ഇന്നത്തെ തീയതി :

Monday, March 9, 2009

മലയാളവും ടെലിവിഷനും ബ്ലോഗും

തറവാടിയുടെ പോസ്റ്റിനുള്ള (ശ്രീ.കാരശ്ശേരീ കണ്ണടച്ചിരുട്ടാക്കരുതേ!! ) കമന്റ് ആയി എഴുതിയതാണ്. കുറച്ച് നീണ്ടു പോയതിനാലും വിഷയം കുറച്ച് മാറിയതിനാലും ഒരു പോസ്റ്റ് ആക്കുന്നു.

X::::::::::::::::::::::::X::::::::::::::::::::::::X::::::::::::::::::::::::X::::::::::::::::::::::::X

സാധാരണ ജനങ്ങള്‍ക്കിടയില്‍ അത്ര പോപ്പുലര്‍ അല്ലെങ്കിലും ബ്ലോഗ് എന്നത് ഇന്ന് മാധ്യമ രംഗത്തുള്ളവര്‍ എല്ലാവരും അറിയുന്ന ഒരു "മീഡിയ" തന്നെയാണ്. അപ്പോള്‍ കാരശ്ശേരിക്ക് ബ്ലോഗിനെ പറ്റി അറിയില്ല എന്ന് വിചാരിക്കാനാവില്ല. മനപ്പൂര്‍‌വ്വം ഒഴിവാക്കിയതാവാം.

പക്ഷേ ടെലിവിഷന്‍ ആണ് മലയാളികളെ മലയാളം പഠിപ്പിക്കുവാന്‍ പറ്റിയ മീഡിയ എന്ന് പറഞ്ഞ ആ മനസ്സിന് ഒരു നല്ല് നമസ്കാരം. സംബോധന ചെയ്യാന്‍ പറ്റും എന്ന് അദ്ദേഹം പറഞ്ഞത് ശരിയാണ്. ബാക്കി കാര്യങ്ങളില്‍ പക്ഷേ ഇന്നത്തെ നിലവാരം വച്ച് നോക്കുമ്പോള്‍ അവിടെ നമള്‍ ആദ്യം മുതല്‍ മലയാളം പഠിപ്പിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. മലയാളം പരിപാടി അവതരിപ്പിക്കുമ്പോള്‍ "മലയാളം" പറയാന്‍ അറക്കുന്ന അവതാരാകരും, അഭിമുഖക്കാരും അരങ്ങു വാഴുന്ന ഒരു മാധ്യമമായി മാറിക്കൊണ്ടിരിക്കുന്നു ഇന്ന് ടെലിവിഷന്‍ ചാനലുകള്‍. അതിന് ഇന്ന ചാനലുകള്‍ എന്നൊന്നും വ്യത്യാസമില്ല. പാര്‍ട്ടി ചാനലുകളും, അമ്മ ചാനലും, പത്ര ചാനലും, ബഹുരാഷ്ട്ര ചാനലും ഒന്നും വ്യത്യാസമില്ലാതെ ചെയ്യുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് 'മലയാളത്തെ കൊല്ലുക' എന്നത് മാത്രമാണ്. വാര്‍ത്തകളും ചുരുക്കം ചില വാര്‍ത്താധിഷ്ടിത പരിപാടികളും ഒഴിച്ച് ഒരു പരിപാടിയിലും പൂര്‍ണ്ണമായി മലയാളം കേള്‍ക്കാനാവില്ല എന്ന് തന്നെ പറയാം. പിന്നെ എങ്ങെനെ കാരശ്ശേരിയുടെ വാദം ശരിയാകും എന്ന് എനിക്ക് മനസ്സിലാകുന്നില്ല.


അത്യാവശ്യത്തിനുള്ള ഇംഗ്ലീഷ് വാക്കുകള്‍ പറയുന്നതിനെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷേ കുക്കറി ഷോയില്‍ കേക്ക് ഉണ്ടാക്കുന്നത് കാണിക്കുമ്പോള്‍ അണ്ടി പരിപ്പ് എടുത്തിട്ട് " നമ്മല്‍ കേക്ക് eat ചെയ്യുമ്പോല്‍ ഇടക്ക് bite ചെയ്യാനാണ് ഈ nuts ഇറ്റുന്നത് " എന്നൊക്കെ പറയുന്നത് കേള്‍ക്കു‌മ്പോള്‍ ആ പറയുന്നവളെ ഒക്കെ വിളിച്ചിട്ട് നല്ല കാന്താരി അരച്ച് നാവില്‍ പുരട്ടിയാല്‍ "അയ്യോ അമ്മേ" എന്ന് ശുദ്ധമായ മലയാളത്തില്‍ പറയുന്നത് കേള്‍ക്കാമായിരുന്നു എന്ന് ആലോചിച്ചു പോയിട്ടുണ്ട്.


മലയാളത്തെ വികലമാക്കുന്നതില്‍ ഈ ടെലിവിഷന്‍ ചാനലുകള്‍ വഹിക്കുന്ന പങ്ക് എത്രയാണെന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. (ടെലിവിഷനെ മാത്രം കുറ്റം പറയുന്നില്ല. വീട്ടില്‍ പോലും മലയാളം പറയാന്‍ കുട്ടികളെ അനുവദിക്കാത്തവരുടെ ലോകമാണ് നമുക്ക് ചുറ്റും. മലയാളത്തില്‍ സംസാരിച്ചാല്‍ ഇംഗ്ലീഷ് മോശമാകുമത്രെ. അങ്ങനെ പറയാന്‍ നാണമില്ലേ എന്ന് പലരോടും ചോദിച്ചു പോയിട്ടുണ്ട്). പല ലേഖനങ്ങളും ഇതേ പറ്റി വായിച്ചിട്ടുണ്ട്. പക്ഷേ ആരും ഇത് ഗൗരവമായി കാണുന്നില്ല എന്ന് തോന്നുന്നു.


മലയാളം വാചകം പറഞ്ഞു വരുന്നതിനിടെ ഇംഗ്ലീഷ് കുത്തിത്തിരുകി, അത് പറഞ്ഞു വന്നിട്ട് തുടരാനറിയാതെ ബാക്കി മലയാളത്തില്‍ പറയുന്ന അവതാരകരാണ് കൂടുതലും എന്നതും ശ്രദ്ദേയമാണ്. അതായത് ഇവരുടെ കയ്യില്‍ മലയാളം 'മലയാളവും ഇംഗ്ലീഷും അല്ലാത്ത' രണ്ടും കെട്ട ഭാഷയാവുന്നു.

ഇവരില്‍ നിന്ന് മലയാളത്തെ രക്ഷപ്പെടുത്താന്‍ കാരശ്ശേരിയോ മറ്റ് മാധ്യമക്കാരോ വിചാരിച്ചാല്‍ നടക്കില്ല. പക്ഷേ ഇത്തിരി എങ്കിലും ശുദ്ധമായ മലയാളം പ്രചരിപ്പിക്കാന്‍ അല്ലെങ്കില്‍ പഠിപ്പിക്കാന്‍ യൂണിക്കോഡ് മലയാളത്തിനും ബ്ലോഗിനും സാധിക്കും എന്ന് ഞാന്‍ കരുതുന്നു.

9 comments:

അനില്‍ശ്രീ... said...

മലയാളത്തെ വികലമാക്കുന്നതില്‍ ഈ ടെലിവിഷന്‍ ചാനലുകള്‍ വഹിക്കുന്ന പങ്ക് എത്രയാണെന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. (ടെലിവിഷനെ മാത്രം കുറ്റം പറയുന്നില്ല. വീട്ടില്‍ പോലും മലയാളം പറയാന്‍ കുട്ടികളെ അനുവദിക്കാത്തവരുടെ ലോകമാണ് നമുക്ക് ചുറ്റും. മലയാളത്തില്‍ സംസാരിച്ചാല്‍ ഇംഗ്ലീഷ് മോശമാകുമത്രെ. അങ്ങനെ പറയാന്‍ നാണമില്ലേ എന്ന് പലരോടും ചോദിച്ചു പോയിട്ടുണ്ട്). പല ലേഖനങ്ങളും ഇതേ പറ്റി വായിച്ചിട്ടുണ്ട്. പക്ഷേ ആരും ഇത് ഗൗരവമായി കാണുന്നില്ല എന്ന് തോന്നുന്നു

തറവാടി said...

പറയാന്‍ കുറെയുണ്ട് പ്രസ്ഥുത ലേഖനത്തെപ്പറ്റി,

ഇന്നത്തെ ചുറ്റുപാടിനെ നിലനി‌ര്‍ത്തി കുറേ ചോദ്യങ്ങള്‍ സ്വയം ചോദിച്ച് മലയാളിയുടെ നിര്‍‌വചനം സങ്കീര്‍‌ണ്ണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

'പരമ്പര്യുമുള്ള , മലയാളം ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കുന്ന ആളെ മലയാളി' എന്ന നിര്‍‌വചിക്കുന്നതിലൂടെ ‍‍, മലയാളം ഉപയോഗിച്ചാല്‍ മാത്രം പോര , പാരമ്പര്യവും വേണം എന്ന് വരികയും അതുമൂലം കേരളത്തില്‍ ജനിച്ചവന്‍ ആയിരിക്കണമെന്നില്ലെന്നും അതേസമയം മലയാളം പഠിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന വിദേശി മലയാളിയാവില്ലെന്നും എന്നുമുള്ള അദ്ദേഹം ചോദിച്ച സര്‍‌വ്വ ചോദ്യങ്ങള്‍ക്കും ഉത്തരമാകുന്നു. അതായത് അദ്ദേഹം പറയുന്ന അത്രക്കൊന്നും സങ്കീര്‍‌ണ്ണമല്ല മലയാളിയുടെ നിര്‍‌വചനമെന്ന് ചുരുക്കം.

ടി.വി.അവതാരകര്‍ മലയാളം വെടിപ്പായി പറയുന്നില്ല എന്നതിനോട് യോജിക്കുമ്പോള്‍തന്നെ ഇംഗ്ലീഷ് വാക്കുകള്‍ ഇടക്കുപയോഗിക്കുന്നതിനേയും പരിപാടികള്‍ക്ക് ഇംഗ്ലീഷ് പേരിടുന്നതിനേയുമൊക്കെ വിമര്‍ശിക്കുന്നതില്‍നിന്നും ഇന്നത്തെ ചുറ്റുപാടിനെ വിലയിരുത്തി തുടങ്ങുന്ന ലേഖനത്തിലെ ആദ്യഭാഗത്തോട് ലേഖകന്‍ തെന്നെ ഘടകവിരുദ്ധമായല്ലെ അഭിപ്രായപ്പെടുന്നതെന്നാണെനിക്ക് തോന്നിയത്.

വാര്‍ത്തകള്‍ ഫീല്‍‌ഡില്‍ നിന്നും നേരില്‍ പകര്‍ത്തുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുമ്പോള്‍ വരമൊഴി ഉപയോഗപ്പെടാത്തതില്‍ അദ്ദേഹം കുണ്ടിതപ്പെടുന്നുണ്ട്.

ഭാഷകളില്‍ ഏകീകൃത സ്വഭാവം നിലനിര്‍‌ത്താനാണ് വ്യാകരണവും ക്രമീകരണങ്ങളും ഉണ്ടായതെന്നും , ദൃശ്യമധ്യമം വാക്കുകളിലൂടെ മാത്രമല്ല ആശയവിനിമയം നടത്തുന്നതെന്നും, വരമൊഴി ദൃശ്യമാധ്യമത്തില്‍ കൃതൃമത്വം കൂട്ടിയേക്കാം എന്നുമൊക്കെയുള്ള തിരിച്ചറിവുകളുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിക്കില്ലായിരുന്നു എന്നാണെനിക്ക് തോന്നുന്നത്.

അതായത് താരദമ്യം ചെയ്തതിലെ പാകപ്പിഴയയാണ് ഞാനിതിനെ കാണുന്നത് ,ഒരു മാധ്യമത്തെ മറ്റൊരു മാധ്യമവുമായി താരദമ്യം ചെയ്തപ്പൊള്‍ വന്നത്. അവിടെ " തനിമ" യെ അദ്ദേഹം മറന്നെന്നുതോന്നുന്നു.
കാരണം ഇതെല്ലാം അറിയാമായിരുന്നെങ്കില്‍ 'ടി.വി. പ്രേക്ഷകര്‍ക്ക് സര്‍ഗ്ഗ ശേഷി നഷ്ടപ്പെടും ' ന്നദ്ദേഹം അഭിപ്രായപ്പെടില്ലായിരുന്നു.



ഇനി അനിലിന്,

ടെലിവിഷന്‍ ഇന്നിന്‍‌റ്റെ മീഡിയമാണ്, പ്രേക്ഷകരോ ഈ നൂറ്റാണ്ടിലേയും അതുകൊണ്ട് തന്നെ; ഇന്നിന്‍റ്റെ ജീവിത ശൈലിയുമായി ബന്ധപ്പെട്ടതായിരിക്കണം, ക്കും ഓരൊന്നും.

നിയമങ്ങളും ക്രമങ്ങളുമൊക്കെയുണ്ടെങ്കിലും അടിസ്ഥാനപരമായി ആശയവിനിമയത്തിനുള്ളതാണ് ഭാഷ അതുകൊണ്ട് തന്നെ മാറ്റത്തിന് വിധേയമാണ് , ഈ ഒരൊറ്റ കാര്യത്തിലാണ് മലയാളം ഇതര ഭാഷാസമൂഹത്തില്‍ നിന്നും മാറിനില്‍‌ക്കുന്നതെന്ന് തോന്നുന്നു അതായത് , യാതൊരു മാറ്റത്തിനും മലയാളം തയ്യാറല്ല , എല്ലം 'തനതാ'യിരിക്കണം!.

അഞ്ഞൂറോ മറ്റോ വര്‍ഷം മാത്രം പഴക്കമുള്ള (?) മലയാളം ഇന്നത്തെ നിലയിലെത്തിയപ്പോള്‍ പലതും പോയി പലതും വന്നു. ഒരു ഭാഷവളരുന്നത് വാക്കുകള്‍ കൂടുമ്പോളാണ്‌, കാലാനുസൃതമായി കൃത്യത കൂടുതലുള്ള വാക്കുകള്‍ സ്ഥിരമായ ഉപയോഗത്തിലൂടേയും മറ്റും ഇതര ഭാഷകളില്‍ നിന്നും ചേക്കേറുകയും; ഉപയോകക്കുറവ് മൂലം മലയാളത്തിലെ ചില വാക്കുകള്‍ ഇല്ലതാവുകയും ചെയ്യുന്നത് സ്വാഭാവികമാണ്.

ഒരു ഭഷ‍ മറ്റൊരു ഭാഷയിലെ വാക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ല അതേ സമയം താള -ലയ ( please note )ക്രമത്തില്‍ യോജിപ്പ് വേണമെന്നുമാത്രം. വാമൊഴിയിലൂടെ ഒപ്പം കൂടി സാവധാനം വരമൊഴിയിലേക്കും വരുന്നതൊടെ മലയാളത്തിനൊരു വാക്ക് ലഭിക്കയായി , ഭാഷവളരുകയും ആയി.അതായത്
"സ്വിച്ച്" എന്ന ഇംഗ്ലീഷ് വാക്ക് മലയാളത്തില്‍ ചേര്‍ക്കാന്‍ ആളുകള്‍ തയ്യാറാവണം ( ഉദാഹരണം മാത്രമാണ്).

ശ്രീ said...

അഭിപ്രായത്തോടു യോജിയ്ക്കുന്നു മാഷേ

നാട്ടുകാരന്‍ said...

താങ്കളുടെ opinion നോട് യോജിക്കുന്നു .

ഹ ഹ ഹ .........

അനില്‍ശ്രീ... said...

കാരശേരിയുടെ ലേഖനത്തിന്റെ കാര്യത്തില്‍ ഒരു കാര്യം പറയാന്‍ വിട്ടു. ഞാന്‍ ആ ലേഖനം വായിച്ചിട്ടില്ല. തറവാടി എഴുതിയത് വച്ച് മനസ്സിലായ കാര്യമേ എനിക്കറിയൂ.

പിന്നെ ടെലിവിഷനെ അദ്ദേഹം അനുകൂലിച്ചു സംസാരിച്ചു എന്നതില്‍ നിന്നാണ് എന്റെ പോസ്റ്റിനെ തുടക്കം. അപ്പോള്‍ അവിടെ കാണുന്ന താളപ്പിഴകളെയാണ് ഞാന്‍ സൂചിപ്പിച്ചത്.

" നമ്മല്‍ കേക്ക് eat ചെയ്യുമ്പോല്‍ ഇടക്ക് bite ചെയ്യാനാണ് ഈ nuts ഇറ്റുന്നത് " എന്ന് പറയുന്ന തരം വാചകങ്ങളെയാണ് അരൊചകം എന്ന് വിശേഷിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇംഗ്ലീഷ് വാക്കുകള്‍ ഇന്നത്തെ ഭാഷയില്‍ നിന്ന് ഒഴിവാക്കാനാവില്ല. അത് വാസ്തവം തന്നെ. പക്ഷേ ആവശ്യമില്ലാത്തയിടത്ത് അത് കുത്തിത്തിരുകണ്ട ആവശ്യമില്ലല്ലോ. തറവാടി പറഞ്ഞ പോലെ താള -ലയ ക്രമത്തില്‍ വരുന്ന മലയാളം-ഇംഗ്ലീഷ് വാചകത്തെയല്ല കുറ്റം പറയുന്നത്, മറിച്ച് മലയാളം സംസാരിക്കാന്‍ പഠിച്ചു വരുന്ന കൊച്ചു കുട്ടികളെ പോലും വഴി തെറ്റിക്കുന്ന താളമോ ലയമോ ഇല്ലാത്ത അവതാരക കോലങ്ങളെയാണ്. അവരെ കൊണ്ട് ബിസിനസ്സ് വളര്‍ത്തുന്ന ചാനല്‍ അധികൃതരെയാണ്.

ഞാന്‍ ഇവിടെ എഴുതിയിരിക്കുന്ന കേക്ക്, ടെലിവിഷന്‍, ചാനല്‍, ഇവയൊക്കെ നമ്മള്‍ അംഗീകരിച്ച ഇംഗ്ലീഷ് വാക്കുകള്‍ തന്നെ.

പാവപ്പെട്ടവൻ said...

നമ്മല്‍ കേക്ക് eat ചെയ്യുമ്പോല്‍ ഇടക്ക് bite ചെയ്യാനാണ് ഈ nuts ഇറ്റുന്നത് " എന്നൊക്കെ പറയുന്നത് കേള്‍ക്കു‌മ്പോള്‍ ആ പറയുന്നവളെ ഒക്കെ വിളിച്ചിട്ട് നല്ല കാന്താരി അരച്ച് നാവില്‍ പുരട്ടിയാല്‍ "അയ്യോ അമ്മേ" അതുമല്ലങ്കില്‍
നല്ല അരി ചൂരല്‍ എണ്ണയില്‍ പഴുപ്പിച്ചു ചന്തിക്ക് നോക്കി നല്ല പെടകൊടുത്താല്‍ ഇതു മാറിക്കിട്ടും
മനോഹരമായിരിക്കുന്നു
ആശംസകള്‍

ജിവി/JiVi said...

വിഷയത്തിന്റെ ഗൌരവത്തിലേക്ക് കടക്കുന്നില്ല. മുമ്പൊരുതവണ ഏഷ്യാനെറ്റിലെ പാചകപരിപാടിയില്‍ അവതാരകനായ ഫൈവ്സ്റ്റാര്‍ ചെഫ് ഉരിയാടിയത്:

“ആദ്യം ഒരു കപ്പ് പഞ്ചസാരയെടുക്കുക. പഞ്ചസാരയെന്നാല്‍ നമുക്കെല്ലാമറിയാം, ഇറ്റ്സ് അവര്‍ സുഗര്‍”

Anil cheleri kumaran said...

നല്ല പ്രതികരണം അനില്‍

manoj said...

പ്രിയ അനില്‍,
താങ്കള്‍ എഴുതിയത് ശരിയാണു. നല്ല മലയാളം സംസാരിക്കാനറിയാത്തവരെ റ്റെലിവിഷന്‍ അവതാരകരായി നിയമിക്കുന്ന രീതി തെറ്റാണു. ധരിക്കുന്ന വസ്ത്രത്തിനെക്കുറിച്ച് ഇവര്‍ ശ്രദ്ധിക്കുന്നതിന്റെ പത്തിലൊന്ന് സംസാരിക്കുന്ന ഭാഷക്ക് നല്‍കിയിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു കാര്യങ്ങള്‍. അതുപോലെ അവതാരകര്‍ക്ക് നല്ല മലയാളം പറയാനുള്ള പാഠ്യപദ്ധതി കൂടി റ്റെലിവിഷന്‍ കമ്പനിക്കാര്‍ നടത്തട്ടെ.
മലയാളം ചാനലില്‍ നിന്നും നല്ല മലയാളമാണു നമുക്ക് വേണ്ടത് അല്ലെങ്കില്‍ ഇംഗ്ലീഷ് ചാനലുകളില്‍ നിന്നും നല്ല ഇംഗ്ലീഷ് കേള്‍ക്കാമല്ലോ.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി