ഇന്നത്തെ തീയതി :

Monday, December 29, 2008

യേശുവിന് സഹോദരങ്ങള്‍ ഉണ്ടായിരുന്നോ?

ആകെ കണ്‍ഫ്യൂഷന്‍.. യേശുവിന് സഹോദരങ്ങള്‍ ഉണ്ടായിരുന്നോ? ഇപ്പോള്‍ പെട്ടെന്നിത് തോന്നാന്‍ കാരണം ഇന്ന് ഉച്ചക്ക് വന്ന ഒരു ഫോണ്‍ കോള്‍ ആണ്.

എന്റെ ഒരു സുഹൃത്ത് ഈ സംശയം ചോദിക്കാന്‍ വിളിച്ചു. അറിയാവുന്ന ആരോടെങ്കിലും ചോദിക്കണം എന്ന് പറഞ്ഞു. കാരണം 'യേശുവിന് സഹോദരങ്ങള്‍ ഉണ്ടായിരുന്നു' എന്ന് അയാളുടെ ഒരു പെന്തകോസ്ത് വിശ്വാസിയായ സുഹൃത്ത് പറഞ്ഞു പോലും. അത് കേട്ടപ്പോള്‍ ആണ് ആ ഫോണ്‍‌വിളി ഉണ്ടായത്.

ഇങ്ങനെ ഒരു സംശയം ചോദിച്ച സ്ഥിതിക്ക്, ഇതെക്കുറിച്ച് കൂടുതല്‍ പഠിച്ചിട്ടില്ലാത്തതിനാല്‍ ‍, ഇന്റര്‍നെറ്റില്‍ ഒന്ന് പരതി നോക്കി. അപ്പോള്‍ കിട്ടിയ ചില ലേഖനങ്ങളില്‍ പറഞ്ഞിരിക്കുന്ന പ്രകാരം താഴെപ്പറയുന്ന വാക്യങ്ങള്‍ ആണ് ഈ സംശയത്തിന് കാരണം എന്ന് കണ്ടു.

******************* ************* *************** ************

മർക്കൊസ് എഴുതിയ സുവിശേഷം, അദ്ധ്യായം 6 
6:2 ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു?
6:3 ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 12
12:46
അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.

12:47 ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനിലക്കുന്നു എന്നു പറഞ്ഞു.
12:48 അതു പറഞ്ഞവനോടു അവൻ : “എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ” എന്നു ചോദിച്ചു.
12:49 ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: “ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.12:50 സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു.


മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 13
13:55 ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ , യൂദാ എന്നവർ അല്ലയോ?

13:56 ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

13:57 യേശു അവരോടു: “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” എന്നു പറഞ്ഞു.


അപ്പൊസ്തലനായ പൌലൊസ് ഗലാത്യര്ക്കു എഴുതിയ ലേഖനം, അദ്ധ്യായം 1

1:19 എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.

*********** *************** ***************

നെറ്റില്‍ കണ്ട ഒരു ലേഖനത്തില്‍ യേശുവിന്റെ കുടുംബത്തെ പറ്റി പറയുന്നതില്‍ സഹോദരങ്ങള്‍ ഉണ്ട് എന്ന് പറയുന്നു, പക്ഷേ അടുത്തതായി കണ്ട ഈ ലേഖനം ഈ വാദഗതികളെ ഖണ്ഡിക്കുന്നു. ഇതില്‍ ഏതാണ് ശരി. (രണ്ടും ആധികാരികമാണെന്ന് ഞാന്‍ പറയുന്നില്ല)


മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നതിനെ അംഗീകരിക്കാതിരിക്കാന്‍ കാരണമുണ്ടോ? അറിവുള്ളവര്‍ അഭിപ്രായം അറിയിക്കണം എന്ന് താല്പര്യപ്പെടുന്നു. എന്തെങ്കിലും ഒരുത്തരം കിട്ടും എന്ന് കരുതിയാണ് ഇവിടെ സമര്‍പ്പിക്കുന്നത്.

*************** ******************** *************************

പെട്ടെന്നുള്ള റഫറന്‍സിന് കൈപ്പള്ളിയുടെ ബൈബിളിന് നന്ദി

Monday, December 22, 2008

ഇതാണോ മഹത്തായ നിയമം?

ഇന്നത്തെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത. സൗദിയില്‍ എട്ടു വയസ്സുകാരിയെ അമ്പത്തെട്ടുകാരന്‍ വിവാഹം കഴിച്ചു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ (മകള്‍ക്ക് വേണ്ടി) വിവാഹമോചനത്തിന് കേസു കൊടുക്കാന്‍ കോടതിയില്‍ എത്തി. ഈ കേസ് എടുക്കാന്‍ പറ്റില്ല എന്ന് കോടതി പറയുന്നു, കാരണം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല പോലും. ഇനി പ്രായപൂര്‍ത്തിയായിട്ട് പെണ്‍കുട്ടി കേസ് കൊടുക്കുമ്പോള്‍ കേസ് പരിഗണിക്കും, അത് വരെ പെണ്‍കുട്ടി ഇയാളുടെ ഭാര്യ ആയിരിക്കും.

ഒരു പത്രത്തിന്റെ ലിങ്കും ഞാനായിട്ട് തരുന്നില്ല. ഇതില്‍ പറഞ്ഞിരിക്കുന്ന വാര്‍ത്തകള്‍ വായിക്കുക.

ഇതാണോ ദൈവസൃഷ്ടിയായ മഹത്തായ നിയമസംഹിതയില്‍ പറഞ്ഞിരിക്കുന്നത്? (അങ്ങനെയാണ് ) എങ്കില്‍ ദൈവത്തിന് തെറ്റു പറ്റിയിരിക്കുന്നു. (പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം ചെയ്യാമെങ്കില്‍ വിവാഹമോചനവും ആവാമല്ലോ.)

ഈ വാര്‍ത്ത നിങ്ങളുടെ മുമ്പില്‍ കൊണ്ടുവരിക എന്നത് മാത്രമേ ഉദ്ദേശം ഉള്ളു. ഈ വാര്‍ത്ത നല്ലതോ ചീത്തയോ എന്ന് നിങ്ങള്‍ തീരിമാനിക്കുക.

Thursday, December 11, 2008

ബംഗ്ലാദേശില്‍ ഒരു താജ്മഹല്‍

ഇത് ശരിയോ തെറ്റോ? ബംഗ്ലാദേശില്‍ ഒരു താജ്മഹല്‍ പണിയുന്നു. ബംഗ്ലാദേശിലെ പ്രശസ്ത സിനിമാ നിര്‍മ്മാതാവ് അസനുള്ളാ മോനി (Ahsanullah Moni) 58 മില്യണ്‍ ഡോളര്‍ (ഏകദേശം 284 കോടി രൂപ) ചിലവാക്കിയാണ് താജ്മഹലിന്റെ മാതൃകയില്‍ ഒരു കെട്ടിടം പണിയുന്നത്. മാണിക് മിയാ എന്ന ആര്‍ക്കിടെക്റ്റ് ആണിതിന്റെ ശില്പ്പി. ഒറിജിനല്‍ പോയിക്കാണാന്‍ സാധിക്കാത്ത സാധാരണ ബംഗ്ലാദേശികള്‍ക്ക് കാണാന്‍ വേണ്ടിയാണ് ഈ താജ്മഹല്‍ എന്നാണ് ഉടമസ്ഥന്‍ ഇതേ പറ്റി പറയുന്നത്.

നിര്‍മ്മാണം പുരോഗമിക്കുന്ന ഈ കെട്ടിടത്തിന്റെ ചിത്രങ്ങള്‍ കാണൂ.

എന്തു തോന്നുന്നു? ഇതിനെതിരെ പ്രതിഷേധിക്കണമെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ ഇത് കാണുമ്പോള്‍ ഒരു വല്ലായ്ക തോന്നുന്നുണ്ടോ?

ഒരു ചരിത്രസ്മാരകത്തിന്റെ മാതൃക അതേപടി പകര്‍ത്തുന്നതില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അമര്‍ഷം അറിയിച്ചിരിക്കുന്നു. ഇതിന്റെ നിര്‍മ്മിതിയില്‍ കോപ്പിറൈറ്റ് വയലേഷന്‍ ഉണ്ടോ എന്ന് പരിശോധിക്കമെന്നും ഹൈക്കമ്മീഷന്‍ വ്യക്താവ് അറിയിച്ചു.

ഇക്കണക്കിന് പോയാല്‍‍ ലോകത്തിന്റെ പല ഭാഗത്തും ഇങ്ങനെ താജ്മഹലുകള്‍ ഉയരുമല്ലോ.
ഇന്ത്യയില്‍ ഒരു പിരമിഡ് ഉണ്ടെങ്കില്‍ പിരമിഡ് കാണാന്‍ നമ്മുടെ ആള്‍ക്കാര്‍ എന്തിന് ഈജിപ്തില്‍ പോകണം?
പാലക്കാട്ട് എങ്ങാനും ഒരു വന്മതില്‍ ഉണ്ടാക്കിയാല്‍ ചൈനയില്‍ പോക്ക് ഒഴിവാക്കാം.
ഒരു സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ഉണ്ടാക്കി ശംഖുമുഖത്ത് വച്ചാല്‍ നന്നായിരുന്നു.
ഇനി ആരെങ്കിലും നയാഗ്ര വെള്ളച്ചാട്ടം രാജസ്ഥാനില്‍ എങ്ങാനും ഉണ്ടാക്കുമോ ആവോ?
എന്തൊക്കെയാണെങ്കിലും ഒറിജിനല്‍ താജ്‌മഹലിന്റെ അടുത്തെങ്ങും എത്തില്ല ഇതിന്റെ നിര്‍മ്മാണം എന്ന് ആശ്വസിക്കാം.

ദുബായില്‍ ഇതിന്റെ ഒരു മാതൃക ഉണ്ടാക്കിയെന്നോ മറ്റോ കേട്ടിരുന്നു. പക്ഷേ ഒരേ സൈസ് ആയിരുന്നില്ല എന്നാണ് കേട്ടത്.

കടപ്പാട് : NowPublic, gulfnews

Monday, December 1, 2008

ഗള്‍ഫിനേയും സാമ്പത്തിക മാന്ദ്യം ബാധിക്കുന്നു.

ഗള്‍ഫില്‍ സ്ഥിതി വഷളായി കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്യം ആളുകള്‍ക്ക് മനസ്സിലായി കൊണ്ടിരിക്കുന്നു എന്ന് കരുതുന്നു. ( തലക്കെട്ട് കണ്ടിട്ട് ഇന്നാണോ ഇത് അറിഞ്ഞത് എന്ന് ചോദിക്കരുത്. പ്രത്യക്ഷത്തില്‍ വരാന്‍ തുടങ്ങി എന്നതാണ് കാരണം). ഇപ്പോഴും ഇവിടുത്തെ ഗവണ്മെന്റുകള്‍ ഒന്നും അംഗീകരിക്കുന്നില്ലെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യം ഗള്‍ഫിനെ സാരമായി ബാധിച്ചു തുടങ്ങി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കുറഞ്ഞ പക്ഷം റിയല്‍ എസ്റ്റേറ്റ് മേഖലയെ എങ്കിലും.

(എനിക്ക് അറിയാവുന്ന) യു. എ.ഇ- യിലെ കാര്യം നോക്കിയാല്‍, ആദ്യം ദുബായ് ആണ് ഓര്‍മ്മയില്‍ എത്തുന്നത്. കാരണം എണ്ണപ്പണമില്ലാതെ ബിസിനസ്സ് കൊണ്ട് സാമ്പത്തിക രംഗം പിടിച്ചു നിര്‍ത്തുന്ന ദുബായിലാണ് ആദ്യമായി ഇത് ബാധിച്ചു തുടങ്ങിയത് എന്ന് തോന്നുന്നു. ബാങ്കിങ് മേഖലയാണ് ആദ്യമായി പ്രതിരോധത്തിലൂന്നിയത് എന്നും തോന്നുന്നു. Job cutting മുന്നില്‍ കണ്ട് ലോണുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുനര്‍ക്രമീകരിച്ചത് തന്നെ ഉദാഹരണം. അപ്രൂവ് ആകാറായ ലോണുകള്‍ പോലും പലര്‍ക്കും നിഷേധിക്കപ്പെട്ടു. ലോണിനുള്ള കുറഞ്ഞ ശമ്പള പരിധി 20,000 ദിര്‍ഹം വരെ ഉയര്‍ത്തിയ ബാങ്കുകളുമുണ്ട്.

ഇനി റിയല്‍ എസ്റ്റേറ്റിന്റെ കാര്യമെടുക്കാം. ആറുമാസം മുമ്പ് വരെ ഒരോ ദിവസവും ഓരോ പ്രോജെക്റ്റ് അനൗണ്‍സ് ചെയ്തിരുന്ന പല വമ്പന്മാരും തങ്ങളുടെ പ്രോജക്റ്റുകള്‍ തുടങ്ങിയതു പോലും നിര്‍ത്തി തടിയൂരാനുള്ള പുറപ്പാടിലാണ്. ഒന്നുകൂടി ശരിയായി പറഞ്ഞാല്‍ തടിയൂരിക്കൊണ്ടിരിക്കുകയാണ്. ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതു തന്നെയാണ്. ഡിമാന്റിനും അധികം യൂണിറ്റുകള്‍ നിര്‍മ്മിച്ച് അമിതലാഭം പ്രതീക്ഷിച്ചിരുന്നപ്പോള്‍ ആരും ഈ ഒരു ഇടിവ് പ്രതീക്ഷിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍. നിര്‍മ്മാണ മേഖലയുടെ കുതിപ്പിന് കടിഞ്ഞാണ്‍ ഇടണമെന്ന്, അതായത് Slow Down അനിവാര്യമാണെന്ന് ഒരു വര്‍ഷം മുമ്പേ പല സാമ്പത്തിക വിദഗ്ദരും മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ അമിത ലാഭം എന്ന ഒറ്റ കാരണത്താല്‍ എല്ലാവരും അത് അവഗണിച്ചു. ഇപ്പോള്‍ പല യൂണിറ്റുകള്‍ക്കും 40-50% വില കുറഞ്ഞിരിക്കുന്നുവെങ്കിലും വാങ്ങാന്‍ ആളില്ലാത്ത സ്ഥിതി. (തറവാടിയുടെ ഈ പോസ്റ്റ് അനുബന്ധമായി വായിക്കാം).

ഇതിന്റെ പരിണിതഫലം ഇപ്പോള്‍ എല്ലാ മേഖലയിലേക്കും ബാധിക്കുന്നു. സാധാരണക്കാരനിലേക്ക് പോലും അത് പല രൂപത്തില്‍ എത്തി തുടങ്ങിയിരിക്കുന്നു. നിര്‍മ്മാണ മേഖലയിലെ പല കമ്പനികളും ആളുകളെ കുറച്ചു കൊണ്ടിരിക്കുന്നു. അതില്‍ 800 ദിര്‍ഹം ശമ്പളമുള്ള തൊഴിലാളികളും 60000 ദിര്‍ഹം ശമ്പളമുള്ള മാനേജരും ഉള്‍പ്പെടുന്നു എന്നതാണ് വാസ്തവം. എല്ലാ ഡവലപ്പേഴ്സും അനിവാര്യമായ ഈ "Fat cutting" നടത്തുന്നതായാണ് അറിവ്. Emaar, Nakheel, Damac, Better Homes, Dubai Properties എന്നു വേണ്ട ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വമ്പന്മാരെല്ലാം ഈ കട്ടിങ് നടത്തിക്കഴിഞ്ഞു. സാങ്കേതിക രംഗത്തും അഡ്മിനിസ്ട്റേഷന്‍ രംഗത്തും മാത്രമായി 300 മുതല്‍ 800 വരെ ആള്‍ക്കാരെയാണ് ഓരോ കമ്പനിയും കുറച്ചിരിക്കുന്നത്. എന്റെ സുഹൃത്തുക്കളും ജോലി പോയവരില്‍ പെടുന്നു.

ഇവരുടെ ഒക്കെ പല പ്രോജക്റ്റുകളും പാതി വഴിക്ക് ഉപേക്ഷിക്കപ്പെട്ടു. ടൂറിസം രംഗവുമായി ബന്ധപ്പെട്ട പ്രോജക്റ്റുകള്‍ പലതും നിര്‍ത്തിയതില്‍ ഉള്‍‍പ്പെടുന്നു. ഫലമോ, പല കണ്‍സ്ട്രക്ഷന്‍ കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ കുറക്കാന്‍ നിര്‍ബന്ധിതരായി കൊണ്ടിരിക്കുന്നു. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ എന്റെ അറിവനുസരിച്ച് 18,000 ആളുകളെയാണ് പിരിച്ചു വിട്ടു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ഓരോ പ്രോജെക്റ്റിലും ഉള്ള സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ അറിയുന്ന വിവരങ്ങള്‍ പലതും ആശങ്കയുടേതാണ്. പലരും തങ്ങളുടെ ഊഴവും കാത്തിരിക്കുന്നു. ഈ കാത്തി‍ക്കുന്നവരില്‍ എല്ലാ വിഭാഗവും ഉള്‍പ്പെടുന്നു.

സാങ്കേതിക രംഗത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടാലും അത് ചിലപ്പോള്‍ പൂര്‍ണ്ണമായും ദോഷകരമായി ബാധിക്കില്ല എന്ന് പറയാം. ചിലര്‍ക്കൊക്കെ മറ്റു കമ്പനികളില്‍ ജോലിക്ക് കയറാന്‍ സാധിക്കുന്നുണ്ട്. പക്ഷേ അവിടെയും ഒരു പ്രശ്നം അവരെ ബാധിക്കും. കിട്ടിക്കൊണ്ടിരുന്ന ശമ്പളത്തിന്റെ പാതിയോ അതില്‍ ഇത്തിരി കൂടുതലോ ഒക്കെയാവും പുതിയ കമ്പനിയുടെ 'ഓഫര്‍'. അപ്പോള്‍ അവരുടെ പല പ്ലാനുകളും അവതാളത്തിലാകും. പഴയ ശമ്പളത്തിന്റെ ബലത്തില്‍ നാട്ടിലൊക്കെ വലിയ ലോണുകള്‍ എടുത്ത ഇവര്‍ക്ക് പെട്ടെന്നുള്ള മാറ്റം ബുദ്ധിമുട്ടുണ്ടാക്കും എന്ന് തീര്‍ച്ച.

ചിലര്‍ക്ക് ഒരു മാസത്തിനകം ജോലി നേടിയെടുക്കാന്‍ കഴിയാതെയും വരാം. അവര്‍ക്കൊക്കെ തിരിച്ചു പോക്ക് അനിവാര്യമാകും. നോട്ടീസ് കിട്ടിയ ആര്‍ക്കും നോട്ടീസ് കാലാവധി ആയ ഒരു മാസം തികഞ്ഞിട്ടില്ല. അടുത്ത മാസം മുതല്‍ ചിത്രം കൂടുതല്‍ വ്യക്തമായിത്തുടങ്ങും. കൂട്ടത്തോടെ ഒരു തിരിച്ചു വരവല്ലെങ്കിലും പലരും നാട്ടിലേക്ക് 'താല്‍ക്കാലികമായെങ്കിലും' മടങ്ങും. (ഗള്‍ഫ് ജോലി ശാശ്വതമാണെന്നുള്ള കാഴ്ച്ചപ്പാടില്‍ കേരളത്തിലേക്ക് മടങ്ങിപ്പോക്ക് ഓര്‍ക്കാന്‍ കൂടി സാധിക്കില്ല എന്ന് പറഞ്ഞ് ചര്‍ച്ച നടന്ന ദേവസേനയുടെ പോസ്റ്റും കമന്റുകളും ഒരിക്കല്‍ കൂടി ഓര്‍മയില്‍ വരുന്നു).

ഇനിയാണ് തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം. ഞാന്‍ പറഞ്ഞല്ലോ ഒരു 18,000 കണക്ക്. (ഇത് ഒരു കമ്പനിയിലെ കാര്യമാണ്, അങ്ങനെ എത്ര കമ്പനികള്‍ കാണും എന്ന് ഊഹിച്ചാല്‍ മതി). അതില്‍ 60-70% ആള്‍ക്കാര്‍ സാധാരണ തൊഴിലാളികള്‍ ആണ്. പെട്ടെന്നുള്ള പിരിച്ചു വിടല്‍ ഇവരെ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയുകയേ നിവൃത്തിയുള്ളൂ. ഇവരില്‍ ഇന്ത്യാക്കാര്‍ മാത്രമല്ല ഉള്ളത്. ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളും പാകിസ്ഥാനികളും നേപ്പാളികളും ചൈനാക്കാരും ഒക്കെ ഉള്‍പ്പെടും. പലരും ആത്മഹത്യയുടെ വഴി തെരെഞ്ഞെടുക്കുമോ എന്ന് പോലും ഭയപ്പെടേണ്ടിയിരിക്കുന്നു. ഉള്ളതൊക്കെ വിറ്റുപെറുക്കി, അല്ലെങ്കില്‍ പണയപ്പെടുത്തി നാട്ടില്‍ നിന്ന് 80,000-1,00,000 രൂപയൊക്കെ കൊടുത്ത് ജോലിക്ക് വന്ന പാവം തൊഴിലാളികള്‍. പലര്‍ക്കും ജീവിതം വഴിമുട്ടും എന്ന് തീര്‍ച്ച. വര്‍ഷങ്ങളായി ഇവിടെ നില്‍ക്കുന്നവരെ നിലനിര്‍ത്തി, പുതിയ ആള്‍ക്കാരെയാവും പല കമ്പനികളും പിരിച്ചു വിടുന്നത്. അതായിരിക്കും തൊഴിലാളികള്‍ നേരിടൂന്ന ഏറ്റവും വലിയ പ്രശ്നം. പലരുടേയും കടങ്ങള്‍ വീടിക്കാണില്ല.

നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധി പ്രത്യക്ഷമായും പരോക്ഷമായും അതിനോടനുബന്ധിച്ചുള്ള പല ബിസിനസ്സുകളേയും ബാധിക്കാനിരിക്കുന്നതേയുള്ളൂ. ഞാന്‍ പറഞ്ഞത് യു.എ.യി-യിലെ നിര്‍മ്മാണ മേഖലയെ പറ്റി മാത്രമാണെന്ന് ഓര്‍ക്കുക. മറ്റു മേഖലയിലെ യാഥാര്‍ത്ഥ്യം എന്തെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. അതുപോലെ , മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതിയും ഇതു തന്നെയാണെന്ന് കരുതുന്നു.

ഏതായാലും വരും നാളുകള്‍ (കുറച്ച് നാളുകളെങ്കിലും) ഗള്‍ഫുകാരെ സംബന്ധിച്ച് നല്ലതായിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Thursday, November 27, 2008

ഇവര്‍ ഭീകരരോ അതോ പാഴ്‌ജന്മങ്ങളോ?

ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയില്‍ ഇന്നലെ മുതല്‍ നടക്കുന്ന ഭീകര താണ്ഡവത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടന ഇതിന്റെ ഏറ്റെടുത്തു എന്ന് പറയുന്നു. ആര്‍ക്കോ വേണ്ടി പണിയെടുക്കുന്ന കൊലയാളികള്‍. ആര്‍ക്കറിയാം ഏതൊക്കെ സംഘടനകള്‍ ചേര്‍ന്നായിരിക്കും ഇപ്പോഴത്തെ ആക്രമണം പദ്ധതിയിട്ടതെന്ന്? വ്യത്യസ്ഥ മത സംഘടനകള്‍ വരെ കാണാം.

മുംബൈയില്‍ ഏറ്റവും തിരക്കുള്ളതും സഞ്ചാരികള്‍ എത്തുന്നതുമായ സ്ഥലമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. തൊട്ടടുത്ത് താജ് ഹോട്ടല്‍, ശിവാജി പാര്‍ക്ക്.. അവിടെ പോലും ജീവന്‍ സുരക്ഷിതമല്ല എന്ന് സ്ഥിതി തീര്‍ത്തും അപകടകരമാണ്. നമ്മുടെ സുരക്ഷാ ഭടന്മാര്‍ക്ക് തെറ്റ് പറ്റിയോ?

ഭീകരതക്കെതിരേ സ്വരമുയര്‍ത്താന്‍ എല്ലാ മത സംഘടനകളും മുമ്പോട്ടു വരട്ടെ. വെറുതെ "അപലപിക്കുന്നു" എന്ന് പറയാന്‍ മാത്രമല്ലേ ഇവര്‍ക്കു കഴിയൂ. അതു പോര.

ബന്ധുക്കളും സുഹൃത്തുക്കളും ജീവിക്കുന്നുണ്ടവിടെ. അവരെ കുറിച്ച് മാത്രമല്ല, എല്ലാ മനുഷ്യരേയും ഓര്‍ത്ത് മനസ്സ് വ്യാകുലപ്പെടുന്നു. എവിടെ നിന്നാണ് ആക്രമണം വരുന്നത് എന്നറിയാതെ പേടിയോടെ നടക്കേണ്ട ഒരവസ്ഥയില്‍ ജീവിക്കേണ്ടി വരുന്നത് കഷ്ടമാണ്. എങ്കിലും, തിരക്ക് പിടിച്ച ജീവിതസമരം വീണ്ടും തുടരാന്‍ മുംബൈ നിവാസികള്‍ക്ക് എത്രയും പെട്ടെന്ന് കഴിയട്ടെ. അവര്‍ക്കതിന് കഴിയും. ഒരു ഭീകരര്‍ക്കു മുമ്പിലും നാം മുട്ടു മടക്കില്ല.

ഈ കുഞ്ഞു എന്തു പിഴച്ചു? ഇതുപോലെ കുട്ടികളെ പോലും ഉപദ്രവിച്ചിട്ട് നിങ്ങള്‍ എന്ത് സ്വര്‍ഗ്ഗം നേടാനാണോ പോകുന്നത്? ഇനിയും ജീവിതങ്ങള്‍ പൊലിയാതിരിക്കട്ടെ. ഇനിയും രക്തം ഒഴുകാതിരിക്കട്ടെ. ദൈവത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ നടക്കുന്ന കൂട്ടക്കുരുതികള്‍ ഒടുങ്ങട്ടെ. പരലോകത്തെ സ്വര്‍ഗത്തിനായി ഭൂമിയില്‍ നരകം തീര്‍ക്കുന്നവരേ, നിങ്ങള്‍ക്ക് നാശം വരട്ടെ. ത്ഫൂ...

മുംബയിലെ ഭീകര ആക്രമണത്തില്‍ മരണമടഞ്ഞ എല്ലാവര്‍ക്കും ആദരാഞ്ജലികള്‍‍. ഭീകരെരെ തുരത്താന്‍ സ്വന്തം ജീവിതം അര്‍പ്പിച്ച വീരസേനാനികള്‍ക്കും സുരക്ഷാഭടന്മാര്‍ക്കും പ്രണാമം.

*********** ************** **************
തന്തക്ക് പിറക്കാഴിക ഏതെങ്കിലും സംഘടനയുടെ പേരിലോ ഏതെങ്കിലും മതത്തിന്റെ പേരിലോ ഏതെങ്കിലും ജാതിയുടെ പേരിലോ ഒക്കെ ആണ് കാണിക്കുന്നതെങ്കിലും ഇവന്മാര്‍ എല്ലാം ഒരു തന്തക്ക് പിറന്നവന്മാര്‍ ആയിരിക്കില്ല. അല്ലെങ്കില്‍ പാവം ജനങ്ങള്‍ക്ക് മേല്‍ വെടിയുതിര്‍ക്കുമ്പോള്‍ ഇവര്‍ സ്വന്തം അച്ഛനെയോ പ്രസവിച്ച അമ്മയേയോ ഓര്‍ക്കില്ലേ? പട്ടികള്‍..

Saturday, November 22, 2008

യോഗക്കെതിരെയും ഫത്വ ! !

ഇനി മുതല്‍ മുസ്ലീങ്ങള്‍ യോഗ പരിശീലിക്കരുതെന്ന് മലേഷ്യന്‍ ഫത്‌വ കമ്മറ്റി ഫത്‌വ ഇറക്കിയിരിക്കുന്നതായി ദീപികയില്‍ ഒരു വാര്‍ത്ത കണ്ടു. (ഇവിടെയും കണ്ടു) യോഗയില്‍ ഹിന്ദു തത്വങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നും യോഗ അഭ്യസിക്കുന്ന മുസ്ലീമിന്റെ വിശ്വാസങ്ങള്‍ക്ക് അത് കോട്ടം തട്ടിക്കും എന്നുമാണ് ഇതിന് കാരണമായി പറയുന്നത്.

ഇന്ന് പല രോഗങ്ങളും ഉള്ളവര്‍ക്ക് ചികിത്സാമുറയുടെ ഭാഗമായി യോഗ അഭ്യസിക്കാന്‍ നിര്‍ദ്ദേശിക്കുന്നതായി അറിയാം. ഇത് എത്രത്തോളം ഫലപ്രദമാണെന്നൊന്നും പറയാന്‍ എനിക്കറിയില്ല. പക്ഷേ യോഗ ചെയ്യുന്നത് ശരീരത്തിന് പല രീതിയിലും ഗുണം ചെയ്യുന്നുണ്ട് എന്ന് പലയിടത്തും വായിച്ചറിഞ്ഞിട്ടുണ്ട്. പല മാര്‍ഷ്യല്‍ ആര്‍ട്ടുകളുടെ പരിശീലനത്തിന് പോലും യോഗയുടെ ചില ഭാവങ്ങള്‍ ഉപയോഗിക്കുന്നു. പ്രത്യേകിച്ച് ബ്രീത്തിങ് എക്സര്‍സൈസില്‍. (ശ്രീ ശ്രീ രവിശങ്കറിന്റെ കുണ്ടാന്ത്രം അല്ല അല്ല ഉദ്ദേശിച്ചത്). ഇന്ത്യയില്‍ പല മുസ്ലീം പണ്ഡിതരും യോഗ ചെയ്യുന്നുണ്ടാവാം (?) അല്ലെങ്കില്‍ അഭ്യസിച്ചിട്ടുണ്ടാവാം.

പണ്ടൂ കാലം മുതല്‍ക്കേ ഇന്ത്യയിലെ ഹിന്ദു ആചാര്യന്മാര്‍ അനുഷ്ടിച്ചു പോന്നതാണ് എന്നത് യോഗയുടെ ഗുണഗണങ്ങളെ കുറക്കുന്നില്ല. ഇനി ചിലയിടെങ്ങളില്‍ വിളക്ക് കത്തിച്ച് വയ്ക്കുന്നതോ, ഓംകാരം ഉരുവിടുന്നതോ കേട്ടിട്ടാണൊ ഈ ഫത്വ എന്നറിയില്ല. അങ്ങനെയാണെങ്കില്‍ ഇതൊക്കെ ഒഴിവാക്കിയാല്‍ പോരെ. അല്ലെങ്കില്‍ യോഗ അഭ്യസിച്ച ഒരു "മുസ്ലിം ഗുരു"വിന്റെ കൂടെ പഠിച്ചാല്‍ മതി എന്ന് കരുതിയാല്‍ പോരെ. അതിനു പകരം ഇനി മുസ്ലീങ്ങള്‍ യോഗ അഭ്യസിക്കാന്‍ പാടില്ല എന്ന് പറയുന്നതിലെ പൊരുള്‍ എനിക്ക് മനസ്സിലാകുന്നില്ല.

ശ്രീ ശ്രീ തുടങ്ങിയ യോഗ കച്ചവടക്കാരൊക്കെയാവും ഈ ഫത്‌വക്ക് കാരണക്കാര്‍ എന്ന് ഞാന്‍ കരുതുന്നു. അവരൊക്കെയാണല്ലോ ലോകം മുഴുവന്‍ "യോഗ" കൊണ്ടു നടന്ന് വില്‍ക്കുന്നത്. യഥാര്‍ത്ഥ യോഗ എന്താണെന്ന് മലേഷ്യന്‍ ഫത്‌വ കമറ്റിക്ക് ഒരു പക്ഷേ അറിവുണ്ടായിരിക്കില്ല. അവര്‍ കാണുന്നതൊക്കെ ഈ ആത്മീയ യോഗകള്‍ ആണല്ലോ. അപ്പോള്‍ ഇതൊരു "ഹിന്ദു യോഗ" ആണെന്ന് അവര്‍ക്ക് തോന്നിക്കാണും.

എന്തായാലും ഇത് ഒരു അന്യായ ഫത്‌വ ആയിപ്പോയി. ചില അഭ്യാസങ്ങള്‍ ഒക്കെയാകാം എന്ന രീതിയില്‍ ഈ ഫത്വയുടെ ചില ക്ലാരിഫിക്കേഷന്‍ വന്നിട്ടുണ്ട് എന്നറിയുന്നു. ഈജിപ്തിലെ ചില മതപണ്ഡിതന്മാര്‍ ഇപ്പോഴേ എതിര്‍പ്പ് പ്രകടിപ്പിച്ചു എന്ന് ഈ വാര്‍ത്തയില്‍ കാണുന്നു.

സംശയം
ഫത്വകള്‍ പലതും പത്രങ്ങളിലൂടെ വായിച്ചറിയാറുണ്ട്. ഇനി ഒരു സംശയം. അറിയാത്തത് കൊണ്ട് ചോദിക്കുന്നതാണ്. അറിയാവുന്ന ആരെങ്കിലും ഇത് തീര്‍ത്തു തന്നാല്‍ കൊള്ളാം.
മലേഷ്യയിലെ കമറ്റി ഇറക്കുന്ന ഫത്‌വ ഇന്ത്യയിലെ മുസ്ലിമുകള്‍ക്കും ബാധകമാണോ? അതു പോലെ ഇന്ത്യയിലെ പണ്ഡിതന്മാര്‍ ഇറക്കുന്ന ഫത്‌വകള്‍ ലോകത്തെ എല്ലാം മുസ്ലീമുകള്‍ക്കും ബാധകമാണോ?

അതുപോലെ ഇന്നത്തെ സാഹചര്യങ്ങള്‍ നോക്കിയാണോ, അതോ ഖുറാനും നബിചര്യയ്ക്കും എതിരാണെന്നത് നോക്കിയാണോ ഫത്‌വകള്‍ പുറപ്പെടുവിക്കുന്നത്?

ഒരു മുന്‍‌കൂര്‍ ജാമ്യം.
ഈ ഫത്‌വ എന്നെ ബാധിക്കുന്നില്ലാത്തതിനാല്‍ ഞാന്‍ ഇതിന് അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയുന്നില്ല. ഇങ്ങനെയൊരു വാര്‍ത്ത കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയത് കുറിച്ചിട്ടു എന്ന് മാത്രം. മറ്റൊരു മറ്റൊരു മതത്തിലെ അംഗമായതിനാല്‍ ആണ് ഈ മുന്‍കൂര്‍ ജാമ്യം .

Saturday, November 15, 2008

സ്വാമി അയ്യപ്പന്‍ വീണ്ടും അവതരിച്ചു

ദേ സ്വാമി അയ്യപ്പന്‍ പിന്നേം അവതാരം എടുത്തു.
ഏഷ്യാനെറ്റില്‍ ആണെന്ന് മാത്രം. രാത്രി 9.30ന്. ഭക്തിയും വിശ്വാസവും എങ്ങനെ വിറ്റു മുതലാക്കാം എന്ന് നമ്മെ കാണിച്ചു തന്നു കൊണ്ടിരിക്കുന്ന എല്ലാ ചാനലുകാരിലും വച്ച് ഇത്ര വലിയ ചതി ഏഷ്യാനെറ്റുകാര്‍ മാത്രമേ ചെയ്യുകയുള്ളൂ. നിര്‍ത്തിയിട്ട് ഒരു വര്‍ഷം പോലുമാകാത്ത ഒരു സീരിയല്‍ മണ്ഡലകാലം തുടങ്ങുന്നു എന്ന് കണ്ടപ്പോഴേ വീണ്ടും ആരംഭിക്കുക എന്നത് ഭക്തി തലയില്‍ കയറി ഭ്രാന്ത് പിടിച്ചു നില്‍ക്കുന്നവരെ സന്തോഷപ്പെടുത്തുമെങ്കിലും ബാക്കിയുള്ളവര്‍ക്ക് ഏഷ്യാനെറ്റിന്റെ ഈ "മണ്ടന്‍" അയ്യപ്പനേയും പരിവാരങ്ങളേയും കണ്ടു കൊണ്ടിരിക്കേണ്ട ഗതികേട് വീണ്ടും ഉണ്ടാക്കിയതില്‍ എന്റെ പ്രതിഷേധം അറിയുച്ചു കൊള്ളുന്നു.

ഇനി കഴിഞ്ഞ പ്രാവശ്യം ഏതെങ്കിലും എപ്പിസോഡ് കാണാതെ പോയിട്ടുണ്ടെങ്കില്‍ മറക്കാതെ കാണണം കേട്ടോ... ഇടിവാളിന്റെ ഈ കത്തിന് അയ്യപ്പന്‍ പുല്ലുവിലയെ കല്പ്പിച്ചിട്ടുള്ളു എന്ന് മനസ്സിലായില്ലേ? അതുപോലെ പ്രിയയുടെ ഈ പോസ്റ്റിന് ഇപ്രാവശ്യം ഈ വരവില്‍ അയ്യപ്പന്‍ മറുപടി തരും എന്ന് കരുതുന്നു.

എന്റെ അയ്യപ്പാ, നാട്ടുകാരെ മുഴുവന്‍ വടിയാക്കുന്ന ഇല്ലാക്കഥ പറയുന്ന, ഇവനെയൊക്കെ പിടിക്കാന്‍ ഈ നാട്ടില്‍ പുലിയൊന്നും ബാക്കിയില്ലേ .....എന്തുചെയ്യാം, സായിപ്പിനു വരെ ദര്‍ശനം കൊടുത്ത് സായിപ്പിനോട് വരെ മലയാളത്തില്‍ സംസാരിക്കുന്ന അയ്യപ്പന്റെ മുഖം ഇനിയും കാണണമല്ലോ... ഇന്ന് അറിയാതെ കണ്ടുപോയതാ.. ഇത് മുഴുവനും ഇവന്മാര്‍ റി-ടെലെകാസ്റ്റ് ചെയ്യാനാണ് പരിപാടി എന്ന് തോന്നുന്നു. അതോ പ്രസക്ത ഭാഗങ്ങളേ ഉള്ളോ? ഏതായാലും ഇത് ഭയങ്കര ചതിയായിപ്പോയി. കാരണം എന്റെ വീട്ടിലെ റിമോട്ട് പലപ്പോഴും സമയത്ത് കയ്യില്‍ കിട്ടാറില്ല.. കിട്ടിയാലും ചിലപ്പോള്‍ അത് വര്‍ക്ക് ചെയ്യാറില്ല.

"റിമോട്ട് വര്‍ക്കു ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ ബാക്കി ചാനലുകള്‍ അവര്‍ക്കുള്ളതാകുന്നു."

Monday, November 10, 2008

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍

പരമ്പര നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍.

ഏകപക്ഷീയമായ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന (ആദ്യ ടെസ്റ്റ് ഒഴികെ) ഒരു പരമ്പരക്ക് ഒടുവില്‍ ആസ്ത്രേലിയയെ തോല്പ്പിച്ച് ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി ഇന്ത്യക്ക് ലഭിച്ചു. സാധാരണ ഗതിയില്‍ അവസാന ശ്വാസം വരെ പൊരുതുന്ന ഒരു ആസ്ത്രേലിയ ആയിരുന്നില്ല ഇപ്രാവശ്യം ഇന്ത്യയിലെത്തിയത് എന്ന് പറയാം. പക്ഷേ അവര്‍ തന്നെയാണല്ലോ ഇപ്പോഴും (ഔദ്യോഗികമായെങ്കിലും) ഒന്നാം നമ്പര്‍ ടീം. അവരെ ഒരു നാലു ടെസ്റ്റ് പരമ്പരയില്‍ 2-0 നു തോല്പ്പിച്ചു പരമ്പര നേടുക അത്ര നിസാര കാര്യമായി കണ‍ക്കാക്കണ്ട കാര്യമല്ല, അത് ഇന്ത്യയില്‍ വച്ചാണെങ്കില്‍ പോലും.

ഇന്ത്യ 441 & 295
ആസ്ത്രേലിയ 355 & 209

ഏതായാലും അവസാന ഇന്നിംഗ്സില്‍ സം‌പൂജ്യനായി മടങ്ങി എങ്കിലും ഇന്ത്യ കണ്ട പോരാട്ട വീര്യമുള്ള ക്യാപ്റ്റനായ സൗരവ് ഗാംഗുലിക്ക് അഭിമാനത്തോടെ പാഡഴിക്കാം. അവസാന പരമ്പര വിജയത്തിന് തന്റേതായ സംഭാവനകള്‍ നല്‍കിയിട്ടാണ് അദ്ദേഹം മടങ്ങുന്നത്. 113 ടെസ്റ്റുകളില്‍ 7212 റണ്‍‍സും 311 ഏകദിനങ്ങളില്‍ നിന്ന് 11363 റണ്‍സും വാരിക്കൂട്ടിയിട്ടാണ് ദാദയുടെ പിന്‍‌മാറ്റം.

ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ അനില്‍ കുംബ്ലേക്കും ഇത് അവസാന പരമ്പരയായി. 132 ടെസ്റ്റുകളില്‍ നിന്ന് 619 വിക്കറ്റും 271 ഏകദിനങ്ങളില്‍ 331 വിക്കറ്റുകളുമായി കുംബ്ലേ വിടവാങ്ങി.

ഇന്ത്യന്‍ കളിക്കാര്‍ വ്യക്തിപരമായി പല നേട്ടങ്ങളും കൈവരിച്ച ഒരു പരമ്പര കൂടിയായിരുന്നു ഇത്. സച്ചിന്‍ ഏറ്റവും വലിയ റണ്‍ വേട്ടക്കാരന്‍ എന്ന ബഹുമതി ലാറയില്‍ നിന്ന് കൈയ്യടക്കിയതാണ് പ്രധാനപ്പെട്ടത്. അദ്ദേഹത്തിന്റെ നാല്‍‌പ്പതാം സെഞ്ചുറിയും ഈ പരമ്പരയില്‍ കണ്ടു. സച്ചിന്‍ ടെസ്റ്റുകളില്‍ നൂറാം ക്യാച്ചും തികച്ചു. അമിത് മിശ്ര, വിജയ് തുടങ്ങിയവര്‍ ആദ്യമായി ടെസ്റ്റ് കളിച്ചതു ഈ പരമ്പരയില്‍ ആണ്.

ഒബാമ - ഇന്ത്യന്‍ പ്രതീക്ഷ അസ്ഥാനത്തോ?

കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ഭരണാധികാരിയെ ഫോണില്‍ വിളിച്ച് കാശ്മീര്‍ പ്രശ്നം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി സംസാരിച്ച പ്രസിഡന്റ് ഒബാമ ഇന്ത്യന്‍ ഭരണാധികാരികളെ പാടേ അവഗണിക്കുന്നു എന്ന് വാര്‍ത്ത. അനൗദ്യോഗികമാണെങ്കിലും കീഴ്വഴക്കമനുസരിച്ച് ലോക രാജ്യങ്ങളിലെ ഭരണാധികാരികളെ വിളിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്, ഇതു വരെ മന്മോഹന്‍ സിംഗിനേയോ പ്രണാബ് മുഖര്‍ജിയെയോ അദ്ദേഹം വിളിച്ചില്ലത്രേ. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആ ഫോണ്‍ വിളി കാതോര്‍ത്തിരിക്കുകയാണ്.

എങ്ങനെ വിളിക്കും. ബുഷ് ഇന്ത്യാക്കാരുടെ കണ്‍കണ്ട ദൈവമാണ്, ബുഷ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യാക്കാര്‍ ഊര്‍ജമില്ലാത്തെ പണ്ടാരമടങ്ങി പോയേനെ, മുഴുവന്‍ ഇന്ത്യാക്കാരും ബുഷിന് കടപ്പെട്ടിരിക്കുന്നു ബുഷ് മാടയാണ് കോടയാണ്, എന്നൊക്കെ പറഞ്ഞ് ബുഷിന്റെ പൃഷ്ടം താങ്ങി നടന്നപ്പോള്‍, ഇലക്ഷന്‍ വരുന്നു ബുഷും വാലാട്ടികളും തോറ്റു തൊപ്പിയിടും എന്ന്ഓര്‍ക്കണമായിരുന്നു.

പ്രസിഡന്റിന്റെ അധികാര പരിധി പുന:നിര്ണ്ണയിക്കും എന്ന് ഒബാമ പ്രഖ്യാപിച്ചു. അതുപോലെ ബുഷിന്റെ കലത്തെ ഇരുനൂറോളം നയങ്ങള്‍ പുന:പരിശോധിക്കും എന്നാണ് പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനം. അമേരിക്ക പിന്തുടരുന്ന പൊതു നയങ്ങള്‍ക്ക് കാതലായ മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എങ്കിലും ചെറിയ പല മാറ്റങ്ങളും ഇതില്‍ കൂടി വരും എന്ന് കരുതാം. വിദേശ നയങ്ങളിലും മാറ്റം ഉണ്ടാകാം. ബുഷിനെ എല്ലാം മറന്ന് പിന്തുണച്ചവരോട് ഒബാമയുടെ സമീപനം എന്തായിരിക്കും എന്ന് ആര്‍ക്കറിയാം. ഇലക്ഷനോടനുബന്ധിച്ച് ബുഷ് എടുപിടീന്ന് നടപ്പിലാക്കിയ, പല തീരുമാനങ്ങളിലും പുനര്‍ചിന്ത ഉണ്ടായേക്കാം. ( ഇതില്‍ നമ്മുടെ എല്ലാമെല്ലാമായ ആണവകരാര്‍ ഉണ്ടാകുമോ എന്നറിയില്ല). കാത്തിരുന്നു കാണാം.

ഏതായാലും ഇന്ത്യക്ക് ഒത്തിരി പ്രതീക്ഷകള്‍ ഒന്നും തല്‍ക്കാലം ഒബാമ ബാക്കി വയ്ക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നെട്ടോട്ടമോടുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് തല്‍ക്കാലം മറ്റൊന്നും ഓര്‍ക്കാന്‍ സമയം കിട്ടുന്നില്ല എന്ന് മന്മോഹന്‍ സിംഗിന് ആശ്വസിക്കാം. അതൊക്കെ കഴിഞ്ഞ് ആ വിളി വരുമായിരിക്കും.

Monday, October 20, 2008

ചാന്ദ്രയാന്‍ 1 - അടിസ്ഥാന വിവരങ്ങള്‍

ചാന്ദ്രയാന്‍-1 , INDIA's First Mission to Moon

ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപകരണം എന്നാണോ ശരി?) ആണ് ചന്ദ്രയാന്‍-1. ഈ വരുന്ന ഒക്ടോബര്‍ 22-ന് ചെന്നയില്‍ നിന്നും 80km മാറി ആന്ധ്രപ്രദേശില്‍ ഉള്‍പ്പെടുന്ന ശ്രീഹരിക്കോട്ടയില്‍ നിന്നും ഈ പേടകവും വഹിച്ചു കൊണ്ടുള്ള PSLV-C11 കുതിച്ചുയരുമ്പോള്‍ അത് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ധന്യ മുഹൂര്‍ത്തമായിരിക്കും എന്നതില്‍ സംശയമില്ല. റഷ്യക്കും അമേരിക്കക്കും, ജപ്പാനും പിന്നാലെ ഇന്ത്യയും ചന്ദ്രന്റെ 'മണ്ണില്‍' എത്താന്‍ പോകുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞന്മാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.


ഇതിന്റെ ലക്ഷ്യത്തെ കുറിച്ച് ISRO തന്നെ പറയുന്നത് നോക്കൂ.
1. ചന്ദ്രോപരിതലത്തെ കുറിച്ചുള്ള ശാസ്ത്രത്തിന്റെ അറിവ് വിപുലീകരിക്കുക.
2. ഇന്ത്യയുടേ സാങ്കേതികരംഗത്തെ കഴിവ് വികസിപ്പിക്കുക.
3. ഗ്രഹങ്ങളെ കുറിച്ച് പഠനം നടത്താന്‍ ഇന്ത്യയിലെ യുവ ശാസ്ത്രജ്ഞന്മാര്‍ക്കുള്ള അവസരങ്ങള്‍ ധാരാളമയി സൃഷ്ടിക്കുക.

ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിച്ചാല്‍ തന്നെ ദൗത്യം ഏതാണ്ട് വിജയമാണ് എന്ന് നമുക്ക് ഉറപ്പിക്കാം.

പേടകത്തെപറ്റി.
1300-1400Kg ഭാരം വരുന്ന ഈ ഉപകരണം നിര്‍മിച്ചിരി‍ക്കുന്നത് പ്രധാനമായും അലുമിനിയം ഹണികോമ്പ് മെറ്റല്‍ ഉപയോഗിച്ചാണ്. 590kg ആയിരിക്കും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഇതിന്റെ ഭാരം. 700 W പവര്‍ നല്‍ക്കുന്ന ഒരു സോളാര്‍ പാനല്‍ ആണ് ഇതിന് വേണ്ട എനര്‍ജി നല്‍കുന്നത്. സൂര്യപ്രകാശം കിട്ടാത്ത സമയങ്ങളില്‍ ഒരു 36 Ampere-Hour (Ah) Lithium ion battery ഇതിന് ശക്തി പകരും.
VSSC തിരുവനന്തപുരം, Liquid Propulsion Systems Centre (LPSC), ISRO Inertial Systems Unit (IISU) തിരുവനന്തപുരം, Space Applications Centre (SAC), Physical Research Laboratory (PRL) of അഹമ്മദാബാദ്, ബാംഗലൂരിലെ Laboratory for Electro-optic Systems (LEOS), എന്നിവയുടെ സഹകരണത്തോടെ ബങ്കലൂരു ISRO Satellite Centre-ല്‍ നിര്‍മിച്ചതാണ് ഈ പേടകം.

ഭ്രമണപഥം

PSLV-C11 ഉപയോഗിച്ച് വിക്ഷേപിച്ച് കഴിഞ്ഞാല്‍ ആദ്യമെത്തുന്ന ഭ്രമണപഥത്തില്‍ ഭൂമിയോട് അടുത്ത പോയിന്റിന്റെ ഉയരം (perigee) 250km-ഉം ഏറ്റവും അകലമുള്ള പോയിന്റ് (Apogee) 23000km ഉയരത്തിലും ആണുള്ളത്. ഏതാനും തവണ ഭൂമിയെ ചുറ്റിയ ശേഷം വീണ്ടും വലിയ രണ്ട് ഭ്രമണപഥത്തിലേക്ക് പേടകം വിക്ഷേപിക്കപ്പെടുന്നു. അതിനായി Liquid Apogee Motor (LAM) ഉപയോഗിക്കുന്നു. അവിടെ അകലമുള്ള പോയിന്റുകള്‍ യഥാക്രമം 37,000 km-ഉം 73,000 km-ഉം ആയിരി‍ക്കും.

ഇവിടെ നിന്നും വീണ്ടും LAM ഫയര്‍ ചെയ്ത് അതിലും വലിയ ഭ്രമണപഥത്തില്‍ എത്തിക്കുന്ന (Apogee=387,000 km) ചന്ദ്രയാന്‍ പതിനൊന്ന് ദിവസം കൊണ്ട് ഭൂമിയെ ഒരു തവണ വലം വയ്ക്കും. രണ്ടാമത്തെ ചുറ്റലിനിടയില്‍ പേടകം ഭൂമിയെ ചുറ്റുന്നചന്ദ്രനെ ഏതാനും നൂറു കിലോമീറ്ററുകള്‍ അകലത്തില്‍ കണ്ടെത്തും. ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് പോകാതെ വീണ്ടും പലപ്രാവശ്യം LAM ഫയര്‍ ചെയ്ത് ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും ഏതാണ്ട് 100km എന്ന ഉയരത്തില്‍ ചന്ദ്രയാന്‍ തന്റെ ഭ്രമണപഥം ക്രമീകരിക്കും. അവിടെ നിന്നാണ് ചന്ദ്രനില്‍ Moon Impact Probe (MIP) ഇടിച്ചിറങ്ങുന്നതുള്‍പ്പെടെ, പിന്നീടുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍.

നിയന്ത്രണം

രണ്ടുവര്‍ഷക്കാലത്തോളം ബഹിരാകാശത്ത് ചെലവഴിക്കുന്ന ചന്ദ്രയാന്‍ ഒന്നിന്റെ നിയന്ത്രണം ബങ്കലൂരിനടുത്ത് പീനിയയയില്‍ ഉള്ള Spacecraft Control Centre (SCC)-ന് ആയിരിക്കും. പേടകത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ കൈമാറുന്നതും സൂക്ഷികുന്നതും വിതരണം ചെയ്യുന്നതും Indian Space Science Data Centre (ISSDC)-ല്‍ ആയിരിക്കും.റേഡിയോ സന്ദേശങ്ങള്‍ സ്വീകരിക്കുന്നത് Indian Deep Space Network (IDSN)-ല്‍ സ്ഥാപിച്ചിരിക്കുന്ന 18m-ഉം 32m ഉം വ്യാസമുള്ള രണ്ട് ആന്റിനകള്‍ വഴിയാണ്.


ശാസ്ത്ര ഉപകരണങ്ങള്‍ (Payloads)

ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന പതിനൊന്ന് ശാസ്ത്ര ഉപകരണങ്ങളില്‍ (Payloads) അഞ്ചെണ്ണം ഇന്ത്യയില്‍ തന്നെ നിര്‍മിച്ചിരിക്കുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം. മൂന്നെണ്ണം യൂറോപ്യന്‍ സ്പേസ് ഏജന്‍സിയില്‍ നിന്നും (ഇതില്‍ തന്നെ ഒരെണ്ണം ഇന്ത്യയുടെ കൂടെ സഹകരണത്തോടു കൂടിയും, മറ്റൊരെണ്ണം ഇന്ത്യയുടെ കൂടെ സംഭാനയോടും കൂടി നിര്‍മിച്ചതാണ്.), ഒരെണ്ണം ബല്‍ഗേറിയയില്‍ നിന്നും, രണ്ടെണ്ണം അമേരിക്കയില്‍ നിന്നും ഉള്ളതാണ്.

ഇന്ത്യയില്‍ നിന്നുള്ളവ.

1. Terrain Mapping Camera (TMC): ISRO യുടെ അഹമ്മദാബാദിലെ Space Applications Centre (SAC)-ല്‍ നിര്‍മിച്ച ഇതിന്റെ ലക്ഷ്യം ചന്ദ്രോപരിതലത്തിന്റെ പടം എടുക്കുക എന്നത് തന്നെയാണ്. 20KM വരെ വീതിയിലുള്ള പ്രദേശത്തിന്റെ പടം 5m റെസലൂഷനില്‍ എടുക്കുന്ന ഈ CCD കാമറ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ ആണ് നമുക്ക് നല്‍കുക.

2. Hyperspectral Imager (HySI): ചന്ദ്രോപരിതലത്തിലെ ധാതുക്കളെ കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെ 80m റെസലൂഷനില്‍ ചിത്രങ്ങള്‍ എടുക്കുന്ന മറ്റൊരു CCD ക്യാമറ ആണിത്. ഇതും ഒരു SAC ഉല്പ്പന്നം ആണ്.

3. Lunar Laser Ranging Instrument (LLRI): ചാന്ദ്രയാന്‍ പേടകം ചന്ദ്രനില്‍ നിന്നും എത്ര ഉയരത്തിലാണെന്ന് മനസ്സിലാക്കുന്നതിനും, ചന്ദ്രോപരിതലത്തിന്റെ ഉയര്‍ച്ച താഴ്ചകളെ പറ്റി പഠിക്കുന്നതിനും ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ ബലത്തെ കുറിച്ച് പഠിക്കുന്നതിനും ഉപകരിക്കുന്ന ഈ ഉപകരണം ബാംഗ്ലൂരിലെ Laboratory for Electro Optic Systems (LEOS)-ന്റെ സംഭാവന ആണ്.

4. High Energy X-ray Spectrometer (HEX): ഉപരിതലത്തിലെ ജലാംശത്തിന്റെ സാനിധ്യത്തെ പറ്റിയും, യുറേനിയം തോറിയം തുടങ്ങിയവയുടെ ഗാഢതയെ പറ്റിയും പഠിക്കാന്‍ Cadmium Zinc Telluride (CZT) ഡിറ്റെക്ടറുകള്‍ ഉപയോഗിച്ചിരിക്കുന്ന ഈ ഉപകരണം വികസിപ്പിച്ചെടുത്തത് ISRO യുടെ അഹമ്മദാബാദിലെ Physical Research Laboratory (PRL) യും ബാങ്കലൂരിലെ സാറ്റലൈറ്റ് സെന്ററും ചേര്‍ന്നാണ്.

5. Moon Impact Probe (MIP): ചന്ദ്രയാനിലെ ഏറ്റവും 'വിലപ്പെട്ട' ഉപകരണം എന്ന് വിശേഷിപ്പിക്കാവുന്ന ഇത് നിര്‍മിച്ചിരിക്കുന്നത് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പെസ് സെന്ററില്‍ (VSSC) ആണ്. 29Kg ഭാരം വരുന്ന MIP ചന്ദ്രോപരിതലത്തില്‍ 20 മിനിറ്റ് നേരത്തേക്ക് ഇറങ്ങും. ഭാവിയില്‍ മനുഷ്യനുമായി ലാന്‍ഡ് ചെയ്തേക്കാവുന്ന ചന്ദ്രയാന്‍ പദ്ധതികള്‍ക്ക് വേണ്ട ഒരുക്കങ്ങള്‍ എന്ന് വേണമെങ്കില്‍ ഈ ഇറക്കത്തെ നമുക്ക് കാണാം. ഇത് ഇറങ്ങുന്ന വീഡിയോ ചിത്രങ്ങളും ഈ ഉപകരണം റിക്കോര്‍ഡ് ചെയ്യും.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവ

1. Chandrayaan-1 Imaging X-ray Spectrometer (C1XS): ചന്ദ്രന്റെ ഉപരിതലത്തില്‍ ചിതറി കിടക്കുന്ന മഗ്നീഷ്യം, അലൂമിനിയം, സിലിക്കോണ്‍, അയണ്‍ , റ്റൈറ്റാനിയം തുടങ്ങിയ ധാതു പദാര്‍ത്ഥങ്ങളുടെ വ്യക്തമായ ഘടന ഈ ഉപകരണത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഇതില്‍ നിന്നും ചന്ദ്രന്റെ ഉല്പത്തിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും എന്ന് കരുതുന്നു. ഇത് നിര്‍മിച്ചിരിക്കുന്നത് ഇംഗ്ലണ്ടിലെ Rutherford Appleton Laboratory യും ബങ്കലൂരിലെ ISRO Satellite Centre-ഉം ചേര്‍ന്നാണ്.

2. Smart Near Infrared Spectrometer (SIR-2): ജര്‍മനിയിലെ Max Plank Institute നിര്‍മിച്ചിരിക്കുന്ന ഈ ഉപകരണം ചന്ദ്രന്റെ ഉപരിതലത്തിന്റെ നിര്‍മാണ ഘടന യെ പറ്റി പഠിക്കാന്‍ ഉപയോഗികുന്നു. ഉള്ളില്‍ നിന്ന് പോലുമുള്ള റേഡിയേഷനുകള്‍ പിടിച്ചെടുക്കാന്‍ ശേഷി ഉള്ളതാണ് ഈ ഉപകരണം.

3. Sub keV Atom Reflecting Analyser (SARA): ചന്ദ്രോപരിതലത്തിലെ വിവിധ പദാര്‍ത്ഥങ്ങളുടെ സങ്കരങ്ങളെ കുറിച്ചും അവയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചു പഠിക്കുക എന്ന് ലക്ഷ്യത്തോടെ സ്വീഡനിലെ Institute of Space Physics-ഉം VSSC യിലെ Space Physics Laboratory (SPL) യും ചേര്‍ന്ന് നിര്മിച്ച ഉപകരണം ആണിത്.

4. Radiation Dose Monitor (RADOM): പ്രധാനമായും ചന്ദ്രനു ചുറ്റുമുള്ള റേഡിയേഷനുകളെ പറ്റിയും വിവിധ തരം കോസ്മിക്‍ റേ-കള്‍ ചന്ദ്രനു ചുറ്റുമുണ്ടാക്കുന്ന വ്യതിയാനങ്ങളെ പറ്റിയും പഠിക്കാന്‍ ഉപയോഗിക്കുന്ന ഈ ഉപകരണം നിര്‍മിച്ചിരിക്കുന്നത് Bulgarian Academy of Sciences-ലാണ്.

5. Mini Syntheic Aperture Radar (MiniSAR): ചന്ദ്രന്റെ ഇരുളടഞ്ഞ "മൂലകളിലുള്ള" മഞ്ഞു പാളിയെ പറ്റി പഠിക്കുക എന്നതാണ് നാസയുടെ ഈ ഉപകരണത്തിന്റെ ലക്ഷ്യം. ഉപരിതലത്തില്‍ നിന്നും ഏതാനും മീറ്റര്‍ താഴെ വരെയുള്ള ഐസിനെ പറ്റി പഠിക്കാന്‍ ഈ ഉപകരണം ഉപയോഗിക്കാം.

6. Moon Mineralogy Mapper (M3): ഭാവിയിലെ പദ്ധതികളെ ലക്ഷ്യം വച്ചു കൊണ്ടുള്ള ഈ ഉപകരണവും ധാതുക്കളെ പറ്റി പഠിക്കാനുള്ള ഒരു സ്പെക്ട്റോമീറ്റര്‍ ആണ്. ഇതും നാസയുടെ സംഭാവന ആണ്.

ഭാവി
ചന്ദ്രയാന്‍-1 വിജയമായാല്‍ അടുത്ത ലക്ഷ്യം റഷ്യയുമായി സഹകരിച്ചു കൊണ്ടുള്ള ചന്ദ്രയാന്‍-2 ആണ്. തന്നെയുമല്ല മനുഷ്യനില്ലാതെ ചൊവ്വയിലേക്കുള്ള ദൗത്യവും ISRO പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ക്കെല്ലാം ചന്ദ്രയാന്‍-1 ന്റെ വിജയം അനിവാര്യമാണ്. ഇതിന്റെ വിജയത്തിനുള്ള എല്ലാ ആശംസകളും അര്‍‍പ്പിക്കുന്നു.

ഇത്രയൊക്കെ വളര്‍ന്ന് ഏതൊരിന്ത്യാക്കാരനും അഭിമാനിക്കാവുന്ന തലത്തിലേക്ക് ഉയര്‍ന്ന ഇന്ത്യന്‍ ശാസ്ത്രലോകത്തിനും ഇതിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു. ഇവര്‍ക്കിടയില്‍ നിറഞ്ഞ മലയാളി സാന്നിദ്ധ്യത്തില്‍ നമുക്ക് അഭിമാനിക്കാം, സ്വകാര്യമായി അഹങ്കരിക്കാം.


*************** ************** *****************

അറിയിപ്പ്

ഇത് ശാസ്ത്രീയമായി ഒരു ആധികാരിക ലേഖനമല്ല. വായിച്ചറിഞ്ഞ അറിവുകള്‍ വച്ച് എഴുതിയതാണ്. ISRO വെബ്‌സൈറ്റ് ആണ് വിവരങ്ങള്‍ക്കാധാരം. ചന്ദ്രയാന്‍ ദൗത്യത്തെ കുറിച്ചുള്ള "അടിസ്ഥാന വിവരങ്ങള്‍" പങ്കിടുകയും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിനന്ദനം അര്‍പ്പിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശം. നീണ്ടു പോകും എന്നതിനാല്‍ പല കാര്യങ്ങളും ചുരുക്കി എഴുതിയതാണ്. ഇതില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്തുക.

Saturday, October 11, 2008

ആണവക്കരാര്‍, സംശയങ്ങള്‍ ഇനി കാലം തെളിയിക്കട്ടെ.

അങ്ങനെ ആണവക്കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടോലിസ റൈസും ഒക്ടോബര്‍ പത്താം തീയതി വൈകുന്നേരം നാലുമണിക്കാണ് (ഇന്ത്യന്‍ സമയം രാവിലെ ഒന്നു മുപ്പത്) ഒപ്പു വച്ചത്. രണ്ട് ദിവസം മുമ്പ് പ്രസിഡന്റ് ജോര്‍ജ് ബുഷ് കരാറില്‍ ഒപ്പിട്ടിരുന്നു. ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യക്ക് പല ഗുണങ്ങളും ഉണ്ടെന്ന് മന്‍‌മോഹന്‍സിംഗിന്റെ കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ പലവിധം തിരിച്ചടികള്‍ ഉണ്ടാകും എന്ന് ബി ജെ പിയും ഇന്ത്യയുടെ അഭിമാനം അടിയറ വച്ചു എന്ന് ഇടതുപക്ഷവും പറയുന്നു. പലര്‍ക്കും കരാറിനെ പറ്റിയും അതിലെ വ്യവസ്ഥകളെപ്പറ്റിയും ധാരാളം സംശയങ്ങള്‍ ഉണ്ട്. ഇനി സംശയങ്ങള്‍ ഒക്കെ കാലം തെളിയിക്കട്ടെ എന്നല്ലേ പറയാനൊക്കൂ.

കുറച്ചുനാള്‍ മുമ്പ് അനൂപ് കോതനല്ലൂരിന്റെ ഒരു പോസ്റ്റില്‍ ഞാന്‍ കമന്റായി ചോദിച്ച ചോദ്യങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കുന്നു.

1.ആണവക്കരാര്‍ വന്നത് കൊണ്ട് ഇന്ത്യയിലെ ഊര്‍ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആകുമോ?

2.കേരളത്തില്‍ ആണവ നിലയം വരുമോ? അതിനാല്‍ കേരളത്തില്‍ പവര്‍ക്കട്ട് ഇല്ലാതാകുമോ?

3.ഒരു കാലത്ത് യുറേനിയം തീരുമ്പോള്‍ ആണവ നിലയങ്ങള്‍ എന്ത് ചെയ്യും? അതോ യുറേനിയം എന്നത് തീരാത്ത ഒരു സാധനമാണോ?

4.അത് തീര്‍ന്നാല്‍ ഊര്‍ജ്ജോല്പ്പാദനത്തിനായി വീണ്ടും പ്രകൃതി ശ്രോതസുകളെ ആശ്രയിക്കുമോ?

5. ആണവക്കരാര്‍ വന്നാത് കൊണ്ട് അമേരിക്ക ഇന്ത്യക്ക് എന്തൊക്കെ തരും?

6. ആണവോര്‍ജ്ജം ഇല്ലാത്തതിനാല്‍ ആണോ ഇന്ത്യയില്‍ വ്യവസായം തഴച്ച് വളരാത്തത് ?ഇനിയിപ്പോള്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ഒക്കെ തീര്‍ന്ന് ഇന്ത്യ ഒരു വ്യവസായ ഭീമന്‍ ആകുമോ?

7. യുറേനിയം കിട്ടിയാല്‍ തന്നെ അത് ഇന്ത്യയിലെ മുഴുവന്‍ ഊര്‍ജ്ജോല്പാദനത്തിന് ഉപയോഗിക്കാനാണോ? ആണെങ്കില്‍ അതിനുള്ള ചിലവിനെ പറ്റി വല്ല ഊഹവുമുണ്ടോ?

8. ഇതൊക്കെ കഴിഞ്ഞ് , ആണവ വേസ്റ്റ് എന്നൊരു സാധനത്തെ പറ്റി കേട്ടു. അത് എങ്ങെനെ സംസ്കരിക്കും? അതിനൊക്കെ ഒത്തിരി ചെലവ് ആകില്ലെ?

9. അതിനിടയില്‍, ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ കരാര്‍ റദ്ദാകുമെന്നും, ഇല്ല അതൊക്കെ ചുമ്മാതാണെന്നും ഒക്കെ കേട്ടു. ആണവ പരീക്ഷണം നടത്താന്‍ ഇന്ത്യക്കുള്ള അവകാശം ഈ കരാര്‍ മൂലം ഇല്ലാതാവുമോ?

മുകളില്‍ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഉത്തരം കിട്ടും എന്ന് കരുതിയല്ല ചോദ്യങ്ങള്‍ ഇട്ടിരിക്കുന്നത്. കുറച്ച് നാളുകള്‍ക്കകം, അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതിന് ഉത്തരങ്ങള്‍ കിട്ടുമല്ലോ. ഇതൊക്കെ ആണവക്കരാറിനേക്കുറിച്ച് കൂടുതലൊന്നും പഠിക്കാത്ത ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ എന്റെ സംശയങ്ങള്‍ ആണ്. ഇതിനൊക്കെ കാലം മറുപടി തരും എന്ന പ്രതീക്ഷയോടെ ഇന്ത്യയുടെ ഈ "വളര്‍ച്ച"യില്‍ നമുക്ക് അഭിമാനിക്കാം. കാരണം ആഗോള മുതലാളിയുമായി അല്ലേ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ( വീട്ടിലെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ മുതലാളി അയല്‍ക്കാരുടെയും പരിചയക്കാരുടേയും ഒക്കെ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണ് എന്നത് വേറെ കാര്യം.)

Thursday, October 9, 2008

അച്ചുവിന്റെ ഹരിശ്രീ

ഇന്ന് രാവിലെ ഞങ്ങളുടെ ഇളയ മകന്‍ ആദര്‍ശ് (അച്ചു) ഹരിശ്രീ കുറിച്ചു. അവന് ആദ്യാക്ഷരം പകരാനുള്ള ഭാഗ്യം എനിക്കായിരുന്നു. അബുദാബിയില്‍ ആയിരുന്നതിനാല്‍ ഞാനും ഭാര്യയും കുട്ടികളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളു. നാട്ടിലായിരുന്നെങ്കില്‍ കുറച്ച് കുടുംബാംഗങ്ങളും കൂടി കണ്ടേനെ.

അവിടെ ആയിരുന്നെങ്കിലും വീട്ടില്‍ വച്ച് തന്നെ ആയിരുന്നേനെ ചടങ്ങ്. എനിക്കും എന്റെ അനിയനും ഹരിശ്രീ കുറിച്ചത് എന്റെ അച്ഛന്‍ തന്നെയായിരുന്നു. എന്റെ മൂത്തമകനും ആദ്യാക്ഷരം കുറിച്ചത് അച്ഛന്‍ തന്നെയായിന്നു. ഇന്ന് അച്ഛന്‍ ഇല്ല. അതിനാല്‍ ആ കര്‍മ്മം ഞാന്‍ തന്നെ നിര്‍‌വഹിച്ചു. അതല്ലേ അതിന്റെ ഒരു ശരി?

എന്തോ ടി.വി-യില്‍ കാണുന്ന തരത്തിലുള്ള എഴുത്തിനിരുത്തിനോട് ഒരു യോജിപ്പില്ല.

Monday, August 11, 2008

അഭിനവ് ബിന്ദ്രക്ക് അഭിനന്ദനങ്ങള്‍

****** ******** ******* ********
അഭിനവ് ബിന്ദ്രക്ക് ഒരായിരം അഭിനന്ദനങ്ങള്‍
****** ******** ******* ********
At Last... an Olympics Gold is for INDIA. Yes we got it... ഇന്ത്യയുടെ എക്കാലത്തേയും ആഗ്രഹം സഫലീകരിച്ചു തന്നതിന് അഭിനവ് ബിന്ദ്രക്ക് നന്ദി. 10m എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണ്ണം നേടിയതിന് അഭിനന്ദനങ്ങള്‍. നൂറ് കോടിയിലധികം ജനങ്ങളുടെ സ്വപ്ന സാഷാല്‍ക്കാരം. 700.5 പോയിന്റോടെ ആണ് അഭിനവ് സ്വര്‍ണ്ണം നേടിയത്.

ഈയൊരു നിമിഷത്തിന് വേണ്ടി കായിക ഭാരതം കാത്തിരുന്നത് എത്ര വര്‍‍ഷങ്ങള്‍? അവസാനം അത് നേടി. വരും വര്‍ഷങ്ങള്‍ ഇന്ത്യയുടേതാകട്ടെ. ഇതൊരു തുടക്കം മാത്രമാവട്ടെ. ഇനിയും ഇനിയും സ്വര്‍ണ്ണങ്ങള്‍ നേടാന്‍ ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ഇതൊരു പ്രജോദനം ആകട്ടെ.



രാവിലെ അഭിനവ് ഫൈനലില്‍ എത്തി എന്നറിഞ്ഞപ്പോള്‍ തന്നെ ഒരു മെഡല്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊരു സ്വര്‍ണ്ണം ആക്കി മാറ്റി എന്നെയും ഒരു രാജ്യത്തെ മുഴുവന്‍ കായിക പ്രേമികളേയും സന്തോഷത്തില്‍ മുക്കിയ അഭിനവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അദ്ദേഹത്തിന് ലഭിച്ച ഖേല്‍‌രത്നയുടെ വില അദ്ദേഹം രാജ്യത്തിന് തിരികെ നല്‍കിയിരിക്കുന്നു.

Wednesday, July 23, 2008

പണമാണ് വിശ്വാസം, പണമാണ് ഭരണം

വിശ്വാസ വോട്ട് എന്നു പറഞ്ഞാല്‍ എന്താ? ആരുടെ വിശ്വാസത്തിന്റെ വോട്ടാണത്? ഇതാണോ ജനാധിപത്യം? ഇവന്മാരാണോ ജനപ്രതിനിധികള്‍ ? ഇവരെ ആണോ നാം വോട്ട് ചെയ്ത് വിജയിപ്പിച്ചത്? ..... ഒരു സാധാരണക്കാരന്റെ ചോദ്യങ്ങള്‍ ഇങ്ങനെ നീളുന്നു.

നാലു വര്‍ഷങ്ങളിലായി ജനങ്ങള്‍ പല വിശ്വാസത്തിന്റെ പുറത്ത് വോട്ട് ചെയ്തു വിജയിപ്പിച്ച 541 ആള്‍ക്കാര്‍, പലതവണ മുന്നണി മാറിയവര്‍, പല കുറ്റങ്ങള്‍ക്കായി കേസ് നടക്കുന്നവര്‍, പല ആരോപണങ്ങള്‍ക്ക് വിധേയരായവര്‍, ഇവരുടെയെല്ലാം താല്പര്യം ആണോ ഒരു രാജ്യത്തിന്റെ താല്പര്യം എന്നു പറയുന്നത്? അല്ലെങ്കില്‍ തന്നെ ഇവരുടെ താല്പര്യം എന്താണ്? പണത്തില്‍ അല്ലേ ഇവരുടെ താല്പര്യം? അപ്പോള്‍ പിന്നെ മന്മോഹന്‍ സിംഗ് വിജയിച്ചു എന്ന് പറയുന്നതില്‍ എന്താണ് ഒരു യുക്തി? പണം ജയിച്ചു എന്ന് പറഞ്ഞാല്‍ പോരെ.

ആണാണെങ്കില്‍ മന്മോഹന്‍ സിംഗ് ഇപ്പോള്‍ ചെയ്യേണ്ടത് രാജി വച്ച് ഇലക്ഷനെ നേരിടുകയാണ്. എന്നിട്ട് ആണവ കരാര്‍ ഉയര്‍ത്തിക്കാട്ടി വോട്ട് നേടി , ജനങ്ങളുടെ വിശ്വാസം നേടി, അത് നടപ്പാക്കണം. അതായത് വോട്ടെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയാല്‍ ജനങ്ങളുടെ വിശ്വാസം നേടി എന്ന് പറയാമല്ലോ. അതിനുള്ള ധൈര്യം ആ തലപ്പാവിനുള്ളില്‍ ഉണ്ടോ ആവോ? ഏയ് അതെങ്ങനെ, മറ്റൊരാളുടെ കളിപ്പാവക്ക് സ്വയം തീരുമാനം എടുക്കാനാവില്ലല്ലോ. ഇതിപ്പോള്‍ നൂറു കോടിയിലധികം ജനങ്ങളെ മുഴുവന്‍ വിഡ്ഡികളാക്കി, പത്തോ ആയിരമോ വരുന്ന കുറെ രാഷ്ട്രീയ കോമാളികള്‍ നടത്തിയ കച്ചവടമല്ലേ ലോകം മുഴുവന്‍ കണ്ടത്.

സ്വതന്ത്രന്മാരുടെ "വില" അറിഞ്ഞ സമയമാണല്ലോ കഴിഞ്ഞത്. ഞാഞ്ഞൂലുകളും പത്തി വിടര്‍ത്തി. ഇനിയിപ്പോള്‍ മന്തിസഭാ വികസനം. ഒരു നൂറ് നൂറ്റന്‍പത് മന്ത്രി എങ്കിലും കാണും മന്ത്രിസഭയില്‍ എന്ന് തോന്നുന്നു. കാരണം സിമ്പിള്‍. മൂന്നും നാലും എം.പി-മാര്‍ ഉള്ള കക്ഷികള്‍ പോലും രണ്ട് മന്ത്രിമാരെ ചോദിക്കാതിരിക്കുമോ? കൊടുത്തില്ലെങ്കില്‍ നാളെ താഴെ കിടക്കും..

പിന്നെ, ഇടത്പക്ഷം ബി.ജെ.പി യെ പിന്തുണച്ചു എന്ന് പറയുന്നതില്‍ കഴമ്പില്ല എന്ന് എനിക്ക് തോന്നുന്നു. തങ്ങളുടെ ചിന്താഗതിക്കനുസരിച്ചല്ലാത്ത ഒരു തീരുമാനത്തെ എതിര്‍ക്കാന്‍ ജനാധിപത്യത്തില്‍ ഉള്ള മാര്‍ഗമാണ് ഇടത് പക്ഷം സ്വീകരിച്ചത്. ആ നിലപാടിന്റെ പുറത്താണ് പിന്തുണ പിന്‍‌വലിച്ചതും. പിന്തുണ പിന്‍‌വലിച്ച് കഴിഞ്ഞ് ആ പ്രശ്നത്തിന്റെ പേരില്‍ വന്ന വിശ്വാസ വോട്ടിനെ (ബി.ജെ.പി എതിര്‍ക്കുന്നു എന്നതിനാല്‍ ) എതിര്‍ക്കാതിരിക്കേണ്ട കാര്യമില്ലല്ലോ. പിന്തുണ പിന്‍‌വലിച്ച് കഴിഞ്ഞപ്പോള്‍ മുതല്‍ ഇടത്പക്ഷം പ്രതിപക്ഷത്തായി. പ്രതിപക്ഷത്ത് ബ്.ജെ.പി. ഉള്ളത് കൊണ്ട് ഞങ്ങള്‍ പ്രതിപക്ഷത്തിരിക്കില്ല എന്ന് എങ്ങനെ പറയും?

ഇടത് പക്ഷം ബി.ജെ.പി-ക്ക് വേണ്ടി വോട്ട് ചെയ്തു എന്ന് പല കേരള നേതാക്കളും പറയുന്നത് കേട്ടു. ഇവന്മാരുടെ തലക്കകത്ത് എന്താ, കളിമണ്ണ് ആണോ? ഇത് ബി.ജെ.പി കൊണ്ടുവന്ന "അവിശ്വാസ പ്രമേയം" അല്ലായിരുന്നു, മറിച്ച് സര്‍ക്കാര്‍ കൊണ്ടു വന്ന "വിശ്വാസ പ്രമേയം" ആയിരുന്നു. അതെങ്കിലും ഓര്‍ക്കണം. സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചു എന്ന് രാഷ്ടപതിക്ക് കത്തു കൊടുത്ത കക്ഷികള്‍ എതിര്‍ത്ത് വോട്ട് ചെയ്തതില്‍ അവരെ എന്തിന് കുറ്റം പറയണം ? അവരെ അടുത്ത് ഇലക്ഷനില്‍ കാണാം എന്ന് പറഞ്ഞാല്‍ പോരെ. ഇവര്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.

ഇതിനിടയില്‍ ഒരു കാര്യമൂണ്ട്. പുതുതായി വന്ന ചില കുട്ടികള്‍ക്ക് ഏതായാലും സീറ്റില്‍ ഇരിക്കാന്‍ പറ്റി. അല്ലെങ്കില്‍ രണ്ട് ദിവസത്തെ മാത്രം എം.പി ആയി പോയേനെ അവര്‍.

വാല്‍‍ക്കഷണം
അടുത്ത ഇലക്ഷനില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആകുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട് കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു. സ്വതന്ത്രന് ഇപ്പോള്‍ എന്താ ഒരു വില. നേരത്തെ ഒക്കെ ഒരു സൈഡില്‍ ഒതുങ്ങി ഇരുന്നിരുന്ന സ്വതന്ത്രന്‍ ഇപ്പോള്‍ നടുത്തളത്തില്‍ കുച്ചിപ്പുടി കളിക്കുന്നു. "..ഉം...മാക്രിയും ജ്യൂസ് കുടിക്കാന്‍ തുടങ്ങി.. അതും സ്ട്രോ ഇട്ട്..."

Sunday, July 20, 2008

ജീവന്‍ നഷ്ടപ്പെടുത്തിയ മതമില്ലാത്ത ജീവന്‍

സമരമോ, സമരാഭാസമോ, അതോ സമരാക്രമണമോ? ഇതിനെ എന്ത് പേരില്‍ വിളിക്കണം? ഒരു പാവം അദ്ധ്യാപകന്റെ ജീവന്‍ എടുക്കുന്നിടം വരെയെത്തി മതമില്ലാത്ത ജീവന്‍. ആദ്യമൊക്കെ ഒരു പാഠം പിന്‍‌വലിക്കണം എന്നായിരുന്നു. അങ്ങനെ സമരം തുടരുന്നതിനിടെ പാഠം പരിഷ്കരിക്കാം എന്നായപ്പോള്‍ പുസ്തകം മുഴുവന്‍ പിന്‍‌വലിക്കണം എന്നായി. 'അമ്മയാണെ പുസ്തകം മാറ്റില്ല' എന്ന് സര്‍ക്കാരും. അവസാനം എല്ലാവരുടേയും വാശി മൂലം ഒരു കുടുംബത്തിന് നാഥന്‍ ഇല്ലാതെ ആയി. അതു തന്നെ ഫലം.

'മാതാ പിതാ ഗുരു ദൈവം' എന്ന് പണ്ടൊക്കെ പഠിച്ചിരുന്നു. ആ ചൊല്ലിനെ ഒരിക്കലും അംഗീകരിക്കാത്ത ഒരു സമൂഹമാണ് ഈ അദ്ധ്യാപകന്റെ മരണത്തിന് ഉത്തരവാദി എന്നത് യാദൃശ്ചികം ആയിരിക്കാം. പക്ഷേ പുസ്തകം കത്തിച്ചതിന്റെയും അപ്പുറം എത്തിയിരിക്കുന്നു മതചിന്തയുടെ ആക്കം.

ഈ പുസ്തകം പഠിച്ചത് കൊണ്ട് ഒരു കുട്ടിയും മത നിഷേധിയാകുകയോ, ഈ പുസ്തകം പിന്‍‌വലിച്ചത് കൊണ്ട് മതവിശ്വാസി ആകുമെന്നോ വിശ്വസിക്കാന്‍ എനിക്ക് കഴിയില്ല. കാരണം, ഞാന്‍ പഠിച്ച പുസ്തകത്തില്‍ ഒന്നും 'മതമില്ലാത്ത ജീവന്‍' ഇല്ലായിരുന്നു. അതിലൊന്നും ഇടത് പക്ഷ പ്രസ്ഥാനങ്ങളുടേതെന്ന് പറയുന്ന പാഠഭാഗങ്ങള്‍ ഇല്ലായിരുന്നു. എന്നിട്ടും എന്റെ തലമുറയില്‍ പെട്ടവരും പഴയ തലമുറയില്‍ പെട്ടവരും ഇന്നത്തെ പുത്തന്‍ തലമുറയില്‍ പെട്ടവരും ഇടത് പക്ഷ ചിന്താഗതിക്കാര്‍ ആയിട്ടില്ലേ? അവരൊക്കെ എങ്ങനെ ഈ വഴിക്ക് വന്നു എന്നാണ് ബഹുമാനപ്പെട്ട അച്ചന്മാരും പിതാക്കന്മാരും മുസലിയാന്മാരും കരുതുന്നത്? അവരെ ആരെയും ആരും പഠിപ്പിച്ചു വിട്ടതല്ല. സ്വയം ചിന്തിച്ച് വഴി തിരഞ്ഞെടുകയാണ് ചെയ്യുന്നത്. അപ്പോള്‍ പിന്നെ ഒരു പാഠഭാഗം വായിച്ച് എല്ലാവരും കമ്യൂണിസ്റ്റ്കാരാകും എന്ന് എങ്ങനെയാണ് നിങ്ങള്‍ വിശ്വസിക്കുന്നത്? അത്രക്ക് വിഡ്ഡികള്‍ ആണ് നിങ്ങളെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെന്തിനീ സമരാഭാസം?

ഏത് പുസ്തകം പഠിച്ചാലും തനിക്കുള്ള വഴി പലരും സ്വയം തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ വേദപുസ്തകവും ഖുറാനും പഠിച്ചവര്‍ ഇത്തരം കാടത്തം കാട്ടില്ലല്ലോ. അതില്‍ എഴുതിയത് അനുസരിക്കുന്നവര്‍ ആണോ ഇവരൊക്കെ. ഈശ്വരന് തുല്യം ആകില്ല എങ്കിലും അതിന്റെ ഇത്തിരി താഴെയെങ്കിലും കരുതേണ്ടവര്‍ അല്ലേ നമ്മുടെ അദ്ധ്യാപകര്‍? അറിയാതെ ഒരു കടലാസില്‍ ചവുട്ടിയാല്‍ തൊട്ടു തലയില്‍ വയ്ക്കാന്‍ പഠിപ്പിക്കുന്നവര്‍ ആയിരുന്നു പഴയ തലമുറ. ഇന്നിപ്പോള്‍ പുസ്തകം കത്തിച്ചാല്‍ 'അത് നന്നായി' എന്ന് പറയുന്നവര്‍ ആണ് സമൂഹ നേതാക്കള്‍. അതുപോലെ ഇത് മതനേതാക്കള്‍ നയിക്കുന്ന ഒരു സമരം എന്നതിനേക്കാള്‍ സമൂഹ്യവിരുദ്ധരുടെ ഒരു അക്രമ സമരം എന്നതിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

ഈ സര്‍ക്കാരും രാഷ്ട്രീയക്കാരും മത നേതാക്കളും തമ്മിലുള്ള വൈരത്തിന് ഇരയായ ഈ പ്രധാനാദ്ധ്യാപകന്‍ ശ്രീ ജെയിംസിന്റെ മരണത്തില്‍ എനിക്കുള്ള അനുശോചനം ഇതിനാല്‍ അറിയിക്കുന്നു. അതോടൊപ്പം എന്നെ പഠിപ്പിച്ച് ഈ കാലത്തോളം വഴി നയിച്ച അദ്ധ്യാപക സമൂഹത്തോട് ഈ സമൂഹദ്രോഹികള്‍ക്ക് വേണ്ടി ഞാന്‍ മാപ്പ് അപേക്ഷിക്കുന്നു.


********* **************** ********** *************
ഇനിയിപ്പോള്‍ ജയിംസ് എന്ന അദ്ധ്യാപകന്റെ രാഷ്ടീയമാവും ചിന്താവിഷയം. അല്ലെങ്കില്‍ അടുത്തതായി പരസ്പരം കുറ്റാരോപണങ്ങള്‍ ആയിരിക്കും. ഇതൊന്നുമല്ലാതെ ഈ സമരം നിര്‍ത്തുന്നതിനെ കുറിച്ച് പ്രതിപക്ഷമോ, ഈ പുസ്തകം പരിഷ്കരിക്കുന്നതിനെ കുറിച്ച് സര്‍ക്കാരോ ചിന്തിച്ച് നടപടിയെടുത്താല്‍ കൂടുതല്‍ ജീവന്‍ നഷ്ടപ്പെടാതെയിരിക്കും. ദൈവമുണ്ടെങ്കിലും ദൈവമില്ലെങ്കിലും മതമുണ്ടെങ്കിലും മതമില്ലെങ്കിലും " ജീവന്‍" തന്നെ വലുത്. ഇതെങ്കിലും ഓര്‍ക്കുക.

Sunday, July 6, 2008

മത പരിവര്‍ത്തനത്തിനെതിരെ S.N.D.P

ഇന്ന് ഒരു വാര്‍ത്ത കേട്ടു, കണ്ടു. കോട്ടയത്ത് നാഗമ്പടത്തുള്ള തങ്കു ബ്രദറിന്റെ സ്വര്‍ഗീയ വിരുന്ന് സ്ഥലത്തേക്ക് SNDP-ക്കാര്‍ നടത്തിയ "മാര്‍ച്ച്" അക്രമാസക്തമായി, പോലീസ് ലാത്തി വീശി, കണ്ണീര്‍ വാതകം പ്രയോഗിച്ചു. മാര്‍ച്ചിനുള്ള കാരണം; തങ്കു ബ്രദര്‍ തങ്ങളുടെ ആള്‍ക്കാരെ വശീകരിച്ച് മതം മാറ്റം നടത്തുന്നു. ഇങ്ങനെ മുന്നോറോളം കുടുംബങ്ങള്‍ മതം മാറിയത്രെ.

കോട്ടയം SNDP യൂണിയന്‍ ഒരു വിധം നല്ല അംഗസംഖ്യ ഉള്ള ശാഖകള്‍ ചേര്‍ന്ന ഒരു യൂണിയന്‍ ആണെന്നാണ് എന്റെ അറിവ്. ഇങ്ങനെ മതം മാറ്റം നടക്കുന്നു എന്ന് ഇവര്‍ അറിഞ്ഞത് ഇപ്പോഴാണോ? അല്ല, എന്നുത്തരം. കോട്ടയം പട്ടണത്തിന്റെ തന്നെ പ്രാന്തപ്രദേശങ്ങളില്‍ ഉള്ള ശാഖകളില്‍ നിന്നും പലരും ഇത്തരം പ്രാര്ത്ഥനാ സഭകളിലേക്ക് പണ്ടും പോയിരുന്നു. പണ്ട് കഞ്ഞിക്കുഴി "തോമാച്ചന്‍" എന്ന വ്യാജ ദൈവത്തിന്റെ മുന്നില്‍ വണങ്ങാന്‍ എന്റെ വീടിന്റെ പരിസരത്തുള്ള പലരും വെള്ളീയാഴ്ചകളില്‍ പോയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. അവരില്‍ പലരും ഈഴവര്‍ ആയിരുന്നു.

ഈയിടെയായി ഭക്തി വിറ്റഴിക്കപെടുന്നതിന്റെ ഭാഗമായി എല്ലാ മത വിഭാഗങ്ങളിലും ഇത്തരം ആരാധനകള്‍ ഏറുന്നു. പെന്തകോസ്തുകാര്‍ പണ്ടും ഇന്നും പറയുന്നത് , ചെയ്യുന്നത് എല്ലാം ഒന്നു തന്നെയാണ്. അവരുടെ ആള്‍ക്കാര്‍ പരസ്യമായി തന്നെ പറയുന്നത് "നീ ഞങ്ങളിലേക്ക് വരൂ, നിനക്ക് ഞങ്ങള്‍ ദൈവത്തിനെ കാട്ടിത്തരാം" എന്നാണ്. ഇത് മധ്യ തിരുവിതാംകൂറിലെ ഒരു വിധം എല്ലാവര്‍ക്കും അറിയാം. ഇത് കേട്ട് മതം മാറിയ പല ഹിന്ദു കുടുംബങ്ങളേയും എനിക്കറിയാം. അവര്‍ക്കൊക്കെ സമ്പത്തികമായി നേട്ടവും ഉണ്ടായിട്ടുണ്ട്. സാക്ഷ്യം പറയുന്നവര്‍ക്ക് ഗുണഫലം കൂടും.
അപ്പോള്‍ SNDP-ക്കാര്‍ ബോധവല്‍ക്കരണം നടത്തേണ്ടിയിരുന്നത് സ്വന്തം ശാഖകളീല്‍ ആയിരുന്നു. പല ശാഖകളിലും ഇത്തരം ആരാധനകള്‍ക്ക് പോകുന്ന പലരേയും പറഞ്ഞു വിലക്കിയിരുന്നു എന്ന് അറിയുന്നു. ബസ് ഏര്‍പ്പാടാക്കി അറുത്തുങ്കള്‍ പള്ളിയിലേക്ക് സ്ഥിരമായി ആളെ കൊണ്ടു പോകുന്ന ഈഴവരും കോട്ടയത്തുണ്ട്. അതും യൂണിയനില്‍ ഉള്ളവര്‍ക്ക് അറിയാം എന്ന് കരുതുന്നു. എന്നിട്ടും അവരെ ഒന്നും പറഞ്ഞ് മനസ്സിലാക്കാന്‍ സാധിക്കാത്ത യൂണിയന്‍ എന്തിന് തങ്കു ബ്രദറിന്റെ ആസ്ഥാനത്തേക്ക് പ്രകടനം നടത്തി എന്ന് മനസ്സിലാകുന്നില്ല.

രാഷ്ടീയക്കര്‍ തങ്കു ബ്രദറിനെതിരേയും മറ്റ് കള്ള സ്വാമികള്‍ക്കെതിരേയും നടത്തുന്ന സമരങ്ങള്‍ മനസ്സിലാക്കാം. പക്ഷേ "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന് പഠിപ്പിച്ച ഗുരുദേവന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന SNDP മറ്റൊരു മതത്തില്‍ ഉള്ള ഒരുവന്റെ ആലയത്തിലേക്ക് കല്ലെറിഞ്ഞു എന്ന് പറയുന്നത് ശരിയാണോ? (തങ്കു ബ്രദര്‍ ഒരു "ഫ്രോഡ്" ആണെന്ന് വിസ്മരിക്കുന്നില്ല. പക്ഷേ ഇവിടെ SNDP സമരത്തില്‍ അയാള്‍ ഒരു മതം മാറ്റുന്ന വ്യക്തി മാത്രമാണ്. ) തന്റെ കൂടെയുള്ളവന്‍ മറ്റു മതത്തില്‍ കുടിയേറിയാലും അവന്‍ നന്നായാല്‍ മതി എന്നങ്ങ് വിചാരിച്ചാല്‍ പോരേ?

ഇനിയെങ്കിലും SNDP ക്കാര്‍ ഇങ്ങനെയുള്ള സമരങ്ങള്‍ക്ക് പോകരുത്. അവകാശങ്ങള്‍ നേടാന്‍ സമരം ചെയ്യാം, അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ സമരം ചെയ്യാം, ജാതി വ്യവസ്ഥക്കെതിരെ സമരം ചെയ്യാം, അസമത്വത്തിനെതിരെ സമരം ചെയ്യാം, വര്‍ണ്ണ-ലിംഗ വിവേചനത്തിനെതിരെ സമരം ചെയ്യാം, ഇനി വേണമെങ്കില്‍ സം‌വരണം വേണം എന്ന് പറഞ്ഞും സമരം ചെയ്യാം. പക്ഷേ 'ഞങ്ങളുടെ ആള്‍ക്കാരെ കറക്കിയെടുത്ത് മതം മാറ്റുന്നേ' എന്ന് പറഞ്ഞ് സമരം ചെയ്യുന്നത് നാണക്കേടാണ് എന്നെങ്കിലും ഓര്‍ക്കുക, അത് ഗുരുദേവ ദര്‍ശനങ്ങള്‍ക്കെതിരാണ് എന്നും ഓര്‍ക്കുക.

പണം കൊണ്ട് ഭരിക്കുന്ന അഭിനവ ഗുരുവിന്റെ കാലത്ത് ഗുരുദര്‍ശനങ്ങള്‍ക്ക് എന്ത് വില അല്ലേ? ഗുരുദേവന്‍ ഇവരോട് പൊറുക്കട്ടെ. അതെങ്ങനെ: "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് " എന്ന്‍ ഗുരു പഠിപ്പിച്ചത് - ഒരു ജാതി മതം ഒരു ജാതി ദൈവം ഒരു ജാതി മനുഷ്യന് എന്നാക്കിയതും നമ്മള്‍ ഒക്കെ തന്നെയല്ലേ.

വീണ്ടും പറയുന്നു ബോധവല്‍ക്കരിക്കേണ്ടത് ശാഖാംഗങ്ങളെയാണ്. തടയേണ്ടത് സ്വന്തം ബന്ധുക്കളെയാണ്. സാമ ദാന ഭേദ ദണ്ഡം നടപ്പാക്കേണ്ടത് സ്വന്തം കുടുംബത്ത് തന്നെയാണ്. അല്ലാതെ അവരെ 'വശീകരിച്ച്' കൊണ്ടു പോകുന്ന മറ്റുള്ളവരെയല്ല.

Wednesday, May 28, 2008

ബ്ലോഗ് കോപ്പി ചെയ്യുന്നത് തടയാന്‍ ഒരു വഴി

ബ്ലോഗ് പോസ്റ്റുകള്‍ പെട്ടെന്ന് കോപ്പി ചെയ്യാന്‍ പറ്റാത്ത രീതിയില്‍ HTML, തിരുത്തുന്ന ഒരു രീതി സിമി ചാക്കോയുടെ ബ്ലോഗില്‍ ഒരു പോസ്റ്റ് ഉണ്ടായിരുന്നു. അന്ന് ആ പോസ്റ്റ് കാണാത്തവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.

< onselectstart="'return"> എന്ന ഒരു tab modification ആയിരുന്നു സിമി പറഞ്ഞു തന്നത്.

അത് പ്രയോഗിച്ചപ്പോള്‍ എന്തോ ശരിയായില്ല എന്ന അപ്പൂവിന്റെ പരാതി ആണ് ഈ പോസ്റ്റ് ഇടാന്‍ കാരണമായത്... സിമിയോ മറ്റ് സാങ്കേതിക വിദഗ്ദരായ ബ്ലോഗര്‍മാരോ അപ്പുവിനെയും മറ്റു ബ്ലോഗര്‍മാരെയും സഹായിക്കും എന്ന് കരുതുന്നു.

എന്റെ അനുഭവത്തില്‍ അത് ശരിക്കും വര്‍ക്ക് ചെയ്യുന്ന ഒരു പരിപാടി തന്നെയാണ്. ഞാന്‍ അന്നത് ചെയ്തു നോക്കിയതുമാണ്. അടിച്ചു മാറ്റാന്‍ പറ്റിയത് ഒന്നും എന്റെ ബ്ലോഗില്‍ ഇല്ലല്ലോ എന്ന് കരുതി പിന്നീട് ഞാന്‍ അത് മാറ്റി. ഇനി റ്റെമ്പ്ലേറ്റ് അനുസരിച്ച് എവിടെയെങ്കിലും മാറ്റം വരുമോ എന്നൊന്നും എനിക്കറിയില്ല. സംശയമുള്ളവര്‍ക്ക് അറിവുള്ള ആരെങ്കിലും പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു.

ഇതിനെ പറ്റി കൂടുതല്‍ അറിയാവുന്നവര്‍ അത് എല്ലാവരിലേക്കും എത്തിച്ചു കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഉള്ള ഒരു ദോഷമായി എനിക്ക് തോന്നിയത് കമന്റുകളില്‍ ചില ഭാഗങ്ങള്‍ ക്വോട്ട് ചെയ്യുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതാണ്. കാരണം കോപ്പി & പേസ്റ്റ് പറ്റില്ലല്ലോ. പക്ഷേ ക്രിയാത്മകമായി ബ്ലോഗില്‍ എന്തെങ്കിലും ചെയ്യുന്നവര്‍ ഇങ്ങനെ എങ്കിലും തങ്ങളുടെ ബ്ലോഗ് സംരക്ഷിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. സിമി പറഞ്ഞപോലെ ഇതൊരു പൂര്‍ണ്ണമായ സം‌രക്ഷണം അല്ല എന്നറിയാം. എന്നാലും ... ഒരു ചെറിയ മനസമാധാനത്തിന് വേണ്ടി ചെയ്യാം. അത്രയേ ഉള്ളു.

ഇതിന്റെ പേരില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാന്‍ പ്രാപ്തനല്ല എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ. ആയതിനാല്‍ ആരെങ്കിലും ഒക്കെ സഹായിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ സംശയങ്ങള്‍ സിമിയുടെ പോസ്റ്റില്‍ തന്നെ ചോദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സിമിയുടെ പോസ്റ്റിലേക്കുള്ള ലിങ്ക് ( " ബ്ലോഗ് മോഷണം തടയാന്‍ " )

സിമിക്ക് നന്ദി , ഈ വഴി മറ്റാരോ കൂടി നേരത്തെ കൊടുത്തിരുന്നു എന്നാണ് ഓര്‍മ. ആരാണെന്ന് ഓര്‍മയില്ല.

(പിന്നെ റ്റെമ്പ്ലേറ്റില്‍ എന്ത് മാറ്റം വരുത്തുന്നതിനു മുമ്പും അത് മുഴുവന്‍ ഒരു വേര്‍ഡ് ഷീറ്റിലോ നോട്ട്പാഡിലോ കോപ്പി ചെയ്ത് വയ്ക്കണം. എന്തെങ്കിലും പ്രശ്നം വന്നാല്‍ ആദ്യത്തേത് തിരികെ പേസ്റ്റ് ചെയ്താല്‍ മതിയല്ലോ.)

Wednesday, May 21, 2008

ഒരു മീന്‍പിടുത്തം - പറക്കും മീന്‍

മഴക്കാലമായാല്‍ മീന്‍ പിടിക്കാന്‍ പോകുക എന്നത് പണ്ട് മുതലേ ഒരു രസമായിരുന്നു. ഇപ്പോള്‍ ഇതാ അടുത്ത മഴക്ക്കാലം വരുന്നു. ആറ്റു തീരത്ത് പോകാനും, വല വീശാനും, മീന്‍ പിടിക്കാനും കൊതി തോന്നുന്നു. പക്ഷേ എന്തു ചെയ്യാം. ഇവിടെ ആറില്ലല്ലോ, മഴ ഇല്ലല്ലോ. മീന്‍ ഇല്ലല്ലോ.

എങ്കിലും മീന്‍ പിടിക്കുന്നതിന്റെ ഒരു video ഇവിടെ ഇടാം. "flying fish" എന്ന് സേര്‍ച്ച് അടിച്ചപ്പോള്‍ കിട്ടിയ ഒരു വീഡിയോ ആണിത്.




ഇത് അരങ്ങേറുന്നത് അങ്ങ് ബ്രസീലിലെ മിസൗറി മിസ്സിസിപ്പി നദിയില്‍ ആണ്. ഇവിടെ കാണുന്ന ഈ മീനുകള്‍ matrinxa (Brycon cephalus) എന്നയിനം കാര്‍പ്പ് മല്‍സ്യങ്ങള്‍ ആണ് . ഇങ്ങനെ മീന്‍ പിടിക്കാന്‍ എന്തു രസം അല്ലേ? ഇതിനാണോ കൈ നനയാതെ മീന്‍ പിടിക്കുക എന്ന് പറയുന്നത്. (നമ്മുടെ അപ്പൂപ്പന്മാര്‍ ബ്രസീലില്‍ പോയിട്ടില്ല എന്ന് തോന്നുന്നു).


********** *********** ************** **********


ഇനി പകല്‍ വെളിച്ചത്തില്‍ നടക്കുന്ന ഒരു മീന്‍ പിടുത്തം കൂടി കാണൂ. ഇത് ഏഷ്യന്‍ കാര്‍പ്പ് വര്‍ഗ്ഗത്തില്‍ പെട്ട silver carp ആയിരിക്കുമെന്ന് ഇവിടെ നിന്ന് മനസ്സിലായി. ഇതിനെ നമ്മുടെ കായലുകളിലും ആറുകളിലും എന്തു കൊണ്ട് വന്ന് വിടുന്നില്ല എന്ന് മനസ്സില്‍ ഒരു ചോദ്യം ഉയരുന്നു.





സമയം ഉണ്ടെങ്കില്‍ ഇതു കൂടി കാണൂ.

*********** ************* ************* **********


ഇനിയാണ് flying fish എന്താണെന്ന് കാണുന്നത്. ഇത് പറക്കുന്ന വീഡിയോ കാണൂ.





ഇതിന്റെ ഫോട്ടോ ഇങ്ങനെ ഇരിക്കും. ഇത്തരം മീനുകളെ ഇതു വരെ കാണാന്‍ പറ്റിയിട്ടില്ല. പക്ഷേ കുറെ ഫോട്ടോ കണ്ടു. ഇതിനെ കണ്ടവരുണ്ടോ? കണ്ടപ്പോള്‍ ഉണ്ടായ കൗതുകത്തിന് പോസ്റ്റ് ചെയ്യുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പറ്റിയില്ല. ക്ഷമിക്കുക.

Wednesday, May 14, 2008

സന്തോഷ് മാധവന്‍ - ഒരു പ്രതീകം

ഭാരതത്തില്‍ അങ്ങോളമിങ്ങോളം ഉള്ള സ്വാമിമാരുടെ ഒരു പ്രതീകം മാത്രമാണ് സന്തോഷ് മാധവന്‍ എന്ന് ഞാന്‍ കണക്കാക്കുന്നു. കണക്കു കൂട്ടലുകളില്‍ വന്ന എന്തോ ഒരു പാളിച്ച, അത് അദ്ദേഹത്തെ വെട്ടിലാക്കി എന്നേ ഉള്ളു. 'അദ്ദേഹത്തെ' എന്ന് ബഹുമാനത്തോടെ പറഞ്ഞതിന്റെ കാരണം സന്തോഷിന്റെ കഴിവിനെ അംഗീകരിച്ചത് കൊണ്ടാണ്. ഇത്രയേറെ വിദ്യാസമ്പന്നരായ ഒരു ജനതയുടെ ഭാഗമായ കുറെ ഏറെ പേരെ വിഡ്ഡിയാക്കുക എന്നത് ചില്ലറ കാര്യമല്ലല്ലോ.

ഇന്ന് സന്തോഷിനെ, അല്ല അമൃത ചൈതന്യയെ കുറ്റം പറയുന്നവരില്‍ കുറെ ഏറെ പേര്‍ക്കെങ്കിലും അതിനുള്ള അര്‍ഹത ഉണ്ടോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. അവരില്‍ എത്ര പേരുടെ പോക്കറ്റിലോ വീട്ടിലോ, സായി ബാബയുടെ ഫോട്ടോ, അല്ലെങ്കില്‍ അമൃതാനന്ദമയിയുടെ ഫോട്ടോ, അല്ലെങ്കില്‍ അമ്മ ഭഗവാന്റെ ഫോട്ടോ, അല്ലെങ്കില്‍ ശ്രീ ശ്രീ രവിശങ്കറുടെ ഫോട്ടോ, അല്ലെങ്കില്‍ എനിക്ക് പേരറിയാത്ത അനേകം അനേകം ആള്‍ ദൈവങ്ങളില്‍ ഒരാളുടെ ഫോട്ടോ കാണുമെന്ന് ചിന്തിച്ച് നോക്കൂ. ഈ പറഞ്ഞ ദൈവങ്ങളില്‍ നിന്നും എത്രമാത്രം വ്യത്യസ്തനാണ് ശ്രീ സന്തോഷ് എന്ന് എനിക്കറിയില്ല. ഒരിക്കല്‍, ഇവരുടെ ഒക്കെയും തുടക്ക കാലങ്ങളില്‍ ഇവരില്‍ പലരും ഒരു സന്തോഷ് ആയിരുന്നിരിക്കണം. ഇന്ന് തിളങ്ങി നില്‍ക്കുന്ന എല്ലാ ആള്‍ദൈവങ്ങള്‍ക്കും ഉള്ള ആസ്തി എവിടെ നിന്ന് വന്നു എന്ന് ഇവരെ പൂജിക്കുന്ന ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?

ഇന്നലെ വരെ സന്തോഷ് പറയുന്നത് സന്തോഷത്തോടെ അനുസരിച്ചിരുന്ന പലരും സ്വയം മുഖം രക്ഷിക്കാന്‍ ഓടുന്നത് കാണാന്‍ രസമുണ്ട്. ഇനി നാളെ അമൃതാനന്ദമയി-യെ പറ്റി ഇങ്ങനെ ഒരു പരാതി വന്നു കൂട എന്നില്ലല്ലോ. (വരില്ല എന്നറിയാം, കാരണം ഇന്നവര്‍ ഉയരങ്ങളില്‍ അല്ലേ ഇരിക്കുന്നത് ). വന്നാല്‍ ഇന്ന് സന്തോഷ് മാധവന്റെ ഗതി തന്നെ ആകില്ലേ അവരുടേതും? അപ്പോള്‍ ഇന്ന് അവരെ അമ്മയും, ദൈവവും ആയി കാണുന്നവര്‍ എന്ത് പറയും? ആലോചിക്കാന്‍ നല്ല രസം. ഇത് ചോദിക്കുന്നത് ഇന്നലെ വരെ സന്തോഷിന്റെ കാല്‍ നക്കിയിരുന്ന കലാ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ നായകന്മരുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നത് കൊണ്ടാണ്.

ഇനിയും നമ്മുടെ ജനങ്ങള്‍ മനസ്സിലാക്കില്ല എന്നതാണ് ഏറെ ദു:ഖകരം. പിടിക്കപ്പെടുന്നവര്‍ മാത്രമേ കള്ളനാണയങ്ങള്‍ ഉള്ളു എന്ന് അവര്‍ പറയും . പിടിക്കപ്പെടാത്തവരുടെ അടുത്ത് പോയാല്‍ ശാന്തി കിട്ടുന്നെങ്കില്‍ ജനങ്ങള്‍ അവിടെ പോകുന്നതില്‍ എന്താ തെറ്റ് എന്ന് ചോദിക്കുന്നവര്‍ ആയിരിക്കും കൂടുതല്‍. ഇന്ന് സന്തോഷ് മാധവന്‍ എന്ന അമൃത ചൈതന്യ പിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ (പരാതി കൊടുത്ത ആ സ്ത്രീക്ക് നന്ദി. ) അയാള്‍ മറ്റൊരു വള്ളിക്കാവിന് അധിപന്‍ ആകില്ലായിരുന്നു എന്ന് പറയാനാകുമോ? ഒരു 'ആശ്രമ' അധിപതി ആകില്ലായിരുന്നു എന്ന് ആരു കണ്ടു? അങ്ങനെ ആയിക്കഴിഞ്ഞ് അയാള്‍ പിടിക്കപ്പെടുമായിരുന്നു എന്ന് ഉറപ്പിച്ച് പറയാനാകുമോ? ഇല്ല. ഈ തരത്തിലുള്ള സ്വാമി വിഗ്രഹങ്ങള്‍ എല്ലാം വളരുന്നത് ആതുര സേവനം എന്ന് ലേബലില്‍ ആണെന്ന് കൂടി ചേര്‍ത്തു വായിച്ചാല്‍ എല്ലാവരേയും ഒരു ചരടില്‍ കെട്ടാന്‍ എളുപ്പമായി.

അതാണ് ഞാന്‍ പറഞ്ഞത് , സന്തോഷ മാധവന്‍ ഒരു പ്രതീകം മാത്രമാണ്. ഇന്ന് വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ദൈവങ്ങളുടേയും, കേരളത്തില്‍ എല്ലായിടത്തും പൊട്ടി മുളക്കുന്ന ചെറിയ ദൈവങ്ങളുടെയും എല്ലാം ഒരു പ്രതീകം. ഇവര്‍ക്ക് വളരാന്‍ വെള്ളം ഒഴിച്ച് കൊടുക്കുന്ന, ഇവരുടെ കാല്‍ നക്കുന്ന പട്ടികളെ അല്ല നമ്മുടെ സമൂഹത്തിന്‍ ആവശ്യം എന്നെങ്കിലും നമ്മുടെ ജനങ്ങള്‍ മന‍സ്സിലാക്കിയിരുന്നെങ്കില്‍ ? ?

ഹിന്ദുക്കളുടെ ഇടയില്‍ മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കും, മുസ്ലീങ്ങള്‍ക്കും ഉണ്ട് ഇത്തരം ആള്‍ദൈവങ്ങള്‍ എന്ന് കൂടി ചേര്‍ക്കേണ്ടിയിരിക്കുന്നു. എന്നാലേ ഒരു പൂര്‍ണ്ണ ചിത്രം കിട്ടുകയുള്ളൂ. പല സിദ്ധന്മാരും ഇടക്ക് പിടിക്കപ്പെടാറുണ്ടല്ലോ. പിടിക്കപ്പെടുന്നവര്‍ നിര്‍ഭാഗ്യവാന്മാര്‍, പിടിക്കപ്പെടാത്തവര്‍ ഭാഗ്യവാന്മാര്‍. അത്രയേ ഉള്ളു.


വാല്‍ക്കഷണം.
പാവം സന്തോഷ് മാധവന്‍ , എന്തെല്ലാം സ്വപ്നങ്ങള്‍ ആയിരുന്നു. നാളെ ആരായി തീരേണ്ട ആളായിരുന്നു. ഭാരതത്തിന് നഷ്ടമായത് ഒരു ഗുരുവിനെയാണ്. അനേകം മക്കളുടെ ദുരിതം അകറ്റേണ്ടിയിരുന്ന ഒരു അച്ഛനെയാണ്. അനേകര്‍ക്ക് സാന്ത്വനം ഏകുന്ന ഒരു ആതുര സേവകനെയാണ്. അനേകം പേര്‍ക്ക് തൊഴില്‍ നല്‍കിയേക്കാമായിരുന്ന ഒരു ബിസ്സിനസ്സുകാരെനെയാണ്. എത്ര സ്ത്രീകളെ കെട്ടിപ്പിടിച്ച് അനുഗ്രഹം നല്‍കേണ്ടയിരുന്ന കൈകള്‍ ആയിരുന്നു അത്. എല്ലാം കഴിഞ്ഞോ, അതോ ഇനിയും വരുമോ ? കാത്തിരുന്നു കാണാം.

Just remember, all these are happening in Kerala, the most literate state in India.

Saturday, May 3, 2008

ഇന്ത്യാക്കാര്‍ ആര്‍ത്തി പിടിച്ചവര്‍ - ബുഷ്

ലോകത്തിലെ ഭക്ഷ്യ പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണം ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ ആണെന്ന രീതിയില്‍ ജോര്‍ജ് ബുഷ് പ്രസ്താവന ഇറക്കിയിരിക്കുന്നു. ഇത് അങ്ങേര് ചുമ്മാ ഇരുന്നപ്പോള്‍ വിളിച്ച് പറഞ്ഞതല്ല. മിസോറിയില്‍ സാമ്പത്തിക വിദഗ്ദരുടെ സമ്മേളനത്തില്‍ ആണ് ബുഷ് ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. അപ്പോള്‍ ഈ ആരോപണം ചിന്തിച്ച് ഉണ്ടാക്കിയത് തന്നെ.

ഇന്ത്യ , ചൈന തുടങ്ങിയ രാജ്യങ്ങളിലെ കൂടി വരുന്ന ഉപയോഗം ആണ് പോലും ഭക്ഷ്യ പ്രതിസന്ധിക്ക് കാരണം. അതു പോലെ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പുരോഗതി പ്രാപിച്ചതോടെ ഭക്ഷ്യ ഉപയോഗം കൂടി എന്നും ഈ ബുഷ് എന്ന ദുഷ്ടന്‍ കണ്ടു പിടിച്ചിരിക്കുന്നു. എന്താണ് അമേരിക്കക്കാര്‍ വിചാരിച്ചിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. എല്ലാക്കാലവും ഇന്ത്യയിലെ ജനങ്ങള്‍ പട്ടിണി കിടന്ന് അമേരിക്കക്കാര്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കണമെന്നോ?

കണക്കുകള്‍ കാണിക്കുന്നത് പ്രകാരം ഉപയോഗിക്കുന്നതിന്റെ അത്ര തന്നെ ഭക്ഷണം വേസ്റ്റ് ആക്കുന്ന ഒരു രാജ്യമാണ് അമേരിക്ക. ഏകദേശം 75 ബില്ല്യണ്‍ ഡോളറിന്റെ ഭക്ഷണം ആണത്രെ അവര്‍ ഒരു വര്‍ഷം വേസ്റ്റ് ആക്കുന്നത്. ലിങ്ക് 1 ( ഏകദേശം മൂന്ന് ലക്ഷത്തി പതിനെണ്ണായിരം കോടി രൂപ. ഇന്ത്യയുടെ വാര്‍ഷിക ബജറ്റ് അഞ്ച് ലക്ഷം കോടിയില്‍ കുറച്ച് കൂടുതല്‍ ആണെന്ന് തോന്നുന്നു ) . അങ്ങനെയുള്ള ഒരു രാജ്യത്തിന്റെ തലവന്‍ ആണിത് പറയുന്നത് എന്ന് ഓര്‍ക്കുക. ഇത്രയും കാശ് കൊണ്ട് പത്ത് വാഴ വച്ചാല്‍ ബുഷിനു കൊള്ളാം. സ്വന്തം രാജ്യക്കാരെ നന്നാക്കിയിട്ട് പോരെ മറ്റുള്ളവരെ ഡയറ്റിങ് പഠിപ്പിക്കാന്‍.

ഇതിലൊക്കെ കൂടുതല്‍ ഓര്‍ക്കേണ്ട കാര്യം മറ്റു രാജ്യങ്ങളിലെ പോലീസ് കളിക്കാന്‍ അമേരിക്ക ചിലവാക്കുന്ന പൈസയുടെ പത്തിലൊന്ന് വികസ്വര രാജ്യങ്ങളില്‍ ഭക്ഷ്യോല്പാദനത്തിന് ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ഈ വിലക്കയറ്റം ഇങ്ങേര്‍ക്ക് തന്നെ നിയന്ത്രിക്കാമായിരുന്നല്ലോ. അതിന് പകരം ഇന്ത്യാക്കാരും ചൈനാക്കാരും ആര്‍ത്തി പിടിച്ചവരാണെന്ന് ആ അമ്മച്ചിയെ കൊണ്ട് പറയിക്കേണ്ട കാര്യം വല്ലതുമുണ്ടോ?

ഇന്ത്യ ആണവക്കരാര്‍ ഒപ്പിടാത്തതും ഇറാന്‍ പ്രസിഡന്റിനെ അഥിതി ആക്കിയതും ഒക്കെയാണോ ഈ മരങ്ങോടനെ കൊണ്ട് ഇത് പറയിച്ചത്? ആകാനേ വഴിയുള്ളൂ.

ജൈവ ഇന്ധനങ്ങളുടെ ഉപയോഗവും ഇതിന് ഒരു കാരണം ആണു പോലും. ഈ ആരോപണം ഉന്നയിക്കാന്‍ മാത്രം ജൈവ ഇന്ധന ഉപയോഗം സാധാരണമായോ എന്നൊരു സംശയം. ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് ജൈവ ഇന്ധനം ഉപയോഗത്തില്‍ ഉള്ളത് എന്നാണ് അറിവ്. അതും വളരെ കുറഞ്ഞ അളവില്‍.

ഡിസ്‌ക്ലൈമര്‍.
ഇതൊരു ആധികാരിക ലേഖനം അല്ല. ബുഷ് പറഞ്ഞത് വായിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ വച്ച് എഴുതിയതാണ്. കൂടുതല്‍ അറിവുള്ളവര്‍ തിരുത്തുക.

Wednesday, April 30, 2008

ശ്രീശാന്ത് നന്നായാല്‍ മലയാളിക്ക് അഭിമാനിക്കാം

അഞ്ചല്‍ക്കാരന്റെ പോസ്റ്റില്‍ ("ശ്രീശാന്തിന് കിട്ടേണ്ടുന്നതായിരുന്നോ കിട്ടിയത്?") ഇടാന്‍ എഴുതിയ കമന്റ് നീണ്ടുപോയതിനാല്‍ പോസ്റ്റ് ആക്കുന്നു. (ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് ഉദ്ദേശിച്ചിരുന്നതല്ല.)

************** **************** ***************
അഞ്ചല്‍ക്കാരനോട് മുഴുവനായും വിയോജിക്കുന്നു. 1985 മുതല്‍ 1997വരെ നടന്ന ഇന്ത്യയുടെ കളികള്‍ (TV-യില്‍ വന്നത്) തൊണ്ണൂറ് ശതമാനവും ഉറക്കമിളച്ച് കാണുകയും പലയിടത്തും ക്രികറ്റ് കളിയുമായി നടന്നവനുമാണ് ഞാന്‍. (ഇപ്പോഴും കളിയുള്ള ദിവസങ്ങളില്‍ ആദ്യം ഓണ്‍ ചെയ്യുന്നത് cricinfo ആണു). അന്നും അഗ്രസീവ് പ്ലേയേഴ്സ് ഉണ്ടായിരുന്നു. അവര്‍ എല്ലാവരും മറ്റുള്ളവരെ ചീത്ത പറഞ്ഞും അവരുടെ മുമ്പില്‍ ചന്തി കുലുക്കി ഡാന്‍സ് ചെയ്തുമല്ലായിരുന്നു അഗ്രഷന്‍ കാണിച്ചിരുന്നത്. അവരുടെ അഗ്രഷന്‍ ബോളുകളിലേക്കായിരുന്നു ആവാഹിച്ചിരുന്നത്. ശ്രീശാന്തിനും ഉണ്ട് ആ അഗ്രഷന്‍. ഒരിക്കല്‍ മാത്രം കാണിച്ച, "നെല്ലിനെ" സിക്സര്‍ പറത്താന്‍ കാണിച്ച ആ അഗ്രഷന്‍. ഒരു കളീക്കാരന്റെ വാശി അങ്ങനെ വേണം കാണിക്കാന്‍.


ശ്രീശാന്തിന്റെ കഴിവും ഉത്തരേന്ത്യന്‍ ലോബീയിങും. തമാശ വേണ്ട... നേരത്തെയുണ്ടായിരുന്ന മലയാളി ആയ ഒരു മാനേജരും, ചലഞ്ചര്‍ ട്രോഫിയിലെ മാന്‍ ഓഫ് ദി സീരീസും ദക്ഷിണാഫ്രിക്കന്‍ പര്യടനവും (ഒരു പരിധി വരെ വെസ്റ്റ് ഇന്റീസ് പര്യടനവും ) ഇല്ലായിരുന്നു എങ്കില്‍ ശ്രീശാന്ത് ഇപ്പോഴും ടീമില്‍ നില്‍ക്കുമായിരുന്നോ? ഇപ്പോഴും റിസ‌ര്‍‌വ് ബഞ്ചില്‍ ആണെന്നോര്‍ക്കണം. ഇഷ്ടം പോലെ സീമര്‍‌മാര്‍ ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്ത് ടീമില്‍ സ്വന്തം സ്ഥാനം പോലും സ്ഥിരമായിട്ടില്ല എന്ന് മനസ്സിലാക്കാനുള്ള സ്ഥിര ബുദ്ധിയെങ്കിലും ശ്രീശാന്ത് കാണിച്ചാല്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒരു കളിക്കാരന്‍ ഉണ്ടാകും. അതല്ലാതെ ഇരിക്കുന്നതിനു മുമ്പ് കാലു നീട്ടാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും സംഭവിക്കുക എന്നറിയാമല്ലോ. പതിനാല് ടെസ്റ്റ് എന്നത് ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമല്ല.

ഒരു മലയാളി എന്നതില്‍ എന്നും അഭിമാനിക്കുനവനാണ് ഞാന്‍. എന്നിട്ടും ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ എനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. കാരണം അത്രക്ക് ഉണ്ട് ശ്രീശാന്തിന്റെ അഗ്രഷന്‍. ഞങ്ങളൂടെ ഓഫീസിലും ഉണ്ട് ഉത്തരേന്ത്യന്‍ ലോബി. അവരും പറയുന്നു, ശ്രീശാന്തിന് ഇത് കിട്ടേണ്ടതാണ് എന്നു. പക്ഷേ ഹര്‍ഭജന്‍ അത് കൊടുക്കാന്‍ ഒട്ടും യോഗ്യനല്ല എന്നും അവര്‍ കൂട്ടി ചേര്‍ക്കുന്നു. അത് ന്യായം.

ബാറ്റിങ് പ്രകടനം
Tests:- 14 മാച്ച് ... 217 റണ്‍ .... 35 ഉയര്‍ന്ന സ്കോര്‍ ... 15.50 ആവറേജ് ... 64.97 സ്ടൈക്ക് റേറ്റ് .
ODIs:- 41മാച്ച് .... 34റണ്‍ ... 10* ഉയര്‍ന്ന സ്കോര്‍ ... 4.25 ആവറേജ് ... 36.17 സ്ടൈക്ക് റേറ്റ്

ബൗളിങ് പ്രകടനം.
Tests :- 14മാച്ച് .... 2873 ബോള്‍ ..... 1573 റണ്‍ ... 50വിക്കറ്റ്... 5/40 ബെസ്റ്റ്... 31.46 ആവറേജ് ... 3.28 റണ്‍/ഓവര് .... 57.4 സ്ടൈക്ക് റേറ്റ്

ODIs:- 41മാച്ച് .... 1925,ബോള്‍... 1856 റണ്‍ ... 59 വിക്കറ്റ്.... 6/55 ബെസ്റ്റ്.... 31.45 ആവറേജ് .... 5.78 റണ്‍/ഓവര് .... 32.6 സ്ടൈക്ക് റേറ്റ് .

ഒരു മലയാളി എന്ന നിലയില്‍ അല്ലെങ്കില്‍ ശ്രീശാന്തിന്റെ ഈ പ്രകടനത്തില്‍ അഭിമാനിക്കേണ്ടതായി ഒന്നുമില്ല. ഒരു സാധാരണ ബൗളര്‍. കഴിവുണ്ട്, പക്ഷേ അതുപയോഗിക്കാന്‍ ശ്രമിക്കാത്ത അല്ലെങ്കില്‍ അത് ദുരുപയോഗം ചെയ്യുന്ന ഒരു കളിക്കാരന്‍. ഒരു മലയാളിക്ക് ഇതു വരെ എത്താനാകാത്ത ഉയരത്തില്‍ എത്തിയിട്ടും അത് പൂര്‍ണ്ണമായി ഉപയോഗിക്കാനും അവിടെ തന്റെ സ്ഥാനം ഉറപ്പിക്കാനും ശ്രീശാന്ത് ശ്രമിക്കുന്നില്ല. പകരം വിവാദങ്ങളില്‍ കൂടി ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 148km സ്പീഡില്‍ കുത്തിത്തിരിയുന്ന ശ്രീശാന്തിന്റെ ബോളുകള്‍ നേരിടാന്‍ വിഷമിക്കുന്ന എതിര്‍ ടീമിനെ കാണാന്‍ ആണ് ഒരോ മലയാളിയും കാത്തിരിക്കുന്നത് എന്ന് ശ്രീ തന്നെ മനസ്സിലാക്കിയെങ്കില്‍ നന്ന്. അല്ലാതെ അഹങ്കാരം മുറ്റി നില്‍ക്കുന്ന നോട്ടങ്ങളൂം വായ്ത്താരിയും കാണാന്‍ ഒരു സാധാരണ മലയാളിയും ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. ശ്രീശാന്ത് നന്നായാല്‍ മലയാളിക്ക് തീര്‍‍ച്ചയായും അഭിമാനിക്കാം.

വാല്‍ക്കഷണം.
ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ മലയാളി‍കള്‍ എപ്പോഴും നോക്കുന്നത് (അര്‍ഹനല്ലെങ്കില്‍ കൂടി) ശ്രീശാന്ത് ടീമില്‍ ഉണ്ടോ എന്നാണ് , ഒരു കളിയില്‍ ശ്രീ കളിച്ചാല്‍ ആദ്യം അന്വേഷിക്കുന്നത് ശ്രീശാന്തിന് വിക്കറ്റുണ്ടോ എന്നാണ്. അതിന്റെ അര്‍ത്ഥം ശ്രീശാന്തിന്റെ സ്വഭാവത്തെ കുറ്റം പറയുംപ്പോഴും ഒരു മലയാളി ഇന്ത്യന്‍ ടീമില്‍ ഉള്ളതിനെ മലയാളികള്‍ ഇഷ്ടപ്പെടുന്നു എന്നു തന്നെയാണ്. അല്ലാതെ, അവന്‍ ശരിയല്ല അവന്‍ ഒരിക്കലും ടീമില്‍ വരല്ലേ എന്ന് ആരും പറയും എന്ന് തോന്നുന്നില്ല. നല്ലവണ്ണം കളിച്ചാല്‍ ശ്രീശാന്തിനും മലയാളിക്കും അഭിമാനിക്കാം. അല്ലെങ്കില്‍ മറ്റൊരു ടിനു ആയി കേരളാ ടീമില്‍‍ കളിക്കാം.


Labels : Sreesanth, Cricket, Kerala, Indian team

Tuesday, April 29, 2008

പലരോടും ചോദിച്ച് ഒരെണ്ണം ഒപ്പിച്ചെടുത്തു..

പലരോടും ഞാന്‍ ചോദിച്ചു...

സൈമണ്‍സ് ..

ഹാഡിന്‍

ഹെയ്‌ഡന്‍ ...അങ്ങനെ ആരെല്ലാം..

അവസാനം....... കൈഫിനോടും ചോദിച്ചു

പക്ഷേ ആരും തന്നില്ല. അവര്‍ക്കൊന്നും എന്നെ ഇഷ്ടമായിരുന്നില്ല...

X

X

X

X


ഒടുവില്‍

പലരോടും ചോദിച്ച് ചോദിച്ച് ഞാന്‍ ഒരെണ്ണം ഒപ്പിച്ചെടുത്തു..



സ്നേഹത്തോടെ തരാന്‍ എന്റെ ഭായ് തന്നെ വേണ്ടി വന്നു.

****************** ************* ************

ഡിസ്ക്ലൈമര്‍ ... (അയ്യോ സ്പെല്ലിങ് ശരിയാണോ ആവോ)

ഇതൊരു വ്യക്തിഹത്യാ പോസ്റ്റ് അല്ല .....

കടപ്പാട് ... ഇന്ന് വന്ന മെയിലിന് .. അയച്ച് തന്ന കൂട്ടുകാരന്‍ സന്തോഷിനും മാത്രം

Monday, April 21, 2008

ബ്ലോഗ് അക്കാദമി - നിലപാടുകള്‍

ബെര്‍ളിയുടെ ബ്ലോഗ് അക്കാദമി കൊണ്ട് എന്തു പ്രയോജനം എന്ന പോസ്റ്റില്‍ ഇട്ട കമന്റിന്റെ കാര്യകാരണങ്ങള്‍ ആണിത്. നീളം കൂടിപ്പോയത് കൊണ്ട് പോസ്റ്റ് ചെയ്യുന്നു.

********* ********* ********* ********* ********* *********

ബ്ലോഗ് അക്കാഡമിക്കാര്‍ക്ക് പിന്തുണ പോലെ കമന്റ് ഇട്ടിട്ടുള്ള ഒരാളാണ് ഞാന്‍. ശില്പ്പശാലക്ക് പോകാനോ, പ്രോല്‍സാഹനം കൊടുക്കാനോ, സാങ്കേതിക വിഞ്ജാനം പകര്‍ന്നു കൊടുക്കാനോ ഒന്നും എനിക്ക് സാധിക്കില്ല. പക്ഷേ ചെയ്യുന്നവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് തോന്നിയതിനാല്‍ കമന്റിലൂടെ പ്രോല്‍സാഹനം നല്‍കി. കാരണങ്ങള്‍ പലതാണ്. അത് എന്റെ ബ്ലോഗില്‍ ചേര്‍ക്കുന്നു.

1. കണ്ണൂരില്‍ ഇവര്‍ ഒരു ശില്പശാല നടത്തി. അതില്‍ നിന്നും ഒരു മോഹന്‍ എന്നയാളും, ഒരു ടീച്ചറും ബ്ലോഗ് തുടങ്ങി. (മറ്റ് ചിലരും തുടങ്ങി, പക്ഷേ ഓര്‍ക്കുന്നില്ല,ക്ഷമിക്കുക). മോഹന്‍ ഒരു ക്യാമറാമാന്‍ ആയതിനാല്‍ ചില നല്ല ചിത്രങ്ങള്‍ കാണാന്‍ സാധിച്ചു. ഉദാ: എച്ചിലില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ഒരു യുവാവിന്റെ ചിത്രം. എന്നെ വളരെയേറെ സ്വാധീനിച്ച ചിത്രം. അതു പോലെ പല ചിത്രങ്ങള്‍ കണ്ടിട്ടുണ്ട് എങ്കിലും, ബ്ലോഗില്‍ കിടക്കുമ്പോള്‍ ചിലപ്പോള്‍ എങ്കിലും കാണുമല്ലോ. ഞാന്‍ ഒരു സംഭവം ആണെന്ന അഹങ്കാരത്തെ ഒരു നിമിഷം എങ്കിലും അടക്കാമല്ലോ. ഇനി ടീച്ചറിന്റെ കാര്യം. ബ്ലോഗിന് സംഭാവന ഒന്നും ഇതു വരെ തന്നിട്ടില്ല എങ്കിലും ചിലപ്പോഴെങ്കിലും ടീച്ചര്‍മാരുടേയും, ഡോക്ടേഴ്സിന്റെയും, അക്കൗണ്ടന്റിയേയും, കര്‍ഷകന്റെയും ഒക്കെ സജീവ സാനിദ്ധ്യം ബ്ലോഗ് ലോകത്തിന് നല്ലതാണ് എന്ന് തോന്നി. ഇങ്ങനെ കഴിവുള്ള പല ആളുകളും ബ്ലോഗ് ലോകത്തേക്ക് വരുന്നത് നല്ല കാര്യമല്ലേ? ഇവരില്‍ ആരെങ്കിലും വിഞ്ജാനപ്രദമായ ഒരു ബ്ലോഗ് തുടങ്ങിയാല്‍ അത് എല്ലാവര്‍ക്കും വായിക്കാമല്ലോ.

2. ശില്പശാല നടത്തുന്നവര്‍ സൗജന്യമായി ഇത് നടത്തുന്നു എന്ന കണക്കു കൂട്ടല്‍ ആണുള്ളത്. അവിടെ വരുന്നവരില്‍ നിന്നോ, ബ്ലോഗ് തുടങ്ങുന്നവരില്‍ നിന്നോ കാശ് വാങ്ങുന്നതായി എനിക്ക് അറിവില്ല. അപ്പോള്‍ അത് ഒരു നല്ല കാര്യമായി തോന്നി. (അങ്ങനെ അല്ല എങ്കില്‍ ഇട്ട കമന്റ് എല്ലാം തിരിച്ചെടുക്കുന്നതായിരിക്കും).

3. ഇതില്‍ നിന്ന് ഒരു കൂട്ടായ്മ ഉണ്ടായി അത് ആരുടെ എങ്കിലും നേതൃത്വത്തില്‍ തഴച്ച് വളര്‍ന്ന് ബൂലോകം മുഴുവന്‍ വിഴുങ്ങും എന്ന് ഞാന്‍ കരുതുന്നില്ല.

4. പിന്നെ സ്വന്തം നാട്ടില്‍ നിന്ന്‍ ഒരാള്‍ ബ്ലോഗ് തുടങ്ങിയാല്‍ അത് നാടുമായി ഒരു ബന്ധം കൂടി മനസ്സില്‍ ഉറപ്പിക്കാന്‍ സഹായിച്ചാലോ എന്ന ( ഒരു പ്രവാസിയുടെ) ഒരു ആകാംക്ഷ. ഉദാ: സെബിന്‍ പണ്ട് ബസേലിയനില്‍ (കോളേജ് മാഗസിന്‍) എഴുതിയ ഒരു ലേഖനം സെബിന്റെ ബ്ലോഗില്‍ വായിച്ച എനിക്ക് ആ കോളേജിലെ എന്റെ ദിനങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ക്കാന്‍ ഒരു നിമിത്തമായതു പോലെ ചില ലേഖനങ്ങള്‍ സന്തോഷം തരുന്നതിന് നിമിത്തം തന്നെയാണ്. അതുപോലെ അനില്‍ ഐക്കര കോട്ടയത്തെ വിശേഷങ്ങളും വിഷമതകളും എഴുതുമ്പോള്‍ എനിക്കത് ഒരു പത്ര റിപ്പോര്‍ട്ടിനേക്കാള്‍ ഇഷ്ടമാണ്.

5. ബ്ലോഗ് തുടങ്ങുന്നവര്‍ എല്ലാവരും കഥ എഴുതുന്നവരോ കവിത എഴുതുന്നവരോ അല്ല. (അതിന് ഉദാഹരണം നിരത്തേണ്ട ആവശ്യമില്ലല്ലോ.). അതു പോലെ കവിത എഴുതുന്നവരും കഥ എഴുതുന്നവരും ശാസ്ത്രരംഗത്തെ കുറിച്ച് പോസ്റ്റ് ഇടും എന്നും കരുതാനാവില്ല. അതിനാല്‍ ഇപ്പോള്‍ ബ്ലോഗില്‍ ഉള്ളവരേപ്പോലെ ആകാനാണ് എല്ലാവരും ശ്രമിക്കുന്നത് എന്ന് പറയുന്നതില്‍ കഴമ്പില്ല.

6. ഈ പറയുന്ന വിശാലനോ, ഏവൂരാനോ, ബെര്‍ളിയോ, മനുവോ, സാന്റോസോ,സുനീഷോ, രാജോ, കുറുമാനോ അല്ലെങ്കില്‍ വേണ്ട പേരെടുത്ത് കഴിഞ്ഞ ഏതെങ്കിലും ബ്ലോഗറെ പോലെ ആകണം എന്ന് ഞാന്‍ (പുതിയ ബ്ലോഗേഴ്സും) ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ? ഇല്ല. എങ്കിലും ഞാനും ബ്ലോഗില്‍ പോസ്റ്റ് ഇടുന്നു , കമന്റുകള്‍ ഇടുന്നു. അപ്പോള്‍ പിന്നെ കുറച്ച് പേര്‍ കൂടി ബ്ലോഗ് ലോകത്തേക്ക് കടന്ന് വരുന്നത് നല്ല കാര്യമല്ലേ? അവര്‍ക്ക് അതിന് അറിവ് പകര്‍ന്നു കൊടുക്കുന്നത് നല്ല കാര്യമല്ലേ? തനിക്കുള്ള അറിവ് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ എന്താ തെറ്റ്?

തല്‍ക്കാലം ഇത്രയും എഴുതാനേ സമയമുള്ളു.. തന്നെയുമല്ല, ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ എന്നറിയുന്നതിന് മുമ്പ് ചീത്ത വിളിക്കുന്നതും പ്രവചനങ്ങള്‍ നടത്തുന്നതും ഗര്‍ഭത്തില്‍ ഇരിക്കുന്ന കുഞ്ഞിനെ വെളിയിലെടുത്ത് കുത്തികൊല്ലുന്ന പോലെ ആകില്ലേ? ഇതിന്റെ തലേവര എന്താണെന്നും, ഈ കുഞ്ഞ് എങ്ങനെ വളരുന്നു എന്നും നോക്കാം. അതിനുള്ള ക്ഷമ പോലുമില്ലാതെ വരുന്നത് അത്ര ശരിയല്ലല്ലോ. ഏതായാലും ബ്ലോഗ് അക്കാദമിയുടെ "നല്ല പ്രവര്‍ത്തനങ്ങള്‍ക്ക്" (മാത്രം) എന്റെ ധാര്‍മിക പിന്തുണ ഉണ്ടാകും.

സുകുമാരേട്ടന്‍ പറഞ്ഞ പോലെ അക്കാദമിക്കാര്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാക്കുന്ന ഈ വിവാദങ്ങള്‍ക്ക് പുറകെ പോകാതെ തങ്ങള്‍ ആണ് ശരി എന്ന് തെളിയിക്കൂ.. അപ്പോള്‍ എല്ലാം ശരിയാകും. ഇല്ലെങ്കില്‍ ചീത്ത വിളിക്കാന്‍ ഞാനും കൂടും.....

വാല്‍ക്കഷണം.
ഇനി ഇത് ഒരു സംഘടന എന്ന രീതിയില്‍ വളര്‍ന്നാല്‍ ഇതില്‍ എനിക്ക് അംഗത്വം വേണ്ട. സംഘടനകളില്‍ രാഷ്ട്രീയം വരും , ഇലക്ഷന്‍ വരും, വോട്ട് ചെയ്യണം ഒക്കെ ഭയങ്കര പാടാണെന്നേ... ബ്ലോഗേഴ്സിനെ ഒറ്റക്കോ കൂട്ടായോ കാണുന്നതില്‍ എനിക്ക് വിരോധം ഇല്ല. അതു കൊണ്ട് ആ സ്ഥലത്ത് ആകാശം ഇടിഞ്ഞു വീഴുന്നെങ്കില്‍ എന്റെ തലയില്‍ തന്നെ വീണോട്ടെ. ആള്‍ക്കാരുമായി ഇടപഴകിയാല്‍ തന്റെ സര്‍ഗ്ഗചേതന അറ്റു പോകുമെന്നും, തന്റെ വിമര്‍ശന സ്വാതന്ത്ര്യത്തിന് അതൊരു തടസമാകുമെന്നും കരുതുന്നത് തെറ്റാണ്. മുഖത്ത് നോക്കി കാര്യങ്ങള്‍ വിളിച്ച് പറയാന്‍ ധൈര്യമില്ലാത്തവര്‍ക്കേ ആ ബുദ്ധിമുട്ട് തോന്നുകയുള്ളൂ.

Saturday, April 19, 2008

വീണ്ടും രക്തപ്രവാഹം (കണ്ണില്‍ നിന്ന് )

ദേ ചങ്ങനാശ്ശേരിയിലും ഫോട്ടോയില്‍ നിന്ന് രക്തപ്രവാഹം .ദീപികയില്‍ ഇന്നു വന്ന വാര്‍ത്ത കണ്ടു.

ഇത് എന്താ കഥ ? ഒരു ഫോട്ടോയില്‍ ഉള്ള മറിയത്തിന്റെ ഫോട്ടോയില്‍ നിന്ന് രക്തം വരാന്‍ എന്താണ് കാരണം. കണ്ണുനീരിന് പകരം രക്തം വരാന്‍ മാത്രം മറിയത്തിന് എന്താണ് ചിലയിടങ്ങളില്‍ ഇത്ര ദു:ഖം? എല്ലാ ഫോട്ടോയില്‍ നിന്നും ഇങ്ങനെ വരാന്‍ സാധ്യത ഉണ്ടോ? മറിയത്തിന്റെ കണ്ണില്‍ നിന്നും വരുന്ന രക്തം A+, B+, AB+ O+ , A-, B-, AB-,O- ഇതില്‍ ഏത് ഗ്രൂപ്പില്‍ പെട്ടതാകും? എല്ലാ സ്ഥലങ്ങളിലും കാണുന്ന ഫോട്ടോയിലെ രക്തം എല്ലാം ഒരേ ഗ്രൂപ്പില്‍ പെട്ടതാണോ? ആ രക്തത്തിന്റെയെല്ലാം DNA പരിശോധന നടത്തിയാല്‍ എല്ലാം ഒരേ പോലെ ഇരിക്കുമോ? ഇനി ഇത്തിരി കൂടി കടന്ന് ചിന്തിച്ചാല്‍ ചിലയിടങ്ങളില്‍ കന്യാമറിയത്തിന്റെ കണ്ണില്‍ നിന്നും, ചിലയിടങ്ങളില്‍ യേശുവിന്റെ കണ്ണില്‍ നിന്നും വരുന്ന രക്തത്തിന്റെ സാമ്പിള്‍ പരിശോധിച്ചാല്‍ അവരുടെ ബന്ധത്തെ പറ്റി കൂടുതല്‍ പഠിക്കാമല്ലോ. അങ്ങനെ അവിശ്വാസികള്‍ക്ക് ഒരു തെളിവ് നല്‍കാന്‍ സാധിക്കമല്ലോ. അല്ലാതെ അവിടെ രക്തം കണ്ടേ, ഇവിടെ രക്തം കണ്ടേ എന്നൊക്കെ വിളിച്ച് പറയാന്‍ ദീപികക്ക് ഒക്കെ നാണമാവുന്നില്ലേ? (ഇങ്ങനെ ഒക്കെ എഴുതുന്നത് വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താനല്ല, മറിച്ച് ഈ വാര്‍ത്തകളുടെ അടിസ്ഥാനമില്ലായ്ക ആര്‍ക്കെങ്കിലും മനസ്സിലാകട്ടെ എന്നോര്‍ത്ത് മാത്രമാണ് .)

ഇതിപ്പോള്‍ വെളിയില്‍ എടുത്ത് വച്ച് ആളുകള്‍ സൂര്യനെ നോക്കാന്‍ തുടങ്ങിയിട്ടുണ്ടാകുമോ? ഇനി ഈ ഫോട്ടോ കാരണം എത്ര ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെടുമോ ആവോ? അധവാ അങ്ങനെ സംഭവിച്ചാലും ദീപിക അത് റിപ്പോര്‍ട്ട് ചെയ്യില്ലല്ലോ..

മാധ്യമങ്ങള്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ എന്താ യുക്തി ? ഓഹ്.. യുക്തി ഉണ്ടല്ലോ.. ബിസ്സിനസ്സ് അല്ലേ യുക്തി.

കോട്ടയത്തിനടുത്ത് കുറച്ചു നാള്‍ മുമ്പ് നടന്ന രക്തം വരവു ഓര്‍ക്കുന്നില്ലേ..അവിടെ പോയി കണ്ണിനു കാഴ്ച്ച പോയവരെ പറ്റി വന്ന വാര്‍ത്ത മനോജിന്റെ ബ്ലോഗില്‍ ഉണ്ടായിരുന്നു. ആ ബിസ്സിനെസ്സിന്റെ "പ്രമോഷനു വേണ്ടി" ഒരു ബ്ലോഗ് വരെ ഓപ്പണ്‍ ആയിരുന്നു. ഇതാ നോക്കൂ..

വാല്‍‌ക്കഷണം :
മനോജിന്റെ ബ്ലോഗിന്റെ ലിങ്ക് തപ്പി ചെന്നപ്പോള്‍ ഈ വാര്‍ത്ത അവിടെയും കണ്ടിരുന്നു. എങ്കിലും പോസ്റ്റ് ചെയ്യുന്നു.

Thursday, April 17, 2008

രാഹുലിന്റെ ഈ പ്രവൃത്തിക്ക് അഭിനന്ദനങ്ങള്‍

മഹാരാഷ്ട്രയിലെ തപ്രിയന്‍ ഗ്രാമത്തിലെ ആദിവാസിയായ ഒരു വിധവയുടെ വീട്ടില്‍ അഥിതിയായി രാഹുല്‍ ഗാന്ധി എത്തി. അവിടെ നിന്നു അവര്‍ കൊടുത്ത ആഹാരം കഴിച്ച് അവരുടെ മുറ്റത്തെ കട്ടിലില്‍ കിടന്നുറങ്ങി. രാഷ്ടീയ ലക്ഷ്യം എന്തുമാകട്ടെ. ചെയ്ത "പ്രവൃത്തിക്ക് " എന്റെ പ്രണാമം.

രാഹുലിന്റെ പാര്‍ട്ടി ചെയ്യുന്ന 70% കാര്യങ്ങളും ഇഷ്ടപ്പെടാത്ത , ആ പാര്‍ട്ടിയില്‍ നടക്കുന്ന കുടുംബ വാഴ്ചയെ ഇഷ്ടപ്പെടാത്ത ഞാന്‍, രാഹുലിന്റെ ഈ ഒരു പ്രവൃത്തിയെ അനുകൂലിക്കുന്നു. ഇന്നത്തെ സമൂഹത്തില്‍ എത്ര പേര്‍ ചെയ്യുന്ന കാര്യമാണത്? വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ആദിവാസികള്‍ എന്നും ദളിതര്‍ എന്നും കേള്‍ക്കുമ്പോള്‍ തന്നെ അലര്‍ജി ഉള്ളവര്‍ അല്ലേ കൂടുതല്‍ പേരും.

ഇനി അവിടെ പോയത് കൊണ്ട് രാഹുല്‍ അവര്‍ക്ക് വേണ്ടി മലമറിക്കും എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ആദിവാസികള്‍ നല്‍കുന്ന തലപ്പാവും ധരിച്ച്, അവരുടെ താളത്തിനൊപ്പം ചുവടു വക്കുന്ന നേതാക്കളെ ധാരാളം കാണാം. അവരില്‍ ആരും, എന്തിന് രാഹുലിന്റെ അച്ഛനും അമ്മയും പോലും അവര്‍ക്ക് വേണ്ടി ഒത്തിരി ഒന്നും ചെയ്തതായി അറിയില്ല. എല്ലാം ഒരു നാടകം. ഇതും അങ്ങനെ ആകാം. എങ്കിലും... അഭിനന്ദനങ്ങള്‍

ദീപിക , മനോരമ പത്രങ്ങളില്‍ കണ്ട വാര്‍ത്തയാണ് ഇത് എഴുതാന്‍ പ്രേരണ. ഈ കുറിപ്പില്‍ രാഷ്ട്രീയം ഇല്ല.

(പ്രണാമം ഈ പ്രവര്‍ത്തിക്കു മാത്രം, അല്ലാതെ രാഹുലും പ്രിയങ്കയും രാജ്യഭരണത്തിലോ അതിന്റെ പങ്കാളിത്തത്തിലോ വരുന്നത് എനിക്കിന്നും ഇഷ്ടമില്ല. രാഹുലിനെ നേതാവാക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാലമാണിത് എന്നറിയാം. മനോരമയില്‍ തന്നെ ഈ വാര്‍ത്തയും കാണാം.)

Tuesday, April 8, 2008

റിയാലിറ്റി ഷോയും ഇന്നത്തെ കുട്ടികളും ..

Idea Star Singer-ലെ ഏറ്റവും നല്ല പെര്‍ഫോര്‍മന്‍സ് നടത്തിയ തുഷാര്‍ ഏതായാലും ഫൈനലില്‍ എത്തി. ആദ്യമായി ഒരു നല്ല റിസല്‍ട്ട്.

അരുണ്‍ ഗോപനും എത്തി..
ഹിഷാം ഔട്ട്.
നജീം ഇന്‍ ആകുമെന്നു അറിയാമായിരുന്നു .....

പക്ഷേ അവസാനം കാണിച്ച തോന്യാസങ്ങള്‍ സഹിക്കുനതിനപ്പുറമായിരുന്നു. അനിവാര്യമായത് പറഞ്ഞവസാനിപ്പിക്കുന്നതിനു പകരം, ഔട്ട് ആയ കുട്ടിയുടെ അമ്മ ബോധക്കേടിന് അടുത്തു വരെ വന്നിട്ടും വീണ്ടും ആ റിസല്‍റ്റ് നീട്ടി കൊണ്ടുപോയ ഏഷ്യാനെറ്റിനെ എത്ര ചീത്ത പറഞ്ഞാലും തീരില്ല. ആ അമ്മക്ക് വീണ്ടും ടെന്‍ഷന്‍ കൂട്ടാതെ റിസല്‍ട്ട് പറയാന്‍ എങ്കിലും ദയ കാണിക്കാമായിരുന്നു.


*************** *************** ****************
ഒരു റിയാലിറ്റി ഷോ കുട്ടികളിലും അവരുടെ മാതാപിതാക്കളിലും ഉണ്ടാക്കുന്ന സമ്മര്‍ദ്ദം എന്താണെന്നു അവസാന ഭാഗങ്ങള്‍ നമുക്ക് കാണിച്ചു തന്നു. മല്‍സരങ്ങള്‍ ഒരു വൈകാരിക തലത്തിലേക്ക് മാറുന്നു. ഒരു മല്‍സരമായാല്‍ ജയവും തോല്‍‌വിയും ഉണ്ടാകും എന്ന സത്യം പോലും വിസ്മരിക്കപ്പെടുന്നു. ഒരു വോട്ടെങ്കിലും നിങ്ങള്‍ ചെയ്തിരുന്നു എങ്കില്‍ ഞാന്‍ ഔട്ട് ആകില്ലായിരുന്നു എന്ന് നിഷ്കളങ്കമായി ആണെങ്കില്‍ പോലും പറയിക്കുന്ന തലത്തിലേക്ക് കുട്ടികളെ ഇവര്‍ എത്തിക്കുന്നു. എന്തും നേരിടാന്‍ കുട്ടികള്‍ക്ക് സ്വയം ഉണ്ടാകുന്ന ആത്മവിശ്വാസം കൂടി ഇത്തരം ഷോകള്‍ നശിപ്പിക്കുകയെല്ലേ എന്ന് തോന്നുന്നു. സ്റ്റേജില്‍ നിന്ന് (തട്ടില്‍ നിന്നു എന്ന് പറയട്ടെ) കണ്ണീരോടെ ഇറങ്ങി പോകുന്നവരെയാണല്ലോ നമ്മള്‍ കാണുന്നത്.

റിയാലിറ്റി ഷോകള്‍ കൊണ്ട് കുറച്ച് കുട്ട്കള്‍ക്കെങ്കിലും നല്ലൊരു ഭാവി ഉണ്ടാകുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ റിയാലിറ്റി ഷോകള്‍ സ്വപ്നം കാണാന്‍ തുടങ്ങിയ ഒരു തലമുറ കലാരംഗത്തേക്ക് എത്തി നോക്കാന്‍ തയ്യാറെടുക്കുന്നു. അവരില്‍ ചിലരെങ്കിലും കോടികളുടെ സമ്മാനങ്ങള്‍ മാത്രമായിരിക്കും മനസ്സില്‍ കാണുന്നത്. അത് കിട്ടിയില്ലെങ്കില്‍ അവര്‍ തകരില്ല എന്ന് ആരു കണ്ടു?

മേരി അവാസ് സുനോ , ഒറ്റ എപ്പിസോഡ് പോലും മുടങ്ങാതെ കാണാന്‍ ശ്രമിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. (പക്ഷേ അന്ന് ആര്‍ക്കും വോട്ട് ചെയ്യേണ്ടായിരുന്നു.) സുനീതി ചൗഹാന്‍ എന്ന അതുല്യയായ "പെണ്‍കുട്ടി" മറ്റ് മുതിര്‍ന്നവരേക്കാള്‍ മുമ്പിലെത്തി. അവള്‍ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പക്ഷേ ഇന്നത്തെ ഷോകളില്‍ നിന്ന് എത്ര സുനീതിമാര്‍ രംഗത്തെത്തും എന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ?

ഷോകള്‍ തുടരട്ടെ.. കുറച്ച് കുട്ടികള്‍ എങ്കിലും രക്ഷപെടട്ടെ.. അമൃതയില്‍ രൂപ എന്ന അര്‍ഹയായ കുട്ടിക്ക് തന്നെ ഒന്നാം സമ്മാനം കിട്ടിയതില്‍ സന്തോഷം തോന്നി. അതു പോലെ തന്നെ അര്‍ഹരായവര്‍ക്ക് എല്ലാ ഷോയിലും സമ്മാനങ്ങള്‍ കിട്ടട്ടെ. കലാരംഗത്തിനു നല്ല പ്രതിഭകളെ കിട്ടട്ടെ.

*************** *************** ****************

വാല്‍ക്കഷണം :
റിയാലിറ്റി ഷോ കുട്ടികളില്‍ ഉണ്ടാക്കുന്ന മാറ്റമല്ല പ്രതിപാദ്യം.
മുമ്പ് പറഞ്ഞത് ഒന്നു കൂടി ആവര്‍ത്തിക്കട്ടെ..എന്തും നേരിടാന്‍ കുട്ടികള്‍ക്ക് സ്വയം ഉണ്ടാകുന്ന ആത്മവിശ്വാസം കൂടി ഇത്തരം ഷോകള്‍ നശിപ്പിക്കുകയെല്ലേ എന്ന് തോന്നുന്നു. സ്റ്റേജില്‍ നിന്ന് (തട്ടില്‍ നിന്നു എന്ന് പറയട്ടെ) കണ്ണീരോടെ ഇറങ്ങി പോകുന്നവരെയാണല്ലോ നമ്മള്‍ കാണുന്നത്.
പൊതുവേ കണ്ടു വരുന്ന ഒരു കാഴ്ചയണിത്. പല മേഖലയിലും മല്‍സരങ്ങള്‍ താങ്ങാന്‍ കുട്ടികള്‍ക്കാവുന്നില്ല. മാതാപിതാക്കള്‍ കുട്ടികളെ മല്‍സരങ്ങള്‍ക്കായി മാത്രം വളര്‍ത്തിയെടുക്കുന്നതിന്റെ പരിണിതഫലമാണിത്. എല്‍.കെ.ജി തൊട്ട് പരീക്ഷക്ക് മാത്രമായി വാര്‍ത്തെടുക്കുന്ന കുഞ്ഞുങ്ങള്‍. എനിക്കറിയാവുന്ന പല മാതാപിതാക്കളും ഇങ്ങനെ തന്നെ. കുട്ടി ഒന്നാം ക്ലാസ്സില്‍ എത്തിക്കഴിഞ്ഞാല്‍, ആറു മണി കഴിഞ്ഞാല്‍ ടി.വി പോലും ഓണ്‍ ആക്കാത്ത വീടുകള്‍, ലോക പരിചയം ഇല്ലാത്ത കുട്ടികള്‍ വളര്‍ന്നു വരുന്നു. അവരുടെ മാനസ്സിക വളര്‍ച്ച പരീക്ഷക്ക് വേണ്ടി മാത്രമുള്ളതായി മാറുന്നു. ഇത് തികച്ചും അപലപനീയം തന്നെ.

Tuesday, April 1, 2008

അബു ദാബി കെ.എസ്.സി തെരെഞ്ഞെടുപ്പും എന്റെ കാഴ്ചപ്പാടും..

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ ഒരു വോട്ട് ചെയ്തു. അബു ദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഭരണസമിധി തെരെഞ്ഞെടുപ്പ് ആയിരുന്നു. എന്താ മാമാങ്കം !! ഏഴു മണിക്ക് അവിടെ എത്തി രാത്രി പതിനൊന്നര മണിക്ക് വോട്ട് ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ , ഓര്‍ത്തു നോക്കൂ...
ഏതായാലും, കെ.ബി മുരളി നയിക്കുന്ന നിലവിലുണ്ടായിരുന്ന ഭരണസമിധിയുടെ പാനല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതായി അറിയുന്നു.

കെ.എസ്.സി-യില്‍ ആദ്യമായി വോട്ട് ചെയ്ത ഒരു മെംമ്പര്‍ എന്ന നിലയില്‍ ഈ തെരെഞ്ഞെടുപ്പിനെ പറ്റി ഒത്തിരി ഒത്തിരി സംശയങ്ങള്‍ മനസ്സില്‍ തോന്നി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് എനിക്ക് വന്നത് 50-60 SMS, 10-20 ഫോണ്‍ കോളുകള്‍. ജീവിതത്തില്‍ ഒരിക്കല്‍ പോലും എന്നെ കണ്ടിട്ടില്ലാത്തവര്‍ പോലും എന്നെ അറിയാം എന്ന് പറയുന്നു. വീട്ടുകാര്യവും നാട്ടുകാര്യവും ചോദിക്കുന്നു. ഒരു സാംസ്കാരിക സംഘടനയുടെ ഭരണസമിധിയുടെ വോട്ടിനു ഇത്ര വിലയോ? ഈ വോട്ടെടുപ്പിനു വേണ്ടി രണ്ടു പാനലുകള്‍ക്ക് ചെലവായത് എത്ര ദിര്‍ഹംസ് ആണെന്ന് എനിക്ക് ഒരു രൂപവും കിട്ടുന്നില്ല.

പല കോളുകളില്‍ നിന്ന് എനിക്ക് കിട്ടിയ വിവരങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഈ തെരെഞ്ഞെടുപ്പില്‍ സംഘടനയിലെ വിഭാഗീയത പുറത്തു വന്നില്ലേ എന്ന് ഒരു സംശയം. എന്റെ തോന്നലാവാം.

നിലവിലുള്ള ഭരണസമിധി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കാരണമായി എനിക്കു തോന്നിയത്, കെ.എസ്.സി യില്‍ പുതുതായി അംഗങ്ങളെ ചേര്‍ത്തതാണ്. വര്‍ഷങ്ങളായി അംഗത്വം ആഗ്രഹിച്ചിരുന്ന ഞാനുള്‍പ്പെടെയുള്ള പുതിയ അംഗങ്ങള്‍ക്ക് അവരോട് തോന്നിയ നന്ദി വോട്ടില്‍ പ്രതിഫലിച്ചിരിക്കണം.


******* ******* ******* ******* ******* *******

ഇനിയുള്ളത് ഒരു പ്രവാസി എന്ന നിലയില്‍ ഒരു പ്രവാസി സാംസ്കാരിക സംഘടനയില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുന്നത്, ( എല്ലാ പ്രവാസി സംഘടനകള്‍ക്കും ബാധകം)

1. ജനപങ്കാളിത്തം. അംഗങ്ങള്‍ക്ക് പരസ്പരം അറിയാന്‍ മാസത്തില്‍ ഒരു ദിവസം എങ്കിലും ഒരു കൂട്ടായ്മ സംഘടിപ്പിക്കുക. അതില്‍ സ്വന്തം നാട്ടിലും പരിസരങ്ങളിലും ഉള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക.

2. സാമൂഹ്യസേവനം. വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാറില്ല എന്ന് പറയുന്നുണ്ടെങ്കിലും , ഒരു സംഘടന എന്നെ നിലയില്‍ ചെയ്യുന്ന സേവനങ്ങള്‍ അംഗങ്ങള്‍ അറിയുന്നതില്‍ തെറ്റില്ല. കൂടുതല്‍ ആള്‍ക്കാരെ (നാട്ടിലായാലും ഇവിടെ ആയാലും) സഹായിക്കാന്‍ സന്മനസ്സ് കാണിക്കണം. എങ്കിലേ ഈ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സംഘടനകള്‍ക്ക് എന്തെങ്കിലും ചെയ്തു എന്ന് അവകാശപ്പെടാന്‍ കഴിയൂ. നമ്മുടെ ചുറ്റും അവശത അനുഭവിക്കുന്ന ഒരുപാട് പേര്‍ ഉണ്ടാകും. അവര്‍ക്ക് സഹായം എത്തിക്കാനായില്ലെങ്കില്‍ സംഘടന കൊണ്ട് എന്ത് കാര്യം. ഇവിടെയും രാഷ്ട്രീയം കളിക്കാനോ?

3. സുതാര്യത. പ്രവര്‍ത്തനങ്ങളിലും കണക്കുകളിലും തീര്‍ച്ചയായും സുതാര്യത വേണം. ഇത് മാത്രം ഒരു സംഘടനയിലും നടക്കില്ല എന്നറിയാം. (ഇന്നലെ കണ്ട കണക്കിലും ചിലവിനത്തില്‍ 190,000.00 എന്നൊക്കെ കണ്ടു. കുറ്റം പറയുന്നതല്ല, ഇത്ര കൃത്യമായി എങ്ങനെ വരുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.)

4. കലാപ്രവര്‍ത്തനം. കേരളത്തിന്റെ സ്വന്തം കലകളെ വളര്‍ത്തി കൊണ്ടു വരുന്നതിനും പ്രവാസികള്‍ക്കിടയില്‍ അന്യം നിന്നു പോകുന്ന ഇത്തരം കലാരൂപങ്ങള്‍ യുവതലമുറക്കു കൂടി പരിചയപ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരോ പ്രവാസിസംഘടനയും ചെയ്യേണ്ടതാണ്. കല എന്നു പറഞ്ഞാല്‍ 'സിനിമാറ്റിക് ഡാന്‍സ്' ആണെന്നു മനസ്സിലാക്കിയിരിക്കുന്ന ഒരു തലമുറയെയാണല്ലോ ഇന്നു നമ്മള്‍ "കൂടുതലും" കാണുന്നത്. ( ചുരുക്കം ചില സംഘടനകള്‍ എങ്കിലും ഇപ്പോള്‍ നാടകം ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുകയും പഠന ക്ലാസുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. )

5. വനിതാ പ്രാതിനിത്യം. സംഘടനകളില്‍ നടക്കുന്ന ദൈനംദിന പരിപാടികളില്‍ സ്ത്രീകളുടെ പങ്കുചേരല്‍ ഉറപ്പാക്കണം. ചില പ്രവാസികളുടെ എങ്കിലും ഭാര്യമാര്‍ വീട്ടില്‍ ഇരിക്കുന്നവര്‍ ആണ്. അവര്‍ക്ക് സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സമയമുണ്ടാകുമല്ലോ. (ബോറടി മാറ്റാന്‍ എങ്കിലും. ജാഡ കാണിക്കാന്‍ എന്ന് ഞാന്‍ പറയില്ല.)

6. ബാലജന പ്രാതിനിത്യം. കുട്ടികളില്‍ ആതുര സേവനത്തിനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുക എന്നത് ഓരോ പ്രവാസിയുടേയും കടമയാണ് എന്നാണ് എന്റെ വിശ്വാസം. കാരണം നാട് വിട്ട് ജീവിക്കുന്ന കുട്ടികളില്‍ പൊതുവെ കണ്ടുവരുന്ന ഒരു പ്രവണതയാണ് തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുശ്ചം അല്ലെങ്കില്‍ ഒരു അനാദരവ്. അത് ഇല്ലാതാകണമെങ്കില്‍ പൊതു വേദികളില്‍ കുട്ടികള്‍ക്ക് ഇടപെടാനുള്ള സാഹചര്യം ഈ സംഘടനകള്‍ ഉണ്ടാക്കണം. പിന്നെ തീര്‍ച്ചയായും അവരില്‍ ഉള്ള ഒരു കലാഹൃദയം പരിപോക്ഷിപ്പിക്കേണ്ടതും വളരെ ആവശ്യം തന്നെയാണ്, അതു പോലെ വ്യക്തിത്വ വികസനവും.

ഇനിയും മനസ്സിലുള്ള കാര്യങ്ങള്‍ പിന്നെ എഴുതാം.. അല്ലെങ്കില്‍ തന്നെ ഇത് കുറെ നീണ്ടു പോയി.

Sunday, March 23, 2008

കയ്യുള്ളവരും മനസ്സുള്ളവരും കണ്ടു പഠിച്ചിരുന്നെങ്കില്‍...

ഇന്നലെ മെയിലില്‍ കിട്ടിയ കുറച്ച് ചിത്രങ്ങള്‍. രണ്ട് കയ്കളും ഉപയോഗിച്ച് റ്റൈപ്പ് ചെയ്യുന്ന എന്റെ മനസ്സിനെ കുറച്ച് നിമിഷങ്ങള്‍ ഒന്നുമല്ലാതാക്കിയ ചിത്രങ്ങള്‍.

ഇനിയും ഇടക്ക് ഇത് കാണാന്‍, മനസ്സില്‍ തോന്നുന്ന "അഹങ്കാരങ്ങള്‍" ഇല്ലാതാക്കാന്‍ ഈ മനുഷ്യന്‍ ഒരു വഴി ആകട്ടെ അതുമല്ലെങ്കില്‍ മുന്നോട്ടുള്ള വഴിയില്‍ ഇദ്ദേഹം ഒരു inspiration ആകട്ടെ , എന്നു കരുതി എന്റെ ബ്ലോഗില്‍ ഇത് സൂക്ഷിക്കുന്നു. ഇദ്ദേഹത്തോട് തോന്നുന്നത് സഹതാപം അല്ല, മറിച്ച് ബഹുമാനം ആണ്. സ്വന്തം കഴുവുകളും കഴിവ് കേടുകളും മനസ്സിലാക്കി സ്വയം പ്രയഗ്നിച്ച് ജീവിക്കുന്ന ഈ മനുഷ്യനോട് ബഹുമാനം അല്ലാതെ എന്തു തോന്നാന്‍ ? നമ്മുടെ നാട്ടിലും ഇദ്ദേഹത്തേപ്പോലെ ധാരാളം ആള്‍ക്കാര്‍ ഉണ്ട്. അവരോടും തോന്നിയിട്ടുള്ളത് അതേ ബഹുമാനം തന്നെയാണ്.















ഇങ്ങനെ ഉള്ള ധാരാളം ആള്‍ക്കാര്‍ ഉണ്ട് എന്നറിയാം, എങ്കിലും ..
മതത്തിന്റെ പേരിലും, രാഷ്ട്രീയത്തിന്റെ പേരിലും, തത്വശാസ്ത്രങ്ങളുടെ പേരിലും, സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സം‌രക്ഷിക്കാന്‍ വേണ്ടിയും, കലഹിക്കുന്നവരും കൊല്ലാന്‍ കത്തിയെടുക്കുന്നവരും ഒരു നിമിഷം ഇതു പോലെയുള്ള മനുഷ്യരെ പറ്റി ഓര്‍ത്തിരുന്നെങ്കില്‍ .. സ്വന്തം കൈകള്‍ നല്ല കാര്യത്തിനായി ഉപയോഗിച്ചിരുന്നെങ്കില്‍... എല്ലാ യുദ്ധങ്ങളും അക്രമങ്ങളും ഇദ്ദേഹത്തെപ്പോലെയുള്ള പുതിയ മനുഷ്യരെ സൃഷ്ടിക്കുകയെല്ലേ ചെയ്യുന്നത്?

മതനേതാക്കളും, രാഷ്ട്രീയനേതാക്കളും ഇതൊക്കെ ഒന്നു കണ്ടിരിന്നെങ്കില്‍, ഇത്തിരി എങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ ....
*************** *********** **************

(ഇദ്ദേഹത്തിന്റെ കൈക്ക് സ്വാധീനം ഇല്ലാത്തതിന്റെ കാരണം എനിക്കറിയില്ല. ഇന്നു കാണുന്ന അക്രമങ്ങളുമായി അതിനെ ബന്ധപ്പെടുത്തി എന്നേയുള്ളൂ. കാരണം പലപ്പോഴും രണ്ട് കൈകളും നഷ്ടമാകുന്നവര്‍ വരെ ഉണ്ടാകുന്നത് അക്രമങ്ങളില്‍ ആണല്ലോ.)

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി