ഇന്നത്തെ തീയതി :
Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Saturday, April 21, 2012

ഉമ്മന്‍ ചാണ്ടിയും ഞാനും

ഉമ്മന്‍ ചാണ്ടിയെന്ന വിഗ്രഹം എന്റെ മനസ്സില്‍ ഉടഞ്ഞു കഴിഞ്ഞു. രാഷ്ട്റീയക്കാരന്‍ എന്ന് പറയാന്‍ പോലും കൊള്ളാത്ത രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും ഏറാന്‍ മൂളികളായി സ്വന്തം വ്യക്തിത്വത്തെ പോലും തിരിച്ചറിയാന്‍ വയാത്ത കോണ്‍ഗ്രസ് നേതാക്കളുടെ ഇടയില്‍ ഉമ്മന്‍ ചാണ്ടിയെ വേറിട്ട് കാണാന്‍ രാഷ്ട്രീയമല്ലാത്ത ചില കാരണങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു.


കൊച്ചു പ്രായത്തില്‍, അതായത് നാലാം ക്ലാസിലും അഞ്ചാം ക്ലാസിലും ഒക്കെ പഠിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി എന്നത് അച്ചന്റെ അനിയന്റെ കൂടെ പഠിച്ച ഒരു മന്ത്രിയായിരുന്നു. അതു കൊണ്ട് തന്നെ അന്ന് അങ്ങേരോട് ഭയങ്കര സ്നേഹവും ബഹുമാനവും ഒക്കെ ആയിരുന്നു.

പിന്നെ ഇത്തിരി കൂടി വലുതായപ്പോള്‍ നാട്ടില്‍ ആരു മരിച്ചാലും, അല്ലെങ്കില്‍ ഒരു കല്യാണമുണ്ടെങ്കില്‍ അവിടെയൊക്കെ ഓടിയെത്താന്‍ ശ്രമിക്കുന്ന ഒരു എം.എല്‍.എ എന്ന നിലയില്‍ ആ ബഹുമാനം കൂടിവന്നു. പിന്നീട് ഇത്തിരി കൂടി വലുതായപ്പോള്‍ രാഷ്ട്രീയം ഇത്തിരി ഒക്കെ മനസ്സില്‍ കടന്നു വന്നപ്പോള്‍ എതിര്‍ ചേരിയിലാണെങ്കിലും ഞങ്ങളുടെ മണ്ഢലത്തില്‍ അജയ്യന്‍ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയോട് എന്നും ബഹുമാനം ആയിരുന്നു.

പക്ഷേ, ഈ ഗവണ്മെന്റിന്റെ സാരഥി ആയതിനു ശേഷം ആ ബഹുമാനം ഒക്കെ പോയി. പത്തു മാസം കൊണ്ട് ഉമ്മന്‍ ചാണ്ടി എന്ന നല്ല രാഷ്ട്രീയക്കാരന്‍, എന്റെ മനസ്സില്‍ കേരളം കണ്ട ഏറ്റവും നാണം കെട്ട മുഖ്യമന്ത്രി ആയി. സ്വന്തം കസേര നില നിര്‍ത്താന്‍ ആരുടെയൊക്കെ കാലു നക്കാനും അങ്ങേര്‍ക്ക് മടിയില്ല എന്ന്‍ മനസ്സിലാക്കിയതിനാലാണത്.

അഞ്ചാം മന്ത്രി എന്ന ലീഗിന്റെ ആവശ്യത്തിന് വഴങ്ങുകയും, അവരുടെ ആവശ്യം നിറവേറ്റി തന്റെ ആവശ്യം സഫലമാക്കന്‍ ആ നാണം കെട്ട മനുഷ്യന്‍ മന്ത്രി സഭയില്‍ നടത്തിയ അഴിച്ചു പണി ഒരു മുഖ്യമന്ത്രിക്ക് എത്ര മാത്രം താഴാന്‍ കഴിയും എന്നതിന്റെ തെളിവായി ഞാന്‍ കാണുന്നു. സാമുദായിക സന്തുലനം എന്നത് പേരിലെങ്കിലും വരുത്താന്‍ വേണ്ടിയെന്ന പോലെ (സാധിക്കുന്നില്ലയെങ്കിലും) സമുദായ സ്ംഘടനകളെ തൃപ്തിപ്പെടുത്താനുള്ള ആ ശ്രമം തികച്ചും അല്പത്തമായി പോയി.

ഇന്നിപ്പോള്‍ മുസ്ലിം ലീഗിന്റെ ഔദാര്യമാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേര എന്ന് അവര്‍ തന്നെ വിളിച്ചു പറഞ്ഞിട്ടും യാതൊരു ഉളുപ്പുമില്ലാതെ അതില്‍ ഇരിക്കാനുള്ള ശ്രമം തുടരുന്ന ഉമ്മന്‍ ചാണ്ടീ, നിങ്ങള്‍ എന്നില്‍ അവശേഷിച്ചിരുന്ന ബഹുമാനവും കൂടി കളഞ്ഞു കുളിച്ചു... ഒന്നോ രണ്ടോ ജില്ലകളില്‍ മാത്രം എം എല്‍ എ-മാരെ സൃഷ്ടിക്കാന്‍ കഴിവുള്ള, ഒരു മത സംഘടന പോലെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ മുസ്ലിം ലീഗ് എന്ന പാര്‍‍ട്ടിയുടെ കുഴലൂത്തുകാരനഅയി താങ്കള്‍ അധ:പതിച്ചു പോയതില്‍ പണ്ടൊക്കെ നിങ്ങനെ ബഹുമാനിച്ചിരുന്ന എനിക്ക് പോലും സഹതാപം തോന്നുന്നു. ആര്യാടന്‍ പറഞ്ഞതു പോലെ സ്വന്തമായി എം എല്‍ എ മാരെ ജയിപ്പിക്കാന്‍ കഴിവുള്ളവരായി ഇന്ന് സി.പി.എമ്മും കോണ്‍ഗ്രസും മാത്രമേ ഉള്ളൂവെന്ന് ഇനി എന്നാണാവോ ഉമ്മന്‍ ചാണ്ടി മനസ്സിലാക്കുന്നത്?


ഇറ്റാലിയന്‍ കപ്പല്‍ കൊലയാളികളെ വിട്ടു കൊടുക്കാന്‍ ഇറ്റാലിയന്‍ മദാമ്മ നടത്തുന്ന നാടകത്തിലെ വിദൂഷകന്റെ വേഷം കൂടി കെട്ടിയാടി തീര്‍ത്താല്‍ പിന്നെ ഉമ്മന്‍ ചാണ്ടിക്ക് മലയാളികളുടെ മനസ്സില്‍ എവിടെയാകും സ്ഥാനം എന്ന് അങ്ങേരുടെ ചുറ്റും നില്‍ക്കുന്ന മനകുണാപ്പന്മാര്‍ എങ്കിലും പറഞ്ഞു കൊടുത്തിരുന്നെങ്കില്‍!

അടുത്ത പ്രാവശ്യം എങ്കിലും ഏതെങ്കിലും നട്ടെലുള്ള ജീവിയെ പുതുപ്പള്ളിയില്‍ നിന്ന് ജയിപ്പിക്കണേയെന്ന് പഴയൊരു പുതുപ്പള്ളീ മണ്ഢലക്കാരനായ ഞാന്‍ പുതുപ്പള്ളിക്കാരോട് അപേക്ഷിച്ചു കൊള്ളുന്നു.

*******************     XX       *******************

അടിക്കുറിപ്പ്:

ശബനം മൗസി എം.പി ആയെങ്കില്‍ അതേ ഗണത്തില്‍ പെട്ട ഒരു മുഖ്യമന്ത്രിയെ ആദ്യമായി സൃഷ്ടിച്ചതില്‍ കേരള ജനതക്ക് അഭിമാനിക്കാം...

Sunday, January 10, 2010

ഇടതു പക്ഷ പാര്‍ട്ടികളും മതവിശ്വാസവും.

ഇടതു പക്ഷ പാര്‍ട്ടികള്‍ മതവിശ്വാസത്തിനോ ദൈവവിശ്വാസത്തിനോ എതിരാണോ? അല്ല എന്ന് വിശ്വസിക്കാനാണിഷ്ടം. എങ്കിലും ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ അങ്ങനെയല്ല എന്ന് തോന്നിപ്പോകുന്നു. വിശ്വാസം ഉണ്ടായിരുന്ന കാലത്തും ഇടതു പക്ഷ ചിന്താഗതിയുണ്ടായിരുന്ന ഒരാളെന്ന നിലയില്‍ ഇതിനൊരു ശരിയായ ഉത്തരം കിട്ടിയാല്‍ നന്നായിരുന്നു എന്ന് തോന്നുന്നു. പക്ഷേ സി.പി.എം നേതാക്കള്‍ ഇക്കാര്യത്തില്‍ ഉരുണ്ടുകളിക്കുന്നു എന്ന് എനിക്കു വ്യക്തിപരമായി തോന്നിപ്പോകുന്നു. ഒരു ചാനല്‍ ചര്‍ച്ചയിലും ആരും വ്യക്തമായി ഉത്തരം പറയുന്നത്‌ കണ്ടില്ല.


ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ കമ്യൂണിസം പൂര്‍ണ്ണമായി നടപ്പാവില്ല എന്നറിഞ്ഞു കൊണ്ടു തന്നെ കമ്യൂണിസത്തെ ഇഷ്ടപ്പെടുന്നവനാണ് ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു രാഷ്ട്യീയ പാര്‍ട്ടിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ സത്ത ഉള്‍ക്കൊണ്ടു കൊണ്ട്‌ പ്രവര്‍ത്തിക്കേണ്ട ഒരു പാര്‍ട്ടി. ഇന്ത്യയില്‍ ജീവിക്കുന്ന ഓരോ പൗരനും മതവിശ്വാസ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതാണ് നമ്മുടെ ഭരണഘടന എന്നാണ് ഞാന്‍ ധരിച്ചിരിക്കുന്നത്‌. അതില്‍ നിന്നും വ്യതിചലിക്കുന്ന ഓരോ പാര്‍ട്ടിയും ജനങ്ങളില്‍ നിന്ന് കൂടുതല്‍ അകലുന്നു എന്ന് വേണം കരുതാന്‍. കാരണം ഇന്നത്തെ സാഹചര്യത്തില്‍ മതവിശ്വാസികളല്ലാത്തവരെ മാത്രം കൂട്ടത്തില്‍ നിര്‍ത്തി ഇന്ത്യയില്‍ ഒരു പാര്‍ട്ടിക്കും മുന്നോട്ട്‌ പോകാന്‍ പറ്റില്ല എന്നത്‌ തന്നെ. ഇനി അങ്ങനെ ഒരു പാര്‍ട്ടി തീരുമാനിച്ചാല്‍ തന്നെ അത്‌ ജനാധിപത്യത്തെ അവഹേളിക്കലാകും എന്നും ഞാന്‍ കരുതുന്നു.

മുകളില്‍ പറഞ്ഞ പോലെ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു രാഷ്ട്യീയ പാര്‍ട്ടി മാത്രമാണ് എന്നതാണ് ആദ്യമായി നേതാക്കള്‍ മനസ്സിലാക്കേണ്ടത്‌. കമ്യൂണിസ്റ്റ്‌ ചിന്താഗതിയില്‍ ഉറച്ചു നിന്നു കൊണ്ട്‌ ജനാധിപത്യത്തിന് ഉതകുന്ന രീതിയിലുള്ള ഒരു തിരുത്തല്‍ രേഖ ആണ് പാര്‍ട്ടിക്കിന്നാവശ്യം. (ഇപ്പോള്‍ വരുന്നെന്ന് പറയുന്ന ഈ തിരുത്തല്‍ രേഖ എന്താണെന്ന് ഇന്നും എനിക്കു ശരിക്കറിയില്ല കേട്ടോ. സ: മനോജിന്റെ പ്രശ്നത്തില്‍ വായിച്ചുള്ള അറിവേ ഉള്ളു). എന്നാല്‍ മാത്രമേ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയോടുള്ള മമത കൂടുകയുള്ളൂ.


ഇന്നലെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവറില്‍ സ: ജയരാജനോട്‌ മതങ്ങള്‍ക്കെതിരെ എന്തെങ്കിലും തിരുത്തല്‍ രേഖയില്‍ പറയുന്നുണ്ടോ എന്ന ചോദ്യത്തിന്‍ അദ്ദേഹം ആവര്‍ത്തിച്ചു പറയുന്ന ഉത്തരം " പാര്‍ട്ടി നേതാക്കള്‍ ആര്‍ഭാടരഹിതമായ ജീവിതം നയിക്കണം, വിവാഹ ചടങ്ങുകള്‍ ചിലവു കുറഞ്ഞ രീതിയില്‍ ആയിരിക്കണം എന്നൊക്കെയുള്ള ചട്ടങ്ങള്‍ പണ്ടു മുതല്‍ തന്നെ നിലവില്‍ ഉള്ളതാണ് " എന്നാണ്. അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന് പറയുന്ന പോലെ തോന്നി. പിന്നീട്‌ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ മനോജിന് പാര്‍ട്ടിയില്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന വിശ്വാസങ്ങള്‍ തുടരുന്നതില്‍ കുഴപ്പമില്ല എന്നാണ്. അപ്പോഴും നേതാക്കള്‍ മതപരമായ ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നു തെറ്റു തിരുത്തല്‍ രേഖയില്‍ പറയുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അദ്ദേഹം പറയുന്നില്ല.


മതവിശ്വാസം പാടില്ല എന്ന് പറയാന്‍ ഏതെങ്കിലും പാര്‍ട്ടിക്ക്‌ അധികാരമുണ്ടോ? തീര്‍ച്ചയായും ഇല്ല. അങ്ങനെ ഒരു പാര്‍ട്ടിയുടെ ഭരണഘടനയില്‍ എഴുതി വച്ചാല്‍ അത്‌ ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനം ആകില്ലേ... മതത്തിന്റെ പേരില്‍ ഉടലെടുത്തിരിക്കുന്ന പാര്‍ട്ടികളെ എതിര്‍ക്കുന്ന പോലെ തന്നെ വിശ്വാസികള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളേയും ജനങ്ങള്‍ക്ക്‌ എതിര്‍ക്കേണ്ടി വരും എന്ന് നേതാക്കള്‍ മനസ്സിലാക്കുമെന്ന് കരുതുന്നു. മറ്റു പല പാര്‍ട്ടികളുടേതിനേക്കാളും ഇത്തിരി പ്രവൃത്തി ഗുണം കൂടുതലുണ്ട്‌ എന്ന് തോന്നുന്നതിനാല്‍ മാത്രമാണ് ഇടതു പക്ഷത്തിന് പലരും പിന്തുണ നല്‍കുന്നത്‌ എന്ന് കൂടി ഓര്‍ക്കുക. തമ്മില്‍ ഭേദം എന്ന ലൈന്‍.


ഇതൊന്നും ശ്രീ മനോജിന്റെ പ്രവൃത്തിയെ ന്യായീകരിക്കാനോ അദ്ദേഹം ചെയ്തത്‌ ശരിയാണെന്ന് പറയാനോ അല്ല. വ്യക്തിപരമായി അദ്ദേഹം ചെയ്തത്‌ ന്യായീകരിക്കണ്ടത്‌ അദ്ദേഹത്തിന്റെ മാത്രം കാര്യമാണ്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ പെട്ടെന്ന് ഉണ്ടായ രാജിയാണിതെന്ന് ഞാന്‍ കരുതുന്നു. അതില്‍ അദ്ദേഹത്തിന് വ്യക്തിപരമായ കാര്യങ്ങള്‍ ഉണ്ടാകാം. പാര്‍ട്ടി വിട്ടു പോകുന്നതു കൊണ്ട്‌ അദ്ദേഹത്തിനു വ്യക്തിപരമായ ഗുണങ്ങളും കാണും. അതൊന്നും എന്റെ പ്രശ്നമല്ല. സി.പി. എം എന്ന പാര്‍ട്ടി മതവിശ്വാസത്തെ എതിര്‍ക്കുന്നുണ്ടോ?, ദൈവവിശ്വാസി ഒരിക്കലും കമ്യൂണിസ്റ്റ്‌ ആകില്ല എന്ന് കരുതുന്നുണ്ടോ? മതവിശ്വാസികള്‍ (കീഴ്ഘടകങ്ങളിലെങ്കിലും) നേതൃത്വത്തിലേക്ക്‌ വരുന്നതിനെ പാര്‍ട്ടി എതിര്‍ക്കുമോ ?


ഇതൊക്കെയാണ് എന്റെ മനസ്സില്‍ തോന്നിയ സംശയങ്ങള്‍. ഇതൊക്കെ അറിഞ്ഞിട്ടു വേണം സി.പി. എം എന്ന രാഷ്ട്രീയപാര്‍ട്ടിയെ തുടര്‍ന്നും നിരുപാധികമായി പിന്തുണക്കണമോ എന്ന് ആലോചിക്കാന്‍. പാവങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി എന്ന പേരുതന്നെ ഈയിടെയായി പാര്‍ട്ടിക്കു നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്‌. നേതാക്കള്‍ തന്നെ ആര്‍ഭാടപൂര്‍ണ്ണമായ ജീവിതത്തിലേക്ക്‌ തന്നെയല്ലേ പോകുന്നത്‌? സ: ജയരാജന്‍ പറഞ്ഞ ആര്‍ഭാടരഹിതമായ പാര്‍ട്ടിക്കല്യാണത്തിന്റെ ഒക്കെ കാലം കഴിഞ്ഞു എന്ന് നമ്മള്‍ പലപ്പോഴും കണ്ടു കഴിഞ്ഞതാണ്. അപൂര്‍വ്വം ചിലതൊക്കെ നടക്കുന്നു എന്ന് മറക്കുന്നില്ല.


ഈ പ്രശ്നത്തില്‍ മറ്റ് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് പല അഭിപ്രായങ്ങള്‍ ആണുള്ളതെന്ന് പത്രങ്ങളില്‍ നിന്ന് മനസ്സിലാകുന്നു.


വാല്‍ക്കഷണം.

എന്റെ മതവിശ്വാസമോ ദൈവവിശ്വാസമോ ഈ പോസ്റ്റിന് കാരണമാകുന്നില്ല. ഇത്‌ സാധാരണ വോട്ടര്‍ക്ക്‌ ഭരണഘടന പറഞ്ഞിരിക്കുന്ന അവകാശത്തെ ഒരു പാര്‍ട്ടി എതിര്‍ക്കുന്നുണ്ടോ എന്ന സംശയത്തില്‍ നിന്ന് ഉണ്ടായ പോസ്റ്റ്‌ മാത്രമാണ്. എ.സി മുറിയില്‍ ജോലി ചെയ്യുന്ന നിനക്കൊക്കെ പാവപ്പെട്ടവരുടെ പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ എന്തവകാശം എന്ന് ചോദിക്കുന്നവര്‍ക്ക്‌ വേണ്ടി എഴുതിയതല്ല ഇത്‌ എന്ന് അറിയിച്ചു കൊള്ളുന്നു.

Saturday, May 16, 2009

അനിവാര്യമായ പരാജയം

വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍
അനിവാര്യമായ പരാജയം ഇടതുപക്ഷം ഏറ്റുവാങ്ങി. സ്വയം ശവക്കുഴി തോണ്ടി അതില്‍ കയറി കിടന്ന് സ്വയം മണ്ണിട്ട് മൂടുന്നപോലെയായി ഇടതു മുന്നണിക്ക് ഈ ഇലക്ഷന്‍. ഇത് ഇങ്ങനെയേ വരൂ എന്ന് ഒരു വിധത്തില്‍ പറഞ്ഞാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും (എന്നെ പോലെയുള്ള) സാധാരണ അനുഭാവികള്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് തോന്നുന്നു.

ഈ പരാജയത്തിന്റെ കാര്യത്തില്‍ എനിക്ക് തോന്നിയ ചില കാരണങ്ങള്‍ ഇവയാണ്.

1. പിണറായിയുടെ തന്‍ പ്രാമാണിത്വം : ഈ പരാജയത്തിന്റെ ഏറ്റവും പ്രധാന കാരണം ഔദ്യോഗിക വിഭാഗത്തിന്റെ ഏകാധിപത്യപരമായ തീരുമാനങ്ങള്‍ തന്നെയാണ്. താന്‍ ഇല്ലെങ്കില്‍ പ്രളയം എന്നോ മറ്റോ മനസ്സില്‍ കണ്ട് എല്ലാം സ്വയം തീരുമാനിച്ച ഏകാധിപത്യ പ്രവണതയോടെയുള്ള തീരുമാനങ്ങള്‍‍ക്കേറ്റ തിരിച്ചടി എന്നു പറയാം.

2. മദനിയെ (പരോക്ഷമായെങ്കിലും) മുന്നണിയുടെ ഭാഗം എന്ന നിലയില്‍ പൊക്കി കൊണ്ടു നടന്നതിന്റെ പരിണിതഫലം. പൊന്നാനിയിലും മലപ്പുറത്തുമുള്ള ഫലങ്ങള്‍ ഇത് ശരിക്ക് മനസ്സിലാക്കി തരുന്നു എന്നു വേണം കരുതാന്‍. അതുപോലെ തന്നെ മലബാറിലെ മറ്റു മണ്ഡലങ്ങളിലും ഈ തീരുമാനത്തിന്റെ ഫലം കാണാം.

3. സീറ്റ് വിഭജന ചര്‍ച്ചയില്‍ ഘടക കക്ഷികളെ പോലും പിണക്കി സ്വന്തം താല്പര്യം സം‌രക്ഷിക്കുവാന്‍ കാട്ടിയ ശുഷ്കാന്തിയ്ക് ഘടക കക്ഷികള്‍ നല്‍കിയ മറുപടി.

4. ജനദാ ദളിന്റെയും സി.പി. ഐ-യുടെയും മറ്റ് ഘടക കക്ഷികളേയും വില കുറച്ച് കണ്ട് മുന്നണി രാഷ്ട്രീയത്തിന്റെ എത്തിക്സ് പോലും മറന്ന രാഷ്ട്രീയ അജണ്ടയുടെ പരാജയം.

5. ലാവ്‌ലിന്‍ കേസില്‍ പിണറായി കുറ്റക്കാരനല്ലെന്ന് പാര്‍ട്ടി നേതാക്കള്‍ക്കറിയാമെങ്കിലും താഴേത്തട്ടിലുള്ള സാധാരണക്കാര്‍ക്ക് അതറിയില്ല, അവര്‍ക്കത് മനസ്സിലാകില്ല.

6. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പോരായ്മ : ചില മണ്ഡലങ്ങളില്‍ ഗ്രൂപ്പ് കളിയില്‍ മറന്ന പൊതു സമ്മതരായ സ്ഥാനാര്‍ത്ഥികള്‍. അവരെ മറന്ന് സിന്ധു ജോയിയെ പോലെയുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വന്ന പാളിച്ച.

ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തെ കുറച്ച് കാണുന്നില്ല എങ്കിലും, ചുരുക്കി പറഞ്ഞാല്‍ ഇത് ഐക്യ ജാനാധിപത്യ മുന്നണിയുടെ വിജയം എന്നതിനേക്കാളുപരി സി.പി.എം-ന്റെ പരാജയം എന്ന് കാണാനാണെനിക്കിഷ്ടം. അതില്‍ തന്നെ ഈ ഇലക്ഷന്‍ മുഴുവന്‍ നിയന്ത്രിച്ച ഔദ്യോഗിക പക്ഷത്തിന്റെ പരാജയം. വടക്കന്‍ കേരളത്തിലെ ഉറച്ച സീറ്റുകള്‍ പോലും നഷ്ടമായത് അതാണല്ലോ കാണിക്കുന്നത്.

ഇടതു മുന്നണിയില്‍ പണ്ടില്ലാതിരുന്ന, എന്നാല്‍ കോണ്‍ഗ്രസില്‍ പുകഞ്ഞു കൊണ്ടിരുന്ന ഗ്രൂപ്പുകളിയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒരു താല്പര്യവുമില്ല എന്ന് കോണ്‍ഗ്രസ് കഴിഞ്ഞ തെരെഞ്ഞെടുപ്പോടെ മനസ്സിലാക്കി എങ്കില്‍, ഈ തെരെഞ്ഞെടുപ്പോടെ ഇടതു മുന്നണിക്കത് മനസ്സിലായാല്‍ അവര്‍ക്ക് കൊള്ളാം.



മുന്‍‌കൂര്‍ ജാമ്യം

ഞാനൊരു രാഷ്ട്രീയ നിരീക്ഷകനല്ല. ഒരു പക്ഷേ പരാജയത്തിന്റെ കാരണങ്ങളില്‍ ഇതൊന്നും കാണില്ലായിരിക്കാം. മറ്റു പല കാരണങ്ങളും കാണാം.

Wednesday, July 23, 2008

പണമാണ് വിശ്വാസം, പണമാണ് ഭരണം

വിശ്വാസ വോട്ട് എന്നു പറഞ്ഞാല്‍ എന്താ? ആരുടെ വിശ്വാസത്തിന്റെ വോട്ടാണത്? ഇതാണോ ജനാധിപത്യം? ഇവന്മാരാണോ ജനപ്രതിനിധികള്‍ ? ഇവരെ ആണോ നാം വോട്ട് ചെയ്ത് വിജയിപ്പിച്ചത്? ..... ഒരു സാധാരണക്കാരന്റെ ചോദ്യങ്ങള്‍ ഇങ്ങനെ നീളുന്നു.

നാലു വര്‍ഷങ്ങളിലായി ജനങ്ങള്‍ പല വിശ്വാസത്തിന്റെ പുറത്ത് വോട്ട് ചെയ്തു വിജയിപ്പിച്ച 541 ആള്‍ക്കാര്‍, പലതവണ മുന്നണി മാറിയവര്‍, പല കുറ്റങ്ങള്‍ക്കായി കേസ് നടക്കുന്നവര്‍, പല ആരോപണങ്ങള്‍ക്ക് വിധേയരായവര്‍, ഇവരുടെയെല്ലാം താല്പര്യം ആണോ ഒരു രാജ്യത്തിന്റെ താല്പര്യം എന്നു പറയുന്നത്? അല്ലെങ്കില്‍ തന്നെ ഇവരുടെ താല്പര്യം എന്താണ്? പണത്തില്‍ അല്ലേ ഇവരുടെ താല്പര്യം? അപ്പോള്‍ പിന്നെ മന്മോഹന്‍ സിംഗ് വിജയിച്ചു എന്ന് പറയുന്നതില്‍ എന്താണ് ഒരു യുക്തി? പണം ജയിച്ചു എന്ന് പറഞ്ഞാല്‍ പോരെ.

ആണാണെങ്കില്‍ മന്മോഹന്‍ സിംഗ് ഇപ്പോള്‍ ചെയ്യേണ്ടത് രാജി വച്ച് ഇലക്ഷനെ നേരിടുകയാണ്. എന്നിട്ട് ആണവ കരാര്‍ ഉയര്‍ത്തിക്കാട്ടി വോട്ട് നേടി , ജനങ്ങളുടെ വിശ്വാസം നേടി, അത് നടപ്പാക്കണം. അതായത് വോട്ടെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയാല്‍ ജനങ്ങളുടെ വിശ്വാസം നേടി എന്ന് പറയാമല്ലോ. അതിനുള്ള ധൈര്യം ആ തലപ്പാവിനുള്ളില്‍ ഉണ്ടോ ആവോ? ഏയ് അതെങ്ങനെ, മറ്റൊരാളുടെ കളിപ്പാവക്ക് സ്വയം തീരുമാനം എടുക്കാനാവില്ലല്ലോ. ഇതിപ്പോള്‍ നൂറു കോടിയിലധികം ജനങ്ങളെ മുഴുവന്‍ വിഡ്ഡികളാക്കി, പത്തോ ആയിരമോ വരുന്ന കുറെ രാഷ്ട്രീയ കോമാളികള്‍ നടത്തിയ കച്ചവടമല്ലേ ലോകം മുഴുവന്‍ കണ്ടത്.

സ്വതന്ത്രന്മാരുടെ "വില" അറിഞ്ഞ സമയമാണല്ലോ കഴിഞ്ഞത്. ഞാഞ്ഞൂലുകളും പത്തി വിടര്‍ത്തി. ഇനിയിപ്പോള്‍ മന്തിസഭാ വികസനം. ഒരു നൂറ് നൂറ്റന്‍പത് മന്ത്രി എങ്കിലും കാണും മന്ത്രിസഭയില്‍ എന്ന് തോന്നുന്നു. കാരണം സിമ്പിള്‍. മൂന്നും നാലും എം.പി-മാര്‍ ഉള്ള കക്ഷികള്‍ പോലും രണ്ട് മന്ത്രിമാരെ ചോദിക്കാതിരിക്കുമോ? കൊടുത്തില്ലെങ്കില്‍ നാളെ താഴെ കിടക്കും..

പിന്നെ, ഇടത്പക്ഷം ബി.ജെ.പി യെ പിന്തുണച്ചു എന്ന് പറയുന്നതില്‍ കഴമ്പില്ല എന്ന് എനിക്ക് തോന്നുന്നു. തങ്ങളുടെ ചിന്താഗതിക്കനുസരിച്ചല്ലാത്ത ഒരു തീരുമാനത്തെ എതിര്‍ക്കാന്‍ ജനാധിപത്യത്തില്‍ ഉള്ള മാര്‍ഗമാണ് ഇടത് പക്ഷം സ്വീകരിച്ചത്. ആ നിലപാടിന്റെ പുറത്താണ് പിന്തുണ പിന്‍‌വലിച്ചതും. പിന്തുണ പിന്‍‌വലിച്ച് കഴിഞ്ഞ് ആ പ്രശ്നത്തിന്റെ പേരില്‍ വന്ന വിശ്വാസ വോട്ടിനെ (ബി.ജെ.പി എതിര്‍ക്കുന്നു എന്നതിനാല്‍ ) എതിര്‍ക്കാതിരിക്കേണ്ട കാര്യമില്ലല്ലോ. പിന്തുണ പിന്‍‌വലിച്ച് കഴിഞ്ഞപ്പോള്‍ മുതല്‍ ഇടത്പക്ഷം പ്രതിപക്ഷത്തായി. പ്രതിപക്ഷത്ത് ബ്.ജെ.പി. ഉള്ളത് കൊണ്ട് ഞങ്ങള്‍ പ്രതിപക്ഷത്തിരിക്കില്ല എന്ന് എങ്ങനെ പറയും?

ഇടത് പക്ഷം ബി.ജെ.പി-ക്ക് വേണ്ടി വോട്ട് ചെയ്തു എന്ന് പല കേരള നേതാക്കളും പറയുന്നത് കേട്ടു. ഇവന്മാരുടെ തലക്കകത്ത് എന്താ, കളിമണ്ണ് ആണോ? ഇത് ബി.ജെ.പി കൊണ്ടുവന്ന "അവിശ്വാസ പ്രമേയം" അല്ലായിരുന്നു, മറിച്ച് സര്‍ക്കാര്‍ കൊണ്ടു വന്ന "വിശ്വാസ പ്രമേയം" ആയിരുന്നു. അതെങ്കിലും ഓര്‍ക്കണം. സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചു എന്ന് രാഷ്ടപതിക്ക് കത്തു കൊടുത്ത കക്ഷികള്‍ എതിര്‍ത്ത് വോട്ട് ചെയ്തതില്‍ അവരെ എന്തിന് കുറ്റം പറയണം ? അവരെ അടുത്ത് ഇലക്ഷനില്‍ കാണാം എന്ന് പറഞ്ഞാല്‍ പോരെ. ഇവര്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.

ഇതിനിടയില്‍ ഒരു കാര്യമൂണ്ട്. പുതുതായി വന്ന ചില കുട്ടികള്‍ക്ക് ഏതായാലും സീറ്റില്‍ ഇരിക്കാന്‍ പറ്റി. അല്ലെങ്കില്‍ രണ്ട് ദിവസത്തെ മാത്രം എം.പി ആയി പോയേനെ അവര്‍.

വാല്‍‍ക്കഷണം
അടുത്ത ഇലക്ഷനില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആകുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട് കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു. സ്വതന്ത്രന് ഇപ്പോള്‍ എന്താ ഒരു വില. നേരത്തെ ഒക്കെ ഒരു സൈഡില്‍ ഒതുങ്ങി ഇരുന്നിരുന്ന സ്വതന്ത്രന്‍ ഇപ്പോള്‍ നടുത്തളത്തില്‍ കുച്ചിപ്പുടി കളിക്കുന്നു. "..ഉം...മാക്രിയും ജ്യൂസ് കുടിക്കാന്‍ തുടങ്ങി.. അതും സ്ട്രോ ഇട്ട്..."

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി