ഇന്നത്തെ തീയതി :

Monday, June 15, 2009

ശ്രീനാരായണ ഫൗണ്ടേഷന്‍ - പുതിയ SNDP?

ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായി ശ്രീനാരായണ ഫൗണ്ടേഷന്‍ എന്ന പേരില്‍ പുതിയൊരു സംഘടന രൂപീകൃതമായിരിക്കുന്നു. അതിന്റെ ആദ്യ യോഗം ഇന്നലെ തിരൂരില്‍ ചേര്‍ന്നതായി വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞു. അതിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്നോ ഘടന എന്താണെന്നോ ഇതു വരെ ഒരു പിടിപാടുമില്ല. SNDP-ക്ക് ബദലായല്ല പുതിയ സംഘടന എന്ന് ഭാരവാഹികള്‍ പറയുന്നുണ്ട്. SNDP-യ്കുള്ളില്‍ നിന്നു കൊണ്ട് തന്നെ ഒരു ഗ്രൂപ്പ് ആയി പ്രവര്‍ത്തിക്കുവാനാണ് ഇവര്‍ ശ്രമിക്കുന്നുന്നത് എന്ന് കരുതുന്നു. മാതൃസംഘടനയില്‍ നിന്ന് കൊണ്ട് തന്നെ മറ്റൊരു സംഘടനയായി പ്രവര്‍ത്തിക്കുന്നത് സാധാരണമാണല്ലോ.


പക്ഷേ ഈ ഗ്രൂപ്പ് കളി സംഘടനയെ തളര്‍ത്താനാകരുത് എന്ന് മാത്രം ആഗ്രഹിക്കുന്നു. സംഘടന പിളര്‍ന്ന് മറ്റൊരു സംഘടന ആയി മാറുന്നത് ഒരിക്കലും നല്ലതിനല്ല. മഹാനായ ശ്രീ നാരായണ ഗുരുവിനെ തന്നെ ആശിര്‍‌വാദത്തോടെ ഡോ:പല്പ്പു 1903-ല്‍ ആരംഭിച്ച ഈ പ്രസ്ഥാനം പിളരുക എന്നത് ഗുരുവിനെ തന്നെ അപമാനിക്കുന്നതിന് തുല്യമാവും. അദ്ദേഹമായിട്ട് തുടങ്ങിയ ഒരു സം‌രഭം അത് പൂര്‍ണ്ണ ബലത്തോടെ മുന്നോട്ട് പോകേണ്ടത് ഇന്നും സമൂഹത്തിന്റെ ആവശ്യമാണ്. കാരണം ശ്രീ നാരായണ ദര്‍ശനങ്ങള്‍ക്ക് ഇന്നത്തെ സമൂഹത്തിലും വിലയുണ്ട്, ആവശ്യകത ഉണ്ട്. "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി"യെന്ന് പറഞ്ഞ് പഠിപ്പിക്കാന്‍ ഇന്ന് ആളുകള്‍ കുറവാണ്. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന് പറഞ്ഞു തന്ന ആ ദര്‍ശനങ്ങള്‍ പരിപാലിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്.ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം എന്ന SNDP, വെറും AP (അധര്‍മ്മ പരിപാലനയോഗം) ആയി മാറുന്നു എന്ന തോന്നലില്‍ നിന്നാണ് പുതിയ സംഘടനയുടെ രൂപീകരണം ഉണ്ടായത് എന്ന് കരുതുന്നു. ചതയ ദിനത്തിനും കന്നി അഞ്ചിനും പിന്നെ വല്ല കല്യാണത്തിനും ചില സര്‍ട്ടിഫികറ്റുകള്‍‍ക്കുമായല്ലാതെ SNDP-യുമായി എനിക്ക് വലിയ ബന്ധങ്ങള്‍ ഇല്ലാത്തതിനാല്‍ അതിനുള്ളില്‍ നടക്കുന്ന അധികാര പിടിവലിയെക്കുറിച്ചും മറ്റും പത്രങ്ങള്‍ വായിച്ചുള്ള അറിവേ ഉള്ളു.


വലിയ പണക്കാരനായതു കൊണ്ടാണോ, അല്ലെങ്കില്‍ കള്ളുവ്യവസായി ആയതു കൊണ്ടാണോ, വിടുവായത്തരം പറയുന്നതു കൊണ്ടാണോ, അതുമല്ലെങ്കില്‍ താനില്ലെങ്കില്‍ സംഘടന ഇല്ലെന്ന് ചമയന്നതു കൊണ്ടാണോ എന്നറിയില്ല, വെള്ളാപ്പള്ളി നടേശനെ എനിക്ക് അത്ര പിടിയില്ല. ശ്രീനാരായണ ഗുരുവിന്റെ ചെറിയ പടവും അതിലും വലുപ്പത്തില്‍ സ്വന്തം പടവും ഉള്ള ഒരു കലണ്ടര്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് SNDP-യുടെ പേരില്‍ അച്ചടിച്ച് എല്ലാ വീട്ടിലും തൂക്കിയിരിക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായിരുന്ന ബഹുമാനവും കൂടി പോയി. ഓരോ ഇലക്ഷന്‍ വരു‍മ്പോഴും സംഘടനാ തലത്തില്‍ ആലോചിക്കാതെ തനിക്ക് ഇഷ്ടമുള്ളവരുടെ കൂടെ നില്‍ക്കണം എന്ന് ആഹ്വാനം ചെയ്യുന്ന ഏകാധിപത്യ രീതിയും ഇദ്ദേഹം പിന്തുടരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇതിനൊക്കെ ബദലായി ഒരു ഗ്രൂപ്പ് വളര്‍ന്ന് വരേണ്ടത് ഭാവിയുടെ ആവശ്യമാണ്. അല്ലെങ്കില്‍ പുതിയ ഗ്രൂപ്പുകാര്‍ നിലവിളീക്കുന്നതുപോലെ SNDP ഒരു കുടുംബ സംഘടന ആയി മാറുന്നത് കാണേണ്ടി വരും എന്ന് എനിക്കും തോന്നിയിരുന്നു.


ഇതിനിടയിലും ചില കാര്യങ്ങള്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ തുടക്കമിട്ടിരുന്നു എന്ന് അറിയുന്നു. ചിലയിടങ്ങളില്‍ ആരോപണങ്ങള്‍ ഉണ്ടെങ്കിലും Micro-finance പദ്ധതി ഒരു നല്ല കാര്യമാണെന്ന് തോന്നുന്നു. നാടു വിട്ടു നില്‍‍ക്കുന്നതിനാല്‍ അതിന്റെയും പൂര്‍ണ്ണ വിവരങ്ങള്‍ എനിക്കറിയില്ല.
അതു പോലെ തുടര്‍ച്ചയായി കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുന്നത് ഒരു നല്ല കാര്യം തന്നെ. ഇന്നത്തെ അണുകുടുംബ വ്യവസ്ഥയില്‍ പല ബന്ധങ്ങളും ഇല്ലാതാകുന്ന നിലക്ക് ഇത്തരം കൂട്ടായ്മകള്‍ (എല്ലാ മത സമുദായങ്ങളും ചേര്‍ന്ന ഒരു കൂട്ടായ്മയാണ് കൂടുതല്‍ അഭികാമ്യം എങ്കിലും) സമൂഹത്തിന് ആവശ്യമാണ്. ഇല്ലെങ്കില്‍ വളര്‍ന്നു വരുന്ന തലമുറ പതിയെ പതിയെ സമൂഹ ജീവി എന്ന പദവിയില്‍ നിന്ന് അകന്നു പോകും.


എന്തായാലും ഇതൊരു നല്ല തുടക്കമാകട്ടെ. ഇതുകൊണ്ട് സംഘടനക്ക് ഗുണങ്ങള്‍ മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. അതല്ല മറ്റൊരു സംഘടന ആയി SNDP-ക്ക് ബദല്‍ ആകാനാണ് പരിപാടി എങ്കില്‍ എന്റെ പിന്തുണ ഈ സംഘടനക്ക് "തല്‍ക്കാലം" കാണില്ല. കാരണം "വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍ സംഘടന കൊണ്ട് ശക്തരാകുവിന്‍" എന്നാണ് അദ്ദേഹം പറഞ്ഞത്, അല്ലാതെ 'സംഘടനകള്‍' എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.

10 comments:

അനില്‍ശ്രീ... said...

ശ്രീനാരായണ ഫൗണ്ടേഷന്‍ സംഘടനയെ തളര്‍ത്താനാകരുത് എന്ന് മാത്രം ആഗ്രഹിക്കുന്നു. സംഘടന പിളര്‍ന്ന് മറ്റൊരു സംഘടന ആയി മാറുന്നത് ഒരിക്കലും നല്ലതിനല്ല. മഹാനായ ശ്രീ നാരായണ ഗുരുവിനെ തന്നെ ആശിര്‍‌വാദത്തോടെ ഡോ:പല്പ്പു 1903-ല്‍ ആരംഭിച്ച ഈ പ്രസ്ഥാനം പിളരുക എന്നത് ഗുരുവിനെ തന്നെ അപമാനിക്കുന്നതിന് തുല്യമാവും. അദ്ദേഹമായിട്ട് തുടങ്ങിയ ഒരു സം‌രഭം അത് പൂര്‍ണ്ണ ബലത്തോടെ മുന്നോട്ട് പോകേണ്ടത് ഇന്നും സമൂഹത്തിന്റെ ആവശ്യമാണ്. കാരണം ശ്രീ നാരായണ ദര്‍ശനങ്ങള്‍ക്ക് ഇന്നത്തെ സമൂഹത്തിലും വിലയുണ്ട്, ആവശ്യകത ഉണ്ട്. "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി"യെന്ന് പറഞ്ഞ് പഠിപ്പിക്കാന്‍ ഇന്ന് ആളുകള്‍ കുറവാണ്. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന് പറഞ്ഞു തന്ന ആ ദര്‍ശനങ്ങള്‍ പരിപാലിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്.

പാര്‍ത്ഥന്‍ said...

ആത്മീയ ചിന്തയുടെ അടിസ്ഥാനത്തിൽ നിലകൊള്ളുന്ന SNDP യിൽ നിന്നു വിട്ട്
ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയായിരുന്നു വെള്ളാപ്പിള്ളി ചെയ്യേണ്ടിയിരുന്നത്.
ആത്മീയ മാർഗ്ഗം അദ്ദേഹത്തിനു ചേർന്നതല്ല. അത് അതിനു യോഗ്യതയുള്ളവർ
കൈകാര്യം ചെയ്യട്ടെ.

കുമാരന്‍ | kumaran said...

ഇതു എസ്.എന്‍.ഡി.പി.യെ പിളര്‍ത്താന്‍ രാഷ്ട്രീയക്കാരുടെ പദ്ധതിയല്ലേ.

കാസിം തങ്ങള്‍ said...

നേതൃത്വത്തിന്റെ പിടിപ്പ് കേടും അഴിമതിയുമൊക്കെ തന്നെയാണ് ഏത് സംഘടനയിലും അന്ത:ഛിദ്രങ്ങളും പിളര്‍പ്പുകളും സമാന്തര സം‌വിധാനങ്ങളുമൊക്കെ സൃഷിടിക്കുന്നത്. ഏത് സംഘടനയിലും അതിന്റെ ആദര്‍ശത്തിനും കാഴ്ചപ്പാടുകള്‍ക്കും എതിരായി നീങ്ങുന്നവരാണ് നേതൃത്വമെങ്കില്‍ ഒരു തിരുത്തല്‍ ശക്തി ഉദയം ചെയ്യുന്നത് നല്ലത് തന്നെ.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

പണം കൊണ്ടും ഗുണ്ടായിസം കൊണ്ടും സംഘടനയെ നയിക്കുന്ന വെള്ളാപ്പള്ളി. സംഘടനാ നേതൃത്വം പാരമ്പര്യ സ്വത്തുപോലെ മകനിലേക്ക് പകരാനുള്ള എല്ലാ കരുനീക്കങ്ങളും നടത്തിക്കഴിഞ്ഞു. എതിര്‍ക്കുന്നവരെ പുറത്താക്കുക അല്ലെങ്കില്‍ തട്ടിക്കളയുക എന്നതാണ് സ്വാഭാവികമായ രീതി. കേരളത്തിലെ ജനങ്ങളെ സാമുദായികാടിസ്ഥാനത്തില്‍ നോക്കിയാല്‍ 49% വരുന്ന ഈഴവരെ ഒരുമിച്ച് തന്റെ കീഴില്‍ കൊണ്ടുവന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ആകണമെന്ന ഒരു അതിമോഹവും ടിയാന്റെ മനസ്സില്‍ ഇല്ലാതില്ല.

ഈ വര്‍ഷം തുടങ്ങിയ എഞ്ചിനീയറിംഗ് കോളേജ്, ടിയാന്റെ പേരിലാണ്, ഇതിന്റെ സാമ്പത്തിക ഉറവിടം കള്ളു വിറ്റ കാശാണോ? SN TRUST ന്റേതാണോ എന്നനിക്കറിയില്ല. സമീപഭാവിയില്‍ SN ട്രസ്റ്റ് എന്നത് VN ട്രസ്റ്റ് ആയി മാറിയാലും അത്ഭുതപ്പെടാനില്ല. ഉടനെ തന്നെ തുടങ്ങുന്ന മെഡിക്കല്‍ കോളേജ് കൊച്ചേട്ടന്റെ പേരിലായിരിക്കുമൊ? കൊച്ചമ്മയുടെ പേരിലായിരിക്കുമോ അതൊ സന്താനത്തിന്റെ പേരിലായിരിക്കുമോ എന്ന് കണ്ടറിയണാം.

അനില്‍ പറഞ്ഞ പോലെ ഗുരുവിനേക്കാള്‍ വലിയ ഫോട്ടോയാണ് പോസ്റ്ററുകളില്‍ കാണുന്നത്.

ബഹുമാനപ്പെട്ട ശ്രീ നാരായണ ഗുരുദേവാ, ജന്മം കൊണ്ട് അങ്ങയുടെ അനന്തിരവളൂടെ പേരക്കുട്ടിയായി ജനിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഞാനോ - എന്റെ തലമുറയില്‍ പെട്ടവരോ അങ്ങേയ്ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ചെയ്യാന്‍ സാധിക്കില്ല, കാരണങ്ങള്‍ ഒരു പാടുണ്ട്.

എന്തായാലും ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘടനയ്ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് നോക്കട്ടെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അനിൽശ്രീ,

എനിയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ട്.എസ്.എൻ.ഡി.പി ഇന്നു വെറും ഒരു ജാതി സംഘടന ആയി അധ:പതിച്ചിരിയ്ക്കുന്നു.ഇത്തരം ജാതി സംഘടനകൾ എന്തിനു നില നിൽ‌ക്കണം?

എസ്സ്.എൻ.ഡി.പി രൂപികരിച്ച കാലത്തുണ്ടായിരുന്ന ലക്ഷ്യങ്ങളാണൊ ഇന്ന ആ സംഘടനയെ നയിയ്ക്കുന്നത്?1903 ൽ ആരംഭിച്ച ഈ പ്രസ്ഥാനം പിളരുന്നത് ഗുരുവിന്റെ അപമാനിയ്ക്കുന്നതിനു തുല്യം എന്ന് പറയുന്നതിനോട് യോജിപ്പില്ല.

ഒരു പക്ഷേ സംഘടനയുടെ ഇന്നത്തെ പോക്കിൽ മറ്റാരേക്കാളും കൂടുതൽ ദു:ഖിതൻ ഗുരു ആയിരിക്കും.അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ എസ്.എൻ.ഡി.പി പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്നു അകന്നു പോകുന്നു എന്ന് വേദനയോടെ അദ്ദേഹം മനസ്സിലാകിയിരുന്നു.

1916 മെയ് 22 നു ഡോ.പൽ‌പ്പുവിനു എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു.

എന്റെ ഡോക്ടർ അവർകൾക്ക്,

യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസാക്കുന്നതു കൊണ്ടും,യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതു കൊണ്ടും ,യോഗത്തിന്റെ ജാത്യാഭിമാനം വർദ്ധിച്ചു വരുന്നതു കൊണ്ടും , മുൻ‌പേ മനസ്സിൽ നിന്നും വിട്ടിരുന്നതു പോലെ ഇപ്പോൾ വാക്കിൽ നിന്നും പ്രവർത്തിയിൽ നിന്നും യോഗത്തെ വിട്ടിരിയ്ക്കുന്നു.

എന്നു നാരായണ ഗുരു.

ഈ സഹസ്രാബ്ദത്തിൽ കേരളം കണ്ട ഏറ്റവും മഹാനായ വിപ്ലവകാരിയായിട്ടാണു ഞാൻ ശ്രീനാരായണ ഗുരുവിനെ കാണുന്നത്.ഒരു യഥാർത്ഥ വിപ്ലവകാരി സ്വന്തം പ്രവർത്തികളാൽ സമൂഹത്തെ മാറ്റി മറിച്ച പുരോഗമനത്തിന്റെ പാതയിൽ നയിയ്ക്കുന്നു.അതാണു അദ്ദേഹം ചെയ്തത്.

എന്നാലിന്നോ? ഗുരുവിന്റെ ഏത് ആദർശങ്ങളിലാണ് എസ്.എൻ ഡി പി നിലകൊള്ളുന്നത്?വരാൻ പോകുന്ന പുതിയ സംഘടനയ്ക്കും വലിയ പ്രസക്തി ഉണ്ടാവാൻ തരമില്ല.ഒരേ ഒരു കാര്യം വെള്ളാപ്പള്ളിയോടു നേർക്കു നേർ നിൽ‌ക്കാൻ പറ്റുന്ന പണക്കാരനാണു ഗോകുലം ഗോപാലൻ എന്നതാണ്.

പിന്നെ താഴേക്കിടയിൽ നിന്നു വന്ന ഒരാളായതു കൊണ്ട് ശ്രീ ഗോകുലം ഗോപാലൻ അല്പം കൂടി സഹാനുഭൂതി ഉള്ള ആളാണെന്ന് തോന്നുന്നു.ചെന്നൈയിലുള്ള അനുഭവത്തിന്റെ പേരിൽ പറഞ്ഞതാണ്.

അനില്‍ശ്രീ said...

പാര്‍ത്ഥന്‍,,,ആത്മീയ മാർഗ്ഗം അദ്ദേഹത്തിനു ചേർന്നതല്ല എന്ന്‍ അദേഹത്തിന്റെ വാക്കുകള്‍ കേട്ടാല്‍ മാത്രം മനസ്സിലാക്കാവുന്നതേയുള്ളു.

കുമാരന്‍ | kumaran .. അത് അത്രക്കങ്ങ് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

കാസിം തങ്ങള്‍.. പറഞ്ഞത് ശരി തന്നെ....

സണ്ണിക്കുട്ടന്‍ /Sunnikuttan .. ഇങ്ങനെ ഒരാള്‍ ഈ പോസ്റ്റില്‍ വന്ന് അഭിപ്രായം അറിയിച്ചതിന് നന്ദി.

സുനിൽ കൃഷ്ണൻ(Sunil Krishnan) .
"എസ്.എൻ.ഡി.പി ഇന്നു വെറും ഒരു ജാതി സംഘടന ആയി അധ:പതിച്ചിരിയ്ക്കുന്നു". അതു തന്നെയാണ് എനിക്കും അഭിപ്രായം. എസ്സ്.എൻ.ഡി.പി രൂപികരിച്ച കാലത്തുണ്ടായിരുന്ന ലക്ഷ്യങ്ങളല്ല ഇന്ന് അത് നിറവേറ്റിക്കൊണ്ടിരിക്കുന്നത് എന്നതും നേര്. ഒരു പിളര്‍പ്പ് അതിന് പരിഹാരമാകുമോ? ഒരു പൊളിച്ചെഴുത്ത് വേണം എന്ന് തന്നെയാണ് അഭിപ്രായം. നല്ലൊരു നേതൃത്വം ആവശ്യമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ആരാണ് അതിന് പറ്റിയതൊന്നും പറയാന്‍ എനിക്കറിയില്ല..

സമൂഹത്തിനാകമാനം നന്മ വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് ലക്ഷ്യമിടേണ്ടതെങ്കിലും അതിന്റെ കൂടെ സമുദായ ഉദ്ദരണവും നടത്തുന്നതു കൊണ്ട് തെറ്റില്ല. പക്ഷേ സമുദായ പ്രീണനം മാത്രമാണ് നടക്കുന്നതെങ്കില്‍ ഗുരുവിന്റെ ലക്ഷ്യത്തില്‍ എത്തില്ല എന്ന് തന്നെ പറയാം.

വീ കെ said...

S.N.D.P.യുടെ നേതൃത്വം മാറേണ്ടതും കുടുംബ വാഴ്ച അവസാനിപ്പിക്കേണ്ടതും ഏറ്റവും അത്യാവശ്യം.
അതിനു ഈ പുതിയ സംഘടന ഉപകരിക്കുമെങ്കിൽ വളരെ നല്ലത്.

വീ.കെ.ബാല said...

ശ്രീ ഗോകുലം ഗോപാലൻ അവർകളെ വിശ്വസിക്കാം എന്ന് തോന്നുന്നു എന്നാൽ കൂട്ടാളി അത്ര് ശരിയാണോ എന്ന് (ശ്രീകുമാർ) ഒരു സംശയം, കാരണം ശർക്കര കുടത്തിൽ ഇറങ്ങികിടന്ന ആളല്ലെ.( ദേവസ്വം ബോർഡ്) …..പിച്ചക്കാരൻ മുതൽ ഭരണത്തലവന്മാർ വരെ ഉള്ള ഒരു വലിയ ജനസഞ്ചയത്തെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് SNDP യോഗം ഗുരു അന്ന് കയ്യെഴിഞ്ഞതിൽ നിന്നും അല്പം കൂടെ മെച്ചപ്പെട്ടിട്ടില്ല ഈ സംഘടന….. ആദർശങ്ങൾ കാറ്റിൽപ്പറത്താതെ ഗുരുവിന്റെ ആഹ്വാനത്തിനനുസരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞാൽ നല്ലത് ! അല്ലെങ്കിൽ പിന്നെ SNDP(ജി) SNDP(എസ്) SNDP- (-) എന്നിങ്ങനെ പിളരാതിരിക്കട്ടെ!

Suraj P M said...

ശ്രീ നാരായണ ഗുരുവിനെയും S N D P യെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് തന്നെ അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യം ആണ്. അത് എന്തിനു വേണ്ടി തുടങ്ങിയോ അതിനു വേണ്ടിയായിരുന്നില്ല അതിന്റെ വളര്‍ച്ച. അതുകൊണ്ട് നമുക്കിത് ശ്രദ്ധിക്കേണ്ട കാര്യം ഉണ്ടോ?

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി