ഇന്നത്തെ തീയതി :

Saturday, December 19, 2009

പീഢനം എല്ലായിടത്തും ഒരുപോലെ

ഇന്നത്തെ ഗള്‍ഫ്‌ ന്യൂസില്‍ വന്ന ഒരു വാര്‍ത്ത ശരിക്കും ചിന്തിപ്പിച്ചു. ഈജിപ്തിലെ സ്ത്രീകളില്‍ 83% സ്ത്രീകളും ഒരു തവണ എങ്കിലും ഏതെങ്കിലും തരത്തില്‍ ലൈംഗീകമായി പീഢിതയാകുന്നു. ബലാല്‍സംഗം ചെയ്യപ്പെടുന്നു എന്നല്ല ഇതിനര്‍ത്ഥം. വാക്കുകള്‍ കൊണ്ടോ, നോട്ടം കൊണ്ടോ, തലോടലുകള്‍ കൊണ്ടോ ഒക്കെ ആകാം. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും, സ്കൂളുകളിലും അപമാനിതയാകുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നു എന്നാണ് ചില പഠനങ്ങളെയും കെയ്‌റൊയില്‍ നടന്ന ഒരു കോണ്‍ഫറന്‍സിനേയും ആധാരമാക്കിയുള്ള റിപ്പോര്‍ട്ട്‌ പറയുന്നത്‌. പതിനേഴ്‌ അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ള പ്രധിനിധികള്‍ ആ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നമ്മുടെ നാടിനെ കുറ്റം പറയുന്നവരില്‍ ചിലരെങ്കിലും പറയുന്ന കാര്യങ്ങളിലൊന്ന് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക കുറ്റകൃത്യങ്ങള്‍ ആണെന്ന് തോന്നുന്നു. ബസിലും പൊതുസ്ഥലത്തും തങ്ങള്‍ അപമാനിക്കപ്പെടുന്നു എന്ന് സ്ത്രീകളുടെ പരാതികള്‍ എന്നും കേള്‍ക്കാറുണ്ട്‌. ധാരാളം ആളുകള്‍ ഔദ്യോഗികമായി പരാതിപ്പെടാറുണ്ട്‌. പക്ഷേ യാഥാസ്ഥിതിക രാജ്യങ്ങളായ അറബ്‌ രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ പരാതി കൊടുത്താലും അതില്‍ പുരുഷന്മാര്‍ക്ക്‌ അനുകൂലമാക്കി തെളിവുകള്‍ നിരത്താനാണ് അധികാരികള്‍ പോലും ശ്രമിക്കുന്നതെന്ന് പറയപ്പെടുന്നു.

പാരമ്പര്യ വസ്ത്രങ്ങളില്‍, നിഖാബും ധരിച്ച്‌ പുറത്ത്‌ പോകുന്ന തങ്ങളെ പരസ്യമായി അപമാനിക്കാന്‍ യുവതലമുറക്ക്‌ യാതൊരു വിധ തടസ്സങ്ങളും ഇല്ല എന്ന് സ്ത്രീകള്‍ തുറന്നു പറയുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ചൂളം വിളിച്ച്‌ അരികെയെത്തുന്ന "പൂവാലന്‍" തന്റെ കൂടെ ആളൊഴിഞ്ഞ സ്ഥലത്ത്‌ വരാനും മൊബൈല്‍ നമ്പര്‍ തരാനും ആവശ്യപ്പെടുന്നു എന്ന് പറയുന്ന, രണ്ട്‌ കുട്ടികളുടെ അമ്മയായ സ്ത്രീ, വളര്‍ന്നു വരുന്ന തന്റെ പെണ്മക്കളെ ഓര്‍ത്ത്‌ ദു:ഖിക്കുന്നു.

യമന്‍, സിറിയ, ലെബനോന്‍ തുടങ്ങി മറ്റ്‌ അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ളവരും ഈജിപ്തില്‍ തങ്ങള്‍ക്ക്‌ അനുഭവിക്കേണ്ടി വന്ന അപമാനങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്‌ എന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
യമന്‍, സിറിയ, ലെബനോന്‍ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല എന്നും അവര്‍ കൂട്ടി ചേര്‍ക്കുന്നു. 22 അറബ്‌ രാജ്യങ്ങളില്‍ പകുതിയിലും ഇത്തരം പീഢനങ്ങള്‍ ക്രിമിനല്‍ കുറ്റകൃത്യമായി പരിഗണിക്കുന്നില്ല എന്നതാണ്‍ അത്‌ പെരുകാനുള്ള കാരണമായി പറയപ്പെടുന്നത്‌. പലയിടത്തും ബലാല്‍സംഗങ്ങളും ശാരീരിക പീഢനങ്ങളും മാത്രമേ കുറ്റകൃത്യമാകുന്നുള്ളൂ.

പര്‍ദക്കുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന ധാരണ തിരിത്തുക്കുറിക്കുന്ന പല അനുഭവങ്ങളും ആ കോണ്‍ഫറന്‍സില്‍ പുറത്തു വന്നു. പൂര്‍ണ്ണമായും പര്‍ദക്കുള്ളില്‍ പൊതിഞ്ഞ ശരീരങ്ങളെ തടവാനും ആളുകള്‍ മടിക്കുന്നില്ല എന്നാണ് പലരും പറഞ്ഞിരിക്കുന്നത്‌. മജീദ്‌ അല്‍ ഐസ എന്ന സൗദി സാമൂഹികപ്രവര്‍ത്തകന്‍ പറയുന്നതനുസരിച്ച്‌ മുഖ്യധാരയില്‍ നിന്ന് സ്ത്രീകളെ അകറ്റി നിര്‍ത്തിയിരിക്കുന്ന സൗദിയില്‍ പലപ്പോഴും കയ്യേറ്റങ്ങള്‍ അതിരുകള്‍ വിടാറുണ്ട്‌ എന്നാണ്.

ഇത്ര പരസ്യമായി ഒരു അറബ്‌ രാജ്യ പത്രത്തില്‍ ഒരു ഫുള്‍ പേജ്‌ ഫോട്ടോ ഫീച്ചര്‍ ആയി വന്ന വാര്‍ത്ത ആയതിനാല്‍ മാത്രമാണ് ഇത്‌ ഞാന്‍ ഇവിടെ എഴുതുന്നത്‌. നമ്മുടെ നാട്ടിലെയോ യൂറോപ്പിലെയോ അമേരിക്കയിലെയോ പത്രങ്ങളില്‍ വന്ന ഫീച്ചറായിരുന്നെങ്കില്‍ ഞാന്‍ ഇത്‌ എഴുതുന്നതിന് മുമ്പ്‌ ഇങ്ങനെ ഒരു കോണ്‍ഫറന്‍സ്‌ നടന്നോ എന്നെങ്കിലും ഒന്നു കൂടി ഉറപ്പ്‌ വരുത്തിയേനെ.( അല്ലെങ്കില്‍ എന്റെ പല സുഹൃത്തുക്കളും ഇതൊക്കെ പര്‍ദക്കെതിരെയുള്ള പ്രചരണം ആണെന്ന് പറഞ്ഞു കളയും. :) )

Sunday, December 6, 2009

സാമ്പത്തിക മാന്ദ്യം !!

ഗള്‍ഫിനേയും സാമ്പത്തിക മാന്ദ്യം ബാധിക്കുന്നു എന്ന് പറഞ്ഞ്‌ ഒരു വര്‍ഷം ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. അന്നതിനു പല പ്രതികരണങ്ങളും വന്നിരുന്നു. പക്ഷേ നാട്ടില്‍ പലരും ഇതെ പറ്റി അറിഞ്ഞത്‌ ഇപ്പോള്‍ ദുബയ്‌ വേള്‍ഡ്‌ എന്നൊരു "സ്ഥാപനം" തങ്ങള്‍ കടക്കെണിയില്‍ ആയി എന്ന് പുറം ലോകത്തെ അറിയിച്ചപ്പോള്‍ ആണെന്ന് തോന്നുന്നു .

ഇവിടെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ് ഇവിടുത്തെ അവസ്ഥ. ആരെങ്കിലും സ്വയം കണ്ണടച്ച്‌ ഇരുട്ടാക്കിയത്‌ കൊണ്ട്‌ കാര്യമില്ല എന്നര്‍ത്ഥം. നിര്‍മാണ മേഖലയില്‍ ഉണ്ടായിരുന്നവരില്‍ ജോലി നഷ്ടപ്പെട്ടവര്‍ എത്രയെന്ന് ആര്‍ക്കും ഒരു കണക്കുമില്ല. അഞ്ചക്ക ശമ്പളം വാങ്ങുന്നരുടെ കാര്യം മാത്രം നോക്കിയാല്‍ അതൊരു യഥാര്‍ത്ഥ കണക്കെടുപ്പ്‌ ആവില്ലല്ലോ. തനിക്ക്‌ ജോലി നഷ്ടപ്പെട്ടില്ല അല്ലെങ്കില്‍ ഇനി നഷ്ടപ്പെടുവാന്‍ സാധ്യതയില്ല എന്നത്‌ 'ഇവിടെ പ്രശ്നമൊന്നുമില്ല' എന്ന് പറയുവാനുള്ള മാനദണ്ഡവുമാകുന്നില്ല.

ദുബൈ വേള്‍ഡ്‌ എന്ന സ്ഥാപനത്തിന്റെ പതനം ഇന്നൊന്നും ആരംഭിച്ചതല്ല എന്നതാണ്‍ സത്യം. നഖീലിലും ലിമിറ്റ്‌ലെസ്സിലും ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഒരു വര്‍ഷം മുമ്പേ പറഞ്ഞറിഞ്ഞതാണ്‍ അവരുടെ അവസ്ഥ. പ്രധാന പിരിച്ചു വിടല്‍ ഒക്കെ അന്നേ കഴിഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ മാധ്യമ ചര്‍ച്ചകള്‍ കണ്ടാല്‍ ഇപ്പോഴാണോ ഇവരൊക്കെ ഇതൊക്കെ അറിഞ്ഞതെന്ന് തോന്നും. ഇതാണോ മാധ്യമപ്രവര്‍ത്തനം?. ഇപ്പോഴാണോ ഇവരൊക്കെ ഇതൊക്കെ അന്വേഷിക്കുന്നത്‌?

ഇനി ഇതിലെ കേരള രാഷ്ട്രീയം. ശ്രീ അച്ചുതാനന്ദനോ മറ്റു സഖാക്കളോ പറയുന്ന പോലെ ദുബായ്‌ മുഴുവന്‍ കടക്കെണിയില്‍ ആണെന്ന് പറയാന്‍ ഈയൊരു കമ്പനിയുടെ പതനം കാരണമാകുന്നില്ല. ഈ പതനം‌ ദുബായ്‌ മാര്‍ക്കറ്റിനെ ബാധിക്കും എന്നത്‌ നേരു തന്നെ. ഈ കമ്പനിയെ ചുറ്റിയുണ്ടായിരുന്ന ബിസിനസ്സ്‌ സാധ്യതകള്‍ പലതും ഇല്ലാതായി. അതൊക്കെ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ തന്നെ സംഭവിച്ചു കഴിഞ്ഞു. (ഇപ്പോള്‍ നില്‍ക്കക്കള്ളി ഇല്ലതായപ്പോള്‍ അവര്‍ പുറത്തു പറഞ്ഞു എന്നു മാത്രം. ടീകോം ദുബായ് വേള്‍ഡിന്റെ ഭാഗം അല്ല എന്നു കൂടി ചേര്‍ക്കുന്നു). തിരിച്ചു വരുന്നവര്‍ക്കുള്ള പാക്കേജ്‌ ഒക്കെ ചോദിക്കേണ്ടിയിരുന്നത്‌ കഴിഞ്ഞ വര്‍ഷം ആയിരുന്നു. അന്ന് യഥാര്‍ത്ഥ്യം ഉള്‍ക്കോള്ളാന്‍ ആരും തയ്യാറായില്ല.

"അച്ചുതാനന്ദനും കൂട്ടരും " എന്തെങ്കിലും ഒക്കെ പറഞ്ഞു എന്നു കരുതി ഇവിടെയുള്ള മലയാളികളെ മുഴുവന്‍ അത്‌ ബാധിക്കും എന്ന് കരുതാന്‍ തല്‍ക്കാലം എനിക്കാവില്ല. അതൊക്കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഒരു നമ്പര്‍ ആയി കരുതിയാല്‍ മതി.

അബുദാബിയില്‍ ദിനം തോറും ഏറി വരുന്ന ദുബായ്‌ രജിസ്ട്രേഷന്‍ വണ്ടികളുടെ എണ്ണം കണ്ടാല്‍ ദുബായില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് തോന്നുന്നത്‌ സ്വാഭാവികം. അതിനു അബുദാബിക്കാരെയോ മറ്റു നാട്ടുകാരെയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

പറഞ്ഞു വന്നതിന്റെ ചുരുക്കം : ദുബായില്‍ പ്രശ്നങ്ങള്‍ ഉണ്ട്‌. ദുബായില്‍ മാത്രമല്ല, ഗള്‍ഫില്‍ ആകമാനം ഉണ്ട്‌. ദുബായില്‍ പ്രശ്നങ്ങള്‍ ഇത്തിരി കൂടുതലാണെന്ന് മാത്രം. അത്‌ കേരള രാഷ്ട്രീയക്കാരൊ മാധ്യമ ചര്‍ച്ചക്കാരോ ഇന്നു പറയുന്ന പോലെയുള്ള പ്രശ്നങ്ങളല്ല എന്ന് മാത്രം.

പല കമ്പനികള്‍ക്കും പുതിയ പ്രോജക്ടുകള്‍ ഒന്നുമില്ല. ഉള്ളവ തീര്‍ന്നു കഴിഞ്ഞാല്‍ എന്ത് എന്ന ചോദ്യവുമായി ആയിരക്കണക്കിന് പ്രവാസികള്‍ ഇവിടെ കഴിയുന്നുണ്ട്. അത് ഇവിടെ താമസിക്കുന്ന ഓരോ മലയാളിക്കും അറിയാം. ഒരു വര്‍ഷത്തിലേറെയായി ഇതാണ് അവസ്ഥ.

Sunday, October 4, 2009

ആദരാഞ്ജലികള്‍...

നവീൻ


ആദരാഞ്ജലികള്‍...

X::::::::::::::::::::::::::::: X ::::::::::::::::::::::::::::::::: X ::::::::::::::::::::::::::X

എന്റെ വായനാലിസ്റ്റില്‍ "പൊട്ടക്കലം" ചേര്‍ക്കുമ്പോള്‍ അതിന്റെ അപ്‌ഡെറ്റുകള്‍ ഇത്ര പെട്ടെന്ന് നിന്നുപോകുമെന്ന് കരുതിയിരുന്നില്ല. ജ്യോനവന്‍, നീ ഇനി ഉണ്ടാവില്ലല്ലോ , എങ്കിലും എന്റെ വായനാലിസ്റ്റില്‍ നീ എന്നുമുണ്ടാവും.

Friday, September 18, 2009

ഒരു ആള്‍ ദൈവത്തിന്റെ അന്ത്യം...

ദിവ്യാ ജോഷി എന്ന ആള്‍ദൈവം ആത്മഹത്യ ചെയ്തു. സ്വയം രക്ഷിക്കാന്‍ കഴിയാത്ത ഇത്തരം ആള്‍ദൈവങ്ങളാണ് ഇന്ന് കേരള സമൂഹത്തെ രക്ഷിക്കാന്‍ നടക്കുന്നത്.


എന്തെല്ലാം ബഹളങ്ങളായിരുന്നു. സ്വയം വിഷ്ണുമായ ക്ഷേത്രം വരെ ഉണ്ടാക്കിയ ദൈവം. സ്വന്തമായി വെബ്‌സൈറ്റ് ഉള്ള ദൈവം. സാക്ഷാല്‍ വെള്ളാപ്പള്ളിയുടേയും സിനിമാ താരങ്ങളുടേയും ഒക്കെ ആരാധനാ പാത്രം (ഫോട്ടോ കാണൂ).. എന്തു ചെയ്യാം അന്ത്യം ഇങ്ങനെ ആയതില്‍ അനുശോചനം അറിയിക്കട്ടെ.
ഇനി ഏതൊക്കെ സ്വാമിനികളും സ്വാമിമാരും ഇങ്ങനെ ഭക്തരെ രക്ഷിക്കാന്‍ വേണ്ടി ജീവിക്കുന്നുവോ ആവോ? ഇതൊക്കെ കണ്ടാലും "വിശ്വാസികള്‍" പഠിക്കില്ലല്ലോ.. നാളെ ഇനി ഇവരുടെ പട്ടടയില്‍ പോയി പ്രാര്‍ത്ഥിക്കാനും ആളുകള്‍ കാണും.... അതാണ് ഇന്നത്തെ ഭക്തി.

Saturday, July 11, 2009

കളക്ട്രേറ്റിലെ ബോംബ് - മാധ്യമ ആഘോഷം..

വൈകുന്നേരത്തോടെ എല്ലാ ചാനലുകളിലും ഫ്ലാഷ് ന്യൂസ് തെളിഞ്ഞു.. എറണാകുളം കളക്ട്രേറ്റില്‍ സ്ഫോടനം..

പിന്നെ ഊഹാപോഹങ്ങളുടെ കുത്തൊഴുക്കായിരുന്നു...

ആദ്യ റിപ്പോര്‍ട്ട് : അഞ്ചാം നിലയില്‍ ചാക്കില്‍ കെട്ടി വച്ചിരുന്ന എന്തോ ആണ് പൊട്ടിത്തെറിച്ചത്, ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നു,.. ആളപായമൊന്നുമില്ല...

പിന്നെ വരുന്നു അടുത്ത റിപ്പോര്‍ട്ട് : പേടിക്കാനൊന്നുമില്ല ബാറ്ററി പൊട്ടിത്തെറിച്ചതാണെന്ന്.

ഒരു ബാറ്ററി പൊട്ടിത്തെറിച്ച ശബ്ദം കേട്ടാല്‍ ഓടാനും ഒരു കളക്ട്രേറ്റ് മുഴുവന്‍ ഒഴിപ്പിക്കാനും പോലീസും ബാക്കി ആളുകളും എന്താ പൊട്ടന്മാരാണോ എന്ന് മനസ്സില്‍ കരുതി... എങ്കിലും ചിലപ്പോള്‍ ശരിയാകും എന്ന് കരുതി, കാരണം അവിടെയുള്ളവര്‍ക്കല്ലേ കാര്യങ്ങള്‍ അറിയൂ.....

പിന്നീട് പോലീസ് കമ്മീഷണര്‍ വന്നു പറയുന്നു, ശക്തമല്ലെങ്കിലും അത് ഒരു സ്ഫോടനം തന്നെയാണെന്ന്. കളക്ട്രേറ്റിലും പരിസരങ്ങളിലും മുഴുവന്‍ ശബ്ദം എത്തുന്ന തരത്തിലുള്ള ഒരു സ്ഫോടനം. ഇതിനെ ബാറ്ററി പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തിയ ആള്‍ ആരാണാവോ? അതും ഏതെങ്കിലും ചാനല്‍ പ്രവര്‍ത്തകന്‍ ഊഹിച്ചതാകുമോ? അതോ ഏതെങ്കിലും പോലീസുകാരന് തോന്നിയതോ?

പിന്നീട് വന്ന വാര്‍ത്തകളില്‍ അതെന്തു തരം ബോംബ് ആണെന്നുള്ള ഊഹങ്ങള്‍ ആയിരുന്നു. ടൈം ബോബ് ആണെന്ന് ഏതോ ചാനലില്‍ നിന്ന് അറിഞ്ഞു. അതു കഴിഞ്ഞാണ് മനസ്സിലായത് കോഴിക്കോട് ഉണ്ടായ സ്ഫോടനങ്ങള്‍ക്കും ഇതിനും സമാനതകള്‍ ഉണ്ടെന്ന്. പിന്നീട് യഥാര്‍ത്ഥ കാര്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി.

അപ്പോഴേക്കും വിവരങ്ങള്‍ ഉന്നത തലത്തില്‍ എത്തി. മന്ത്രി സ്ഥലത്തെത്തി, കേന്ദ്രത്തില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എല്ലാം അതിന്റെ വഴിയെ നീങ്ങി.

ഒന്നു രണ്ടു സംശയം ബാക്കിയാവുന്നു. ഒരു പൊട്ടിത്തെറി ഉണ്ടായാല്‍ അത് ബോംബ് സ്ഫോടനം ആണോ (അതെത്ര ചെറുതായാലും) അല്ലയോ എന്ന് തിരിച്ചറിയാവുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും കളക്ട്രേറ്റില്‍ ഇല്ലേ? ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസ് കളക്ട്രേറ്റില്‍ ഉണ്ടെന്നാണ് എന്റെ അറിവ്. ഇനി, അന്വേഷണത്തിന്റെ ഭാഗമായി പുറത്ത് കാര്യങ്ങള്‍ പോലീസ് പറയാത്തതാണെങ്കില്‍ ഇന്നലെ കണ്ട ഊഹാപോഹങ്ങള്‍ മാധ്യമസൃഷ്ടി മാത്രമായിരുന്നോ? എന്തെല്ലാം കഥകള്‍ ആണ് അവര്‍ ഇന്നലെ പറഞ്ഞു തന്നത്.

ഒരു സ്പോടനം അതെത്ര ചെറുതാണെങ്കിലും നിസാരമായി തള്ളിക്കളയാനാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. പ്രത്യേകിച്ച് കൊച്ചിയില്‍..... അതു കൊണ്ടു തന്നെ ഇതൊക്കെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആദ്യമേ തന്നെ ഊഹാപോഹങ്ങള്‍ വച്ചുള്ള വാര്‍ത്തകള്‍ നല്‍കി നിസാരമായി കാര്യങ്ങള്‍ കാണരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

Monday, June 15, 2009

ശ്രീനാരായണ ഫൗണ്ടേഷന്‍ - പുതിയ SNDP?

ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായി ശ്രീനാരായണ ഫൗണ്ടേഷന്‍ എന്ന പേരില്‍ പുതിയൊരു സംഘടന രൂപീകൃതമായിരിക്കുന്നു. അതിന്റെ ആദ്യ യോഗം ഇന്നലെ തിരൂരില്‍ ചേര്‍ന്നതായി വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞു. അതിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്നോ ഘടന എന്താണെന്നോ ഇതു വരെ ഒരു പിടിപാടുമില്ല. SNDP-ക്ക് ബദലായല്ല പുതിയ സംഘടന എന്ന് ഭാരവാഹികള്‍ പറയുന്നുണ്ട്. SNDP-യ്കുള്ളില്‍ നിന്നു കൊണ്ട് തന്നെ ഒരു ഗ്രൂപ്പ് ആയി പ്രവര്‍ത്തിക്കുവാനാണ് ഇവര്‍ ശ്രമിക്കുന്നുന്നത് എന്ന് കരുതുന്നു. മാതൃസംഘടനയില്‍ നിന്ന് കൊണ്ട് തന്നെ മറ്റൊരു സംഘടനയായി പ്രവര്‍ത്തിക്കുന്നത് സാധാരണമാണല്ലോ.


പക്ഷേ ഈ ഗ്രൂപ്പ് കളി സംഘടനയെ തളര്‍ത്താനാകരുത് എന്ന് മാത്രം ആഗ്രഹിക്കുന്നു. സംഘടന പിളര്‍ന്ന് മറ്റൊരു സംഘടന ആയി മാറുന്നത് ഒരിക്കലും നല്ലതിനല്ല. മഹാനായ ശ്രീ നാരായണ ഗുരുവിനെ തന്നെ ആശിര്‍‌വാദത്തോടെ ഡോ:പല്പ്പു 1903-ല്‍ ആരംഭിച്ച ഈ പ്രസ്ഥാനം പിളരുക എന്നത് ഗുരുവിനെ തന്നെ അപമാനിക്കുന്നതിന് തുല്യമാവും. അദ്ദേഹമായിട്ട് തുടങ്ങിയ ഒരു സം‌രഭം അത് പൂര്‍ണ്ണ ബലത്തോടെ മുന്നോട്ട് പോകേണ്ടത് ഇന്നും സമൂഹത്തിന്റെ ആവശ്യമാണ്. കാരണം ശ്രീ നാരായണ ദര്‍ശനങ്ങള്‍ക്ക് ഇന്നത്തെ സമൂഹത്തിലും വിലയുണ്ട്, ആവശ്യകത ഉണ്ട്. "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി"യെന്ന് പറഞ്ഞ് പഠിപ്പിക്കാന്‍ ഇന്ന് ആളുകള്‍ കുറവാണ്. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന് പറഞ്ഞു തന്ന ആ ദര്‍ശനങ്ങള്‍ പരിപാലിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്.



ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം എന്ന SNDP, വെറും AP (അധര്‍മ്മ പരിപാലനയോഗം) ആയി മാറുന്നു എന്ന തോന്നലില്‍ നിന്നാണ് പുതിയ സംഘടനയുടെ രൂപീകരണം ഉണ്ടായത് എന്ന് കരുതുന്നു. ചതയ ദിനത്തിനും കന്നി അഞ്ചിനും പിന്നെ വല്ല കല്യാണത്തിനും ചില സര്‍ട്ടിഫികറ്റുകള്‍‍ക്കുമായല്ലാതെ SNDP-യുമായി എനിക്ക് വലിയ ബന്ധങ്ങള്‍ ഇല്ലാത്തതിനാല്‍ അതിനുള്ളില്‍ നടക്കുന്ന അധികാര പിടിവലിയെക്കുറിച്ചും മറ്റും പത്രങ്ങള്‍ വായിച്ചുള്ള അറിവേ ഉള്ളു.


വലിയ പണക്കാരനായതു കൊണ്ടാണോ, അല്ലെങ്കില്‍ കള്ളുവ്യവസായി ആയതു കൊണ്ടാണോ, വിടുവായത്തരം പറയുന്നതു കൊണ്ടാണോ, അതുമല്ലെങ്കില്‍ താനില്ലെങ്കില്‍ സംഘടന ഇല്ലെന്ന് ചമയന്നതു കൊണ്ടാണോ എന്നറിയില്ല, വെള്ളാപ്പള്ളി നടേശനെ എനിക്ക് അത്ര പിടിയില്ല. ശ്രീനാരായണ ഗുരുവിന്റെ ചെറിയ പടവും അതിലും വലുപ്പത്തില്‍ സ്വന്തം പടവും ഉള്ള ഒരു കലണ്ടര്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് SNDP-യുടെ പേരില്‍ അച്ചടിച്ച് എല്ലാ വീട്ടിലും തൂക്കിയിരിക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായിരുന്ന ബഹുമാനവും കൂടി പോയി. ഓരോ ഇലക്ഷന്‍ വരു‍മ്പോഴും സംഘടനാ തലത്തില്‍ ആലോചിക്കാതെ തനിക്ക് ഇഷ്ടമുള്ളവരുടെ കൂടെ നില്‍ക്കണം എന്ന് ആഹ്വാനം ചെയ്യുന്ന ഏകാധിപത്യ രീതിയും ഇദ്ദേഹം പിന്തുടരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇതിനൊക്കെ ബദലായി ഒരു ഗ്രൂപ്പ് വളര്‍ന്ന് വരേണ്ടത് ഭാവിയുടെ ആവശ്യമാണ്. അല്ലെങ്കില്‍ പുതിയ ഗ്രൂപ്പുകാര്‍ നിലവിളീക്കുന്നതുപോലെ SNDP ഒരു കുടുംബ സംഘടന ആയി മാറുന്നത് കാണേണ്ടി വരും എന്ന് എനിക്കും തോന്നിയിരുന്നു.


ഇതിനിടയിലും ചില കാര്യങ്ങള്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ തുടക്കമിട്ടിരുന്നു എന്ന് അറിയുന്നു. ചിലയിടങ്ങളില്‍ ആരോപണങ്ങള്‍ ഉണ്ടെങ്കിലും Micro-finance പദ്ധതി ഒരു നല്ല കാര്യമാണെന്ന് തോന്നുന്നു. നാടു വിട്ടു നില്‍‍ക്കുന്നതിനാല്‍ അതിന്റെയും പൂര്‍ണ്ണ വിവരങ്ങള്‍ എനിക്കറിയില്ല.
അതു പോലെ തുടര്‍ച്ചയായി കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുന്നത് ഒരു നല്ല കാര്യം തന്നെ. ഇന്നത്തെ അണുകുടുംബ വ്യവസ്ഥയില്‍ പല ബന്ധങ്ങളും ഇല്ലാതാകുന്ന നിലക്ക് ഇത്തരം കൂട്ടായ്മകള്‍ (എല്ലാ മത സമുദായങ്ങളും ചേര്‍ന്ന ഒരു കൂട്ടായ്മയാണ് കൂടുതല്‍ അഭികാമ്യം എങ്കിലും) സമൂഹത്തിന് ആവശ്യമാണ്. ഇല്ലെങ്കില്‍ വളര്‍ന്നു വരുന്ന തലമുറ പതിയെ പതിയെ സമൂഹ ജീവി എന്ന പദവിയില്‍ നിന്ന് അകന്നു പോകും.


എന്തായാലും ഇതൊരു നല്ല തുടക്കമാകട്ടെ. ഇതുകൊണ്ട് സംഘടനക്ക് ഗുണങ്ങള്‍ മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. അതല്ല മറ്റൊരു സംഘടന ആയി SNDP-ക്ക് ബദല്‍ ആകാനാണ് പരിപാടി എങ്കില്‍ എന്റെ പിന്തുണ ഈ സംഘടനക്ക് "തല്‍ക്കാലം" കാണില്ല. കാരണം "വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍ സംഘടന കൊണ്ട് ശക്തരാകുവിന്‍" എന്നാണ് അദ്ദേഹം പറഞ്ഞത്, അല്ലാതെ 'സംഘടനകള്‍' എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.

Wednesday, June 10, 2009

ഒരു കമന്റ് - ചീന്തുകള്‍

ഇത് കാട്ടിപ്പരുത്തിയുടെ ചീന്തുകളിലെ പോസ്റ്റില്‍ ഇട്ട ഒരു കമന്റ് മാത്രമാണ്. കുറെ പോസ്റ്റുകള്‍ ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഇതു മാത്രം വായിച്ച് മറുപടി ഇടരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. മറുപടി അവിടെ ഇട്ടാലും മതി.

::::::::::::::::::::::::::: X :::::::::::::::::::::::::::::::::::::::

കാട്ടിപ്പരുത്തിയുടെ ലേഖന പരമ്പര വൈകിയാണ് കണ്ടത്. അപ്പോഴേക്കും മൂന്നാം ഭാഗം ആയിരുന്നു. അതില്‍ എന്റെ പോസ്റ്റിലേക്ക് ലിങ്ക് നല്‍കിയിരുന്നതിനാല്‍ ഒരു മറുപടി കമന്റും ഇട്ടു. പിന്നീട് തിരിഞ്ഞ് നോക്കുന്നത് ഇന്നാണ്. നാലാം ഭാഗത്തില്‍ മുഴുവന്‍ എനിക്കുള്ള മറുപടിയാണെന്ന് ഇന്നാണ് കണ്ടത്. അപ്പോഴേക്കും പരമ്പര അഞ്ചാം ഭാഗം വരെ എത്തിയിരുന്നു.

വായിച്ചപ്പോള്‍ തമാശ ആണ് തോന്നിയത്. ഞാനിട്ട പോസ്റ്റ് എന്തിനെന്ന് പല തവണ പറഞ്ഞിട്ടും മനസ്സിലാക്കാന്‍ സാധിക്കാത്തവര്‍ ആണല്ലോ പിന്നെയും പിന്നെയും ഞാന്‍ ഇട്ട പോസ്റ്റിനെ വിമര്‍ശിക്കുന്നത്.

കമലാ സുരയ്യ മതം മാറിയതില്‍ എനിക്ക് ഒരു പ്രശ്നവുമില്ല എന്ന് ഞാന്‍ പലവട്ടം പറഞ്ഞു. അവര്‍ അതിന് പറഞ്ഞ കാരണങ്ങളിലെ വൈരുദ്ധ്യം ആണ് ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞത്. അതു തന്നെ പോങ്ങുമ്മൂടന്റെ പോസ്റ്റില്‍ വന്ന വിഷയത്തിനും അതില്‍ വന്ന കമന്റുകള്‍ക്കും മറുപടിയായി ഇട്ടതാണ്. ഒരു കൂട്ടില്‍ നിന്ന് മറ്റൊരു കൂട്ടിലേക്ക് ഒരു കിളി തനിയെ പറന്നു കയറുന്നതില്‍ എനിക്ക് എന്തെതിര്‍പ്പ്. ഒരു തരത്തില്‍ രണ്ടും കൂടു തന്നെ. (വാഗ്ദാനങ്ങള്‍ നല്‍കി ഒരു കൂട്ടില്‍ നിന്ന് മറ്റൊരു കൂട്ടിലേക്ക് പിടിച്ചു കൊണ്ടു പോകുകയാണെങ്കില്‍ എതിര്‍ക്കപ്പെടണം).

അവര്‍ ഇസ്ലാം ആയതില്‍ അഭിമാനിക്കുക എന്നത് ഇപ്പോള്‍ ഏതൊരു മുസ്ലീമിനെയും‌പോലെ കാട്ടിപ്പരുത്തിയുടേയും അവകാശമാണ് എന്ന് എനിക്ക് മനസ്സിലാകുന്നു. ഇതേ വിഷയത്തില്‍ ഈ ബൂലോകത്ത് തന്നെ എത്രയെത്ര പോസ്റ്റുകള്‍ വായിച്ചു കഴിഞ്ഞു! അതിനാല്‍ കാട്ടിപ്പരുത്തിയുടെ പോസ്റ്റുകള്‍ എന്നില്‍ ഒരു വികാരവും ഉണ്ടാക്കുന്നില്ല. ഇതിന്റെ കൂടെ എന്റെ പോസ്റ്റില്‍ hAnLLaLaTh എഴുതിയ ഈ കമന്റ് കൂടി നോക്കണം എന്ന്‍ അഭ്യര്‍ത്ഥിക്കുന്നു. മതം മാറിയെങ്കിലും ഒരിക്കലും ഒരു യത്ഥാര്‍ത്ഥ ഇസ്ലാമാകാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നാണ് എന്റെ ധാരണ.

"ഇത്തിരി വിശാലമായി ചിന്തിക്കുന്നതു കൊണ്ടാണ് അത് തുറന്നെഴുതിയത് . അപ്പോള്‍ അവരുടെ മതംമാറ്റത്തെ കുറ്റം പറയുന്ന സങ്കുചിതനായി കാണാനായിരുന്നു പലര്‍ക്കും താല്പര്യം. ഹ ഹ ഹ.." എന്ന് ഞാന്‍ കമന്റിടുമ്പോള്‍ അതിനെ എന്റെ വിലാപമായി കാണുന്നതില്‍ തന്നെ വായനയുടെ ആഴം എനിക്കു മനസ്സിലാകുന്നു. എന്റെ മുന്നത്തെ പോസ്റ്റ് എഴുതിയത് പൂര്‍ണ്ണബോധത്തോടു കൂടെ തന്നെയാണെന്ന് കൂടി ഓര്‍മപ്പെടുത്തട്ടെ.

മരണപ്പെട്ടു എന്ന് കരുതി ആരെയും വിമര്‍ശിക്കരുതെന്ന് പറയുന്നത് ഒരു തരം വിധേയത്വത്തില്‍ നിന്ന് ഉണ്ടാകുന്നതാണ്. ആരോടും ആരാധനയാകം, പക്ഷേ അത് വിധേയത്വം ആകുന്ന നിമിഷത്തില്‍ സ്വയം ഒരു അടിമയാകുകയാണ് ചെയ്യുന്നത്. പിന്നീട് ഉടയോനെ വിമര്‍ശിച്ചാല്‍ നോവുന്നത് അടിമക്കായിരിക്കും.

"ആര്‍ക്കും മാതൃകയാക്കാന്‍ ഉള്ള മഹത്വം ഒന്നും അവരുടെ ജീവിതത്തിനില്ല എന്നാണ് എന്റെ സ്വതന്ത്ര അഭിപ്രായം.
അനില്‍ എന്നാണ് അവര്‍ തന്നിലൊരു മാതൃകയുണ്ടെന്ന് അവകാശപ്പെട്ടത്. നിങ്ങളുടെ ജീവിതത്തിന് ഒരുത്തമ മാതൃകയിതാ എന്ന് സ്വയം അവകാശപെട്ടിരുന്നുവോ?"
എന്നൊക്കെ ചോദിക്കുമ്പോള്‍ പല പോസ്റ്റുകളിലും അവരെ അമ്മയായും മാതൃകയായും ഒക്കെ എഴുതിയിരിക്കുന്നതാണ് ഓര്‍മ വരുന്നത്. അല്ലാതെ അവര്‍ സ്വയം പറഞ്ഞിരുന്നു എന്നല്ല അര്‍ത്ഥം. ഗാന്ധിയേയും ശ്രീനാരായണ ഗുരുവിനേയും ഒക്കെ മാതൃകയാക്കുന്നത് അവര്‍ പറഞ്ഞിട്ടല്ലല്ലോ ...

"ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇതിലും ദുരിതം അനുഭവിച്ച് നാട്ടില്‍ കഴിയുന്നില്ലേ? അവര്‍ക്കൊന്നും പോകാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ നാട്ടില്‍ തന്നെ ജീവിതം തള്ളിനീക്കുന്നു"എന്ന അനിലിന്റെ എഴുത്തില്‍ മറ്റു സ്ഥലങ്ങളുള്ളവരും ഇതെല്ലാം സഹിക്കണമെന്നു എന്തിനാണ് വാശിപിടിക്കുന്നത്."

എനിക്ക് ഒരു വാശിയുമില്ല, പകരം അവരുടെ മതം മാറ്റത്തെക്കുറിച്ച് ഞാനെഴുതിയ എന്നാല്‍ ആരും ശ്രദ്ധിക്കാത്ത ഒരു വാചകം ആവര്‍ത്തിക്കുന്നു.

"പലരും ചെയ്തപോലെ ഒരു സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടുന്നതിന് കമലാ ദാസിന്/മാധവിക്കുട്ടിക്ക് ശക്തി ഇല്ലായിരുന്നോ? അതിനുള്ള ഏറ്റവും നല്ല ആയുധം അവരുടെ കയ്യില്‍ ഉണ്ടായിരുന്നല്ലോ. അതിനല്ലെങ്കില്‍ തൂലിക പടവാള്‍ ആണെന്നൊക്കെ പറയുന്നതിനെന്തര്‍ത്ഥം?"

അവസാനമായി എന്റെ പോസ്റ്റിന്റെ ഔചിത്യത്തെ കുറിച്ചുള്ള (സമയത്തെ കുറിച്ചുള്ള) സംശയങ്ങള്‍ക്കുള്ള മറുപടി " എന്റെ മനസ്സില്‍ അപ്പപ്പോള്‍ തോന്നുന്ന കാര്യങ്ങള്‍ എഴുതാനാണ് എന്റെ ബ്ലോഗ് എന്നുള്ളതാണ് എന്റെ ധാരണ. അല്ലാതെ ആരെങ്കിലും മരിച്ച് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ട് കഴിഞ്ഞ് മാത്രമേ അവരെ കുറിച്ച് എഴുതാന്‍ പാടുള്ളു എന്നാണെങ്കില്‍ അത്രയും കാലം ഒന്നും ഓര്‍ത്തിരുന്ന് പോസ്റ്റ് ഇടുവാന്‍ എനിക്ക് തീരെ താല്പര്യമില്ല എന്ന് അറിയിക്കട്ടെ.

Monday, June 1, 2009

കമലാ സുരയ്യ - എന്റെ ചില വിമത ചിന്തകള്‍

പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശകലനങ്ങള്‍ കണ്ടു. പോങ്ങുമ്മൂടന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു കമന്റ് എഴുതണം എന്ന് തോന്നി, അത് ഇങ്ങനെ ഒരു പോസ്റ്റ് ആയി.

::::::::::::::::::::::::: XX ::::::::::::::::::::::

കമലാ സുരയ്യ എന്ന സഹിത്യകാരിയെ കുറിച്ചോ അവരിലെ തന്റേടിയായ സ്ത്രീയെ കുറിച്ചോ നല്ലതല്ലാതെ ഒന്നും പറയാനില്ല. ആ നിലയില്‍ അവരെ ഞാന്‍ ആദരിക്കുന്നു, ബഹുമാനിക്കുന്നു. ഇത്രയും പ്രശസ്തയായ ഒരു സ്ത്രീ മലയാളത്തിലിന്നു വരെ ഉണ്ടായിട്ടില്ല എന്നതും സത്യമാണ്.
പക്ഷേ, കമലാ ദാസ് ,കമലാ സുരയ്യ ആയതിനെ കുറിച്ച് എനിക്കുള്ള അഭിപ്രായം പറയാം. സ്വയം എന്തൊക്കെയോ ആണെന്ന് ധരിച്ച് സമൂഹത്തില്‍ എന്നും ലൈംലൈറ്റ് ആകാന്‍ ശ്രമിച്ച സ്ത്രീ ആയിരുന്നില്ലേ സുറയ്യ? അവരുടെ മതം മാറ്റം പോലും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ലേ? പിന്നീട് ഓര്‍ത്ത് പശ്ചാത്തപിക്കുന്നതിന് പകരം അതിനെ ന്യായീകരിക്കാന്‍ പല കാരണങ്ങളും അവര്‍ പറഞ്ഞിട്ടുണ്ടാകാം. അതില്‍ ഒന്നാകാം അമ്പലത്തില്‍ പോകാന്‍ വന്ന അയല്പക്കക്കാര്‍ അവരെ കണ്ട് തിരികെ പോയി എന്ന മുടന്തന്‍ ന്യായം. ഇതു പോലെയുള്ള കാര്യങ്ങള്‍ കൊണ്ട് നടന്ന മതം മാറ്റമായതിനാലാവാം ഇസ്ലാം സമൂഹത്തിലും അവര്‍ക്ക് ഒരു അംഗീകാരം നേടി കൊടുക്കാതിരുന്നത്. ഇസ്ലാം എന്തെന്നറിഞ്ഞ് എല്ലാത്തരത്തിലും അതൊരു ജീവിതചര്യ ആക്കാന്‍ ശ്രമിക്കുന്നവര്‍ മതം മാറിയാലേ ശരിക്കുള്ള ഇസ്ലാം ആകൂ എന്നാണ് എന്റെ ധാരണ. അല്ലാതെ ഹിന്ദു മതത്തിലുള്ള ചില ആചാരങ്ങള്‍ ഇസ്ലാമിലില്ല എന്നത് ഒരു മതം മാറ്റത്തിന് ന്യായീകരണമല്ല.
പലരും ചെയ്തപോലെ ഒരു സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടുന്നതിന് കമലാ ദാസിന്/മാധവിക്കുട്ടിക്ക് ശക്തി ഇല്ലായിരുന്നോ? അതിനുള്ള ഏറ്റവും നല്ല ആയുധം അവരുടെ കയ്യില്‍ ഉണ്ടായിരുന്നല്ലോ. അതിനല്ലെങ്കില്‍ തൂലിക പടവാള്‍ ആണെന്നൊക്കെ പറയുന്നതിനെന്തര്‍ത്ഥം? അത് മനസ്സിലാക്കാതെ ഒരു മതം‌മാറ്റം എന്ന പ്രവൃത്തി കൊണ്ട് അവര്‍ എന്തുനേടി എന്ന് കൂടി ആലോചിക്കുക.

വൈകിയ വേളയിലെ മതം മാറ്റം സമൂഹത്തില്‍ അവരെ കുറെയൊക്കെ ഒറ്റപ്പെടുത്തി എന്നത് സത്യം തന്നെ. അതില്‍ ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മതം മാറുക മാത്രമല്ല, അതു വരെ വിശ്വസിച്ചിരുന്ന മതത്തെ തള്ളിപ്പറയുക വഴി ഒരു സമൂഹത്തെയാകെ കുറ്റം പറയുകയല്ലേ അവര്‍ ചെയ്തത്. മതം മാറുക എന്നത് ഒരു കുറ്റമല്ല. തികച്ചും വ്യക്തിപരമായ കാര്യം. പക്ഷേ അത് എന്തിനുവേണ്ടി ചെയ്തു എന്നത് പ്രസക്തമാണ്. വ്യക്തിപരമായ ചില നിഗൂഢ ലക്ഷ്യങ്ങളും അതിലുണ്ടായിരുന്നു എന്ന് അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.

ഹിന്ദു മതത്തില്‍ പല അനാചാരങ്ങളും ഉണ്ട്. ഏവര്‍ക്കും അറിയാവുന്ന സത്യം. അത് മനസ്സിലാക്കാന്‍ കമലാ സുരയ്യക്ക് ഇത്രയും വര്‍ഷം വേണ്ടി വന്നു എന്ന് എനിക്ക് വിശ്വസിക്കാനാവില്ല. അവരുടെ അമ്മയും വിധവ ആയിരുന്നു. അവരും ഈ സമൂഹത്തില്‍ ആണല്ലോ ജീവിച്ചത്. അന്നൊന്നും കമലദാസ് മറ്റുള്ളവരുടെ ജീവിതം കണ്ടിട്ടില്ല എന്ന് കരുതുന്നോ?

എന്നും വിവാദങ്ങള്‍ ആയിരുന്നു കമലാ സുരയ്യക്ക് താല്പര്യം എന്ന് പോലും പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്കെ അവരുടെ ഇന്റര്‍‌വ്യൂ കാണുമ്പോള്‍ മനപ്പൂര്‍‌വ്വം അല്ലെങ്കിലും ചില നിലപാടുകള്‍ ബാലിശമല്ലേ എന്ന് തോന്നിപ്പോയിട്ടുണ്ട്.

മാധവിക്കുട്ടി/കമലാ സുരയ്യ-യുടെ സാഹിത്യത്തെ കുറിച്ച് എതിരഭിപ്രായമില്ല. പക്ഷേ വ്യക്തിപരമായി ആര്‍ക്കും മാതൃകയാക്കാന്‍ ഉള്ള മഹത്വം ഒന്നും അവരുടെ ജീവിതത്തിനില്ല എന്നാണ് എന്റെ സ്വതന്ത്ര അഭിപ്രായം. മതം മാറ്റം മാത്രമല്ല അതിന് കാരണം. അവരുടെ പല ആദര്‍ശങ്ങളും വ്യക്തമല്ലാത്തതും നേര്‍‌രേഖയില്‍ അല്ലാത്തതുമായേ എനിക്ക് തോന്നിയിട്ടുള്ളു. കേരളത്തില്‍ നിന്ന്‍ പോകുന്ന സമയത്തു പോലും നാടിനെ തള്ളിപ്പറയാനേ അവര്‍ക്ക് തോന്നിയുള്ളൂ. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇതിലും ദുരിതം അനുഭവിച്ച് നാട്ടില്‍ കഴിയുന്നില്ലേ? അവര്‍ക്കൊന്നും പോകാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ നാട്ടില്‍ തന്നെ ജീവിതം തള്ളിനീക്കുന്നു. കമലാ സുരയ്യയെ കേരളം അവഗണിച്ചു എന്ന് അവര്‍ക്ക് തോന്നാന്‍ തന്നെ കാരണം ഞാന്‍ ആദ്യം പറഞ്ഞ "സ്വയം" എന്തൊക്കെയോ ആണെന്നുള്ള ധാരണയില്‍ നിന്നുണ്ടായതാണ്. തനിക്ക് തെറ്റാണെന്ന് തോന്നിയതിനെയെല്ലാം മതമാണെങ്കിലും നാടാണെങ്കിലും, മറ്റു നല്ലതെല്ലാം മറന്ന് തള്ളിപ്പറഞ്ഞ ഈ വ്യക്തിത്വം എങ്ങനെ മാതൃകയാകും?

മരണശേഷം ഇത് എഴുതിയത് ഔചിത്യമാണോ എന്നൊന്നും ചിന്തിക്കാന്‍ തോന്നുന്നില്ല. കമലാ സുരയ്യ എന്ന മാധവിക്കുട്ടിക്ക് "ആദരാഞ്ജലികള്‍."

Wednesday, May 27, 2009

മാതൃഭാഷ മലയാളം തന്നെയല്ലേ?

ഇത് വായിക്കുന്ന നിങ്ങളൊക്കെ മലയാളികളാണെന്ന് എനിക്കറിയാം. ദേ തമാശ ! എന്നല്ലേ വിചാരിച്ചത്. തമാശ അല്ല, സീരിയസ്. മലയാളികള്‍ക്ക് മലയാളികളെ തിരിച്ചറിയാനും സ്നേഹിക്കാനും ബഹുമാനിക്കാനും ഇഷ്ടമില്ലാത്ത കാലമാണ് . പക്ഷേ ഇപ്പോഴും മലയാളത്തെ ഇത്തിരി എങ്കിലും ഇഷ്ടപ്പെടുന്നതു കൊണ്ടാവുമല്ലോ ഇത് വായിക്കുന്നവരും ഈ മലയാളം ബ്ലോഗ് ലോകത്ത് ചുറ്റിക്കറങ്ങുന്നത്.
മലയാളം സംസാരിച്ചതിന് തല മൊട്ടയടിച്ച സ്കൂളിന്റെ കഥയൊക്കെ പലരും പലവട്ടം പറഞ്ഞതാണെങ്കിലും ഇന്നും ഓര്‍ത്തു പോയി. ഓര്‍ക്കാന്‍ കാരണം ഡല്‍ഹി അപ്പോളോ ഹോസ്പിറ്റലിലെ രണ്ട് നേഴ്സുമാരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന്റെ വാര്‍ത്ത വായിച്ചപ്പോഴാണ്. പിരിച്ചു വിട്ടതിന്റെ കാരണം സിമ്പിള്‍ ! ലിഫ്റ്റിന്റെ അടുത്തു വച്ച് മലയാളത്തില്‍ സംസാരിച്ചു. ഇന്ത്യയിലെ ഔദ്ധ്യോഗിക ഭാഷകളില്‍ ഒന്നാണ് നമ്മുടെ "മലയാളം". ആ മലയാള ഭാഷ സംസാരിച്ചതിന് രണ്ടുപേരെ പിരിച്ചു വിട്ടിരിക്കുന്നു. ഡ്യൂട്ടി സമയത്ത് ഇംഗ്ലീഷ് മാത്രമേ സംസാരിക്കാന്‍ അനുവാദമുള്ളു പോലും. ശരിയായിരിക്കാം. റൂള്‍സ് അന്റ് റെഗുലേഷന്‍സ് പാലിക്കേണ്ടത് അവരുടെ കര്‍ത്തവ്യം ആയിരിക്കാം. പക്ഷേ ഈ നേഴ്സുമാര്‍ പറയുന്നത് അവര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളു എന്നാണ്. ഡ്യൂട്ടി സമയത്ത് തമ്മില്‍ തമ്മില്‍ സംസാരിക്കുന്നതിന് മാത്രമാണ് വിലക്ക് എന്ന് കരുതുന്നു.

റൂള്‍സ് ഉണ്ടാക്കുമ്പോള്‍ അത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുണ്ടോ എന്ന് നോക്കാന്‍ നമുക്ക് വകുപ്പുകള്‍ ഇല്ലേ? ഈ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ ഉന്നതന്മാര്‍ ആയിരിക്കാം. കാശുകാരായിരിക്കാം. പക്ഷേ ഇംഗ്ലീഷ് അറിയാത്തവരാണെങ്കില്‍ ചികിത്സ ഇല്ല എന്ന് പറയില്ലല്ലോ. ഇന്ത്യയിലെ ഏത് സ്ഥലത്താണെങ്കിലും ആശുപത്രികളില്‍ ചെന്നാല്‍ മലയാളി നേഴ്സുമാരാണധികവും. വിദേശത്താണെങ്കിലും അങ്ങനെ തന്നെ. വിദേശങ്ങളിലെ ആശുപത്രികളില്‍ പോലും സ്വന്തം ഭാഷ 'അത്യാവശ്യത്തിന്' ഉപയോഗിക്കുന്നതില്‍ വിലക്കില്ല എന്നാണ് കരുതുന്നത്.
ഇതിലൊക്കെ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം ഈ "ഉഷാ ബാനര്‍ജി" ഒരു മലയാളി ആണെന്ന് ദീപികയില്‍ വായിച്ചപ്പോഴാണ്. അത് ശരിയാണെങ്കില്‍ ശ്രീമതി ഉഷാ, നിങ്ങള്‍ മലയാളി ആണെന്നോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ജോലിയാണ് ചെയ്തത് എന്ന് ന്യായീകരിക്കുമെങ്കിലും സ്വന്തം സഹോദര്‍മാരോട് ഒന്നു ക്ഷമിക്കാമായിരുന്നു. അല്ലെങ്കിലും, എല്ലാം റൂള്‍സ് നോക്കി മാത്രമാണോ ചെയ്യുന്നത്, ചിലതെങ്കിലും മനസ്സാക്ഷിക്കനുസരിച്ചും ചെയ്യാമല്ലോ, പ്രത്യേകിച്ച് ആതുര സേവന രംഗത്ത്. മനുഷ്യത്വം എന്ന് പറയുന്നത് അതിനല്ലേ?
നേഴ്സ് മൂത്ത് സൂപ്രണ്ട് ആകുന്ന ഭൂരിപക്ഷവും ചെയ്യുന്നത് ഇതൊക്കെ തന്നെയാണ് എന്ന് തോന്നുന്നു. ജൂനിയേഴ്സിനെ റാഗ് ചെയ്യുമ്പോള്‍ സീനിയേഴ്സിന് കിട്ടുന്ന സുഖം ഇങ്ങനെയുള്ള പ്രവൃ‍ത്തികളില്‍ നിന്ന് അവര്‍ക്ക് കിട്ടുന്നുണ്ടാവാം.
മലയാളം സംസാരിച്ചു എന്ന ഒറ്റ കാരണത്താല്‍ ഈ നേഴുസുമാരെ പിരിച്ചു വിടാനുള്ള നീക്കത്തില്‍ ഒരു മലയാളി എന്ന നിലയില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

X :::::::::::::::::::: X :::::::::::::::::::: X :::::::::::::::::::: X

അറിയാതെ വന്ന് മലയാള നാട്ടില്‍ ജനിച്ചുപോയി എന്ന് കരുതുന്ന ചിലര്‍ മലയാളികളും ഇംഗ്ലീഷുകാരുമല്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അശ്രാന്തപരിശ്രമം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഈ വാര്‍ത്തക്കൊന്നും പ്രാധാന്യമില്ല എന്നറിയാം. ആഗോള ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷിനുള്ള പ്രാധാന്യം ഒട്ടും കുറച്ചു കാണാന്‍ സാധിക്കില്ല. എന്നിട്ടും നമ്മളുടെ ആള്‍ക്കാര്‍ നല്ല ഇംഗ്ലീഷ് ആണൊ പഠിക്കുന്നതെന്ന് എന്ന് കൂടി ചിന്തിക്കൂ. (മരമാക്രിയുടെ ഒരു പോസ്റ്റും അതിലെ ദേവന്റെ കമന്റും വായിക്കുക). പക്ഷേ മാതൃഭാഷ പഠിക്കുന്നതില്‍ വിമുഖത കാട്ടണമോ എന്ന് മാത്രം ചിന്തിക്കുക.


നാം ഒക്കെ മലയാളികളാണെന്നും മലയാളം നമ്മുടെ 'മാതൃ'ഭാഷ ആണെന്നും മലയാളം സംസാരിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നേണ്ട കാര്യമില്ലെന്നുമൊക്കെ നിങ്ങള്‍ക്ക് തോന്നുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുറ്റമല്ല എന്ന് തോന്നുന്നു. പിന്നെയോ ? സമൂഹത്തിന്റെ കുറ്റമായിരിക്കും അല്ലേ? !!!!!!!!

Saturday, May 16, 2009

അനിവാര്യമായ പരാജയം

വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍
അനിവാര്യമായ പരാജയം ഇടതുപക്ഷം ഏറ്റുവാങ്ങി. സ്വയം ശവക്കുഴി തോണ്ടി അതില്‍ കയറി കിടന്ന് സ്വയം മണ്ണിട്ട് മൂടുന്നപോലെയായി ഇടതു മുന്നണിക്ക് ഈ ഇലക്ഷന്‍. ഇത് ഇങ്ങനെയേ വരൂ എന്ന് ഒരു വിധത്തില്‍ പറഞ്ഞാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും (എന്നെ പോലെയുള്ള) സാധാരണ അനുഭാവികള്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് തോന്നുന്നു.

ഈ പരാജയത്തിന്റെ കാര്യത്തില്‍ എനിക്ക് തോന്നിയ ചില കാരണങ്ങള്‍ ഇവയാണ്.

1. പിണറായിയുടെ തന്‍ പ്രാമാണിത്വം : ഈ പരാജയത്തിന്റെ ഏറ്റവും പ്രധാന കാരണം ഔദ്യോഗിക വിഭാഗത്തിന്റെ ഏകാധിപത്യപരമായ തീരുമാനങ്ങള്‍ തന്നെയാണ്. താന്‍ ഇല്ലെങ്കില്‍ പ്രളയം എന്നോ മറ്റോ മനസ്സില്‍ കണ്ട് എല്ലാം സ്വയം തീരുമാനിച്ച ഏകാധിപത്യ പ്രവണതയോടെയുള്ള തീരുമാനങ്ങള്‍‍ക്കേറ്റ തിരിച്ചടി എന്നു പറയാം.

2. മദനിയെ (പരോക്ഷമായെങ്കിലും) മുന്നണിയുടെ ഭാഗം എന്ന നിലയില്‍ പൊക്കി കൊണ്ടു നടന്നതിന്റെ പരിണിതഫലം. പൊന്നാനിയിലും മലപ്പുറത്തുമുള്ള ഫലങ്ങള്‍ ഇത് ശരിക്ക് മനസ്സിലാക്കി തരുന്നു എന്നു വേണം കരുതാന്‍. അതുപോലെ തന്നെ മലബാറിലെ മറ്റു മണ്ഡലങ്ങളിലും ഈ തീരുമാനത്തിന്റെ ഫലം കാണാം.

3. സീറ്റ് വിഭജന ചര്‍ച്ചയില്‍ ഘടക കക്ഷികളെ പോലും പിണക്കി സ്വന്തം താല്പര്യം സം‌രക്ഷിക്കുവാന്‍ കാട്ടിയ ശുഷ്കാന്തിയ്ക് ഘടക കക്ഷികള്‍ നല്‍കിയ മറുപടി.

4. ജനദാ ദളിന്റെയും സി.പി. ഐ-യുടെയും മറ്റ് ഘടക കക്ഷികളേയും വില കുറച്ച് കണ്ട് മുന്നണി രാഷ്ട്രീയത്തിന്റെ എത്തിക്സ് പോലും മറന്ന രാഷ്ട്രീയ അജണ്ടയുടെ പരാജയം.

5. ലാവ്‌ലിന്‍ കേസില്‍ പിണറായി കുറ്റക്കാരനല്ലെന്ന് പാര്‍ട്ടി നേതാക്കള്‍ക്കറിയാമെങ്കിലും താഴേത്തട്ടിലുള്ള സാധാരണക്കാര്‍ക്ക് അതറിയില്ല, അവര്‍ക്കത് മനസ്സിലാകില്ല.

6. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പോരായ്മ : ചില മണ്ഡലങ്ങളില്‍ ഗ്രൂപ്പ് കളിയില്‍ മറന്ന പൊതു സമ്മതരായ സ്ഥാനാര്‍ത്ഥികള്‍. അവരെ മറന്ന് സിന്ധു ജോയിയെ പോലെയുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വന്ന പാളിച്ച.

ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തെ കുറച്ച് കാണുന്നില്ല എങ്കിലും, ചുരുക്കി പറഞ്ഞാല്‍ ഇത് ഐക്യ ജാനാധിപത്യ മുന്നണിയുടെ വിജയം എന്നതിനേക്കാളുപരി സി.പി.എം-ന്റെ പരാജയം എന്ന് കാണാനാണെനിക്കിഷ്ടം. അതില്‍ തന്നെ ഈ ഇലക്ഷന്‍ മുഴുവന്‍ നിയന്ത്രിച്ച ഔദ്യോഗിക പക്ഷത്തിന്റെ പരാജയം. വടക്കന്‍ കേരളത്തിലെ ഉറച്ച സീറ്റുകള്‍ പോലും നഷ്ടമായത് അതാണല്ലോ കാണിക്കുന്നത്.

ഇടതു മുന്നണിയില്‍ പണ്ടില്ലാതിരുന്ന, എന്നാല്‍ കോണ്‍ഗ്രസില്‍ പുകഞ്ഞു കൊണ്ടിരുന്ന ഗ്രൂപ്പുകളിയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒരു താല്പര്യവുമില്ല എന്ന് കോണ്‍ഗ്രസ് കഴിഞ്ഞ തെരെഞ്ഞെടുപ്പോടെ മനസ്സിലാക്കി എങ്കില്‍, ഈ തെരെഞ്ഞെടുപ്പോടെ ഇടതു മുന്നണിക്കത് മനസ്സിലായാല്‍ അവര്‍ക്ക് കൊള്ളാം.



മുന്‍‌കൂര്‍ ജാമ്യം

ഞാനൊരു രാഷ്ട്രീയ നിരീക്ഷകനല്ല. ഒരു പക്ഷേ പരാജയത്തിന്റെ കാരണങ്ങളില്‍ ഇതൊന്നും കാണില്ലായിരിക്കാം. മറ്റു പല കാരണങ്ങളും കാണാം.

Tuesday, May 12, 2009

ജോലിസാധ്യതയും പരസ്യങ്ങളും

കുറച്ച് നാളായി ടി വിയില്‍ കാണുന്ന ഒരു പരസ്യമുണ്ട്. സേഫ്റ്റി കോഴ്സിനെ പറ്റിയുള്ള ഒരു പരസ്യം. ഈയിടെ പുതിയ പരസ്യങ്ങളും കാണുന്നുണ്ട്. ഇവരുടെ തന്നെ മറ്റൊരു കോഴ്സിനെ പറ്റിയുള്ളത്.

X::::::::::::::::::::::::::::X X::::::::::::::::::::::::::::X X::::::::::::::::::::::::::::X

ഏകദേശം രണ്ട് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2007 ആഗസ്റ്റ് മാസത്തില്‍ ഞങ്ങളുടെ പ്രോജക്ടിന്റെ ആരംഭസമയം. ഗള്‍ഫില്‍ ചൂട് ഏറ്റവും അധികമുള്ള സമയം. വിസിറ്റ് വിസയില്‍ ഗള്‍ഫിലെത്തിയ ഒരു പയ്യന്‍ എന്റെ കൂട്ടുകാരന്റെ റെക്കമെന്റേഷനില്‍ സേഫ്റ്റി അസിസ്റ്റന്റ് ആയി ഞങ്ങളുടെ കമ്പനിയില്‍ വിസ അടിച്ച് ജോലിക്ക് കയറി. ഗള്‍ഫില്‍ നാല്പതിനായിരം ശമ്പളം മോഹിച്ചു വന്ന തുടക്കക്കാരനായ പയ്യന് തരക്കേടില്ലാത്ത ശമ്പളമായ 2500 ദിര്‍ഹമായിരുന്നു (അന്ന്‍ 28000 രൂപ വരും) നിശ്ചയിച്ചിരുന്നത്.
ആദ്യ ദിവസം ജോലിക്കു വന്ന പയ്യന് സുഡാനിയായ മാനേജര്‍ കൊടുത്ത പണി സൈറ്റില്‍ വരുന്ന വാഹനങ്ങളുടെ ഒക്കെ നിയന്ത്രണം ആയിരുന്നു. ഓര്‍ക്കുക അതും സൈറ്റിലെ സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയില്‍ ആണുള്ളത്. ട്രക്കുകളും ട്രെയിലറുകളും വന്നു കൊണ്ടേയിരിക്കും. അവ എങ്ങോട്ടൊക്കെ മാറ്റിയിടണമെന്നും, എങ്ങനെ Unload ചെയ്യണമെന്നും ഒക്കെ സേഫ്റ്റിക്കാര്‍ നിശ്ചയിക്കണം. സാധനങ്ങള്‍ ഇറക്കുമ്പോഴും ഇവരുടെ സാനിദ്ധ്യം അവിടെ വേണം. എന്തെങ്കിലും അപകടമുണ്ടാകാതെ നോക്കേണ്ടത് അവരാണല്ലോ.

ഇനിയാണ് പ്രശ്നം തുടങ്ങുന്നത്. ചൂട് സമയത്ത് ജോലിക്കിറങ്ങിയ പയ്യന്‍ ഉച്ചയാകുന്നതിന് മുമ്പേ മാനേജരുടെ അടുത്തെത്തി പറഞ്ഞു ,

"സാര്‍ ഞാന്‍ ഈ ജോലിക്കല്ല വന്നത്, എന്നെ സൈറ്റിലെ സേഫ്റ്റിയുമായി ബന്ധപ്പെട്ട ജോലിക്ക് ഇടൂ."

മാനേജര്‍ പറഞ്ഞു " ഇതും സേഫ്റ്റി ആഫീസറുടെ ജോലി തന്നെ".

ആര്‍ക്കു മനസ്സിലാകാന്‍. ഇതൊന്നും ഒരു പക്ഷേ ആ പയ്യന്‍ അവിടെ പഠിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിലും കൊച്ചിയില്‍ എവിടെയാ 48ഡിഗ്രി ചൂട്. അവനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ സീനിയര്‍ സേഫ്റ്റി എഞ്ചിനീയര്‍ " അച്ചായനും" ശ്രമിച്ചു. എവിടെ !! അവസാനം ഒരാഴ്ച്ചക്കുള്ളില്‍ കക്ഷി ജോലി മതിയാക്കി, വിസ അടിച്ചതിന്റെ കാശ് നാട്ടില്‍ നിന്നും വരുത്തി കമ്പനിയില്‍ അടച്ചിട്ട് നാട്ടിലേക്ക് മടങ്ങി.
X::::::::::::::::::::::::::::X X::::::::::::::::::::::::::::X X::::::::::::::::::::::::::::X

സേഫ്റ്റി കോഴ്സിന്റെ പരസ്യം ഇന്നും ടി.വിയില്‍ കണ്ടു. 'ടൈ' ഒക്കെ കെട്ടി സേഫ്റ്റി ഓഫീസര്‍ ആകാന്‍ ഒരുങ്ങിയിറങ്ങിയ ഒരു പയ്യന്‍ നായകനായ പരസ്യം. ഗള്‍ഫില്‍ നിന്ന്‍ സേഫ്റ്റി ഓഫീസേഴ്സിനെ ഒന്നും പിരിച്ചു വിട്ടിട്ടില്ല എന്നാണതില്‍ പറയുന്നത്. ഇതില്‍ എത്ര കണ്ട് സത്യമുണ്ടെന്ന് ഗള്‍ഫില്‍ ഉള്ളവര്‍ക്കറിയാമായിരിക്കും. കാറ്റഗറി നോക്കിയൊന്നുമല്ല പിരിച്ചു വിട്ടിരിക്കുന്നത് എന്നതാണ് സത്യം.
പറയാന്‍ വന്നത്, ഏത് കോഴ്സ് പഠിച്ചാലും ശരി, പരസ്യത്തില്‍ കാണുന്നതു പോലെയുള്ള സ്വപ്നങ്ങളുമായി പ്രവാസി ആയാല്‍ ഒരു പക്ഷേ നിരാശയാകും ഫലം. ടൈ കെട്ടിയ ജോലി മാത്രമേ ചെയ്യു എന്ന്‍ ശഠിച്ചാല്‍ കാര്യം പോക്കാ.....അത്ര തന്നെ.

ഇതേ പോലെയുള്ള കുറെ പുതിയ ജോലികളുടെ കാര്യം പരസ്യങ്ങളിലൂടെ അറിയാന്‍ സാധിച്ചു. ലിഫ്റ്റ് ടെക്‌നീഷ്യന്‍, എക്സ്റേ വെള്‍ഡര്‍.. പിന്നെന്തൊക്കെയാണ്.. അവയ്ക്കൊക്കെ ഗള്‍ഫില്‍ ഇത്ര ഡിമാന്റ് ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ഈ കോഴ്സുകള്‍ പഠിച്ചാല്‍ നല്ല് ജോലി കിട്ടില്ല എന്നര്‍ത്ഥമില്ല കേട്ടോ. പക്ഷേ, എല്ലാവര്‍ക്കും നാല്പ്പതിനായിരവും അമ്പതിനായിരവും കിട്ടണമെന്നില്ല. ഭാഗ്യമുള്ളവര്‍ക്ക് ഒരു പക്ഷേ, നല്ല ജോലി കിട്ടിയേക്കാം.

പുതിയ കോഴ്സുകള്‍ക്ക് ചേരുന്നവര്‍ അതിന്റെ സാധ്യതയെ പറ്റി കൂടി പഠിക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു. അല്ലെങ്കില്‍ മൈക്രോബയോളജി പഠിച്ച എന്റെ ബന്ധുവിന്റെ അവസ്ഥയാകും. പഠിച്ച കോഴ്സ് അനുസരിച്ചുള്ള ജോലി വളരെ അപൂര്‍‌വ്വം. MPH (Master in Public Health) പഠിച്ചിട്ട്, പഠിച്ചതു വച്ച് ജോലി കിട്ടാതെ, കിട്ടിയ ജോലിക്കു കയറിയ ഒരാള്‍ ഞങ്ങളുടെ അഡ്മിനിസ്ട്രേസഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഉണ്ട്. അയാള്‍ പറഞ്ഞത് " കയ്യിലുള്ള സര്‍ട്ടിഫിക്കറ്റ് കൊട്ടയിലും കൊള്ളത്തില്ല, കോണകത്തിലും കൊള്ളത്തില്ലാത്തതാണ് പിന്നെ എന്തു ചെയ്യാനാ, കിട്ടിയതിന് കേറി " എന്നാണ്.

Sunday, May 10, 2009

ഭവിഷ്യപുരാണവും വിശ്വാസങ്ങളും

കഴിഞ്ഞ പോസ്റ്റില്‍ (ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന്‍ എനിക്ക് തോന്നിയത് ഇതൊക്കെയാണ്.

ഭവിഷ്യപുരാണത്തെ പറ്റി പറയുകയാണെങ്കില്‍, പത്തൊമ്പതാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടങ്ങളിലെ പല സംഭവങ്ങളും പ്രവചിക്കുന്ന ഭവിഷ്യപുരാണം പിന്നീടുള്ളതിനെ പറ്റി സൂചനയൊന്നും നല്‍കുന്നില്ല. "സണ്‍‌ഡേ" "ഫെബ്രുവരി" എന്നീ ഇംഗ്ലീഷ് വാക്കുകളെ പറ്റി വരെ ഭവിഷ്യ പുരാണത്തില്‍ ഉണ്ട് എന്നത് ഇതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.ഇങ്ങനെയുള്ള ഭവിഷ്യ പുരാണത്തിലെ ചില ശ്ലോകങ്ങള്‍ ഉദ്ധരിച്ചും അതിന്റെ ബാക്കി ഭാഗങ്ങള്‍ വിഴുങ്ങിയും സ്വന്തം താല്പര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ചിലരെങ്കിലും ശ്രമിക്കുന്നു. അതാണ് ബീമാപ്പള്ളി ബ്ലോഗില്‍ കാണുന്നത്.

"മനുഷ്യനാല്‍ രചിക്കപ്പെട്ട" വേദങ്ങളിലും പുരാണങ്ങളിലും കൈകടത്തലുകള്‍ ഉണ്ടായിട്ടുണ്ട് എന്ന് പറയുമ്പോഴും "ചില ഭാഗങ്ങളില്‍" കൈകടത്തലുകള്‍ ഉണ്ട് എന്ന് വിശ്വസിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറല്ല. ആ ഭാഗങ്ങള്‍ മാത്രം 'ശരി'യാണെന്ന് സാരം.

ഇസ്ലാം വിശ്വാസമനുസരിച്ച് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങളെ ധര്‍മ്മമാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ അതാത് സ്ഥലങ്ങളിലായി ഒന്നേകാല്‍ ലക്ഷത്തിലധികം പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. ഭാരതത്തില്‍ വന്ന ആരെയും പറ്റി വ്യക്തമായ സൂചനകളൊന്നും ഒരു ഗ്രന്ഥത്തിലും പറയുന്നില്ലെങ്കിലും ഇവരില്‍ പലരും ഹിന്ദുമതത്തിലെ ദൈവ സങ്കല്പ്പങ്ങളോ ആചര്യന്മാരോ ആയിരുന്നിരിക്കാം.

ഹിന്ദുമതം (അല്ലെങ്കില്‍ സംസ്കാരം) ബഹു ദൈവ ആരാധകരുടെ മതമാണ് എങ്കിലും അവരുടെ വേദങ്ങള്‍ ദൈവത്തില്‍ നിന്ന് ഇറക്കപ്പെട്ടതാണെന്ന് (അങ്ങനെ അല്ലെങ്കില്‍ പോലും) ചില മുസ്ലീങ്ങളെങ്കിലും വിശ്വസിക്കുന്നു.

::::::::::::::::::::::::::::: X :::::::::::::::::::::::::::::::

ഓരോ മതത്തിനും അതിന്റേതായ ചട്ടക്കൂടുകളും വിശ്വാസങ്ങളും ഉണ്ട്. അന്യ ദേശത്തിലെ ഒരു കാര്യവും ഒരു മത ഗ്രന്ഥത്തിലുമില്ല. ഓരോ ഗ്രന്ഥത്തിലും പൊതുവായി പറയുന്ന ഓരോ കാര്യങ്ങളും മനുഷ്യര്‍ സ്വയം തീര്‍ക്കുന്ന ചില ഭാഷ്യങ്ങളോടെ, "ഈ പറഞ്ഞിരിക്കുന്നത് അതിനെ പറ്റിയാണ്" എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്.

ഭൂമിയെപറ്റിയും ചന്ദ്രനെപറ്റിയും സൂര്യനെപറ്റിയും പര്‍‌വതങ്ങളെ പറ്റിയും ഒക്കെ അതാത് കാലഘട്ടത്തിലെ വിവരങ്ങള്‍ അനുസരിച്ച് എഴുതിയിരിക്കുന്നതിനെ അപ്പടി അംഗീകരിക്കാതെ അതിന്റെ ആന്തരികാര്‍ത്ഥങ്ങള്‍ തേടുവാന്‍ മതഗ്രന്ഥങ്ങളൊന്നും "ആധുനിക കവിതകളല്ല" എന്നെങ്കിലും മനസ്സിലാക്കുന്നത് നന്നായിരിക്കും. എല്ലാത്തിലും ഉല്‍‌പ്രേക്ഷ ഉപയോഗിച്ചിരിക്കുന്നു എന്നും കരുതുക വയ്യ.

ഓരോ പ്രവാചകനും അതാത് ഗോത്രങ്ങളെയും അതാത് പ്രാദേശങ്ങളിലെ ജനങ്ങളേയും ബോധവല്‍ക്കരിക്കാനാണ് ശ്രമിച്ചത്. അല്ലാതെ തനിക്കറിയാത്ത ഭൂവിഭാഗങ്ങളെ ഒരിക്കലും അവര്‍ പ്രതിനിധീകരിച്ചിരുന്നില്ല എന്ന് മതഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഓരോ പ്രദേശങ്ങളിലെയും ആചാരങ്ങളേയും അനുഷ്ടാനങ്ങളേയും ദുരാചാരങ്ങളേയും മാത്രമേ ഓരോ ഗ്രന്ഥങ്ങളും പരമര്‍ശിക്കുന്നുള്ളു.

Saturday, May 2, 2009

ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!!

ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വാധീനിച്ച പോസ്റ്റുകള്‍ ഒന്നുമില്ലായിരുന്നു. കാരണം, എല്ലാം മതാധിഷ്ടിത പോസ്റ്റുകള്‍. എന്നാല്‍ ആദ്യമായി എനിക്ക് കമന്റ് ഇടണം എന്ന് തോന്നിയ രണ്ട് പോസ്റ്റുകള്‍ ഈയടുത്ത കാലത്ത് ആ ബ്ലോഗില്‍ ഉണ്ടായി. (1), (2)

ഭാരതത്തില്‍ നിലവിലുള്ള ഹിന്ദുമത ഗ്രന്ഥങ്ങളില്‍ പ്രവാചകനെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു എന്ന വിഷയത്തില്‍ രണ്ട് പോസ്റ്റുകള്‍ ബീമാപ്പള്ളി ബ്ലോഗില്‍ കണ്ടിരുന്നു.

സംസ്കൃതത്തില്‍ ഒരു വിജ്ഞാനവുമില്ലാത്ത എനിക്ക് ആ പോസ്റ്റുകളില്‍ നിന്നും ഹിന്ദുമതാചാര്യന്മാര്‍ അസാമാന്യ ദൈവശക്തി ഉള്ളവരായിരുന്നു എന്ന് മനസ്സിലായി. കാരണം എത്ര കൃത്യമായാണ് അവര്‍ പ്രവചനങ്ങള്‍ നടത്തിയിരുന്നത്. അതൊക്കെ വച്ച് നോക്കുമ്പോള്‍ മറ്റ് മതങ്ങളിലെ പ്രവചനങ്ങള്‍ എത്ര ചെറുതാണ്. കാരണം പലതിനും ശാസ്ത്രത്തിന്റെ പിന്‍ബലം ഉണ്ടാക്കാന്‍ അതിന്റെ അനുയായികള്‍ തന്നെ ശ്രമിക്കുമ്പോള്‍ ഹൈന്ദവഗ്രന്ഥങ്ങളിലെ പ്രവചനങ്ങള്‍ മറ്റു മതസ്ഥര്‍ തന്നെ അംഗീകരിക്കുന്നു, പ്രചരിപ്പിക്കുന്നു.


********* ***************** *********
ഈ ഉദാഹരണങ്ങള്‍ നോക്കൂ..

ശ്ലോകം 1
ഇദംജനാ ഉപശ്രുത നരാശംസ സ്തവിഷ്യതേ
ഷഷ്ടിം സഹസ്രാ നവതിം ചശൌരമ അരുഷ മേഷ് ഠ ദ്വുമഹേ
ഉഷ്ടായസ്യ പ്രവാഹിണോ വധുമന്തോ ദ്വിര്‍ദശ
വര്‍ഷ്മാരഥസ്യ നിജിഹീസതേ ദിവഈഷമാണോ ഉപാപ്രശ:
ഏഷാ ഋഷയേ മാമഹേശതം നിശ്കാന്‍ ദശസ്രജ:
ത്രിണി ശതാന്യര്‍വതാം സഹസ്രാദഷ ഗ്ലോനാം
(അഥര്‍വ്വവേദം, കുന്തപ സു‌ക്തം, വിംശകാ കാണ്ഡം, സു‌ക്തം 27 ശ്ലോകം 1.3)

"അല്ലയോ ജനങ്ങളെ നിങ്ങള്‍ ബഹുമാനപുരസ്സരം ശ്രദ്ധിക്കുക, സ്തുത്യര്‍ഹനായവന്‍ വാഴ്ത്തപ്പെടും, അറുപതിനായിരത്തി തൊണ്ണൂറ് ശത്രുക്കളുടെ മദ്ധ്യത്തില്‍ നിന്നും നാം അവനെ സ്വീകരിക്കും, അദ്ദേഹത്തിന്‍റെ വാഹനം ഇരുപതു ആണ്‍ പെണ്‍ ഒട്ടകങ്ങളായിരിക്കും, അദ്ദേഹത്തിന്റെ മഹത്വം സ്വര്‍ഗ്ഗലോകം വരെയെത്തി അതിനെ താഴ്ത്തും, അവന്‍ മാമാ ഋഷിക്ക് പത്തു ചതുരങ്ങളും നൂറ് സ്വര്‍ണ്ണനാണയങ്ങളും മുന്നൂറ് അറബിക്കുതിരകളും പതിനായിരം പശുക്കളും നല്‍കുന്നതാണ്"

ഹിന്ദുമതത്തില്‍ ജനിച്ച ഒരു വിധപ്പെട്ട ആര്‍ക്കും അറിയാത്ത ശ്ലോകങ്ങളില്‍ ഒന്നാണിത്. ഈ ശ്ലോകം ബീമാപ്പള്ളി ബ്ലോഗില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഈ ജന്മത്ത് എനിക്കിത് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല. സംസ്കൃതം അറിയാത്തവര്‍ക്ക് ഇതിന്റെ കൂടുതല്‍ വിശദീകരണം ഇവിടെ കാണാം.

********* ***************** *********മറ്റു ശ്ലോകങ്ങള്‍ ഇവിടെ കാണാം

ശ്ലോകം 2

"ഏത സ്മിന്നന്തരെ മ്ലേഛ അചാര്യേണ സമന്വിത
മഹാമദ ഇതിഖ്യാദഃ ശിഷ്യ ശാഖാ സന്വിതം"

(അപ്പോള്‍ മഹാമദു എന്നപേരില്‍ വിദേശിയനായ ഒരു ആചാര്യന്‍ തന്റെ അനുചരന്മാരോട് കൂടി പ്രത്യക്ഷപ്പെടും)
ഭവിഷ്യല്‍ പുരാണം 3:3: 3:5

********* ***************** *********
ശ്ലോകം 3

"ലിംഖഛേദി ശിഖാ ഹീനഃ ശ്മശ്രുധാരി സദുഷക
ഉച്ചാലപീ സര്‍വ്വ ഭക്ഷീ ഭവിഷ്യതി ജനമോം
വിന കൌശലം ചവ ശവസ്തോ ഷാ ഭക്ഷയാ മതാമാം
മുസൈലൈനവ സംസ്കാരഃ കുശൈരി ഭവ വിശ്വതി
തസ്മാല്‍ മുസല വന്തോഹി ജാതയോ ധര്‍മ്മ ദൂഷകഃ
ഇതിപൈശാച ധര്‍മ്മശ് ച ഭവിഷ്യതി മായാക്രത-"
ഭവിഷ്യല്‍ പുരാണം 3:3: 3: 25-28

(അദ്ദേഹത്തിന്‍റെ അനുയായികള്‍ ചേലാകര്‍മ്മം ചെയ്യും. അവര്‍ കുടമ വെക്കുകയില്ല.അവര്‍ താടി വളര്‍ത്തും. അവര്‍ വിപ്ലവകാരികളായിരിക്കും. പ്രാര്‍ഥനയ്ക്ക് വരാന്‍ ഉറക്കെ ആഹ്വാനം ചെയ്യും. പന്നിയെ ഒഴിച്ച് മറ്റു മിക്ക മൃഗങ്ങളെയും അവര്‍ ഭക്ഷിക്കും.ശുദ്ധി ചെയ്യാന്‍ ദര്‍ഭ ഉപയോഗിക്കുന്നതിന് പകരം സമരം ചെയ്തു അവര്‍ പരിശുദ്ദരാകും. മതത്തെ മനിലപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല്‍ മുസൈലൈനവന്മാര്‍ എന്നവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നായിരിക്കും)


********* ***************** *********
വ്യാസമുനിയാല്‍ രചിക്കപ്പെട്ടു എന്ന് "കരുതപ്പെടുന്ന" ഭവിഷ്യ പുരാണത്തില്‍ ഇത്രയൊക്കെ പറഞ്ഞിട്ടുണ്ടെന്നത് ഓരോ ഹിന്ദു മതവിശ്വാസിക്കും അഭിമാനിക്കാന്‍ ഒരു കാരണം കൂടിയാണ്. പക്ഷേ എന്തു ചെയ്യാം, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാശിയിലെ ഏതോ ഒരു "ഋഷി" ഭവിഷ്യപുരാണത്തില്‍ മേല്പ്പറഞ്ഞ സൂചനകള്‍ ഉണ്ട് എന്ന് "സര്‍ട്ടിഫൈ" ചെയ്യുന്നതു വരെ എനിക്ക് ഇങ്ങനെ ഒരു പുരാണം ഉണ്ടെന്ന് അറിയില്ലായിരുന്നു. അതിന്റെ കുറെ ഫോര്‍വേഡ് മെയിലുകള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. അതു തന്നെയാണ് ഈയിടെ മുകളില്‍ പറഞ്ഞ ബ്ലോഗിലും വായിച്ചത്. കഷ്ടം തന്നെ ഇവരുടെ ഒക്കെ കാര്യം. ഇതിനു മെനക്കെടുന്ന സമയത്ത് വല്ല നല്ല കാര്യവും ചെയ്തിരുന്നെങ്കില്‍ !! എന്റെ സമയം കൂടി മെനക്കെടുത്തി.

********* ***************** *********
കുറെ നാള്‍ കൂടി ബ്ലോഗില്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നതില്‍ വിഷമമുണ്ട്. പക്ഷേ എങ്ങനെയൊക്കെ വിചാരിച്ചിട്ടും എഴുതാതിരിക്കാനാകുന്നില്ല. ഈ പോസ്റ്റിലെ ശ്ലോകങ്ങള്‍ ഒക്കെ ഭാവിയില്‍ എനിക്ക് വായിക്കാന്‍ വേണ്ടിയാണ് ഇവിടെ പേസ്റ്റ് ചെയ്തിരിക്കുന്നത്. ബീമാപ്പള്ളി ക്ഷമിക്കുക.

മുന്‍‌കൂര്‍ ജാമ്യം

ബീമാപ്പള്ളി ബ്ലോഗില്‍ എഴുതിയിരുന്നതിന് എന്റെ പ്രതികരണമായി ഇട്ട ഈ പോസ്റ്റ് ആരുടെയെങ്കിലും മത വികാരത്തെ വൃണപ്പെടുത്തി എന്ന് തോന്നുന്നുണ്ടെങ്കില്‍ അറിയിക്കണം. പോസ്റ്റ് പിന്‍‌വലിക്കുന്നതായിരിക്കും. !!

Tuesday, March 17, 2009

വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവര്‍

അച്ഛന്‍ മരിച്ചിട്ട് ഏഴു വര്‍ഷവും അമ്മ മരിച്ചിട്ട് മൂന്ന് വര്‍ഷവും‍ കഴിഞ്ഞു. എങ്കിലും ഇപ്പോഴും ചില ദിവസങ്ങളില്‍ ഉറക്കത്തില്‍ രണ്ടു പേരെയും സ്വപ്നം കാണാറുണ്ട്. സ്വപ്നത്തില്‍ പലപ്പോഴും രണ്ടുപേരും എന്നോട് സംസാരിക്കാറുണ്ട്. ഉറക്കമെഴുനേല്‍ക്കുമ്പോള്‍ യത്ഥാര്‍ത്യവമായി പൊരുത്തപ്പെടുന്നു. പ്രവാസത്തിനിടെ ആണ് രണ്ടുപേരും എനിക്ക് നഷ്ടമായത്. അതു കൊണ്ട് തന്നെ രണ്ടു പേരുടേയും അവസാന നിമിഷങ്ങളില്‍ ഞാന്‍ അടുത്തില്ലായിരുന്നു. (അതെന്റെ സ്വകാര്യ ദു:ഖം). എല്ലാവര്‍ക്കും അനിവാര്യമായ മരണം അവര്‍ ഏറ്റുവാങ്ങിയെങ്കിലും എന്റെ മാതാപിതാക്കള്‍ എന്റെ മനസ്സില്‍ ഇന്നും ജീവിക്കുന്നു എന്നതിന്റെ തെളിവാണ് മേല്പ്പറഞ്ഞ എന്റെ സ്വപ്നങ്ങള്‍.

ജീവിതത്തില്‍ പലപ്പോഴും കുടുംബത്തില്‍ തന്നെ പലരുമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. അത് അച്ഛന് മകനോടോ മകന് അമ്മയോടോ സഹോദരന് സഹോദരിയോടോ ഒക്കെ ആവാം. പലപ്പോഴും സ്വത്തോ അല്ലെങ്കില്‍ ബന്ധുക്കളോ ആകാം ആ വഴക്കുകള്‍ക്ക് കാരണങ്ങള്‍. സമൂഹത്തില്‍ ഇതൊക്കെ കണ്ടും കേട്ടും തന്നെയാണ് ഞാനും വളര്‍ന്നത്. എന്റെ കുടുംബത്തിലും അല്ലറ ചില്ലറ പിണക്കങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് ഞാന്‍ പറയുന്നില്ല. അതൊക്കെ സ്വഭാവികം എന്ന് ഞാന്‍ കരുതുന്നു. എങ്കിലും എന്റെ മാതാപിതാക്കളെയോ സഹോദരങ്ങളേയോ 'വെറുക്കാന്‍' തക്ക എനിക്ക് കാരണങ്ങള്‍ ഒന്നുമുണ്ടായില്ല.

ചിലപ്പോഴെങ്കിലും വൃദ്ധസദനങ്ങള്‍ നല്ലതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ ചിലപ്പോഴെങ്കിലും ചിലര്‍ക്ക് സാധിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകാം. 'താല്‍ക്കാലിക പ്രവാസജീവിതം' ഒരു ഉദാഹരണം മാത്രം. (താല്‍ക്കാലികം എന്ന് എഴുതിയത് മനപൂര്‍‌വ്വം ആണ്. അതില്‍ ഡിപ്ലോമാറ്റുകള്‍ മുതല്‍ ഗള്‍ഫുകാര്‍ വരെ ഉള്‍പ്പെടും ). 'ചില' സീനിയര്‍ സിറ്റിസണ്‍സും വൃദ്ധസദനങ്ങളെ ഇഷ്ടപ്പെടുന്നതായി വായിച്ചിരുന്നു.

പക്ഷേ ചിലയിടങ്ങളില്‍ ഇതൊന്നുമല്ലാതെ തന്നെ അങ്ങേയറ്റം ഹീനമായ രീതിയില്‍ ചില വെറുക്കപ്പെടേണ്ട സര്‍പ്പസന്തതികള്‍ ജനിച്ച് വളര്‍ന്നു കൊണ്ടിരിക്കുന്നു. പണ്ടും ഉണ്ടായിരുന്നു, ഇന്നും തുടരുന്നു. ഒരു പ്രായം കഴിഞ്ഞ മാതാപിതാക്കളെ നോക്കാന്‍ മനസ്സിലാത്ത ഒരു തലമുറ ചിലയിടത്തെങ്കിലും വളരുന്നു എന്ന് വേണം കരുതാന്‍. (ഈ വാര്‍ത്ത ഒന്നു വായിച്ചുനോക്കൂ)ഇവനെയൊക്കെ വേണം തല മൊട്ടയടിച്ച് ചെരുപ്പുമാലയിട്ട് വഴിയിലൂടെ നടത്താന്‍. സ്വന്തം മാതാപിതാക്കളെ വഴിയിലുപേക്ഷിക്കാന്‍ തോന്നുന്ന ഇത്തരം പിശാചുക്കളെ എന്തു ചെയ്യണം?

X::::::::::::::::::: X::::::::::::::::::: X::::::::::::::::::: X::::::::::::::::::: X::::::::::::::::::: X
ഈ വാര്‍ത്തയുടെ ബാക്കി എന്തായി എന്നറിയില്ല. ഈ സംഭവം ഈ പോസ്റ്റിന് ഒരു വഴികാട്ടി മാത്രം. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി പലയിടത്തു നിന്നും കേള്‍ക്കുന്നു. ഇവര്‍ക്കെതിരെ പ്രതികരിക്കാന്ന് സമൂഹം തന്നെ തയ്യാറാകണം എന്നാണ് എനിക്ക് തോന്നിയത്.

Monday, March 9, 2009

തെരുവിന്റെ മക്കളുടെ 'റിയല്‍ ഷോ'

മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ ഒ.രാധികയുടെ ലേഖനം വായിച്ചു. കോഴിക്കോട് നഗരത്തെ കേന്ദ്രീകരിച്ച് ഒരു കൂട്ടം ആള്‍ക്കാര്‍ ഒരു റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. അല്ല "റിയല്‍ ഷോ" ഒരുക്കുന്നു.


ലേഖനത്തിലെ തുടക്കത്തിലെ ഒരു വാചകം ഇങ്ങനെ ;
"തെരുവില്‍ പാടി തെരുവിലുറങ്ങുന്ന ഗായക കുടുംബങ്ങള്‍ക്ക്‌ തലചായ്‌ക്കാന്‍ ഒരിടം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ വ്യത്യസ്‌തമായൊരു റിയാലിറ്റി ഷോയ്‌ക്കൊരുങ്ങുകയാണ്‌ ഒരു കൂട്ടം ചെറുപ്പക്കാര്‍."

അതെ തികച്ചു വ്യത്യസ്തമായ ഈ ഷോയേ പറ്റിയുള്ള വിവരം ഈ ലേഖനം വായിക്കാത്തവര്‍ക്കായി കൈമാറുക എന്ന ഉദ്ദേശം മാത്രമേ എനിക്കുള്ളു.

"യുവപരസ്യ സംവിധായകന്‍ സുധീര്‍ അമ്പലപ്പാട്ടാണ്‌ 'തെരുവിന്റെ ഷോ' അരങ്ങിലെത്തിക്കുന്നത്‌. ഇരുപതുകളിലേറെ വാടകവീടുകളിലൂടെ പറിച്ചു നടപ്പെട്ട സ്വന്തം ബാല്യമാണ്‌ സുധീറിന്റെ സ്വപ്‌നത്തിന്‌ അടിത്തറയായത്‌. സുധീറിന്റെ മനസ്സിലെ സങ്കല്‌പം അറിഞ്ഞയുടന്‍ കാലിക്കറ്റ്‌ ലാന്‍ഡ്‌മാര്‍ക്ക്‌ ബില്‍ഡേഴ്‌സ്‌ ഉടമകള്‍ മൊയ്‌തീന്‍ മുഹമ്മദും അന്‍വര്‍ സാദത്തും കെ. അരുണ്‍കുമാറും ഉറച്ച പിന്‍ബലമായി കൂടെ നിന്നു. എത്ര ഗായക കുടുംബങ്ങള്‍ക്കുവേണമെങ്കിലും സൗജന്യമായി വീട്‌ നിര്‍മിച്ചു നല്‍കാന്‍ ഞങ്ങള്‍ ഒരുക്കമാണ്‌. ഒരു കോടിയുടെ ഫ്‌ളാറ്റ്‌ നിര്‍മിച്ചു കൈമാറുന്നതിലും മനഃസുഖമുണ്ടതിനെന്ന്‌ മൂവരും ഏകസ്വരത്തില്‍ പറഞ്ഞു. "

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും അഭിനന്ദനങ്ങള്‍, നന്ദി. ഇനിയുള്ള വാചകങ്ങള്‍ ഏതൊരു മലയാളിയുടേയും കണ്ണു തുറപ്പിക്കേണ്ടതാണ്.

"യാഥാര്‍ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കെട്ടുകാഴ്‌ചകള്‍ക്കിടയില്‍ തെരുവിന്റെ യാഥാര്‍ഥ്യവുമായി ഈ റിയല്‍ ഷോ ഇനി സ്വീകരണ മുറിയിലെത്തും. പ്രച്ഛന്നവേഷത്തില്‍ ദാരിദ്ര്യം ആടിത്തിമിര്‍ക്കുന്ന താരങ്ങള്‍ക്കിടയില്‍ ഇവര്‍ വിശന്ന പള്ളയില്‍ തുടികൊട്ടിപ്പാടുന്നത്‌ യഥാര്‍ഥ ജീവിതം തന്നെയാണ്‌. നിങ്ങളുടെ എസ്‌.എം.എസ്സിന്റെ തൂക്കത്തിനായി ഇവര്‍ കണ്ണീരൊലിപ്പിക്കില്ല. ഇവരുടെ കണ്ണീരിനൊപ്പം കരയാന്‍ നിങ്ങള്‍ മിനക്കെടേണ്ടതില്ല. കാരണം ഈ ഷോയ്‌ക്കൊടുവില്‍ തല ചായ്‌ക്കാന്‍ ഒരു വീട്‌ സ്വന്തമാവുമെന്ന സന്തോഷത്തിലാണിവര്‍."

അതേ ഇന്നു നമ്മുടെ ടെലിവിഷനുകളില്‍ കാണുന്ന റിയാലിറ്റി ഷോകള്‍ ശരിക്കും കെട്ടുകാഴ്ചകള്‍ തന്നെയല്ലേ? കാശ് കൊടുത്തു വരെ SMS അയപ്പിക്കുന്ന കച്ചവടം. സൗഹൃദങ്ങള്‍ക്ക് അവര്‍ക്കിടയില്‍ സ്ഥാനമില്ല എന്ന് പങ്കെടുക്കുന്നവര്‍ തന്നെ പറയുന്നു. ഇവിടെ ഇന്ന് നാല്പത് ലക്ഷത്തിന്റേയും ഒരു കോടിയുടേയും ഫ്ലാറ്റുകള്‍ നല്‍കുന്ന വ്യവസായ മേഖലയാണ് കലാരംഗം.


"കണ്ടു മടുത്ത റിയാലിറ്റിഷോകള്‍ക്ക്‌ ഒരു ഞെട്ടലെങ്കിലും ഉണ്ടാക്കാന്‍ പച്ചയായ തെരുവുസംഗീതത്തിനു കഴിയുമെന്നാണ്‌ ഇവരുടെ വിശ്വാസം. മോശം പ്രകടനത്തിന്റെ പേരില്‍ ആരും എലിമിനേറ്റ്‌ ചെയ്യപ്പെടുന്നില്ല. തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാവരുമുണ്ട്‌. എസ്‌.എം.എസ്സും ഉണ്ട്‌. വരുമാനത്തിനോ വോട്ടുകൊണ്ട്‌ ജയിപ്പിക്കാനോ അല്ല. ഇപ്പോഴത്തെ എസ്‌.എം.എസ്സിന്റെ പൊള്ളത്തരം തുറന്നു കാണിക്കാന്‍. "

ഈ SMS-ന്റെ വരുമാനം പാവങ്ങള്‍ക്ക് ഗുണകരമാകുമെങ്കില്‍ ആദ്യമായി ഞാനും അയക്കും ഇവര്‍ക്ക് SMS.


"നാലു വീടുള്ളവര്‍ക്ക്‌ 40 ലക്ഷത്തിന്റെ ഫ്‌ളാറ്റും കാറും സമ്മാനം കിട്ടാന്‍ കടിപടികൂടുന്ന, എന്തു വേഷവും കെട്ടാന്‍ അറയ്‌ക്കാത്ത, 'ഷോ' കുട്ടികളും രക്ഷിതാക്കളും ഇതും കാണട്ടെ. തെരുവില്‍ ഒരു നിമിഷം നിങ്ങളെ പിടിച്ചു നിര്‍ത്തിയ ഗായക കുടുംബത്തിന്‌ തലചായ്‌ക്കാന്‍ കിടപ്പാടമൊരുക്കാന്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. അവരുടെ വിവരങ്ങള്‍ സംഘാടകരെ അറിയിച്ച്‌ ഈ പുനരധിവാസ പ്രവര്‍ത്തനത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം."
ഫോണ്‍: 0495 - 3260126.


ഇങ്ങനെ അവസാനിക്കുന്ന ലേഖനത്തിന് രാധികക്ക് നന്ദി. ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കാണാം

മലയാളവും ടെലിവിഷനും ബ്ലോഗും

തറവാടിയുടെ പോസ്റ്റിനുള്ള (ശ്രീ.കാരശ്ശേരീ കണ്ണടച്ചിരുട്ടാക്കരുതേ!! ) കമന്റ് ആയി എഴുതിയതാണ്. കുറച്ച് നീണ്ടു പോയതിനാലും വിഷയം കുറച്ച് മാറിയതിനാലും ഒരു പോസ്റ്റ് ആക്കുന്നു.

X::::::::::::::::::::::::X::::::::::::::::::::::::X::::::::::::::::::::::::X::::::::::::::::::::::::X

സാധാരണ ജനങ്ങള്‍ക്കിടയില്‍ അത്ര പോപ്പുലര്‍ അല്ലെങ്കിലും ബ്ലോഗ് എന്നത് ഇന്ന് മാധ്യമ രംഗത്തുള്ളവര്‍ എല്ലാവരും അറിയുന്ന ഒരു "മീഡിയ" തന്നെയാണ്. അപ്പോള്‍ കാരശ്ശേരിക്ക് ബ്ലോഗിനെ പറ്റി അറിയില്ല എന്ന് വിചാരിക്കാനാവില്ല. മനപ്പൂര്‍‌വ്വം ഒഴിവാക്കിയതാവാം.

പക്ഷേ ടെലിവിഷന്‍ ആണ് മലയാളികളെ മലയാളം പഠിപ്പിക്കുവാന്‍ പറ്റിയ മീഡിയ എന്ന് പറഞ്ഞ ആ മനസ്സിന് ഒരു നല്ല് നമസ്കാരം. സംബോധന ചെയ്യാന്‍ പറ്റും എന്ന് അദ്ദേഹം പറഞ്ഞത് ശരിയാണ്. ബാക്കി കാര്യങ്ങളില്‍ പക്ഷേ ഇന്നത്തെ നിലവാരം വച്ച് നോക്കുമ്പോള്‍ അവിടെ നമള്‍ ആദ്യം മുതല്‍ മലയാളം പഠിപ്പിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. മലയാളം പരിപാടി അവതരിപ്പിക്കുമ്പോള്‍ "മലയാളം" പറയാന്‍ അറക്കുന്ന അവതാരാകരും, അഭിമുഖക്കാരും അരങ്ങു വാഴുന്ന ഒരു മാധ്യമമായി മാറിക്കൊണ്ടിരിക്കുന്നു ഇന്ന് ടെലിവിഷന്‍ ചാനലുകള്‍. അതിന് ഇന്ന ചാനലുകള്‍ എന്നൊന്നും വ്യത്യാസമില്ല. പാര്‍ട്ടി ചാനലുകളും, അമ്മ ചാനലും, പത്ര ചാനലും, ബഹുരാഷ്ട്ര ചാനലും ഒന്നും വ്യത്യാസമില്ലാതെ ചെയ്യുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് 'മലയാളത്തെ കൊല്ലുക' എന്നത് മാത്രമാണ്. വാര്‍ത്തകളും ചുരുക്കം ചില വാര്‍ത്താധിഷ്ടിത പരിപാടികളും ഒഴിച്ച് ഒരു പരിപാടിയിലും പൂര്‍ണ്ണമായി മലയാളം കേള്‍ക്കാനാവില്ല എന്ന് തന്നെ പറയാം. പിന്നെ എങ്ങെനെ കാരശ്ശേരിയുടെ വാദം ശരിയാകും എന്ന് എനിക്ക് മനസ്സിലാകുന്നില്ല.


അത്യാവശ്യത്തിനുള്ള ഇംഗ്ലീഷ് വാക്കുകള്‍ പറയുന്നതിനെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷേ കുക്കറി ഷോയില്‍ കേക്ക് ഉണ്ടാക്കുന്നത് കാണിക്കുമ്പോള്‍ അണ്ടി പരിപ്പ് എടുത്തിട്ട് " നമ്മല്‍ കേക്ക് eat ചെയ്യുമ്പോല്‍ ഇടക്ക് bite ചെയ്യാനാണ് ഈ nuts ഇറ്റുന്നത് " എന്നൊക്കെ പറയുന്നത് കേള്‍ക്കു‌മ്പോള്‍ ആ പറയുന്നവളെ ഒക്കെ വിളിച്ചിട്ട് നല്ല കാന്താരി അരച്ച് നാവില്‍ പുരട്ടിയാല്‍ "അയ്യോ അമ്മേ" എന്ന് ശുദ്ധമായ മലയാളത്തില്‍ പറയുന്നത് കേള്‍ക്കാമായിരുന്നു എന്ന് ആലോചിച്ചു പോയിട്ടുണ്ട്.


മലയാളത്തെ വികലമാക്കുന്നതില്‍ ഈ ടെലിവിഷന്‍ ചാനലുകള്‍ വഹിക്കുന്ന പങ്ക് എത്രയാണെന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. (ടെലിവിഷനെ മാത്രം കുറ്റം പറയുന്നില്ല. വീട്ടില്‍ പോലും മലയാളം പറയാന്‍ കുട്ടികളെ അനുവദിക്കാത്തവരുടെ ലോകമാണ് നമുക്ക് ചുറ്റും. മലയാളത്തില്‍ സംസാരിച്ചാല്‍ ഇംഗ്ലീഷ് മോശമാകുമത്രെ. അങ്ങനെ പറയാന്‍ നാണമില്ലേ എന്ന് പലരോടും ചോദിച്ചു പോയിട്ടുണ്ട്). പല ലേഖനങ്ങളും ഇതേ പറ്റി വായിച്ചിട്ടുണ്ട്. പക്ഷേ ആരും ഇത് ഗൗരവമായി കാണുന്നില്ല എന്ന് തോന്നുന്നു.


മലയാളം വാചകം പറഞ്ഞു വരുന്നതിനിടെ ഇംഗ്ലീഷ് കുത്തിത്തിരുകി, അത് പറഞ്ഞു വന്നിട്ട് തുടരാനറിയാതെ ബാക്കി മലയാളത്തില്‍ പറയുന്ന അവതാരകരാണ് കൂടുതലും എന്നതും ശ്രദ്ദേയമാണ്. അതായത് ഇവരുടെ കയ്യില്‍ മലയാളം 'മലയാളവും ഇംഗ്ലീഷും അല്ലാത്ത' രണ്ടും കെട്ട ഭാഷയാവുന്നു.

ഇവരില്‍ നിന്ന് മലയാളത്തെ രക്ഷപ്പെടുത്താന്‍ കാരശ്ശേരിയോ മറ്റ് മാധ്യമക്കാരോ വിചാരിച്ചാല്‍ നടക്കില്ല. പക്ഷേ ഇത്തിരി എങ്കിലും ശുദ്ധമായ മലയാളം പ്രചരിപ്പിക്കാന്‍ അല്ലെങ്കില്‍ പഠിപ്പിക്കാന്‍ യൂണിക്കോഡ് മലയാളത്തിനും ബ്ലോഗിനും സാധിക്കും എന്ന് ഞാന്‍ കരുതുന്നു.

Saturday, February 28, 2009

സംഭാവന അറിയിപ്പ്

അറിയിപ്പ്


സുഹൃത്തുക്കളേ....,


ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി 'പെര്‍ഫോര്‍മന്‍സ്' മോശമായ കമ്പനിയെ നന്നാക്കാനായി എന്റെ ശമ്പളത്തിന്റെ പതിനഞ്ച് ശതമാനം കമ്പനിക്ക് ഞാന്‍ വിട്ടു കൊടുത്തിരിക്കുന്ന വിവരം സന്തോഷപൂര്‍‌വ്വം അറിയിച്ചു കൊള്ളുന്നു. ഇന്നു രാവിലെയാണ് കമ്പനിക്ക് ഞാന്‍ എന്റെ സമ്മതപത്രം ഒപ്പിട്ടു കൊടുത്തത്. ഞാന്‍ ചെയ്ത സല്‍പ്രവൃത്തി കണ്ട് മറ്റുള്ളവരും തങ്ങളുടെ ശമ്പളത്തിന്റെ പത്തു മുതല്‍ ഇരുപത് വരെ ശതമാനം സംഭാവന ചെയ്തതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.

Monday, February 23, 2009

കോണ്ടം എന്നാലെന്താണമ്മേ?

ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന്‍ മകന്‍ അമ്മയോട് ചോദിച്ചു "കോണ്ടം എന്നാലെന്താണമ്മേ? എന്തിനുപയോഗിക്കുന്നതാണത്? "
എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ ഒരു നിമിഷം കുഴങ്ങിയ അമ്മ സത്യസന്ധമായി ഉത്തരം പറഞ്ഞു കൊടുത്തു.
" മോനേ,,, അമ്മ അതുപയോഗിച്ചിട്ടില്ലാത്തതിനാല്‍ അതിനെപറ്റി അറിയില്ല..."

XX ::::::::::::::::::::::::::::::::::::::::::::::: XX

നിങ്ങള്‍ തന്നെ പറയൂ... ഇങ്ങനെയൊക്കെ കുട്ടികള്‍ ചോദിക്കുമ്പോള്‍ എന്തു പറയും?

ഭാരതത്തിന്റെ ഓസ്കാര്‍ അവാര്‍ഡുകള്‍

മലയാളികള്‍ക്ക് എന്നും അഭിമാനിക്കാന്‍, ഓര്‍ത്തു വയ്ക്കാന്‍ ഒരു ഓസ്കാര്‍ അവാര്‍ഡ്. റസൂല്‍ പൂക്കുട്ടി എന്ന ശംബ്ദലേഖകന്‍ ലോക സിനിമയുടെ നെറുകയില്‍ എത്തിയിരിക്കുന്നു. ഇന്ത്യന്‍ സിനിമാലോകത്തെ പല പ്രഗത്ഭര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാതിരുന്ന ഓസ്കാര്‍ ഒടുവില്‍ കേരളത്തിലേക്കെത്തുന്നു.

.

ഇന്ത്യന്‍ ജനതയുടെ അഭിമാനമായ എ. ആര്‍ റഹ്മാന് ഓസ്കാര്‍ അവാര്‍ഡ്. മികച്ച സംഗീതത്തിനാണ് അവാര്‍ഡ്. അദ്ദേഹത്തിന്റെ അതുല്യപ്രതിഭക്കുള്ള മറ്റൊരു അംഗീകാരം കൂടി. റഹ്മാനെ സംബന്ധിച്ചിടത്തോളം ഇത് പ്രതീക്ഷിച്ചിരുന്നതാണ്. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹത്തെ ലോകം അംഗീകരിച്ചേ പറ്റൂ എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അല്ല, അദ്ദേഹത്തെ ലോകം അംഗീകരിച്ചു കഴിഞ്ഞതാണ്.



മികച്ച ഗാനരചനക്ക് ഗുല്‍സാറിനും കൂടി അവാര്‍ഡ് കിട്ടിയപ്പോള്‍ ഇപ്രാവശ്യത്തെ ഓസ്കാര്‍ അവാര്‍ഡ് ഇന്ത്യാക്കാരുടേതായി എന്നു പറയാം.

.

.

.

XX::::::::::::::::::::::::::::::::::::::::::::::::::::::::::::: XX

സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയാണ് ഇവര്‍ക്ക് ഈ അവാര്‍ഡുകള്‍ നേടിക്കൊടുത്തത്. അവാര്‍ഡുകള്‍ വ്യക്തിപരമാണെങ്കിലും ഭാരത്തിന്റെ അവാര്‍ഡുകളായി ഞാന്‍ ഇതിനെ മതിക്കുന്നു. ഓസ്കാര്‍ പുരസ്കാരം നേടിയ ഇവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍. ഇനിയും ഇനിയും ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ ഇവര്‍ക്കും, ഇവരില്‍‍ നിന്ന്‍ ആവേശം ഉള്‍ക്കൊണ്ട് ഉയരങ്ങളിലെത്താന്‍ മറ്റുള്ളവര്‍ക്കുമാകട്ടെ എന്നും ആശംസിക്കുന്നു.

Monday, February 16, 2009

ജേഡ് ഗുഡി - മരണവും കാത്ത്

ജേഡ് ഗുഡിയെ ഒരുവിധം എല്ലാവര്‍ക്കും അറിയാമായിരിക്കും. നമ്മുടെ "അഭിമാനമായ" ശില്പാ ഷെട്ടിയെ (ലിങ്ക് 1 , ലിങ്ക് 2) ബിഗ് ബ്രദര്‍ ഷോയില്‍ വംശീയമായി അപമാനിച്ച താരം. അതിന്റെ പേരില്‍ ലോകം മുഴുവന്‍ പ്രതിഷേധത്തിനിരയായ സ്ത്രീ.


ജേഡ് ഗുഡിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഗുരുതരമായി ക്യാന്‍സര്‍ ബാധിച്ച അവര്‍ക്ക് ഇനി ഡോക്ടര്‍മാര്‍ വിധിച്ചിരിക്കുന്നത് കൂടിയാല്‍ എട്ടാഴ്ചയാണ്. ക്യാമറക്ക് മുമ്പില്‍ വച്ച് തന്നെ മരിക്കണമെന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. അതവരുടെ 'സ്വ'കാര്യം.


***************************************


ഇനി, എനിക്ക് മോശപ്പെട്ടതെന്ന് തോന്നിയ ഒരു സൈറ്റിലേക്കാണ് നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നത്. (ഈ സൈറ്റ് കണ്ടിട്ട് ഇത് ഉണ്ടാക്കിയവന്മാരെ മനസ്സ് കൊണ്ടെങ്കിലും രണ്ട് ചീത്ത വിളിച്ചില്ലെങ്കില്‍ മോശമാണെന്ന് തോന്നുന്നു.) ജേഡ് ഗുഡിയുടെ മരണസമയം പ്രവചിക്കുന്നവര്‍ക്ക് ഒരു ആപ്പിള്‍ ഐപോഡ് ( Apple ipode) സമ്മാന വാഗ്ദാനവുമായി ഒരു വെബ്‌സൈറ്റ് രൂപം കൊണ്ടിരിക്കുന്നു. അതാണ് www.whenwilljadegoodydie.com (ലിങ്ക് നേരിട്ട് തരുന്നില്ല).

ഒരാളുടെ ദാരുണ മരണം പ്രവചിച്ച് സമ്മാനം കൊടുക്കുക അല്ലെങ്കില്‍ നേടുക എന്ന ദുഷിച്ച ചിന്താഗതിയുള്ള മനുഷ്യരും അവരുടെ ലോകവുമാണ് എന്നെ ഈ പോസ്റ്റ് ഇടുവാന് പ്രേരിപ്പിച്ചത്. സാധാരണ മരണമായിരുന്നെങ്കില്‍ ഇത്ര വലിയ നീറ്റല്‍ തോന്നില്ലായിരുന്നു. ഇത് ഏത് നിമിഷവും മരണം കാത്തിരിക്കുന്ന ഒരു സ്ത്രീയുടെ മരണത്തെയണിവര്‍ കളിയാക്കുന്നത്. പറയുന്ന ന്യായങ്ങള്‍ അവരുടെ സൈറ്റില്‍ തന്നെ വായിച്ച് നോക്കുക. ഈ സൈറ്റിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത് അവരുടെ ന്യായം. പക്ഷേ അത് അംഗീകരിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല.

ഒരുപക്ഷേ ഇത് കാണുമ്പോള്‍ അവരെ സ്നേഹിക്കുന്ന ചിലര്‍ക്കെങ്കിലും വേദനിക്കും. മരണം അടുത്തെത്തി എന്നറിഞ്ഞിട്ട് ജീവിക്കുന്നവര്‍ക്കും അവരുടെ മരണത്തെ വേദനയോടെ കാത്തിരിക്കുന്നവര്‍ക്കും ഇത്തരം സൈറ്റുകള്‍ എന്ത് വികാരമാണ് ജനിപ്പിക്കുക എന്നാലോചിച്ചു പോയി.

നാളെയിത് വ്യാപകമായാല്‍ ഒരു പക്ഷേ നമ്മൂടെ നാട്ടിലും ഇത്തരം സൈറ്റുകള്‍ വരില്ല എന്നാരു കണ്ടു? രോഗാതുരനായി ആശുപത്രിയില്‍ കിടക്കുന്ന ഒരു മതനേതാവിന്റെ മരണം, അല്ലെങ്കില്‍ രാഷ്ട്രീയക്കാരന്റെ മരണം ഒക്കെ പ്രവചിക്കാന്‍ ആരെങ്കിലും സൈറ്റ് തുടങ്ങിയാല്‍ ....!! അവനെ വച്ചേക്കില്ല അല്ലേ?.. അതേ ന്യായം ഈ സ്ത്രീക്കും കൊടുത്തു കൂടെ?


::::::::::::::::::::::: X ::::::::::::::::::::::: X::::::::::::::::::::::: X::::::::::::::::::::::: X
ജേഡ് ഗുഡി വംശീയമായി അധിഷേപിച്ചത് ഭാരതത്തെയാണെന്നോ, കറുത്തവരെയാണെന്നോ, അതല്ല ശില്പ്പയെ ആണെന്നോ എന്നൊന്നും തര്‍ക്കിക്കാന്‍ ഞാനില്ല. അതിലും വലിയ അധിഷേപങ്ങള്‍ നിത്യജീവിതത്തില്‍ പലരും അനുഭവിക്കുന്നുണ്ടാവാം. സെലിബ്രിറ്റികളായപ്പോള്‍ വാര്‍ത്തയായി, മല്‍സരത്തില്‍ ശില്പ അത് മുതലെടുത്തു. അത്രമാത്രം.

Sunday, February 8, 2009

ഗള്‍ഫില്‍ നിന്നും ലോണ്‍ എടുത്താല്‍..

സാമ്പത്തികമാന്ദ്യം ഗള്‍ഫിനെ ശരിക്കും ബാധിച്ചിരിക്കുന്ന ഈ സമയത്ത് ലോണ്‍ എടുത്തിട്ടുള്ളവര്‍ക്കാണ് കൂടുതല്‍ ടെന്‍ഷന്‍ എന്ന് തോന്നുന്നു. കാരണം പെട്ടന്നൊരു ദിവസം ജോലി നഷ്ടപ്പെട്ടാല്‍ ലോണ്‍ ഉണ്ടെങ്കില്‍ പെട്ടു പോയതു തന്നെ. ഇമാറില്‍ നിന്നും ജോലി നഷ്ടപ്പെട്ട ഒരു കൂട്ടുകാരന്‍ പറഞ്ഞത് "ചേട്ടാ പട്ടിണി കിടക്കാന്‍ പതിനായിരം ദിര്‍ഹംസ് വേണം. ഏഴായിരം ഫ്ലാറ്റിനും, മൂവായിരം ലോണിനും." ലോണ്‍ അടച്ചില്ലെങ്കില്‍ കേസാകും.

പലരുടേയുംവിചാരം ജോലി നഷ്ടപ്പെട്ടാല്‍ ലോണ്‍ തിരികെ അടക്കണ്ട എന്നാണ്. പക്ഷേ അത് തെറ്റാണ്. പല ലോണുകള്‍ക്കും ഏതാനും ശതമാനം വരയേ ഇന്‍ഷുറന്‍സ് കവറേജ് ഉള്ളൂ.
ഇതാണ് ഒരിക്കല്‍ ഗള്‍ഫ് ന്യൂസില്‍ കണ്ട ഉത്തരം.
A reader in Dubai asks: In case of losing my job due to termination am I covered by the insurance policy in my personal loan? The bank includes an insurance fee on personal loans so do I have a legal claim for the insurance to pay my loan balance in case of losing my job?

Asw: Answering such questions requires viewing the insurance policy on loans; if the contract includes a condition that in case the debtor loses his job he will be released from the debt, then it might be OK. But, we suspect that fact, as mentioned by the questioner, because according to our knowledge, there are some banks who waive about only 1 per cent in case the debtor loses his job or if he becomes incapable of continuing payment due to urgent reasons.

ഗള്‍ഫില്‍ നിന്ന് ലോണ്‍ എടുത്തവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ പല പ്രശ്നങ്ങളേയും അഭിമുഖീകരിക്കേണ്ടി വരും. അതിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏത് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. എന്തായാലും നിയമപരമായി നോക്കിയാല്‍ ലോണ്‍ തിരിച്ചടക്കാതെ വിസ ക്യാന്‍സല്‍ ചെയ്തു പോകാന്‍ സാധിക്കില്ല. ഒരാളെ പിരിച്ചു വിടുമ്പോള്‍ അയാള്‍ ലോണ്‍ എടുത്തിരിക്കുന്ന ബാങ്കിനെ അറിയിക്കുന്ന കടമ കമ്പനിക്കുണ്ട്. കാരണം ലോണ്‍ എടുക്കുന്നതിനായി തരുന്ന ലെറ്ററില്‍ അത് പറയുന്നുണ്ട്.

ജോലി പോയാലും ഇന്‍സ്റ്റാള്‍മെന്റ് അടച്ചു കൊണ്ടിരുന്നാല്‍ കുഴപ്പമില്ല. രണ്ടുമാസത്തില്‍ കൂടുതല്‍ മുടക്കം വരുത്തിയാല്‍ മാത്രമേ ലീഗല്‍ ആക്ഷന് ബാങ്കുകാര്‍ നീങ്ങുകയുള്ളൂ.

ഇനി ഒരു മാര്‍ഗ്ഗമുള്ളത് എടുത്തിരി‍ക്കുന്ന ലോണിന് ആരെങ്കിലും ഗ്യാരണ്ടി കൊടുക്കുക എന്നതാണ്. അതായത് ബന്ധുക്കളോ സുഹൃത്തുക്കളോ ബാങ്കില്‍ നേരിട്ട് ഹാജരായി ജാമ്യം നില്‍ക്കുന്ന ഏര്‍പ്പാട്. അങ്ങനെ ആരെങ്കിലും ജാമ്യം നിന്നാല്‍ മാസാമാസം ഇന്‍സ്റ്റാള്‍മെന്റ് അടച്ചുകൊണ്ടിരുന്നാല്‍ കുഴപ്പമില്ല. രണ്ടുമാസത്തെ മുടക്കം വരുത്തിയാല്‍ ജാമ്യം നിന്നയാളെയും പ്രതി ചേര്‍ക്കും.

ഇനി വിസ ക്യാന്‍സല്‍ ചെയ്യാതെയോ ലോണ്‍ തിരികെ അടക്കാതെയോ മുങ്ങുന്നവരോട്... അമ്പതിനായിരത്തിലധികമുള്ള കാശ് വാങ്ങാന്‍ ബാങ്കുകാര്‍ നാട്ടിലെ പോലീസിനേയും കൊണ്ട് വീട്ടിലെത്തും. കൂട്ടുകാരന്റെ അനുഭവം സാക്ഷ്യം. കേസ് ആയിക്കഴിഞ്ഞാല്‍ ജീവിതകാലത്ത് തിരികെ വരാം എന്ന് കരുതരുത്. കാരണം വരുന്നയുടനെ പിടിച്ച് അകത്തിടും.

അമ്പതിനായിരത്തില്‍ താഴെയാണെങ്കില്‍ ചിലതൊക്കെ എഴുതിത്തള്ളൂം എന്ന് പറയുന്നു. (അവരുടെ ഇന്‍ഷുറന്‍സില്‍ കവര്‍ ആകും എന്ന് കേള്‍ക്കുന്നു... ഇത് എനിക്ക് ശരിക്കറിയില്ല, കേട്ടറിവാണ്)

X :::::::::::::::::::::::: X :::::::::::::::::::::::: X :::::::::::::::::::::::: X :::::::::::::::::::::::: X
ഞാന്‍ നേരത്തെയിട്ട ഈ പോസ്റ്റില്‍ (ഗള്‍ഫിനേയും സാമ്പത്തിക മാന്ദ്യം ബാധിക്കുന്നു. )കല്യാണി ചോദിച്ച ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് ഇത് എഴുതിയത് . കൂടുതല്‍ അറിയാവുന്നവര്‍ കമന്റില്‍ പറയും എന്ന് കരുതി പോസ്റ്റാക്കി എന്ന് മാത്രം.

Wednesday, January 28, 2009

കള്ളൂകുടി ആരോഗ്യത്തിന് ഹാനികരം (അല്ല?)

വീട്ടില്‍ നിറയെ തെങ്ങുണ്ടേ

തെങ്ങില്‍ നിറയേ കള്ളുണ്ടേ..

എന്നിട്ടെന്താ ഞങ്ങള്‍ക്ക്

ചോറിനു കൂട്ടാന്‍ കള്ളില്ലേ...

എന്തൊരനീതി എന്തൊരനീതി

പറയൂ പറയൂ സര്‍ക്കാരേ....

സ്വന്തം തെങ്ങ് ചെത്താന്‍ എല്ലാവര്‍ക്കും അനുവാദം കൊടുക്കുക..

വിജയം വരെയും സമരം ചെയ്യും...

ചെത്തുകത്തി സിന്ദാബാദ്...

X ::::::::::::::::::::::::: X ::::::::::::::::::::::::: X ::::::::::::::::::::::::: X ::::::::::::::::::::::::: X

ആഹാരത്തിന്റെ കൂടെ കള്ള് ഒരു ശീലമാക്കണം എന്ന് ശ്രീ. ജയരാജന്‍ പറഞ്ഞ സ്ഥിതിക്ക് ഇപ്പോള്‍ ഒന്നു ഒത്തുപിടിച്ചാല്‍ സ്വന്തം തെങ്ങ് സ്വന്തമായി ചെത്താനുള്ള ലൈസന്‍സ് കിട്ടുമായിരിക്കും. മായമില്ലാത്ത കള്ള് കുടിക്കാന്‍ കുടിയന്മാര്‍ സഹകരിക്കുക. സമരം വിജയമാക്കുക.

ചെത്തുകാര്‍ ക്ഷമിക്കുക. കേരളത്തിലെ മൂന്നുകോടി ജനങ്ങള്‍ക്കും കുടിക്കാനുള്ള കള്ള് ചെത്താന്‍ തല്‍ക്കാലം ഇന്നത്തെ ചെത്തുകാര്‍ക്ക് കഴിയില്ല. നിങ്ങള്‍ തല്‍ക്കാലം ഷാപ്പില്‍ കൊടുത്താല്‍ മതി. ജനങ്ങളെ സ്വയം പര്യാപ്തരാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം.

കള്ളോളം നല്ലോരു.....

ആഹാരത്തിന്റെ കൂടെ കഴിക്കാനുള്ള കള്ള് എന്നും ഷാപ്പില്‍ പോയി വാങ്ങാന്‍ പറ്റാത്ത ഒരു മലയാളി.

Tuesday, January 27, 2009

ഇസ്മയില്‍ എന്ന Slumdog Millionaire ? ?

Azharuddin Mohammed Ismail എന്ന ബാലനെ പലര്‍ക്കും അറിയില്ല. ഇന്ന് ലോകസിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുപ്പെടുന്ന, അവാര്‍ഡുകള്‍ വാരിക്കൂട്ടുന്ന സിനിമയായ "സ്ലം ഡൊഗ് മില്ല്യണയര്‍"-ല്‍ നായക കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ച ബാലന്‍. ഈ സിനിമയിലെ നായകനായ സലിമിന്റെ ബാല്യകാലമാണ് ഇസ്മൈല്‍ എന്ന ഈ ബാലന്‍ അവതരിപ്പിച്ചത്.

ഇസ്മയില്‍ യഥര്ത്ഥ ജീവിതത്തില്‍ തന്നെ ഒരു ചേരി നിവാസി ആയിരുന്നു. ഈ സിനിമയിലെ ബാക്കിയെല്ലാവരും പ്രശസ്തരായതിനോടൊപ്പം നല്ലൊരു പ്രതിഫലത്തിന്റെ ഉടമയുമായിക്കാണും എന്ന് എല്ലാവര്‍ക്കും തോന്നിയിരിക്കും. പക്ഷേ ഈ ബാലന്‍ ഇപ്പോഴും മുംബയിലെ ബാന്ദ്രയില്‍ ഒരു ചേരിയില്‍ പ്ലാസ്റ്റിക് കൊണ്ട് മേല്‍ക്കൂര തീര്‍ത്ത തന്നെ കുടിലില്‍ പാവങ്ങളായ തന്റെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. കോടികള്‍ വാരിക്കൂട്ടുന്നതിന്റെ ഒരു ചെറിയ പങ്ക് ഈ ബാലന് കൊടുക്കാന്‍ ഈ ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് തോന്നിയില്ലേ?

ഈയിടെ നടന്ന പ്രസ് മീറ്റ് ചടങ്ങില്‍ ഈ കുട്ടികളേയും ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ എന്തുകൊണ്ട് ഈ കുട്ടിയും കുടുംബവും ഇന്നും ചേരിയില്‍ തന്നെ ജീവിക്കുന്നു? സാമ്പത്തികമായി ഇവര്‍ക്കൊന്നും ഗുണമുണ്ടായില്ലേ? എന്തുകൊണ്ട് ഇസ്മായിലും കൂട്ടുകാരും സ്ലം ഡോഗ് മില്ല്യണയര്‍ ആയില്ല? ഇത് മലയാളം സിനിമയോ, ബോളിവുഡ് സിനിമയോ അല്ല, ഒരു ഹോളിവുഡ് ചിത്രമായതിനാല്‍ ആണ് ഈ സംശയം.

ഇത് വാര്‍ത്തയായതിനാല്‍ ഒരു പക്ഷേ ഈ സിനിമയുടെ നിര്‍മ്മാതാക്കള്‍ ഇനിയെങ്കിലും വേണ്ടത് ചെയ്യും എന്ന് കരുതാം.
ചിത്രങ്ങള്‍ക്ക് കടപ്പാട് : യാഹൂ

ഉന്നത ഉദ്യോഗവും മയക്കുമരുന്ന് കച്ചവടവും

ധീരത്ക്കുള്ള അവാര്‍ഡ് വാങ്ങിയ ഒരു മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മയക്കുമരുന്ന് കച്ചവടത്തിനിടയില്‍ പിടിയിലായി എന്നത് ഞെട്ടലോടെയാണ് കേട്ടത് (manorama news). തീവ്രവാദികളായ മലയാളികളെ പിടികൂടിയിട്ട് കുറച്ച് നാളുകളേ ആയുള്ളൂ. അതിലും വലിയ ഒരു തെറ്റല്ലേ ഈ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ചെയ്തിരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തീവ്രവാദികള്‍ ചില സംഘടനാ ലക്ഷ്യങ്ങളുമായി കൊല നടത്തുന്നുവെങ്കില്‍ അതിലും വലിയ പാതകമല്ലേ മയക്കുമരുന്ന് വ്യാപാരികള്‍ ചെയ്യുന്നത്? എത്ര ജീവനെയാണ് ഇവര്‍ നശിപ്പിക്കുന്നത്.

ഒന്നും രണ്ടും കിലോയുടെ കച്ചവടമല്ല ഇയാള്‍ ചെയ്തിരിക്കുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ കണക്കില്‍ കൃത്രിമം കാട്ടി തട്ടിച്ചെടുത്ത ചരക്കാണ് ഇയാളുടെ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത് എന്ന് കൂടി കേള്‍ക്കുമ്പോള്‍ നമ്മുടെ ബ്യൂറോക്രസിയെ തന്നെ സംശയിച്ചു പോകുന്നു. ഡിപ്പാര്‍ട്ട്മെന്റില്‍ ഇയാള്‍ക്ക് എത്ര കൂട്ടാളികള്‍ കാണും. തനിയെ ഇത്ര വലിയ കള്ളത്തരം കാണിക്കാന്‍ ഒരാള്‍ക്ക് സാധിക്കില്ലല്ലോ.

കുറ്റം ചെയ്തു എന്ന് കണ്ടെത്തിയാല്‍ എന്തായിരിക്കും ഇയാളുറ്റെ ശിക്ഷ എന്നറിയില്ല. ചിലപ്പോള്‍ ജീവപര്യന്തം ആവാം അല്ലേ? ഒരാളെ കൊല്ലുന്നതിലും പൈശാചികമായ കുറ്റമാണ് മയക്കുമരുന്ന് കച്ചവടം എന്നാണ് എന്റെ കാഴ്ച്കപ്പാട്. അതായത് കൊലപാതകത്തിന് കിട്ടുന്നതില്‍ കൂടുതല്‍ ശിക്ഷ ഇങ്ങനെയുള്ള കുറ്റങ്ങള്‍ക്ക് കൊടുക്കണം.

ഇതിനു മുമ്പും പല ഉദ്യോഗസ്ഥരേയും ഇതേപോലെയുള്ള കുറ്റത്തിന് പിടിച്ചിട്ടുണ്ടെങ്കിലും ഇത്ര ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത്രയധികം മയക്കുമരുന്ന് കടത്തിയ കേസ് ഉണ്ടോ എന്ന് എനിക്കറിയില്ല. ഇയാളെ പോലെയുള്ള കുറ്റവാളികളെ ഇതുവരെ ഡിപ്പര്‍ട്ട്മെന്റില്‍ ഉള്ളവര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിച്ചില്ല എന്നത് അതിലും ലജ്ജാവഹം. ഇപ്പോള്‍ തന്നെ മറ്റു രണ്ടുപേര്‍ പിടിയിലായപ്പോഴാണ് ഇയാളെ പറ്റി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം കിട്ടുന്നത്. അയ്യേ.....

ഇങ്ങനെ പോയാല്‍ നമ്മുടെ സൈനിക നേതൃത്വത്തില്‍ നിന്ന് ഒരാളെ പിടി കൂടിയാല്‍ പോലും അത്ഭുതപ്പെടേണ്ട എന്ന് തോന്നുന്നു. എല്ലാ ഉദ്യോഗസ്ഥരേയും അടച്ചാക്ഷേപിച്ചതല്ല. ഇങ്ങനെയുള്ളവര്‍ ഇനിയും കാണും എന്ന് പറഞ്ഞുവെന്നേയുള്ളൂ.

സ്വന്തം ജീവന്‍ കൊടുത്തും നമ്മുടെ നാടിനെ, നമ്മുടെ ജീവനെ സം‌രക്ഷിക്കുന്ന ആയിരക്കണക്കിന് ധീര ജവാന്മാര്‍ക്കും പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും അപമാനമാണ് ഇത്തരം ക്ഷുദ്ര ജീവികള്‍. മനസ്സില്‍ ദു:ഖമുണ്ടെങ്കിലും അത് കാണിക്കാതെ മരണാനന്തര ബഹുമതിയായി തന്റെ ഭര്‍ത്താവിന് കിട്ടിയ ബഹുമതി അഭിമാനത്തോടെ പ്രസിഡന്റില്‍ നിന്ന്ഏറ്റുവാങ്ങിയ സ്ത്രീകളെ കണ്ടപ്പോള്‍ അറിയാതെയെങ്കിലും കണ്ണു നിറഞ്ഞവരും ജയ് ഹിന്ദ്, ജയ് ജവാന്‍ എന്ന് മനസ്സില്‍ പറഞ്ഞു പോയവരും കാണും.


അതേ ദിവസം ആ മനുഷ്യര്‍ക്ക് പോലും അപമാനം ഉണ്ടാക്കിയ ഇയാള്‍ ഒരു മലയാളി ആയതില്‍, മലയാളി എന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു.

X:::::::::::::::::::::::X X:::::::::::::::::::::::X X:::::::::::::::::::::::X X:::::::::::::::::::::::X

ഇയാളെ കുടുക്കാന്‍ ആരോ ചെയ്ത ചതിയാണിതെന്നൊക്കെ വാര്‍ത്ത കണ്ടിരുന്നു. അപ്പോഴാണ് ഇയാളുടെ ഫ്ലാറ്റില്‍ നിന്ന് ഇന്നലെ ബാക്കി കൂടി പോലീസ് കണ്ടെടുത്തത്. അതിനാല്‍ തന്നെ "തല്‍ക്കാലം" ഇയാളെ വിശ്വസിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. അതിനാല്‍ തന്നെ ഇയാളെയും ഒരു പ്രതീകമായി കണ്ടാല്‍ മതി.

Sunday, January 18, 2009

ഐ.ടി നിയമവും മലയാളം ബ്ലോഗും

ഇനിയിപ്പോള്‍ മലയാളം ബ്ലോഗ് എഴുത്ത് നിര്‍ത്തിയാലോ എന്ന് ആലോചിക്കേണ്ട സമയമായി എന്ന് തോന്നുന്നു. നമ്മള്‍ എഴുതുന്ന ഏത് വാചകമാണ് ഇന്ത്യന്‍ ഐ.ടി നിയമത്തിന്റെ പരിധിയില്‍ വരുന്നതെന്ന് ആര്‍ക്കറിയാം. അതൊക്കെ അറിയണമെങ്കില്‍ ഒന്നുകില്‍ നിയമപണ്ഡിതനാവണം, അല്ലെങ്കില്‍ ആരെ എങ്ങനെ കുടുക്കാം എന്ന് തിരക്കി നടക്കുന്ന "ചിലരെ" പോലെയാവണം. ഇതു രണ്ടുമല്ലാത്ത സ്ഥിതിക്ക് എപ്പോഴാണ് ഒരു ഇണ്ടാസ് തേടിയെത്തുന്നത് എന്ന് എങ്ങനെയറിയാം?


വ്യക്തി സ്വാതന്ത്ര്യവും ഐ.ടി സ്വാതന്ത്ര്യവും രണ്ടും രണ്ടാണ്. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ക്ക് സംഭവിച്ചത് അതിന്റെ വ്യത്യാസം മനസ്സിലാക്കിയില്ല എന്നതാണ് എന്ന് തോന്നുന്നു. സന്തോഷ് ജനാര്‍ദ്ധനന്‍ എന്ന വ്യക്തി അദ്ദേഹത്തിനെതിരെ കേസ് കൊടുത്തിരിക്കുന്നു എന്ന് പ്രദീപ് കുമാര്‍ എന്നയാളിന്റെ ബ്ലോഗില്‍ നിന്നും മനസ്സിലായി. അവിടെ തന്നെ ചിത്രകാരനെ സപ്പോര്‍ട്ട് ചെയ്തു എന്ന് പറഞ്ഞ് കേരള ഫാര്‍മര്‍ എന്ന ബ്ലോഗര്‍ പ്രദീപ് കുമാറിനെ സര്‌വീസ് ചട്ടങ്ങള്‍ ഓര്‍‍മിപ്പിച്ച് കമന്റ് ഇട്ടിരിക്കുന്നതും കണ്ടു. ഇതെല്ലാം കൂടി കാണുമ്പോള്‍ ആകെ ഭയം. മനസ്സ് വിറങ്ങലിച്ചു പോകുന്നു.

ചിത്രകാരനേയും സന്തോഷ് ജനാര്‍ദ്ധനേയും കേരളാ ഫാര്‍മറേയും വ്യക്തിപരമായി എനിക്കറിയില്ലാത്തതിനാല്‍ ഞാന്‍ അവരുടെ ആരുടേയും വ്യക്താവല്ല. (ചിത്രകാരന്റെ പല പോസ്റ്റിലേയും ഭാഷയൊട് എതിര്‍പ്പുണ്ടെങ്കിലും ചില പോസ്റ്റുകളുടെയെങ്കിലും ആശയങ്ങളോട് യോജിപ്പുണ്ട് എന്നത് ഒരു വസ്തുതയാണ്). പക്ഷേ ചിത്രകാരനെ അനുകൂലിച്ച് ഒരു പോസ്റ്റ് ഇട്ടതിന് പ്രദീപിനെതിരെ ഭീഷണിയുടെ സ്വരം ഉയര്‍ന്നു എന്നത് ഒരിക്കലും മലയാളം ബ്ലോഗ് രംഗത്തിന് നല്ലതാണ് എന്ന് തോന്നുന്നില്ല.

XX :::::::::::::::::::::::::::::::: XX :::::::::::::::::::::::::::::::: XX

ഇതൊക്കെ കാണുമ്പോള്‍ ബ്ലോഗ് നമുക്ക് അഭിപ്രായ സ്വാതന്ത്ര്യം തരുന്നു എന്നൊക്കെ പറഞ്ഞ് പോസ്റ്റുകളും കമന്റുകളും ഇട്ടിരുന്നവരെ ചവുട്ടി കൂട്ടാന്‍ തോന്നുന്നു. ഇവിടെ എവിടെയാണ് സ്വാതന്ത്ര്യം?


മതങ്ങളെ കുറിച്ച് എഴുതാന്‍ പാടില്ല, മതവികാരം വൃണപ്പെട്ടു......

ദൈവങ്ങളെ കുറിച്ച് എഴുതാന്‍ പാടില്ല, അപ്പോഴും അത് വൃണപ്പെട്ടു...

മനുഷ്യ ദൈവങ്ങളെ കുറിച്ച് എഴുതാന്‍ പാടില്ല.. അപ്പോഴും വൃണപ്പെടുമല്ലോ...

വിശുദ്ധ ഗ്രന്ഥങ്ങളേയും വിശുദ്ധരേയും പരാമര്‍ശിക്കാനേ പാടില്ല.. അപ്പോഴും പ്രശ്നം മേല്പ്പറഞ്ഞത് തന്നെ.

ന്യൂനപക്ഷത്തെ കുറിച്ച് എഴുതിയാല്‍ ന്യൂനപക്ഷ പീഢനം...

മതത്തെ പറ്റി പുകഴ്ത്തി എഴുതിയാല്‍ അത് മതതീവ്രവാദം..

വ്യക്തികളെ വിമര്‍‍ശിക്കാന്‍ പാടില്ല്ല.. തേജോവധം ചെയ്തു എന്നാകും പരാതി..

ജാതി സംഘടനകളെ വിമര്‍‍ശിക്കാന്‍ പാടില്ല.. ജാതിസ്പര്‍ദ വളര്‍ത്തിയതിനാവും അറസ്റ്റ്...


രാഷ്ട്രീയക്കാരെ തൊടാനേ പാടില്ല .. തല കാണില്ല എന്ന് ഭീഷണി വന്നാലോ?

XX :::::::::::::::::::::::::::::::: XX :::::::::::::::::::::::::::::::: XX

എന്തിനേ കുറിച്ചൊക്കെ എഴുതാം എന്ന് പ്രിയ ബ്ലോഗര്‍മാര്‍ ഒന്നു വിശദീകരിച്ചു തരികയും, ഇന്ത്യാ ഐ.ടി നിയമങ്ങളെ കുറിച്ച് വിശദമായ കുറിപ്പുകള്‍ മലയാളത്തില്‍ എഴുതുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

Monday, January 12, 2009

തോന്ന്യാക്ഷരങ്ങളും മലയാളം ബ്ലോഗും

ഇന്നത്തെ വായനക്കിടയില്‍ സിജി സുരേന്ദ്രന്റെ ബ്ലോഗായ തോന്ന്യാക്ഷരങ്ങള്‍ കാണാനിടയായി. അപ്പോള്‍ ഉണ്ടായ ഒരു കൗതുകം ആണ് ഈ പോസ്റ്റ്. ഇടക്കിടെ ഈ തോന്ന്യാക്ഷരങ്ങള്‍ കാണുന്നല്ലോ എന്ന് ആലോചിച്ചപ്പോള്‍ വെറുതെ ഒന്നു പരതി നോക്കി. അപ്പോള്‍ കണ്ട ബ്ലോഗുകളെ പരിചയപ്പെടുത്താം.

അതിന് മുമ്പ് തോന്ന്യാക്ഷരങ്ങള്‍ എന്ന വാക്കിനെ കുറിച്ച് : ഓ. എന്‍. വി യുടെ ഒരു കവിതയുടെ പേരാണത്രെ തോന്ന്യാക്ഷരങ്ങള്‍. ഞാന്‍ വായിച്ചിട്ടില്ലാത്തതിനാല്‍ അഭിപ്രായം പറയുന്നില്ല.


1. ആദ്യമായുണ്ടായ "തോന്ന്യാക്ഷരങ്ങള്‍ " കുമാറിന്റെ വകയാണ്. Monday, June 13, 2005-ല്‍ ആദ്യ പോസ്റ്റ് (അങ്ങനെ തോന്ന്യാക്ഷരങ്ങള്‍ ഉണ്ടായി! ടമാര്‍!.. പടാര്‍!... ) ഇട്ടു കൊണ്ട് തുടക്കം കുറിച്ച ആ ബ്ലോഗ് Saturday, January 10, 2009- ല്‍ പോസ്റ്റ് ചെയ്ത "നിലവിളികളിലൂടെ ഉത്തരമാകുന്ന ഒരു കടങ്കഥ" വരെയുള്ള 104 പോസ്റ്റുകളില്‍ എത്തി നില്‍ക്കുന്നു..


2. അടുത്തത് 'കരിമ്പന' എന്ന ബ്ലോഗറുടെ "തോന്ന്യാക്ഷരങ്ങള്‍' ആണ്. 2006 ഡിസംബറില്‍ തുടങ്ങിയ ഈ ബ്ലോഗില്‍ 2008 ആഗസ്റ്റില്‍ വന്നതടക്കം മൂന്നു പോസ്റ്റുകള്‍ ഉണ്ട്.


3. 2007 മാര്‍ച്ചില്‍ Sree (ശ്രീ അല്ല) എന്ന ബ്ലോഗര്‍ തുടങ്ങിയ "THONNYAKSHARANGAL" തുടങ്ങിയ ഇടത്തില്‍ തന്നെ അവസാനിച്ചു എന്നു തോന്നുന്നു. ഒരു പോസ്റ്റു പോലും അവിടെ ഇല്ല.


4. സിജി സുരേന്ദ്രന്‍ November 9, 2007-ല്‍ തുടങ്ങിയ "എന്‍റെ തോന്ന്യാക്ഷരങ്ങള്‍" ആണ് അടുത്തത്. എന്തു കൊണ്ടോ രണ്ടു പോസ്റ്റുകളുമായി അകാല ചരമം പ്രാപിക്കാനായിരുന്നു ആ ബ്ലോഗിന്റെ വിധി.


5. അടുത്തത് പ്രിന്‍സ് എന്ന ബ്ലോഗറുടെ "എന്റെ തോന്ന്യാക്ഷരങ്ങള്‍..." ആണ്. 2007 ഡിസംബറില്‍ തുടങ്ങിയ ബ്ലോഗിലെ പല പോസ്റ്റുകളും ഇംഗ്ലീഷില്‍ ആണ് എഴുതിയിരിക്കുന്നത്.


6. October 10, 2008 -ല്‍ "ഹിത" എന്ന ബ്ലോഗര്‍ ആരംഭിച്ച "തോന്ന്യാക്ഷരങ്ങള്‍: എന്റെ ചില നേരംകൊല്ലി ചിന്തകള്‍..." എന്ന ബ്ലോഗാണ് അടുത്തതായി വരുന്നത്. 2008-ല്‍ തന്നെ അഞ്ചു പോസ്റ്റുകളുമായി മുന്നേറുന്നു.


7. അടുത്തത് ആരു തുടങ്ങി എന്നറിയാത്ത ഒരു 'തോന്ന്യാക്ഷരങ്ങള്‍' ആണ്. ഒരേ ഒരു പോസ്റ്റ് മാത്രമുള്ള ഈ ബ്ലോഗ് പിന്നീട് സജീവമായില്ല. (ആകുമെന്നു കരുതുന്നു).


8. അവസാനമായി കണ്ടത് സിജി സുരേന്ദ്രന്റെ തന്നെ പുതിയ ബ്ലോഗായ "തോന്ന്യാക്ഷരങ്ങള്‍" ആണ്. ഈ ജനുവരിയില്‍ മൂന്നിനു തുടങ്ങിയ ബ്ലോഗില്‍ ഇപ്പോള്‍ തന്നെ ആറു പോസ്റ്റുകള്‍ ഇട്ടിരിക്കുന്നു.


ഇതിനിടയില്‍ "മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!!" എന്ന ബ്ലോഗുമായി നമ്മുടെ അരീക്കോടന്‍ മാഷും ഉണ്ട്.


അങ്ങനെ ആകെ ഒരു തോന്ന്യാക്ഷര ബഹളമാണ് ഈ ബൂലോകത്ത്. ഒരേ പേരില്‍ രണ്ട്-മൂന്ന് ബ്ലോഗുകള്‍ വരുന്നത് സ്വാഭാവികം. പക്ഷേ എട്ട്-ഒന്‍പത് ബ്ലോഗുകള്‍ക്ക് ഒരേ പേര് എന്നത് രസകരമായി തോന്നുന്നു. ഇത്രക്ക് വിശേഷപ്പെട്ടതാണോ ഈ "തോന്ന്യാക്ഷരങ്ങള്‍" എന്ന വാക്ക് ? ഏതായാലും കുമാറിന്റെ തോന്ന്യാക്ഷരങ്ങള്‍ക്ക് കൂടുതല്‍ മാര്‍ക്കിടുന്നു.

ഞാന്‍ വിട്ടുപോയ തോന്ന്യാക്ഷരങ്ങള്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ ശ്രദ്ധയില്‍ കൊണ്ടു വരണമെന്ന് അപേക്ഷിക്കുന്നു. അങ്ങനെ വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. കൂടുതല്‍ തിരയാനുള്ള സമയക്കുറവാണ് കാരണം.

::::::::::::::::::::::::::::::::: XX ::::::::::::::::::::::::::::::::::::::: XX ::::::::::::::::::::::::::::::

അറിയിപ്പ്: ഇനിയാരെങ്കിലും തോന്ന്യാക്ഷരങ്ങള്‍ എന്ന പേരില്‍ ബ്ലോഗ് തുടങ്ങുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഒരു കമന്റ് ഇട്ട് ഇവിടെ അറിയിക്കണം എന്ന് അപേക്ഷിക്കുന്നു. നിങ്ങളുടെ പേരും മെഗാ ഡ്രോയിലേക്ക് പരിഗണിക്കുന്നതായിരിക്കും.

Wednesday, January 7, 2009

നാണിക്കൂ ലോകമേ

എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്കൂ...


കൊച്ചുകുട്ടികളുടെ മൃതശരീരത്തിന് മുമ്പില്‍ അലറികരയുന്ന മാതാപിതാക്കളെ കണ്ടിട്ട് മനസ്സില്‍ കനിവ് തോന്നാത്ത ബാന്‍ കി മൂണ്‍ എന്ന മനുഷ്യാ, ഐക്യ രാഷ്ട്ര സഭ എന്തിനു വേണ്ടി ....


അഭയാര്‍ത്ഥി ക്യാമ്പായ സ്കൂളുകള്‍ പോലും ബോംബിട്ട് തകര്‍ക്കുമ്പോള്‍ , അത് ഞങ്ങള്‍ നിര്‍മ്മിച്ച ഫൈറ്ററാണ് എന്ന് അഭിമാനിക്കുന്ന അമേരിക്കക്കാരാ ആ കുട്ടികളുടെ ശാപം നിനക്കുകൂടിയുള്ളതാകുന്നു....


ഈ ആധുനിക ലോകത്ത് നടക്കുന്ന ഈ നരഹത്യക്കെതിരെ ശരിയായി പ്രതികരിക്കാത്ത ലോകനേതാക്കളേ, അത്മീയ നേതാക്കളേ , സമൂഹ്യപ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്നവരേ നിങ്ങളുടെ നാവുകള്‍ എവിടെപ്പോയി...


ഈ ക്രൂരത കണ്ടിട്ടും എതിര്‍ക്കാതെ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കാന്‍ ശ്രമിക്കുന്ന മന്‍‌മോഹന്‍സിംഗ് എന്ന പ്രധാനമന്ത്രി.. ഹാ.. കഷ്ടം.. നമ്മളും നാണിക്കണം...



XX :::::::::::: XX :::::::::::: XX :::::::::::: XX :::::::::::: XX :::::::::::: XX



യുദ്ധങ്ങള്‍ എന്നും നാശങ്ങള്‍ ഉണ്ടാക്കും. പക്ഷേ കരുതിക്കൂട്ടി നിര്‍ദ്ദയമായി കുട്ടികളേയും സ്ത്രീകളേയും നിസഹായരേയും അരിഞ്ഞു തള്ളുന്ന ഈ പ്രവൃത്തി കണ്ടിട്ട് ഇതിനെതിരെ പ്രതികരിക്കാത്ത ലോകത്തോട് ദേഷ്യം മാത്രമാണ് തോന്നുന്നത്. ഇതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതോടൊപ്പം ജീവിച്ചു കൊതിതീരാതെ മരിച്ച ആ പാവം കുട്ടികള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള വിവിധ സമൂഹങ്ങളോട് ക്ഷമിക്കട്ടെ എന്ന് ആശിക്കുന്നു.



"കബന്ധങ്ങളും അറ്റ കൈകാല്‍ തുണ്ടങ്ങളും


ചെഞ്ചോര വീണു തിണര്‍ത്ത തടങ്ങളും


കൂമനും കുറുനരി ആയിരം കഴുകനും


നാവിന്നു വിശ്രമം ഇല്ലാത്ത ഭക്ഷ്യമായ്"


എന്ന് കുരുക്ഷേത്ര ഭൂമിയെ പറ്റി എഴുതി അത് ഞങ്ങളെ പഠിപ്പിച്ച 'ഓണംതുരുത്ത് രാജശേഖരന്‍' സാര്‍ (ദ്രൗണി അന്നും ഇന്നും എന്നും എന്ന നാടകത്തില്‍) അന്നത് പറയുമ്പോള്‍ യുദ്ധക്കളം ഇത്ര ഭീകരമാണെന്ന് ഓര്‍ത്തില്ല. കാരണം അന്നത് യുദ്ധം ചെയ്യുന്ന പോരാളികളുടേതായിരുന്നെങ്കില്‍, ഇന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളുടേതു കൂടിയാണ്.



ഈ പ്രതിഷേധത്തില്‍ പാലസ്തീനും ഇസ്രയേലും തമ്മിലുള്ള രാഷ്ട്രീയമായ യുദ്ധമോ ആരോപിതമായ തീവ്രവാദമോ ഒന്നും പരിഗണനാ വിഷയമല്ല. രണ്ടുകൂട്ടര്‍ക്കും അവരവരുടെ ശരികളും തെറ്റുകളും കാണുമായിരിക്കും. നിരപരാധികളുടെ കൂട്ടക്കുരുതിയെ മാത്രമാണ് ഇവിടെ ഞാന്‍ എതിര്‍ക്കുന്നത്.




തന്റെ മൂന്നു മക്കളുടെ മുമ്പില്‍ ഇരുന്നു കരയുന്ന ഒരച്ഛന്റെ ചിത്രമാണ് എന്റെ മുന്നില്‍. എന്റെ ഇളയ മകന്റെ പ്രായമുള്ള കുട്ടിയും അതില്‍ പെടുന്നു. മരിച്ചു കിടക്കുന്ന ഓരോ കുട്ടിയിലും ഞാന്‍ എന്റെ മക്കളെ കാണുന്നു. ഒരിറ്റു കണ്ണുനീര്‍ അവര്‍ക്കായി.....

::::::::::::::::::::::::::::::::: XX ::::::::::::::::::::::::::::::::::::::::::

പലസ്തീന്‍ -ഇസ്രായേല്‍ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം.. സൂരജിന്റെ അബ്രഹാമിന്റെ സന്തതികള്‍ എന്ന ലേഖനം.
ചിത്രത്തിന് കടപ്പാട് : www.guardian.co.uk

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി