ഇന്നത്തെ തീയതി :

Wednesday, July 23, 2008

പണമാണ് വിശ്വാസം, പണമാണ് ഭരണം

വിശ്വാസ വോട്ട് എന്നു പറഞ്ഞാല്‍ എന്താ? ആരുടെ വിശ്വാസത്തിന്റെ വോട്ടാണത്? ഇതാണോ ജനാധിപത്യം? ഇവന്മാരാണോ ജനപ്രതിനിധികള്‍ ? ഇവരെ ആണോ നാം വോട്ട് ചെയ്ത് വിജയിപ്പിച്ചത്? ..... ഒരു സാധാരണക്കാരന്റെ ചോദ്യങ്ങള്‍ ഇങ്ങനെ നീളുന്നു.

നാലു വര്‍ഷങ്ങളിലായി ജനങ്ങള്‍ പല വിശ്വാസത്തിന്റെ പുറത്ത് വോട്ട് ചെയ്തു വിജയിപ്പിച്ച 541 ആള്‍ക്കാര്‍, പലതവണ മുന്നണി മാറിയവര്‍, പല കുറ്റങ്ങള്‍ക്കായി കേസ് നടക്കുന്നവര്‍, പല ആരോപണങ്ങള്‍ക്ക് വിധേയരായവര്‍, ഇവരുടെയെല്ലാം താല്പര്യം ആണോ ഒരു രാജ്യത്തിന്റെ താല്പര്യം എന്നു പറയുന്നത്? അല്ലെങ്കില്‍ തന്നെ ഇവരുടെ താല്പര്യം എന്താണ്? പണത്തില്‍ അല്ലേ ഇവരുടെ താല്പര്യം? അപ്പോള്‍ പിന്നെ മന്മോഹന്‍ സിംഗ് വിജയിച്ചു എന്ന് പറയുന്നതില്‍ എന്താണ് ഒരു യുക്തി? പണം ജയിച്ചു എന്ന് പറഞ്ഞാല്‍ പോരെ.

ആണാണെങ്കില്‍ മന്മോഹന്‍ സിംഗ് ഇപ്പോള്‍ ചെയ്യേണ്ടത് രാജി വച്ച് ഇലക്ഷനെ നേരിടുകയാണ്. എന്നിട്ട് ആണവ കരാര്‍ ഉയര്‍ത്തിക്കാട്ടി വോട്ട് നേടി , ജനങ്ങളുടെ വിശ്വാസം നേടി, അത് നടപ്പാക്കണം. അതായത് വോട്ടെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയാല്‍ ജനങ്ങളുടെ വിശ്വാസം നേടി എന്ന് പറയാമല്ലോ. അതിനുള്ള ധൈര്യം ആ തലപ്പാവിനുള്ളില്‍ ഉണ്ടോ ആവോ? ഏയ് അതെങ്ങനെ, മറ്റൊരാളുടെ കളിപ്പാവക്ക് സ്വയം തീരുമാനം എടുക്കാനാവില്ലല്ലോ. ഇതിപ്പോള്‍ നൂറു കോടിയിലധികം ജനങ്ങളെ മുഴുവന്‍ വിഡ്ഡികളാക്കി, പത്തോ ആയിരമോ വരുന്ന കുറെ രാഷ്ട്രീയ കോമാളികള്‍ നടത്തിയ കച്ചവടമല്ലേ ലോകം മുഴുവന്‍ കണ്ടത്.

സ്വതന്ത്രന്മാരുടെ "വില" അറിഞ്ഞ സമയമാണല്ലോ കഴിഞ്ഞത്. ഞാഞ്ഞൂലുകളും പത്തി വിടര്‍ത്തി. ഇനിയിപ്പോള്‍ മന്തിസഭാ വികസനം. ഒരു നൂറ് നൂറ്റന്‍പത് മന്ത്രി എങ്കിലും കാണും മന്ത്രിസഭയില്‍ എന്ന് തോന്നുന്നു. കാരണം സിമ്പിള്‍. മൂന്നും നാലും എം.പി-മാര്‍ ഉള്ള കക്ഷികള്‍ പോലും രണ്ട് മന്ത്രിമാരെ ചോദിക്കാതിരിക്കുമോ? കൊടുത്തില്ലെങ്കില്‍ നാളെ താഴെ കിടക്കും..

പിന്നെ, ഇടത്പക്ഷം ബി.ജെ.പി യെ പിന്തുണച്ചു എന്ന് പറയുന്നതില്‍ കഴമ്പില്ല എന്ന് എനിക്ക് തോന്നുന്നു. തങ്ങളുടെ ചിന്താഗതിക്കനുസരിച്ചല്ലാത്ത ഒരു തീരുമാനത്തെ എതിര്‍ക്കാന്‍ ജനാധിപത്യത്തില്‍ ഉള്ള മാര്‍ഗമാണ് ഇടത് പക്ഷം സ്വീകരിച്ചത്. ആ നിലപാടിന്റെ പുറത്താണ് പിന്തുണ പിന്‍‌വലിച്ചതും. പിന്തുണ പിന്‍‌വലിച്ച് കഴിഞ്ഞ് ആ പ്രശ്നത്തിന്റെ പേരില്‍ വന്ന വിശ്വാസ വോട്ടിനെ (ബി.ജെ.പി എതിര്‍ക്കുന്നു എന്നതിനാല്‍ ) എതിര്‍ക്കാതിരിക്കേണ്ട കാര്യമില്ലല്ലോ. പിന്തുണ പിന്‍‌വലിച്ച് കഴിഞ്ഞപ്പോള്‍ മുതല്‍ ഇടത്പക്ഷം പ്രതിപക്ഷത്തായി. പ്രതിപക്ഷത്ത് ബ്.ജെ.പി. ഉള്ളത് കൊണ്ട് ഞങ്ങള്‍ പ്രതിപക്ഷത്തിരിക്കില്ല എന്ന് എങ്ങനെ പറയും?

ഇടത് പക്ഷം ബി.ജെ.പി-ക്ക് വേണ്ടി വോട്ട് ചെയ്തു എന്ന് പല കേരള നേതാക്കളും പറയുന്നത് കേട്ടു. ഇവന്മാരുടെ തലക്കകത്ത് എന്താ, കളിമണ്ണ് ആണോ? ഇത് ബി.ജെ.പി കൊണ്ടുവന്ന "അവിശ്വാസ പ്രമേയം" അല്ലായിരുന്നു, മറിച്ച് സര്‍ക്കാര്‍ കൊണ്ടു വന്ന "വിശ്വാസ പ്രമേയം" ആയിരുന്നു. അതെങ്കിലും ഓര്‍ക്കണം. സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചു എന്ന് രാഷ്ടപതിക്ക് കത്തു കൊടുത്ത കക്ഷികള്‍ എതിര്‍ത്ത് വോട്ട് ചെയ്തതില്‍ അവരെ എന്തിന് കുറ്റം പറയണം ? അവരെ അടുത്ത് ഇലക്ഷനില്‍ കാണാം എന്ന് പറഞ്ഞാല്‍ പോരെ. ഇവര്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.

ഇതിനിടയില്‍ ഒരു കാര്യമൂണ്ട്. പുതുതായി വന്ന ചില കുട്ടികള്‍ക്ക് ഏതായാലും സീറ്റില്‍ ഇരിക്കാന്‍ പറ്റി. അല്ലെങ്കില്‍ രണ്ട് ദിവസത്തെ മാത്രം എം.പി ആയി പോയേനെ അവര്‍.

വാല്‍‍ക്കഷണം
അടുത്ത ഇലക്ഷനില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആകുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട് കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു. സ്വതന്ത്രന് ഇപ്പോള്‍ എന്താ ഒരു വില. നേരത്തെ ഒക്കെ ഒരു സൈഡില്‍ ഒതുങ്ങി ഇരുന്നിരുന്ന സ്വതന്ത്രന്‍ ഇപ്പോള്‍ നടുത്തളത്തില്‍ കുച്ചിപ്പുടി കളിക്കുന്നു. "..ഉം...മാക്രിയും ജ്യൂസ് കുടിക്കാന്‍ തുടങ്ങി.. അതും സ്ട്രോ ഇട്ട്..."

Sunday, July 20, 2008

ജീവന്‍ നഷ്ടപ്പെടുത്തിയ മതമില്ലാത്ത ജീവന്‍

സമരമോ, സമരാഭാസമോ, അതോ സമരാക്രമണമോ? ഇതിനെ എന്ത് പേരില്‍ വിളിക്കണം? ഒരു പാവം അദ്ധ്യാപകന്റെ ജീവന്‍ എടുക്കുന്നിടം വരെയെത്തി മതമില്ലാത്ത ജീവന്‍. ആദ്യമൊക്കെ ഒരു പാഠം പിന്‍‌വലിക്കണം എന്നായിരുന്നു. അങ്ങനെ സമരം തുടരുന്നതിനിടെ പാഠം പരിഷ്കരിക്കാം എന്നായപ്പോള്‍ പുസ്തകം മുഴുവന്‍ പിന്‍‌വലിക്കണം എന്നായി. 'അമ്മയാണെ പുസ്തകം മാറ്റില്ല' എന്ന് സര്‍ക്കാരും. അവസാനം എല്ലാവരുടേയും വാശി മൂലം ഒരു കുടുംബത്തിന് നാഥന്‍ ഇല്ലാതെ ആയി. അതു തന്നെ ഫലം.

'മാതാ പിതാ ഗുരു ദൈവം' എന്ന് പണ്ടൊക്കെ പഠിച്ചിരുന്നു. ആ ചൊല്ലിനെ ഒരിക്കലും അംഗീകരിക്കാത്ത ഒരു സമൂഹമാണ് ഈ അദ്ധ്യാപകന്റെ മരണത്തിന് ഉത്തരവാദി എന്നത് യാദൃശ്ചികം ആയിരിക്കാം. പക്ഷേ പുസ്തകം കത്തിച്ചതിന്റെയും അപ്പുറം എത്തിയിരിക്കുന്നു മതചിന്തയുടെ ആക്കം.

ഈ പുസ്തകം പഠിച്ചത് കൊണ്ട് ഒരു കുട്ടിയും മത നിഷേധിയാകുകയോ, ഈ പുസ്തകം പിന്‍‌വലിച്ചത് കൊണ്ട് മതവിശ്വാസി ആകുമെന്നോ വിശ്വസിക്കാന്‍ എനിക്ക് കഴിയില്ല. കാരണം, ഞാന്‍ പഠിച്ച പുസ്തകത്തില്‍ ഒന്നും 'മതമില്ലാത്ത ജീവന്‍' ഇല്ലായിരുന്നു. അതിലൊന്നും ഇടത് പക്ഷ പ്രസ്ഥാനങ്ങളുടേതെന്ന് പറയുന്ന പാഠഭാഗങ്ങള്‍ ഇല്ലായിരുന്നു. എന്നിട്ടും എന്റെ തലമുറയില്‍ പെട്ടവരും പഴയ തലമുറയില്‍ പെട്ടവരും ഇന്നത്തെ പുത്തന്‍ തലമുറയില്‍ പെട്ടവരും ഇടത് പക്ഷ ചിന്താഗതിക്കാര്‍ ആയിട്ടില്ലേ? അവരൊക്കെ എങ്ങനെ ഈ വഴിക്ക് വന്നു എന്നാണ് ബഹുമാനപ്പെട്ട അച്ചന്മാരും പിതാക്കന്മാരും മുസലിയാന്മാരും കരുതുന്നത്? അവരെ ആരെയും ആരും പഠിപ്പിച്ചു വിട്ടതല്ല. സ്വയം ചിന്തിച്ച് വഴി തിരഞ്ഞെടുകയാണ് ചെയ്യുന്നത്. അപ്പോള്‍ പിന്നെ ഒരു പാഠഭാഗം വായിച്ച് എല്ലാവരും കമ്യൂണിസ്റ്റ്കാരാകും എന്ന് എങ്ങനെയാണ് നിങ്ങള്‍ വിശ്വസിക്കുന്നത്? അത്രക്ക് വിഡ്ഡികള്‍ ആണ് നിങ്ങളെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെന്തിനീ സമരാഭാസം?

ഏത് പുസ്തകം പഠിച്ചാലും തനിക്കുള്ള വഴി പലരും സ്വയം തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ വേദപുസ്തകവും ഖുറാനും പഠിച്ചവര്‍ ഇത്തരം കാടത്തം കാട്ടില്ലല്ലോ. അതില്‍ എഴുതിയത് അനുസരിക്കുന്നവര്‍ ആണോ ഇവരൊക്കെ. ഈശ്വരന് തുല്യം ആകില്ല എങ്കിലും അതിന്റെ ഇത്തിരി താഴെയെങ്കിലും കരുതേണ്ടവര്‍ അല്ലേ നമ്മുടെ അദ്ധ്യാപകര്‍? അറിയാതെ ഒരു കടലാസില്‍ ചവുട്ടിയാല്‍ തൊട്ടു തലയില്‍ വയ്ക്കാന്‍ പഠിപ്പിക്കുന്നവര്‍ ആയിരുന്നു പഴയ തലമുറ. ഇന്നിപ്പോള്‍ പുസ്തകം കത്തിച്ചാല്‍ 'അത് നന്നായി' എന്ന് പറയുന്നവര്‍ ആണ് സമൂഹ നേതാക്കള്‍. അതുപോലെ ഇത് മതനേതാക്കള്‍ നയിക്കുന്ന ഒരു സമരം എന്നതിനേക്കാള്‍ സമൂഹ്യവിരുദ്ധരുടെ ഒരു അക്രമ സമരം എന്നതിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

ഈ സര്‍ക്കാരും രാഷ്ട്രീയക്കാരും മത നേതാക്കളും തമ്മിലുള്ള വൈരത്തിന് ഇരയായ ഈ പ്രധാനാദ്ധ്യാപകന്‍ ശ്രീ ജെയിംസിന്റെ മരണത്തില്‍ എനിക്കുള്ള അനുശോചനം ഇതിനാല്‍ അറിയിക്കുന്നു. അതോടൊപ്പം എന്നെ പഠിപ്പിച്ച് ഈ കാലത്തോളം വഴി നയിച്ച അദ്ധ്യാപക സമൂഹത്തോട് ഈ സമൂഹദ്രോഹികള്‍ക്ക് വേണ്ടി ഞാന്‍ മാപ്പ് അപേക്ഷിക്കുന്നു.


********* **************** ********** *************
ഇനിയിപ്പോള്‍ ജയിംസ് എന്ന അദ്ധ്യാപകന്റെ രാഷ്ടീയമാവും ചിന്താവിഷയം. അല്ലെങ്കില്‍ അടുത്തതായി പരസ്പരം കുറ്റാരോപണങ്ങള്‍ ആയിരിക്കും. ഇതൊന്നുമല്ലാതെ ഈ സമരം നിര്‍ത്തുന്നതിനെ കുറിച്ച് പ്രതിപക്ഷമോ, ഈ പുസ്തകം പരിഷ്കരിക്കുന്നതിനെ കുറിച്ച് സര്‍ക്കാരോ ചിന്തിച്ച് നടപടിയെടുത്താല്‍ കൂടുതല്‍ ജീവന്‍ നഷ്ടപ്പെടാതെയിരിക്കും. ദൈവമുണ്ടെങ്കിലും ദൈവമില്ലെങ്കിലും മതമുണ്ടെങ്കിലും മതമില്ലെങ്കിലും " ജീവന്‍" തന്നെ വലുത്. ഇതെങ്കിലും ഓര്‍ക്കുക.

Sunday, July 6, 2008

മത പരിവര്‍ത്തനത്തിനെതിരെ S.N.D.P

ഇന്ന് ഒരു വാര്‍ത്ത കേട്ടു, കണ്ടു. കോട്ടയത്ത് നാഗമ്പടത്തുള്ള തങ്കു ബ്രദറിന്റെ സ്വര്‍ഗീയ വിരുന്ന് സ്ഥലത്തേക്ക് SNDP-ക്കാര്‍ നടത്തിയ "മാര്‍ച്ച്" അക്രമാസക്തമായി, പോലീസ് ലാത്തി വീശി, കണ്ണീര്‍ വാതകം പ്രയോഗിച്ചു. മാര്‍ച്ചിനുള്ള കാരണം; തങ്കു ബ്രദര്‍ തങ്ങളുടെ ആള്‍ക്കാരെ വശീകരിച്ച് മതം മാറ്റം നടത്തുന്നു. ഇങ്ങനെ മുന്നോറോളം കുടുംബങ്ങള്‍ മതം മാറിയത്രെ.

കോട്ടയം SNDP യൂണിയന്‍ ഒരു വിധം നല്ല അംഗസംഖ്യ ഉള്ള ശാഖകള്‍ ചേര്‍ന്ന ഒരു യൂണിയന്‍ ആണെന്നാണ് എന്റെ അറിവ്. ഇങ്ങനെ മതം മാറ്റം നടക്കുന്നു എന്ന് ഇവര്‍ അറിഞ്ഞത് ഇപ്പോഴാണോ? അല്ല, എന്നുത്തരം. കോട്ടയം പട്ടണത്തിന്റെ തന്നെ പ്രാന്തപ്രദേശങ്ങളില്‍ ഉള്ള ശാഖകളില്‍ നിന്നും പലരും ഇത്തരം പ്രാര്ത്ഥനാ സഭകളിലേക്ക് പണ്ടും പോയിരുന്നു. പണ്ട് കഞ്ഞിക്കുഴി "തോമാച്ചന്‍" എന്ന വ്യാജ ദൈവത്തിന്റെ മുന്നില്‍ വണങ്ങാന്‍ എന്റെ വീടിന്റെ പരിസരത്തുള്ള പലരും വെള്ളീയാഴ്ചകളില്‍ പോയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. അവരില്‍ പലരും ഈഴവര്‍ ആയിരുന്നു.

ഈയിടെയായി ഭക്തി വിറ്റഴിക്കപെടുന്നതിന്റെ ഭാഗമായി എല്ലാ മത വിഭാഗങ്ങളിലും ഇത്തരം ആരാധനകള്‍ ഏറുന്നു. പെന്തകോസ്തുകാര്‍ പണ്ടും ഇന്നും പറയുന്നത് , ചെയ്യുന്നത് എല്ലാം ഒന്നു തന്നെയാണ്. അവരുടെ ആള്‍ക്കാര്‍ പരസ്യമായി തന്നെ പറയുന്നത് "നീ ഞങ്ങളിലേക്ക് വരൂ, നിനക്ക് ഞങ്ങള്‍ ദൈവത്തിനെ കാട്ടിത്തരാം" എന്നാണ്. ഇത് മധ്യ തിരുവിതാംകൂറിലെ ഒരു വിധം എല്ലാവര്‍ക്കും അറിയാം. ഇത് കേട്ട് മതം മാറിയ പല ഹിന്ദു കുടുംബങ്ങളേയും എനിക്കറിയാം. അവര്‍ക്കൊക്കെ സമ്പത്തികമായി നേട്ടവും ഉണ്ടായിട്ടുണ്ട്. സാക്ഷ്യം പറയുന്നവര്‍ക്ക് ഗുണഫലം കൂടും.
അപ്പോള്‍ SNDP-ക്കാര്‍ ബോധവല്‍ക്കരണം നടത്തേണ്ടിയിരുന്നത് സ്വന്തം ശാഖകളീല്‍ ആയിരുന്നു. പല ശാഖകളിലും ഇത്തരം ആരാധനകള്‍ക്ക് പോകുന്ന പലരേയും പറഞ്ഞു വിലക്കിയിരുന്നു എന്ന് അറിയുന്നു. ബസ് ഏര്‍പ്പാടാക്കി അറുത്തുങ്കള്‍ പള്ളിയിലേക്ക് സ്ഥിരമായി ആളെ കൊണ്ടു പോകുന്ന ഈഴവരും കോട്ടയത്തുണ്ട്. അതും യൂണിയനില്‍ ഉള്ളവര്‍ക്ക് അറിയാം എന്ന് കരുതുന്നു. എന്നിട്ടും അവരെ ഒന്നും പറഞ്ഞ് മനസ്സിലാക്കാന്‍ സാധിക്കാത്ത യൂണിയന്‍ എന്തിന് തങ്കു ബ്രദറിന്റെ ആസ്ഥാനത്തേക്ക് പ്രകടനം നടത്തി എന്ന് മനസ്സിലാകുന്നില്ല.

രാഷ്ടീയക്കര്‍ തങ്കു ബ്രദറിനെതിരേയും മറ്റ് കള്ള സ്വാമികള്‍ക്കെതിരേയും നടത്തുന്ന സമരങ്ങള്‍ മനസ്സിലാക്കാം. പക്ഷേ "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന് പഠിപ്പിച്ച ഗുരുദേവന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന SNDP മറ്റൊരു മതത്തില്‍ ഉള്ള ഒരുവന്റെ ആലയത്തിലേക്ക് കല്ലെറിഞ്ഞു എന്ന് പറയുന്നത് ശരിയാണോ? (തങ്കു ബ്രദര്‍ ഒരു "ഫ്രോഡ്" ആണെന്ന് വിസ്മരിക്കുന്നില്ല. പക്ഷേ ഇവിടെ SNDP സമരത്തില്‍ അയാള്‍ ഒരു മതം മാറ്റുന്ന വ്യക്തി മാത്രമാണ്. ) തന്റെ കൂടെയുള്ളവന്‍ മറ്റു മതത്തില്‍ കുടിയേറിയാലും അവന്‍ നന്നായാല്‍ മതി എന്നങ്ങ് വിചാരിച്ചാല്‍ പോരേ?

ഇനിയെങ്കിലും SNDP ക്കാര്‍ ഇങ്ങനെയുള്ള സമരങ്ങള്‍ക്ക് പോകരുത്. അവകാശങ്ങള്‍ നേടാന്‍ സമരം ചെയ്യാം, അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ സമരം ചെയ്യാം, ജാതി വ്യവസ്ഥക്കെതിരെ സമരം ചെയ്യാം, അസമത്വത്തിനെതിരെ സമരം ചെയ്യാം, വര്‍ണ്ണ-ലിംഗ വിവേചനത്തിനെതിരെ സമരം ചെയ്യാം, ഇനി വേണമെങ്കില്‍ സം‌വരണം വേണം എന്ന് പറഞ്ഞും സമരം ചെയ്യാം. പക്ഷേ 'ഞങ്ങളുടെ ആള്‍ക്കാരെ കറക്കിയെടുത്ത് മതം മാറ്റുന്നേ' എന്ന് പറഞ്ഞ് സമരം ചെയ്യുന്നത് നാണക്കേടാണ് എന്നെങ്കിലും ഓര്‍ക്കുക, അത് ഗുരുദേവ ദര്‍ശനങ്ങള്‍ക്കെതിരാണ് എന്നും ഓര്‍ക്കുക.

പണം കൊണ്ട് ഭരിക്കുന്ന അഭിനവ ഗുരുവിന്റെ കാലത്ത് ഗുരുദര്‍ശനങ്ങള്‍ക്ക് എന്ത് വില അല്ലേ? ഗുരുദേവന്‍ ഇവരോട് പൊറുക്കട്ടെ. അതെങ്ങനെ: "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് " എന്ന്‍ ഗുരു പഠിപ്പിച്ചത് - ഒരു ജാതി മതം ഒരു ജാതി ദൈവം ഒരു ജാതി മനുഷ്യന് എന്നാക്കിയതും നമ്മള്‍ ഒക്കെ തന്നെയല്ലേ.

വീണ്ടും പറയുന്നു ബോധവല്‍ക്കരിക്കേണ്ടത് ശാഖാംഗങ്ങളെയാണ്. തടയേണ്ടത് സ്വന്തം ബന്ധുക്കളെയാണ്. സാമ ദാന ഭേദ ദണ്ഡം നടപ്പാക്കേണ്ടത് സ്വന്തം കുടുംബത്ത് തന്നെയാണ്. അല്ലാതെ അവരെ 'വശീകരിച്ച്' കൊണ്ടു പോകുന്ന മറ്റുള്ളവരെയല്ല.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി