ഇന്നത്തെ തീയതി :
Showing posts with label യു.എ.ഇ. Show all posts
Showing posts with label യു.എ.ഇ. Show all posts

Thursday, December 26, 2013

വിദേശ ഇന്ത്യാക്കാരും വീട്ടുജോലിക്കാരും.


വിദേശത്തേക്ക് വീട്ടുജോലിക്കാരെ കൊണ്ടു പോകുന്നത് സാധാരണമാണ്‍. ഭര്‍ത്താവും ഭാര്യയും ജോലിക്കു പോകുന്ന കുടുംബങ്ങളില്‍ പലപ്പോഴും ഇതൊരു ആവശ്യമാണെന്ന് തോന്നുന്നു. ബേബി സിറ്റിങ്, ലോക്കല്‍ ബേബി സിറ്റര്‍ ഒക്കെ അറേഞ്ച് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനാണ് പലപ്പോഴും ആള്‍ക്കാര്‍ നാട്ടില്‍ നിന്ന് തന്നെ ആള്‍ക്കാരെ ഏര്‍പ്പാട് ചെയ്യുന്നത്. ഇതില്‍ ഉള്ള പ്രശ്നങ്ങളും കാഴ്ചപ്പാടുകളും നോക്കാം.
 
സാധാരണയായി നാട്ടില്‍ നിന്ന് തന്നെ ഒരു മാസശമ്പളം പറഞ്ഞുറപ്പിച്ചാണ് ആള്‍ക്കാരെ ജോലിക്കായി കൊണ്ടു വരുന്നത്. ഗള്‍ഫില്‍ നേരത്തെ ഏഴായിരം, എണ്ണായിരം രൂപ ആയിരുന്നത് ഇപ്പോള്‍ പതിനായിരം-പന്തീരായിരം റേഞ്ചില്‍ എത്തിയിട്ടുണ്ട്. താമസവും ഭക്ഷണവും തികച്ചും സൗജന്യം. നാട്ടില്‍ ആറായിരം മുതല്‍ പതിനായിരം വരെ അല്ലെങ്കില്‍ മെട്രോ നഗരങ്ങളില്‍ പതിനയ്യായിരം വരെ കിട്ടുന്നുണ്ടായിരിക്കാം. അതില്‍ നിന്ന് ചിലവും കഴിഞ്ഞ് എത്ര കാണും എന്ന് കണക്കു നോക്കിയാല്‍ അറിയാം. ഈ സാഹചര്യത്തിലാണ് പതിനായിരം വരെ ശമ്പളം പറഞ്ഞുറപ്പിച്ച് വിദേശത്തേക്ക് വരുവാന്‍ ഒരു ഗാര്‍ഹിക തൊഴിലാളി തയ്യാറാകുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ വാക്കാലുള്ള എഗ്രിമെന്റാണിത്. ചുരുക്കം ചിലര്‍ എഴുതി ഉണ്ടാക്കാറുണ്ട്.
യു എ ഇ-യില്‍ ഒരു ഇന്ത്യന്‍ തൊഴിലാളിയെ കിട്ടാന്‍ ഇന്ത്യന്‍ എമ്പസിയില്‍ ചെന്ന് അവിടുത്തെ ഒരു ഫോമില്‍ ഒരു കോണ്ട്രാക്ട് ഉണ്ടാക്കണം. ആയിരത്തി ഒരുനൂറ് ദിര്‍ഹമാണ്‍ മിനിമം കൂലി. അതായത് ഇന്നത്തെ നിലയില്‍ പതിനാറായിരത്തി അഞ്ഞൂറ് രൂപ. അതിനു പുറമെ താമസം, ഭക്ഷണം, വര്‍ഷത്തെ ടിക്കറ്റ്, ലീവ് സാലറി, ടെലെഫോണ്‍.. എല്ലാം കൊടുക്കണം. എല്ലാം കൂടി കൂട്ടുമ്പോള്‍ രണ്ടായിരം ദിര്‍ഹത്തോളം വരും. ഒരു ഓഫീസ് തൊഴിലാളിക്ക് കിട്ടുന്നത് രണ്ടായിരം ദിര്‍ഹം മുതല്‍ മുകളിലോട്ടാണ്‍. പകലന്തിയോളം പൊരിവെയിലില്‍ പണിയെടുക്കുന്ന മേസ്തിരി, ആശാരി, ഇലക്ട്റീഷ്യന്‍ തുടങ്ങിയവരുടെ മാസശമ്പളം ആയിരം മുതല്‍ ആയിരത്തഞ്ഞൂറ് വരെ ആണ്‍.

വിദേശത്ത് എത്തിയാല്‍ അതാത് സ്ഥലത്തെ തൊഴില്‍ നിയമം അനുസരിച്ച് ഒരു ലേബര്‍ കോണ്ട്രാക്റ്റ് ഉണ്ടാക്കുന്നു. വിസ സ്റ്റാമ്പ്  ചെയ്യാന്‍ ഇത് ആവശ്യമായതിനാല്‍ പലരും ഇതിനെ ഒരു ഫോര്‍മാലിറ്റി ആയി കാണുന്നു. എന്നിട്ട്, നാട്ടില്‍ നിന്ന് പറഞ്ഞുറപ്പിച്ച ശമ്പളം മാസാമാസം ഇവരുടെ ബാങ്കിലേക്ക് അയക്കുന്നു. ഇതാണ്‍ സാധാരണ നടക്കുന്നത്.


ഇനി ഇവരുടെ പണിസമയവും പണികളേയും പറ്റി നോക്കാം. കൂടുതലും കുട്ടികളെ നോക്കുക എന്നതാണ്‍ പ്രധാന പണി. അതിന്റെ കൂടെ വീട്ടുപണികളും ചെയ്യണം. സാധാരണ ഒരു വീട്ടമ്മ നാട്ടില്‍ ചെയ്യുന്ന പണികള്‍ തന്നെ. ഭക്ഷണം ഉണ്ടാക്കുക, അടിച്ചു വാരുക (ഒരു ബെഡ്‌റൂം ഉള്ള ഫ്ലാറ്റ് അല്ലെങ്കില്‍ മാക്സിമം 3-ബെഡ്‌റൂം ഫ്ലാറ്റ്), തുണി കഴുകുക (വാഷിങ് മെഷീന്‍ ഉപയോഗിച്ച്) തുടങ്ങിയവയാണ് പ്രധാന പണികള്‍. ഇത്രയും പണി, ചെയ്യാന്‍ പരിചയം ഉള്ളവര്‍ക്ക് മൂന്നു മണിക്കൂര്‍ കൊണ്ട് എല്ലാം തീരും.  കൊച്ചു കുട്ടികള്‍ ഉള്ള വീടാണെങ്കില്‍ ഇത്തിരി കൂടി ബുദ്ധിമുട്ട് തന്നെ. അപ്പോള്‍ പലപ്പോഴും വീട്ടമ്മ തന്നെ കുറെ പണികള്‍ ചെയ്യുന്നു എന്നതാണ് കണ്ടിരിക്കുന്നത്. സ്കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ സ്കൂള്‍ ബസ് വരുമ്പോള്‍ കുട്ടിയെ വഴിയില്‍ നിന്ന് കൂട്ടി കൊണ്ടു വരണം. കുട്ടി സ്കൂളില്‍ പോകുന്ന സമയം മിക്കവാറും തൊഴിലാളിക്ക് വിശ്രമിക്കാം. ഒരു ഫ്ലാറ്റില്‍ താമസിക്കുന്ന ഫാമിലിയില്‍ ഒരു ഗാര്‍ഹിക തൊഴിലാളിക്ക് ജോലി ചെയ്യേണ്ടി വരുന്നത് (കുട്ടികളെ നോക്കുന്നതൊഴിച്ച്) കേവലം നാല്‍-അഞ്ച്-ആറ് മണിക്കൂര്‍ ആണ്‍.


ഇന്ത്യന്‍ കുടുംബങ്ങളുടെ കൂടെ ജോലിക്കു നില്‍ക്കുന്ന ഏകദേശം അറുപത് എഴുപത് ശതമാനം ഗാര്‍ഹിക തൊഴിലാളികളും അസംതൃപ്തരാണ് എന്നാണ് മനസ്സിലാക്കിയത്. അതുപോലെ തന്നെ ഏകദേശം എണ്‍പത് ശതമാനം തൊഴില്‍ ദാതാക്കളും അസംതൃപ്തരാണ്‍. കാരണങ്ങള്‍ പലതാണ്‍. തൊഴിലാളികളുടെ കാര്യമെടുത്താല്‍, പല സാഹചര്യങ്ങള്‍ മൂലമാണ് പലരും വിദേശത്തേക്ക് വരാന്‍ "നിര്‍ബന്ധിതരാ"കുന്നത്. പലര്‍ക്കും ഇവിടെ എത്തിപ്പെട്ടു കഴിഞ്ഞുള്ള ഏകാന്തതയുമായി താദാമ്യം പ്രാപിക്കാനാകുന്നില്ല. അയല്‍‌പക്കത്ത് പോകുകയും കുറച്ച് ലോകകാര്യങ്ങളും കുന്നായ്മയും പറയുകയുമൊക്കെ ചെയ്തിരുന്നവര്‍ പെട്ടെന്ന് ആരും സംസാരിക്കാനില്ലാത്ത ഒരിടത്തേക്കു വരുമ്പോഴുള്ള അസ്വസ്ഥത. അതുപോലെ സ്വതന്ത്രരായി നടന്നവര്‍ക്ക് പെട്ടെന്ന് സ്വാതന്ത്രയം നഷ്ടപ്പെട്ട ഒരു തോന്നല്‍. ഇതെല്ലാം കഴിഞ്ഞ് അടുത്ത ഫ്ലാറ്റിലെ തൊഴിലാളിക്ക് തന്നേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുന്നു എന്നറിയുമ്പോഴേക്കും ഈ അസ്വസ്ഥത അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നു. അവസാനം കോണ്ട്രാക്റ്റ് കാലാവധി കഴിയാതെ തന്നെ ക്യാന്‍സലാക്കി തിരികെ നാട്ടിലേക്ക് പോകുന്നു.


യു എ ഇ-യിലേക്ക് ഒരാളെ കൊണ്ടുവരുന്നതിനുള്ള എംബസിയിലെയും എമിഗ്രേഷനിലെയും ചിട്ടവട്ടങ്ങള്‍ ഇതിലും ബ്രഹതാണ്‍. ഒരു ആളെ ജോലിക്കു കൊണ്ടു വരാന്‍ വിസ എടുക്കണെമെങ്കിലുള്ള ചടങ്ങുകള്‍ അറിഞ്ഞു കഴിയുമ്പോള്‍ തന്നെ ചിലര്‍ ആ തീരുമാനം വേണ്ടെന്ന് വക്കുന്നു.

ആദ്യമായി രക്തബന്ധത്തില്‍ ഉള്ളയാളല്ല എന്ന സര്‍ട്ടിഫിക്കറ്റ് എംബസിയില്‍ നിന്ന് വാങ്ങണം. അതും വാങ്ങി, കമ്പനി ലെറ്റര്‍ (സാലറി സര്‍ട്ടിഫികറ്റ്), ഫ്ലാറ്റിന്റെ കരാര്‍, സ്വന്തം തൊഴില്‍ കരാര്‍ എന്നിവയെല്ലാം ഹാജരാക്കി വിസ എടുക്കണം. അതിനു ശേഷം എംബസിയില്‍ പോയി അവിടുത്തെ "തൊഴില്‍ കരാര്‍" ഇംഗ്ഗ്ലിഷിലും അറബിയിലും അടിച്ച്, ഷാരിയ കോര്‍ട്ടില്‍ പോയി അറ്റസ്റ്റ് ചെയ്ത്, ഫോറിന്‍ അഫ്ഫയേഴ്സില്‍ പോയി അറ്റസ്റ്റ് ചെയ്ത് വീണ്ടും എംബസിയില്‍ ചെല്ലുമ്പോള്‍  അവിടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി 9200 ദിര്‍ഹം (ഏകദേശം ഒന്നര ലക്ഷം രൂപ) അടക്കുമ്പോള്‍ അവര്‍ സ്റ്റാമ്പ് ചെയ്തു തരും. അതു നാട്ടില്‍ കൊണ്ടു വന്ന് പോകേണ്ട ആളെയും കൂട്ടി അവരുടെ ഇന്‍ഷുറന്‍സ് തുക അടച്ച് ഫീസും അടച്ചാല്‍ മാത്രമേ എമിഗേഷന്‍ ക്ലീയറന്‍സ് കിട്ടു. പ്രായം മുപ്പതിന്‍ മേല്‍ ആകണം. അങ്ങനെ നാട്ടില്‍ നിന്ന് വരുന്ന ആളിനെ പതിനഞ്ച് ദിവസത്തിനകം എംബസിയില്‍ ഹാജരാക്കണം. അവര്‍ തൊഴിലാളിക്ക് വേണ്ട ഉപദേശമൊക്കെ കൊടുക്കും. നമ്മള്‍ പീഢിപ്പിച്ചാല്‍ എംബസിയില്‍ അറിയിക്കണം എന്ന രീതിയില്‍. അവര്ക്ക് ഒരു മൊബൈല്‍ കൊടുക്കണം (ആ നമ്പര്‍ എംബസിയില്‍ എഴുതി വക്കുമെങ്കിലും, എന്തു കൊണ്ടോ ആരെയും എംബസിയില്‍ നിന്ന് വിളിച്ച് സുഖവിവരം അന്വേഷിക്കാറില്ല) നാട്ടിലേക്ക് വിളിക്കാനുളള കാശും കൊടുക്കണം. ഇതെല്ലാം കഴിഞ്ഞ് അവര്‍ എത്ര വര്‍ഷം കഴിഞ്ഞു നാട്ടില്‍ പോകുന്നോ, അതിന്‍ മുമ്പ് അവരെ എംബസിയില്‍ ഹാജരാക്കി അവര്‍ക്കു കുഴപ്പമൊന്നും ഇല്ല എന്ന് ഉറപ്പു വരുത്തണം. ഈയിടെയായി അതും പോരാ, അവര്‍ക്ക് ശമ്പളം കൊടുത്തതിന്റെ തെളിവ് ഹാജരാക്കണമെന്ന് ശഠിക്കുന്നു എന്നും കേട്ടു. അതെല്ലാം കഴിഞ്ഞ് ആള്‍ ക്യാന്‍സല്‍ ചെയ്തു പോയാല്‍ മാത്രമേ മുകളില്‍ പറഞ്ഞ സെക്യൂരിറ്റി തുകക്കുള്ള ചെക്ക് (ഒരു മാസത്തിനകം) കിട്ടുകയുള്ളു. അതും വര്‍ഷം എത്ര കഴിഞ്ഞായാലും ഒരു പലിശയുമില്ലാതെ.


വിസ  പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യാന്‍, മെഡിക്കല്‍ ടെസ്റ്റ്, ഐഡന്റിന്റി കാര്‍ഡ്, ഇവിടുത്തെ ഇന്‍ഷുറന്‍സ് എന്നിവക്ക് വീണ്ടും പണം ചെലവാക്കണം. അതിനു ശേഷം 5000+200 ദിര്‍ഹം ഒരു വര്‍ഷത്തേക്ക് അടച്ച് വിസ അടിക്കണം. ഇത് ഫീസ് ആണ്‍, തിരികെ കിട്ടില്ല.

നേരത്തെ പറഞ്ഞല്ലോ എണ്‍പത് ശതമാനം തൊഴില്‍ ദാതാവും തൃപ്തരായിരിക്കില്ല എന്ന്. കാരണങ്ങള്‍ പലതാണ്‍. നാട്ടില്‍ നിന്ന് പോരുമ്പോള്‍ ഉള്ള ആളായിരിക്കില്ല ഇവിടെ എത്തുന്നത്. സ്വന്തം പ്രശ്നങ്ങള്‍ കൊണ്ട് അസ്വസ്ഥരായ തൊഴിലാളികള്‍ അവരുടെ അസ്വസ്ഥതകള്‍ കാണിക്കുന്നതു മൂലം പ്രശ്നങ്ങള്‍  ഉടലെടുക്കുന്നു. മിക്കവാറും താന്‍ നാട്ടില്‍ നിന്ന് പോന്നു കഴിയുമ്പോള്‍  നാട്ടിലോ വീട്ടിലോ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ വരെ അവരെ അസ്വസ്ഥരാക്കുന്നു. പുറമേ നിന്നുള്ള ഉപദേശങ്ങളും ചില പുറംബന്ധങ്ങളും തൊഴില്‍ ദാതാവ്-തൊഴിലാളി ബന്ധത്തെ ബാധിക്കുന്നു. കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോകുമ്പോള്‍ കാണുന്നവര്‍ വരെ തൊഴിലാളിയോട് അടുക്കാന്‍ ശ്രമിക്കുന്നതായി കാണാറുണ്ട്. പലയിടങ്ങളിലും മൊബൈല്‍ തന്നെ ഇതിലും വില്ലന്‍ കഥാപാത്രം. പല കേസിലും തൊഴിലാളികള്‍ കബളിക്കപ്പെടുമ്പോള്‍ ചില കേസുകളില്‍ തൊഴിലാളികള്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ട്. (ചോദ്യം വേണ്ട, ഇതിന് രണ്ടിനും സാക്ഷിയായിട്ടുണ്ട്.). ഇതിന്റെ എല്ലാം തലവേദന അനുഭവിക്കുന്നത് "സ്പോണ്‍സര്‍"എന്ന പാവം തൊഴില്‍ ദാതാവ്.


എന്റെ അറിവില്‍ പെട്ടവയില്‍ വലരെ കുറച്ച് കേസില്‍ മാത്രമേ തൊഴിലാളികള്‍ പീഢിക്കപ്പെടുന്നുള്ളു. (പീഢനം എന്നാല്‍ മാനസിക ശരീരിക പീഢനം, ലൈംഗിക പീഢനം അല്ല). നിയമങ്ങള്‍ കര്‍ശനമായതിനാലും, ഇത്രയും കടമ്പകള്‍ കടന്നു വരുന്നതിനാലും, കുറെ പണനഷ്ടം വരുന്നതിനാലും തൊഴില്‍ ദാതാക്കള്‍ കഴിവതും "അഡ്ജസ്റ്റ്"ചെയ്തു പോകാറാണ്‍ പതിവ്.

:::::::::::::::: x x :::::::::::::::: x x :::::::::::::::: x x :::::::::::::::: x x
 
ഇതെല്ലാം ഗള്‍ഫ് രാജ്യങ്ങളിലെ കാര്യം. ഇവിടെ സ്പോണ്‍സറിന്റെ പക്കല്‍ നിന്ന് ചാടി പോകുന്നത് കുറവാണ്‍. ചാടി പോയി ആജീവനാന്തം പണി ചെയ്താലും ഇവിടെ സിറ്റിസണ്‍ഷിപ്പ് കിട്ടില്ല. എവിടെ വച്ചെങ്കിലും പിടിക്കപ്പെട്ടാല്‍ ജയില്‍വാസവും നാടു കടത്തലും. ജോലിക്കു നിര്‍ത്തുന്നവന്‍ 50000 ദിര്‍ഹം പിഴയും. ഇതു കൊണ്ട് തന്നെ ആ സാഹസം ചെയ്യാന്‍ ആരും മെനെക്കെടാറില്ല.

എന്നാല്‍ പാശ്ചാത്യനാടുകളില്‍  അങ്ങനെയല്ല എന്നാണ് കേട്ടിരിക്കുന്നത്. അഞ്ചു വര്‍ഷം ആ രാജ്യത്ത് പിടിക്കപ്പെടാതെ കഴിഞ്ഞു കൂടിയാല്‍ പോലും സിറ്റിസണ്‍ഷിപ്പ് കിട്ടും എന്നൊക്കെ കേട്ടിട്ടുണ്ട്. അങ്ങനെയാനെങ്കില്‍ എങ്ങനെയെങ്കിലും ഒരു ഗാര്‍ഹിക തൊഴിലാളി വിസ സംഘടിപ്പിക്കാന്‍ എത്ര കുറഞ്ഞ ശമ്പളം ആണെങ്കിലും ഏത് കരാറിലും ഒപ്പുവക്കാന്‍ പലരും തയ്യാറാകും.  ഒരു മാസം വീട്ടു പണിയെടുക്കാന്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ ശമ്പളം കൊടുക്കാന്‍ എത്ര ഇന്ത്യാക്കാര്‍ തയ്യറാകും? അപ്പോള്‍ മുകളില്‍ പറഞ്ഞ പോലെ പരസ്പരം സമ്മതിച്ച തുകക്ക് മറ്റൊരു കരാര്‍ ഉണ്ടാക്കും. അതായിരിക്കില്ലേ ദേവയാനി കേസിലും സംഭവിച്ചിരിക്കുക. അതെ എന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും കുറഞ്ഞ കൂലി കൊടുത്ത് തൊഴിലാളിയെ വഞ്ചിച്ചു എന്നാണ്‍ പലരും പലയിടത്തും എഴുതി കണ്ടത്. ആ തൊഴില്‍ ദാതാവിന്റെ പക്ഷത്ത് നിന്ന് നോക്കിയാല്‍ അതെത്രമാത്രം ശരിയാണെന്ന് സംശയമുണ്ട്. അമേരിക്കന്‍ നിയമങ്ങളുടെ ലംഘനമാണ്‍ ദേവയാനി നടത്തിയത് എന്ന് പറയുമ്പോഴും അതിനെ ന്യായീകരിക്കാന്‍ പറ്റില്ലയെങ്കിലും മറ്റു പലരും  ചെയ്യുന്ന  കുറ്റമാണ്‍ ദേവയാനി ചെയ്തതെന്ന് പറയേണ്ടിയിരിക്കുന്നു.


ഇനി ഇവിടെയാണ് എംബസിയുടെ ഇരട്ടത്താപ്പ്. യു എ ഇ-യിലെ ഒരു സാധാരണ ഇന്ത്യാക്കാരന്‍ കൊണ്ടു വരുന്ന തൊഴിലാളിക്ക് ഇന്ത്യന് ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്നത് മിനിമം 1100 ദിര്‍ഹം ആണ്‍. പരസ്പര ധാരണയില്‍ വരുന്ന ആള്‍ക്ക് കൊടുക്കുന്നത് പതിനായിരമോ പന്തീരായിരമോ ആണെന്നറിയാവുന്ന എംബസിക്കാര്‍  സെക്യൂരിറ്റി തുകയുടെ ബലത്തില്‍ 1100 ദിര്‍ഹം തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍ഫെര്‍ ചെയ്തതിന്റെ തെളിവുകള്‍ ചോദിക്കുന്നു. നേരെ മറിച്ച് അവരുടെ തന്നെ ഉദ്യോഗസ്ഥ പരസ്പരം ഉണ്ടാക്കിയ കരാറില്‍ പറഞ്ഞ ശമ്പളം കൊടുക്കുന്നതിനെ അനുകൂലിക്കുന്നു.

ഇങ്ങനെ വിദേശ ഇന്ത്യാക്കാരുടെ ഗാര്‍ഹിക തൊഴിലാളി പ്രശ്നം കുറെയേറെ കുരുക്കുകള്‍ നിറഞ്ഞതാണ്‍. അത് മാറി മാറി വരുന്ന നിയമങ്ങളും നയങ്ങളും കൊണ്ട് കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നുമുണ്ട്. ഭാവിയില്‍ ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടു പോകുന്നത് വിദേശ ഇന്ത്യാക്കാര്‍ നിര്‍ത്തും എന്നാണ്‍ തോന്നുന്നത്.

:::::::::::::::: x x :::::::::::::::: x x :::::::::::::::: x x :::::::::::::::: x x
 
ഈ ലിങ്ക് കൂടി നോക്കൂ... ഒരാളെ കൊണ്ടു വരാന്‍ ഉള്ള മാസക്കണക്ക് ഇതില്‍ കാണാം
 

Thursday, November 28, 2013

അഭിനന്ദനങ്ങള്‍ ദുബായ് - World Expo 2020

World Expo 2020 ദുബായില്‍ നടക്കുമെന്ന് കേട്ടപ്പോള്‍ പലരും സന്തോഷത്തോടെ അഭിനന്ദന പോസ്റ്റുകള്‍ ഫേസ്‌ബൂക്കില്‍ ഇട്ടു. ചുരുക്കി പറഞ്ഞാല്‍ ഇന്നലെ വൈകിട്ട് യു എ ഇ പ്രവാസികളുടെ സ്റ്റാറ്റസുകളില്‍ തൊണ്ണൂറ് ശതമാനവും ഇതുമായി ബന്ധപ്പെട്ടതായിരിക്കും എന്ന് തോന്നുന്നു.

എന്താണ് എക്സ്പോ...
The Great Exhibition, held in London in 1851, inaugurated World Expos as the hallmark events of a world aspiring to strengthen its connections, celebrate its cultural diversity and marvel at its technological wonders.

Every five years and for a period of six months, World Expos attract millions of visitors. The World Expo has never been held in the Middle East, Africa and South East Asia in the history of the event.

The UAE was bidding to host the World Expo 2020 in Dubai under the theme ‘Connecting Minds, Creating the Future’.

World Expo 2020 കൊണ്ട് ഉണ്ടായേക്കാവുന്ന ഗുണങ്ങള്‍

  1. ഇവിടെ ജോലി ചെയ്യുന്ന പലര്‍ക്കും തങ്ങളുടെ ജോലി 2020 വരെ എങ്കിലും "തെറിക്കില്ല" അല്ലെങ്കില്‍ ഈ ജോലി പോയാലും വേറൊന്നു "തരപ്പെടുത്താം" എന്ന ആശ്വാസമാണ്‍ ഇന്നലത്തെ അറിയിപ്പോടെ ലഭിച്ചിരിക്കുന്നത്.

2.483 ഹെക്ടര്‍ സ്ഥലത്ത് ഒരു ചെറിയ സിറ്റി തന്നെ ഇതിനായി നിര്‍മിക്കപ്പെടും. അതിനോട് അനുബന്ധിച്ച് നിരവധി റോഡുകളും പാലങ്ങളും നിര്‍മ്മിക്കപ്പെടും. അതിനു വെളിയില്‍ ഹോട്ടലുകള്‍ പോലെയുള്ള പല കെട്ടിടങ്ങളുടേയും പണി നടക്കും. ഇതിലൊക്കെ കുറെ പേര്‍ക്ക് ജോലി കിട്ടും. ഹോട്ടലുകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ അനേകം പേര്‍ക്ക് ആ ഫീല്‍ഡില്‍ ജോലി കിട്ടും. (എല്ലാം മലയാളികള്‍ക്കാണ്‍ നേട്ടം എന്നൊന്നും അര്‍ത്ഥമില്ല.)

3. ആറുമാസം നീണ്ടു നില്‍ക്കുന്ന World Expo 2020-യില്‍ രണ്ടു കോടി സന്ദര്‍ശകര്‍ എങ്കിലും എത്തും എന്നാണ്‍ സംഘാടകര്‍ കരുതുന്നത്. അതില്‍ നിന്ന് തന്നെ ഇത് എത്ര വലിയ ഒരു "പരിപാടി"ആണെന്ന് ഊഹിക്കം.

4. ജോലി സാധ്യതെയെ പറ്റി പുറത്തു വന്ന ഊഹക്കണക്ക് അനുസരിച്ച് 270,000 നേരിട്ടുള്ള അവസരങ്ങളും അതിന്റെ 50 മടങ്ങ് നേരിട്ടല്ലാതെയുള്ള അവസരങ്ങളും സൃഷ്ടിക്കപ്പെടും. എത്രത്തോളം ശരിയാണെന്ന് അറിയില്ല. (ഒരു സ്മാര്‍ട്ട് സിറ്റിക്ക് തൊണ്ണൂറായിരം എന്ന കണക്കനുസരിച്ക്‍ കൂടുതലല്ല എന്ന് തോന്നുന്നു )

  ---------------- ------------------ ------------------------

കുറച്ച് വിവരങ്ങള്‍ World Expo 2020 വെബ്‌സൈറ്റില്‍ നിന്നും.http://www.expo2020dubai.ae/en/

Sunday, December 6, 2009

സാമ്പത്തിക മാന്ദ്യം !!

ഗള്‍ഫിനേയും സാമ്പത്തിക മാന്ദ്യം ബാധിക്കുന്നു എന്ന് പറഞ്ഞ്‌ ഒരു വര്‍ഷം ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. അന്നതിനു പല പ്രതികരണങ്ങളും വന്നിരുന്നു. പക്ഷേ നാട്ടില്‍ പലരും ഇതെ പറ്റി അറിഞ്ഞത്‌ ഇപ്പോള്‍ ദുബയ്‌ വേള്‍ഡ്‌ എന്നൊരു "സ്ഥാപനം" തങ്ങള്‍ കടക്കെണിയില്‍ ആയി എന്ന് പുറം ലോകത്തെ അറിയിച്ചപ്പോള്‍ ആണെന്ന് തോന്നുന്നു .

ഇവിടെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ് ഇവിടുത്തെ അവസ്ഥ. ആരെങ്കിലും സ്വയം കണ്ണടച്ച്‌ ഇരുട്ടാക്കിയത്‌ കൊണ്ട്‌ കാര്യമില്ല എന്നര്‍ത്ഥം. നിര്‍മാണ മേഖലയില്‍ ഉണ്ടായിരുന്നവരില്‍ ജോലി നഷ്ടപ്പെട്ടവര്‍ എത്രയെന്ന് ആര്‍ക്കും ഒരു കണക്കുമില്ല. അഞ്ചക്ക ശമ്പളം വാങ്ങുന്നരുടെ കാര്യം മാത്രം നോക്കിയാല്‍ അതൊരു യഥാര്‍ത്ഥ കണക്കെടുപ്പ്‌ ആവില്ലല്ലോ. തനിക്ക്‌ ജോലി നഷ്ടപ്പെട്ടില്ല അല്ലെങ്കില്‍ ഇനി നഷ്ടപ്പെടുവാന്‍ സാധ്യതയില്ല എന്നത്‌ 'ഇവിടെ പ്രശ്നമൊന്നുമില്ല' എന്ന് പറയുവാനുള്ള മാനദണ്ഡവുമാകുന്നില്ല.

ദുബൈ വേള്‍ഡ്‌ എന്ന സ്ഥാപനത്തിന്റെ പതനം ഇന്നൊന്നും ആരംഭിച്ചതല്ല എന്നതാണ്‍ സത്യം. നഖീലിലും ലിമിറ്റ്‌ലെസ്സിലും ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഒരു വര്‍ഷം മുമ്പേ പറഞ്ഞറിഞ്ഞതാണ്‍ അവരുടെ അവസ്ഥ. പ്രധാന പിരിച്ചു വിടല്‍ ഒക്കെ അന്നേ കഴിഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ മാധ്യമ ചര്‍ച്ചകള്‍ കണ്ടാല്‍ ഇപ്പോഴാണോ ഇവരൊക്കെ ഇതൊക്കെ അറിഞ്ഞതെന്ന് തോന്നും. ഇതാണോ മാധ്യമപ്രവര്‍ത്തനം?. ഇപ്പോഴാണോ ഇവരൊക്കെ ഇതൊക്കെ അന്വേഷിക്കുന്നത്‌?

ഇനി ഇതിലെ കേരള രാഷ്ട്രീയം. ശ്രീ അച്ചുതാനന്ദനോ മറ്റു സഖാക്കളോ പറയുന്ന പോലെ ദുബായ്‌ മുഴുവന്‍ കടക്കെണിയില്‍ ആണെന്ന് പറയാന്‍ ഈയൊരു കമ്പനിയുടെ പതനം കാരണമാകുന്നില്ല. ഈ പതനം‌ ദുബായ്‌ മാര്‍ക്കറ്റിനെ ബാധിക്കും എന്നത്‌ നേരു തന്നെ. ഈ കമ്പനിയെ ചുറ്റിയുണ്ടായിരുന്ന ബിസിനസ്സ്‌ സാധ്യതകള്‍ പലതും ഇല്ലാതായി. അതൊക്കെ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ തന്നെ സംഭവിച്ചു കഴിഞ്ഞു. (ഇപ്പോള്‍ നില്‍ക്കക്കള്ളി ഇല്ലതായപ്പോള്‍ അവര്‍ പുറത്തു പറഞ്ഞു എന്നു മാത്രം. ടീകോം ദുബായ് വേള്‍ഡിന്റെ ഭാഗം അല്ല എന്നു കൂടി ചേര്‍ക്കുന്നു). തിരിച്ചു വരുന്നവര്‍ക്കുള്ള പാക്കേജ്‌ ഒക്കെ ചോദിക്കേണ്ടിയിരുന്നത്‌ കഴിഞ്ഞ വര്‍ഷം ആയിരുന്നു. അന്ന് യഥാര്‍ത്ഥ്യം ഉള്‍ക്കോള്ളാന്‍ ആരും തയ്യാറായില്ല.

"അച്ചുതാനന്ദനും കൂട്ടരും " എന്തെങ്കിലും ഒക്കെ പറഞ്ഞു എന്നു കരുതി ഇവിടെയുള്ള മലയാളികളെ മുഴുവന്‍ അത്‌ ബാധിക്കും എന്ന് കരുതാന്‍ തല്‍ക്കാലം എനിക്കാവില്ല. അതൊക്കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഒരു നമ്പര്‍ ആയി കരുതിയാല്‍ മതി.

അബുദാബിയില്‍ ദിനം തോറും ഏറി വരുന്ന ദുബായ്‌ രജിസ്ട്രേഷന്‍ വണ്ടികളുടെ എണ്ണം കണ്ടാല്‍ ദുബായില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് തോന്നുന്നത്‌ സ്വാഭാവികം. അതിനു അബുദാബിക്കാരെയോ മറ്റു നാട്ടുകാരെയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

പറഞ്ഞു വന്നതിന്റെ ചുരുക്കം : ദുബായില്‍ പ്രശ്നങ്ങള്‍ ഉണ്ട്‌. ദുബായില്‍ മാത്രമല്ല, ഗള്‍ഫില്‍ ആകമാനം ഉണ്ട്‌. ദുബായില്‍ പ്രശ്നങ്ങള്‍ ഇത്തിരി കൂടുതലാണെന്ന് മാത്രം. അത്‌ കേരള രാഷ്ട്രീയക്കാരൊ മാധ്യമ ചര്‍ച്ചക്കാരോ ഇന്നു പറയുന്ന പോലെയുള്ള പ്രശ്നങ്ങളല്ല എന്ന് മാത്രം.

പല കമ്പനികള്‍ക്കും പുതിയ പ്രോജക്ടുകള്‍ ഒന്നുമില്ല. ഉള്ളവ തീര്‍ന്നു കഴിഞ്ഞാല്‍ എന്ത് എന്ന ചോദ്യവുമായി ആയിരക്കണക്കിന് പ്രവാസികള്‍ ഇവിടെ കഴിയുന്നുണ്ട്. അത് ഇവിടെ താമസിക്കുന്ന ഓരോ മലയാളിക്കും അറിയാം. ഒരു വര്‍ഷത്തിലേറെയായി ഇതാണ് അവസ്ഥ.

Sunday, February 8, 2009

ഗള്‍ഫില്‍ നിന്നും ലോണ്‍ എടുത്താല്‍..

സാമ്പത്തികമാന്ദ്യം ഗള്‍ഫിനെ ശരിക്കും ബാധിച്ചിരിക്കുന്ന ഈ സമയത്ത് ലോണ്‍ എടുത്തിട്ടുള്ളവര്‍ക്കാണ് കൂടുതല്‍ ടെന്‍ഷന്‍ എന്ന് തോന്നുന്നു. കാരണം പെട്ടന്നൊരു ദിവസം ജോലി നഷ്ടപ്പെട്ടാല്‍ ലോണ്‍ ഉണ്ടെങ്കില്‍ പെട്ടു പോയതു തന്നെ. ഇമാറില്‍ നിന്നും ജോലി നഷ്ടപ്പെട്ട ഒരു കൂട്ടുകാരന്‍ പറഞ്ഞത് "ചേട്ടാ പട്ടിണി കിടക്കാന്‍ പതിനായിരം ദിര്‍ഹംസ് വേണം. ഏഴായിരം ഫ്ലാറ്റിനും, മൂവായിരം ലോണിനും." ലോണ്‍ അടച്ചില്ലെങ്കില്‍ കേസാകും.

പലരുടേയുംവിചാരം ജോലി നഷ്ടപ്പെട്ടാല്‍ ലോണ്‍ തിരികെ അടക്കണ്ട എന്നാണ്. പക്ഷേ അത് തെറ്റാണ്. പല ലോണുകള്‍ക്കും ഏതാനും ശതമാനം വരയേ ഇന്‍ഷുറന്‍സ് കവറേജ് ഉള്ളൂ.
ഇതാണ് ഒരിക്കല്‍ ഗള്‍ഫ് ന്യൂസില്‍ കണ്ട ഉത്തരം.
A reader in Dubai asks: In case of losing my job due to termination am I covered by the insurance policy in my personal loan? The bank includes an insurance fee on personal loans so do I have a legal claim for the insurance to pay my loan balance in case of losing my job?

Asw: Answering such questions requires viewing the insurance policy on loans; if the contract includes a condition that in case the debtor loses his job he will be released from the debt, then it might be OK. But, we suspect that fact, as mentioned by the questioner, because according to our knowledge, there are some banks who waive about only 1 per cent in case the debtor loses his job or if he becomes incapable of continuing payment due to urgent reasons.

ഗള്‍ഫില്‍ നിന്ന് ലോണ്‍ എടുത്തവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ പല പ്രശ്നങ്ങളേയും അഭിമുഖീകരിക്കേണ്ടി വരും. അതിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏത് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. എന്തായാലും നിയമപരമായി നോക്കിയാല്‍ ലോണ്‍ തിരിച്ചടക്കാതെ വിസ ക്യാന്‍സല്‍ ചെയ്തു പോകാന്‍ സാധിക്കില്ല. ഒരാളെ പിരിച്ചു വിടുമ്പോള്‍ അയാള്‍ ലോണ്‍ എടുത്തിരിക്കുന്ന ബാങ്കിനെ അറിയിക്കുന്ന കടമ കമ്പനിക്കുണ്ട്. കാരണം ലോണ്‍ എടുക്കുന്നതിനായി തരുന്ന ലെറ്ററില്‍ അത് പറയുന്നുണ്ട്.

ജോലി പോയാലും ഇന്‍സ്റ്റാള്‍മെന്റ് അടച്ചു കൊണ്ടിരുന്നാല്‍ കുഴപ്പമില്ല. രണ്ടുമാസത്തില്‍ കൂടുതല്‍ മുടക്കം വരുത്തിയാല്‍ മാത്രമേ ലീഗല്‍ ആക്ഷന് ബാങ്കുകാര്‍ നീങ്ങുകയുള്ളൂ.

ഇനി ഒരു മാര്‍ഗ്ഗമുള്ളത് എടുത്തിരി‍ക്കുന്ന ലോണിന് ആരെങ്കിലും ഗ്യാരണ്ടി കൊടുക്കുക എന്നതാണ്. അതായത് ബന്ധുക്കളോ സുഹൃത്തുക്കളോ ബാങ്കില്‍ നേരിട്ട് ഹാജരായി ജാമ്യം നില്‍ക്കുന്ന ഏര്‍പ്പാട്. അങ്ങനെ ആരെങ്കിലും ജാമ്യം നിന്നാല്‍ മാസാമാസം ഇന്‍സ്റ്റാള്‍മെന്റ് അടച്ചുകൊണ്ടിരുന്നാല്‍ കുഴപ്പമില്ല. രണ്ടുമാസത്തെ മുടക്കം വരുത്തിയാല്‍ ജാമ്യം നിന്നയാളെയും പ്രതി ചേര്‍ക്കും.

ഇനി വിസ ക്യാന്‍സല്‍ ചെയ്യാതെയോ ലോണ്‍ തിരികെ അടക്കാതെയോ മുങ്ങുന്നവരോട്... അമ്പതിനായിരത്തിലധികമുള്ള കാശ് വാങ്ങാന്‍ ബാങ്കുകാര്‍ നാട്ടിലെ പോലീസിനേയും കൊണ്ട് വീട്ടിലെത്തും. കൂട്ടുകാരന്റെ അനുഭവം സാക്ഷ്യം. കേസ് ആയിക്കഴിഞ്ഞാല്‍ ജീവിതകാലത്ത് തിരികെ വരാം എന്ന് കരുതരുത്. കാരണം വരുന്നയുടനെ പിടിച്ച് അകത്തിടും.

അമ്പതിനായിരത്തില്‍ താഴെയാണെങ്കില്‍ ചിലതൊക്കെ എഴുതിത്തള്ളൂം എന്ന് പറയുന്നു. (അവരുടെ ഇന്‍ഷുറന്‍സില്‍ കവര്‍ ആകും എന്ന് കേള്‍ക്കുന്നു... ഇത് എനിക്ക് ശരിക്കറിയില്ല, കേട്ടറിവാണ്)

X :::::::::::::::::::::::: X :::::::::::::::::::::::: X :::::::::::::::::::::::: X :::::::::::::::::::::::: X
ഞാന്‍ നേരത്തെയിട്ട ഈ പോസ്റ്റില്‍ (ഗള്‍ഫിനേയും സാമ്പത്തിക മാന്ദ്യം ബാധിക്കുന്നു. )കല്യാണി ചോദിച്ച ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് ഇത് എഴുതിയത് . കൂടുതല്‍ അറിയാവുന്നവര്‍ കമന്റില്‍ പറയും എന്ന് കരുതി പോസ്റ്റാക്കി എന്ന് മാത്രം.

Monday, December 1, 2008

ഗള്‍ഫിനേയും സാമ്പത്തിക മാന്ദ്യം ബാധിക്കുന്നു.

ഗള്‍ഫില്‍ സ്ഥിതി വഷളായി കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്യം ആളുകള്‍ക്ക് മനസ്സിലായി കൊണ്ടിരിക്കുന്നു എന്ന് കരുതുന്നു. ( തലക്കെട്ട് കണ്ടിട്ട് ഇന്നാണോ ഇത് അറിഞ്ഞത് എന്ന് ചോദിക്കരുത്. പ്രത്യക്ഷത്തില്‍ വരാന്‍ തുടങ്ങി എന്നതാണ് കാരണം). ഇപ്പോഴും ഇവിടുത്തെ ഗവണ്മെന്റുകള്‍ ഒന്നും അംഗീകരിക്കുന്നില്ലെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യം ഗള്‍ഫിനെ സാരമായി ബാധിച്ചു തുടങ്ങി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കുറഞ്ഞ പക്ഷം റിയല്‍ എസ്റ്റേറ്റ് മേഖലയെ എങ്കിലും.

(എനിക്ക് അറിയാവുന്ന) യു. എ.ഇ- യിലെ കാര്യം നോക്കിയാല്‍, ആദ്യം ദുബായ് ആണ് ഓര്‍മ്മയില്‍ എത്തുന്നത്. കാരണം എണ്ണപ്പണമില്ലാതെ ബിസിനസ്സ് കൊണ്ട് സാമ്പത്തിക രംഗം പിടിച്ചു നിര്‍ത്തുന്ന ദുബായിലാണ് ആദ്യമായി ഇത് ബാധിച്ചു തുടങ്ങിയത് എന്ന് തോന്നുന്നു. ബാങ്കിങ് മേഖലയാണ് ആദ്യമായി പ്രതിരോധത്തിലൂന്നിയത് എന്നും തോന്നുന്നു. Job cutting മുന്നില്‍ കണ്ട് ലോണുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുനര്‍ക്രമീകരിച്ചത് തന്നെ ഉദാഹരണം. അപ്രൂവ് ആകാറായ ലോണുകള്‍ പോലും പലര്‍ക്കും നിഷേധിക്കപ്പെട്ടു. ലോണിനുള്ള കുറഞ്ഞ ശമ്പള പരിധി 20,000 ദിര്‍ഹം വരെ ഉയര്‍ത്തിയ ബാങ്കുകളുമുണ്ട്.

ഇനി റിയല്‍ എസ്റ്റേറ്റിന്റെ കാര്യമെടുക്കാം. ആറുമാസം മുമ്പ് വരെ ഒരോ ദിവസവും ഓരോ പ്രോജെക്റ്റ് അനൗണ്‍സ് ചെയ്തിരുന്ന പല വമ്പന്മാരും തങ്ങളുടെ പ്രോജക്റ്റുകള്‍ തുടങ്ങിയതു പോലും നിര്‍ത്തി തടിയൂരാനുള്ള പുറപ്പാടിലാണ്. ഒന്നുകൂടി ശരിയായി പറഞ്ഞാല്‍ തടിയൂരിക്കൊണ്ടിരിക്കുകയാണ്. ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതു തന്നെയാണ്. ഡിമാന്റിനും അധികം യൂണിറ്റുകള്‍ നിര്‍മ്മിച്ച് അമിതലാഭം പ്രതീക്ഷിച്ചിരുന്നപ്പോള്‍ ആരും ഈ ഒരു ഇടിവ് പ്രതീക്ഷിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍. നിര്‍മ്മാണ മേഖലയുടെ കുതിപ്പിന് കടിഞ്ഞാണ്‍ ഇടണമെന്ന്, അതായത് Slow Down അനിവാര്യമാണെന്ന് ഒരു വര്‍ഷം മുമ്പേ പല സാമ്പത്തിക വിദഗ്ദരും മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ അമിത ലാഭം എന്ന ഒറ്റ കാരണത്താല്‍ എല്ലാവരും അത് അവഗണിച്ചു. ഇപ്പോള്‍ പല യൂണിറ്റുകള്‍ക്കും 40-50% വില കുറഞ്ഞിരിക്കുന്നുവെങ്കിലും വാങ്ങാന്‍ ആളില്ലാത്ത സ്ഥിതി. (തറവാടിയുടെ ഈ പോസ്റ്റ് അനുബന്ധമായി വായിക്കാം).

ഇതിന്റെ പരിണിതഫലം ഇപ്പോള്‍ എല്ലാ മേഖലയിലേക്കും ബാധിക്കുന്നു. സാധാരണക്കാരനിലേക്ക് പോലും അത് പല രൂപത്തില്‍ എത്തി തുടങ്ങിയിരിക്കുന്നു. നിര്‍മ്മാണ മേഖലയിലെ പല കമ്പനികളും ആളുകളെ കുറച്ചു കൊണ്ടിരിക്കുന്നു. അതില്‍ 800 ദിര്‍ഹം ശമ്പളമുള്ള തൊഴിലാളികളും 60000 ദിര്‍ഹം ശമ്പളമുള്ള മാനേജരും ഉള്‍പ്പെടുന്നു എന്നതാണ് വാസ്തവം. എല്ലാ ഡവലപ്പേഴ്സും അനിവാര്യമായ ഈ "Fat cutting" നടത്തുന്നതായാണ് അറിവ്. Emaar, Nakheel, Damac, Better Homes, Dubai Properties എന്നു വേണ്ട ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വമ്പന്മാരെല്ലാം ഈ കട്ടിങ് നടത്തിക്കഴിഞ്ഞു. സാങ്കേതിക രംഗത്തും അഡ്മിനിസ്ട്റേഷന്‍ രംഗത്തും മാത്രമായി 300 മുതല്‍ 800 വരെ ആള്‍ക്കാരെയാണ് ഓരോ കമ്പനിയും കുറച്ചിരിക്കുന്നത്. എന്റെ സുഹൃത്തുക്കളും ജോലി പോയവരില്‍ പെടുന്നു.

ഇവരുടെ ഒക്കെ പല പ്രോജക്റ്റുകളും പാതി വഴിക്ക് ഉപേക്ഷിക്കപ്പെട്ടു. ടൂറിസം രംഗവുമായി ബന്ധപ്പെട്ട പ്രോജക്റ്റുകള്‍ പലതും നിര്‍ത്തിയതില്‍ ഉള്‍‍പ്പെടുന്നു. ഫലമോ, പല കണ്‍സ്ട്രക്ഷന്‍ കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ കുറക്കാന്‍ നിര്‍ബന്ധിതരായി കൊണ്ടിരിക്കുന്നു. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ എന്റെ അറിവനുസരിച്ച് 18,000 ആളുകളെയാണ് പിരിച്ചു വിട്ടു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ഓരോ പ്രോജെക്റ്റിലും ഉള്ള സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ അറിയുന്ന വിവരങ്ങള്‍ പലതും ആശങ്കയുടേതാണ്. പലരും തങ്ങളുടെ ഊഴവും കാത്തിരിക്കുന്നു. ഈ കാത്തി‍ക്കുന്നവരില്‍ എല്ലാ വിഭാഗവും ഉള്‍പ്പെടുന്നു.

സാങ്കേതിക രംഗത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടാലും അത് ചിലപ്പോള്‍ പൂര്‍ണ്ണമായും ദോഷകരമായി ബാധിക്കില്ല എന്ന് പറയാം. ചിലര്‍ക്കൊക്കെ മറ്റു കമ്പനികളില്‍ ജോലിക്ക് കയറാന്‍ സാധിക്കുന്നുണ്ട്. പക്ഷേ അവിടെയും ഒരു പ്രശ്നം അവരെ ബാധിക്കും. കിട്ടിക്കൊണ്ടിരുന്ന ശമ്പളത്തിന്റെ പാതിയോ അതില്‍ ഇത്തിരി കൂടുതലോ ഒക്കെയാവും പുതിയ കമ്പനിയുടെ 'ഓഫര്‍'. അപ്പോള്‍ അവരുടെ പല പ്ലാനുകളും അവതാളത്തിലാകും. പഴയ ശമ്പളത്തിന്റെ ബലത്തില്‍ നാട്ടിലൊക്കെ വലിയ ലോണുകള്‍ എടുത്ത ഇവര്‍ക്ക് പെട്ടെന്നുള്ള മാറ്റം ബുദ്ധിമുട്ടുണ്ടാക്കും എന്ന് തീര്‍ച്ച.

ചിലര്‍ക്ക് ഒരു മാസത്തിനകം ജോലി നേടിയെടുക്കാന്‍ കഴിയാതെയും വരാം. അവര്‍ക്കൊക്കെ തിരിച്ചു പോക്ക് അനിവാര്യമാകും. നോട്ടീസ് കിട്ടിയ ആര്‍ക്കും നോട്ടീസ് കാലാവധി ആയ ഒരു മാസം തികഞ്ഞിട്ടില്ല. അടുത്ത മാസം മുതല്‍ ചിത്രം കൂടുതല്‍ വ്യക്തമായിത്തുടങ്ങും. കൂട്ടത്തോടെ ഒരു തിരിച്ചു വരവല്ലെങ്കിലും പലരും നാട്ടിലേക്ക് 'താല്‍ക്കാലികമായെങ്കിലും' മടങ്ങും. (ഗള്‍ഫ് ജോലി ശാശ്വതമാണെന്നുള്ള കാഴ്ച്ചപ്പാടില്‍ കേരളത്തിലേക്ക് മടങ്ങിപ്പോക്ക് ഓര്‍ക്കാന്‍ കൂടി സാധിക്കില്ല എന്ന് പറഞ്ഞ് ചര്‍ച്ച നടന്ന ദേവസേനയുടെ പോസ്റ്റും കമന്റുകളും ഒരിക്കല്‍ കൂടി ഓര്‍മയില്‍ വരുന്നു).

ഇനിയാണ് തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം. ഞാന്‍ പറഞ്ഞല്ലോ ഒരു 18,000 കണക്ക്. (ഇത് ഒരു കമ്പനിയിലെ കാര്യമാണ്, അങ്ങനെ എത്ര കമ്പനികള്‍ കാണും എന്ന് ഊഹിച്ചാല്‍ മതി). അതില്‍ 60-70% ആള്‍ക്കാര്‍ സാധാരണ തൊഴിലാളികള്‍ ആണ്. പെട്ടെന്നുള്ള പിരിച്ചു വിടല്‍ ഇവരെ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയുകയേ നിവൃത്തിയുള്ളൂ. ഇവരില്‍ ഇന്ത്യാക്കാര്‍ മാത്രമല്ല ഉള്ളത്. ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളും പാകിസ്ഥാനികളും നേപ്പാളികളും ചൈനാക്കാരും ഒക്കെ ഉള്‍പ്പെടും. പലരും ആത്മഹത്യയുടെ വഴി തെരെഞ്ഞെടുക്കുമോ എന്ന് പോലും ഭയപ്പെടേണ്ടിയിരിക്കുന്നു. ഉള്ളതൊക്കെ വിറ്റുപെറുക്കി, അല്ലെങ്കില്‍ പണയപ്പെടുത്തി നാട്ടില്‍ നിന്ന് 80,000-1,00,000 രൂപയൊക്കെ കൊടുത്ത് ജോലിക്ക് വന്ന പാവം തൊഴിലാളികള്‍. പലര്‍ക്കും ജീവിതം വഴിമുട്ടും എന്ന് തീര്‍ച്ച. വര്‍ഷങ്ങളായി ഇവിടെ നില്‍ക്കുന്നവരെ നിലനിര്‍ത്തി, പുതിയ ആള്‍ക്കാരെയാവും പല കമ്പനികളും പിരിച്ചു വിടുന്നത്. അതായിരിക്കും തൊഴിലാളികള്‍ നേരിടൂന്ന ഏറ്റവും വലിയ പ്രശ്നം. പലരുടേയും കടങ്ങള്‍ വീടിക്കാണില്ല.

നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധി പ്രത്യക്ഷമായും പരോക്ഷമായും അതിനോടനുബന്ധിച്ചുള്ള പല ബിസിനസ്സുകളേയും ബാധിക്കാനിരിക്കുന്നതേയുള്ളൂ. ഞാന്‍ പറഞ്ഞത് യു.എ.യി-യിലെ നിര്‍മ്മാണ മേഖലയെ പറ്റി മാത്രമാണെന്ന് ഓര്‍ക്കുക. മറ്റു മേഖലയിലെ യാഥാര്‍ത്ഥ്യം എന്തെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. അതുപോലെ , മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതിയും ഇതു തന്നെയാണെന്ന് കരുതുന്നു.

ഏതായാലും വരും നാളുകള്‍ (കുറച്ച് നാളുകളെങ്കിലും) ഗള്‍ഫുകാരെ സംബന്ധിച്ച് നല്ലതായിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി