ഇന്നത്തെ തീയതി :
Showing posts with label പ്രതിഷേധം. Show all posts
Showing posts with label പ്രതിഷേധം. Show all posts

Friday, June 18, 2010

സി എം എസ് - എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു

ഞാന്‍ പഠിച്ചിട്ടില്ലെങ്കിലും പലപ്രാവശ്യം പോയിട്ടുള്ള, കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ , ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള എനിക്ക് പ്രയെപ്പെട്ട  കോട്ടയം സി എം എസ് കോളെജില്‍ നടന്ന ആക്രമണത്തില്‍ ഞാന്‍ എന്റെ വ്യക്തിപരമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.


ആക്രമണം നടത്തിയത് എസ് എഫ് ഐ-കാര്‍ മാത്രമാണ് എന്ന് വിശ്വസിക്കാന്‍ വളരെ പ്രയാസം.. ഇത് സി.പി.എം പാര്‍ട്ടിയില്‍ ആരൊക്കെയോ അറിഞ്ഞ് നടന്ന ആക്രമണം തന്നെയാണെന്ന് പണ്ട് എസ് എഫ് ഐ ആയിരുന്ന ഞാന്‍ വിശ്വസിക്കുന്നു. കാരണം മാധ്യമങ്ങളില്‍ കണ്ട വിധമുള്ള അടിച്ചു തകര്‍ക്കല്‍ എസ് എഫ് ഐ കാര്‍ തനിയെ ചെയ്യുമെന്ന് തോന്നുന്നില്ല.


സഭാ നേതാക്കന്മാര്‍ പറയുന്ന പോലെയുള്ള ന്യൂനപക്ഷത്തിനെതിരെ ഉള്ള ആക്രമണമായൊന്നും ഞാന്‍ കരുതുന്നില്ല. തെരെഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ അങ്ങനെയൊരു നീക്കം നടത്താന്‍ കോട്ടയത്തെ ഇടതു പക്ഷ മുന്നണി മുതിരുമോ എന്ന് അറിയില്ല.


സ്വയം പ്രതിരോധം തീര്‍ക്കുന്നത് നിയമവാഴ്ചക്കെതിരാണെന്ന് ആഭ്യന്തര മന്ത്രി പറയുന്ന കേട്ടു,, സം‌രക്ഷണം നല്‍കേണ്ട പോലീസ് നോക്കി നില്‍ക്കെ ഇങ്ങനെയൊരു ആക്രമണം നടന്നുവെങ്കില്‍ പിന്നെ സ്വയം സം‌രക്ഷണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ എന്ത് തെറ്റാണ് എന്ന് മനസ്സിലാകുന്നില്ല.
 

എസ്.എഫ്.ഐ ക്കാരേ .. എന്തായാലും ഇക്കാണിച്ചത് മോശമായി പോയി.. ആരു ചെയ്താലും അത് എസ് എഫ് ഐ-യുടെ പേരിലാണ് എന്നോര്‍ക്കുക,,,

Friday, February 26, 2010

എം എഫ് ഹുസൈന്‍... കഷ്ടം! ! .. ഇത് വേണ്ടായിരുന്നു.

എം എഫ് ഹുസൈന്‍ .. നിങ്ങളെ ഞാന്‍ എഴുതി തള്ളുന്നു. തൊണ്ണൂറ്റഞ്ചാം വയസ്സില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ആ മനസ്സിനെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. താങ്കളുടെ ജീവന് ഇനി എന്ത് ഭീഷണി. ജീവിച്ച് കൊതി തീരാത്ത മനസ്സായിരുന്നോ അത്? ഇനിയും സമയമുണ്ട്. താങ്കള്‍ക്ക് ആ തീരുമാനം മാറ്റാം.

എന്തൊക്കെ പ്രതി ബന്ധങ്ങള്‍ ഉണ്ടായാലും എം എഫ് ഹുസൈന്‍ ഇന്ത്യന്‍ പൗരന്‍ ആയിരുന്നാല്‍ അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കും. സ്വന്തം ഇഷ്ടപ്രകാരം ജോലി സംബന്ധമായി ജീവിതം പറിച്ചു നടുന്നവരും, പാശ്ചാത്യ ജീവിതം ഇഷ്ടപെടുന്നതിന്റെ പേരില്‍ വിദേശത്ത് കുടിയേറുന്നവരും ധാരാളം ഉണ്ട്. പക്ഷേ ഇത് അങ്ങനെ ആണെന്ന് തോന്നുന്നില്ല. ഒരു കലാകാരന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ഇത്ര നാളും അറിയപ്പെട്ടിരുന്ന എം. എഫ് ഹുസൈന്‍ ഇനി എന്തായിരിക്കും ഇന്ത്യാക്കാര്‍ക്ക്? എന്റെ നാടിനെ തള്ളീപ്പറയുന്നതിന് തുല്യമായി,ഉപേക്ഷിച്ച ഒരാള്‍.

രണ്ടര വര്‍ഷം മുമ്പ് അദ്ദേഹത്തെ എതിര്‍ത്ത് രാഹുല്‍ ഒരു പോസ്റ്റ് ഇടുമ്പോള്‍ എം എഫ് ഹുസൈന്‍ എന്ന കലാകാരനെ തള്ളിപ്പറയാന്‍ തോന്നിയിരുന്നില്ല. അതൊക്കെ അദ്ദേഹത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യം എന്നു കരുതി. അന്ന്‍ അദ്ദേഹം വരച്ച ചിത്രങ്ങള്‍ ആരെയും അപമാനിക്കുന്നതായി തോന്നിയിരുന്നില്ല. പക്ഷേ ഇന്ന് അദ്ദേഹം എന്നെ പോലെ ചിന്തിച്ച പലരെയും അപമാനിതനാക്കിയിരിക്കുന്നു എന്ന് തോന്നിപ്പോകുന്നു. തന്റെ സൃഷ്ടികളുടെ പേരില്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങളെ നേരിടാന്‍ വയ്യെങ്കില്‍ പിന്നെന്തിന് ഈ പണിക്ക് പോയി? അതും ഈ പ്രായത്തില്‍ അദ്ദേഹം എന്തിനെ ഭയക്കണം? സ്വന്തം ജീവനെയോ?

ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു ജീവിതം മുഴുവന്‍ ഹോമിക്കുന്നവര്‍ക്ക് പോലും അവിടെ പൗരത്വം കിട്ടാത്ത സാഹചര്യത്തില്‍ ഇദ്ദേഹത്തിന് എന്തിനവര്‍ പൗരത്വം കൊടുക്കുന്നു എന്ന് കൂടി ചിന്തിച്ചു പോകുന്നു. അതിലെ രാഷ്ട്രീയം തീരെ മനസ്സില്‍ പിടിക്കുന്നില്ല. നമ്മുടെ രാജ്യം ഇദ്ദേഹത്തെ പോലെയുള്ള കലാകാരന്മാര്‍ക്ക് സുരക്ഷിതമല്ല എന്നാണോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത് ? ഇദ്ദേഹത്തിന്റെ ഖത്തര്‍ പൗരത്വത്തെ അനുകൂലിക്കുന്ന ധാരാളം ആളുകളുണ്ടാവാം. എനിക്കെന്തോ ദഹിക്കുന്നില്ല, അത്ര തന്നെ.

ഈ പഴയ (ചെറിയ) പോസ്റ്റില്‍‍ ഞാന്‍ പറഞ്ഞത് തന്നെ വീണ്ടും പറയുന്നു.
"എനിക്ക് പ്രിയപ്പെട്ടത് എന്റെ കേരളവും അതുള്‍പ്പെടുന്ന എന്റെ ഇന്ത്യയും തന്നെയാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു."

:: വാല്‍ക്കഷണം ::
ഇനി ഇവര്‍ തസ്ലീമ നസ്രീന് കൂടി പൗരത്വം കൊടുത്തിരുന്നെങ്കില്‍ !! അവരും ഒരു പാവം കലാകാരിയല്ലേ ..

Monday, February 16, 2009

ജേഡ് ഗുഡി - മരണവും കാത്ത്

ജേഡ് ഗുഡിയെ ഒരുവിധം എല്ലാവര്‍ക്കും അറിയാമായിരിക്കും. നമ്മുടെ "അഭിമാനമായ" ശില്പാ ഷെട്ടിയെ (ലിങ്ക് 1 , ലിങ്ക് 2) ബിഗ് ബ്രദര്‍ ഷോയില്‍ വംശീയമായി അപമാനിച്ച താരം. അതിന്റെ പേരില്‍ ലോകം മുഴുവന്‍ പ്രതിഷേധത്തിനിരയായ സ്ത്രീ.


ജേഡ് ഗുഡിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഗുരുതരമായി ക്യാന്‍സര്‍ ബാധിച്ച അവര്‍ക്ക് ഇനി ഡോക്ടര്‍മാര്‍ വിധിച്ചിരിക്കുന്നത് കൂടിയാല്‍ എട്ടാഴ്ചയാണ്. ക്യാമറക്ക് മുമ്പില്‍ വച്ച് തന്നെ മരിക്കണമെന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. അതവരുടെ 'സ്വ'കാര്യം.


***************************************


ഇനി, എനിക്ക് മോശപ്പെട്ടതെന്ന് തോന്നിയ ഒരു സൈറ്റിലേക്കാണ് നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നത്. (ഈ സൈറ്റ് കണ്ടിട്ട് ഇത് ഉണ്ടാക്കിയവന്മാരെ മനസ്സ് കൊണ്ടെങ്കിലും രണ്ട് ചീത്ത വിളിച്ചില്ലെങ്കില്‍ മോശമാണെന്ന് തോന്നുന്നു.) ജേഡ് ഗുഡിയുടെ മരണസമയം പ്രവചിക്കുന്നവര്‍ക്ക് ഒരു ആപ്പിള്‍ ഐപോഡ് ( Apple ipode) സമ്മാന വാഗ്ദാനവുമായി ഒരു വെബ്‌സൈറ്റ് രൂപം കൊണ്ടിരിക്കുന്നു. അതാണ് www.whenwilljadegoodydie.com (ലിങ്ക് നേരിട്ട് തരുന്നില്ല).

ഒരാളുടെ ദാരുണ മരണം പ്രവചിച്ച് സമ്മാനം കൊടുക്കുക അല്ലെങ്കില്‍ നേടുക എന്ന ദുഷിച്ച ചിന്താഗതിയുള്ള മനുഷ്യരും അവരുടെ ലോകവുമാണ് എന്നെ ഈ പോസ്റ്റ് ഇടുവാന് പ്രേരിപ്പിച്ചത്. സാധാരണ മരണമായിരുന്നെങ്കില്‍ ഇത്ര വലിയ നീറ്റല്‍ തോന്നില്ലായിരുന്നു. ഇത് ഏത് നിമിഷവും മരണം കാത്തിരിക്കുന്ന ഒരു സ്ത്രീയുടെ മരണത്തെയണിവര്‍ കളിയാക്കുന്നത്. പറയുന്ന ന്യായങ്ങള്‍ അവരുടെ സൈറ്റില്‍ തന്നെ വായിച്ച് നോക്കുക. ഈ സൈറ്റിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത് അവരുടെ ന്യായം. പക്ഷേ അത് അംഗീകരിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല.

ഒരുപക്ഷേ ഇത് കാണുമ്പോള്‍ അവരെ സ്നേഹിക്കുന്ന ചിലര്‍ക്കെങ്കിലും വേദനിക്കും. മരണം അടുത്തെത്തി എന്നറിഞ്ഞിട്ട് ജീവിക്കുന്നവര്‍ക്കും അവരുടെ മരണത്തെ വേദനയോടെ കാത്തിരിക്കുന്നവര്‍ക്കും ഇത്തരം സൈറ്റുകള്‍ എന്ത് വികാരമാണ് ജനിപ്പിക്കുക എന്നാലോചിച്ചു പോയി.

നാളെയിത് വ്യാപകമായാല്‍ ഒരു പക്ഷേ നമ്മൂടെ നാട്ടിലും ഇത്തരം സൈറ്റുകള്‍ വരില്ല എന്നാരു കണ്ടു? രോഗാതുരനായി ആശുപത്രിയില്‍ കിടക്കുന്ന ഒരു മതനേതാവിന്റെ മരണം, അല്ലെങ്കില്‍ രാഷ്ട്രീയക്കാരന്റെ മരണം ഒക്കെ പ്രവചിക്കാന്‍ ആരെങ്കിലും സൈറ്റ് തുടങ്ങിയാല്‍ ....!! അവനെ വച്ചേക്കില്ല അല്ലേ?.. അതേ ന്യായം ഈ സ്ത്രീക്കും കൊടുത്തു കൂടെ?


::::::::::::::::::::::: X ::::::::::::::::::::::: X::::::::::::::::::::::: X::::::::::::::::::::::: X
ജേഡ് ഗുഡി വംശീയമായി അധിഷേപിച്ചത് ഭാരതത്തെയാണെന്നോ, കറുത്തവരെയാണെന്നോ, അതല്ല ശില്പ്പയെ ആണെന്നോ എന്നൊന്നും തര്‍ക്കിക്കാന്‍ ഞാനില്ല. അതിലും വലിയ അധിഷേപങ്ങള്‍ നിത്യജീവിതത്തില്‍ പലരും അനുഭവിക്കുന്നുണ്ടാവാം. സെലിബ്രിറ്റികളായപ്പോള്‍ വാര്‍ത്തയായി, മല്‍സരത്തില്‍ ശില്പ അത് മുതലെടുത്തു. അത്രമാത്രം.

Wednesday, January 7, 2009

നാണിക്കൂ ലോകമേ

എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്കൂ...


കൊച്ചുകുട്ടികളുടെ മൃതശരീരത്തിന് മുമ്പില്‍ അലറികരയുന്ന മാതാപിതാക്കളെ കണ്ടിട്ട് മനസ്സില്‍ കനിവ് തോന്നാത്ത ബാന്‍ കി മൂണ്‍ എന്ന മനുഷ്യാ, ഐക്യ രാഷ്ട്ര സഭ എന്തിനു വേണ്ടി ....


അഭയാര്‍ത്ഥി ക്യാമ്പായ സ്കൂളുകള്‍ പോലും ബോംബിട്ട് തകര്‍ക്കുമ്പോള്‍ , അത് ഞങ്ങള്‍ നിര്‍മ്മിച്ച ഫൈറ്ററാണ് എന്ന് അഭിമാനിക്കുന്ന അമേരിക്കക്കാരാ ആ കുട്ടികളുടെ ശാപം നിനക്കുകൂടിയുള്ളതാകുന്നു....


ഈ ആധുനിക ലോകത്ത് നടക്കുന്ന ഈ നരഹത്യക്കെതിരെ ശരിയായി പ്രതികരിക്കാത്ത ലോകനേതാക്കളേ, അത്മീയ നേതാക്കളേ , സമൂഹ്യപ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്നവരേ നിങ്ങളുടെ നാവുകള്‍ എവിടെപ്പോയി...


ഈ ക്രൂരത കണ്ടിട്ടും എതിര്‍ക്കാതെ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കാന്‍ ശ്രമിക്കുന്ന മന്‍‌മോഹന്‍സിംഗ് എന്ന പ്രധാനമന്ത്രി.. ഹാ.. കഷ്ടം.. നമ്മളും നാണിക്കണം...



XX :::::::::::: XX :::::::::::: XX :::::::::::: XX :::::::::::: XX :::::::::::: XX



യുദ്ധങ്ങള്‍ എന്നും നാശങ്ങള്‍ ഉണ്ടാക്കും. പക്ഷേ കരുതിക്കൂട്ടി നിര്‍ദ്ദയമായി കുട്ടികളേയും സ്ത്രീകളേയും നിസഹായരേയും അരിഞ്ഞു തള്ളുന്ന ഈ പ്രവൃത്തി കണ്ടിട്ട് ഇതിനെതിരെ പ്രതികരിക്കാത്ത ലോകത്തോട് ദേഷ്യം മാത്രമാണ് തോന്നുന്നത്. ഇതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതോടൊപ്പം ജീവിച്ചു കൊതിതീരാതെ മരിച്ച ആ പാവം കുട്ടികള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള വിവിധ സമൂഹങ്ങളോട് ക്ഷമിക്കട്ടെ എന്ന് ആശിക്കുന്നു.



"കബന്ധങ്ങളും അറ്റ കൈകാല്‍ തുണ്ടങ്ങളും


ചെഞ്ചോര വീണു തിണര്‍ത്ത തടങ്ങളും


കൂമനും കുറുനരി ആയിരം കഴുകനും


നാവിന്നു വിശ്രമം ഇല്ലാത്ത ഭക്ഷ്യമായ്"


എന്ന് കുരുക്ഷേത്ര ഭൂമിയെ പറ്റി എഴുതി അത് ഞങ്ങളെ പഠിപ്പിച്ച 'ഓണംതുരുത്ത് രാജശേഖരന്‍' സാര്‍ (ദ്രൗണി അന്നും ഇന്നും എന്നും എന്ന നാടകത്തില്‍) അന്നത് പറയുമ്പോള്‍ യുദ്ധക്കളം ഇത്ര ഭീകരമാണെന്ന് ഓര്‍ത്തില്ല. കാരണം അന്നത് യുദ്ധം ചെയ്യുന്ന പോരാളികളുടേതായിരുന്നെങ്കില്‍, ഇന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളുടേതു കൂടിയാണ്.



ഈ പ്രതിഷേധത്തില്‍ പാലസ്തീനും ഇസ്രയേലും തമ്മിലുള്ള രാഷ്ട്രീയമായ യുദ്ധമോ ആരോപിതമായ തീവ്രവാദമോ ഒന്നും പരിഗണനാ വിഷയമല്ല. രണ്ടുകൂട്ടര്‍ക്കും അവരവരുടെ ശരികളും തെറ്റുകളും കാണുമായിരിക്കും. നിരപരാധികളുടെ കൂട്ടക്കുരുതിയെ മാത്രമാണ് ഇവിടെ ഞാന്‍ എതിര്‍ക്കുന്നത്.




തന്റെ മൂന്നു മക്കളുടെ മുമ്പില്‍ ഇരുന്നു കരയുന്ന ഒരച്ഛന്റെ ചിത്രമാണ് എന്റെ മുന്നില്‍. എന്റെ ഇളയ മകന്റെ പ്രായമുള്ള കുട്ടിയും അതില്‍ പെടുന്നു. മരിച്ചു കിടക്കുന്ന ഓരോ കുട്ടിയിലും ഞാന്‍ എന്റെ മക്കളെ കാണുന്നു. ഒരിറ്റു കണ്ണുനീര്‍ അവര്‍ക്കായി.....

::::::::::::::::::::::::::::::::: XX ::::::::::::::::::::::::::::::::::::::::::

പലസ്തീന്‍ -ഇസ്രായേല്‍ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം.. സൂരജിന്റെ അബ്രഹാമിന്റെ സന്തതികള്‍ എന്ന ലേഖനം.
ചിത്രത്തിന് കടപ്പാട് : www.guardian.co.uk

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി