ഇന്നത്തെ തീയതി :

Thursday, November 27, 2008

ഇവര്‍ ഭീകരരോ അതോ പാഴ്‌ജന്മങ്ങളോ?

ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയില്‍ ഇന്നലെ മുതല്‍ നടക്കുന്ന ഭീകര താണ്ഡവത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടന ഇതിന്റെ ഏറ്റെടുത്തു എന്ന് പറയുന്നു. ആര്‍ക്കോ വേണ്ടി പണിയെടുക്കുന്ന കൊലയാളികള്‍. ആര്‍ക്കറിയാം ഏതൊക്കെ സംഘടനകള്‍ ചേര്‍ന്നായിരിക്കും ഇപ്പോഴത്തെ ആക്രമണം പദ്ധതിയിട്ടതെന്ന്? വ്യത്യസ്ഥ മത സംഘടനകള്‍ വരെ കാണാം.

മുംബൈയില്‍ ഏറ്റവും തിരക്കുള്ളതും സഞ്ചാരികള്‍ എത്തുന്നതുമായ സ്ഥലമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. തൊട്ടടുത്ത് താജ് ഹോട്ടല്‍, ശിവാജി പാര്‍ക്ക്.. അവിടെ പോലും ജീവന്‍ സുരക്ഷിതമല്ല എന്ന് സ്ഥിതി തീര്‍ത്തും അപകടകരമാണ്. നമ്മുടെ സുരക്ഷാ ഭടന്മാര്‍ക്ക് തെറ്റ് പറ്റിയോ?

ഭീകരതക്കെതിരേ സ്വരമുയര്‍ത്താന്‍ എല്ലാ മത സംഘടനകളും മുമ്പോട്ടു വരട്ടെ. വെറുതെ "അപലപിക്കുന്നു" എന്ന് പറയാന്‍ മാത്രമല്ലേ ഇവര്‍ക്കു കഴിയൂ. അതു പോര.

ബന്ധുക്കളും സുഹൃത്തുക്കളും ജീവിക്കുന്നുണ്ടവിടെ. അവരെ കുറിച്ച് മാത്രമല്ല, എല്ലാ മനുഷ്യരേയും ഓര്‍ത്ത് മനസ്സ് വ്യാകുലപ്പെടുന്നു. എവിടെ നിന്നാണ് ആക്രമണം വരുന്നത് എന്നറിയാതെ പേടിയോടെ നടക്കേണ്ട ഒരവസ്ഥയില്‍ ജീവിക്കേണ്ടി വരുന്നത് കഷ്ടമാണ്. എങ്കിലും, തിരക്ക് പിടിച്ച ജീവിതസമരം വീണ്ടും തുടരാന്‍ മുംബൈ നിവാസികള്‍ക്ക് എത്രയും പെട്ടെന്ന് കഴിയട്ടെ. അവര്‍ക്കതിന് കഴിയും. ഒരു ഭീകരര്‍ക്കു മുമ്പിലും നാം മുട്ടു മടക്കില്ല.

ഈ കുഞ്ഞു എന്തു പിഴച്ചു? ഇതുപോലെ കുട്ടികളെ പോലും ഉപദ്രവിച്ചിട്ട് നിങ്ങള്‍ എന്ത് സ്വര്‍ഗ്ഗം നേടാനാണോ പോകുന്നത്? ഇനിയും ജീവിതങ്ങള്‍ പൊലിയാതിരിക്കട്ടെ. ഇനിയും രക്തം ഒഴുകാതിരിക്കട്ടെ. ദൈവത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ നടക്കുന്ന കൂട്ടക്കുരുതികള്‍ ഒടുങ്ങട്ടെ. പരലോകത്തെ സ്വര്‍ഗത്തിനായി ഭൂമിയില്‍ നരകം തീര്‍ക്കുന്നവരേ, നിങ്ങള്‍ക്ക് നാശം വരട്ടെ. ത്ഫൂ...

മുംബയിലെ ഭീകര ആക്രമണത്തില്‍ മരണമടഞ്ഞ എല്ലാവര്‍ക്കും ആദരാഞ്ജലികള്‍‍. ഭീകരെരെ തുരത്താന്‍ സ്വന്തം ജീവിതം അര്‍പ്പിച്ച വീരസേനാനികള്‍ക്കും സുരക്ഷാഭടന്മാര്‍ക്കും പ്രണാമം.

*********** ************** **************
തന്തക്ക് പിറക്കാഴിക ഏതെങ്കിലും സംഘടനയുടെ പേരിലോ ഏതെങ്കിലും മതത്തിന്റെ പേരിലോ ഏതെങ്കിലും ജാതിയുടെ പേരിലോ ഒക്കെ ആണ് കാണിക്കുന്നതെങ്കിലും ഇവന്മാര്‍ എല്ലാം ഒരു തന്തക്ക് പിറന്നവന്മാര്‍ ആയിരിക്കില്ല. അല്ലെങ്കില്‍ പാവം ജനങ്ങള്‍ക്ക് മേല്‍ വെടിയുതിര്‍ക്കുമ്പോള്‍ ഇവര്‍ സ്വന്തം അച്ഛനെയോ പ്രസവിച്ച അമ്മയേയോ ഓര്‍ക്കില്ലേ? പട്ടികള്‍..

Saturday, November 22, 2008

യോഗക്കെതിരെയും ഫത്വ ! !

ഇനി മുതല്‍ മുസ്ലീങ്ങള്‍ യോഗ പരിശീലിക്കരുതെന്ന് മലേഷ്യന്‍ ഫത്‌വ കമ്മറ്റി ഫത്‌വ ഇറക്കിയിരിക്കുന്നതായി ദീപികയില്‍ ഒരു വാര്‍ത്ത കണ്ടു. (ഇവിടെയും കണ്ടു) യോഗയില്‍ ഹിന്ദു തത്വങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നും യോഗ അഭ്യസിക്കുന്ന മുസ്ലീമിന്റെ വിശ്വാസങ്ങള്‍ക്ക് അത് കോട്ടം തട്ടിക്കും എന്നുമാണ് ഇതിന് കാരണമായി പറയുന്നത്.

ഇന്ന് പല രോഗങ്ങളും ഉള്ളവര്‍ക്ക് ചികിത്സാമുറയുടെ ഭാഗമായി യോഗ അഭ്യസിക്കാന്‍ നിര്‍ദ്ദേശിക്കുന്നതായി അറിയാം. ഇത് എത്രത്തോളം ഫലപ്രദമാണെന്നൊന്നും പറയാന്‍ എനിക്കറിയില്ല. പക്ഷേ യോഗ ചെയ്യുന്നത് ശരീരത്തിന് പല രീതിയിലും ഗുണം ചെയ്യുന്നുണ്ട് എന്ന് പലയിടത്തും വായിച്ചറിഞ്ഞിട്ടുണ്ട്. പല മാര്‍ഷ്യല്‍ ആര്‍ട്ടുകളുടെ പരിശീലനത്തിന് പോലും യോഗയുടെ ചില ഭാവങ്ങള്‍ ഉപയോഗിക്കുന്നു. പ്രത്യേകിച്ച് ബ്രീത്തിങ് എക്സര്‍സൈസില്‍. (ശ്രീ ശ്രീ രവിശങ്കറിന്റെ കുണ്ടാന്ത്രം അല്ല അല്ല ഉദ്ദേശിച്ചത്). ഇന്ത്യയില്‍ പല മുസ്ലീം പണ്ഡിതരും യോഗ ചെയ്യുന്നുണ്ടാവാം (?) അല്ലെങ്കില്‍ അഭ്യസിച്ചിട്ടുണ്ടാവാം.

പണ്ടൂ കാലം മുതല്‍ക്കേ ഇന്ത്യയിലെ ഹിന്ദു ആചാര്യന്മാര്‍ അനുഷ്ടിച്ചു പോന്നതാണ് എന്നത് യോഗയുടെ ഗുണഗണങ്ങളെ കുറക്കുന്നില്ല. ഇനി ചിലയിടെങ്ങളില്‍ വിളക്ക് കത്തിച്ച് വയ്ക്കുന്നതോ, ഓംകാരം ഉരുവിടുന്നതോ കേട്ടിട്ടാണൊ ഈ ഫത്വ എന്നറിയില്ല. അങ്ങനെയാണെങ്കില്‍ ഇതൊക്കെ ഒഴിവാക്കിയാല്‍ പോരെ. അല്ലെങ്കില്‍ യോഗ അഭ്യസിച്ച ഒരു "മുസ്ലിം ഗുരു"വിന്റെ കൂടെ പഠിച്ചാല്‍ മതി എന്ന് കരുതിയാല്‍ പോരെ. അതിനു പകരം ഇനി മുസ്ലീങ്ങള്‍ യോഗ അഭ്യസിക്കാന്‍ പാടില്ല എന്ന് പറയുന്നതിലെ പൊരുള്‍ എനിക്ക് മനസ്സിലാകുന്നില്ല.

ശ്രീ ശ്രീ തുടങ്ങിയ യോഗ കച്ചവടക്കാരൊക്കെയാവും ഈ ഫത്‌വക്ക് കാരണക്കാര്‍ എന്ന് ഞാന്‍ കരുതുന്നു. അവരൊക്കെയാണല്ലോ ലോകം മുഴുവന്‍ "യോഗ" കൊണ്ടു നടന്ന് വില്‍ക്കുന്നത്. യഥാര്‍ത്ഥ യോഗ എന്താണെന്ന് മലേഷ്യന്‍ ഫത്‌വ കമറ്റിക്ക് ഒരു പക്ഷേ അറിവുണ്ടായിരിക്കില്ല. അവര്‍ കാണുന്നതൊക്കെ ഈ ആത്മീയ യോഗകള്‍ ആണല്ലോ. അപ്പോള്‍ ഇതൊരു "ഹിന്ദു യോഗ" ആണെന്ന് അവര്‍ക്ക് തോന്നിക്കാണും.

എന്തായാലും ഇത് ഒരു അന്യായ ഫത്‌വ ആയിപ്പോയി. ചില അഭ്യാസങ്ങള്‍ ഒക്കെയാകാം എന്ന രീതിയില്‍ ഈ ഫത്വയുടെ ചില ക്ലാരിഫിക്കേഷന്‍ വന്നിട്ടുണ്ട് എന്നറിയുന്നു. ഈജിപ്തിലെ ചില മതപണ്ഡിതന്മാര്‍ ഇപ്പോഴേ എതിര്‍പ്പ് പ്രകടിപ്പിച്ചു എന്ന് ഈ വാര്‍ത്തയില്‍ കാണുന്നു.

സംശയം
ഫത്വകള്‍ പലതും പത്രങ്ങളിലൂടെ വായിച്ചറിയാറുണ്ട്. ഇനി ഒരു സംശയം. അറിയാത്തത് കൊണ്ട് ചോദിക്കുന്നതാണ്. അറിയാവുന്ന ആരെങ്കിലും ഇത് തീര്‍ത്തു തന്നാല്‍ കൊള്ളാം.
മലേഷ്യയിലെ കമറ്റി ഇറക്കുന്ന ഫത്‌വ ഇന്ത്യയിലെ മുസ്ലിമുകള്‍ക്കും ബാധകമാണോ? അതു പോലെ ഇന്ത്യയിലെ പണ്ഡിതന്മാര്‍ ഇറക്കുന്ന ഫത്‌വകള്‍ ലോകത്തെ എല്ലാം മുസ്ലീമുകള്‍ക്കും ബാധകമാണോ?

അതുപോലെ ഇന്നത്തെ സാഹചര്യങ്ങള്‍ നോക്കിയാണോ, അതോ ഖുറാനും നബിചര്യയ്ക്കും എതിരാണെന്നത് നോക്കിയാണോ ഫത്‌വകള്‍ പുറപ്പെടുവിക്കുന്നത്?

ഒരു മുന്‍‌കൂര്‍ ജാമ്യം.
ഈ ഫത്‌വ എന്നെ ബാധിക്കുന്നില്ലാത്തതിനാല്‍ ഞാന്‍ ഇതിന് അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയുന്നില്ല. ഇങ്ങനെയൊരു വാര്‍ത്ത കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയത് കുറിച്ചിട്ടു എന്ന് മാത്രം. മറ്റൊരു മറ്റൊരു മതത്തിലെ അംഗമായതിനാല്‍ ആണ് ഈ മുന്‍കൂര്‍ ജാമ്യം .

Saturday, November 15, 2008

സ്വാമി അയ്യപ്പന്‍ വീണ്ടും അവതരിച്ചു

ദേ സ്വാമി അയ്യപ്പന്‍ പിന്നേം അവതാരം എടുത്തു.
ഏഷ്യാനെറ്റില്‍ ആണെന്ന് മാത്രം. രാത്രി 9.30ന്. ഭക്തിയും വിശ്വാസവും എങ്ങനെ വിറ്റു മുതലാക്കാം എന്ന് നമ്മെ കാണിച്ചു തന്നു കൊണ്ടിരിക്കുന്ന എല്ലാ ചാനലുകാരിലും വച്ച് ഇത്ര വലിയ ചതി ഏഷ്യാനെറ്റുകാര്‍ മാത്രമേ ചെയ്യുകയുള്ളൂ. നിര്‍ത്തിയിട്ട് ഒരു വര്‍ഷം പോലുമാകാത്ത ഒരു സീരിയല്‍ മണ്ഡലകാലം തുടങ്ങുന്നു എന്ന് കണ്ടപ്പോഴേ വീണ്ടും ആരംഭിക്കുക എന്നത് ഭക്തി തലയില്‍ കയറി ഭ്രാന്ത് പിടിച്ചു നില്‍ക്കുന്നവരെ സന്തോഷപ്പെടുത്തുമെങ്കിലും ബാക്കിയുള്ളവര്‍ക്ക് ഏഷ്യാനെറ്റിന്റെ ഈ "മണ്ടന്‍" അയ്യപ്പനേയും പരിവാരങ്ങളേയും കണ്ടു കൊണ്ടിരിക്കേണ്ട ഗതികേട് വീണ്ടും ഉണ്ടാക്കിയതില്‍ എന്റെ പ്രതിഷേധം അറിയുച്ചു കൊള്ളുന്നു.

ഇനി കഴിഞ്ഞ പ്രാവശ്യം ഏതെങ്കിലും എപ്പിസോഡ് കാണാതെ പോയിട്ടുണ്ടെങ്കില്‍ മറക്കാതെ കാണണം കേട്ടോ... ഇടിവാളിന്റെ ഈ കത്തിന് അയ്യപ്പന്‍ പുല്ലുവിലയെ കല്പ്പിച്ചിട്ടുള്ളു എന്ന് മനസ്സിലായില്ലേ? അതുപോലെ പ്രിയയുടെ ഈ പോസ്റ്റിന് ഇപ്രാവശ്യം ഈ വരവില്‍ അയ്യപ്പന്‍ മറുപടി തരും എന്ന് കരുതുന്നു.

എന്റെ അയ്യപ്പാ, നാട്ടുകാരെ മുഴുവന്‍ വടിയാക്കുന്ന ഇല്ലാക്കഥ പറയുന്ന, ഇവനെയൊക്കെ പിടിക്കാന്‍ ഈ നാട്ടില്‍ പുലിയൊന്നും ബാക്കിയില്ലേ .....എന്തുചെയ്യാം, സായിപ്പിനു വരെ ദര്‍ശനം കൊടുത്ത് സായിപ്പിനോട് വരെ മലയാളത്തില്‍ സംസാരിക്കുന്ന അയ്യപ്പന്റെ മുഖം ഇനിയും കാണണമല്ലോ... ഇന്ന് അറിയാതെ കണ്ടുപോയതാ.. ഇത് മുഴുവനും ഇവന്മാര്‍ റി-ടെലെകാസ്റ്റ് ചെയ്യാനാണ് പരിപാടി എന്ന് തോന്നുന്നു. അതോ പ്രസക്ത ഭാഗങ്ങളേ ഉള്ളോ? ഏതായാലും ഇത് ഭയങ്കര ചതിയായിപ്പോയി. കാരണം എന്റെ വീട്ടിലെ റിമോട്ട് പലപ്പോഴും സമയത്ത് കയ്യില്‍ കിട്ടാറില്ല.. കിട്ടിയാലും ചിലപ്പോള്‍ അത് വര്‍ക്ക് ചെയ്യാറില്ല.

"റിമോട്ട് വര്‍ക്കു ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ ബാക്കി ചാനലുകള്‍ അവര്‍ക്കുള്ളതാകുന്നു."

Monday, November 10, 2008

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍

പരമ്പര നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍.

ഏകപക്ഷീയമായ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന (ആദ്യ ടെസ്റ്റ് ഒഴികെ) ഒരു പരമ്പരക്ക് ഒടുവില്‍ ആസ്ത്രേലിയയെ തോല്പ്പിച്ച് ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി ഇന്ത്യക്ക് ലഭിച്ചു. സാധാരണ ഗതിയില്‍ അവസാന ശ്വാസം വരെ പൊരുതുന്ന ഒരു ആസ്ത്രേലിയ ആയിരുന്നില്ല ഇപ്രാവശ്യം ഇന്ത്യയിലെത്തിയത് എന്ന് പറയാം. പക്ഷേ അവര്‍ തന്നെയാണല്ലോ ഇപ്പോഴും (ഔദ്യോഗികമായെങ്കിലും) ഒന്നാം നമ്പര്‍ ടീം. അവരെ ഒരു നാലു ടെസ്റ്റ് പരമ്പരയില്‍ 2-0 നു തോല്പ്പിച്ചു പരമ്പര നേടുക അത്ര നിസാര കാര്യമായി കണ‍ക്കാക്കണ്ട കാര്യമല്ല, അത് ഇന്ത്യയില്‍ വച്ചാണെങ്കില്‍ പോലും.

ഇന്ത്യ 441 & 295
ആസ്ത്രേലിയ 355 & 209

ഏതായാലും അവസാന ഇന്നിംഗ്സില്‍ സം‌പൂജ്യനായി മടങ്ങി എങ്കിലും ഇന്ത്യ കണ്ട പോരാട്ട വീര്യമുള്ള ക്യാപ്റ്റനായ സൗരവ് ഗാംഗുലിക്ക് അഭിമാനത്തോടെ പാഡഴിക്കാം. അവസാന പരമ്പര വിജയത്തിന് തന്റേതായ സംഭാവനകള്‍ നല്‍കിയിട്ടാണ് അദ്ദേഹം മടങ്ങുന്നത്. 113 ടെസ്റ്റുകളില്‍ 7212 റണ്‍‍സും 311 ഏകദിനങ്ങളില്‍ നിന്ന് 11363 റണ്‍സും വാരിക്കൂട്ടിയിട്ടാണ് ദാദയുടെ പിന്‍‌മാറ്റം.

ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ അനില്‍ കുംബ്ലേക്കും ഇത് അവസാന പരമ്പരയായി. 132 ടെസ്റ്റുകളില്‍ നിന്ന് 619 വിക്കറ്റും 271 ഏകദിനങ്ങളില്‍ 331 വിക്കറ്റുകളുമായി കുംബ്ലേ വിടവാങ്ങി.

ഇന്ത്യന്‍ കളിക്കാര്‍ വ്യക്തിപരമായി പല നേട്ടങ്ങളും കൈവരിച്ച ഒരു പരമ്പര കൂടിയായിരുന്നു ഇത്. സച്ചിന്‍ ഏറ്റവും വലിയ റണ്‍ വേട്ടക്കാരന്‍ എന്ന ബഹുമതി ലാറയില്‍ നിന്ന് കൈയ്യടക്കിയതാണ് പ്രധാനപ്പെട്ടത്. അദ്ദേഹത്തിന്റെ നാല്‍‌പ്പതാം സെഞ്ചുറിയും ഈ പരമ്പരയില്‍ കണ്ടു. സച്ചിന്‍ ടെസ്റ്റുകളില്‍ നൂറാം ക്യാച്ചും തികച്ചു. അമിത് മിശ്ര, വിജയ് തുടങ്ങിയവര്‍ ആദ്യമായി ടെസ്റ്റ് കളിച്ചതു ഈ പരമ്പരയില്‍ ആണ്.

ഒബാമ - ഇന്ത്യന്‍ പ്രതീക്ഷ അസ്ഥാനത്തോ?

കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ഭരണാധികാരിയെ ഫോണില്‍ വിളിച്ച് കാശ്മീര്‍ പ്രശ്നം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി സംസാരിച്ച പ്രസിഡന്റ് ഒബാമ ഇന്ത്യന്‍ ഭരണാധികാരികളെ പാടേ അവഗണിക്കുന്നു എന്ന് വാര്‍ത്ത. അനൗദ്യോഗികമാണെങ്കിലും കീഴ്വഴക്കമനുസരിച്ച് ലോക രാജ്യങ്ങളിലെ ഭരണാധികാരികളെ വിളിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്, ഇതു വരെ മന്മോഹന്‍ സിംഗിനേയോ പ്രണാബ് മുഖര്‍ജിയെയോ അദ്ദേഹം വിളിച്ചില്ലത്രേ. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആ ഫോണ്‍ വിളി കാതോര്‍ത്തിരിക്കുകയാണ്.

എങ്ങനെ വിളിക്കും. ബുഷ് ഇന്ത്യാക്കാരുടെ കണ്‍കണ്ട ദൈവമാണ്, ബുഷ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യാക്കാര്‍ ഊര്‍ജമില്ലാത്തെ പണ്ടാരമടങ്ങി പോയേനെ, മുഴുവന്‍ ഇന്ത്യാക്കാരും ബുഷിന് കടപ്പെട്ടിരിക്കുന്നു ബുഷ് മാടയാണ് കോടയാണ്, എന്നൊക്കെ പറഞ്ഞ് ബുഷിന്റെ പൃഷ്ടം താങ്ങി നടന്നപ്പോള്‍, ഇലക്ഷന്‍ വരുന്നു ബുഷും വാലാട്ടികളും തോറ്റു തൊപ്പിയിടും എന്ന്ഓര്‍ക്കണമായിരുന്നു.

പ്രസിഡന്റിന്റെ അധികാര പരിധി പുന:നിര്ണ്ണയിക്കും എന്ന് ഒബാമ പ്രഖ്യാപിച്ചു. അതുപോലെ ബുഷിന്റെ കലത്തെ ഇരുനൂറോളം നയങ്ങള്‍ പുന:പരിശോധിക്കും എന്നാണ് പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനം. അമേരിക്ക പിന്തുടരുന്ന പൊതു നയങ്ങള്‍ക്ക് കാതലായ മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എങ്കിലും ചെറിയ പല മാറ്റങ്ങളും ഇതില്‍ കൂടി വരും എന്ന് കരുതാം. വിദേശ നയങ്ങളിലും മാറ്റം ഉണ്ടാകാം. ബുഷിനെ എല്ലാം മറന്ന് പിന്തുണച്ചവരോട് ഒബാമയുടെ സമീപനം എന്തായിരിക്കും എന്ന് ആര്‍ക്കറിയാം. ഇലക്ഷനോടനുബന്ധിച്ച് ബുഷ് എടുപിടീന്ന് നടപ്പിലാക്കിയ, പല തീരുമാനങ്ങളിലും പുനര്‍ചിന്ത ഉണ്ടായേക്കാം. ( ഇതില്‍ നമ്മുടെ എല്ലാമെല്ലാമായ ആണവകരാര്‍ ഉണ്ടാകുമോ എന്നറിയില്ല). കാത്തിരുന്നു കാണാം.

ഏതായാലും ഇന്ത്യക്ക് ഒത്തിരി പ്രതീക്ഷകള്‍ ഒന്നും തല്‍ക്കാലം ഒബാമ ബാക്കി വയ്ക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നെട്ടോട്ടമോടുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് തല്‍ക്കാലം മറ്റൊന്നും ഓര്‍ക്കാന്‍ സമയം കിട്ടുന്നില്ല എന്ന് മന്മോഹന്‍ സിംഗിന് ആശ്വസിക്കാം. അതൊക്കെ കഴിഞ്ഞ് ആ വിളി വരുമായിരിക്കും.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി