ഇന്നത്തെ തീയതി :
Showing posts with label ബൂലോകം. Show all posts
Showing posts with label ബൂലോകം. Show all posts

Wednesday, July 13, 2011

പഴയ കോപ്പിയടി, ഇപ്പോള്‍ വ്യാപകം..

ഇതാണോ പുതിയ ബൂലോകം  എന്ന് ചോദിക്കേണ്ടിയിരിക്കുന്നു,, കാരണം ഫേസ്ബുക്കില്‍ വരെ പേസ്റ്റ് ചെയ്ത്  പ്രസിദ്ധമായിരിക്കുന്ന ഒരു പോസ്റ്റ് ആണിത്.

സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍. - "ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ' എന്ന് മാത്രമേ വിളിക്കാവൂ. ...എന്നു തുടങ്ങുന്ന ഒരു പോസ്റ്റ്.

ഫേസ് ബൂക്കില്‍ കണ്ടപ്പോള്‍ ഇത് ഏത് ബ്ലോഗില്‍ നിന്നാണെന്ന് അറിയാന്‍ ഒന്നു സേര്‍ച്ച് ചെയ്തതാ.. അപ്പോള്‍  കിട്ടിയത് കുറെയേറെ ഉത്തരങ്ങള്‍... ഇപ്പോള്‍ ഇതിന്റെ ഒരിജിനല്‍ ആരുടേതാണെന്ന്  പോലും സംശയമായി.. കിട്ടിയ ഉത്തരങ്ങളുടെ തീയതി വച്ചു നോക്കിയാല്‍ "മായാലോകം" എന്ന ബ്ലോഗില്‍ നിന്നാണ് ഇത് വൈറസ് പോലെ പടര്‍ന്നിരിക്കുന്നതെന്ന് തോന്നുന്നു.. അതിനാല്‍ തല്‍ക്കാലം ക്രെഡിറ്റ് Maya V ക്ക് കൊടുക്കാം. അതല്ല,, മറ്റാരെങ്കിലുമാണ് കര്‍ത്താവെങ്കില്‍ ക്രെഡിറ്റ് എടുത്ത് അവര്‍ക്ക് കൊടുക്കാം...

May 15, 2011... മായാലോകം...


May 24, 2011.... വിജേഷ് വി നായര്

May 27, 2011 .... എലന്ത

May 29, 2011 .... RAP

May 31, 2011 ..... സംഗീതസംഗമം...

June 10, 2011 ...... കൂട്ടുകാരന്‍

June 18, 2011 ... കൂട്ട് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക്

July 13, 2011 ...... സൈമണ്‍ മാഷ്


ഇനി അനേകം കൂട്ടയ്മകളീല്‍ ഇത് കാണാം.. ഫേസ് ബൂക്കില്‍ വേറെയും.. അതു പോട്ടെ,,,


പക്ഷേ .. ബ്ലോഗുകളില്‍ ഇത് കോപ്പി ചെയ്തു വയ്ക്കുന്നവര്‍ക്ക് നാണമില്ലേ?

Sunday, January 18, 2009

ഐ.ടി നിയമവും മലയാളം ബ്ലോഗും

ഇനിയിപ്പോള്‍ മലയാളം ബ്ലോഗ് എഴുത്ത് നിര്‍ത്തിയാലോ എന്ന് ആലോചിക്കേണ്ട സമയമായി എന്ന് തോന്നുന്നു. നമ്മള്‍ എഴുതുന്ന ഏത് വാചകമാണ് ഇന്ത്യന്‍ ഐ.ടി നിയമത്തിന്റെ പരിധിയില്‍ വരുന്നതെന്ന് ആര്‍ക്കറിയാം. അതൊക്കെ അറിയണമെങ്കില്‍ ഒന്നുകില്‍ നിയമപണ്ഡിതനാവണം, അല്ലെങ്കില്‍ ആരെ എങ്ങനെ കുടുക്കാം എന്ന് തിരക്കി നടക്കുന്ന "ചിലരെ" പോലെയാവണം. ഇതു രണ്ടുമല്ലാത്ത സ്ഥിതിക്ക് എപ്പോഴാണ് ഒരു ഇണ്ടാസ് തേടിയെത്തുന്നത് എന്ന് എങ്ങനെയറിയാം?


വ്യക്തി സ്വാതന്ത്ര്യവും ഐ.ടി സ്വാതന്ത്ര്യവും രണ്ടും രണ്ടാണ്. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ക്ക് സംഭവിച്ചത് അതിന്റെ വ്യത്യാസം മനസ്സിലാക്കിയില്ല എന്നതാണ് എന്ന് തോന്നുന്നു. സന്തോഷ് ജനാര്‍ദ്ധനന്‍ എന്ന വ്യക്തി അദ്ദേഹത്തിനെതിരെ കേസ് കൊടുത്തിരിക്കുന്നു എന്ന് പ്രദീപ് കുമാര്‍ എന്നയാളിന്റെ ബ്ലോഗില്‍ നിന്നും മനസ്സിലായി. അവിടെ തന്നെ ചിത്രകാരനെ സപ്പോര്‍ട്ട് ചെയ്തു എന്ന് പറഞ്ഞ് കേരള ഫാര്‍മര്‍ എന്ന ബ്ലോഗര്‍ പ്രദീപ് കുമാറിനെ സര്‌വീസ് ചട്ടങ്ങള്‍ ഓര്‍‍മിപ്പിച്ച് കമന്റ് ഇട്ടിരിക്കുന്നതും കണ്ടു. ഇതെല്ലാം കൂടി കാണുമ്പോള്‍ ആകെ ഭയം. മനസ്സ് വിറങ്ങലിച്ചു പോകുന്നു.

ചിത്രകാരനേയും സന്തോഷ് ജനാര്‍ദ്ധനേയും കേരളാ ഫാര്‍മറേയും വ്യക്തിപരമായി എനിക്കറിയില്ലാത്തതിനാല്‍ ഞാന്‍ അവരുടെ ആരുടേയും വ്യക്താവല്ല. (ചിത്രകാരന്റെ പല പോസ്റ്റിലേയും ഭാഷയൊട് എതിര്‍പ്പുണ്ടെങ്കിലും ചില പോസ്റ്റുകളുടെയെങ്കിലും ആശയങ്ങളോട് യോജിപ്പുണ്ട് എന്നത് ഒരു വസ്തുതയാണ്). പക്ഷേ ചിത്രകാരനെ അനുകൂലിച്ച് ഒരു പോസ്റ്റ് ഇട്ടതിന് പ്രദീപിനെതിരെ ഭീഷണിയുടെ സ്വരം ഉയര്‍ന്നു എന്നത് ഒരിക്കലും മലയാളം ബ്ലോഗ് രംഗത്തിന് നല്ലതാണ് എന്ന് തോന്നുന്നില്ല.

XX :::::::::::::::::::::::::::::::: XX :::::::::::::::::::::::::::::::: XX

ഇതൊക്കെ കാണുമ്പോള്‍ ബ്ലോഗ് നമുക്ക് അഭിപ്രായ സ്വാതന്ത്ര്യം തരുന്നു എന്നൊക്കെ പറഞ്ഞ് പോസ്റ്റുകളും കമന്റുകളും ഇട്ടിരുന്നവരെ ചവുട്ടി കൂട്ടാന്‍ തോന്നുന്നു. ഇവിടെ എവിടെയാണ് സ്വാതന്ത്ര്യം?


മതങ്ങളെ കുറിച്ച് എഴുതാന്‍ പാടില്ല, മതവികാരം വൃണപ്പെട്ടു......

ദൈവങ്ങളെ കുറിച്ച് എഴുതാന്‍ പാടില്ല, അപ്പോഴും അത് വൃണപ്പെട്ടു...

മനുഷ്യ ദൈവങ്ങളെ കുറിച്ച് എഴുതാന്‍ പാടില്ല.. അപ്പോഴും വൃണപ്പെടുമല്ലോ...

വിശുദ്ധ ഗ്രന്ഥങ്ങളേയും വിശുദ്ധരേയും പരാമര്‍ശിക്കാനേ പാടില്ല.. അപ്പോഴും പ്രശ്നം മേല്പ്പറഞ്ഞത് തന്നെ.

ന്യൂനപക്ഷത്തെ കുറിച്ച് എഴുതിയാല്‍ ന്യൂനപക്ഷ പീഢനം...

മതത്തെ പറ്റി പുകഴ്ത്തി എഴുതിയാല്‍ അത് മതതീവ്രവാദം..

വ്യക്തികളെ വിമര്‍‍ശിക്കാന്‍ പാടില്ല്ല.. തേജോവധം ചെയ്തു എന്നാകും പരാതി..

ജാതി സംഘടനകളെ വിമര്‍‍ശിക്കാന്‍ പാടില്ല.. ജാതിസ്പര്‍ദ വളര്‍ത്തിയതിനാവും അറസ്റ്റ്...


രാഷ്ട്രീയക്കാരെ തൊടാനേ പാടില്ല .. തല കാണില്ല എന്ന് ഭീഷണി വന്നാലോ?

XX :::::::::::::::::::::::::::::::: XX :::::::::::::::::::::::::::::::: XX

എന്തിനേ കുറിച്ചൊക്കെ എഴുതാം എന്ന് പ്രിയ ബ്ലോഗര്‍മാര്‍ ഒന്നു വിശദീകരിച്ചു തരികയും, ഇന്ത്യാ ഐ.ടി നിയമങ്ങളെ കുറിച്ച് വിശദമായ കുറിപ്പുകള്‍ മലയാളത്തില്‍ എഴുതുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

Monday, January 12, 2009

തോന്ന്യാക്ഷരങ്ങളും മലയാളം ബ്ലോഗും

ഇന്നത്തെ വായനക്കിടയില്‍ സിജി സുരേന്ദ്രന്റെ ബ്ലോഗായ തോന്ന്യാക്ഷരങ്ങള്‍ കാണാനിടയായി. അപ്പോള്‍ ഉണ്ടായ ഒരു കൗതുകം ആണ് ഈ പോസ്റ്റ്. ഇടക്കിടെ ഈ തോന്ന്യാക്ഷരങ്ങള്‍ കാണുന്നല്ലോ എന്ന് ആലോചിച്ചപ്പോള്‍ വെറുതെ ഒന്നു പരതി നോക്കി. അപ്പോള്‍ കണ്ട ബ്ലോഗുകളെ പരിചയപ്പെടുത്താം.

അതിന് മുമ്പ് തോന്ന്യാക്ഷരങ്ങള്‍ എന്ന വാക്കിനെ കുറിച്ച് : ഓ. എന്‍. വി യുടെ ഒരു കവിതയുടെ പേരാണത്രെ തോന്ന്യാക്ഷരങ്ങള്‍. ഞാന്‍ വായിച്ചിട്ടില്ലാത്തതിനാല്‍ അഭിപ്രായം പറയുന്നില്ല.


1. ആദ്യമായുണ്ടായ "തോന്ന്യാക്ഷരങ്ങള്‍ " കുമാറിന്റെ വകയാണ്. Monday, June 13, 2005-ല്‍ ആദ്യ പോസ്റ്റ് (അങ്ങനെ തോന്ന്യാക്ഷരങ്ങള്‍ ഉണ്ടായി! ടമാര്‍!.. പടാര്‍!... ) ഇട്ടു കൊണ്ട് തുടക്കം കുറിച്ച ആ ബ്ലോഗ് Saturday, January 10, 2009- ല്‍ പോസ്റ്റ് ചെയ്ത "നിലവിളികളിലൂടെ ഉത്തരമാകുന്ന ഒരു കടങ്കഥ" വരെയുള്ള 104 പോസ്റ്റുകളില്‍ എത്തി നില്‍ക്കുന്നു..


2. അടുത്തത് 'കരിമ്പന' എന്ന ബ്ലോഗറുടെ "തോന്ന്യാക്ഷരങ്ങള്‍' ആണ്. 2006 ഡിസംബറില്‍ തുടങ്ങിയ ഈ ബ്ലോഗില്‍ 2008 ആഗസ്റ്റില്‍ വന്നതടക്കം മൂന്നു പോസ്റ്റുകള്‍ ഉണ്ട്.


3. 2007 മാര്‍ച്ചില്‍ Sree (ശ്രീ അല്ല) എന്ന ബ്ലോഗര്‍ തുടങ്ങിയ "THONNYAKSHARANGAL" തുടങ്ങിയ ഇടത്തില്‍ തന്നെ അവസാനിച്ചു എന്നു തോന്നുന്നു. ഒരു പോസ്റ്റു പോലും അവിടെ ഇല്ല.


4. സിജി സുരേന്ദ്രന്‍ November 9, 2007-ല്‍ തുടങ്ങിയ "എന്‍റെ തോന്ന്യാക്ഷരങ്ങള്‍" ആണ് അടുത്തത്. എന്തു കൊണ്ടോ രണ്ടു പോസ്റ്റുകളുമായി അകാല ചരമം പ്രാപിക്കാനായിരുന്നു ആ ബ്ലോഗിന്റെ വിധി.


5. അടുത്തത് പ്രിന്‍സ് എന്ന ബ്ലോഗറുടെ "എന്റെ തോന്ന്യാക്ഷരങ്ങള്‍..." ആണ്. 2007 ഡിസംബറില്‍ തുടങ്ങിയ ബ്ലോഗിലെ പല പോസ്റ്റുകളും ഇംഗ്ലീഷില്‍ ആണ് എഴുതിയിരിക്കുന്നത്.


6. October 10, 2008 -ല്‍ "ഹിത" എന്ന ബ്ലോഗര്‍ ആരംഭിച്ച "തോന്ന്യാക്ഷരങ്ങള്‍: എന്റെ ചില നേരംകൊല്ലി ചിന്തകള്‍..." എന്ന ബ്ലോഗാണ് അടുത്തതായി വരുന്നത്. 2008-ല്‍ തന്നെ അഞ്ചു പോസ്റ്റുകളുമായി മുന്നേറുന്നു.


7. അടുത്തത് ആരു തുടങ്ങി എന്നറിയാത്ത ഒരു 'തോന്ന്യാക്ഷരങ്ങള്‍' ആണ്. ഒരേ ഒരു പോസ്റ്റ് മാത്രമുള്ള ഈ ബ്ലോഗ് പിന്നീട് സജീവമായില്ല. (ആകുമെന്നു കരുതുന്നു).


8. അവസാനമായി കണ്ടത് സിജി സുരേന്ദ്രന്റെ തന്നെ പുതിയ ബ്ലോഗായ "തോന്ന്യാക്ഷരങ്ങള്‍" ആണ്. ഈ ജനുവരിയില്‍ മൂന്നിനു തുടങ്ങിയ ബ്ലോഗില്‍ ഇപ്പോള്‍ തന്നെ ആറു പോസ്റ്റുകള്‍ ഇട്ടിരിക്കുന്നു.


ഇതിനിടയില്‍ "മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!!" എന്ന ബ്ലോഗുമായി നമ്മുടെ അരീക്കോടന്‍ മാഷും ഉണ്ട്.


അങ്ങനെ ആകെ ഒരു തോന്ന്യാക്ഷര ബഹളമാണ് ഈ ബൂലോകത്ത്. ഒരേ പേരില്‍ രണ്ട്-മൂന്ന് ബ്ലോഗുകള്‍ വരുന്നത് സ്വാഭാവികം. പക്ഷേ എട്ട്-ഒന്‍പത് ബ്ലോഗുകള്‍ക്ക് ഒരേ പേര് എന്നത് രസകരമായി തോന്നുന്നു. ഇത്രക്ക് വിശേഷപ്പെട്ടതാണോ ഈ "തോന്ന്യാക്ഷരങ്ങള്‍" എന്ന വാക്ക് ? ഏതായാലും കുമാറിന്റെ തോന്ന്യാക്ഷരങ്ങള്‍ക്ക് കൂടുതല്‍ മാര്‍ക്കിടുന്നു.

ഞാന്‍ വിട്ടുപോയ തോന്ന്യാക്ഷരങ്ങള്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ ശ്രദ്ധയില്‍ കൊണ്ടു വരണമെന്ന് അപേക്ഷിക്കുന്നു. അങ്ങനെ വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. കൂടുതല്‍ തിരയാനുള്ള സമയക്കുറവാണ് കാരണം.

::::::::::::::::::::::::::::::::: XX ::::::::::::::::::::::::::::::::::::::: XX ::::::::::::::::::::::::::::::

അറിയിപ്പ്: ഇനിയാരെങ്കിലും തോന്ന്യാക്ഷരങ്ങള്‍ എന്ന പേരില്‍ ബ്ലോഗ് തുടങ്ങുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഒരു കമന്റ് ഇട്ട് ഇവിടെ അറിയിക്കണം എന്ന് അപേക്ഷിക്കുന്നു. നിങ്ങളുടെ പേരും മെഗാ ഡ്രോയിലേക്ക് പരിഗണിക്കുന്നതായിരിക്കും.

Wednesday, May 28, 2008

ബ്ലോഗ് കോപ്പി ചെയ്യുന്നത് തടയാന്‍ ഒരു വഴി

ബ്ലോഗ് പോസ്റ്റുകള്‍ പെട്ടെന്ന് കോപ്പി ചെയ്യാന്‍ പറ്റാത്ത രീതിയില്‍ HTML, തിരുത്തുന്ന ഒരു രീതി സിമി ചാക്കോയുടെ ബ്ലോഗില്‍ ഒരു പോസ്റ്റ് ഉണ്ടായിരുന്നു. അന്ന് ആ പോസ്റ്റ് കാണാത്തവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.

< onselectstart="'return"> എന്ന ഒരു tab modification ആയിരുന്നു സിമി പറഞ്ഞു തന്നത്.

അത് പ്രയോഗിച്ചപ്പോള്‍ എന്തോ ശരിയായില്ല എന്ന അപ്പൂവിന്റെ പരാതി ആണ് ഈ പോസ്റ്റ് ഇടാന്‍ കാരണമായത്... സിമിയോ മറ്റ് സാങ്കേതിക വിദഗ്ദരായ ബ്ലോഗര്‍മാരോ അപ്പുവിനെയും മറ്റു ബ്ലോഗര്‍മാരെയും സഹായിക്കും എന്ന് കരുതുന്നു.

എന്റെ അനുഭവത്തില്‍ അത് ശരിക്കും വര്‍ക്ക് ചെയ്യുന്ന ഒരു പരിപാടി തന്നെയാണ്. ഞാന്‍ അന്നത് ചെയ്തു നോക്കിയതുമാണ്. അടിച്ചു മാറ്റാന്‍ പറ്റിയത് ഒന്നും എന്റെ ബ്ലോഗില്‍ ഇല്ലല്ലോ എന്ന് കരുതി പിന്നീട് ഞാന്‍ അത് മാറ്റി. ഇനി റ്റെമ്പ്ലേറ്റ് അനുസരിച്ച് എവിടെയെങ്കിലും മാറ്റം വരുമോ എന്നൊന്നും എനിക്കറിയില്ല. സംശയമുള്ളവര്‍ക്ക് അറിവുള്ള ആരെങ്കിലും പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു.

ഇതിനെ പറ്റി കൂടുതല്‍ അറിയാവുന്നവര്‍ അത് എല്ലാവരിലേക്കും എത്തിച്ചു കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഉള്ള ഒരു ദോഷമായി എനിക്ക് തോന്നിയത് കമന്റുകളില്‍ ചില ഭാഗങ്ങള്‍ ക്വോട്ട് ചെയ്യുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതാണ്. കാരണം കോപ്പി & പേസ്റ്റ് പറ്റില്ലല്ലോ. പക്ഷേ ക്രിയാത്മകമായി ബ്ലോഗില്‍ എന്തെങ്കിലും ചെയ്യുന്നവര്‍ ഇങ്ങനെ എങ്കിലും തങ്ങളുടെ ബ്ലോഗ് സംരക്ഷിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. സിമി പറഞ്ഞപോലെ ഇതൊരു പൂര്‍ണ്ണമായ സം‌രക്ഷണം അല്ല എന്നറിയാം. എന്നാലും ... ഒരു ചെറിയ മനസമാധാനത്തിന് വേണ്ടി ചെയ്യാം. അത്രയേ ഉള്ളു.

ഇതിന്റെ പേരില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാന്‍ പ്രാപ്തനല്ല എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ. ആയതിനാല്‍ ആരെങ്കിലും ഒക്കെ സഹായിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ സംശയങ്ങള്‍ സിമിയുടെ പോസ്റ്റില്‍ തന്നെ ചോദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സിമിയുടെ പോസ്റ്റിലേക്കുള്ള ലിങ്ക് ( " ബ്ലോഗ് മോഷണം തടയാന്‍ " )

സിമിക്ക് നന്ദി , ഈ വഴി മറ്റാരോ കൂടി നേരത്തെ കൊടുത്തിരുന്നു എന്നാണ് ഓര്‍മ. ആരാണെന്ന് ഓര്‍മയില്ല.

(പിന്നെ റ്റെമ്പ്ലേറ്റില്‍ എന്ത് മാറ്റം വരുത്തുന്നതിനു മുമ്പും അത് മുഴുവന്‍ ഒരു വേര്‍ഡ് ഷീറ്റിലോ നോട്ട്പാഡിലോ കോപ്പി ചെയ്ത് വയ്ക്കണം. എന്തെങ്കിലും പ്രശ്നം വന്നാല്‍ ആദ്യത്തേത് തിരികെ പേസ്റ്റ് ചെയ്താല്‍ മതിയല്ലോ.)

Monday, April 21, 2008

ബ്ലോഗ് അക്കാദമി - നിലപാടുകള്‍

ബെര്‍ളിയുടെ ബ്ലോഗ് അക്കാദമി കൊണ്ട് എന്തു പ്രയോജനം എന്ന പോസ്റ്റില്‍ ഇട്ട കമന്റിന്റെ കാര്യകാരണങ്ങള്‍ ആണിത്. നീളം കൂടിപ്പോയത് കൊണ്ട് പോസ്റ്റ് ചെയ്യുന്നു.

********* ********* ********* ********* ********* *********

ബ്ലോഗ് അക്കാഡമിക്കാര്‍ക്ക് പിന്തുണ പോലെ കമന്റ് ഇട്ടിട്ടുള്ള ഒരാളാണ് ഞാന്‍. ശില്പ്പശാലക്ക് പോകാനോ, പ്രോല്‍സാഹനം കൊടുക്കാനോ, സാങ്കേതിക വിഞ്ജാനം പകര്‍ന്നു കൊടുക്കാനോ ഒന്നും എനിക്ക് സാധിക്കില്ല. പക്ഷേ ചെയ്യുന്നവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് തോന്നിയതിനാല്‍ കമന്റിലൂടെ പ്രോല്‍സാഹനം നല്‍കി. കാരണങ്ങള്‍ പലതാണ്. അത് എന്റെ ബ്ലോഗില്‍ ചേര്‍ക്കുന്നു.

1. കണ്ണൂരില്‍ ഇവര്‍ ഒരു ശില്പശാല നടത്തി. അതില്‍ നിന്നും ഒരു മോഹന്‍ എന്നയാളും, ഒരു ടീച്ചറും ബ്ലോഗ് തുടങ്ങി. (മറ്റ് ചിലരും തുടങ്ങി, പക്ഷേ ഓര്‍ക്കുന്നില്ല,ക്ഷമിക്കുക). മോഹന്‍ ഒരു ക്യാമറാമാന്‍ ആയതിനാല്‍ ചില നല്ല ചിത്രങ്ങള്‍ കാണാന്‍ സാധിച്ചു. ഉദാ: എച്ചിലില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ഒരു യുവാവിന്റെ ചിത്രം. എന്നെ വളരെയേറെ സ്വാധീനിച്ച ചിത്രം. അതു പോലെ പല ചിത്രങ്ങള്‍ കണ്ടിട്ടുണ്ട് എങ്കിലും, ബ്ലോഗില്‍ കിടക്കുമ്പോള്‍ ചിലപ്പോള്‍ എങ്കിലും കാണുമല്ലോ. ഞാന്‍ ഒരു സംഭവം ആണെന്ന അഹങ്കാരത്തെ ഒരു നിമിഷം എങ്കിലും അടക്കാമല്ലോ. ഇനി ടീച്ചറിന്റെ കാര്യം. ബ്ലോഗിന് സംഭാവന ഒന്നും ഇതു വരെ തന്നിട്ടില്ല എങ്കിലും ചിലപ്പോഴെങ്കിലും ടീച്ചര്‍മാരുടേയും, ഡോക്ടേഴ്സിന്റെയും, അക്കൗണ്ടന്റിയേയും, കര്‍ഷകന്റെയും ഒക്കെ സജീവ സാനിദ്ധ്യം ബ്ലോഗ് ലോകത്തിന് നല്ലതാണ് എന്ന് തോന്നി. ഇങ്ങനെ കഴിവുള്ള പല ആളുകളും ബ്ലോഗ് ലോകത്തേക്ക് വരുന്നത് നല്ല കാര്യമല്ലേ? ഇവരില്‍ ആരെങ്കിലും വിഞ്ജാനപ്രദമായ ഒരു ബ്ലോഗ് തുടങ്ങിയാല്‍ അത് എല്ലാവര്‍ക്കും വായിക്കാമല്ലോ.

2. ശില്പശാല നടത്തുന്നവര്‍ സൗജന്യമായി ഇത് നടത്തുന്നു എന്ന കണക്കു കൂട്ടല്‍ ആണുള്ളത്. അവിടെ വരുന്നവരില്‍ നിന്നോ, ബ്ലോഗ് തുടങ്ങുന്നവരില്‍ നിന്നോ കാശ് വാങ്ങുന്നതായി എനിക്ക് അറിവില്ല. അപ്പോള്‍ അത് ഒരു നല്ല കാര്യമായി തോന്നി. (അങ്ങനെ അല്ല എങ്കില്‍ ഇട്ട കമന്റ് എല്ലാം തിരിച്ചെടുക്കുന്നതായിരിക്കും).

3. ഇതില്‍ നിന്ന് ഒരു കൂട്ടായ്മ ഉണ്ടായി അത് ആരുടെ എങ്കിലും നേതൃത്വത്തില്‍ തഴച്ച് വളര്‍ന്ന് ബൂലോകം മുഴുവന്‍ വിഴുങ്ങും എന്ന് ഞാന്‍ കരുതുന്നില്ല.

4. പിന്നെ സ്വന്തം നാട്ടില്‍ നിന്ന്‍ ഒരാള്‍ ബ്ലോഗ് തുടങ്ങിയാല്‍ അത് നാടുമായി ഒരു ബന്ധം കൂടി മനസ്സില്‍ ഉറപ്പിക്കാന്‍ സഹായിച്ചാലോ എന്ന ( ഒരു പ്രവാസിയുടെ) ഒരു ആകാംക്ഷ. ഉദാ: സെബിന്‍ പണ്ട് ബസേലിയനില്‍ (കോളേജ് മാഗസിന്‍) എഴുതിയ ഒരു ലേഖനം സെബിന്റെ ബ്ലോഗില്‍ വായിച്ച എനിക്ക് ആ കോളേജിലെ എന്റെ ദിനങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ക്കാന്‍ ഒരു നിമിത്തമായതു പോലെ ചില ലേഖനങ്ങള്‍ സന്തോഷം തരുന്നതിന് നിമിത്തം തന്നെയാണ്. അതുപോലെ അനില്‍ ഐക്കര കോട്ടയത്തെ വിശേഷങ്ങളും വിഷമതകളും എഴുതുമ്പോള്‍ എനിക്കത് ഒരു പത്ര റിപ്പോര്‍ട്ടിനേക്കാള്‍ ഇഷ്ടമാണ്.

5. ബ്ലോഗ് തുടങ്ങുന്നവര്‍ എല്ലാവരും കഥ എഴുതുന്നവരോ കവിത എഴുതുന്നവരോ അല്ല. (അതിന് ഉദാഹരണം നിരത്തേണ്ട ആവശ്യമില്ലല്ലോ.). അതു പോലെ കവിത എഴുതുന്നവരും കഥ എഴുതുന്നവരും ശാസ്ത്രരംഗത്തെ കുറിച്ച് പോസ്റ്റ് ഇടും എന്നും കരുതാനാവില്ല. അതിനാല്‍ ഇപ്പോള്‍ ബ്ലോഗില്‍ ഉള്ളവരേപ്പോലെ ആകാനാണ് എല്ലാവരും ശ്രമിക്കുന്നത് എന്ന് പറയുന്നതില്‍ കഴമ്പില്ല.

6. ഈ പറയുന്ന വിശാലനോ, ഏവൂരാനോ, ബെര്‍ളിയോ, മനുവോ, സാന്റോസോ,സുനീഷോ, രാജോ, കുറുമാനോ അല്ലെങ്കില്‍ വേണ്ട പേരെടുത്ത് കഴിഞ്ഞ ഏതെങ്കിലും ബ്ലോഗറെ പോലെ ആകണം എന്ന് ഞാന്‍ (പുതിയ ബ്ലോഗേഴ്സും) ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ? ഇല്ല. എങ്കിലും ഞാനും ബ്ലോഗില്‍ പോസ്റ്റ് ഇടുന്നു , കമന്റുകള്‍ ഇടുന്നു. അപ്പോള്‍ പിന്നെ കുറച്ച് പേര്‍ കൂടി ബ്ലോഗ് ലോകത്തേക്ക് കടന്ന് വരുന്നത് നല്ല കാര്യമല്ലേ? അവര്‍ക്ക് അതിന് അറിവ് പകര്‍ന്നു കൊടുക്കുന്നത് നല്ല കാര്യമല്ലേ? തനിക്കുള്ള അറിവ് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ എന്താ തെറ്റ്?

തല്‍ക്കാലം ഇത്രയും എഴുതാനേ സമയമുള്ളു.. തന്നെയുമല്ല, ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ എന്നറിയുന്നതിന് മുമ്പ് ചീത്ത വിളിക്കുന്നതും പ്രവചനങ്ങള്‍ നടത്തുന്നതും ഗര്‍ഭത്തില്‍ ഇരിക്കുന്ന കുഞ്ഞിനെ വെളിയിലെടുത്ത് കുത്തികൊല്ലുന്ന പോലെ ആകില്ലേ? ഇതിന്റെ തലേവര എന്താണെന്നും, ഈ കുഞ്ഞ് എങ്ങനെ വളരുന്നു എന്നും നോക്കാം. അതിനുള്ള ക്ഷമ പോലുമില്ലാതെ വരുന്നത് അത്ര ശരിയല്ലല്ലോ. ഏതായാലും ബ്ലോഗ് അക്കാദമിയുടെ "നല്ല പ്രവര്‍ത്തനങ്ങള്‍ക്ക്" (മാത്രം) എന്റെ ധാര്‍മിക പിന്തുണ ഉണ്ടാകും.

സുകുമാരേട്ടന്‍ പറഞ്ഞ പോലെ അക്കാദമിക്കാര്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാക്കുന്ന ഈ വിവാദങ്ങള്‍ക്ക് പുറകെ പോകാതെ തങ്ങള്‍ ആണ് ശരി എന്ന് തെളിയിക്കൂ.. അപ്പോള്‍ എല്ലാം ശരിയാകും. ഇല്ലെങ്കില്‍ ചീത്ത വിളിക്കാന്‍ ഞാനും കൂടും.....

വാല്‍ക്കഷണം.
ഇനി ഇത് ഒരു സംഘടന എന്ന രീതിയില്‍ വളര്‍ന്നാല്‍ ഇതില്‍ എനിക്ക് അംഗത്വം വേണ്ട. സംഘടനകളില്‍ രാഷ്ട്രീയം വരും , ഇലക്ഷന്‍ വരും, വോട്ട് ചെയ്യണം ഒക്കെ ഭയങ്കര പാടാണെന്നേ... ബ്ലോഗേഴ്സിനെ ഒറ്റക്കോ കൂട്ടായോ കാണുന്നതില്‍ എനിക്ക് വിരോധം ഇല്ല. അതു കൊണ്ട് ആ സ്ഥലത്ത് ആകാശം ഇടിഞ്ഞു വീഴുന്നെങ്കില്‍ എന്റെ തലയില്‍ തന്നെ വീണോട്ടെ. ആള്‍ക്കാരുമായി ഇടപഴകിയാല്‍ തന്റെ സര്‍ഗ്ഗചേതന അറ്റു പോകുമെന്നും, തന്റെ വിമര്‍ശന സ്വാതന്ത്ര്യത്തിന് അതൊരു തടസമാകുമെന്നും കരുതുന്നത് തെറ്റാണ്. മുഖത്ത് നോക്കി കാര്യങ്ങള്‍ വിളിച്ച് പറയാന്‍ ധൈര്യമില്ലാത്തവര്‍ക്കേ ആ ബുദ്ധിമുട്ട് തോന്നുകയുള്ളൂ.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി