ഇന്നത്തെ തീയതി :
Showing posts with label ആള്‍ദൈവങ്ങള്‍. Show all posts
Showing posts with label ആള്‍ദൈവങ്ങള്‍. Show all posts

Monday, November 24, 2014

വിശുദ്ധരും മനുഷ്യദൈവങ്ങളും

കേരളത്തിലെ കത്തോലിക്ക സഭക്ക് രണ്ട് വിശുദ്ധരെ കൂടി കിട്ടി. സ്വാഭാവികം. ഇന്ത്യയില്‍ കത്തോലിക്ക സഭക്ക് നല്ല രീതിയില്‍ വളര്‍ച്ചയുള്ള സ്ഥലം കേരളമാണ്‍. അപ്പോള്‍ ഇടക്കിടെ വിശുദ്ധരെ കിട്ടാതിരുന്ന് വിശ്വാസത്തിന്‍ മങ്ങലേല്‍ക്കാതിരിക്കാന്‍ ഇത് ആവശ്യമാണ്‍. ദൈവസഹായം പിള്ളയെ കൂടി എത്രയും പെട്ടെന്ന് വിശുദ്ധനാക്കാനുള്ള അത്ഭുത പ്രവൃത്തികള്‍ എവിടെ നിന്നെങ്കിലും വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യത കാണുന്നുണ്ട്. അതിനു ശേഷം ഗോവ, കല്‍ക്കത്ത, മുംബൈ, ബാംഗളൂറ് മുതലായ ആള്‍ത്തിരക്കുള്ള അതിരൂപതകള്‍ക്കും കുറച്ച് വിശുദ്ധരെ കൊടുക്കാവുന്നതാണ്‍. കൂടെ സഭ വളര്‍ന്നു വരുന്ന ഇടങ്ങളിലും ഇടക്ക് ഒന്നു രണ്ട് വിശുദ്ധരെ പ്രഖ്യാപിക്കാവുന്നതാണ്‍.

അതൊക്കെ സഭയുടെ കാര്യം. ഇനി മറ്റുള്ളവരുടെ രസകരമായ ചില കാര്യങ്ങള്‍ കണ്ടു. കത്തോലിക്ക സഭ വിശുദ്ധരെ പ്രഖ്യാപിച്ചതില്‍ കളിയാക്കിയവര്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് മറ്റു സഭക്കാരും മറ്റു മതക്കാരും. ഇന്നലെ പല പോസ്റ്റുകളിലും കണ്ടത് ഈ പ്രഖ്യാപനത്തിനെ പറ്റിയും അതിന്റെ പിന്നാമ്പുറ കഥകളെ പറ്റിയും അതിലെ ആള്‍ദൈവ കല്പ്പനകളെയും പറ്റിയുള്ള ചര്‍ച്ചകളാണ്‍.

അതില്‍ മറ്റു സഭകളെ എടുത്തു നോക്കിയാല്‍ എല്ലാ സഭകളും ഏതെങ്കിലും പുണ്യാളന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നവയാണ്‍. അപ്പോള്‍ അവര്‍ക്ക് ഇതിനെ എതിര്‍‌ക്കാന്‍ എന്തവകാശം?. പറഞ്ഞു വരുമ്പോള്‍ ക്രിസ്ത്യന്‍ മതം തന്നെ യേശു എന്ന മനുഷ്യ ദൈവത്തിന്റെ പിന്തുടര്‍ച്ചയാണല്ലോ. അപ്പോള്‍ അവരെ നമുക്ക് ഒരു വശത്തു കൂടി വിടാം.

ഇനിയുള്ളത് മറ്റു മതസ്ഥരാണ്‍. മരിച്ചവരെ ആരാധിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണെന്ന് തോന്നുന്നു, "പ്രേതദൈവങ്ങളെ പൂജിക്കുന്നവരെന്ന്" കൃസ്ത്യാനികളെപറ്റി ഒരാള്‍ എഴുതിക്കണ്ടു. എഴുതിയ ആള്‍ ഹിന്ദുമത വിശ്വാസിയാണ്‍. ഇത് വളരെ രസകരമായ സംഗതിയായി തോന്നി. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം "വിശുദ്ധരെ" പൂജിക്കുന്നവരാണ്‍ ഹിന്ദുക്കള്‍. അമ്മയെന്നും ബാബയെന്നും സ്വാമിയെന്നും വിളിപ്പെരു മാറുമെന്നു മാത്രം. ലക്ഷക്കണക്കിന്‍ ഭക്തര്‍ വന്ന് ദര്‍ശനം തേടുന്ന ശബരിമല അയ്യപ്പന്‍ പോലും ജീവിച്ചിരുന്ന മനുഷ്യനാണ്‍ എന്നാണ്‍ കഥകള്‍ നമുക്ക് പറഞ്ഞു തരുന്നത്. അതെ പോലെ തന്നെ ഹിന്ദുക്കളുടെ ആരാധനാ പുരുഷന്മാരെല്ലാം തന്നെ  ജീവിച്ചു മരിച്ചവര്‍ തന്നെ. ഒരു കണക്കിന്‍ പറഞ്ഞാല്‍ മനുഷ്യ ദൈവങ്ങള്‍ തന്നെ. എന്നിട്ടും കൃസ്ത്യാനികളുടെ ആള്‍ദൈവങ്ങളെ കളിയാക്കാന്‍ നില്‍ക്കുന്നവരെ എന്തു പറയും?

മുഹമ്മദ് എന്ന മനുഷ്യന്‍ പറഞ്ഞ വെളിപ്പെടുത്തലുകളില്‍  നിന്ന് ഉത്ഭവിച്ച ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍, ആള്‍ ദൈവങ്ങളില്‍ വിശ്വാസമില്ല എന്നു പറയുമ്പോഴും അനേകം കബറുകളില്‍  പോയി പ്രാര്‍ത്ഥിച്ചു മടങ്ങുന്നതു കൊണ്ടാകാം  ഈ കോലാഹലങ്ങളില്‍ വലിയ താല്പര്യമൊന്നും പ്രകടിപ്പിച്ചു കണ്ടില്ല. (അതോ ഞാന്‍ കാണാഞ്ഞതോ?). സ്വര്‍ഗ്ഗം എന്ന മിഥ്യയിലൂന്നിയ ഒരു ചിന്താധാര ഉണ്ടാക്കുകയും താന്‍ അവിടെ പോയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് ആള്‍ക്കാരെ തന്നിലേക്കും തന്റെ കാഴ്ചപ്പാടുകളിലേക്കും ആകര്‍ഷിക്കുകയും ചെയ്ത മുഹമ്മദ് നബിക്കും ഇതെ പരിവേഷമാണുള്ളതെന്നും (അങ്ങനെയല്ല എന്നു അദ്ദേഹത്തിന്റെ ആരാധകര്‍ പറയുമ്പോഴും) കാണാം.

പറഞ്ഞു വന്നത് എല്ലാ മതങ്ങളും നില നില്‍ക്കുന്നത് ഇത്തരം ആള്‍ദൈവങ്ങളുടെ ബലത്തിലാണ്‍. ഏതെങ്കിലും മനുഷ്യന്റെയോ, അല്ലെങ്കില്‍ മനുഷ്യരുടെയോ സൃഷ്ടിയാണ്‍ എല്ലാ മതങ്ങളും അവയിലെ ദൈവ സങ്കല്പ്പങ്ങളും. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ മനുഷ്യ ദൈവങ്ങളിലും അവര്‍ പറഞ്ഞ സൂക്തങ്ങളിലോ മന്ത്രങ്ങളിലോ വാക്യങ്ങളിലോ ഒക്കെ വിശ്വസിക്കുക മാത്രമാണ്‍ എല്ലാ വിശ്വാസികളും ചെയ്യുന്നത്.

ഒരു മതത്തിലെ ആള്‍ദൈവങ്ങളെ അല്ലെങ്കില്‍ മനുഷ്യ ദൈവങ്ങളെ വിമര്‍ശിക്കുമ്പോള്‍ തന്നെ, സ്വന്തം മതത്തിലെ ഇതേ ഗണത്തിലുള്ളവരെ അതെ കണ്ണു കൊണ്ട് കാണാനും തയ്യാറാകണം. അത് ദൈവീകഭാവമുണ്ടെന്ന് പറയുന്ന 'മനുഷ്യ'രാണെങ്കിലും വിശുദ്ധപദവി കൊടുത്ത പുണ്യാളര്‍ ആണെങ്കിലും!

മനുഷ്യര്‍ എല്ലാം മനുഷ്യര്‍ തന്നെ. അവരെ, ദൈവീക പരിവേഷമുള്ളവരാക്കി, ദൈവത്തിന്റെ സ്വന്തം ഭാഗമാക്കി, പുത്രനാക്കി, പ്രവാചകരാക്കി ഉയര്‍ത്തിക്കാട്ടുകയെന്നത് എല്ലാ മതത്തിന്റെയും നിലനില്‍പ്പിന്റെ ആവശ്യമാണ്‍. സ്വന്തം ആള്‍ദൈവങ്ങളെ തള്ളിപ്പറയാതെ ഒരാള്‍ക്കും മറ്റൊരു മതത്തിലെ ആള്‍ദൈവങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ ധാര്‍മികമായ അവകാശമില്ല എന്നു വേണം കരുതാന്‍. അതല്ലയെങ്കില്‍ ആള്‍ദൈവങ്ങളും വിശുദ്ധരും സൃഷ്ടിക്കപ്പെട്ടു കൊണ്ടേയിരിക്കും.

Friday, September 18, 2009

ഒരു ആള്‍ ദൈവത്തിന്റെ അന്ത്യം...

ദിവ്യാ ജോഷി എന്ന ആള്‍ദൈവം ആത്മഹത്യ ചെയ്തു. സ്വയം രക്ഷിക്കാന്‍ കഴിയാത്ത ഇത്തരം ആള്‍ദൈവങ്ങളാണ് ഇന്ന് കേരള സമൂഹത്തെ രക്ഷിക്കാന്‍ നടക്കുന്നത്.


എന്തെല്ലാം ബഹളങ്ങളായിരുന്നു. സ്വയം വിഷ്ണുമായ ക്ഷേത്രം വരെ ഉണ്ടാക്കിയ ദൈവം. സ്വന്തമായി വെബ്‌സൈറ്റ് ഉള്ള ദൈവം. സാക്ഷാല്‍ വെള്ളാപ്പള്ളിയുടേയും സിനിമാ താരങ്ങളുടേയും ഒക്കെ ആരാധനാ പാത്രം (ഫോട്ടോ കാണൂ).. എന്തു ചെയ്യാം അന്ത്യം ഇങ്ങനെ ആയതില്‍ അനുശോചനം അറിയിക്കട്ടെ.
ഇനി ഏതൊക്കെ സ്വാമിനികളും സ്വാമിമാരും ഇങ്ങനെ ഭക്തരെ രക്ഷിക്കാന്‍ വേണ്ടി ജീവിക്കുന്നുവോ ആവോ? ഇതൊക്കെ കണ്ടാലും "വിശ്വാസികള്‍" പഠിക്കില്ലല്ലോ.. നാളെ ഇനി ഇവരുടെ പട്ടടയില്‍ പോയി പ്രാര്‍ത്ഥിക്കാനും ആളുകള്‍ കാണും.... അതാണ് ഇന്നത്തെ ഭക്തി.

Wednesday, May 14, 2008

സന്തോഷ് മാധവന്‍ - ഒരു പ്രതീകം

ഭാരതത്തില്‍ അങ്ങോളമിങ്ങോളം ഉള്ള സ്വാമിമാരുടെ ഒരു പ്രതീകം മാത്രമാണ് സന്തോഷ് മാധവന്‍ എന്ന് ഞാന്‍ കണക്കാക്കുന്നു. കണക്കു കൂട്ടലുകളില്‍ വന്ന എന്തോ ഒരു പാളിച്ച, അത് അദ്ദേഹത്തെ വെട്ടിലാക്കി എന്നേ ഉള്ളു. 'അദ്ദേഹത്തെ' എന്ന് ബഹുമാനത്തോടെ പറഞ്ഞതിന്റെ കാരണം സന്തോഷിന്റെ കഴിവിനെ അംഗീകരിച്ചത് കൊണ്ടാണ്. ഇത്രയേറെ വിദ്യാസമ്പന്നരായ ഒരു ജനതയുടെ ഭാഗമായ കുറെ ഏറെ പേരെ വിഡ്ഡിയാക്കുക എന്നത് ചില്ലറ കാര്യമല്ലല്ലോ.

ഇന്ന് സന്തോഷിനെ, അല്ല അമൃത ചൈതന്യയെ കുറ്റം പറയുന്നവരില്‍ കുറെ ഏറെ പേര്‍ക്കെങ്കിലും അതിനുള്ള അര്‍ഹത ഉണ്ടോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. അവരില്‍ എത്ര പേരുടെ പോക്കറ്റിലോ വീട്ടിലോ, സായി ബാബയുടെ ഫോട്ടോ, അല്ലെങ്കില്‍ അമൃതാനന്ദമയിയുടെ ഫോട്ടോ, അല്ലെങ്കില്‍ അമ്മ ഭഗവാന്റെ ഫോട്ടോ, അല്ലെങ്കില്‍ ശ്രീ ശ്രീ രവിശങ്കറുടെ ഫോട്ടോ, അല്ലെങ്കില്‍ എനിക്ക് പേരറിയാത്ത അനേകം അനേകം ആള്‍ ദൈവങ്ങളില്‍ ഒരാളുടെ ഫോട്ടോ കാണുമെന്ന് ചിന്തിച്ച് നോക്കൂ. ഈ പറഞ്ഞ ദൈവങ്ങളില്‍ നിന്നും എത്രമാത്രം വ്യത്യസ്തനാണ് ശ്രീ സന്തോഷ് എന്ന് എനിക്കറിയില്ല. ഒരിക്കല്‍, ഇവരുടെ ഒക്കെയും തുടക്ക കാലങ്ങളില്‍ ഇവരില്‍ പലരും ഒരു സന്തോഷ് ആയിരുന്നിരിക്കണം. ഇന്ന് തിളങ്ങി നില്‍ക്കുന്ന എല്ലാ ആള്‍ദൈവങ്ങള്‍ക്കും ഉള്ള ആസ്തി എവിടെ നിന്ന് വന്നു എന്ന് ഇവരെ പൂജിക്കുന്ന ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?

ഇന്നലെ വരെ സന്തോഷ് പറയുന്നത് സന്തോഷത്തോടെ അനുസരിച്ചിരുന്ന പലരും സ്വയം മുഖം രക്ഷിക്കാന്‍ ഓടുന്നത് കാണാന്‍ രസമുണ്ട്. ഇനി നാളെ അമൃതാനന്ദമയി-യെ പറ്റി ഇങ്ങനെ ഒരു പരാതി വന്നു കൂട എന്നില്ലല്ലോ. (വരില്ല എന്നറിയാം, കാരണം ഇന്നവര്‍ ഉയരങ്ങളില്‍ അല്ലേ ഇരിക്കുന്നത് ). വന്നാല്‍ ഇന്ന് സന്തോഷ് മാധവന്റെ ഗതി തന്നെ ആകില്ലേ അവരുടേതും? അപ്പോള്‍ ഇന്ന് അവരെ അമ്മയും, ദൈവവും ആയി കാണുന്നവര്‍ എന്ത് പറയും? ആലോചിക്കാന്‍ നല്ല രസം. ഇത് ചോദിക്കുന്നത് ഇന്നലെ വരെ സന്തോഷിന്റെ കാല്‍ നക്കിയിരുന്ന കലാ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ നായകന്മരുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നത് കൊണ്ടാണ്.

ഇനിയും നമ്മുടെ ജനങ്ങള്‍ മനസ്സിലാക്കില്ല എന്നതാണ് ഏറെ ദു:ഖകരം. പിടിക്കപ്പെടുന്നവര്‍ മാത്രമേ കള്ളനാണയങ്ങള്‍ ഉള്ളു എന്ന് അവര്‍ പറയും . പിടിക്കപ്പെടാത്തവരുടെ അടുത്ത് പോയാല്‍ ശാന്തി കിട്ടുന്നെങ്കില്‍ ജനങ്ങള്‍ അവിടെ പോകുന്നതില്‍ എന്താ തെറ്റ് എന്ന് ചോദിക്കുന്നവര്‍ ആയിരിക്കും കൂടുതല്‍. ഇന്ന് സന്തോഷ് മാധവന്‍ എന്ന അമൃത ചൈതന്യ പിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ (പരാതി കൊടുത്ത ആ സ്ത്രീക്ക് നന്ദി. ) അയാള്‍ മറ്റൊരു വള്ളിക്കാവിന് അധിപന്‍ ആകില്ലായിരുന്നു എന്ന് പറയാനാകുമോ? ഒരു 'ആശ്രമ' അധിപതി ആകില്ലായിരുന്നു എന്ന് ആരു കണ്ടു? അങ്ങനെ ആയിക്കഴിഞ്ഞ് അയാള്‍ പിടിക്കപ്പെടുമായിരുന്നു എന്ന് ഉറപ്പിച്ച് പറയാനാകുമോ? ഇല്ല. ഈ തരത്തിലുള്ള സ്വാമി വിഗ്രഹങ്ങള്‍ എല്ലാം വളരുന്നത് ആതുര സേവനം എന്ന് ലേബലില്‍ ആണെന്ന് കൂടി ചേര്‍ത്തു വായിച്ചാല്‍ എല്ലാവരേയും ഒരു ചരടില്‍ കെട്ടാന്‍ എളുപ്പമായി.

അതാണ് ഞാന്‍ പറഞ്ഞത് , സന്തോഷ മാധവന്‍ ഒരു പ്രതീകം മാത്രമാണ്. ഇന്ന് വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ദൈവങ്ങളുടേയും, കേരളത്തില്‍ എല്ലായിടത്തും പൊട്ടി മുളക്കുന്ന ചെറിയ ദൈവങ്ങളുടെയും എല്ലാം ഒരു പ്രതീകം. ഇവര്‍ക്ക് വളരാന്‍ വെള്ളം ഒഴിച്ച് കൊടുക്കുന്ന, ഇവരുടെ കാല്‍ നക്കുന്ന പട്ടികളെ അല്ല നമ്മുടെ സമൂഹത്തിന്‍ ആവശ്യം എന്നെങ്കിലും നമ്മുടെ ജനങ്ങള്‍ മന‍സ്സിലാക്കിയിരുന്നെങ്കില്‍ ? ?

ഹിന്ദുക്കളുടെ ഇടയില്‍ മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കും, മുസ്ലീങ്ങള്‍ക്കും ഉണ്ട് ഇത്തരം ആള്‍ദൈവങ്ങള്‍ എന്ന് കൂടി ചേര്‍ക്കേണ്ടിയിരിക്കുന്നു. എന്നാലേ ഒരു പൂര്‍ണ്ണ ചിത്രം കിട്ടുകയുള്ളൂ. പല സിദ്ധന്മാരും ഇടക്ക് പിടിക്കപ്പെടാറുണ്ടല്ലോ. പിടിക്കപ്പെടുന്നവര്‍ നിര്‍ഭാഗ്യവാന്മാര്‍, പിടിക്കപ്പെടാത്തവര്‍ ഭാഗ്യവാന്മാര്‍. അത്രയേ ഉള്ളു.


വാല്‍ക്കഷണം.
പാവം സന്തോഷ് മാധവന്‍ , എന്തെല്ലാം സ്വപ്നങ്ങള്‍ ആയിരുന്നു. നാളെ ആരായി തീരേണ്ട ആളായിരുന്നു. ഭാരതത്തിന് നഷ്ടമായത് ഒരു ഗുരുവിനെയാണ്. അനേകം മക്കളുടെ ദുരിതം അകറ്റേണ്ടിയിരുന്ന ഒരു അച്ഛനെയാണ്. അനേകര്‍ക്ക് സാന്ത്വനം ഏകുന്ന ഒരു ആതുര സേവകനെയാണ്. അനേകം പേര്‍ക്ക് തൊഴില്‍ നല്‍കിയേക്കാമായിരുന്ന ഒരു ബിസ്സിനസ്സുകാരെനെയാണ്. എത്ര സ്ത്രീകളെ കെട്ടിപ്പിടിച്ച് അനുഗ്രഹം നല്‍കേണ്ടയിരുന്ന കൈകള്‍ ആയിരുന്നു അത്. എല്ലാം കഴിഞ്ഞോ, അതോ ഇനിയും വരുമോ ? കാത്തിരുന്നു കാണാം.

Just remember, all these are happening in Kerala, the most literate state in India.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി