എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്കൂ...
കൊച്ചുകുട്ടികളുടെ മൃതശരീരത്തിന് മുമ്പില്‍ അലറികരയുന്ന മാതാപിതാക്കളെ കണ്ടിട്ട് മനസ്സില്‍ കനിവ് തോന്നാത്ത ബാന്‍ കി മൂണ്‍ എന്ന മനുഷ്യാ, ഐക്യ രാഷ്ട്ര സഭ എന്തിനു വേണ്ടി ....
അഭയാര്‍ത്ഥി ക്യാമ്പായ സ്കൂളുകള്‍ പോലും ബോംബിട്ട് തകര്‍ക്കുമ്പോള്‍ , അത് ഞങ്ങള്‍ നിര്‍മ്മിച്ച ഫൈറ്ററാണ് എന്ന് അഭിമാനിക്കുന്ന അമേരിക്കക്കാരാ ആ കുട്ടികളുടെ ശാപം നിനക്കുകൂടിയുള്ളതാകുന്നു....
ഈ ആധുനിക ലോകത്ത് നടക്കുന്ന ഈ നരഹത്യക്കെതിരെ ശരിയായി പ്രതികരിക്കാത്ത ലോകനേതാക്കളേ, അത്മീയ നേതാക്കളേ , സമൂഹ്യപ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്നവരേ നിങ്ങളുടെ നാവുകള്‍ എവിടെപ്പോയി...
ഈ ക്രൂരത കണ്ടിട്ടും എതിര്‍ക്കാതെ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കാന്‍ ശ്രമിക്കുന്ന മന്‍മോഹന്‍സിംഗ് എന്ന പ്രധാനമന്ത്രി.. ഹാ.. കഷ്ടം.. നമ്മളും നാണിക്കണം...
XX :::::::::::: XX :::::::::::: XX :::::::::::: XX :::::::::::: XX :::::::::::: XX
യുദ്ധങ്ങള്‍ എന്നും നാശങ്ങള്‍ ഉണ്ടാക്കും. പക്ഷേ കരുതിക്കൂട്ടി നിര്‍ദ്ദയമായി കുട്ടികളേയും സ്ത്രീകളേയും നിസഹായരേയും അരിഞ്ഞു തള്ളുന്ന ഈ പ്രവൃത്തി കണ്ടിട്ട് ഇതിനെതിരെ പ്രതികരിക്കാത്ത ലോകത്തോട് ദേഷ്യം മാത്രമാണ് തോന്നുന്നത്. ഇതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതോടൊപ്പം ജീവിച്ചു കൊതിതീരാതെ മരിച്ച ആ പാവം കുട്ടികള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള വിവിധ സമൂഹങ്ങളോട് ക്ഷമിക്കട്ടെ എന്ന് ആശിക്കുന്നു.
"കബന്ധങ്ങളും അറ്റ കൈകാല്‍ തുണ്ടങ്ങളും
ചെഞ്ചോര വീണു തിണര്‍ത്ത തടങ്ങളും
കൂമനും കുറുനരി ആയിരം കഴുകനും
നാവിന്നു വിശ്രമം ഇല്ലാത്ത ഭക്ഷ്യമായ്"
എന്ന് കുരുക്ഷേത്ര ഭൂമിയെ പറ്റി എഴുതി അത് ഞങ്ങളെ പഠിപ്പിച്ച 'ഓണംതുരുത്ത് രാജശേഖരന്‍' സാര്‍ (ദ്രൗണി അന്നും ഇന്നും എന്നും എന്ന നാടകത്തില്‍) അന്നത് പറയുമ്പോള്‍ യുദ്ധക്കളം ഇത്ര ഭീകരമാണെന്ന് ഓര്‍ത്തില്ല. കാരണം അന്നത് യുദ്ധം ചെയ്യുന്ന പോരാളികളുടേതായിരുന്നെങ്കില്‍, ഇന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളുടേതു കൂടിയാണ്.
ഈ പ്രതിഷേധത്തില്‍ പാലസ്തീനും ഇസ്രയേലും തമ്മിലുള്ള രാഷ്ട്രീയമായ യുദ്ധമോ ആരോപിതമായ തീവ്രവാദമോ ഒന്നും പരിഗണനാ വിഷയമല്ല. രണ്ടുകൂട്ടര്‍ക്കും അവരവരുടെ ശരികളും തെറ്റുകളും കാണുമായിരിക്കും. നിരപരാധികളുടെ കൂട്ടക്കുരുതിയെ മാത്രമാണ് ഇവിടെ ഞാന്‍ എതിര്‍ക്കുന്നത്.
തന്റെ മൂന്നു മക്കളുടെ മുമ്പില്‍ ഇരുന്നു കരയുന്ന ഒരച്ഛന്റെ ചിത്രമാണ് എന്റെ മുന്നില്‍. എന്റെ ഇളയ മകന്റെ പ്രായമുള്ള കുട്ടിയും അതില്‍ പെടുന്നു. മരിച്ചു കിടക്കുന്ന ഓരോ കുട്ടിയിലും ഞാന്‍ എന്റെ മക്കളെ കാണുന്നു. ഒരിറ്റു കണ്ണുനീര്‍ അവര്‍ക്കായി.....
::::::::::::::::::::::::::::::::: XX ::::::::::::::::::::::::::::::::::::::::::
പലസ്തീന്‍ -ഇസ്രായേല്‍ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം.. സൂരജിന്റെ അബ്രഹാമിന്റെ സന്തതികള്‍ എന്ന ലേഖനം.
ചിത്രത്തിന് കടപ്പാട് : www.guardian.co.uk