് പ്രതീക്ഷിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍. നിര്‍മ്മാണ മേഖലയുടെ കുതിപ്പിന് കടിഞ്ഞാണ്‍ ഇടണമെന്ന്, അതായത് Slow Down അനിവാര്യമാണെന്ന് ഒരു വര്‍ഷം മുമ്പേ പല സാമ്പത്തിക വിദഗ്ദരും മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ അമിത ലാഭം എന്ന ഒറ്റ കാരണത്താല്‍ എല്ലാവരും അത് അവഗണിച്ചു. ഇപ്പോള്‍ പല യൂണിറ്റുകള്‍ക്കും 40-50% വില കുറഞ്ഞിരിക്കുന്നുവെങ്കിലും വാങ്ങാന്‍ ആളില്ലാത്ത സ്ഥിതി. (തറവാടിയുടെ ഈ പോസ്റ്റ് അനുബന്ധമായി വായിക്കാം).
ഇതിന്റെ പരിണിതഫലം ഇപ്പോള്‍ എല്ലാ മേഖലയിലേക്കും ബാധിക്കുന്നു. സാധാരണക്കാരനിലേക്ക് പോലും അത് പല രൂപത്തില്‍ എത്തി തുടങ്ങിയിരിക്കുന്നു. നിര്‍മ്മാണ മേഖലയിലെ പല കമ്പനികളും ആളുകളെ കുറച്ചു കൊണ്ടിരിക്കുന്നു. അതില്‍ 800 ദിര്‍ഹം ശമ്പളമുള്ള തൊഴിലാളികളും 60000 ദിര്‍ഹം ശമ്പളമുള്ള മാനേജരും ഉള്‍പ്പെടുന്നു എന്നതാണ് വാസ്തവം. എല്ലാ ഡവലപ്പേഴ്സും അനിവാര്യമായ ഈ "Fat cutting" നടത്തുന്നതായാണ് അറിവ്. Emaar, Nakheel, Damac, Better Homes, Dubai Properties എന്നു വേണ്ട ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വമ്പന്മാരെല്ലാം ഈ കട്ടിങ് നടത്തിക്കഴിഞ്ഞു. സാങ്കേതിക രംഗത്തും അഡ്മിനിസ്ട്റേഷന്‍ രംഗത്തും മാത്രമായി 300 മുതല്‍ 800 വരെ ആള്‍ക്കാരെയാണ് ഓരോ കമ്പനിയും കുറച്ചിരിക്കുന്നത്. എന്റെ സുഹൃത്തുക്കളും ജോലി പോയവരില്‍ പെടുന്നു.
ഇവരുടെ ഒക്കെ പല പ്രോജക്റ്റുകളും പാതി വഴിക്ക് ഉപേക്ഷിക്കപ്പെട്ടു. ടൂറിസം രംഗവുമായി ബന്ധപ്പെട്ട പ്രോജക്റ്റുകള്‍ പലതും നിര്‍ത്തിയതില്‍ ഉള്‍പ്പെടുന്നു. ഫലമോ, പല കണ്‍സ്ട്രക്ഷന്‍ കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ കുറക്കാന്‍ നിര്‍ബന്ധിതരായി കൊണ്ടിരിക്കുന്നു. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ എന്റെ അറിവനുസരിച്ച് 18,000 ആളുകളെയാണ് പിരിച്ചു വിട്ടു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ഓരോ പ്രോജെക്റ്റിലും ഉള്ള സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ അറിയുന്ന വിവരങ്ങള്‍ പലതും ആശങ്കയുടേതാണ്. പലരും തങ്ങളുടെ ഊഴവും കാത്തിരിക്കുന്നു. ഈ കാത്തിക്കുന്നവരില്‍ എല്ലാ വിഭാഗവും ഉള്‍പ്പെടുന്നു.
സാങ്കേതിക രംഗത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടാലും അത് ചിലപ്പോള്‍ പൂര്‍ണ്ണമായും ദോഷകരമായി ബാധിക്കില്ല എന്ന് പറയാം. ചിലര്‍ക്കൊക്കെ മറ്റു കമ്പനികളില്‍ ജോലിക്ക് കയറാന്‍ സാധിക്കുന്നുണ്ട്. പക്ഷേ അവിടെയും ഒരു പ്രശ്നം അവരെ ബാധിക്കും. കിട്ടിക്കൊണ്ടിരുന്ന ശമ്പളത്തിന്റെ പാതിയോ അതില്‍ ഇത്തിരി കൂടുതലോ ഒക്കെയാവും പുതിയ കമ്പനിയുടെ 'ഓഫര്‍'. അപ്പോള്‍ അവരുടെ പല പ്ലാനുകളും അവതാളത്തിലാകും. പഴയ ശമ്പളത്തിന്റെ ബലത്തില്‍ നാട്ടിലൊക്കെ വലിയ ലോണുകള്‍ എടുത്ത ഇവര്‍ക്ക് പെട്ടെന്നുള്ള മാറ്റം ബുദ്ധിമുട്ടുണ്ടാക്കും എന്ന് തീര്‍ച്ച.
ചിലര്‍ക്ക് ഒരു മാസത്തിനകം ജോലി നേടിയെടുക്കാന്‍ കഴിയാതെയും വരാം. അവര്‍ക്കൊക്കെ തിരിച്ചു പോക്ക് അനിവാര്യമാകും. നോട്ടീസ് കിട്ടിയ ആര്‍ക്കും നോട്ടീസ് കാലാവധി ആയ ഒരു മാസം തികഞ്ഞിട്ടില്ല. അടുത്ത മാസം മുതല്‍ ചിത്രം കൂടുതല്‍ വ്യക്തമായിത്തുടങ്ങും. കൂട്ടത്തോടെ ഒരു തിരിച്ചു വരവല്ലെങ്കിലും പലരും നാട്ടിലേക്ക് 'താല്‍ക്കാലികമായെങ്കിലും' മടങ്ങും. (ഗള്‍ഫ് ജോലി ശാശ്വതമാണെന്നുള്ള കാഴ്ച്ചപ്പാടില്‍ കേരളത്തിലേക്ക് മടങ്ങിപ്പോക്ക് ഓര്‍ക്കാന്‍ കൂടി സാധിക്കില്ല എന്ന് പറഞ്ഞ് ചര്‍ച്ച നടന്ന ദേവസേനയുടെ പോസ്റ്റും കമന്റുകളും ഒരിക്കല്‍ കൂടി ഓര്‍മയില്‍ വരുന്നു).
ഇനിയാണ് തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം. ഞാന്‍ പറഞ്ഞല്ലോ ഒരു 18,000 കണക്ക്. (ഇത് ഒരു കമ്പനിയിലെ കാര്യമാണ്, അങ്ങനെ എത്ര കമ്പനികള്‍ കാണും എന്ന് ഊഹിച്ചാല്‍ മതി). അതില്‍ 60-70% ആള്‍ക്കാര്‍ സാധാരണ തൊഴിലാളികള്‍ ആണ്. പെട്ടെന്നുള്ള പിരിച്ചു വിടല്‍ ഇവരെ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയുകയേ നിവൃത്തിയുള്ളൂ. ഇവരില്‍ ഇന്ത്യാക്കാര്‍ മാത്രമല്ല ഉള്ളത്. ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളും പാകിസ്ഥാനികളും നേപ്പാളികളും ചൈനാക്കാരും ഒക്കെ ഉള്‍പ്പെടും. പലരും ആത്മഹത്യയുടെ വഴി തെരെഞ്ഞെടുക്കുമോ എന്ന് പോലും ഭയപ്പെടേണ്ടിയിരിക്കുന്നു. ഉള്ളതൊക്കെ വിറ്റുപെറുക്കി, അല്ലെങ്കില്‍ പണയപ്പെടുത്തി നാട്ടില്‍ നിന്ന് 80,000-1,00,000 രൂപയൊക്കെ കൊടുത്ത് ജോലിക്ക് വന്ന പാവം തൊഴിലാളികള്‍. പലര്‍ക്കും ജീവിതം വഴിമുട്ടും എന്ന് തീര്‍ച്ച. വര്‍ഷങ്ങളായി ഇവിടെ നില്‍ക്കുന്നവരെ നിലനിര്‍ത്തി, പുതിയ ആള്‍ക്കാരെയാവും പല കമ്പനികളും പിരിച്ചു വിടുന്നത്. അതായിരിക്കും തൊഴിലാളികള്‍ നേരിടൂന്ന ഏറ്റവും വലിയ പ്രശ്നം. പലരുടേയും കടങ്ങള്‍ വീടിക്കാണില്ല.
നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധി പ്രത്യക്ഷമായും പരോക്ഷമായും അതിനോടനുബന്ധിച്ചുള്ള പല ബിസിനസ്സുകളേയും ബാധിക്കാനിരിക്കുന്നതേയുള്ളൂ. ഞാന്‍ പറഞ്ഞത് യു.എ.യി-യിലെ നിര്‍മ്മാണ മേഖലയെ പറ്റി മാത്രമാണെന്ന് ഓര്‍ക്കുക. മറ്റു മേഖലയിലെ യാഥാര്‍ത്ഥ്യം എന്തെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. അതുപോലെ , മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതിയും ഇതു തന്നെയാണെന്ന് കരുതുന്നു.
ഏതായാലും വരും നാളുകള്‍ (കുറച്ച് നാളുകളെങ്കിലും) ഗള്‍ഫുകാരെ സംബന്ധിച്ച് നല്ലതായിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
12 comments:
ഗള്‍ഫില്‍ സ്ഥിതി വഷളായി കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്യം ആളുകള്‍ക്ക് മനസ്സിലായി കൊണ്ടിരിക്കുന്നു എന്ന് കരുതുന്നു. ( തലക്കെട്ട് കണ്ടിട്ട് ഇന്നാണോ ഇത് അറിഞ്ഞത് എന്ന് ചോദിക്കരുത്. പ്രത്യക്ഷത്തില്‍ വരാന്‍ തുടങ്ങി എന്നതാണ് കാരണം). ഇപ്പോഴും ഇവിടുത്തെ ഗവണ്മെന്റുകള്‍ ഒന്നും അംഗീകരിക്കുന്നില്ലെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യം ഗള്‍ഫിനെ സാരമായി ബാധിച്ചു തുടങ്ങി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കുറഞ്ഞ പക്ഷം റിയല്‍ എസ്റ്റേറ്റ് മേഖലയെ എങ്കിലും.
ഇതിന്റെ പരിണിതഫലം ഇപ്പോള്‍ എല്ലാ മേഖലയിലേക്കും ബാധിക്കുന്നു. സാധാരണക്കാരനിലേക്ക് പോലും അത് പല രൂപത്തില്‍ എത്തി തുടങ്ങിയിരിക്കുന്നു. നിര്‍മ്മാണ മേഖലയിലെ പല കമ്പനികളും ആളുകളെ കുറച്ചു കൊണ്ടിരിക്കുന്നു. അതില്‍ 800 ദിര്‍ഹം ശമ്പളമുള്ള തൊഴിലാളികളും 60000 ദിര്‍ഹം ശമ്പളമുള്ള മാനേജരും ഉള്‍പ്പെടുന്നു എന്നതാണ് വാസ്തവം. എല്ലാ ഡവലപ്പേഴ്സും അനിവാര്യമായ ഈ "Fat cutting" നടത്തുന്നതായാണ് അറിവ്. Emaar, Nakheel, Damac, Better Homes, Dubai Properties എന്നു വേണ്ട ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വമ്പന്മാരെല്ലാം ഈ കട്ടിങ് നടത്തിക്കഴിഞ്ഞു.
താങ്കള്‍ പറഞ്ഞാത് അക്ഷരം പ്രതി ശരി. എന്റെ കമ്പനിയുടെ തന്നെ കഴിഞ്ഞ മീറ്റിംഗില്‍ അപായകരമായ ചില തീരുമാനങ്ങള്‍ വരാനിരിക്കുന്നതിന്റെ സൂചന കണ്ടു. എല്ലാം മല പോലെ വന്ന് മഞ്ഞ് പോലെ പോകുമെന്ന് പ്രത്യാശിക്കാം.
ഗള്‍ഫിന്റെ മൊത്തത്തിലുള്ള സ്ഥിതിയെക്കുറിച്ചറിയില്ലെങ്കിലും ദുബായില്‍ സാമ്പത്തിക മന്ദ്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് തന്നെയാണ് ദിനം പ്രതിയുള്ള വാര്‍ത്തകള്‍ വിരല്‍ ചൂണ്ടുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖല സ്തംഭനാവസ്ഥയിലേക്ക് കൂപ്പുകുത്തുന്നു. പാവപ്പെട്ടവരെ കണ്ണിര്കുടിപ്പിച്ചിരുന്നവര്‍ സ്വയം കുടിക്കുന്നുണ്ടാവുമോ ആവോ. സര്‍വ്വ മേഖലയിലേക്കും മാന്ദ്യം പതിയെ പതിയെ പടരുന്നുണ്ടെന്ന് തോന്നുന്നു. കമ്പനികളെല്ലാം ആളെ കുറക്കല്‍ പരിപാടി തുടങ്ങിക്കഴിഞ്ഞു. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലും ഇതിനോടകം അനവധി പേരെ പിരിച്ചുവിട്ടു കഴിഞ്ഞു. അനില്‍ പറഞ്ഞത് പോലെ സാധാരണ തൊഴിലാളികള്‍ മുതല്‍ എഞ്ചിനീയരും മാനേജര്‍മാരും വരെയുണ്ട് അക്കൂട്ടത്തില്‍. എന്തായാലും ഗുരുതരമായ ഭവിഷ്യത്തിലേക്കാണ് നീക്കങ്ങളെന്ന് തന്നെയാണിതെല്ലാം സൂചിപ്പിക്കുന്നത്. കാത്തിരുന്ന് കാണാം നമുക്ക്. (അനുഭവിക്കാം എന്ന് പറയുന്നതാവും ശരി)
അനിൽ, ഞാൻ ഇത് കുറച്ച് ദിവസം മുൻപ് സൂചിപ്പിച്ചതാണ്. ആരും ശ്രദ്ധിച്ചില്ല.
നമ്മുടെ മന്ത്രി പറഞത് ഇങ്ങനെ ഒരു പ്രശ്നമില്ലെന്നാണ്, അതും പറഞ്ഞത് ദുവൈയിൽ വന്ന്. പ്രവാസി സംഘടനകൾ പൂവിട്ട് പൂജിച്ചു.
സൌദിയിൽ, പുതിയ ഗവണ്മെന്റ് ജോലികൾ ഒൺ ഹോൾഡിലാണ്. പല വലിയ പ്രോജക്റ്റുകളും ഹോൾഡ് ചെയ്തുകഴിഞു.
എന്തായാലും ഇക്കോണമി പെട്ടെന്നുള്ള ഒരു തിരിച്ച് വരവിന് സാധ്യത കാണുന്നില്ല. അടുത്ത വർഷവും എണ്ണവില 50-ന്റെ ലെവലിൽ തന്നെയാവുമെന്നാണ് റിപ്പോർട്ട്.
കാര്യമാത്രപ്രസക്തമായ ലേഖനങ്ങൾ വരുമ്പോൾ, തലതിരിഞ്ഞ് കൂട്ടം കൂടി എതിർക്കുക. 85% ബ്ലോഗർമാരും പ്രവാസികളാണ് എന്നതും, ഈ വിഷയത്തിൽ വന്ന, നാമമാത്രമായ ലേഖനങ്ങൾ ആരും ശ്രദ്ധിച്ചില്ലെന്നതും ദുഖകരമാണ്.
നന്ദി അനിൽ, ലേഖനത്തിന്.
ഗള്‍ഫിനെയും സാമ്പത്തിക മാന്ദ്യം ബാധിച്ച് തുടങ്ങിയെന്നത് ഭീതിപ്പെടുത്തുന്ന സത്യം തന്നെ. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രെക്ഷന്‍ മേഖലകളില്‍ തുടങ്ങി ഇപ്പോള്‍ എല്ലാ മേഖലയിലേക്കും മാന്ദ്യം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.പലരും പിരിച്ചുവിടല്‍ ഭീഷണിയുടെ നിഴലിലാണ്. ശ്രദ്ധേയമായ കുറിപ്പിന് നന്ദി അനില്‍.
സാമ്പത്തിക മാന്ദ്യം ഗള്‍ഫിനെ ബാധിക്കുന്നതിലൂടെ നമ്മുടെ പ്രത്യേകിച്ച് കേരളത്തെയും സാരമായി ബാധിക്കുക തന്നെ ചെയ്യും.
അതിനെ ചിലസൂചനകള്‍ പലയിടങ്ങളിലും കണ്ടു തുടങ്ങിയിരിക്കുന്നു. ഈ റിയല്‍ എസ്റ്റേറ്റ് മാഫിയ തകരണമെന്ന് എന്റെ ഒരു മോഹം അത് ചിലപ്പോള്‍ വെറുതെയാവാം. കാരണം. അത്തരം വലിയ ഒരു തകര്‍ച്ച മറ്റു പലതിന്റെ യും തകര്‍ച്ചയാവില്ലേ എന്ന ഭയം കൊണ്ട് അങ്ങിനെ തകരട്ടെ എന്ന് കരുതാന്‍ പറ്റുന്നില്ല. എന്നാലും.. ഈ കുമിളകളുണ്ടാക്കാന്‍ അവര്‍ വലിയ പങ്ക് വഹിച്ചില്ലേ !
ജോക്കര്‍, കാസിം തങ്ങള്‍, ബീരാന്‍ കുട്ടി, കുഞ്ഞിക്ക, ബഷീര്‍
അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഞാന്‍ ഈ കുറിപ്പ് എഴുതുമ്പോള്‍ ഒരു സുഹൃത്ത് വിളിച്ചിരുന്നു. Dubai Properties -ലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഇപ്പോള്‍ ജോലി നഷ്ടപ്പെട്ടിട്ട് മറ്റൊരു ജോലി അന്വേഷിക്കുകയാണ്. ഏതെങ്കിലും കമ്പനിയില്‍ വേക്കന്‍സി ഉണ്ടോ എന്നറിയാന്‍ വിളിച്ചതാണ്. ഇതാണ് ഇന്നത്തെ സ്ഥിതി.
വിഷയവുമായി ബന്ധപ്പെട്ട ചില കമന്‍റ്റുകള്‍ ഇവിടെവായിക്കാം
ജോലി മാത്രം ഗാരണ്ടിയായി ലോണ്‍ കൊടുക്കുന്നതിനാലും / എടുക്കുന്നതുമാണ് ബാങ്കുകള്‍ ലോണ്‍ കൊടുക്കാന്‍ നിബന്ധനകള്‍ കൂട്ടിയതും കിട്ടുന്നതെടുക്കാന്‍ ആളുകള്‍ മടിക്കുന്നതും. അതുതന്നെയാണ് ബയേഴ്സിന്‍റ്റെ പ്രശ്നം ചുരുക്കത്തില്‍ എല്ലാം 'വട്ടത്തില്‍ കറങ്ങുന്നു'.
പെട്രോള്‍ വില കുറഞ്ഞത് കൂനിന്‍മേല്‍ കുരു , സൗദിയുടെ (ഓപെക്) ആവശ്യമായ , മിനിമം വില 70ഡോളര്‍ എന്നത് യാഥാര്‍ത്ഥ്യ മായാല്‍ കാര്യങ്ങള്‍ക്ക് ചെറിയൊരാശ്വാസം കിട്ടിയേക്കാം. പണമില്ലാത്തതല്ല ഇവിടത്തെ മുഖ്യ പ്രശ്നം ഭയമാണ്. ഡ്രൈ സ്പേസില്‍ വെള്ളം തെളിച്ചാലുള്ള അവസ്ഥ അറിയുന്നതാണ് കാരണം , ദിസ് ഈസ് എജുക്കേഷണല്‍ പിരിയോഡ് , മൂന്ന് നാല് മാസങ്ങള്‍ കൂടി കഴിഞ്ഞാലേ കാര്യങ്ങള്‍ വ്യക്തമാകൂ.
ദുബായിലെ പല പ്രോജെക്ടുകളും നിര്‍ത്താന്‍ ഇതുമാത്രമല്ല കാരണങ്ങള്‍ , പലതും ഹൈ റൈസ് ടവറുകളായതിനാലും മിക്കതും , ജബല്‍ അലിയിലെ പുതിയ എയര്‍ പോര്‍ട്ടിന്‍റ്റെയും ദുബായ് എയര്‍ പോര്‍ട്ടിന്‍റ്റേയും ഇടയിലെ ട്രാവല്‍ സെഫ്‌ടി സ്പേസില്‍ വരുന്നതിനാല്‍ സിവില്‍ ഏവിയെഷന്‍ മാനദണ്ട്ഡമായി തടഞ്ഞുവെച്ചതുമൊക്കെയായിരുന്നു.
എന്റെ ഭർത്താവിന്റെ കമ്പനിയിൽ നിന്നും ചില അപായസൂചനകൾ കിട്ടുന്നുണ്ട്.കമ്പനിയ്ക്ക് പുതിയ പ്രോജക്റ്റ്സ് ഒന്നുമില്ല.കുറേ പേർക്ക് നിർബന്ധിത ലോങ് ലീവ് കൊടുക്കാൻ പോവുകയാണത്രേ.
തറവാടിയുടെ കമന്റില്‍ അവസാനം പറഞ്ഞിരിക്കുന്നത് കണ്ണടച്ചിരുട്ടാക്കല്‍ മാത്രമായേ തോന്നുന്നുള്ളൂ. ദുബായില്‍ നിര്‍ത്തിയ പ്രോജക്ടുകള്‍ എല്ലാം എയര്‍പോര്‍ട്ടുമായി ബന്ധമുള്ളവയല്ല. അത് വളരെ കുറച്ചെണ്ണം കാണുമായിരിക്കും. അതും ആ പേരു പറഞ്ഞ് നിര്‍ത്തിയതാകാനുമാകാം.
കണ്ണിനു മുമ്പില്‍ കാണുന്ന അവസ്ഥയെ കുറിച്ചാണ് ഞാന്‍ എഴുതിയത്. 12 നില വരെ പണി തീര്‍ന്ന പ്രോജക്റ്റുകള്‍ വരെ നിര്‍ത്തിയ കൂട്ടത്തിലുണ്ട്. ദൈറയിലും മറ്റും നിര്‍ത്തിയ പ്രൊജക്റ്റുകള്‍ ജബല്‍ അലി എയര്‍പോര്‍ട്ട് മൂലമാണെന്ന് പറയാനാവില്ലല്ലോ.
>>ദുബായിലെ പല പ്രോജെക്ടുകളും നിര്‍ത്താന്‍ ഇതുമാത്രമല്ല കാരണങ്ങള്‍ <<
അനില്‍ശ്രീ ,
കമന്‍റ്റ് ശരിക്ക് വായിച്ചിട്ട് വേണം പ്രതികരിക്കാന്‍.
ഞാനും ഉഗാണ്ടയിലല്ല സാര്‍ ജീവിക്കുന്നത്!
നന്ദി അനില്‍ശ്രീ
ഇ വിടെ ലോണ്‍ എടിതിരുക്കുന്നവര്‍ക്ക് എന്തുസം ഭവിക്കുന്നു എന്നൊന്ന് പറയാമോ
Post a Comment