ഇന്നത്തെ തീയതി :

Wednesday, April 30, 2008

ശ്രീശാന്ത് നന്നായാല്‍ മലയാളിക്ക് അഭിമാനിക്കാം

അഞ്ചല്‍ക്കാരന്റെ പോസ്റ്റില്‍ ("ശ്രീശാന്തിന് കിട്ടേണ്ടുന്നതായിരുന്നോ കിട്ടിയത്?") ഇടാന്‍ എഴുതിയ കമന്റ് നീണ്ടുപോയതിനാല്‍ പോസ്റ്റ് ആക്കുന്നു. (ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് ഉദ്ദേശിച്ചിരുന്നതല്ല.)

************** **************** ***************
അഞ്ചല്‍ക്കാരനോട് മുഴുവനായും വിയോജിക്കുന്നു. 1985 മുതല്‍ 1997വരെ നടന്ന ഇന്ത്യയുടെ കളികള്‍ (TV-യില്‍ വന്നത്) തൊണ്ണൂറ് ശതമാനവും ഉറക്കമിളച്ച് കാണുകയും പലയിടത്തും ക്രികറ്റ് കളിയുമായി നടന്നവനുമാണ് ഞാന്‍. (ഇപ്പോഴും കളിയുള്ള ദിവസങ്ങളില്‍ ആദ്യം ഓണ്‍ ചെയ്യുന്നത് cricinfo ആണു). അന്നും അഗ്രസീവ് പ്ലേയേഴ്സ് ഉണ്ടായിരുന്നു. അവര്‍ എല്ലാവരും മറ്റുള്ളവരെ ചീത്ത പറഞ്ഞും അവരുടെ മുമ്പില്‍ ചന്തി കുലുക്കി ഡാന്‍സ് ചെയ്തുമല്ലായിരുന്നു അഗ്രഷന്‍ കാണിച്ചിരുന്നത്. അവരുടെ അഗ്രഷന്‍ ബോളുകളിലേക്കായിരുന്നു ആവാഹിച്ചിരുന്നത്. ശ്രീശാന്തിനും ഉണ്ട് ആ അഗ്രഷന്‍. ഒരിക്കല്‍ മാത്രം കാണിച്ച, "നെല്ലിനെ" സിക്സര്‍ പറത്താന്‍ കാണിച്ച ആ അഗ്രഷന്‍. ഒരു കളീക്കാരന്റെ വാശി അങ്ങനെ വേണം കാണിക്കാന്‍.


ശ്രീശാന്തിന്റെ കഴിവും ഉത്തരേന്ത്യന്‍ ലോബീയിങും. തമാശ വേണ്ട... നേരത്തെയുണ്ടായിരുന്ന മലയാളി ആയ ഒരു മാനേജരും, ചലഞ്ചര്‍ ട്രോഫിയിലെ മാന്‍ ഓഫ് ദി സീരീസും ദക്ഷിണാഫ്രിക്കന്‍ പര്യടനവും (ഒരു പരിധി വരെ വെസ്റ്റ് ഇന്റീസ് പര്യടനവും ) ഇല്ലായിരുന്നു എങ്കില്‍ ശ്രീശാന്ത് ഇപ്പോഴും ടീമില്‍ നില്‍ക്കുമായിരുന്നോ? ഇപ്പോഴും റിസ‌ര്‍‌വ് ബഞ്ചില്‍ ആണെന്നോര്‍ക്കണം. ഇഷ്ടം പോലെ സീമര്‍‌മാര്‍ ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്ത് ടീമില്‍ സ്വന്തം സ്ഥാനം പോലും സ്ഥിരമായിട്ടില്ല എന്ന് മനസ്സിലാക്കാനുള്ള സ്ഥിര ബുദ്ധിയെങ്കിലും ശ്രീശാന്ത് കാണിച്ചാല്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒരു കളിക്കാരന്‍ ഉണ്ടാകും. അതല്ലാതെ ഇരിക്കുന്നതിനു മുമ്പ് കാലു നീട്ടാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും സംഭവിക്കുക എന്നറിയാമല്ലോ. പതിനാല് ടെസ്റ്റ് എന്നത് ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമല്ല.

ഒരു മലയാളി എന്നതില്‍ എന്നും അഭിമാനിക്കുനവനാണ് ഞാന്‍. എന്നിട്ടും ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ എനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. കാരണം അത്രക്ക് ഉണ്ട് ശ്രീശാന്തിന്റെ അഗ്രഷന്‍. ഞങ്ങളൂടെ ഓഫീസിലും ഉണ്ട് ഉത്തരേന്ത്യന്‍ ലോബി. അവരും പറയുന്നു, ശ്രീശാന്തിന് ഇത് കിട്ടേണ്ടതാണ് എന്നു. പക്ഷേ ഹര്‍ഭജന്‍ അത് കൊടുക്കാന്‍ ഒട്ടും യോഗ്യനല്ല എന്നും അവര്‍ കൂട്ടി ചേര്‍ക്കുന്നു. അത് ന്യായം.

ബാറ്റിങ് പ്രകടനം
Tests:- 14 മാച്ച് ... 217 റണ്‍ .... 35 ഉയര്‍ന്ന സ്കോര്‍ ... 15.50 ആവറേജ് ... 64.97 സ്ടൈക്ക് റേറ്റ് .
ODIs:- 41മാച്ച് .... 34റണ്‍ ... 10* ഉയര്‍ന്ന സ്കോര്‍ ... 4.25 ആവറേജ് ... 36.17 സ്ടൈക്ക് റേറ്റ്

ബൗളിങ് പ്രകടനം.
Tests :- 14മാച്ച് .... 2873 ബോള്‍ ..... 1573 റണ്‍ ... 50വിക്കറ്റ്... 5/40 ബെസ്റ്റ്... 31.46 ആവറേജ് ... 3.28 റണ്‍/ഓവര് .... 57.4 സ്ടൈക്ക് റേറ്റ്

ODIs:- 41മാച്ച് .... 1925,ബോള്‍... 1856 റണ്‍ ... 59 വിക്കറ്റ്.... 6/55 ബെസ്റ്റ്.... 31.45 ആവറേജ് .... 5.78 റണ്‍/ഓവര് .... 32.6 സ്ടൈക്ക് റേറ്റ് .

ഒരു മലയാളി എന്ന നിലയില്‍ അല്ലെങ്കില്‍ ശ്രീശാന്തിന്റെ ഈ പ്രകടനത്തില്‍ അഭിമാനിക്കേണ്ടതായി ഒന്നുമില്ല. ഒരു സാധാരണ ബൗളര്‍. കഴിവുണ്ട്, പക്ഷേ അതുപയോഗിക്കാന്‍ ശ്രമിക്കാത്ത അല്ലെങ്കില്‍ അത് ദുരുപയോഗം ചെയ്യുന്ന ഒരു കളിക്കാരന്‍. ഒരു മലയാളിക്ക് ഇതു വരെ എത്താനാകാത്ത ഉയരത്തില്‍ എത്തിയിട്ടും അത് പൂര്‍ണ്ണമായി ഉപയോഗിക്കാനും അവിടെ തന്റെ സ്ഥാനം ഉറപ്പിക്കാനും ശ്രീശാന്ത് ശ്രമിക്കുന്നില്ല. പകരം വിവാദങ്ങളില്‍ കൂടി ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 148km സ്പീഡില്‍ കുത്തിത്തിരിയുന്ന ശ്രീശാന്തിന്റെ ബോളുകള്‍ നേരിടാന്‍ വിഷമിക്കുന്ന എതിര്‍ ടീമിനെ കാണാന്‍ ആണ് ഒരോ മലയാളിയും കാത്തിരിക്കുന്നത് എന്ന് ശ്രീ തന്നെ മനസ്സിലാക്കിയെങ്കില്‍ നന്ന്. അല്ലാതെ അഹങ്കാരം മുറ്റി നില്‍ക്കുന്ന നോട്ടങ്ങളൂം വായ്ത്താരിയും കാണാന്‍ ഒരു സാധാരണ മലയാളിയും ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. ശ്രീശാന്ത് നന്നായാല്‍ മലയാളിക്ക് തീര്‍‍ച്ചയായും അഭിമാനിക്കാം.

വാല്‍ക്കഷണം.
ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ മലയാളി‍കള്‍ എപ്പോഴും നോക്കുന്നത് (അര്‍ഹനല്ലെങ്കില്‍ കൂടി) ശ്രീശാന്ത് ടീമില്‍ ഉണ്ടോ എന്നാണ് , ഒരു കളിയില്‍ ശ്രീ കളിച്ചാല്‍ ആദ്യം അന്വേഷിക്കുന്നത് ശ്രീശാന്തിന് വിക്കറ്റുണ്ടോ എന്നാണ്. അതിന്റെ അര്‍ത്ഥം ശ്രീശാന്തിന്റെ സ്വഭാവത്തെ കുറ്റം പറയുംപ്പോഴും ഒരു മലയാളി ഇന്ത്യന്‍ ടീമില്‍ ഉള്ളതിനെ മലയാളികള്‍ ഇഷ്ടപ്പെടുന്നു എന്നു തന്നെയാണ്. അല്ലാതെ, അവന്‍ ശരിയല്ല അവന്‍ ഒരിക്കലും ടീമില്‍ വരല്ലേ എന്ന് ആരും പറയും എന്ന് തോന്നുന്നില്ല. നല്ലവണ്ണം കളിച്ചാല്‍ ശ്രീശാന്തിനും മലയാളിക്കും അഭിമാനിക്കാം. അല്ലെങ്കില്‍ മറ്റൊരു ടിനു ആയി കേരളാ ടീമില്‍‍ കളിക്കാം.


Labels : Sreesanth, Cricket, Kerala, Indian team

Tuesday, April 29, 2008

പലരോടും ചോദിച്ച് ഒരെണ്ണം ഒപ്പിച്ചെടുത്തു..

പലരോടും ഞാന്‍ ചോദിച്ചു...

സൈമണ്‍സ് ..

ഹാഡിന്‍

ഹെയ്‌ഡന്‍ ...അങ്ങനെ ആരെല്ലാം..

അവസാനം....... കൈഫിനോടും ചോദിച്ചു

പക്ഷേ ആരും തന്നില്ല. അവര്‍ക്കൊന്നും എന്നെ ഇഷ്ടമായിരുന്നില്ല...

X

X

X

X


ഒടുവില്‍

പലരോടും ചോദിച്ച് ചോദിച്ച് ഞാന്‍ ഒരെണ്ണം ഒപ്പിച്ചെടുത്തു..



സ്നേഹത്തോടെ തരാന്‍ എന്റെ ഭായ് തന്നെ വേണ്ടി വന്നു.

****************** ************* ************

ഡിസ്ക്ലൈമര്‍ ... (അയ്യോ സ്പെല്ലിങ് ശരിയാണോ ആവോ)

ഇതൊരു വ്യക്തിഹത്യാ പോസ്റ്റ് അല്ല .....

കടപ്പാട് ... ഇന്ന് വന്ന മെയിലിന് .. അയച്ച് തന്ന കൂട്ടുകാരന്‍ സന്തോഷിനും മാത്രം

Monday, April 21, 2008

ബ്ലോഗ് അക്കാദമി - നിലപാടുകള്‍

ബെര്‍ളിയുടെ ബ്ലോഗ് അക്കാദമി കൊണ്ട് എന്തു പ്രയോജനം എന്ന പോസ്റ്റില്‍ ഇട്ട കമന്റിന്റെ കാര്യകാരണങ്ങള്‍ ആണിത്. നീളം കൂടിപ്പോയത് കൊണ്ട് പോസ്റ്റ് ചെയ്യുന്നു.

********* ********* ********* ********* ********* *********

ബ്ലോഗ് അക്കാഡമിക്കാര്‍ക്ക് പിന്തുണ പോലെ കമന്റ് ഇട്ടിട്ടുള്ള ഒരാളാണ് ഞാന്‍. ശില്പ്പശാലക്ക് പോകാനോ, പ്രോല്‍സാഹനം കൊടുക്കാനോ, സാങ്കേതിക വിഞ്ജാനം പകര്‍ന്നു കൊടുക്കാനോ ഒന്നും എനിക്ക് സാധിക്കില്ല. പക്ഷേ ചെയ്യുന്നവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് തോന്നിയതിനാല്‍ കമന്റിലൂടെ പ്രോല്‍സാഹനം നല്‍കി. കാരണങ്ങള്‍ പലതാണ്. അത് എന്റെ ബ്ലോഗില്‍ ചേര്‍ക്കുന്നു.

1. കണ്ണൂരില്‍ ഇവര്‍ ഒരു ശില്പശാല നടത്തി. അതില്‍ നിന്നും ഒരു മോഹന്‍ എന്നയാളും, ഒരു ടീച്ചറും ബ്ലോഗ് തുടങ്ങി. (മറ്റ് ചിലരും തുടങ്ങി, പക്ഷേ ഓര്‍ക്കുന്നില്ല,ക്ഷമിക്കുക). മോഹന്‍ ഒരു ക്യാമറാമാന്‍ ആയതിനാല്‍ ചില നല്ല ചിത്രങ്ങള്‍ കാണാന്‍ സാധിച്ചു. ഉദാ: എച്ചിലില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ഒരു യുവാവിന്റെ ചിത്രം. എന്നെ വളരെയേറെ സ്വാധീനിച്ച ചിത്രം. അതു പോലെ പല ചിത്രങ്ങള്‍ കണ്ടിട്ടുണ്ട് എങ്കിലും, ബ്ലോഗില്‍ കിടക്കുമ്പോള്‍ ചിലപ്പോള്‍ എങ്കിലും കാണുമല്ലോ. ഞാന്‍ ഒരു സംഭവം ആണെന്ന അഹങ്കാരത്തെ ഒരു നിമിഷം എങ്കിലും അടക്കാമല്ലോ. ഇനി ടീച്ചറിന്റെ കാര്യം. ബ്ലോഗിന് സംഭാവന ഒന്നും ഇതു വരെ തന്നിട്ടില്ല എങ്കിലും ചിലപ്പോഴെങ്കിലും ടീച്ചര്‍മാരുടേയും, ഡോക്ടേഴ്സിന്റെയും, അക്കൗണ്ടന്റിയേയും, കര്‍ഷകന്റെയും ഒക്കെ സജീവ സാനിദ്ധ്യം ബ്ലോഗ് ലോകത്തിന് നല്ലതാണ് എന്ന് തോന്നി. ഇങ്ങനെ കഴിവുള്ള പല ആളുകളും ബ്ലോഗ് ലോകത്തേക്ക് വരുന്നത് നല്ല കാര്യമല്ലേ? ഇവരില്‍ ആരെങ്കിലും വിഞ്ജാനപ്രദമായ ഒരു ബ്ലോഗ് തുടങ്ങിയാല്‍ അത് എല്ലാവര്‍ക്കും വായിക്കാമല്ലോ.

2. ശില്പശാല നടത്തുന്നവര്‍ സൗജന്യമായി ഇത് നടത്തുന്നു എന്ന കണക്കു കൂട്ടല്‍ ആണുള്ളത്. അവിടെ വരുന്നവരില്‍ നിന്നോ, ബ്ലോഗ് തുടങ്ങുന്നവരില്‍ നിന്നോ കാശ് വാങ്ങുന്നതായി എനിക്ക് അറിവില്ല. അപ്പോള്‍ അത് ഒരു നല്ല കാര്യമായി തോന്നി. (അങ്ങനെ അല്ല എങ്കില്‍ ഇട്ട കമന്റ് എല്ലാം തിരിച്ചെടുക്കുന്നതായിരിക്കും).

3. ഇതില്‍ നിന്ന് ഒരു കൂട്ടായ്മ ഉണ്ടായി അത് ആരുടെ എങ്കിലും നേതൃത്വത്തില്‍ തഴച്ച് വളര്‍ന്ന് ബൂലോകം മുഴുവന്‍ വിഴുങ്ങും എന്ന് ഞാന്‍ കരുതുന്നില്ല.

4. പിന്നെ സ്വന്തം നാട്ടില്‍ നിന്ന്‍ ഒരാള്‍ ബ്ലോഗ് തുടങ്ങിയാല്‍ അത് നാടുമായി ഒരു ബന്ധം കൂടി മനസ്സില്‍ ഉറപ്പിക്കാന്‍ സഹായിച്ചാലോ എന്ന ( ഒരു പ്രവാസിയുടെ) ഒരു ആകാംക്ഷ. ഉദാ: സെബിന്‍ പണ്ട് ബസേലിയനില്‍ (കോളേജ് മാഗസിന്‍) എഴുതിയ ഒരു ലേഖനം സെബിന്റെ ബ്ലോഗില്‍ വായിച്ച എനിക്ക് ആ കോളേജിലെ എന്റെ ദിനങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ക്കാന്‍ ഒരു നിമിത്തമായതു പോലെ ചില ലേഖനങ്ങള്‍ സന്തോഷം തരുന്നതിന് നിമിത്തം തന്നെയാണ്. അതുപോലെ അനില്‍ ഐക്കര കോട്ടയത്തെ വിശേഷങ്ങളും വിഷമതകളും എഴുതുമ്പോള്‍ എനിക്കത് ഒരു പത്ര റിപ്പോര്‍ട്ടിനേക്കാള്‍ ഇഷ്ടമാണ്.

5. ബ്ലോഗ് തുടങ്ങുന്നവര്‍ എല്ലാവരും കഥ എഴുതുന്നവരോ കവിത എഴുതുന്നവരോ അല്ല. (അതിന് ഉദാഹരണം നിരത്തേണ്ട ആവശ്യമില്ലല്ലോ.). അതു പോലെ കവിത എഴുതുന്നവരും കഥ എഴുതുന്നവരും ശാസ്ത്രരംഗത്തെ കുറിച്ച് പോസ്റ്റ് ഇടും എന്നും കരുതാനാവില്ല. അതിനാല്‍ ഇപ്പോള്‍ ബ്ലോഗില്‍ ഉള്ളവരേപ്പോലെ ആകാനാണ് എല്ലാവരും ശ്രമിക്കുന്നത് എന്ന് പറയുന്നതില്‍ കഴമ്പില്ല.

6. ഈ പറയുന്ന വിശാലനോ, ഏവൂരാനോ, ബെര്‍ളിയോ, മനുവോ, സാന്റോസോ,സുനീഷോ, രാജോ, കുറുമാനോ അല്ലെങ്കില്‍ വേണ്ട പേരെടുത്ത് കഴിഞ്ഞ ഏതെങ്കിലും ബ്ലോഗറെ പോലെ ആകണം എന്ന് ഞാന്‍ (പുതിയ ബ്ലോഗേഴ്സും) ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ? ഇല്ല. എങ്കിലും ഞാനും ബ്ലോഗില്‍ പോസ്റ്റ് ഇടുന്നു , കമന്റുകള്‍ ഇടുന്നു. അപ്പോള്‍ പിന്നെ കുറച്ച് പേര്‍ കൂടി ബ്ലോഗ് ലോകത്തേക്ക് കടന്ന് വരുന്നത് നല്ല കാര്യമല്ലേ? അവര്‍ക്ക് അതിന് അറിവ് പകര്‍ന്നു കൊടുക്കുന്നത് നല്ല കാര്യമല്ലേ? തനിക്കുള്ള അറിവ് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ എന്താ തെറ്റ്?

തല്‍ക്കാലം ഇത്രയും എഴുതാനേ സമയമുള്ളു.. തന്നെയുമല്ല, ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ എന്നറിയുന്നതിന് മുമ്പ് ചീത്ത വിളിക്കുന്നതും പ്രവചനങ്ങള്‍ നടത്തുന്നതും ഗര്‍ഭത്തില്‍ ഇരിക്കുന്ന കുഞ്ഞിനെ വെളിയിലെടുത്ത് കുത്തികൊല്ലുന്ന പോലെ ആകില്ലേ? ഇതിന്റെ തലേവര എന്താണെന്നും, ഈ കുഞ്ഞ് എങ്ങനെ വളരുന്നു എന്നും നോക്കാം. അതിനുള്ള ക്ഷമ പോലുമില്ലാതെ വരുന്നത് അത്ര ശരിയല്ലല്ലോ. ഏതായാലും ബ്ലോഗ് അക്കാദമിയുടെ "നല്ല പ്രവര്‍ത്തനങ്ങള്‍ക്ക്" (മാത്രം) എന്റെ ധാര്‍മിക പിന്തുണ ഉണ്ടാകും.

സുകുമാരേട്ടന്‍ പറഞ്ഞ പോലെ അക്കാദമിക്കാര്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാക്കുന്ന ഈ വിവാദങ്ങള്‍ക്ക് പുറകെ പോകാതെ തങ്ങള്‍ ആണ് ശരി എന്ന് തെളിയിക്കൂ.. അപ്പോള്‍ എല്ലാം ശരിയാകും. ഇല്ലെങ്കില്‍ ചീത്ത വിളിക്കാന്‍ ഞാനും കൂടും.....

വാല്‍ക്കഷണം.
ഇനി ഇത് ഒരു സംഘടന എന്ന രീതിയില്‍ വളര്‍ന്നാല്‍ ഇതില്‍ എനിക്ക് അംഗത്വം വേണ്ട. സംഘടനകളില്‍ രാഷ്ട്രീയം വരും , ഇലക്ഷന്‍ വരും, വോട്ട് ചെയ്യണം ഒക്കെ ഭയങ്കര പാടാണെന്നേ... ബ്ലോഗേഴ്സിനെ ഒറ്റക്കോ കൂട്ടായോ കാണുന്നതില്‍ എനിക്ക് വിരോധം ഇല്ല. അതു കൊണ്ട് ആ സ്ഥലത്ത് ആകാശം ഇടിഞ്ഞു വീഴുന്നെങ്കില്‍ എന്റെ തലയില്‍ തന്നെ വീണോട്ടെ. ആള്‍ക്കാരുമായി ഇടപഴകിയാല്‍ തന്റെ സര്‍ഗ്ഗചേതന അറ്റു പോകുമെന്നും, തന്റെ വിമര്‍ശന സ്വാതന്ത്ര്യത്തിന് അതൊരു തടസമാകുമെന്നും കരുതുന്നത് തെറ്റാണ്. മുഖത്ത് നോക്കി കാര്യങ്ങള്‍ വിളിച്ച് പറയാന്‍ ധൈര്യമില്ലാത്തവര്‍ക്കേ ആ ബുദ്ധിമുട്ട് തോന്നുകയുള്ളൂ.

Saturday, April 19, 2008

വീണ്ടും രക്തപ്രവാഹം (കണ്ണില്‍ നിന്ന് )

ദേ ചങ്ങനാശ്ശേരിയിലും ഫോട്ടോയില്‍ നിന്ന് രക്തപ്രവാഹം .ദീപികയില്‍ ഇന്നു വന്ന വാര്‍ത്ത കണ്ടു.

ഇത് എന്താ കഥ ? ഒരു ഫോട്ടോയില്‍ ഉള്ള മറിയത്തിന്റെ ഫോട്ടോയില്‍ നിന്ന് രക്തം വരാന്‍ എന്താണ് കാരണം. കണ്ണുനീരിന് പകരം രക്തം വരാന്‍ മാത്രം മറിയത്തിന് എന്താണ് ചിലയിടങ്ങളില്‍ ഇത്ര ദു:ഖം? എല്ലാ ഫോട്ടോയില്‍ നിന്നും ഇങ്ങനെ വരാന്‍ സാധ്യത ഉണ്ടോ? മറിയത്തിന്റെ കണ്ണില്‍ നിന്നും വരുന്ന രക്തം A+, B+, AB+ O+ , A-, B-, AB-,O- ഇതില്‍ ഏത് ഗ്രൂപ്പില്‍ പെട്ടതാകും? എല്ലാ സ്ഥലങ്ങളിലും കാണുന്ന ഫോട്ടോയിലെ രക്തം എല്ലാം ഒരേ ഗ്രൂപ്പില്‍ പെട്ടതാണോ? ആ രക്തത്തിന്റെയെല്ലാം DNA പരിശോധന നടത്തിയാല്‍ എല്ലാം ഒരേ പോലെ ഇരിക്കുമോ? ഇനി ഇത്തിരി കൂടി കടന്ന് ചിന്തിച്ചാല്‍ ചിലയിടങ്ങളില്‍ കന്യാമറിയത്തിന്റെ കണ്ണില്‍ നിന്നും, ചിലയിടങ്ങളില്‍ യേശുവിന്റെ കണ്ണില്‍ നിന്നും വരുന്ന രക്തത്തിന്റെ സാമ്പിള്‍ പരിശോധിച്ചാല്‍ അവരുടെ ബന്ധത്തെ പറ്റി കൂടുതല്‍ പഠിക്കാമല്ലോ. അങ്ങനെ അവിശ്വാസികള്‍ക്ക് ഒരു തെളിവ് നല്‍കാന്‍ സാധിക്കമല്ലോ. അല്ലാതെ അവിടെ രക്തം കണ്ടേ, ഇവിടെ രക്തം കണ്ടേ എന്നൊക്കെ വിളിച്ച് പറയാന്‍ ദീപികക്ക് ഒക്കെ നാണമാവുന്നില്ലേ? (ഇങ്ങനെ ഒക്കെ എഴുതുന്നത് വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താനല്ല, മറിച്ച് ഈ വാര്‍ത്തകളുടെ അടിസ്ഥാനമില്ലായ്ക ആര്‍ക്കെങ്കിലും മനസ്സിലാകട്ടെ എന്നോര്‍ത്ത് മാത്രമാണ് .)

ഇതിപ്പോള്‍ വെളിയില്‍ എടുത്ത് വച്ച് ആളുകള്‍ സൂര്യനെ നോക്കാന്‍ തുടങ്ങിയിട്ടുണ്ടാകുമോ? ഇനി ഈ ഫോട്ടോ കാരണം എത്ര ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെടുമോ ആവോ? അധവാ അങ്ങനെ സംഭവിച്ചാലും ദീപിക അത് റിപ്പോര്‍ട്ട് ചെയ്യില്ലല്ലോ..

മാധ്യമങ്ങള്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ എന്താ യുക്തി ? ഓഹ്.. യുക്തി ഉണ്ടല്ലോ.. ബിസ്സിനസ്സ് അല്ലേ യുക്തി.

കോട്ടയത്തിനടുത്ത് കുറച്ചു നാള്‍ മുമ്പ് നടന്ന രക്തം വരവു ഓര്‍ക്കുന്നില്ലേ..അവിടെ പോയി കണ്ണിനു കാഴ്ച്ച പോയവരെ പറ്റി വന്ന വാര്‍ത്ത മനോജിന്റെ ബ്ലോഗില്‍ ഉണ്ടായിരുന്നു. ആ ബിസ്സിനെസ്സിന്റെ "പ്രമോഷനു വേണ്ടി" ഒരു ബ്ലോഗ് വരെ ഓപ്പണ്‍ ആയിരുന്നു. ഇതാ നോക്കൂ..

വാല്‍‌ക്കഷണം :
മനോജിന്റെ ബ്ലോഗിന്റെ ലിങ്ക് തപ്പി ചെന്നപ്പോള്‍ ഈ വാര്‍ത്ത അവിടെയും കണ്ടിരുന്നു. എങ്കിലും പോസ്റ്റ് ചെയ്യുന്നു.

Thursday, April 17, 2008

രാഹുലിന്റെ ഈ പ്രവൃത്തിക്ക് അഭിനന്ദനങ്ങള്‍

മഹാരാഷ്ട്രയിലെ തപ്രിയന്‍ ഗ്രാമത്തിലെ ആദിവാസിയായ ഒരു വിധവയുടെ വീട്ടില്‍ അഥിതിയായി രാഹുല്‍ ഗാന്ധി എത്തി. അവിടെ നിന്നു അവര്‍ കൊടുത്ത ആഹാരം കഴിച്ച് അവരുടെ മുറ്റത്തെ കട്ടിലില്‍ കിടന്നുറങ്ങി. രാഷ്ടീയ ലക്ഷ്യം എന്തുമാകട്ടെ. ചെയ്ത "പ്രവൃത്തിക്ക് " എന്റെ പ്രണാമം.

രാഹുലിന്റെ പാര്‍ട്ടി ചെയ്യുന്ന 70% കാര്യങ്ങളും ഇഷ്ടപ്പെടാത്ത , ആ പാര്‍ട്ടിയില്‍ നടക്കുന്ന കുടുംബ വാഴ്ചയെ ഇഷ്ടപ്പെടാത്ത ഞാന്‍, രാഹുലിന്റെ ഈ ഒരു പ്രവൃത്തിയെ അനുകൂലിക്കുന്നു. ഇന്നത്തെ സമൂഹത്തില്‍ എത്ര പേര്‍ ചെയ്യുന്ന കാര്യമാണത്? വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ആദിവാസികള്‍ എന്നും ദളിതര്‍ എന്നും കേള്‍ക്കുമ്പോള്‍ തന്നെ അലര്‍ജി ഉള്ളവര്‍ അല്ലേ കൂടുതല്‍ പേരും.

ഇനി അവിടെ പോയത് കൊണ്ട് രാഹുല്‍ അവര്‍ക്ക് വേണ്ടി മലമറിക്കും എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ആദിവാസികള്‍ നല്‍കുന്ന തലപ്പാവും ധരിച്ച്, അവരുടെ താളത്തിനൊപ്പം ചുവടു വക്കുന്ന നേതാക്കളെ ധാരാളം കാണാം. അവരില്‍ ആരും, എന്തിന് രാഹുലിന്റെ അച്ഛനും അമ്മയും പോലും അവര്‍ക്ക് വേണ്ടി ഒത്തിരി ഒന്നും ചെയ്തതായി അറിയില്ല. എല്ലാം ഒരു നാടകം. ഇതും അങ്ങനെ ആകാം. എങ്കിലും... അഭിനന്ദനങ്ങള്‍

ദീപിക , മനോരമ പത്രങ്ങളില്‍ കണ്ട വാര്‍ത്തയാണ് ഇത് എഴുതാന്‍ പ്രേരണ. ഈ കുറിപ്പില്‍ രാഷ്ട്രീയം ഇല്ല.

(പ്രണാമം ഈ പ്രവര്‍ത്തിക്കു മാത്രം, അല്ലാതെ രാഹുലും പ്രിയങ്കയും രാജ്യഭരണത്തിലോ അതിന്റെ പങ്കാളിത്തത്തിലോ വരുന്നത് എനിക്കിന്നും ഇഷ്ടമില്ല. രാഹുലിനെ നേതാവാക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാലമാണിത് എന്നറിയാം. മനോരമയില്‍ തന്നെ ഈ വാര്‍ത്തയും കാണാം.)

Tuesday, April 8, 2008

റിയാലിറ്റി ഷോയും ഇന്നത്തെ കുട്ടികളും ..

Idea Star Singer-ലെ ഏറ്റവും നല്ല പെര്‍ഫോര്‍മന്‍സ് നടത്തിയ തുഷാര്‍ ഏതായാലും ഫൈനലില്‍ എത്തി. ആദ്യമായി ഒരു നല്ല റിസല്‍ട്ട്.

അരുണ്‍ ഗോപനും എത്തി..
ഹിഷാം ഔട്ട്.
നജീം ഇന്‍ ആകുമെന്നു അറിയാമായിരുന്നു .....

പക്ഷേ അവസാനം കാണിച്ച തോന്യാസങ്ങള്‍ സഹിക്കുനതിനപ്പുറമായിരുന്നു. അനിവാര്യമായത് പറഞ്ഞവസാനിപ്പിക്കുന്നതിനു പകരം, ഔട്ട് ആയ കുട്ടിയുടെ അമ്മ ബോധക്കേടിന് അടുത്തു വരെ വന്നിട്ടും വീണ്ടും ആ റിസല്‍റ്റ് നീട്ടി കൊണ്ടുപോയ ഏഷ്യാനെറ്റിനെ എത്ര ചീത്ത പറഞ്ഞാലും തീരില്ല. ആ അമ്മക്ക് വീണ്ടും ടെന്‍ഷന്‍ കൂട്ടാതെ റിസല്‍ട്ട് പറയാന്‍ എങ്കിലും ദയ കാണിക്കാമായിരുന്നു.


*************** *************** ****************
ഒരു റിയാലിറ്റി ഷോ കുട്ടികളിലും അവരുടെ മാതാപിതാക്കളിലും ഉണ്ടാക്കുന്ന സമ്മര്‍ദ്ദം എന്താണെന്നു അവസാന ഭാഗങ്ങള്‍ നമുക്ക് കാണിച്ചു തന്നു. മല്‍സരങ്ങള്‍ ഒരു വൈകാരിക തലത്തിലേക്ക് മാറുന്നു. ഒരു മല്‍സരമായാല്‍ ജയവും തോല്‍‌വിയും ഉണ്ടാകും എന്ന സത്യം പോലും വിസ്മരിക്കപ്പെടുന്നു. ഒരു വോട്ടെങ്കിലും നിങ്ങള്‍ ചെയ്തിരുന്നു എങ്കില്‍ ഞാന്‍ ഔട്ട് ആകില്ലായിരുന്നു എന്ന് നിഷ്കളങ്കമായി ആണെങ്കില്‍ പോലും പറയിക്കുന്ന തലത്തിലേക്ക് കുട്ടികളെ ഇവര്‍ എത്തിക്കുന്നു. എന്തും നേരിടാന്‍ കുട്ടികള്‍ക്ക് സ്വയം ഉണ്ടാകുന്ന ആത്മവിശ്വാസം കൂടി ഇത്തരം ഷോകള്‍ നശിപ്പിക്കുകയെല്ലേ എന്ന് തോന്നുന്നു. സ്റ്റേജില്‍ നിന്ന് (തട്ടില്‍ നിന്നു എന്ന് പറയട്ടെ) കണ്ണീരോടെ ഇറങ്ങി പോകുന്നവരെയാണല്ലോ നമ്മള്‍ കാണുന്നത്.

റിയാലിറ്റി ഷോകള്‍ കൊണ്ട് കുറച്ച് കുട്ട്കള്‍ക്കെങ്കിലും നല്ലൊരു ഭാവി ഉണ്ടാകുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ റിയാലിറ്റി ഷോകള്‍ സ്വപ്നം കാണാന്‍ തുടങ്ങിയ ഒരു തലമുറ കലാരംഗത്തേക്ക് എത്തി നോക്കാന്‍ തയ്യാറെടുക്കുന്നു. അവരില്‍ ചിലരെങ്കിലും കോടികളുടെ സമ്മാനങ്ങള്‍ മാത്രമായിരിക്കും മനസ്സില്‍ കാണുന്നത്. അത് കിട്ടിയില്ലെങ്കില്‍ അവര്‍ തകരില്ല എന്ന് ആരു കണ്ടു?

മേരി അവാസ് സുനോ , ഒറ്റ എപ്പിസോഡ് പോലും മുടങ്ങാതെ കാണാന്‍ ശ്രമിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. (പക്ഷേ അന്ന് ആര്‍ക്കും വോട്ട് ചെയ്യേണ്ടായിരുന്നു.) സുനീതി ചൗഹാന്‍ എന്ന അതുല്യയായ "പെണ്‍കുട്ടി" മറ്റ് മുതിര്‍ന്നവരേക്കാള്‍ മുമ്പിലെത്തി. അവള്‍ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പക്ഷേ ഇന്നത്തെ ഷോകളില്‍ നിന്ന് എത്ര സുനീതിമാര്‍ രംഗത്തെത്തും എന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ?

ഷോകള്‍ തുടരട്ടെ.. കുറച്ച് കുട്ടികള്‍ എങ്കിലും രക്ഷപെടട്ടെ.. അമൃതയില്‍ രൂപ എന്ന അര്‍ഹയായ കുട്ടിക്ക് തന്നെ ഒന്നാം സമ്മാനം കിട്ടിയതില്‍ സന്തോഷം തോന്നി. അതു പോലെ തന്നെ അര്‍ഹരായവര്‍ക്ക് എല്ലാ ഷോയിലും സമ്മാനങ്ങള്‍ കിട്ടട്ടെ. കലാരംഗത്തിനു നല്ല പ്രതിഭകളെ കിട്ടട്ടെ.

*************** *************** ****************

വാല്‍ക്കഷണം :
റിയാലിറ്റി ഷോ കുട്ടികളില്‍ ഉണ്ടാക്കുന്ന മാറ്റമല്ല പ്രതിപാദ്യം.
മുമ്പ് പറഞ്ഞത് ഒന്നു കൂടി ആവര്‍ത്തിക്കട്ടെ..എന്തും നേരിടാന്‍ കുട്ടികള്‍ക്ക് സ്വയം ഉണ്ടാകുന്ന ആത്മവിശ്വാസം കൂടി ഇത്തരം ഷോകള്‍ നശിപ്പിക്കുകയെല്ലേ എന്ന് തോന്നുന്നു. സ്റ്റേജില്‍ നിന്ന് (തട്ടില്‍ നിന്നു എന്ന് പറയട്ടെ) കണ്ണീരോടെ ഇറങ്ങി പോകുന്നവരെയാണല്ലോ നമ്മള്‍ കാണുന്നത്.
പൊതുവേ കണ്ടു വരുന്ന ഒരു കാഴ്ചയണിത്. പല മേഖലയിലും മല്‍സരങ്ങള്‍ താങ്ങാന്‍ കുട്ടികള്‍ക്കാവുന്നില്ല. മാതാപിതാക്കള്‍ കുട്ടികളെ മല്‍സരങ്ങള്‍ക്കായി മാത്രം വളര്‍ത്തിയെടുക്കുന്നതിന്റെ പരിണിതഫലമാണിത്. എല്‍.കെ.ജി തൊട്ട് പരീക്ഷക്ക് മാത്രമായി വാര്‍ത്തെടുക്കുന്ന കുഞ്ഞുങ്ങള്‍. എനിക്കറിയാവുന്ന പല മാതാപിതാക്കളും ഇങ്ങനെ തന്നെ. കുട്ടി ഒന്നാം ക്ലാസ്സില്‍ എത്തിക്കഴിഞ്ഞാല്‍, ആറു മണി കഴിഞ്ഞാല്‍ ടി.വി പോലും ഓണ്‍ ആക്കാത്ത വീടുകള്‍, ലോക പരിചയം ഇല്ലാത്ത കുട്ടികള്‍ വളര്‍ന്നു വരുന്നു. അവരുടെ മാനസ്സിക വളര്‍ച്ച പരീക്ഷക്ക് വേണ്ടി മാത്രമുള്ളതായി മാറുന്നു. ഇത് തികച്ചും അപലപനീയം തന്നെ.

Tuesday, April 1, 2008

അബു ദാബി കെ.എസ്.സി തെരെഞ്ഞെടുപ്പും എന്റെ കാഴ്ചപ്പാടും..

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ ഒരു വോട്ട് ചെയ്തു. അബു ദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഭരണസമിധി തെരെഞ്ഞെടുപ്പ് ആയിരുന്നു. എന്താ മാമാങ്കം !! ഏഴു മണിക്ക് അവിടെ എത്തി രാത്രി പതിനൊന്നര മണിക്ക് വോട്ട് ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ , ഓര്‍ത്തു നോക്കൂ...
ഏതായാലും, കെ.ബി മുരളി നയിക്കുന്ന നിലവിലുണ്ടായിരുന്ന ഭരണസമിധിയുടെ പാനല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതായി അറിയുന്നു.

കെ.എസ്.സി-യില്‍ ആദ്യമായി വോട്ട് ചെയ്ത ഒരു മെംമ്പര്‍ എന്ന നിലയില്‍ ഈ തെരെഞ്ഞെടുപ്പിനെ പറ്റി ഒത്തിരി ഒത്തിരി സംശയങ്ങള്‍ മനസ്സില്‍ തോന്നി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് എനിക്ക് വന്നത് 50-60 SMS, 10-20 ഫോണ്‍ കോളുകള്‍. ജീവിതത്തില്‍ ഒരിക്കല്‍ പോലും എന്നെ കണ്ടിട്ടില്ലാത്തവര്‍ പോലും എന്നെ അറിയാം എന്ന് പറയുന്നു. വീട്ടുകാര്യവും നാട്ടുകാര്യവും ചോദിക്കുന്നു. ഒരു സാംസ്കാരിക സംഘടനയുടെ ഭരണസമിധിയുടെ വോട്ടിനു ഇത്ര വിലയോ? ഈ വോട്ടെടുപ്പിനു വേണ്ടി രണ്ടു പാനലുകള്‍ക്ക് ചെലവായത് എത്ര ദിര്‍ഹംസ് ആണെന്ന് എനിക്ക് ഒരു രൂപവും കിട്ടുന്നില്ല.

പല കോളുകളില്‍ നിന്ന് എനിക്ക് കിട്ടിയ വിവരങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഈ തെരെഞ്ഞെടുപ്പില്‍ സംഘടനയിലെ വിഭാഗീയത പുറത്തു വന്നില്ലേ എന്ന് ഒരു സംശയം. എന്റെ തോന്നലാവാം.

നിലവിലുള്ള ഭരണസമിധി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കാരണമായി എനിക്കു തോന്നിയത്, കെ.എസ്.സി യില്‍ പുതുതായി അംഗങ്ങളെ ചേര്‍ത്തതാണ്. വര്‍ഷങ്ങളായി അംഗത്വം ആഗ്രഹിച്ചിരുന്ന ഞാനുള്‍പ്പെടെയുള്ള പുതിയ അംഗങ്ങള്‍ക്ക് അവരോട് തോന്നിയ നന്ദി വോട്ടില്‍ പ്രതിഫലിച്ചിരിക്കണം.


******* ******* ******* ******* ******* *******

ഇനിയുള്ളത് ഒരു പ്രവാസി എന്ന നിലയില്‍ ഒരു പ്രവാസി സാംസ്കാരിക സംഘടനയില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുന്നത്, ( എല്ലാ പ്രവാസി സംഘടനകള്‍ക്കും ബാധകം)

1. ജനപങ്കാളിത്തം. അംഗങ്ങള്‍ക്ക് പരസ്പരം അറിയാന്‍ മാസത്തില്‍ ഒരു ദിവസം എങ്കിലും ഒരു കൂട്ടായ്മ സംഘടിപ്പിക്കുക. അതില്‍ സ്വന്തം നാട്ടിലും പരിസരങ്ങളിലും ഉള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക.

2. സാമൂഹ്യസേവനം. വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാറില്ല എന്ന് പറയുന്നുണ്ടെങ്കിലും , ഒരു സംഘടന എന്നെ നിലയില്‍ ചെയ്യുന്ന സേവനങ്ങള്‍ അംഗങ്ങള്‍ അറിയുന്നതില്‍ തെറ്റില്ല. കൂടുതല്‍ ആള്‍ക്കാരെ (നാട്ടിലായാലും ഇവിടെ ആയാലും) സഹായിക്കാന്‍ സന്മനസ്സ് കാണിക്കണം. എങ്കിലേ ഈ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സംഘടനകള്‍ക്ക് എന്തെങ്കിലും ചെയ്തു എന്ന് അവകാശപ്പെടാന്‍ കഴിയൂ. നമ്മുടെ ചുറ്റും അവശത അനുഭവിക്കുന്ന ഒരുപാട് പേര്‍ ഉണ്ടാകും. അവര്‍ക്ക് സഹായം എത്തിക്കാനായില്ലെങ്കില്‍ സംഘടന കൊണ്ട് എന്ത് കാര്യം. ഇവിടെയും രാഷ്ട്രീയം കളിക്കാനോ?

3. സുതാര്യത. പ്രവര്‍ത്തനങ്ങളിലും കണക്കുകളിലും തീര്‍ച്ചയായും സുതാര്യത വേണം. ഇത് മാത്രം ഒരു സംഘടനയിലും നടക്കില്ല എന്നറിയാം. (ഇന്നലെ കണ്ട കണക്കിലും ചിലവിനത്തില്‍ 190,000.00 എന്നൊക്കെ കണ്ടു. കുറ്റം പറയുന്നതല്ല, ഇത്ര കൃത്യമായി എങ്ങനെ വരുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.)

4. കലാപ്രവര്‍ത്തനം. കേരളത്തിന്റെ സ്വന്തം കലകളെ വളര്‍ത്തി കൊണ്ടു വരുന്നതിനും പ്രവാസികള്‍ക്കിടയില്‍ അന്യം നിന്നു പോകുന്ന ഇത്തരം കലാരൂപങ്ങള്‍ യുവതലമുറക്കു കൂടി പരിചയപ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരോ പ്രവാസിസംഘടനയും ചെയ്യേണ്ടതാണ്. കല എന്നു പറഞ്ഞാല്‍ 'സിനിമാറ്റിക് ഡാന്‍സ്' ആണെന്നു മനസ്സിലാക്കിയിരിക്കുന്ന ഒരു തലമുറയെയാണല്ലോ ഇന്നു നമ്മള്‍ "കൂടുതലും" കാണുന്നത്. ( ചുരുക്കം ചില സംഘടനകള്‍ എങ്കിലും ഇപ്പോള്‍ നാടകം ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുകയും പഠന ക്ലാസുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. )

5. വനിതാ പ്രാതിനിത്യം. സംഘടനകളില്‍ നടക്കുന്ന ദൈനംദിന പരിപാടികളില്‍ സ്ത്രീകളുടെ പങ്കുചേരല്‍ ഉറപ്പാക്കണം. ചില പ്രവാസികളുടെ എങ്കിലും ഭാര്യമാര്‍ വീട്ടില്‍ ഇരിക്കുന്നവര്‍ ആണ്. അവര്‍ക്ക് സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സമയമുണ്ടാകുമല്ലോ. (ബോറടി മാറ്റാന്‍ എങ്കിലും. ജാഡ കാണിക്കാന്‍ എന്ന് ഞാന്‍ പറയില്ല.)

6. ബാലജന പ്രാതിനിത്യം. കുട്ടികളില്‍ ആതുര സേവനത്തിനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്നത് ഓരോ പ്രവാസിയുടേയും കടമയാണ് എന്നാണ് എന്റെ വിശ്വാസം. കാരണം നാട് വിട്ട് ജീവിക്കുന്ന കുട്ടികളില്‍ പൊതുവെ കണ്ടുവരുന്ന ഒരു പ്രവണതയാണ് തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുശ്ചം അല്ലെങ്കില്‍ ഒരു അനാദരവ്. അത് ഇല്ലാതാകണമെങ്കില്‍ പൊതു വേദികളില്‍ കുട്ടികള്‍ക്ക് ഇടപെടാനുള്ള സാഹചര്യം ഈ സംഘടനകള്‍ ഉണ്ടാക്കണം. പിന്നെ തീര്‍ച്ചയായും അവരില്‍ ഉള്ള ഒരു കലാഹൃദയം പരിപോക്ഷിപ്പിക്കേണ്ടതും വളരെ ആവശ്യം തന്നെയാണ്, അതു പോലെ വ്യക്തിത്വ വികസനവും.

ഇനിയും മനസ്സിലുള്ള കാര്യങ്ങള്‍ പിന്നെ എഴുതാം.. അല്ലെങ്കില്‍ തന്നെ ഇത് കുറെ നീണ്ടു പോയി.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി