ആകെ കണ്‍ഫ്യൂഷന്‍.. യേശുവിന് സഹോദരങ്ങള്‍ ഉണ്ടായിരുന്നോ? ഇപ്പോള്‍ പെട്ടെന്നിത് തോന്നാന്‍ കാരണം ഇന്ന് ഉച്ചക്ക് വന്ന ഒരു ഫോണ്‍ കോള്‍ ആണ്.
എന്റെ ഒരു സുഹൃത്ത് ഈ സംശയം ചോദിക്കാന്‍ വിളിച്ചു. അറിയാവുന്ന ആരോടെങ്കിലും ചോദിക്കണം എന്ന് പറഞ്ഞു. കാരണം 'യേശുവിന് സഹോദരങ്ങള്‍ ഉണ്ടായിരുന്നു' എന്ന് അയാളുടെ ഒരു പെന്തകോസ്ത് വിശ്വാസിയായ സുഹൃത്ത് പറഞ്ഞു പോലും. അത് കേട്ടപ്പോള്‍ ആണ് ആ ഫോണ്‍വിളി ഉണ്ടായത്.
ഇങ്ങനെ ഒരു സംശയം ചോദിച്ച സ്ഥിതിക്ക്, ഇതെക്കുറിച്ച് കൂടുതല്‍ പഠിച്ചിട്ടില്ലാത്തതിനാല്‍ , ഇന്റര്‍നെറ്റില്‍ ഒന്ന് പരതി നോക്കി. അപ്പോള്‍ കിട്ടിയ ചില ലേഖനങ്ങളില്‍ പറഞ്ഞിരിക്കുന്ന പ്രകാരം താഴെപ്പറയുന്ന വാക്യങ്ങള്‍ ആണ് ഈ സംശയത്തിന് കാരണം എന്ന് കണ്ടു.
******************* ************* *************** ************
മർക്കൊസ് എഴുതിയ സുവിശേഷം, അദ്ധ്യായം 6
6:2 ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു?
6:3 ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 12
12:46 അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.
12:47 ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനിലക്കുന്നു എന്നു പറഞ്ഞു.
12:48 അതു പറഞ്ഞവനോടു അവൻ : “എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ” എന്നു ചോദിച്ചു.
12:49 ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: “ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.12:50 സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു.
മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 13
13:55 ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ , യൂദാ എന്നവർ അല്ലയോ?
13:56 ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
13:57 യേശു അവരോടു: “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” എന്നു പറഞ്ഞു.
അപ്പൊസ്തലനായ പൌലൊസ് ഗലാത്യര്ക്കു എഴുതിയ ലേഖനം, അദ്ധ്യായം 1
1:19 എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.
*********** *************** ***************
നെറ്റില്‍ കണ്ട ഒരു ലേഖനത്തില്‍ യേശുവിന്റെ കുടുംബത്തെ പറ്റി പറയുന്നതില്‍ സഹോദരങ്ങള്‍ ഉണ്ട് എന്ന് പറയുന്നു, പക്ഷേ അടുത്തതായി കണ്ട ഈ ലേഖനം ഈ വാദഗതികളെ ഖണ്ഡിക്കുന്നു. ഇതില്‍ ഏതാണ് ശരി. (രണ്ടും ആധികാരികമാണെന്ന് ഞാന്‍ പറയുന്നില്ല)
മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നതിനെ അംഗീകരിക്കാതിരിക്കാന്‍ കാരണമുണ്ടോ? അറിവുള്ളവര്‍ അഭിപ്രായം അറിയിക്കണം എന്ന് താല്പര്യപ്പെടുന്നു. എന്തെങ്കിലും ഒരുത്തരം കിട്ടും എന്ന് കരുതിയാണ് ഇവിടെ സമര്‍പ്പിക്കുന്നത്.
*************** ******************** *************************
പെട്ടെന്നുള്ള റഫറന്‍സിന് കൈപ്പള്ളിയുടെ ബൈബിളിന് നന്ദി