ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായി ശ്രീനാരായണ ഫൗണ്ടേഷന്‍ എന്ന പേരില്‍ പുതിയൊരു സംഘടന രൂപീകൃതമായിരിക്കുന്നു. അതിന്റെ ആദ്യ യോഗം ഇന്നലെ തിരൂരില്‍ ചേര്‍ന്നതായി വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞു. അതിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്നോ ഘടന എന്താണെന്നോ ഇതു വരെ ഒരു പിടിപാടുമില്ല. SNDP-ക്ക് ബദലായല്ല പുതിയ സംഘടന എന്ന് ഭാരവാഹികള്‍ പറയുന്നുണ്ട്. SNDP-യ്കുള്ളില്‍ നിന്നു കൊണ്ട് തന്നെ ഒരു ഗ്രൂപ്പ് ആയി പ്രവര്‍ത്തിക്കുവാനാണ് ഇവര്‍ ശ്രമിക്കുന്നുന്നത് എന്ന് കരുതുന്നു. മാതൃസംഘടനയില്‍ നിന്ന് കൊണ്ട് തന്നെ മറ്റൊരു സംഘടനയായി പ്രവര്‍ത്തിക്കുന്നത് സാധാരണമാണല്ലോ.
പക്ഷേ ഈ ഗ്രൂപ്പ് കളി സംഘടനയെ തളര്‍ത്താനാകരുത് എന്ന് മാത്രം ആഗ്രഹിക്കുന്നു. സംഘടന പിളര്‍ന്ന് മറ്റൊരു സംഘടന ആയി മാറുന്നത് ഒരിക്കലും നല്ലതിനല്ല. മഹാനായ ശ്രീ നാരായണ ഗുരുവിനെ തന്നെ ആശിര്‍വാദത്തോടെ ഡോ:പല്പ്പു 1903-ല്‍ ആരംഭിച്ച ഈ പ്രസ്ഥാനം പിളരുക എന്നത് ഗുരുവിനെ തന്നെ അപമാനിക്കുന്നതിന് തുല്യമാവും. അദ്ദേഹമായിട്ട് തുടങ്ങിയ ഒരു സംരഭം അത് പൂര്‍ണ്ണ ബലത്തോടെ മുന്നോട്ട് പോകേണ്ടത് ഇന്നും സമൂഹത്തിന്റെ ആവശ്യമാണ്. കാരണം ശ്രീ നാരായണ ദര്‍ശനങ്ങള്‍ക്ക് ഇന്നത്തെ സമൂഹത്തിലും വിലയുണ്ട്, ആവശ്യകത ഉണ്ട്. "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി"യെന്ന് പറഞ്ഞ് പഠിപ്പിക്കാന്‍ ഇന്ന് ആളുകള്‍ കുറവാണ്. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന് പറഞ്ഞു തന്ന ആ ദര്‍ശനങ്ങള്‍ പരിപാലിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്.
ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം എന്ന SNDP, വെറും AP (അധര്‍മ്മ പരിപാലനയോഗം) ആയി മാറുന്നു എന്ന തോന്നലില്‍ നിന്നാണ് പുതിയ സംഘടനയുടെ രൂപീകരണം ഉണ്ടായത് എന്ന് കരുതുന്നു. ചതയ ദിനത്തിനും കന്നി അഞ്ചിനും പിന്നെ വല്ല കല്യാണത്തിനും ചില സര്‍ട്ടിഫികറ്റുകള്‍ക്കുമായല്ലാതെ SNDP-യുമായി എനിക്ക് വലിയ ബന്ധങ്ങള്‍ ഇല്ലാത്തതിനാല്‍ അതിനുള്ളില്‍ നടക്കുന്ന അധികാര പിടിവലിയെക്കുറിച്ചും മറ്റും പത്രങ്ങള്‍ വായിച്ചുള്ള അറിവേ ഉള്ളു.
വലിയ പണക്കാരനായതു കൊണ്ടാണോ, അല്ലെങ്കില്‍ കള്ളുവ്യവസായി ആയതു കൊണ്ടാണോ, വിടുവായത്തരം പറയുന്നതു കൊണ്ടാണോ, അതുമല്ലെങ്കില്‍ താനില്ലെങ്കില്‍ സംഘടന ഇല്ലെന്ന് ചമയന്നതു കൊണ്ടാണോ എന്നറിയില്ല, വെള്ളാപ്പള്ളി നടേശനെ എനിക്ക് അത്ര പിടിയില്ല. ശ്രീനാരായണ ഗുരുവിന്റെ ചെറിയ പടവും അതിലും വലുപ്പത്തില്‍ സ്വന്തം പടവും ഉള്ള ഒരു കലണ്ടര്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് SNDP-യുടെ പേരില്‍ അച്ചടിച്ച് എല്ലാ വീട്ടിലും തൂക്കിയിരിക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായിരുന്ന ബഹുമാനവും കൂടി പോയി. ഓരോ ഇലക്ഷന്‍ വരുമ്പോഴും സംഘടനാ തലത്തില്‍ ആലോചിക്കാതെ തനിക്ക് ഇഷ്ടമുള്ളവരുടെ കൂടെ നില്‍ക്കണം എന്ന് ആഹ്വാനം ചെയ്യുന്ന ഏകാധിപത്യ രീതിയും ഇദ്ദേഹം പിന്തുടരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇതിനൊക്കെ ബദലായി ഒരു ഗ്രൂപ്പ് വളര്‍ന്ന് വരേണ്ടത് ഭാവിയുടെ ആവശ്യമാണ്. അല്ലെങ്കില്‍ പുതിയ ഗ്രൂപ്പുകാര്‍ നിലവിളീക്കുന്നതുപോലെ SNDP ഒരു കുടുംബ സംഘടന ആയി മാറുന്നത് കാണേണ്ടി വരും എന്ന് എനിക്കും തോന്നിയിരുന്നു.
ഇതിനിടയിലും ചില കാര്യങ്ങള്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ തുടക്കമിട്ടിരുന്നു എന്ന് അറിയുന്നു. ചിലയിടങ്ങളില്‍ ആരോപണങ്ങള്‍ ഉണ്ടെങ്കിലും Micro-finance പദ്ധതി ഒരു നല്ല കാര്യമാണെന്ന് തോന്നുന്നു. നാടു വിട്ടു നില്‍ക്കുന്നതിനാല്‍ അതിന്റെയും പൂര്‍ണ്ണ വിവരങ്ങള്‍ എനിക്കറിയില്ല.
അതു പോലെ തുടര്‍ച്ചയായി കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുന്നത് ഒരു നല്ല കാര്യം തന്നെ. ഇന്നത്തെ അണുകുടുംബ വ്യവസ്ഥയില്‍ പല ബന്ധങ്ങളും ഇല്ലാതാകുന്ന നിലക്ക് ഇത്തരം കൂട്ടായ്മകള്‍ (എല്ലാ മത സമുദായങ്ങളും ചേര്‍ന്ന ഒരു കൂട്ടായ്മയാണ് കൂടുതല്‍ അഭികാമ്യം എങ്കിലും) സമൂഹത്തിന് ആവശ്യമാണ്. ഇല്ലെങ്കില്‍ വളര്‍ന്നു വരുന്ന തലമുറ പതിയെ പതിയെ സമൂഹ ജീവി എന്ന പദവിയില്‍ നിന്ന് അകന്നു പോകും.
എന്തായാലും ഇതൊരു നല്ല തുടക്കമാകട്ടെ. ഇതുകൊണ്ട് സംഘടനക്ക് ഗുണങ്ങള്‍ മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. അതല്ല മറ്റൊരു സംഘടന ആയി SNDP-ക്ക് ബദല്‍ ആകാനാണ് പരിപാടി എങ്കില്‍ എന്റെ പിന്തുണ ഈ സംഘടനക്ക് "തല്‍ക്കാലം" കാണില്ല. കാരണം "വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍ സംഘടന കൊണ്ട് ശക്തരാകുവിന്‍" എന്നാണ് അദ്ദേഹം പറഞ്ഞത്, അല്ലാതെ 'സംഘടനകള്‍' എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.
Monday, June 15, 2009
ശ്രീനാരായണ ഫൗണ്ടേഷന്‍ - പുതിയ SNDP?
Posted by
അനില്‍ശ്രീ...
at
10:41 AM
10
മറുപടികള്‍
Labels: SNDP, നാട്ടുകാര്യം, ലേഖനം
Sunday, July 6, 2008
മത പരിവര്‍ത്തനത്തിനെതിരെ S.N.D.P
ഇന്ന് ഒരു വാര്‍ത്ത കേട്ടു, കണ്ടു. കോട്ടയത്ത് നാഗമ്പടത്തുള്ള തങ്കു ബ്രദറിന്റെ സ്വര്‍ഗീയ വിരുന്ന് സ്ഥലത്തേക്ക് SNDP-ക്കാര്‍ നടത്തിയ "മാര്‍ച്ച്" അക്രമാസക്തമായി, പോലീസ് ലാത്തി വീശി, കണ്ണീര്‍ വാതകം പ്രയോഗിച്ചു. മാര്‍ച്ചിനുള്ള കാരണം; തങ്കു ബ്രദര്‍ തങ്ങളുടെ ആള്‍ക്കാരെ വശീകരിച്ച് മതം മാറ്റം നടത്തുന്നു. ഇങ്ങനെ മുന്നോറോളം കുടുംബങ്ങള്‍ മതം മാറിയത്രെ.
കോട്ടയം SNDP യൂണിയന്‍ ഒരു വിധം നല്ല അംഗസംഖ്യ ഉള്ള ശാഖകള്‍ ചേര്‍ന്ന ഒരു യൂണിയന്‍ ആണെന്നാണ് എന്റെ അറിവ്. ഇങ്ങനെ മതം മാറ്റം നടക്കുന്നു എന്ന് ഇവര്‍ അറിഞ്ഞത് ഇപ്പോഴാണോ? അല്ല, എന്നുത്തരം. കോട്ടയം പട്ടണത്തിന്റെ തന്നെ പ്രാന്തപ്രദേശങ്ങളില്‍ ഉള്ള ശാഖകളില്‍ നിന്നും പലരും ഇത്തരം പ്രാര്ത്ഥനാ സഭകളിലേക്ക് പണ്ടും പോയിരുന്നു. പണ്ട് കഞ്ഞിക്കുഴി "തോമാച്ചന്‍" എന്ന വ്യാജ ദൈവത്തിന്റെ മുന്നില്‍ വണങ്ങാന്‍ എന്റെ വീടിന്റെ പരിസരത്തുള്ള പലരും വെള്ളീയാഴ്ചകളില്‍ പോയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. അവരില്‍ പലരും ഈഴവര്‍ ആയിരുന്നു.
ഈയിടെയായി ഭക്തി വിറ്റഴിക്കപെടുന്നതിന്റെ ഭാഗമായി എല്ലാ മത വിഭാഗങ്ങളിലും ഇത്തരം ആരാധനകള്‍ ഏറുന്നു. പെന്തകോസ്തുകാര്‍ പണ്ടും ഇന്നും പറയുന്നത് , ചെയ്യുന്നത് എല്ലാം ഒന്നു തന്നെയാണ്. അവരുടെ ആള്‍ക്കാര്‍ പരസ്യമായി തന്നെ പറയുന്നത് "നീ ഞങ്ങളിലേക്ക് വരൂ, നിനക്ക് ഞങ്ങള്‍ ദൈവത്തിനെ കാട്ടിത്തരാം" എന്നാണ്. ഇത് മധ്യ തിരുവിതാംകൂറിലെ ഒരു വിധം എല്ലാവര്‍ക്കും അറിയാം. ഇത് കേട്ട് മതം മാറിയ പല ഹിന്ദു കുടുംബങ്ങളേയും എനിക്കറിയാം. അവര്‍ക്കൊക്കെ സമ്പത്തികമായി നേട്ടവും ഉണ്ടായിട്ടുണ്ട്. സാക്ഷ്യം പറയുന്നവര്‍ക്ക് ഗുണഫലം കൂടും.
അപ്പോള്‍ SNDP-ക്കാര്‍ ബോധവല്‍ക്കരണം നടത്തേണ്ടിയിരുന്നത് സ്വന്തം ശാഖകളീല്‍ ആയിരുന്നു. പല ശാഖകളിലും ഇത്തരം ആരാധനകള്‍ക്ക് പോകുന്ന പലരേയും പറഞ്ഞു വിലക്കിയിരുന്നു എന്ന് അറിയുന്നു. ബസ് ഏര്‍പ്പാടാക്കി അറുത്തുങ്കള്‍ പള്ളിയിലേക്ക് സ്ഥിരമായി ആളെ കൊണ്ടു പോകുന്ന ഈഴവരും കോട്ടയത്തുണ്ട്. അതും യൂണിയനില്‍ ഉള്ളവര്‍ക്ക് അറിയാം എന്ന് കരുതുന്നു. എന്നിട്ടും അവരെ ഒന്നും പറഞ്ഞ് മനസ്സിലാക്കാന്‍ സാധിക്കാത്ത യൂണിയന്‍ എന്തിന് തങ്കു ബ്രദറിന്റെ ആസ്ഥാനത്തേക്ക് പ്രകടനം നടത്തി എന്ന് മനസ്സിലാകുന്നില്ല.
രാഷ്ടീയക്കര്‍ തങ്കു ബ്രദറിനെതിരേയും മറ്റ് കള്ള സ്വാമികള്‍ക്കെതിരേയും നടത്തുന്ന സമരങ്ങള്‍ മനസ്സിലാക്കാം. പക്ഷേ "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന് പഠിപ്പിച്ച ഗുരുദേവന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന SNDP മറ്റൊരു മതത്തില്‍ ഉള്ള ഒരുവന്റെ ആലയത്തിലേക്ക് കല്ലെറിഞ്ഞു എന്ന് പറയുന്നത് ശരിയാണോ? (തങ്കു ബ്രദര്‍ ഒരു "ഫ്രോഡ്" ആണെന്ന് വിസ്മരിക്കുന്നില്ല. പക്ഷേ ഇവിടെ SNDP സമരത്തില്‍ അയാള്‍ ഒരു മതം മാറ്റുന്ന വ്യക്തി മാത്രമാണ്. ) തന്റെ കൂടെയുള്ളവന്‍ മറ്റു മതത്തില്‍ കുടിയേറിയാലും അവന്‍ നന്നായാല്‍ മതി എന്നങ്ങ് വിചാരിച്ചാല്‍ പോരേ?
ഇനിയെങ്കിലും SNDP ക്കാര്‍ ഇങ്ങനെയുള്ള സമരങ്ങള്‍ക്ക് പോകരുത്. അവകാശങ്ങള്‍ നേടാന്‍ സമരം ചെയ്യാം, അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ സമരം ചെയ്യാം, ജാതി വ്യവസ്ഥക്കെതിരെ സമരം ചെയ്യാം, അസമത്വത്തിനെതിരെ സമരം ചെയ്യാം, വര്‍ണ്ണ-ലിംഗ വിവേചനത്തിനെതിരെ സമരം ചെയ്യാം, ഇനി വേണമെങ്കില്‍ സംവരണം വേണം എന്ന് പറഞ്ഞും സമരം ചെയ്യാം. പക്ഷേ 'ഞങ്ങളുടെ ആള്‍ക്കാരെ കറക്കിയെടുത്ത് മതം മാറ്റുന്നേ' എന്ന് പറഞ്ഞ് സമരം ചെയ്യുന്നത് നാണക്കേടാണ് എന്നെങ്കിലും ഓര്‍ക്കുക, അത് ഗുരുദേവ ദര്‍ശനങ്ങള്‍ക്കെതിരാണ് എന്നും ഓര്‍ക്കുക.
പണം കൊണ്ട് ഭരിക്കുന്ന അഭിനവ ഗുരുവിന്റെ കാലത്ത് ഗുരുദര്‍ശനങ്ങള്‍ക്ക് എന്ത് വില അല്ലേ? ഗുരുദേവന്‍ ഇവരോട് പൊറുക്കട്ടെ. അതെങ്ങനെ: "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് " എന്ന്‍ ഗുരു പഠിപ്പിച്ചത് - ഒരു ജാതി മതം ഒരു ജാതി ദൈവം ഒരു ജാതി മനുഷ്യന് എന്നാക്കിയതും നമ്മള്‍ ഒക്കെ തന്നെയല്ലേ.
വീണ്ടും പറയുന്നു ബോധവല്‍ക്കരിക്കേണ്ടത് ശാഖാംഗങ്ങളെയാണ്. തടയേണ്ടത് സ്വന്തം ബന്ധുക്കളെയാണ്. സാമ ദാന ഭേദ ദണ്ഡം നടപ്പാക്കേണ്ടത് സ്വന്തം കുടുംബത്ത് തന്നെയാണ്. അല്ലാതെ അവരെ 'വശീകരിച്ച്' കൊണ്ടു പോകുന്ന മറ്റുള്ളവരെയല്ല.
Posted by
അനില്‍ശ്രീ...
at
11:31 PM
7
മറുപടികള്‍
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
