ഇന്നത്തെ തീയതി :

Tuesday, April 1, 2008

അബു ദാബി കെ.എസ്.സി തെരെഞ്ഞെടുപ്പും എന്റെ കാഴ്ചപ്പാടും..

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ ഒരു വോട്ട് ചെയ്തു. അബു ദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഭരണസമിധി തെരെഞ്ഞെടുപ്പ് ആയിരുന്നു. എന്താ മാമാങ്കം !! ഏഴു മണിക്ക് അവിടെ എത്തി രാത്രി പതിനൊന്നര മണിക്ക് വോട്ട് ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ , ഓര്‍ത്തു നോക്കൂ...
ഏതായാലും, കെ.ബി മുരളി നയിക്കുന്ന നിലവിലുണ്ടായിരുന്ന ഭരണസമിധിയുടെ പാനല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതായി അറിയുന്നു.

കെ.എസ്.സി-യില്‍ ആദ്യമായി വോട്ട് ചെയ്ത ഒരു മെംമ്പര്‍ എന്ന നിലയില്‍ ഈ തെരെഞ്ഞെടുപ്പിനെ പറ്റി ഒത്തിരി ഒത്തിരി സംശയങ്ങള്‍ മനസ്സില്‍ തോന്നി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് എനിക്ക് വന്നത് 50-60 SMS, 10-20 ഫോണ്‍ കോളുകള്‍. ജീവിതത്തില്‍ ഒരിക്കല്‍ പോലും എന്നെ കണ്ടിട്ടില്ലാത്തവര്‍ പോലും എന്നെ അറിയാം എന്ന് പറയുന്നു. വീട്ടുകാര്യവും നാട്ടുകാര്യവും ചോദിക്കുന്നു. ഒരു സാംസ്കാരിക സംഘടനയുടെ ഭരണസമിധിയുടെ വോട്ടിനു ഇത്ര വിലയോ? ഈ വോട്ടെടുപ്പിനു വേണ്ടി രണ്ടു പാനലുകള്‍ക്ക് ചെലവായത് എത്ര ദിര്‍ഹംസ് ആണെന്ന് എനിക്ക് ഒരു രൂപവും കിട്ടുന്നില്ല.

പല കോളുകളില്‍ നിന്ന് എനിക്ക് കിട്ടിയ വിവരങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഈ തെരെഞ്ഞെടുപ്പില്‍ സംഘടനയിലെ വിഭാഗീയത പുറത്തു വന്നില്ലേ എന്ന് ഒരു സംശയം. എന്റെ തോന്നലാവാം.

നിലവിലുള്ള ഭരണസമിധി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കാരണമായി എനിക്കു തോന്നിയത്, കെ.എസ്.സി യില്‍ പുതുതായി അംഗങ്ങളെ ചേര്‍ത്തതാണ്. വര്‍ഷങ്ങളായി അംഗത്വം ആഗ്രഹിച്ചിരുന്ന ഞാനുള്‍പ്പെടെയുള്ള പുതിയ അംഗങ്ങള്‍ക്ക് അവരോട് തോന്നിയ നന്ദി വോട്ടില്‍ പ്രതിഫലിച്ചിരിക്കണം.


******* ******* ******* ******* ******* *******

ഇനിയുള്ളത് ഒരു പ്രവാസി എന്ന നിലയില്‍ ഒരു പ്രവാസി സാംസ്കാരിക സംഘടനയില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുന്നത്, ( എല്ലാ പ്രവാസി സംഘടനകള്‍ക്കും ബാധകം)

1. ജനപങ്കാളിത്തം. അംഗങ്ങള്‍ക്ക് പരസ്പരം അറിയാന്‍ മാസത്തില്‍ ഒരു ദിവസം എങ്കിലും ഒരു കൂട്ടായ്മ സംഘടിപ്പിക്കുക. അതില്‍ സ്വന്തം നാട്ടിലും പരിസരങ്ങളിലും ഉള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക.

2. സാമൂഹ്യസേവനം. വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാറില്ല എന്ന് പറയുന്നുണ്ടെങ്കിലും , ഒരു സംഘടന എന്നെ നിലയില്‍ ചെയ്യുന്ന സേവനങ്ങള്‍ അംഗങ്ങള്‍ അറിയുന്നതില്‍ തെറ്റില്ല. കൂടുതല്‍ ആള്‍ക്കാരെ (നാട്ടിലായാലും ഇവിടെ ആയാലും) സഹായിക്കാന്‍ സന്മനസ്സ് കാണിക്കണം. എങ്കിലേ ഈ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സംഘടനകള്‍ക്ക് എന്തെങ്കിലും ചെയ്തു എന്ന് അവകാശപ്പെടാന്‍ കഴിയൂ. നമ്മുടെ ചുറ്റും അവശത അനുഭവിക്കുന്ന ഒരുപാട് പേര്‍ ഉണ്ടാകും. അവര്‍ക്ക് സഹായം എത്തിക്കാനായില്ലെങ്കില്‍ സംഘടന കൊണ്ട് എന്ത് കാര്യം. ഇവിടെയും രാഷ്ട്രീയം കളിക്കാനോ?

3. സുതാര്യത. പ്രവര്‍ത്തനങ്ങളിലും കണക്കുകളിലും തീര്‍ച്ചയായും സുതാര്യത വേണം. ഇത് മാത്രം ഒരു സംഘടനയിലും നടക്കില്ല എന്നറിയാം. (ഇന്നലെ കണ്ട കണക്കിലും ചിലവിനത്തില്‍ 190,000.00 എന്നൊക്കെ കണ്ടു. കുറ്റം പറയുന്നതല്ല, ഇത്ര കൃത്യമായി എങ്ങനെ വരുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.)

4. കലാപ്രവര്‍ത്തനം. കേരളത്തിന്റെ സ്വന്തം കലകളെ വളര്‍ത്തി കൊണ്ടു വരുന്നതിനും പ്രവാസികള്‍ക്കിടയില്‍ അന്യം നിന്നു പോകുന്ന ഇത്തരം കലാരൂപങ്ങള്‍ യുവതലമുറക്കു കൂടി പരിചയപ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരോ പ്രവാസിസംഘടനയും ചെയ്യേണ്ടതാണ്. കല എന്നു പറഞ്ഞാല്‍ 'സിനിമാറ്റിക് ഡാന്‍സ്' ആണെന്നു മനസ്സിലാക്കിയിരിക്കുന്ന ഒരു തലമുറയെയാണല്ലോ ഇന്നു നമ്മള്‍ "കൂടുതലും" കാണുന്നത്. ( ചുരുക്കം ചില സംഘടനകള്‍ എങ്കിലും ഇപ്പോള്‍ നാടകം ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുകയും പഠന ക്ലാസുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. )

5. വനിതാ പ്രാതിനിത്യം. സംഘടനകളില്‍ നടക്കുന്ന ദൈനംദിന പരിപാടികളില്‍ സ്ത്രീകളുടെ പങ്കുചേരല്‍ ഉറപ്പാക്കണം. ചില പ്രവാസികളുടെ എങ്കിലും ഭാര്യമാര്‍ വീട്ടില്‍ ഇരിക്കുന്നവര്‍ ആണ്. അവര്‍ക്ക് സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സമയമുണ്ടാകുമല്ലോ. (ബോറടി മാറ്റാന്‍ എങ്കിലും. ജാഡ കാണിക്കാന്‍ എന്ന് ഞാന്‍ പറയില്ല.)

6. ബാലജന പ്രാതിനിത്യം. കുട്ടികളില്‍ ആതുര സേവനത്തിനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്നത് ഓരോ പ്രവാസിയുടേയും കടമയാണ് എന്നാണ് എന്റെ വിശ്വാസം. കാരണം നാട് വിട്ട് ജീവിക്കുന്ന കുട്ടികളില്‍ പൊതുവെ കണ്ടുവരുന്ന ഒരു പ്രവണതയാണ് തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുശ്ചം അല്ലെങ്കില്‍ ഒരു അനാദരവ്. അത് ഇല്ലാതാകണമെങ്കില്‍ പൊതു വേദികളില്‍ കുട്ടികള്‍ക്ക് ഇടപെടാനുള്ള സാഹചര്യം ഈ സംഘടനകള്‍ ഉണ്ടാക്കണം. പിന്നെ തീര്‍ച്ചയായും അവരില്‍ ഉള്ള ഒരു കലാഹൃദയം പരിപോക്ഷിപ്പിക്കേണ്ടതും വളരെ ആവശ്യം തന്നെയാണ്, അതു പോലെ വ്യക്തിത്വ വികസനവും.

ഇനിയും മനസ്സിലുള്ള കാര്യങ്ങള്‍ പിന്നെ എഴുതാം.. അല്ലെങ്കില്‍ തന്നെ ഇത് കുറെ നീണ്ടു പോയി.

7 comments:

അനില്‍ശ്രീ... said...

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ ഒരു വോട്ട് ചെയ്തു. അബു ദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഭരണസമിധി തെരെഞ്ഞെടുപ്പ് ആയിരുന്നു. എന്താ മാമാങ്കം !! ഏഴു മണിക്ക് അവിടെ എത്തി രാത്രി പതിനൊന്നര മണിക്ക് വോട്ട് ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ , ഓര്‍ത്തു നോക്കൂ...
ഏതായാലും, കെ.ബി മുരളി നയിക്കുന്ന നിലവിലുണ്ടായിരുന്ന ഭരണസമിധിയുടെ പാനല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതായി അറിയുന്നു.

ഇനിയുള്ളത് ഒരു പ്രവാസി എന്ന നിലയില്‍ ഒരു പ്രവാസി സാംസ്കാരിക സംഘടനയില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുന്നത്, ( എല്ലാ പ്രവാസി സംഘടനകള്‍ക്കും ബാധകം)

വായിക്കൂ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തിരഞ്ഞെടുപ്പു വിശേഷം നന്നായി

യാരിദ്‌|~|Yarid said...

രണ്ട് മലയാളി കൂടിയാല്‍ കൂട്ടുകാരായി മൂന്ന് മലയാളിയായാല്‍ ഒരു സംഘടനയായി. നാലു മലയാളിയായാല്‍ അതു തല്ലിപിരിഞ്ഞു പരസ്പരം തല്ലു കൂടും. ആറു മലയാളിക്കു അറുപതിനായിരം സംഘടനകള്‍..
എല്ലാ രാഷ്ടീയപാര്‍ട്ടികള്‍ക്കും അവരുടെ സംഘടനകളു കാണും. അവര്‍ക്കു ഫണ്ട് പിരിക്കണമല്ലൊ. ഒരു പ്രവാസിക്കും ഒരു ഗുണവുമില്ല, എല്ലാവരെയും ബോധ്യപ്പെടുത്താന്‍ എന്തെങ്കിലും ചെയ്താലായി ചെയ്തില്ലെങ്കിലായി..

ബാജി ഓടംവേലി said...

ബഹറിന്‍ കേരളീയ സമാജത്തിലും കഴിഞ്ഞ ദിവസം വോട്ടെടുപ്പുണ്ടായിരുന്നു. ശക്‌തമായ രണ്ടു പാനലുകള്‍ രംഗത്തുണ്ടായിരുന്നു. നിലവിലുള്ള ഭാരവാഹികള്‍ മൂന്നാം വര്‍‌ഷവും വിജയിച്ചു.....

കണ്ണൂസ്‌ said...

അനിലിന്‌ അറിയാമോ എന്നറിയില്ല. കെ.എസ്.സി അച്ചുതാനന്ദന്‍ പക്ഷത്തും ദുബായിലെ ദല പിണറായി പക്ഷത്തുമാണെന്നത് പരസ്യമായ രഹസ്യമാണ്‌. കെ.എസ്.സിയുടെ നെടും തൂണുകളായിരുന്ന കുറേപ്പേര്‍ ഇപ്പോള്‍ സജീവമല്ലാതെ കൈരളിയിലും മറ്റും വര്‍ക്ക് ചെയ്യുകയാണ്‌. ഇന്നലത്തെ കെ.എസ്.സി തെരഞ്ഞെടുപ്പിലുണ്ടായിരുന്ന മറ്റേ പാനല്‍ (പഴയ പ്രസിഡന്റ് നയിച്ചതും മൂസ മാഷേപ്പോലെ ദശാബ്ദങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ആശീര്‍‌വാദമുള്ളതുമായ) ബി.ജെ.പി, ആര്‍.എസ്.എസ്, എന്‍.ഡി.എ പ്രവര്‍ത്തകര്‍ നിറഞ്ഞതായിരുന്നുവെന്ന് ഇപ്പോ ജനശക്തി ന്യൂസിന്റെ ബ്ലോഗില്‍ വായിച്ച് ഉണ്ടായ ഞെട്ടല്‍ എനിക്ക് ഇനിയും മാറിയിട്ടില്ല. :) കുടുംബത്തില്‍ തല്ലും വഴക്കുമൊക്കെ സാധാരണമാണപ്പാ.. എന്നാലും തള്ളയെക്കേറി തേവി-- എന്നു വിളിക്കുന്ന നിലയിലേക്ക് പാര്‍ട്ടി വഴക്ക് വളര്‍ന്നു എന്നത് നിരാശാജനകം. :(

അനില്‍ശ്രീ... said...

കണ്ണൂസ്,

ഒരു ഭാഗവും പറയാതെ ഞാന്‍ ഈ കുറിപ്പ് അവസാനിപ്പിച്ചത്, ഇതിന്റെ ബാക്കി ആരെങ്കിലും (അബുദാബിയില്‍ നിന്ന് തന്നെ ) പൂരിപ്പിക്കുമോ എന്നറിയാനാണ്. പക്ഷേ അതുണ്ടായില്ല. (ഞാന്‍ കൂടി പിന്തുണച്ച ഈ സമിതി കഴിഞ്ഞ വര്‍ഷം നടത്തിയ ബ്ലോഗിനെ പറ്റിയുള്ള ശില്പ്പശാല പരാജയമായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. കാരണം ഒരൊറ്റ ബ്ലോഗറോ, ബ്ലോഗോ അതിന്റെ ഫലമായി ഉണ്ടായില്ല എന്ന് തോന്നുന്നു.). സംഘടനയുടെ പ്രധാന പ്രവര്‍ത്തകര്‍ പോലും ഇത് വായിച്ചില്ല എന്ന് വേണം അനുമാനിക്കാന്‍.

പഴയ ഭരണസമിതിയില്‍ ഞാന്‍ കണ്ട പ്രധാന ന്യൂനത വര്‍ഷങ്ങളായി കകൂടുതല്‍ മെമ്പര്‍ഷിപ് കൊടുക്കാതിരുന്ന നടപടി തന്നെയാണ്. ജനപങ്കാളിത്തത്തെ പറ്റി എഴുതാന്‍ കാരണവും അത് തന്നെ. വിഭാഗീയത ഈ തെരെഞ്ഞെടുപ്പില്‍ പ്രകടമായി തന്നെ ഉണ്ടായിരുന്നു. അത് കഴിഞ്ഞ വര്‍ഷവും പ്രകടമായിരുന്നു എന്നറിയുന്നു. കാരണം ഈ ഭരണസമിതി നടത്തിയ പരിപാടികളില്‍ ഒരു വിഭാഗം വിട്ടു നിന്ന അവസ്ഥ.പരിപാടികള്‍ ഒന്നും സ്പോണ്‍സര്‍ ചെയ്യരുതെന്ന് "ഇതിസലാത്തിന്" ആരോ അനോണിമസ് ആയി കൊടുത്ത കത്ത് ഇതിന് പ്രധാന തെളിവായി എനിക്കു തോന്നുന്നു.

അനില്‍ശ്രീ... said...

ജനശക്തി ന്യൂസില്‍ ആ പറഞ്ഞ കുറിപ്പ് കണ്ടില്ലല്ലോ.. ഒന്നു കൂടി നോക്കണം...

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി