ഇന്നത്തെ തീയതി :

Tuesday, January 27, 2009

ഉന്നത ഉദ്യോഗവും മയക്കുമരുന്ന് കച്ചവടവും

ധീരത്ക്കുള്ള അവാര്‍ഡ് വാങ്ങിയ ഒരു മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മയക്കുമരുന്ന് കച്ചവടത്തിനിടയില്‍ പിടിയിലായി എന്നത് ഞെട്ടലോടെയാണ് കേട്ടത് (manorama news). തീവ്രവാദികളായ മലയാളികളെ പിടികൂടിയിട്ട് കുറച്ച് നാളുകളേ ആയുള്ളൂ. അതിലും വലിയ ഒരു തെറ്റല്ലേ ഈ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ചെയ്തിരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തീവ്രവാദികള്‍ ചില സംഘടനാ ലക്ഷ്യങ്ങളുമായി കൊല നടത്തുന്നുവെങ്കില്‍ അതിലും വലിയ പാതകമല്ലേ മയക്കുമരുന്ന് വ്യാപാരികള്‍ ചെയ്യുന്നത്? എത്ര ജീവനെയാണ് ഇവര്‍ നശിപ്പിക്കുന്നത്.

ഒന്നും രണ്ടും കിലോയുടെ കച്ചവടമല്ല ഇയാള്‍ ചെയ്തിരിക്കുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ കണക്കില്‍ കൃത്രിമം കാട്ടി തട്ടിച്ചെടുത്ത ചരക്കാണ് ഇയാളുടെ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത് എന്ന് കൂടി കേള്‍ക്കുമ്പോള്‍ നമ്മുടെ ബ്യൂറോക്രസിയെ തന്നെ സംശയിച്ചു പോകുന്നു. ഡിപ്പാര്‍ട്ട്മെന്റില്‍ ഇയാള്‍ക്ക് എത്ര കൂട്ടാളികള്‍ കാണും. തനിയെ ഇത്ര വലിയ കള്ളത്തരം കാണിക്കാന്‍ ഒരാള്‍ക്ക് സാധിക്കില്ലല്ലോ.

കുറ്റം ചെയ്തു എന്ന് കണ്ടെത്തിയാല്‍ എന്തായിരിക്കും ഇയാളുറ്റെ ശിക്ഷ എന്നറിയില്ല. ചിലപ്പോള്‍ ജീവപര്യന്തം ആവാം അല്ലേ? ഒരാളെ കൊല്ലുന്നതിലും പൈശാചികമായ കുറ്റമാണ് മയക്കുമരുന്ന് കച്ചവടം എന്നാണ് എന്റെ കാഴ്ച്കപ്പാട്. അതായത് കൊലപാതകത്തിന് കിട്ടുന്നതില്‍ കൂടുതല്‍ ശിക്ഷ ഇങ്ങനെയുള്ള കുറ്റങ്ങള്‍ക്ക് കൊടുക്കണം.

ഇതിനു മുമ്പും പല ഉദ്യോഗസ്ഥരേയും ഇതേപോലെയുള്ള കുറ്റത്തിന് പിടിച്ചിട്ടുണ്ടെങ്കിലും ഇത്ര ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത്രയധികം മയക്കുമരുന്ന് കടത്തിയ കേസ് ഉണ്ടോ എന്ന് എനിക്കറിയില്ല. ഇയാളെ പോലെയുള്ള കുറ്റവാളികളെ ഇതുവരെ ഡിപ്പര്‍ട്ട്മെന്റില്‍ ഉള്ളവര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിച്ചില്ല എന്നത് അതിലും ലജ്ജാവഹം. ഇപ്പോള്‍ തന്നെ മറ്റു രണ്ടുപേര്‍ പിടിയിലായപ്പോഴാണ് ഇയാളെ പറ്റി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം കിട്ടുന്നത്. അയ്യേ.....

ഇങ്ങനെ പോയാല്‍ നമ്മുടെ സൈനിക നേതൃത്വത്തില്‍ നിന്ന് ഒരാളെ പിടി കൂടിയാല്‍ പോലും അത്ഭുതപ്പെടേണ്ട എന്ന് തോന്നുന്നു. എല്ലാ ഉദ്യോഗസ്ഥരേയും അടച്ചാക്ഷേപിച്ചതല്ല. ഇങ്ങനെയുള്ളവര്‍ ഇനിയും കാണും എന്ന് പറഞ്ഞുവെന്നേയുള്ളൂ.

സ്വന്തം ജീവന്‍ കൊടുത്തും നമ്മുടെ നാടിനെ, നമ്മുടെ ജീവനെ സം‌രക്ഷിക്കുന്ന ആയിരക്കണക്കിന് ധീര ജവാന്മാര്‍ക്കും പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും അപമാനമാണ് ഇത്തരം ക്ഷുദ്ര ജീവികള്‍. മനസ്സില്‍ ദു:ഖമുണ്ടെങ്കിലും അത് കാണിക്കാതെ മരണാനന്തര ബഹുമതിയായി തന്റെ ഭര്‍ത്താവിന് കിട്ടിയ ബഹുമതി അഭിമാനത്തോടെ പ്രസിഡന്റില്‍ നിന്ന്ഏറ്റുവാങ്ങിയ സ്ത്രീകളെ കണ്ടപ്പോള്‍ അറിയാതെയെങ്കിലും കണ്ണു നിറഞ്ഞവരും ജയ് ഹിന്ദ്, ജയ് ജവാന്‍ എന്ന് മനസ്സില്‍ പറഞ്ഞു പോയവരും കാണും.


അതേ ദിവസം ആ മനുഷ്യര്‍ക്ക് പോലും അപമാനം ഉണ്ടാക്കിയ ഇയാള്‍ ഒരു മലയാളി ആയതില്‍, മലയാളി എന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു.

X:::::::::::::::::::::::X X:::::::::::::::::::::::X X:::::::::::::::::::::::X X:::::::::::::::::::::::X

ഇയാളെ കുടുക്കാന്‍ ആരോ ചെയ്ത ചതിയാണിതെന്നൊക്കെ വാര്‍ത്ത കണ്ടിരുന്നു. അപ്പോഴാണ് ഇയാളുടെ ഫ്ലാറ്റില്‍ നിന്ന് ഇന്നലെ ബാക്കി കൂടി പോലീസ് കണ്ടെടുത്തത്. അതിനാല്‍ തന്നെ "തല്‍ക്കാലം" ഇയാളെ വിശ്വസിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. അതിനാല്‍ തന്നെ ഇയാളെയും ഒരു പ്രതീകമായി കണ്ടാല്‍ മതി.

5 comments:

അനില്‍ശ്രീ... said...

ധീരത്ക്കുള്ള അവാര്‍ഡ് വാങ്ങിയ ഒരു മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മയക്കുമരുന്ന് കച്ചവടത്തിനിടയില്‍ പിടിയിലായി എന്നത് ഞെട്ടലോടെയാണ് കേട്ടത് (manorama news). തീവ്രവാദികളായ മലയാളികളെ പിടികൂടിയിട്ട് കുറച്ച് നാളുകളേ ആയുള്ളൂ. അതിലും വലിയ ഒരു തെറ്റല്ലേ ഈ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ചെയ്തിരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തീവ്രവാദികള്‍ ചില സംഘടനാ ലക്ഷ്യങ്ങളുമായി കൊല നടത്തുന്നുവെങ്കില്‍ അതിലും വലിയ പാതകമല്ലേ മയക്കുമരുന്ന് വ്യാപാരികള്‍ ചെയ്യുന്നത്? എത്ര ജീവനെയാണ് ഇവര്‍ നശിപ്പിക്കുന്നത്.

ബൈജു സുല്‍ത്താന്‍ said...

അവിശ്വസനീയം..സിനിമകളില്‍ കാണുന്ന പോലെ..!

ചാണക്യന്‍ said...

ആദ്യം കേട്ടപ്പോള്‍ ഇതൊരു ട്രാപ്പായിരുക്കുമെന്നാണ് കരുതിയത്....പക്ഷെ പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ സംഭവത്തെ ശരിവെയ്ക്കാന്‍ പ്രേരിപ്പിക്കുന്നു....

അനില്‍@ബ്ലോഗ് said...

അനില്‍ശ്രീ,
ഈ വിഷയം വളരെ ഞെട്ടലോടെയാണ് വായിച്ചത്. ഇതു ട്രാപ്പാവും എന്ന ധാരണയും മനസ്സില്‍ ഉണ്ടായിരുന്നു. ഒരു പൊസ്റ്റിടണോ എന്നു പോലും ചിന്തിച്ചു.

മനുഷ്യന്‍ എത്ര വലിയ പദവിയിലായാലും ധനവും സ്ത്രീയോടുള്ള ആസക്തിയും അവനെ തകര്‍ക്കുന്നതിനു ധാരാളം ഉദാഹരണങ്ങള്‍ നാം ദിവസേന കാണുന്നു, ഇതിനൊടുവിലത്തെ ഉദാഹരണമാണ് ശ്രീ.സജിമോഹന്‍. ഒപ്പം തന്നെ ജാത്യാലുള്ളത് തൂത്താല്‍ പോവുകയില്ലെന്ന പഴഞ്ചൊല്ലുഓര്‍മ വരുന്നു.

ശ്രീ.സജി മോഹനനെ ഞാന്‍ ആദ്യമായി കാണുന്നത് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫ്ഫീസില്‍ വച്ചായിരുന്നു. വിവിധ ഡിപ്പാര്‍ട്ട്മെന്റല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സില്‍ വച്ച്, അട്ടപ്പാടി ഗോട്ട് ഫാമിലെ വെറ്ററിനറി ഓഫീസറായിരുന്നു ദേഹം. അദ്ദേഹത്തെ ചില തന്റെ ഡിപ്പാര്‍ട്ട്മെന്റുലെ മറ്റു ഓഫ്ഫീസര്‍മാര്‍ അകറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് സംഭാഷണ മദ്ധ്യേ സൂചിപ്പിക്കുകയുണ്ടായി. താന്‍ ഒരു സിവില്‍ സര്‍വീസ് മോഹിയായ് നടക്കുന്നതിനാലാണത് എന്നും കൂട്ടിച്ചേര്‍ത്തു. പക്ഷെ സംഭവങ്ങളുടെ കിടപ്പ് അങ്ങിനെ ആയിരുന്നില്ലെന്ന് പിന്നീട് ഞങ്ങളുടെ ചില പൊതു പരിചയക്കാരോടു സംസാരിക്കവെ മനസ്സിലായി.
സിവില്‍ സര്‍വ്വീസ് ലഭിച്ചതു കൊണ്ടോ , എത്ര കഠിനമാ‍യ ട്രയിനിംഗ് ലഭിച്ചതുകൊണ്ടോ ഒരു വ്യക്തിയുടെ അടിസ്ഥാന സ്വഭാവത്തില്‍ കാര്യമായ മാറ്റം ഒന്നും വരില്ല എന്നതാണ് ഇതില്‍ നിന്നും എനിക്ക് മനസ്സിലാക്കാനായത്. അപ്പോള്‍ പ്രശ്നം സിവില്‍ സര്‍വ്വീസിന്റെ അല്ല മറിച്ച് അതില്‍ വരുന്ന സജിമോഹനനെപ്പോലെയുള്ള വ്യക്തികളുടെ ആണ്.

ഇങ്ങനെ മയക്കുമരുന്ന് വിറ്റിട്ട് വേണ്ട അങ്ങേര്‍ക്ക് കഞ്ഞികുടിക്കാന്‍ എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.

ഏതായാലും ഫ്ലാറ്റില്‍ നിന്നുകൂടി മയക്കു മരുന്നു കണ്ടെത്തിയതോടെ അയാള്‍ കുറ്റവാളി തന്നെ എന്നു അനുമാനിക്കേണ്ടി വരും. നിയമം അതിനുള്ള ശിക്ഷ നല്‍കും എന്ന് ആശിക്കാം.

ഞാന്‍ said...

ഫ്ലാറ്റില്‍ മയക്കുമരുന്നു കൊണ്ടു പോയി വയ്ക്കുവാന്‍ വലിയ പാടുണ്ടോ?

എന്റെ കയ്യില്‍ തെളിവുകളോ വാദങ്ങളോ ഒന്നുമില്ല ഈ ഐ പി എസ്സ് ഉദ്യോഗസ്ഥന്‍ നിരപരാധിയാണെന്ന്. എന്നാലും എന്റെയുള്ളിലൊരു തോന്നല്‍, ഇദ്ദേഹത്തെ കുടുക്കിയതാണെന്ന്, വളരെ ആസൂത്രിതമായി. തെറ്റായിരിക്കാം. അതു കൊണ്ട് തന്നെ കടിച്ചു തൂങ്ങുന്നുമില്ല.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി