കുറച്ച് നാളായി ടി വിയില്‍ കാണുന്ന ഒരു പരസ്യമുണ്ട്. സേഫ്റ്റി കോഴ്സിനെ പറ്റിയുള്ള ഒരു പരസ്യം. ഈയിടെ പുതിയ പരസ്യങ്ങളും കാണുന്നുണ്ട്. ഇവരുടെ തന്നെ മറ്റൊരു കോഴ്സിനെ പറ്റിയുള്ളത്.
X::::::::::::::::::::::::::::X X::::::::::::::::::::::::::::X X::::::::::::::::::::::::::::X
ഏകദേശം രണ്ട് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2007 ആഗസ്റ്റ് മാസത്തില്‍ ഞങ്ങളുടെ പ്രോജക്ടിന്റെ ആരംഭസമയം. ഗള്‍ഫില്‍ ചൂട് ഏറ്റവും അധികമുള്ള സമയം. വിസിറ്റ് വിസയില്‍ ഗള്‍ഫിലെത്തിയ ഒരു പയ്യന്‍ എന്റെ കൂട്ടുകാരന്റെ റെക്കമെന്റേഷനില്‍ സേഫ്റ്റി അസിസ്റ്റന്റ് ആയി ഞങ്ങളുടെ കമ്പനിയില്‍ വിസ അടിച്ച് ജോലിക്ക് കയറി. ഗള്‍ഫില്‍ നാല്പതിനായിരം ശമ്പളം മോഹിച്ചു വന്ന തുടക്കക്കാരനായ പയ്യന് തരക്കേടില്ലാത്ത ശമ്പളമായ 2500 ദിര്‍ഹമായിരുന്നു (അന്ന്‍ 28000 രൂപ വരും) നിശ്ചയിച്ചിരുന്നത്.
ആദ്യ ദിവസം ജോലിക്കു വന്ന പയ്യന് സുഡാനിയായ മാനേജര്‍ കൊടുത്ത പണി സൈറ്റില്‍ വരുന്ന വാഹനങ്ങളുടെ ഒക്കെ നിയന്ത്രണം ആയിരുന്നു. ഓര്‍ക്കുക അതും സൈറ്റിലെ സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയില്‍ ആണുള്ളത്. ട്രക്കുകളും ട്രെയിലറുകളും വന്നു കൊണ്ടേയിരിക്കും. അവ എങ്ങോട്ടൊക്കെ മാറ്റിയിടണമെന്നും, എങ്ങനെ Unload ചെയ്യണമെന്നും ഒക്കെ സേഫ്റ്റിക്കാര്‍ നിശ്ചയിക്കണം. സാധനങ്ങള്‍ ഇറക്കുമ്പോഴും ഇവരുടെ സാനിദ്ധ്യം അവിടെ വേണം. എന്തെങ്കിലും അപകടമുണ്ടാകാതെ നോക്കേണ്ടത് അവരാണല്ലോ.
ഇനിയാണ് പ്രശ്നം തുടങ്ങുന്നത്. ചൂട് സമയത്ത് ജോലിക്കിറങ്ങിയ പയ്യന്‍ ഉച്ചയാകുന്നതിന് മുമ്പേ മാനേജരുടെ അടുത്തെത്തി പറഞ്ഞു ,
"സാര്‍ ഞാന്‍ ഈ ജോലിക്കല്ല വന്നത്, എന്നെ സൈറ്റിലെ സേഫ്റ്റിയുമായി ബന്ധപ്പെട്ട ജോലിക്ക് ഇടൂ."
മാനേജര്‍ പറഞ്ഞു " ഇതും സേഫ്റ്റി ആഫീസറുടെ ജോലി തന്നെ".
ആര്‍ക്കു മനസ്സിലാകാന്‍. ഇതൊന്നും ഒരു പക്ഷേ ആ പയ്യന്‍ അവിടെ പഠിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിലും കൊച്ചിയില്‍ എവിടെയാ 48ഡിഗ്രി ചൂട്. അവനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ സീനിയര്‍ സേഫ്റ്റി എഞ്ചിനീയര്‍ " അച്ചായനും" ശ്രമിച്ചു. എവിടെ !! അവസാനം ഒരാഴ്ച്ചക്കുള്ളില്‍ കക്ഷി ജോലി മതിയാക്കി, വിസ അടിച്ചതിന്റെ കാശ് നാട്ടില്‍ നിന്നും വരുത്തി കമ്പനിയില്‍ അടച്ചിട്ട് നാട്ടിലേക്ക് മടങ്ങി.
X::::::::::::::::::::::::::::X X::::::::::::::::::::::::::::X X::::::::::::::::::::::::::::X
സേഫ്റ്റി കോഴ്സിന്റെ പരസ്യം ഇന്നും ടി.വിയില്‍ കണ്ടു. 'ടൈ' ഒക്കെ കെട്ടി സേഫ്റ്റി ഓഫീസര്‍ ആകാന്‍ ഒരുങ്ങിയിറങ്ങിയ ഒരു പയ്യന്‍ നായകനായ പരസ്യം. ഗള്‍ഫില്‍ നിന്ന്‍ സേഫ്റ്റി ഓഫീസേഴ്സിനെ ഒന്നും പിരിച്ചു വിട്ടിട്ടില്ല എന്നാണതില്‍ പറയുന്നത്. ഇതില്‍ എത്ര കണ്ട് സത്യമുണ്ടെന്ന് ഗള്‍ഫില്‍ ഉള്ളവര്‍ക്കറിയാമായിരിക്കും. കാറ്റഗറി നോക്കിയൊന്നുമല്ല പിരിച്ചു വിട്ടിരിക്കുന്നത് എന്നതാണ് സത്യം.
പറയാന്‍ വന്നത്, ഏത് കോഴ്സ് പഠിച്ചാലും ശരി, പരസ്യത്തില്‍ കാണുന്നതു പോലെയുള്ള സ്വപ്നങ്ങളുമായി പ്രവാസി ആയാല്‍ ഒരു പക്ഷേ നിരാശയാകും ഫലം. ടൈ കെട്ടിയ ജോലി മാത്രമേ ചെയ്യു എന്ന്‍ ശഠിച്ചാല്‍ കാര്യം പോക്കാ.....അത്ര തന്നെ.
ഇതേ പോലെയുള്ള കുറെ പുതിയ ജോലികളുടെ കാര്യം പരസ്യങ്ങളിലൂടെ അറിയാന്‍ സാധിച്ചു. ലിഫ്റ്റ് ടെക്‌നീഷ്യന്‍, എക്സ്റേ വെള്‍ഡര്‍.. പിന്നെന്തൊക്കെയാണ്.. അവയ്ക്കൊക്കെ ഗള്‍ഫില്‍ ഇത്ര ഡിമാന്റ് ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ഈ കോഴ്സുകള്‍ പഠിച്ചാല്‍ നല്ല് ജോലി കിട്ടില്ല എന്നര്‍ത്ഥമില്ല കേട്ടോ. പക്ഷേ, എല്ലാവര്‍ക്കും നാല്പ്പതിനായിരവും അമ്പതിനായിരവും കിട്ടണമെന്നില്ല. ഭാഗ്യമുള്ളവര്‍ക്ക് ഒരു പക്ഷേ, നല്ല ജോലി കിട്ടിയേക്കാം.
പുതിയ കോഴ്സുകള്‍ക്ക് ചേരുന്നവര്‍ അതിന്റെ സാധ്യതയെ പറ്റി കൂടി പഠിക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു. അല്ലെങ്കില്‍ മൈക്രോബയോളജി പഠിച്ച എന്റെ ബന്ധുവിന്റെ അവസ്ഥയാകും. പഠിച്ച കോഴ്സ് അനുസരിച്ചുള്ള ജോലി വളരെ അപൂര്‍വ്വം. MPH (Master in Public Health) പഠിച്ചിട്ട്, പഠിച്ചതു വച്ച് ജോലി കിട്ടാതെ, കിട്ടിയ ജോലിക്കു കയറിയ ഒരാള്‍ ഞങ്ങളുടെ അഡ്മിനിസ്ട്രേസഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഉണ്ട്. അയാള്‍ പറഞ്ഞത് " കയ്യിലുള്ള സര്‍ട്ടിഫിക്കറ്റ് കൊട്ടയിലും കൊള്ളത്തില്ല, കോണകത്തിലും കൊള്ളത്തില്ലാത്തതാണ് പിന്നെ എന്തു ചെയ്യാനാ, കിട്ടിയതിന് കേറി " എന്നാണ്.