ഇന്നത്തെ തീയതി :

Sunday, December 2, 2007

ഭക്തി കച്ചവടം


രാജി രാജഗോപലന്റെ ശബരിമലയും സ്ത്രീകളും എന്ന പോസ്റ്റില്‍ ചെങ്ങന്നൂര്‍ അമ്പലത്തിലെ ദേവി ത്രിപ്പുത്ത് ആകുന്നതിനെ പറ്റി വന്ന കമന്റില്‍ നിന്നാണ് ഈ പോസ്റ്റിന്റെ തുടക്കം. ( അവിടെ കമന്റ്റ് ഇടാന്‍ ടൈപ് ചെയ്തതാണ് . പക്ഷെ അപ്രുവല്‍ ആകുന്ന വരെ നോക്കിയിരിക്കാന്‍ ക്ഷമ ഇല്ലാത്തതിനാല്‍ ഇവിടെ ഒരു പോസ്റ്റ് ആക്കുന്നു).

ചില ഭക്തന്മാര്‍ പറയുന്ന പോലെ ദേവി ത്രിപ്പുത്ത് ആകുന്നു എന്ന് തന്നെ വിശ്വസിക്കുക. ത്രിപ്പൂത് ആകുന്ന ദേവിയെ പരിചരിക്കാന്‍ എന്ത് കൊണ്ട് ചെങ്ങന്നൂര്‍ അമ്പലത്തില്‍ ഒരു 'തന്ത്രിണിയെ' വക്കുന്നില്ല? പണ്ടൊക്കെ ആ ക്ഷേത്രത്തില്‍ ഇതൊരു ആചാരം മാത്രം ആയിരുന്നു. ഇപ്പോള്‍ അതൊരു ബിസിനെസ്സ് ആയി എന്ന് മാത്രം. തീണ്ടാരി ആയ സ്ത്രീകളെ മാറ്റി താമസിപ്പിക്കുന്ന ആചാരം കേട്ടിട്ടുണ്ട് . അപ്പോള്‍ ആണുങ്ങള്‍ അവരെ പരിചരിക്കാന്‍ നില്‍ക്കുന്നതായി കേട്ടിട്ടില്ല. തിണ്ടാരി ആയ സ്ത്രീകളുടെ വസ്ത്രങ്ങള്‍ ആണുങ്ങള്‍ പരിശോദിക്കുന്നതും അത് ഇറയത്ത്‌ അതിഥികള്ക്ക് കാണാന്‍ വേണ്ടി പ്രദര്‍്ശിപ്പിക്കുന്നതും പഴയ കാലത്ത് പോലും കേട്ടിട്ടില്ല. അങ്ങനെയുള്ള 'ദുരാചാരങ്ങള്‍' ഇങ്ങനത്തെ 'ഭക്തന്മാര്‍' ഉള്ളിടത്തോളം കാലം മാറ്റാന്‍ പറ്റില്ല. ഇന്നത്തെ യുവ തലമുറയിലും വളര്ന്നു വരുന്നത് ഇത്തരം ഭക്തി തന്നെയാണ്. ആചാരങ്ങള്‍ അത് തെറ്റാണെങ്കിലും മാറ്റാന്‍ അവര്‍ മുമ്പോട്ട്‌ വരുന്നില്ല.

അത് പോലെ ദേവി പ്രതിഷ്ഠ ഉള്ള എത്ര അമ്പലങ്ങള്‍ കേരളത്തില്‍ ഉണ്ട്. അവിടെ എല്ലായിടത്തും ഈ പ്രതിഭാസം ഉണ്ടാകേണ്ടതല്ലേ ? ഇതൊക്കെ തന്ത്രി കുടുംബം പണ്ടു മുതലേ നടത്തുന്ന ഒരു നാടകം ആകാമല്ലോ. മറ്റാരും ശ്രീകോവിലില്‍ കടക്കാതിടത്തോളം ഈ വസ്ത്രം എപ്പോള്‍ ധരിപ്പിക്കുന്നു എന്നറിയില്ലല്ലോ. ആവോ എനിക്കറിയില്ല. ( ഈ ആചാരത്തെ പറ്റി കുടുതല്‍ അറിവില്ലത്തതിനാല്‍ അറിവുള്ളവര്‍ക്കായി വിടുന്നു..)

ഇതേ പോലെയുള്ള മാളികപ്പുറത്തമ്മ എന്ത് കൊണ്ടു തൃപ്പൂത് ആകുന്നില്ല? മണ്ഡല കാലം മുഴുവന്‍ സ്ത്രീകല്ക്ക് വ്രുതം എടുക്കനവില്ല എന്ന കാരണത്താല്‍ സ്ത്രീകളെ ശബരിമലയില്‍് നിന്നു മാറി നിര്‍ത്താന്‍ പാടില്ല. വേണമെങ്കില്‍ യാത്ര ദുരിതമോ, തിരക്കോ ഒക്കെ പറഞ്ഞു സ്ത്രീകള്‍ക്ക് സ്വയം ഒഴിഞ്ഞു നില്‍കാമല്ലോ. അതെല്ലാം സഹിച്ച് അയ്യപ്പനെ കാണാന്‍ എത്തുന്നവരെ തടയുന്നത് അധാര്‍മികം തന്നെ ആണ് .

ജാതി രാഷ്ട്രിയവും ഇത്തരം ആചാരങ്ങളെ വളര്‍ത്തി കൊണ്ടു വരുന്നു. എങ്കില്‍ അല്ലെ അവര്‍ക്ക് നിലനില്‍പ്പ് ഉള്ളു. പല അമ്പലങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംഖങ്ങള്‍ അവരുടെ ആശയങ്ങല്ക്കനുസരിച്ച് പുതിയ തലമുറയെ വളര്‍ത്താന്‍ നോക്കുന്നു. പലയിടത്തും സപ്താഹം, അഷ്ടമംഗല ദേവപ്രശ്നം, തുടങ്ങിയ 'പേക്കു‌ത്തുകള്‍" നടത്തി യഥാര്‍ത്ഥ ഭക്തന്മാരെ കൂടി വഴി തെറ്റിക്കുന്നു. അവര്‍ സൌമ്യഭവത്തില്‍ ഉള്ള ദേവിയെ പ്രശ്നം വച്ച് 'ഉഗ്രരൂപിണി' ആക്കുന്നു, പുതിയ വഴിപാടുകള്‍ ആരംഭിക്കുന്നു, തീണ്ടാരി വസ്ത്രം വരെ വിറ്റു കാശാക്കുന്നു. അത്ര തന്നെ. അതാണ് ഇന്നത്തെ ഭക്തി കച്ചവടം.

10 comments:

അനില്‍ശ്രീ... said...

പലയിടത്തും സപ്താഹം, അഷ്ടമംഗല ദേവപ്രശ്നം, തുടങ്ങിയ 'പേക്കു‌ത്തുകള്‍" നടത്തി യഥാര്‍ത്ഥ ഭക്തന്മാരെ കൂടി വഴി തെറ്റിക്കുന്നു. അവര്‍ സൌമ്യഭവത്തില്‍ ഉള്ള ദേവിയെ പ്രശ്നം വച്ച് 'ഉഗ്രരൂപിണി' ആക്കുന്നു, പുതിയ വഴിപാടുകള്‍ ആരംഭിക്കുന്നു, തീണ്ടാരി വസ്ത്രം വരെ വിറ്റു കാശാക്കുന്നു. അത്ര തന്നെ. അതാണ് ഇന്നത്തെ ഭക്തി കച്ചവടം.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പൊസ്റ്റ് വളരെ സമയോചിതമായി.
ഭക്തിയും വിശ്വാസവും പോലെ ഇത്ര എളുപ്പം വിറ്റു കാശാക്കാന്‍ പറ്റുന്ന മറ്റൊരു വസ്തു ഉണ്ടൊ എന്നു പോലും സംശയിക്കത്തക്ക വിധത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. ഈ കച്ചവട സ്ഥാപനങ്ങളിലൊന്നും ഒരിക്കലും ദൈവം ഉണ്ടായിരിക്കില്ല. പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിശ്വാസങ്ങളുടെ ചങ്ങലകളില്‍ തളച്ചിടുക എന്നതാണ് ദൈവത്തിന്റെ ഇടനിലക്കാരെന്നറിയപ്പെടുന്ന ഒരു പറ്റം ആളുകല്‍ ചെയ്യുന്നത്. ഈ വ്യാജ മധ്യവര്‍ത്തികളെ മാറ്റി നിര്‍ത്തി ആരാധനാലയങ്ങള്‍ ശുദ്ധമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

അനില്‍ശ്രീ... said...

ആരും അതിന് മുതിരുന്നില്ല എന്നുള്ളത് വളരെ വിചിത്രമാണ്‌ . ഇതിനെതിരെ പ്രതികരിക്കുന്നവരെ സാംസ്കാരികമായി അധപ്പതിച്ചവര്‍ എന്നാണ് പറയുന്നത്. അപ്പോള്‍ കേരള ക്ഷേത്രാചാരങ്ങള്‍ , ഭാരത സംസ്കാരം എന്നൊക്കെ പറഞ്ഞു ആരെങ്കിലും കുമ്മനത് നിന്നോ കുമരകത്തു നിന്നോ അല്ലെന്കില്‍ ചങ്ങനാശ്ശേരിയില്‍ നിന്നോ ഉയര്‍ന്ന വരും.

ബാബുരാജ് said...

അനില്‍ശ്രീയുടെ കമന്റില്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും ന്യായമാണ്‌. ഒരു പക്ഷെ ഈ പോസ്റ്റിന്‌ വന്ന പ്രതികരണങ്ങളില്‍ ഏറ്റവും ചിന്തനീയവും മനസാന്നിദ്ധ്യത്തോടു കൂടിയതും.
ഈ വക പ്രശ്നങ്ങളില്‍ എല്ലാം അടിസ്ഥാനമായി ഉള്ളത്‌ ബിസിനസ്സ്‌ തന്നെയാണ്‌. സംശയമില്ല. പക്ഷെ ഇതിലൊന്നും ഒരു ചൂഷണത്തിന്റെ കാര്യം ഉണ്ടെന്നു തോന്നുന്നില്ല. കാരണം ഇതിലൊക്കെ ചെന്നു തല വെയ്ക്കുന്നവര്‍ മറ്റു രീതിയില്‍ ഒന്നും അറിവില്ലാത്തവരല്ല. അതുകൊണ്ടു തന്നെ ഇതിലൊന്നും ഒരു ബോധവല്‍ക്കരണത്തിന്റെയോ, നവോദ്ഥാനത്തിന്റെയൊ ശ്രമങ്ങള്‍ക്ക്‌ വലിയ സാദ്ധ്യതയുമില്ല. ആചാരങ്ങളും വിശ്വാസങ്ങളും ലോജിക്കിന്റെ പിന്‍ബലത്തിലൊന്നുമല്ല നില്‍ക്കുന്നത്‌. ഓരോ വിശ്വാസിക്കും അവരുടേതായ കാരണങ്ങള്‍ കാണും. അവരെ അവരുടെ പാട്ടിനു വിടുന്നതയിരിക്കും നല്ലത്‌.
എല്ലാ അചാരങ്ങളും ഓരോരൊ കാലത്തു തുടങ്ങിയതല്ലേ? പണ്ടേയുള്ളതു കുഴപ്പമില്ലാത്തതെന്നും, പിന്നീട്‌ വന്നവ മോശമെന്നും കരുതുന്നതെന്തിന്‌? സങ്കല്‍പങ്ങളും അങ്ങിനെ തന്നെ. ഹരനും ഹരിയും ചേര്‍ന്നാല്‍ ഒരു സുതനുണ്ടാവില്ലെന്നും, കന്യകയ്ക്ക്‌ പരിശുദ്ധാല്‍മാവ്‌ കേറിയാല്‍ കുട്ടിയുണ്ടാവില്ലെന്നും മനസ്സിലാക്കാന്‍ അസാമാന്യബുദ്ധിയൊന്നും വേണ്ട. ആ വക വിശ്വാസങ്ങളെ for granted വിശ്വസിച്ചല്ലേ പിന്നത്തെ സങ്കല്‍പങ്ങളെ വെല്ലു വിളിക്കുന്നത്‌?
ശബരിമല പുരുഷന്മാര്‍ക്ക്‌ സംവരണം ചെയ്തപോലെ തന്നെയാണ്‌, ഇപ്പോഴത്തെ ആറ്റുകാല്‍ ചക്കുളത്ത്‌ പൊങ്കാലകള്‍ സ്ത്രീകള്‍ക്കായ്‌ നീക്കി വെച്ചിരിക്കുന്നത്‌. തുടങ്ങിയ കാലത്തിനേ വ്യത്യാസമുള്ളൂ. ഭക്തിയുള്ളവരെ സംബന്ധിച്ച്‌ ഇതൊന്നും വലിയ പ്രശ്നമായി തോന്നുന്നുണ്ടാവില്ല. സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും, ആണ്മക്കള്‍ക്കും, സഹോദരന്മാര്‍ക്കും വേണ്ടിക്കൂടിയാണ്‌ പൊങ്കാലയിടുന്നത്‌, അതുപോലെ സ്വാമിമാര്‍ അവരുടെ സ്ത്രീ ജനങ്ങളേയും പ്രതിനിധീകരിച്ചാണ്‌ മലയ്ക്കു പോകുന്നത്‌.(ഞാനറിയുന്ന സമൂഹത്തില്‍ അങ്ങിനെയാണ്‌.)
എനിക്കു ദൈവത്തില്‍ വിശ്വാസമില്ല എന്നു പ്രഖ്യാപിച്ചിട്ട്‌ (ദൈവവിശ്വാസമുള്ളതാണ്‌ നല്ല ശീലമെന്നു വിശ്വസിക്കുന്ന കൂട്ടത്തിലല്ല ഞാന്‍) ദൈവങ്ങളേയും, ദേവാലയങ്ങളേയും, ആചാരങ്ങളേയും നന്നാക്കാന്‍ നടക്കുന്നത്‌ ഒരു നല്ല കാര്യമാണെന്നു തോന്നുന്നില്ല. അങ്ങിനെ ചെയ്യുന്നത്‌ അഹംകാരമാണ്‌. നമുക്കൊക്കെ കുറച്ചുകൂടി സ്വയം സത്യസന്ധത വേണമെന്നു തോന്നുന്നു.

മുക്കുവന്‍ said...

എന്താ ഇപ്പോള്‍ പ്രശ്നം? പൊങ്കാലയൊ, പൂരമോ?

ഒരു സ്ഥലത്ത് കയറ്റില്ലാന്ന് പറഞ്ഞാല്‍ അവിടെ തന്നെ പോണം അല്ലേ? എന്റെ ഒരുവയസ്സുകാരിയും ഇവരും ഒരു തരം! അവളോട് ബേബിഫൂഡിന്റെ റാക്കിനടുത്തേക്ക് പോകരുത് എന്ന് പറഞ്ഞാമതി, തട്ടി ഒക്കെ താഴെ ഇടും! :)

താരാപഥം said...

ചില ആചാരങ്ങള്‍ ദുരാചാരങ്ങളായി മാറുമ്പോള്‍ അത്‌ തിരുത്തേണ്ടതുണ്ട്‌. ആചാരങ്ങള്‍ യുക്തിഹീനമാണെങ്കില്‍ അത്‌ തിരുത്താന്‍ വേണ്ട അറിവാണ്‌ ഭക്തരില്‍ ഉണ്ടാക്കേണ്ടത്‌. അല്ലാതെ "താലിബാനിസം" അടിച്ചേല്‌പിക്കലല്ല. അന്ധവിശ്വാസവും അനാചാരങ്ങളും ശുദ്ധീകരിച്ചെടുക്കാന്‍ ഒരുപാട്‌ പ്രയത്നിച്ച ശ്രീനാരായണഗുരുവിന്റെ നാടാണ്‌ കേരളം. ജനങ്ങള്‍ അത്‌ ഉള്‍ക്കൊള്ളണം എന്നുമാത്രം.

അനില്‍ശ്രീ... said...
This comment has been removed by the author.
അനില്‍ശ്രീ... said...

എനിക്ക് പലപ്പോഴും ദഹിക്കാത്ത കാര്യങ്ങള്‍ ആണ് നമ്മുടെ അമ്പലങ്ങളില്‍ നടക്കുന്നത്. അതാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ കാരണം. പല ആചാരങ്ങളും ഇപ്പോള്‍ അതിരു കടന്ന അനാചാരങ്ങള്‍ ആയി മാറി കൊണ്ടിരിക്കുന്നു. പണ്ട് 'തൂക്കങ്ങള്‍ ' നടത്തിയിരുന്ന അമ്പലങ്ങളില്‍ അത് നിര്‍ത്തിയ ശേഷം എന്തെങ്കിലും സംഭവിച്ചോ? അവിടുള്ള ജനങ്ങള്‍ക്ക് എന്തെങ്കിലും മോശമായത് സംഭവിച്ചതായും അറിയില്ല.

ജോത്സ്യത്തിലും ആഭിചാരങ്ങളിലും വിശ്വസിക്കുന്നത് തീര്ത്തും നിരക്ഷരരായ ആള്‍ക്കാര്‍ അല്ല. ആറ്റുകാല്‍ രാധാകൃഷ്ണനും, കുടമാളൂര്‍ ശര്‍മയും എല്ലാം കോടിശ്വരന്മാരായി. (അസൂയ അല്ല ...). അവരൊക്കെ പറയുന്നത് ജനങ്ങള്‍ക്ക് വേദ വാക്യമായി. അതെ നമ്മള്‍ വിശ്വാസങ്ങളുടെ ആനപ്പുറത്ത് കയറി പുറകോട്ട നടക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് അപ്പുറത്തേക്ക്. കാരണം വിശ്വാസം ഇപ്പോള്‍ വില്പ്പനച്ചരക്കാണ് എന്നത് തന്നെ. അത് വില്‍ക്കാന്‍ പരസ്യം വരെ കൊടുക്കുന്നു. പല അമ്പലങ്ങളുടെയും പരസ്യം ഇന്നു വഴി നീളെ കാണം, പത്രത്തില്‍ കാണം.

ഉദാഹരണത്തിന് കോട്ടയത്ത് കടുതുരുത്തിക്കടുത് "മള്ളിയൂര്‍" എന്നൊരു ഗണപതി ക്ഷേത്രം ഉണ്ട് . പത്ത് പതിനഞ്ച് വര്ഷം മുമ്പ് വരെ അങ്ങനെ ഒരു അമ്പലത്തെ പറ്റി കോട്ടയംകാരില്‍ ൯൦% ഹിന്ദുക്കള്‍ക്കും അറിയില്ലായിരുന്നു.ഇന്നിപ്പോള്‍ അതൊരു പ്രമുഖ അമ്പലം ആയിരിക്കുന്നു. 20,000
- 30,000 ഒക്കെയാണ് വഴിപാടു നടത്താന്‍ ചിലവാകുന്നത്. അതിന്റെ ഉടമകള്‍ ഒരു ഇല്ലംകാരാണെന്ന് ആണ് എന്റെ അറിവ്.

അത് പോലെ തന്നെ തിരുവല്ലക്കടുത്തുള്ള ചക്കുളത് കാവ്. 20 വര്ഷം മുമ്പ് ഒന്നുമാല്ലായിരുന്ന അവിടുത്തെ അമ്പലം ഇന്നു കോടികള്‍ വരവുള്ള ക്ഷേത്രം ആയി. പണ്ട് അവിടുത്തെ മഹാത്മ്യത്തെ പറ്റി എഴുതിയ ചെറു പുസ്തകങ്ങള്‍ വീട് തോറും കയറി ഇറങ്ങി കൊടുക്കുന്ന ആള്‍ക്കാര്‍ ഞങ്ങളുടെ നാട്ടിലും വന്നിരുന്നു. അങ്ങനെ പരസ്യം കൊടുത്തു വളരുന്ന അമ്പലങ്ങള്‍ ധാരാളം.

ഇതൊന്നുമില്ലാതെ തങ്ങളുടെ നാട്ടിലെ അമ്പലങ്ങളില്‍ കുടികൊള്ളുന്ന ചൈതന്യം ആണ് നന്മ വരുത്തുന്നത് എന്ന് വിചാരിച്ചിരുന്ന, എല്ലാ ദൈവങ്ങളെയും ഒരുപോലെ പ്രാര്‍ത്തിച്ചിരുന്ന പഴയ തലമുറകള്‍ ഇതിലും എത്ര ഭേതമായിരുന്നു എന്ന് തോന്നിപ്പോകുന്നു. ഒന്നുമില്ലെന്കിലും പഴകി ദ്രവിച്ച ആചാരങ്ങള്‍, അത് തെറ്റാണെന്ന് തോന്നിയാല്‍ മാറ്റാന്‍ എങ്കിലും അവര്‍ തയ്യാറായല്ലോ. കാരണം അന്നത്തെ ഭക്തിയില്‍ കച്ചവട കണ്ണ് ഇല്ലായിരുന്നു.

മോഹന്‍ പുത്തന്‍‌ചിറ, ബാബുരാജ്, മുക്കുവന്‍, താരാപഥം,,,,പ്രതികരണങ്ങള്‍ക്ക് നന്ദി.

സജീവ് കടവനാട് said...

ബാബുരാജേ, മുക്കുവാ തെറ്റ് തെറ്റെന്ന് പറയുന്നത് തെറ്റാണോ?

അനില്‍ശ്രീ... said...

കിനാവേ,
ഇതു തന്നെയാണ് ഇന്നത്തെ സമൂഹത്തിലെ പ്രധാന പ്രശ്നം,. ആരെങ്കിലും വിശ്വാസങ്ങള്ക്കെതിരെ പ്രതികരിച്ചാല്‍ അവനെ എതിര്‍ക്കുന്നവര്‍ ധാരാളം ഉണ്ട്. എന്നാല്‍ സ്വയം ചിന്തിക്കാന്‍ ആരും മിനക്കെടാറില്ല,... ഇതൊക്കെ അനാചാരങ്ങള്‍ ആണെന്ന് സമ്മതിക്കാന്‍ അവന്റെ വിശ്വാസ ചിന്ത അവനെ സമ്മതിക്കുന്നില്ല... അനാചാരങ്ങള്‍ ആണെന്ന് അറിയാമെങ്കിലും തിരുത്താന്‍ അവന്റെ വിശ്വാസം അവനെ സമ്മതിക്കുന്നില്ല,.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി