ജേഡ് ഗുഡിയെ ഒരുവിധം എല്ലാവര്‍ക്കും അറിയാമായിരിക്കും. നമ്മുടെ "അഭിമാനമായ" ശില്പാ ഷെട്ടിയെ (ലിങ്ക് 1 , ലിങ്ക് 2) ബിഗ് ബ്രദര്‍ ഷോയില്‍ വംശീയമായി അപമാനിച്ച താരം. അതിന്റെ പേരില്‍ ലോകം മുഴുവന്‍ പ്രതിഷേധത്തിനിരയായ സ്ത്രീ.
ജേഡ് ഗുഡിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഗുരുതരമായി ക്യാന്‍സര്‍ ബാധിച്ച അവര്‍ക്ക് ഇനി ഡോക്ടര്‍മാര്‍ വിധിച്ചിരിക്കുന്നത് കൂടിയാല്‍ എട്ടാഴ്ചയാണ്. ക്യാമറക്ക് മുമ്പില്‍ വച്ച് തന്നെ മരിക്കണമെന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. അതവരുടെ 'സ്വ'കാര്യം.
***************************************
ഇനി, എനിക്ക് മോശപ്പെട്ടതെന്ന് തോന്നിയ ഒരു സൈറ്റിലേക്കാണ് നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നത്. (ഈ സൈറ്റ് കണ്ടിട്ട് ഇത് ഉണ്ടാക്കിയവന്മാരെ മനസ്സ് കൊണ്ടെങ്കിലും രണ്ട് ചീത്ത വിളിച്ചില്ലെങ്കില്‍ മോശമാണെന്ന് തോന്നുന്നു.) ജേഡ് ഗുഡിയുടെ മരണസമയം പ്രവചിക്കുന്നവര്‍ക്ക് ഒരു ആപ്പിള്‍ ഐപോഡ് ( Apple ipode) സമ്മാന വാഗ്ദാനവുമായി ഒരു വെബ്‌സൈറ്റ് രൂപം കൊണ്ടിരിക്കുന്നു. അതാണ് www.whenwilljadegoodydie.com (ലിങ്ക് നേരിട്ട് തരുന്നില്ല).
ഒരാളുടെ ദാരുണ മരണം പ്രവചിച്ച് സമ്മാനം കൊടുക്കുക അല്ലെങ്കില്‍ നേടുക എന്ന ദുഷിച്ച ചിന്താഗതിയുള്ള മനുഷ്യരും അവരുടെ ലോകവുമാണ് എന്നെ ഈ പോസ്റ്റ് ഇടുവാന് പ്രേരിപ്പിച്ചത്. സാധാരണ മരണമായിരുന്നെങ്കില്‍ ഇത്ര വലിയ നീറ്റല്‍ തോന്നില്ലായിരുന്നു. ഇത് ഏത് നിമിഷവും മരണം കാത്തിരിക്കുന്ന ഒരു സ്ത്രീയുടെ മരണത്തെയണിവര്‍ കളിയാക്കുന്നത്. പറയുന്ന ന്യായങ്ങള്‍ അവരുടെ സൈറ്റില്‍ തന്നെ വായിച്ച് നോക്കുക. ഈ സൈറ്റിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത് അവരുടെ ന്യായം. പക്ഷേ അത് അംഗീകരിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല.
ഒരുപക്ഷേ ഇത് കാണുമ്പോള്‍ അവരെ സ്നേഹിക്കുന്ന ചിലര്‍ക്കെങ്കിലും വേദനിക്കും. മരണം അടുത്തെത്തി എന്നറിഞ്ഞിട്ട് ജീവിക്കുന്നവര്‍ക്കും അവരുടെ മരണത്തെ വേദനയോടെ കാത്തിരിക്കുന്നവര്‍ക്കും ഇത്തരം സൈറ്റുകള്‍ എന്ത് വികാരമാണ് ജനിപ്പിക്കുക എന്നാലോചിച്ചു പോയി.
നാളെയിത് വ്യാപകമായാല്‍ ഒരു പക്ഷേ നമ്മൂടെ നാട്ടിലും ഇത്തരം സൈറ്റുകള്‍ വരില്ല എന്നാരു കണ്ടു? രോഗാതുരനായി ആശുപത്രിയില്‍ കിടക്കുന്ന ഒരു മതനേതാവിന്റെ മരണം, അല്ലെങ്കില്‍ രാഷ്ട്രീയക്കാരന്റെ മരണം ഒക്കെ പ്രവചിക്കാന്‍ ആരെങ്കിലും സൈറ്റ് തുടങ്ങിയാല്‍ ....!! അവനെ വച്ചേക്കില്ല അല്ലേ?.. അതേ ന്യായം ഈ സ്ത്രീക്കും കൊടുത്തു കൂടെ?
::::::::::::::::::::::: X ::::::::::::::::::::::: X::::::::::::::::::::::: X::::::::::::::::::::::: X
ജേഡ് ഗുഡി വംശീയമായി അധിഷേപിച്ചത് ഭാരതത്തെയാണെന്നോ, കറുത്തവരെയാണെന്നോ, അതല്ല ശില്പ്പയെ ആണെന്നോ എന്നൊന്നും തര്‍ക്കിക്കാന്‍ ഞാനില്ല. അതിലും വലിയ അധിഷേപങ്ങള്‍ നിത്യജീവിതത്തില്‍ പലരും അനുഭവിക്കുന്നുണ്ടാവാം. സെലിബ്രിറ്റികളായപ്പോള്‍ വാര്‍ത്തയായി, മല്‍സരത്തില്‍ ശില്പ അത് മുതലെടുത്തു. അത്രമാത്രം.