ഇന്നത്തെ തീയതി :
Showing posts with label പത്രവാര്‍ത്ത. Show all posts
Showing posts with label പത്രവാര്‍ത്ത. Show all posts

Sunday, October 13, 2013

ജസീറയുടെ സമരം - ഭാവുകങ്ങള്‍

ജസീറ സമരപ്പന്തല്‍ എന്തിന് ഡല്‍ഹിയിലേക്ക് മാറ്റി എന്ന് ചോദിച്ചവരുണ്ട്. സ്വന്തം നാട്ടില്‍ നടത്തിയ സമരത്തിനു ശേഷം രണ്ടു മാസം തിരുവനന്തപുരത്തു സമരം നടത്തിയിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ( ഇടതു വലതു പക്ഷാഭേതം ഇല്ല) ആ സമരം ഏറ്റെടുത്ത് നടത്താന്‍ തയ്യാറായില്ല. എന്തു കൊണ്ടെന്ന് ചോദ്യത്തിനുള്ള ഉത്തരം എല്ലാവര്‍ക്കും അറിയാം എന്ന് കരുതാം. ഡല്‍ഹിയിലേക്ക് സമരം മാറ്റി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ ചിത്രം മാറി (കേരളത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലേ എന്ന ചോദ്യം തല്‍ക്കാലം ചോദിക്കുന്നില്ല). രമേശ് ചെന്നിത്തല സമരപ്പന്തലില്‍ എത്തി. കുട്ടികളുടെ വിദ്യാഭ്യാസത്തെ പറ്റിയാണ്‍ അങ്ങേര്‍ക്കും ആകുലത. (പഠിക്കാന്‍ പോകാത്ത അല്ലെങ്കില്‍ അതിന്‍ കഴിവില്ലാത്ത അനേകം കുട്ടികള്‍ കേരളത്തിലുണ്ടെങ്കിലും അവരെ ഒന്നും ആരും കാണുന്നില്ലേ എന്നത് മറ്റൊരു ചോദ്യം). വി ഡി സതീശനോ വേണു ഗോപാലോ മറ്റാരൊക്കെയോ സമര പന്തലില്‍ ചെന്ന് സുഖവിവരം തിരക്കി പോലും. കേരളത്തില്‍ വച്ച് അത് ചെയ്തു കൂടായിരുന്നോ? ജസീറക്ക് കൊടുത്ത ഉറപ്പ് പാലിക്കുന്നുണ്ടോ എന്നെങ്കിലും അന്വേഷിച്ചോ ഈ മാന്യന്മാര്‍? സാക്ഷര കേരളം, പ്രബുദ്ധ കേരളം എന്നൊക്കെ പറയുമ്പോഴും ഏതെങ്കിലും യുവജന സംഘടനകളോ വിദ്ധ്യാര്‍ത്ഥി പ്രസ്ഥാനങ്ങളോ ജസീറയെ പിന്താങ്ങുവാന്‍ (എന്റെ അറിവില്‍) കേരളത്തില്‍ ഇല്ലായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്‍. ഇടക്ക് ചില ഒറ്റപ്പെട്ട ഇടപെടലുകള്‍ ഉണ്ടായിരുന്നു എന്നത് മറക്കുന്നില്ല. ഡല്‍ഹിയിലെ അക്രമങ്ങളെ കുറ്റം പറയുമ്പോഴും അവിടെയുള്ള വിദ്ധ്യാര്‍ത്ഥി സംഘടനകള്‍ ജസീറക്ക് പിന്തുണയുമായി എത്തുന്നു എന്നത് ഒരു നല്ല ലക്ഷണമായി കാണുന്നു. ജസീറയുടെ സമരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

Sunday, July 3, 2011

കൗതുക വാര്‍ത്ത

ഇന്നത്തെ ദീപികയില്‍ വന്ന ഒരു വാര്‍ത്തയാണിത്.



ദീപിക - 03/07/2011


ആരെങ്കിലും ഒക്കെ ഫോര്‍‌വേര്‍ഡ് ചെയ്യുന്ന മെയിലുകള്‍ വാര്‍ത്തയാക്കുമ്പോള്‍ ദീപിക പോലുള്ള പത്രം ഒരു അഞ്ചു വര്‍ഷം മുമ്പോട്ടുള്ള കലണ്ടര്‍ എങ്കിലും ചെക്കു ചെയ്തിരുന്നെങ്കില്‍ !! പണിയില്ലാതിരിക്കുന്ന ചില ഊഹാപോഹികള്‍ മനുസ്യനെ പറ്റിക്കാന്‍ ഓരോ മെയിലുകള്‍ പടച്ചു വിടും. എന്നിട്ട് അതിനടിയില്‍ ഒരു കുറിപ്പും കൊടുക്കും. ഈ മെയില്‍ അഞ്ചു പേര്ക്ക് അയച്ചു കൊടുത്താല്‍ അയക്കുന്നവന്റെ അച്ചനും അമ്മയ്ക്കും വേറെ കല്യാണം നടക്കും എന്നൊക്കെയാകും ഉള്ളടക്കം.. കേട്ട പാതി കേള്‍ക്കാത്ത പാതി അയക്കും പത്തു പേര്‍ക്ക്.. ഇങ്ങനെയുള്ള ഒരു മെയില്‍ ആണ് ഈ വാര്‍ത്തക്ക് ആധാരം എന്നറിയാം. കാരണം എനിക്കും കിട്ടിയിരുന്നു ആ മെയില്‍; മൂന്നാലു പ്രാവശ്യം ... അയച്ചവര്ക്കൊക്കെ മറുപടിയും അയച്ചിരുന്നു. 2016 ജൂലൈ-യിലെ കലണ്ടര്‍ ഒന്നു നോക്കാന്‍,,,,




എന്റെ കമ്പ്യൂട്ടറിലെ കലണ്ടര്‍


ദീപികയില്‍ ഈ വാര്‍ത്ത എഴുതിയവന് 2016 വരെ ആയുസ്സുണ്ടോ എന്നൊന്നും അറിയില്ല, പക്ഷേ ആ വര്‍ഷം ജൂലൈ ഈ വര്‍ഷത്തെ ജൂലൈ-യുടെ ആവര്‍ത്തനമാണ്. ഈ അപൂര്‍‌വ്വ ജൂലൈ പണമുണ്ടാക്കാന്‍ പറ്റിയ മാസമാണെന്ന് അഭിനവ ജ്യോതിഷികളും പറയുന്നു പോലും. അപ്പോള്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരു ചാന്‍സുകൂടി കിട്ടും എന്ന് സാരം.

ഇതൊക്കെ ഫോര്‍‌വേറ്‌ഡ് ചെയ്ത് സായൂജ്യമണഞ്ഞ് പണവും നോക്കി ഇരിക്കുന്നവന്റെ ഒക്കെ ചന്തിക്ക് പെടക്കണം. പറഞ്ഞിട്ടു കാര്യമില്ല. ഇന്ന് നാട്ടില്‍ നടക്കുന്ന പണമിടപാട് തട്ടിപ്പ് മുഴുവന്‍ ഇങ്ങനെയുള്ളവരെ പറ്റിച്ച് ആളുകള്‍ മുങ്ങുന്നത് തന്നെയാണ്.

പ്രബുദ്ധരായ, അഭ്യസ്തവിദ്യരായ "വിഡ്ഡികളുടെ" നാടായി നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നു. അതിനു കുട പിടിക്കാന്‍ കുറെ ജ്യോതിഷികളും അവര്‍ക്ക് പരസ്യം കൊടുക്കാന്‍ കുറെ മാധ്യമങ്ങളും... കഷ്ടം


Sunday, June 6, 2010

സ്വകാര്യ ഇന്‍ഷുറന്‍സ് മേഖല കെണിയോ ?

കഴിഞ്ഞ ആഴ്ച മനോരമയില്‍ വന്ന ഒരു ലേഖനവും - "എന്നാലും എന്റെ ഇന്‍ഷുറന്‍സ് സുന്ദരീ...". (ലേഖനം എന്നു പറയാമോ അതോ കഥ എന്ന് പറയണോ എന്നറിയില്ല ) അതിലെ കമന്റുകളും വായിച്ചപ്പോള്‍ ഇന്‍ഷുറന്‍സ്‌ ഏജന്റുമാര്‍ ആണ് കേരളത്തിലുള്ളതില്‍ വച്ചേറ്റവും നികൃഷ്ടരെന്നു തോന്നി. ഒരാള്‍ ഒരു കഥ എഴുതിയതായാണ് എനിക്ക്‌ തോന്നിയത്‌. പക്ഷേ ഗള്‍ഫില്‍ ജീവിക്കുന്ന ചിലര്‍ അതിനെഴുതിയ കമന്റ്‌ വായിച്ചപ്പോഴാണ് ജിവിക്കാന്‍ വേണ്ടി തങ്ങളുടെ ജോലി ചെയ്യുന്ന ഏജന്റുമാരെ അടച്ചാക്ഷേപിച്ചിരിക്കുന്നത്‌ കണ്ടത്‌.

അവധിക്കു നാട്ടില്‍ ചെല്ലുന്ന പ്രവാസികള്‍ക്ക്‌ പലപ്പോഴും ഇത്തരം ഏജന്റുമാര്‍ ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ടെന്നത്‌ നേരു തന്നെ. പക്ഷേ ആവശ്യവും കഴിവുമുണ്ടെങ്കില്‍ മാത്രമേ ഇത്തരം ഇന്‍ഷുറന്‍സ്‌ എടുക്കേണ്ടതുള്ളു. തങ്ങള്‍ക്ക്‌ ആവശ്യമില്ലെങ്കില്‍ അല്ലെങ്കില്‍ പ്രീമിയം അടക്കാന്‍ കഴിയില്ല എന്ന് തോന്നിയാല്‍ അവരെ നല്ല വാക്ക്‌ പറഞ്ഞ്‌ ഒഴിവാക്കമല്ലോ.

ഇന്‍ഷുറന്‍സ്‌ മേഖല ഇന്ന് ഒരു ഇന്‍വെസ്റ്റ്‌മന്റ്‌ മേഖലയായി മാറിയിരിക്കുന്നു എന്നത്‌ വസ്തുതയാണ്. സ്വകാര്യ-വിദേശ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ അധികവും മാര്‍ക്കറ്റ്‌ ബേസ്ഡ്‌ ഇന്‍വെസ്റ്റ്‌മന്റ്‌ പോളിസികള്‍ ആണ് ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്നത്‌. അത്‌ എപ്പോഴും റിസ്ക്‌ അടങ്ങിയതായിരിക്കും. ഒരു റിസ്കും ഇല്ലാതെ വെറുതെ ഇരട്ടി കാശ്‌ തരാം എന്നാരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുന്നവരെ പറഞ്ഞിട്ട്‌ കാര്യമില്ല. അവര്‍ പിന്നീട്‌ കാശ്‌ പോയി എന്ന് വിലപിച്ചിട്ട്‌ കാര്യമില്ല. അതിന്‍ ഏജന്റുമാരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല എന്നാണ്‍ എനിക്കു തോന്നുന്നത്‌.

പ്രസ്തുത ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം പോളിസി എടുത്തവന് കാശ് പോയതില്‍ ഒരു സങ്കടവും തോന്നേണ്ടതില്ല. അതു പോലെ എല്ലാ ഏജന്റുമാരും അയാള്‍ പറയുന്ന തരക്കാരുമല്ല.
 
പലപ്പോഴും ഏജന്റുമാര്‍ മുഴുവന്‍ കാര്യങ്ങളും പറഞ്ഞു തരുന്നില്ല എന്നത്‌ കാര്യമാണ്. അവര്‍ക്ക്‌ അതിലുള്ള അജ്ഞത ആണ് അതിന്റെ കാര്യം. പലര്‍ക്കും നെറ്റ്‌ വഴി ഈ ഫണ്ട്‌ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് പോലും അറിയില്ല. ഐ.സി.ഐ.സി.ഐ പോലെയുള്ള സ്വകാര്യ ഇന്‍ഷുറന്‍സ്‌ സ്ഥാപനങ്ങള്‍ സ്വന്തം ഫണ്ട്‌ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ "സ്വിച്ച്‌" ചെയ്യാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനു നല്‍കുന്നുണ്ട്‌. കുറച്ചൊരു ശ്രദ്ധ മാര്‍ക്കറ്റില്‍ ഉണ്ടെങ്കില്‍ സ്വന്തം കാശ്‌ നഷ്ടമാകാതെ നോക്കാം. ഇതൊന്നും നോക്കാന്‍ കഴിയാതെ കാശ്‌ ഇരട്ടിയാകും എന്നൊക്കെ വിചാരിച്ചിരുന്നാല്‍ മാര്‍ക്കറ്റില്‍ ഇടിവുണ്ടാകുമ്പോള്‍ ചിലപ്പോള്‍ കാശ്‌ പോയെന്നിരിക്കും. പക്ഷേ തിരികെ പഴയപോലെ ആകുകയും ചെയ്യും. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം ബാധിച്ച കഴിഞ്ഞ വര്‍ഷം പലര്‍ക്കും ഇങ്ങനെ കാശ്‌ പോയിട്ടുണ്ടാകാം. പക്ഷേ അവര്‍ക്കൊക്കെയും തന്നെ ഇപ്പോള്‍ പഴയ നിലയിലേക്ക്‌ എത്തിയിട്ടുണ്ടാകാം. അല്ലെങ്കില്‍ എത്താറായിട്ടുണ്ടാകാം. ആ നഷ്ടം ഏജന്റുമാരുടെ തലയില്‍ കെട്ടി വയ്ക്കുന്നത്‌ ശരിയല്ല. കാരണം ഇങ്ങനെ ഒരു തകര്‍ച്ച ആരും മുന്നില്‍ കണ്ടതല്ലല്ലോ.

ഇങ്ങനെ ഒക്കെ ആണെങ്കിലും ഒന്നു വച്ചാല്‍ പത്തു കിട്ടുമെന്ന വാക്ക്‌ വിശ്വസിച്ച്‌ എടുത്തു ചാടരുത്‌ എന്ന് കൂടി പറയട്ടെ. എടുക്കുന്ന പോളിസിയെ കുറിച്ചു അത്‌ എങ്ങനെ കൈകാര്യം ചെയ്യാം എന്നും സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുക. എന്നിട്ട്‌ മാത്രം യൂണിറ്റ്‌ ലിങ്ക്ഡ്‌ പോളിസികള്‍ എടുക്കുക.

ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്നതിനെ വരെ നിശിതമായി വിമര്‍ശിച്ചവരെ അതിന്റെ കമന്റുകള്‍ക്കിടയില്‍ കണ്ടു. തന്റെ മൂന്നു തലമുറക്കു വരെ സമ്പാദിച്ചു വച്ചിരിക്കുന്നവരെ ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു ഇന്‍ഷുറന്‍സ്‌ എങ്കിലും എടുത്തിട്ടില്ലാത്തവര്‍ ബുദ്ധിശൂന്യതയാണ് ചെയ്യുന്നത്‌ എന്ന് തോന്നുന്നു. പെട്ടെന്നുള്ള ഒരു അത്യാഹിതം സകല കണക്കു കൂട്ടലുകളും പിഴപ്പിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്‌. ആ സന്ദര്‍ഭത്തില്‍ തന്റെ ഉറ്റവര്‍ക്ക്‌ ഒരു സഹായം ആകും എന്നുറപ്പുണ്ടെങ്കില്‍ ഒരു പോളിസി എടുക്കുന്നതില്‍ എന്താണ് തെറ്റ്‌ എന്ന് മനസ്സിലാകുന്നില്ല.

ഏതായാലും സ്വകാര്യ ഇന്‍ഷുറന്‍സ് മേഖല കെണിയാനെന്ന് എനിക്കു തോന്നുന്നില്ല... കാരണം തീരുമാനമെടുക്കാന്‍ നമുക്ക് സ്വാതന്ത്ര്യം ഉണ്ടല്ലോ !!!!


::::::::::::::::::  അടിക്കുറിപ്പ്‌  :::::::::::::::::::


ഞാന്‍ ഒരു ഇന്‍ഷൂറന്‍സ്‌ ഏജന്റല്ല. മൂന്നാലു പോളിസികള്‍ കയ്യില്‍ ഉണ്ട്‌. വലിയ നഷ്ടമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ചെറിയ ലാഭം ഉണ്ടുതാനും..

Friday, September 18, 2009

ഒരു ആള്‍ ദൈവത്തിന്റെ അന്ത്യം...

ദിവ്യാ ജോഷി എന്ന ആള്‍ദൈവം ആത്മഹത്യ ചെയ്തു. സ്വയം രക്ഷിക്കാന്‍ കഴിയാത്ത ഇത്തരം ആള്‍ദൈവങ്ങളാണ് ഇന്ന് കേരള സമൂഹത്തെ രക്ഷിക്കാന്‍ നടക്കുന്നത്.


എന്തെല്ലാം ബഹളങ്ങളായിരുന്നു. സ്വയം വിഷ്ണുമായ ക്ഷേത്രം വരെ ഉണ്ടാക്കിയ ദൈവം. സ്വന്തമായി വെബ്‌സൈറ്റ് ഉള്ള ദൈവം. സാക്ഷാല്‍ വെള്ളാപ്പള്ളിയുടേയും സിനിമാ താരങ്ങളുടേയും ഒക്കെ ആരാധനാ പാത്രം (ഫോട്ടോ കാണൂ).. എന്തു ചെയ്യാം അന്ത്യം ഇങ്ങനെ ആയതില്‍ അനുശോചനം അറിയിക്കട്ടെ.
ഇനി ഏതൊക്കെ സ്വാമിനികളും സ്വാമിമാരും ഇങ്ങനെ ഭക്തരെ രക്ഷിക്കാന്‍ വേണ്ടി ജീവിക്കുന്നുവോ ആവോ? ഇതൊക്കെ കണ്ടാലും "വിശ്വാസികള്‍" പഠിക്കില്ലല്ലോ.. നാളെ ഇനി ഇവരുടെ പട്ടടയില്‍ പോയി പ്രാര്‍ത്ഥിക്കാനും ആളുകള്‍ കാണും.... അതാണ് ഇന്നത്തെ ഭക്തി.

Saturday, July 11, 2009

കളക്ട്രേറ്റിലെ ബോംബ് - മാധ്യമ ആഘോഷം..

വൈകുന്നേരത്തോടെ എല്ലാ ചാനലുകളിലും ഫ്ലാഷ് ന്യൂസ് തെളിഞ്ഞു.. എറണാകുളം കളക്ട്രേറ്റില്‍ സ്ഫോടനം..

പിന്നെ ഊഹാപോഹങ്ങളുടെ കുത്തൊഴുക്കായിരുന്നു...

ആദ്യ റിപ്പോര്‍ട്ട് : അഞ്ചാം നിലയില്‍ ചാക്കില്‍ കെട്ടി വച്ചിരുന്ന എന്തോ ആണ് പൊട്ടിത്തെറിച്ചത്, ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നു,.. ആളപായമൊന്നുമില്ല...

പിന്നെ വരുന്നു അടുത്ത റിപ്പോര്‍ട്ട് : പേടിക്കാനൊന്നുമില്ല ബാറ്ററി പൊട്ടിത്തെറിച്ചതാണെന്ന്.

ഒരു ബാറ്ററി പൊട്ടിത്തെറിച്ച ശബ്ദം കേട്ടാല്‍ ഓടാനും ഒരു കളക്ട്രേറ്റ് മുഴുവന്‍ ഒഴിപ്പിക്കാനും പോലീസും ബാക്കി ആളുകളും എന്താ പൊട്ടന്മാരാണോ എന്ന് മനസ്സില്‍ കരുതി... എങ്കിലും ചിലപ്പോള്‍ ശരിയാകും എന്ന് കരുതി, കാരണം അവിടെയുള്ളവര്‍ക്കല്ലേ കാര്യങ്ങള്‍ അറിയൂ.....

പിന്നീട് പോലീസ് കമ്മീഷണര്‍ വന്നു പറയുന്നു, ശക്തമല്ലെങ്കിലും അത് ഒരു സ്ഫോടനം തന്നെയാണെന്ന്. കളക്ട്രേറ്റിലും പരിസരങ്ങളിലും മുഴുവന്‍ ശബ്ദം എത്തുന്ന തരത്തിലുള്ള ഒരു സ്ഫോടനം. ഇതിനെ ബാറ്ററി പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തിയ ആള്‍ ആരാണാവോ? അതും ഏതെങ്കിലും ചാനല്‍ പ്രവര്‍ത്തകന്‍ ഊഹിച്ചതാകുമോ? അതോ ഏതെങ്കിലും പോലീസുകാരന് തോന്നിയതോ?

പിന്നീട് വന്ന വാര്‍ത്തകളില്‍ അതെന്തു തരം ബോംബ് ആണെന്നുള്ള ഊഹങ്ങള്‍ ആയിരുന്നു. ടൈം ബോബ് ആണെന്ന് ഏതോ ചാനലില്‍ നിന്ന് അറിഞ്ഞു. അതു കഴിഞ്ഞാണ് മനസ്സിലായത് കോഴിക്കോട് ഉണ്ടായ സ്ഫോടനങ്ങള്‍ക്കും ഇതിനും സമാനതകള്‍ ഉണ്ടെന്ന്. പിന്നീട് യഥാര്‍ത്ഥ കാര്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി.

അപ്പോഴേക്കും വിവരങ്ങള്‍ ഉന്നത തലത്തില്‍ എത്തി. മന്ത്രി സ്ഥലത്തെത്തി, കേന്ദ്രത്തില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എല്ലാം അതിന്റെ വഴിയെ നീങ്ങി.

ഒന്നു രണ്ടു സംശയം ബാക്കിയാവുന്നു. ഒരു പൊട്ടിത്തെറി ഉണ്ടായാല്‍ അത് ബോംബ് സ്ഫോടനം ആണോ (അതെത്ര ചെറുതായാലും) അല്ലയോ എന്ന് തിരിച്ചറിയാവുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും കളക്ട്രേറ്റില്‍ ഇല്ലേ? ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസ് കളക്ട്രേറ്റില്‍ ഉണ്ടെന്നാണ് എന്റെ അറിവ്. ഇനി, അന്വേഷണത്തിന്റെ ഭാഗമായി പുറത്ത് കാര്യങ്ങള്‍ പോലീസ് പറയാത്തതാണെങ്കില്‍ ഇന്നലെ കണ്ട ഊഹാപോഹങ്ങള്‍ മാധ്യമസൃഷ്ടി മാത്രമായിരുന്നോ? എന്തെല്ലാം കഥകള്‍ ആണ് അവര്‍ ഇന്നലെ പറഞ്ഞു തന്നത്.

ഒരു സ്പോടനം അതെത്ര ചെറുതാണെങ്കിലും നിസാരമായി തള്ളിക്കളയാനാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. പ്രത്യേകിച്ച് കൊച്ചിയില്‍..... അതു കൊണ്ടു തന്നെ ഇതൊക്കെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആദ്യമേ തന്നെ ഊഹാപോഹങ്ങള്‍ വച്ചുള്ള വാര്‍ത്തകള്‍ നല്‍കി നിസാരമായി കാര്യങ്ങള്‍ കാണരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

Wednesday, May 27, 2009

മാതൃഭാഷ മലയാളം തന്നെയല്ലേ?

ഇത് വായിക്കുന്ന നിങ്ങളൊക്കെ മലയാളികളാണെന്ന് എനിക്കറിയാം. ദേ തമാശ ! എന്നല്ലേ വിചാരിച്ചത്. തമാശ അല്ല, സീരിയസ്. മലയാളികള്‍ക്ക് മലയാളികളെ തിരിച്ചറിയാനും സ്നേഹിക്കാനും ബഹുമാനിക്കാനും ഇഷ്ടമില്ലാത്ത കാലമാണ് . പക്ഷേ ഇപ്പോഴും മലയാളത്തെ ഇത്തിരി എങ്കിലും ഇഷ്ടപ്പെടുന്നതു കൊണ്ടാവുമല്ലോ ഇത് വായിക്കുന്നവരും ഈ മലയാളം ബ്ലോഗ് ലോകത്ത് ചുറ്റിക്കറങ്ങുന്നത്.
മലയാളം സംസാരിച്ചതിന് തല മൊട്ടയടിച്ച സ്കൂളിന്റെ കഥയൊക്കെ പലരും പലവട്ടം പറഞ്ഞതാണെങ്കിലും ഇന്നും ഓര്‍ത്തു പോയി. ഓര്‍ക്കാന്‍ കാരണം ഡല്‍ഹി അപ്പോളോ ഹോസ്പിറ്റലിലെ രണ്ട് നേഴ്സുമാരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന്റെ വാര്‍ത്ത വായിച്ചപ്പോഴാണ്. പിരിച്ചു വിട്ടതിന്റെ കാരണം സിമ്പിള്‍ ! ലിഫ്റ്റിന്റെ അടുത്തു വച്ച് മലയാളത്തില്‍ സംസാരിച്ചു. ഇന്ത്യയിലെ ഔദ്ധ്യോഗിക ഭാഷകളില്‍ ഒന്നാണ് നമ്മുടെ "മലയാളം". ആ മലയാള ഭാഷ സംസാരിച്ചതിന് രണ്ടുപേരെ പിരിച്ചു വിട്ടിരിക്കുന്നു. ഡ്യൂട്ടി സമയത്ത് ഇംഗ്ലീഷ് മാത്രമേ സംസാരിക്കാന്‍ അനുവാദമുള്ളു പോലും. ശരിയായിരിക്കാം. റൂള്‍സ് അന്റ് റെഗുലേഷന്‍സ് പാലിക്കേണ്ടത് അവരുടെ കര്‍ത്തവ്യം ആയിരിക്കാം. പക്ഷേ ഈ നേഴ്സുമാര്‍ പറയുന്നത് അവര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളു എന്നാണ്. ഡ്യൂട്ടി സമയത്ത് തമ്മില്‍ തമ്മില്‍ സംസാരിക്കുന്നതിന് മാത്രമാണ് വിലക്ക് എന്ന് കരുതുന്നു.

റൂള്‍സ് ഉണ്ടാക്കുമ്പോള്‍ അത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുണ്ടോ എന്ന് നോക്കാന്‍ നമുക്ക് വകുപ്പുകള്‍ ഇല്ലേ? ഈ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ ഉന്നതന്മാര്‍ ആയിരിക്കാം. കാശുകാരായിരിക്കാം. പക്ഷേ ഇംഗ്ലീഷ് അറിയാത്തവരാണെങ്കില്‍ ചികിത്സ ഇല്ല എന്ന് പറയില്ലല്ലോ. ഇന്ത്യയിലെ ഏത് സ്ഥലത്താണെങ്കിലും ആശുപത്രികളില്‍ ചെന്നാല്‍ മലയാളി നേഴ്സുമാരാണധികവും. വിദേശത്താണെങ്കിലും അങ്ങനെ തന്നെ. വിദേശങ്ങളിലെ ആശുപത്രികളില്‍ പോലും സ്വന്തം ഭാഷ 'അത്യാവശ്യത്തിന്' ഉപയോഗിക്കുന്നതില്‍ വിലക്കില്ല എന്നാണ് കരുതുന്നത്.
ഇതിലൊക്കെ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം ഈ "ഉഷാ ബാനര്‍ജി" ഒരു മലയാളി ആണെന്ന് ദീപികയില്‍ വായിച്ചപ്പോഴാണ്. അത് ശരിയാണെങ്കില്‍ ശ്രീമതി ഉഷാ, നിങ്ങള്‍ മലയാളി ആണെന്നോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ജോലിയാണ് ചെയ്തത് എന്ന് ന്യായീകരിക്കുമെങ്കിലും സ്വന്തം സഹോദര്‍മാരോട് ഒന്നു ക്ഷമിക്കാമായിരുന്നു. അല്ലെങ്കിലും, എല്ലാം റൂള്‍സ് നോക്കി മാത്രമാണോ ചെയ്യുന്നത്, ചിലതെങ്കിലും മനസ്സാക്ഷിക്കനുസരിച്ചും ചെയ്യാമല്ലോ, പ്രത്യേകിച്ച് ആതുര സേവന രംഗത്ത്. മനുഷ്യത്വം എന്ന് പറയുന്നത് അതിനല്ലേ?
നേഴ്സ് മൂത്ത് സൂപ്രണ്ട് ആകുന്ന ഭൂരിപക്ഷവും ചെയ്യുന്നത് ഇതൊക്കെ തന്നെയാണ് എന്ന് തോന്നുന്നു. ജൂനിയേഴ്സിനെ റാഗ് ചെയ്യുമ്പോള്‍ സീനിയേഴ്സിന് കിട്ടുന്ന സുഖം ഇങ്ങനെയുള്ള പ്രവൃ‍ത്തികളില്‍ നിന്ന് അവര്‍ക്ക് കിട്ടുന്നുണ്ടാവാം.
മലയാളം സംസാരിച്ചു എന്ന ഒറ്റ കാരണത്താല്‍ ഈ നേഴുസുമാരെ പിരിച്ചു വിടാനുള്ള നീക്കത്തില്‍ ഒരു മലയാളി എന്ന നിലയില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

X :::::::::::::::::::: X :::::::::::::::::::: X :::::::::::::::::::: X

അറിയാതെ വന്ന് മലയാള നാട്ടില്‍ ജനിച്ചുപോയി എന്ന് കരുതുന്ന ചിലര്‍ മലയാളികളും ഇംഗ്ലീഷുകാരുമല്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അശ്രാന്തപരിശ്രമം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഈ വാര്‍ത്തക്കൊന്നും പ്രാധാന്യമില്ല എന്നറിയാം. ആഗോള ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷിനുള്ള പ്രാധാന്യം ഒട്ടും കുറച്ചു കാണാന്‍ സാധിക്കില്ല. എന്നിട്ടും നമ്മളുടെ ആള്‍ക്കാര്‍ നല്ല ഇംഗ്ലീഷ് ആണൊ പഠിക്കുന്നതെന്ന് എന്ന് കൂടി ചിന്തിക്കൂ. (മരമാക്രിയുടെ ഒരു പോസ്റ്റും അതിലെ ദേവന്റെ കമന്റും വായിക്കുക). പക്ഷേ മാതൃഭാഷ പഠിക്കുന്നതില്‍ വിമുഖത കാട്ടണമോ എന്ന് മാത്രം ചിന്തിക്കുക.


നാം ഒക്കെ മലയാളികളാണെന്നും മലയാളം നമ്മുടെ 'മാതൃ'ഭാഷ ആണെന്നും മലയാളം സംസാരിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നേണ്ട കാര്യമില്ലെന്നുമൊക്കെ നിങ്ങള്‍ക്ക് തോന്നുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുറ്റമല്ല എന്ന് തോന്നുന്നു. പിന്നെയോ ? സമൂഹത്തിന്റെ കുറ്റമായിരിക്കും അല്ലേ? !!!!!!!!

Tuesday, January 27, 2009

ഉന്നത ഉദ്യോഗവും മയക്കുമരുന്ന് കച്ചവടവും

ധീരത്ക്കുള്ള അവാര്‍ഡ് വാങ്ങിയ ഒരു മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മയക്കുമരുന്ന് കച്ചവടത്തിനിടയില്‍ പിടിയിലായി എന്നത് ഞെട്ടലോടെയാണ് കേട്ടത് (manorama news). തീവ്രവാദികളായ മലയാളികളെ പിടികൂടിയിട്ട് കുറച്ച് നാളുകളേ ആയുള്ളൂ. അതിലും വലിയ ഒരു തെറ്റല്ലേ ഈ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ചെയ്തിരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തീവ്രവാദികള്‍ ചില സംഘടനാ ലക്ഷ്യങ്ങളുമായി കൊല നടത്തുന്നുവെങ്കില്‍ അതിലും വലിയ പാതകമല്ലേ മയക്കുമരുന്ന് വ്യാപാരികള്‍ ചെയ്യുന്നത്? എത്ര ജീവനെയാണ് ഇവര്‍ നശിപ്പിക്കുന്നത്.

ഒന്നും രണ്ടും കിലോയുടെ കച്ചവടമല്ല ഇയാള്‍ ചെയ്തിരിക്കുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ കണക്കില്‍ കൃത്രിമം കാട്ടി തട്ടിച്ചെടുത്ത ചരക്കാണ് ഇയാളുടെ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത് എന്ന് കൂടി കേള്‍ക്കുമ്പോള്‍ നമ്മുടെ ബ്യൂറോക്രസിയെ തന്നെ സംശയിച്ചു പോകുന്നു. ഡിപ്പാര്‍ട്ട്മെന്റില്‍ ഇയാള്‍ക്ക് എത്ര കൂട്ടാളികള്‍ കാണും. തനിയെ ഇത്ര വലിയ കള്ളത്തരം കാണിക്കാന്‍ ഒരാള്‍ക്ക് സാധിക്കില്ലല്ലോ.

കുറ്റം ചെയ്തു എന്ന് കണ്ടെത്തിയാല്‍ എന്തായിരിക്കും ഇയാളുറ്റെ ശിക്ഷ എന്നറിയില്ല. ചിലപ്പോള്‍ ജീവപര്യന്തം ആവാം അല്ലേ? ഒരാളെ കൊല്ലുന്നതിലും പൈശാചികമായ കുറ്റമാണ് മയക്കുമരുന്ന് കച്ചവടം എന്നാണ് എന്റെ കാഴ്ച്കപ്പാട്. അതായത് കൊലപാതകത്തിന് കിട്ടുന്നതില്‍ കൂടുതല്‍ ശിക്ഷ ഇങ്ങനെയുള്ള കുറ്റങ്ങള്‍ക്ക് കൊടുക്കണം.

ഇതിനു മുമ്പും പല ഉദ്യോഗസ്ഥരേയും ഇതേപോലെയുള്ള കുറ്റത്തിന് പിടിച്ചിട്ടുണ്ടെങ്കിലും ഇത്ര ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത്രയധികം മയക്കുമരുന്ന് കടത്തിയ കേസ് ഉണ്ടോ എന്ന് എനിക്കറിയില്ല. ഇയാളെ പോലെയുള്ള കുറ്റവാളികളെ ഇതുവരെ ഡിപ്പര്‍ട്ട്മെന്റില്‍ ഉള്ളവര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിച്ചില്ല എന്നത് അതിലും ലജ്ജാവഹം. ഇപ്പോള്‍ തന്നെ മറ്റു രണ്ടുപേര്‍ പിടിയിലായപ്പോഴാണ് ഇയാളെ പറ്റി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം കിട്ടുന്നത്. അയ്യേ.....

ഇങ്ങനെ പോയാല്‍ നമ്മുടെ സൈനിക നേതൃത്വത്തില്‍ നിന്ന് ഒരാളെ പിടി കൂടിയാല്‍ പോലും അത്ഭുതപ്പെടേണ്ട എന്ന് തോന്നുന്നു. എല്ലാ ഉദ്യോഗസ്ഥരേയും അടച്ചാക്ഷേപിച്ചതല്ല. ഇങ്ങനെയുള്ളവര്‍ ഇനിയും കാണും എന്ന് പറഞ്ഞുവെന്നേയുള്ളൂ.

സ്വന്തം ജീവന്‍ കൊടുത്തും നമ്മുടെ നാടിനെ, നമ്മുടെ ജീവനെ സം‌രക്ഷിക്കുന്ന ആയിരക്കണക്കിന് ധീര ജവാന്മാര്‍ക്കും പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും അപമാനമാണ് ഇത്തരം ക്ഷുദ്ര ജീവികള്‍. മനസ്സില്‍ ദു:ഖമുണ്ടെങ്കിലും അത് കാണിക്കാതെ മരണാനന്തര ബഹുമതിയായി തന്റെ ഭര്‍ത്താവിന് കിട്ടിയ ബഹുമതി അഭിമാനത്തോടെ പ്രസിഡന്റില്‍ നിന്ന്ഏറ്റുവാങ്ങിയ സ്ത്രീകളെ കണ്ടപ്പോള്‍ അറിയാതെയെങ്കിലും കണ്ണു നിറഞ്ഞവരും ജയ് ഹിന്ദ്, ജയ് ജവാന്‍ എന്ന് മനസ്സില്‍ പറഞ്ഞു പോയവരും കാണും.


അതേ ദിവസം ആ മനുഷ്യര്‍ക്ക് പോലും അപമാനം ഉണ്ടാക്കിയ ഇയാള്‍ ഒരു മലയാളി ആയതില്‍, മലയാളി എന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു.

X:::::::::::::::::::::::X X:::::::::::::::::::::::X X:::::::::::::::::::::::X X:::::::::::::::::::::::X

ഇയാളെ കുടുക്കാന്‍ ആരോ ചെയ്ത ചതിയാണിതെന്നൊക്കെ വാര്‍ത്ത കണ്ടിരുന്നു. അപ്പോഴാണ് ഇയാളുടെ ഫ്ലാറ്റില്‍ നിന്ന് ഇന്നലെ ബാക്കി കൂടി പോലീസ് കണ്ടെടുത്തത്. അതിനാല്‍ തന്നെ "തല്‍ക്കാലം" ഇയാളെ വിശ്വസിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. അതിനാല്‍ തന്നെ ഇയാളെയും ഒരു പ്രതീകമായി കണ്ടാല്‍ മതി.

Monday, December 22, 2008

ഇതാണോ മഹത്തായ നിയമം?

ഇന്നത്തെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത. സൗദിയില്‍ എട്ടു വയസ്സുകാരിയെ അമ്പത്തെട്ടുകാരന്‍ വിവാഹം കഴിച്ചു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ (മകള്‍ക്ക് വേണ്ടി) വിവാഹമോചനത്തിന് കേസു കൊടുക്കാന്‍ കോടതിയില്‍ എത്തി. ഈ കേസ് എടുക്കാന്‍ പറ്റില്ല എന്ന് കോടതി പറയുന്നു, കാരണം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല പോലും. ഇനി പ്രായപൂര്‍ത്തിയായിട്ട് പെണ്‍കുട്ടി കേസ് കൊടുക്കുമ്പോള്‍ കേസ് പരിഗണിക്കും, അത് വരെ പെണ്‍കുട്ടി ഇയാളുടെ ഭാര്യ ആയിരിക്കും.

ഒരു പത്രത്തിന്റെ ലിങ്കും ഞാനായിട്ട് തരുന്നില്ല. ഇതില്‍ പറഞ്ഞിരിക്കുന്ന വാര്‍ത്തകള്‍ വായിക്കുക.

ഇതാണോ ദൈവസൃഷ്ടിയായ മഹത്തായ നിയമസംഹിതയില്‍ പറഞ്ഞിരിക്കുന്നത്? (അങ്ങനെയാണ് ) എങ്കില്‍ ദൈവത്തിന് തെറ്റു പറ്റിയിരിക്കുന്നു. (പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം ചെയ്യാമെങ്കില്‍ വിവാഹമോചനവും ആവാമല്ലോ.)

ഈ വാര്‍ത്ത നിങ്ങളുടെ മുമ്പില്‍ കൊണ്ടുവരിക എന്നത് മാത്രമേ ഉദ്ദേശം ഉള്ളു. ഈ വാര്‍ത്ത നല്ലതോ ചീത്തയോ എന്ന് നിങ്ങള്‍ തീരിമാനിക്കുക.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി