ഇന്നത്തെ തീയതി :

Tuesday, September 5, 2017

*ഇന്ത്യൻ നദി-സംയോജന പദ്ധതി*

ആമുഖം
എന്താണ് ഇന്ത്യൻ നദി-സംയോജന പദ്ധതി.? ഇന്ത്യയിലെ വിവിധ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന 30 പ്രോജക്ടുകളുടെ ഒരു കൂട്ടമാണ് ഈ പദ്ധതി. ഈ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.

എല്ലാ നദികളും സംയോജിപ്പിച്ചാൽ എന്താ കുഴപ്പം? കർഷകർക്ക് വെള്ളം കിട്ടും. നദിയിലെല്ലാം വെള്ളം വരും. പിന്നെന്തിനാ ഇതിനെ എതിർക്കുന്നത്? ഗംഗാനദി കേരളം വരെ വന്നാൽ പിന്നെ ഗംഗയിൽ മുങ്ങാൻ അങ്ങ് വടക്കേ ഇന്ത്യ വരെ പോകണ്ടല്ലോ.. ഇതാണ് ഒരു സാധാരണക്കാരനെ സംബന്ധിച്ച് നദി സംയോജന പദ്ധതി.

ആരെതിർക്കുന്നു? 'കപട പരിസ്ഥിതിവാദികൾ'. അവരാണല്ലോ വികസനത്തെ എതിർക്കുന്നത്. ഇതാകും സർക്കാർ അനുകൂല വികസനവാദികളുടെ ആദ്യ പ്രതികരണം. എന്നാൽ അതാണോ സത്യം. ഈ പദ്ധതി വേണ്ടത്ര പഠനം നടത്താതെ പ്രഖ്യാപിക്കേണ്ട ഒന്നല്ല എന്നാണവർ പറയുന്നത്. ഇന്ത്യയിലെ പ്രമുഖ നദികളെല്ലാം തന്നെ ഈ പദ്ധതിയിൽ വരുന്നുണ്ട്. അത് കൊണ്ട് തന്നെ എല്ലാ പഠനങ്ങളും പൂർത്തിയാക്കി വേണം ഈ പദ്ധതി നടപ്പിലാക്കേണ്ടത്. ഒരു ചെറിയ പിഴ പോലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാം. സാമ്പത്തികമായും, രാഷ്ട്രീയമായും, പരിസ്ഥിതിപരമായും ഒക്കെ വില നൽകേണ്ടി വരും. ഇതാണവർ പറയുന്നത്,

നദി-സംയോജന പദ്ധതി വിവരങ്ങൾ ചുരുക്കത്തിൽ:


മൊത്തം പദ്ധതികൾ : 30
പദ്ധതിയിൽ വരുന്ന നദികളുടെ എണ്ണം : 37
കനാലുകൾ : 30
കനാലുകളുടെ ഏകദേശ നീളം: 15,000 കിലോമീറ്റർ
കനാലുകളുടെ വീതി: 50 മീറ്റർ മുതൽ 100 മീറ്റർ വരെ
റിസർവോയറുകൾ : 3000
വൈദ്യുതി ഉദ്പാദനം: 34 ഗിഗാവാട്ട്
പ്രതീക്ഷിക്കുന്ന ജലസേചന കൃഷിയിടം: 87 ദശലക്ഷം ഏക്കർ
കുടിയിറക്കപ്പെടാവുന്ന ജനസംഖ്യ: കണക്കുകളില്ല, എങ്കിലും അഞ്ചുലക്ഷത്തിലേറെ


കുറച്ച് ചരിത്രം:

നദിസംയോജന ചിന്തക്ക് 125 വർഷത്തെ ചരിത്രമുണ്ടെങ്കിലും അടുത്ത കാലത്ത് 2002-ൽ ശ്രീ അബ്ദുൽ കലാം തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടയിലാണ് നദികൾ യോജിപ്പിക്കുകവഴി ഇന്ത്യയിലെ ജലസേചന പ്രശ്നങ്ങൾക്ക് കുറെയേറെ പരിഹാരമാകുമെന്ന് അഭിപ്രായപ്പെടുന്നത്. അതിന്റെ ബാക്കിയായി സുപ്രിം കോടതിയിൽ ഒരു അപേക്ഷ എത്തുകയും അതൊരു റിട്ട് പെറ്റീഷനായി എടുക്കുകയുമുണ്ടായി. അങ്ങനെ 2002 ഒക്ടോബറിൽ നദികൾ യോജിപ്പിക്കാൻ സുപ്രിം കോടതി ഉത്തരവായി. അന്നൊരു ടാസ്ക് ഫോഴ്‌സ് രൂപികരിച്ചെങ്കിലും ഒന്നും നടന്നില്ല. 2012-ൽ ജലസേചന മന്ത്രിയുടെ നേതൃത്വത്തിൽ ഒരു സ്‌പെഷ്യൽ കമ്മറ്റി ഉണ്ടാക്കാൻ സുപ്രിം കോടതി വീണ്ടും ഉത്തരവിട്ടു. ഇതിനെ ചോദ്യംചെയ്ത് രാമസ്വാമി ആർ അയ്യർ പറയുന്നത് ഇങ്ങനെയാണ് " ഇത്തരം തീരുമാനം എടുക്കാൻ ബാധ്യതയുള്ളത് പാർലമെന്റിനാണ്. പൗരന്റെ മൗലികാവകാശങ്ങൾ നിഷേധിക്കാതെ നോക്കലാണ് സുപ്രിം കോടതിയുടെ ജോലി. (https://goo.gl/DZ8MQw). ഏതായാലും UPA സർക്കാർ ഈ പദ്ധതിക്ക് എതിരായതിനാൽ ഒന്നും നടന്നില്ല. പിന്നീട് NDA സർക്കാർ 2014-15-ൽ 100 കോടി വകയിരുത്തി പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി..

ഇതിന്റെ ഭാഗമായി ആദ്യത്തെ പ്രോജക്ട് ഇന്ത്യയിലെ തന്നെ രണ്ട് വലിയ നദികളായ കൃഷ്ണയെയും ഗോദാവരിയെയും ബന്ധിപ്പിക്കുന്ന കനാല്‍ 1300 കോടി രൂപ മുതല്‍ മുടക്കില്‍ പൂര്‍ത്തിയായി. അടുത്തതായി തുടങ്ങിയത് മദ്ധ്യപ്രദേശിലെ കെന്‍‌-ബെത്വ പ്രോജക്ടാണു. 11,676 കോടി മുതല്‍ മുടക്കുള്ള ഈ പദ്ധതിയെ പറ്റി ഒന്നു നോക്കാം.

കെന്‍ നദീതടത്തിലെ മിച്ചമുള്ള വെള്ളം ബെത്വ നദീതടത്തിലേക്ക് 221 കിലോമീറ്റര്‍ നീളമുള്ള കനാല്‍ നിര്‍മ്മിച്ച് തിരിച്ചു വിട്ട് 6.35 ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങള്‍ നനക്കാനും വരള്‍ച്ച ബാധിത പ്രദേശമായ ബന്ദല്‍കാന്ത് പ്രദേശത്ത് കുടിവെള്ളം എത്തിക്കാനുമായുള്ള ബ്രഹത് പദ്ധതിയാണിത്. കെന്‍ നദിയില്‍ ഗംഗൌ തടയണക്ക് രണ്ടര കിലോമീറ്റര്‍ മുകളിലായി 77 മീറ്റര്‍ ഉയരത്തില്‍ ഡാം പണിതാണു ഇത് സാധിക്കുന്നത്.

കെന്‍‌-ബെത്വ പദ്ധതി പ്രാവര്‍ത്തികമായാല്‍ മുങ്ങിപ്പോകുന്നത് പന്നാ ടൈഗര്‍ റിസര്‍വിലെ 5803 ഹെക്റ്റര്‍ ഉള്‍പ്പെടെ 9000 ഹെക്ടര്‍ ഭൂവിഭാഗം ആണു. മദ്ധ്യപ്രദേശിൽ നിന്ന് ഉത്തര്‍പ്രദേശിനു വെള്ളം കൊടുക്കാന്‍ പദ്ധതിയിടുമ്പോള്‍ പന്നായുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നു നാട്ടുകാരുടെ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഇതേപോലെ മറ്റു 28 പദ്ധതികള്‍ക്കും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം, ഉണ്ടാകാതെയിരിക്കാം. അതൊക്കെ പദ്ധതികൾ തുടങ്ങുന്ന മുറക്ക് അതാത് പ്രദേശത്ത് ഉയർന്നു വരാൻ സാധ്യതയുണ്ട്.

മറ്റു പ്രശ്നങ്ങള്‍
റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ: ലത അനന്ത പറയുന്നത് ഇതാണു. “നദിയില്‍ ജലം കുറവെന്നോ മിച്ചമെന്നോ ഉള്ള കണ്‍സെപ്റ്റ് ഇല്ല. വര്‍ഷങ്ങളായി നദി ഒഴുകിക്കൊണ്ടിരിക്കുന്നു. അതില്‍ ജലം കുറവെന്നോ കൂടുതല്‍ എന്നോ പറയാന്‍ നമ്മളാരുമല്ല. മറ്റൊന്നു നദിയെ നിയന്ത്രിക്കാന്‍ അതൊരു പൈപ്പല്ല. അതുപോലെ ഗംഗയെ മറ്റൊരു നദിയുമായി താരതമ്യം ചെയ്യാനാവില്ല. പക്ഷെ ഒരു കനാല്‍ പദ്ധതിയിലൂടെ അതിനെ ഗതി തിരിച്ചു വിടുമ്പോള്‍ ഒരു ആവാസവ്യവസ്ഥയെ ആണു വഴി തിരിക്കുന്നത്. ഇങ്ങനെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇത് ചെയ്യുമ്പോള്‍ ഒരു രാജ്യത്തിന്റെ ഭൂമിശാസ്ത്രമാണ് നിങ്ങള്‍ മാറ്റി വരക്കുന്നത്. കരകവിയലും മിച്ചജലവുമൊക്കെ നദിയുടെ ആവശ്യമാണു. അങ്ങനെയാണു സ്വാഭാവിക അവാസവ്യവസ്ഥിതി നിലനിന്നു പോകുന്നത്.

ശ്രീ ഹിമാശു താക്കൂര്‍ പറയുന്നത് മറ്റൊന്നാണു. ജലസേചനത്തിനുള്ള എല്ലാ മാര്‍ഗവും പരീക്ഷിച്ചു കഴിഞ്ഞു മാത്രമേ നദീ സംയോജന പദ്ധതികളെ പറ്റി ആലോചിക്കാവൂ എന്നാണു. അതായത് മഴവെള്ള സംഭരണം, ഭൂഗര്‍ഭജലസംഭരണം, നിലവിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം, കൃഷി വൈവിദ്ധ്യം തുടങ്ങിയവയെല്ലാം പരീക്ഷിച്ചതിനു ശേഷം ഇതാകാം. ഇവിടെ ഈ പദ്ധതിക്ക് വേണ്ടി ഇതൊന്നും നടന്നിട്ടില്ല.  ഗോദാവരി തടത്തിലുള്ള വരള്‍ച്ച ബാധിതപ്രദേശം മറാത്ത്‌വാഡ നിലനില്‍ക്കെ തന്നെ നിങ്ങള്‍ ഗോദാവരി നദിയില്‍ നിന്ന് കൃഷ്ണാ നദിയിലേക്ക് വെള്ളം തിരിച്ചു വിടുന്നത് യുക്തിക്കു നിരക്കുന്നതല്ല എന്നദ്ദേഹം വാദിക്കുന്നു.

മേധാ പട്കര്‍ ചോദിക്കുന്നു: ഇത്രയും തുക മുടക്കി പദ്ധതി നടപ്പിലാക്കുന്നത് ആരായിരിക്കും? പൊതുമേഖലയോ അതോ സ്വകാര്യമേഖലയോ? സ്വകാര്യമേഖലയാണെങ്കില്‍ അവര്‍ക്ക് ലാന്‍ഡില്‍ മാത്രമായിരിക്കും താല്പര്യം. മറ്റു കാര്യങ്ങളിൽ കാര്യം.

ജെ എന്‍ യൂ പ്രൊഫസര്‍ രാജാമണി പറയുന്നത് വലിയ ഡാം നിര്‍മാതാക്കള്‍ ഇതില്‍ ഇടപെടുന്നത് കൊണ്ടായിരിക്കും ഈ പദ്ധതി ശ്രദ്ധിക്കപ്പെടുന്നതെന്നാണ്. ഒരു കനാലിനു ഒരു നദിയുടെ ഒരു ഗുണവും കാണില്ല. അതില്‍ മൈക്രൊ ഓര്‍ഗാനിസമോ മറൈന്‍ ലൈഫോ കാണില്ല. നാം അതിനെ ഒരു ഡാം കെട്ടി വെള്ളം തിരിച്ചു വിടുക മാത്രമാണ് ചെയ്യുന്നത്. അതോടൊപ്പം ഡാം കെട്ടുമ്പോള്‍ അവിടുത്തെ ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്നു. “River-linking is a social evil, economic evil and will ultimately lead to collapse of civilisation”

സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്വയര്‍മെന്റ് ഡെ: പ്രോജക്ട് ഡയറക്ടര്‍ സുസ്മിത സെന്‍ ഗുപ്ത വിരല്‍ ചൂണ്ടുന്നത് ഈ പദ്ധതിയിലെ എറ്റവും കാതലായ പ്രശ്നമാണു. ഇപ്പോള്‍ തന്നെ മിച്ചജലമുള്ള സംസ്ഥാനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് ജലം വിട്ടു കൊടുക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. ഇനി ഒരു സംസ്ഥാനത്തിനകത്തെ നദികള്‍ തന്നെയാണു യോജിപ്പിക്കുന്നതെങ്കില്‍ പോലും അത് ഏല്‍പ്പിക്കുന്ന പാരിസ്ഥിതികാഘാതം വളരെ വലുതായിരിക്കും. അതുപോലെ ഇതില്‍ നിന്നുണ്ടാകുന്ന എക്കല്‍ നീക്കം ചെയ്യുന്നതും അത് നിര്‍മാര്‍ജ്ജനം ചെയ്യുന്നതും എവിടെ എന്നതിനെ സംബന്ധിച്ചും വലിയ പഠനങ്ങള്‍ നടന്നിട്ടില്ല.

ഇതിനെല്ലാമുപരി നദികൾ തിരിച്ചു വിടുമ്പോൾ ഇതേ നദിതടങ്ങളുടെ താഴ്ഭാഗങ്ങളിൽ (downstream areas) ഉണ്ടായേക്കാവുന്ന ജലദൗർലഭ്യം, വരൾച്ച ഇവയൊക്കെ ഭാവിയിലെ അറിയാൻ കഴിയൂ. അവിടങ്ങളിലെ ഉറവകൾ വറ്റാൻ ഇത് കാരണമായേക്കാം. ഒരു പക്ഷെ ചില തടാകങ്ങൾ വറ്റി വരണ്ടേക്കാം. റഷ്യയിലെ ആറൽ സമുദ്രത്തിന്റെ കഥ നമ്മുടെ മുന്നിൽ ഉണ്ട്. (http://japages.blogspot.ae/2009/01/blog-post_29.html)

നമ്മുടെ കേരളത്തിനും ഉണ്ടോരു സംയോജനം. പമ്പ-അച്ചൻകോവിൽ-വൈപ്പർ പദ്ധതി.

പമ്പ-അച്ചൻകോവിൽ ആറുകളിലെ വെള്ളം മൂന്നു റിസർവോയറുകളിൽ കെട്ടി നിർത്തി രണ്ട് കനാലുകളിൽ കൂടി തമിഴ്‌നാട്ടിലെ വൈപ്പാറിലെത്തിക്കുന്ന പദ്ധതിയാണിത്.

കേരളത്തിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ പമ്പയാറിലെ വെള്ളം അണകെട്ടി തിരിച്ചു വിടുന്നത് കുട്ടനാടിനെയും വേനമ്പനാട് കായലിനെയും എത്രത്തോളം ബാധിക്കും എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല. പമ്പയാറിൽ നിന്നുള്ള എക്കൽ വേമ്പനാട് കായലിൽ കൂടി ഒഴുകി കടലിൽ എത്തുന്നത് മത്സ്യങ്ങളുടെ പ്രജനനത്തെയും വളർച്ചയെയും സഹായിക്കുന്ന ഒരു ഘടകമാണ്. കേരള തീരത്ത് കാണുന്ന ചാകര എന്ന പ്രതിഭാസം പോലും ഇത്തരം ഒഴുക്കുകളുടെ ഫലമാണെന്ന് പറയപ്പെടുന്നു. കടലിലേക്ക് വെറുതെ ഒഴുകി പോകുന്നു എന്ന് നാം പറയുന്ന വെള്ളം സ്വാഭാവിക ആവാസ വ്യവസ്ഥക്ക് ആവശ്യമാണെന്ന് പറയുന്നത് ഇതൊക്കെകൊണ്ടാണ്. ഈ സംയോജനം ഇല്ലെങ്കിൽ തന്നെ 2050 ആകുമ്പോഴേക്കും പമ്പയിൽ വെള്ളം ആവശ്യത്തിൽ കുറവായിരിക്കും എന്നാണു പഠനങ്ങൾ പറയുന്നത്. അതായത് മലിനീകരണം നടന്ന വെള്ളം ഒഴുകിപോകാനുള്ള സ്വാഭാവിക ഒഴുക്ക് കാണില്ല എന്നര്ഥം.  അതേപോലെ മറ്റൊരു പ്രശ്‍നം ഈ പദ്ധതിപ്രദേശങ്ങൾ പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടതും അപൂർവ്വ സസ്യശേഖരവും അപൂർവ്വ മത്സ്യ-ജീവശേഖരവും ഉൾപ്പെടുന്നതുമാണ് എന്നതാണ്. പദ്ധതി നടപ്പിലായാൽ പലതും നശിച്ചേക്കാം എന്ന് വിദഗ്ദർ പറയുന്നു.

അതേസമയം തമിഴ്നാടിനു ഇതൊരു മുതൽക്കൂട്ടാകുന്നത് കൃഷി ആവശ്യങ്ങൾക്ക് ഈ വെള്ളം ഉപയോഗിക്കാം എന്നതിനാലാണ്. വരൾച്ച ഒരു പരിധി വരെ തടയാനാകും എന്നതും ഒരു പ്രയോജനമാണ്.

ഉപസംഹാരം
ഇതേപോലെ മുപ്പത് പദ്ധതികൾക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം. ദോഷങ്ങള് കൂടുതലും ഗുണങ്ങൾ കുറവുമാകുമ്പോഴാണ് പദ്ധതി പരാജയമാകുന്നത്. എന്നാൽ ഇവിടെയുള്ള പ്രധാന പ്രശ്നം, ദോഷങ്ങൾ അറിയണമെങ്കിൽ അനവധി വർഷങ്ങൾ കാത്തിരിക്കേണ്ടി വരും എന്നതാണ്. എന്നാൽ ഗുണങ്ങൾ എണ്ണിയെടുക്കാൻ എളുപ്പമാണ്. അത് കണ്മുന്നിൽ കാണാൻ സാധിക്കും. അതായത് ഗുണങ്ങൾ മാത്രമേ സമീപഭാവിയിൽ കാണാനാവൂ. ആ ഗുണങ്ങളുടെ വില വലുതാണെന്ന് ഒരുപക്ഷെ ഭാവിതലമുറക്കെ മനസ്സിലാകൂ.

കോടികൾ ചെലവാകുന്ന പദ്ധതിക്ക് ഇപ്പോൾ കണക്കു കൂടിയിരിക്കുന്ന മുതല്മുടക്കൊന്നും പോരാതെ വരും എന്നത് തീർച്ച. അങ്ങനെ വരുമ്പോൾ വൻകിട കമ്പനികൾക്ക് ഈ പദ്ധതി ഒരു അക്ഷയഖനി തന്നെ ആയിരിക്കും. അത് കൊണ്ട് തന്നെ ഇതിനു പുറകെ രാഷ്ട്രീയമാനങ്ങളും വിവാദങ്ങളും ഉയർന്നു വരാനും സാധ്യതയുണ്ട്.    

അവലംബം:
Hydrology and Water Resources Information System for India (https://goo.gl/5Pr8Ez)
India waterportal (https://goo.gl/qZyAD1)
Quartz India Media (https://goo.gl/Uwp6vP)
Hindustan Times (https://goo.gl/X65cn5)
Hindustan Times (https://goo.gl/nT93dR)
പഴയ താളുകള്‍ (http://japages.blogspot.ae/2009/01/blog-post_29.html)

അറിയിപ്പ്: 


ഇന്ത്യയിൽ നടപ്പിലാക്കുന്ന നദി-സംയോജന പദ്ധതിയെ കുറിച്ചുള്ള ഒരു കുറിപ്പ് മാത്രമാണിത്. ആധികാരിക പഠനം നടത്തി ഉണ്ടാക്കിയ റിപ്പോർട്ടല്ല. ഇന്ത്യൻ നദി-സംയോജന പദ്ധതി വീണ്ടും ചർച്ചാവിഷയമായ സ്ഥിതിക്ക് പദ്ധതിയെ കുറിച്ച് വായിച്ചറിഞ്ഞതും പലയിടത്ത് നിന്ന് ലഭിച്ചതുമായ   വിവരങ്ങൾ എഴുതിയിട്ടു എന്ന് മാത്രം. (ഭാവിയിൽ കൂട്ടിച്ചേർക്കലും വെട്ടിച്ചുരുക്കലും ഉണ്ടാകാം)

Monday, November 24, 2014

വിശുദ്ധരും മനുഷ്യദൈവങ്ങളും

കേരളത്തിലെ കത്തോലിക്ക സഭക്ക് രണ്ട് വിശുദ്ധരെ കൂടി കിട്ടി. സ്വാഭാവികം. ഇന്ത്യയില്‍ കത്തോലിക്ക സഭക്ക് നല്ല രീതിയില്‍ വളര്‍ച്ചയുള്ള സ്ഥലം കേരളമാണ്‍. അപ്പോള്‍ ഇടക്കിടെ വിശുദ്ധരെ കിട്ടാതിരുന്ന് വിശ്വാസത്തിന്‍ മങ്ങലേല്‍ക്കാതിരിക്കാന്‍ ഇത് ആവശ്യമാണ്‍. ദൈവസഹായം പിള്ളയെ കൂടി എത്രയും പെട്ടെന്ന് വിശുദ്ധനാക്കാനുള്ള അത്ഭുത പ്രവൃത്തികള്‍ എവിടെ നിന്നെങ്കിലും വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യത കാണുന്നുണ്ട്. അതിനു ശേഷം ഗോവ, കല്‍ക്കത്ത, മുംബൈ, ബാംഗളൂറ് മുതലായ ആള്‍ത്തിരക്കുള്ള അതിരൂപതകള്‍ക്കും കുറച്ച് വിശുദ്ധരെ കൊടുക്കാവുന്നതാണ്‍. കൂടെ സഭ വളര്‍ന്നു വരുന്ന ഇടങ്ങളിലും ഇടക്ക് ഒന്നു രണ്ട് വിശുദ്ധരെ പ്രഖ്യാപിക്കാവുന്നതാണ്‍.

അതൊക്കെ സഭയുടെ കാര്യം. ഇനി മറ്റുള്ളവരുടെ രസകരമായ ചില കാര്യങ്ങള്‍ കണ്ടു. കത്തോലിക്ക സഭ വിശുദ്ധരെ പ്രഖ്യാപിച്ചതില്‍ കളിയാക്കിയവര്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് മറ്റു സഭക്കാരും മറ്റു മതക്കാരും. ഇന്നലെ പല പോസ്റ്റുകളിലും കണ്ടത് ഈ പ്രഖ്യാപനത്തിനെ പറ്റിയും അതിന്റെ പിന്നാമ്പുറ കഥകളെ പറ്റിയും അതിലെ ആള്‍ദൈവ കല്പ്പനകളെയും പറ്റിയുള്ള ചര്‍ച്ചകളാണ്‍.

അതില്‍ മറ്റു സഭകളെ എടുത്തു നോക്കിയാല്‍ എല്ലാ സഭകളും ഏതെങ്കിലും പുണ്യാളന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നവയാണ്‍. അപ്പോള്‍ അവര്‍ക്ക് ഇതിനെ എതിര്‍‌ക്കാന്‍ എന്തവകാശം?. പറഞ്ഞു വരുമ്പോള്‍ ക്രിസ്ത്യന്‍ മതം തന്നെ യേശു എന്ന മനുഷ്യ ദൈവത്തിന്റെ പിന്തുടര്‍ച്ചയാണല്ലോ. അപ്പോള്‍ അവരെ നമുക്ക് ഒരു വശത്തു കൂടി വിടാം.

ഇനിയുള്ളത് മറ്റു മതസ്ഥരാണ്‍. മരിച്ചവരെ ആരാധിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണെന്ന് തോന്നുന്നു, "പ്രേതദൈവങ്ങളെ പൂജിക്കുന്നവരെന്ന്" കൃസ്ത്യാനികളെപറ്റി ഒരാള്‍ എഴുതിക്കണ്ടു. എഴുതിയ ആള്‍ ഹിന്ദുമത വിശ്വാസിയാണ്‍. ഇത് വളരെ രസകരമായ സംഗതിയായി തോന്നി. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം "വിശുദ്ധരെ" പൂജിക്കുന്നവരാണ്‍ ഹിന്ദുക്കള്‍. അമ്മയെന്നും ബാബയെന്നും സ്വാമിയെന്നും വിളിപ്പെരു മാറുമെന്നു മാത്രം. ലക്ഷക്കണക്കിന്‍ ഭക്തര്‍ വന്ന് ദര്‍ശനം തേടുന്ന ശബരിമല അയ്യപ്പന്‍ പോലും ജീവിച്ചിരുന്ന മനുഷ്യനാണ്‍ എന്നാണ്‍ കഥകള്‍ നമുക്ക് പറഞ്ഞു തരുന്നത്. അതെ പോലെ തന്നെ ഹിന്ദുക്കളുടെ ആരാധനാ പുരുഷന്മാരെല്ലാം തന്നെ  ജീവിച്ചു മരിച്ചവര്‍ തന്നെ. ഒരു കണക്കിന്‍ പറഞ്ഞാല്‍ മനുഷ്യ ദൈവങ്ങള്‍ തന്നെ. എന്നിട്ടും കൃസ്ത്യാനികളുടെ ആള്‍ദൈവങ്ങളെ കളിയാക്കാന്‍ നില്‍ക്കുന്നവരെ എന്തു പറയും?

മുഹമ്മദ് എന്ന മനുഷ്യന്‍ പറഞ്ഞ വെളിപ്പെടുത്തലുകളില്‍  നിന്ന് ഉത്ഭവിച്ച ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍, ആള്‍ ദൈവങ്ങളില്‍ വിശ്വാസമില്ല എന്നു പറയുമ്പോഴും അനേകം കബറുകളില്‍  പോയി പ്രാര്‍ത്ഥിച്ചു മടങ്ങുന്നതു കൊണ്ടാകാം  ഈ കോലാഹലങ്ങളില്‍ വലിയ താല്പര്യമൊന്നും പ്രകടിപ്പിച്ചു കണ്ടില്ല. (അതോ ഞാന്‍ കാണാഞ്ഞതോ?). സ്വര്‍ഗ്ഗം എന്ന മിഥ്യയിലൂന്നിയ ഒരു ചിന്താധാര ഉണ്ടാക്കുകയും താന്‍ അവിടെ പോയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് ആള്‍ക്കാരെ തന്നിലേക്കും തന്റെ കാഴ്ചപ്പാടുകളിലേക്കും ആകര്‍ഷിക്കുകയും ചെയ്ത മുഹമ്മദ് നബിക്കും ഇതെ പരിവേഷമാണുള്ളതെന്നും (അങ്ങനെയല്ല എന്നു അദ്ദേഹത്തിന്റെ ആരാധകര്‍ പറയുമ്പോഴും) കാണാം.

പറഞ്ഞു വന്നത് എല്ലാ മതങ്ങളും നില നില്‍ക്കുന്നത് ഇത്തരം ആള്‍ദൈവങ്ങളുടെ ബലത്തിലാണ്‍. ഏതെങ്കിലും മനുഷ്യന്റെയോ, അല്ലെങ്കില്‍ മനുഷ്യരുടെയോ സൃഷ്ടിയാണ്‍ എല്ലാ മതങ്ങളും അവയിലെ ദൈവ സങ്കല്പ്പങ്ങളും. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ മനുഷ്യ ദൈവങ്ങളിലും അവര്‍ പറഞ്ഞ സൂക്തങ്ങളിലോ മന്ത്രങ്ങളിലോ വാക്യങ്ങളിലോ ഒക്കെ വിശ്വസിക്കുക മാത്രമാണ്‍ എല്ലാ വിശ്വാസികളും ചെയ്യുന്നത്.

ഒരു മതത്തിലെ ആള്‍ദൈവങ്ങളെ അല്ലെങ്കില്‍ മനുഷ്യ ദൈവങ്ങളെ വിമര്‍ശിക്കുമ്പോള്‍ തന്നെ, സ്വന്തം മതത്തിലെ ഇതേ ഗണത്തിലുള്ളവരെ അതെ കണ്ണു കൊണ്ട് കാണാനും തയ്യാറാകണം. അത് ദൈവീകഭാവമുണ്ടെന്ന് പറയുന്ന 'മനുഷ്യ'രാണെങ്കിലും വിശുദ്ധപദവി കൊടുത്ത പുണ്യാളര്‍ ആണെങ്കിലും!

മനുഷ്യര്‍ എല്ലാം മനുഷ്യര്‍ തന്നെ. അവരെ, ദൈവീക പരിവേഷമുള്ളവരാക്കി, ദൈവത്തിന്റെ സ്വന്തം ഭാഗമാക്കി, പുത്രനാക്കി, പ്രവാചകരാക്കി ഉയര്‍ത്തിക്കാട്ടുകയെന്നത് എല്ലാ മതത്തിന്റെയും നിലനില്‍പ്പിന്റെ ആവശ്യമാണ്‍. സ്വന്തം ആള്‍ദൈവങ്ങളെ തള്ളിപ്പറയാതെ ഒരാള്‍ക്കും മറ്റൊരു മതത്തിലെ ആള്‍ദൈവങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ ധാര്‍മികമായ അവകാശമില്ല എന്നു വേണം കരുതാന്‍. അതല്ലയെങ്കില്‍ ആള്‍ദൈവങ്ങളും വിശുദ്ധരും സൃഷ്ടിക്കപ്പെട്ടു കൊണ്ടേയിരിക്കും.

Wednesday, October 29, 2014

ചുംബനത്തിലെ സാംസ്കാരിക ചര്‍ച്ചകള്‍ - ഒരു തിരിഞ്ഞു നോട്ടം



1985 ഏപ്രില്‍ മാസം. ആ അവധിക്കാണ് കുടുംബസമേതം ഞങ്ങള്‍ ബോംബേ കാണാന്‍ പോകുന്നത്. ആന്റി അവിടെ താമസിക്കുന്നുണ്ട്. അവരുടെ കൂടെ ഒരു ദിവസം ജൂഹുവിലും പോയി. ബീച്ചില്‍ ഒരു പ്രദേശം കഴിഞ്ഞപ്പോള്‍ അവിടെയുള്ള ആന്റി പറഞ്ഞു ഇനി അങ്ങോട്ട് പോകണ്ട. പലതും കാണും എന്ന്. അപ്പോള്‍ തന്നെ പലതും കണ്ടിരുന്നു.

1988-89 വര്‍ഷം. ഞാന്‍ കോട്ടയത്ത് പഠിക്കുന്ന സമയം. സെന്റ്റല്‍ ജങ്ഷനില്‍ ഉള്ള ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍. അവിടെ ഫാമിലിക്കായി എ.സി മുറിയുണ്ട്. രാവിലെ വലിയ തിരക്കില്ല. കാപ്പി കുടിക്കാന്‍ കയറുന്ന ഫാമിലി(?)-കള്‍ അവിടെയിരുന്ന് ചുമ്പിക്കുന്നതും "അസ്ഥാനത്ത്"(?) പിടിക്കുന്നതും കണ്ടിട്ടുണ്ട്.

വര്‍ഷം കുറച്ചു കൂടി കഴിഞ്ഞു. 1994-95 സമയം. എറണാകുളത്ത് പോയി ടെസ്റ്റ് ഒക്കെ എഴുതി നടക്കുന്ന കാലം. രാവിലെ ടെസ്റ്റ് കഴിഞ്ഞാല്‍ വൈകുന്നേരം അഞ്ചു മണിക്കുള്ള വേണാടില്‍ ആണ് മടക്കം. ഉച്ച കഴിയുമ്പോള്‍ ജെട്ടിയില്‍ നിന്ന് ബോട്ടില്‍ കയറി ബോള്‍ഗാട്ടിയിലേക്ക്. ബിയര്‍ പാലറില്‍ കയറി ഹെയ്‌വാര്‍ഡ് 5000 സ്റ്റ്രോങ് കഴിക്കും. പിന്നെ കായലിനരികിലെ അരമതിലില്‍ പോയി ഇരിക്കും, ചിലപ്പോള്‍ കിടക്കും. അങ്ങനെ ഇരിക്കാന്‍ പോകുമ്പോള്‍ അവിടവിടെ കുറ്റിച്ചെടികളും, മുളങ്കാടുകളുമുണ്ട്, അതിന്റെ ചുവട്ടില്‍ കെട്ടിപ്പിടിച്ചും ഉമ്മവച്ചും കളിക്കുന്ന ധാരാളം മിഥുനങ്ങളെ കണ്ടിട്ടുണ്ട്.

1994-95-ലും 1995-96 -ലും രണ്ടു മൂന്നു തവണ ബാംഗ്ലൂര്‍ പോയിട്ടുണ്ട്. പിന്നെ 2010-ലും. ഈ പോയപ്പോള്‍ ഒക്കെ ലാല്‍ബാഗ് പാര്‍ക്കിലും ഒന്നു രണ്ടു തവണ കബ്ബന്‍ പാര്‍ക്കിലും പോയിരുന്നു. അവിടെ ചുംബനം മാത്രമല്ല, പലതും കാണേണ്ടി വന്നിട്ടുണ്ട്.

1997-98 കാലം. ചെന്നൈ-യില്‍ ജോലി ചെയ്തിരുന്ന കാലം. ഞായറാഴ്ചകളില്‍ ഒരു പണിയുമില്ല. രണ്ടു മൂന്നു കൂട്ടുകാരും ഞാനും മാത്രം. ചില ദിവസം സെന്റ് തോമസ് കുന്നില്‍ പോയി ഇരിക്കും. അല്ലെങ്കില്‍ വടപളനിയിലോ കെ കെ നഗറിലോ പോകും. ഇതൊന്നും തോന്നിയില്ലെങ്കില്‍ നേരെ  അണ്ണാ ചതുക്കം..മറീനാ ബീച്ച്. അവിടെയും കാണാം ഈ ചുംബന കൂട്ടയ്മ.

അന്നും അവിടെ ഇരുന്നു ചുംബിച്ചവര്‍ ആരുടെയോ പെങ്ങളോ മകളോ ഒക്കെ ആയിരിന്നു. ഒരു പക്ഷേ ഇന്നവരുടെ കുട്ടികള്‍ വളര്‍ന്നു വലുതായിട്ടുണ്ടാകാം. ചിലപ്പോള്‍ അവര്‍ക്ക് വിവാഹം കഴിക്കാനായില്ലായിരിക്കാം. ചിലര്‍ താല്‍ക്കാലിക പ്രലോഭനങ്ങളില്‍ പെട്ട് വന്നവരായിരിക്കാം. ചിലരാകട്ടെ ആ ചുംബനസുഖം നുകരാന്‍ മാത്രം എത്തിയവരാകാം. എന്തായാലും ആ നിമിഷങ്ങള്‍ അവര്‍ ആസ്വദിച്ചിരുന്നു എന്ന് വ്യക്തം.  കാരണം അവര്‍ക്ക് ആ സ്ഥലങ്ങളില്‍ അന്ന് അത്ര വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടില്ല. പരിസരം പോലും മറന്നപോലെയായിരുന്നു പലരുടേയും ഇരുപ്പ്.

ഇവിടെയൊന്നും കണ്ടതിലും വലുതൊന്നുമല്ല ഞാന്‍ കഴിഞ്ഞയാഴ്ച ജയ്‌ഹിന്ദ് ടി.വി-യില്‍ കണ്ടതെന്നതാണ് സത്യം. പക്ഷേ ഈ ചുംബനങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലും ആള്‍ക്കാര്‍ കാണാത്ത തെറ്റ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. അന്നൊന്നും ഇല്ലാത്ത സാംസ്കാരിക തകര്‍ച്ച ഈ ചുംബനത്തിലൂടെ ഇപ്പോള്‍ ഈ ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല.ടി.വി-യിലും സമൂഹത്തിലും എത്രയെത്ര ചര്‍ച്ചകള്‍!
---------- ---------- ---------- ---------- ---------- ---------- ----------
അന്നത്തെ ആ കാലഘട്ടത്തില്‍ നിന്ന് നമ്മുടെ നാറ്റ് ഒത്തിരി മാറി. നാട്ടില്‍ ഇന്ന് കഥ മാറി. സമൂഹം "പുരോഗമിച്ചു". യുവാക്കളുടേയും യുവതികളുടേയും മധ്യവയസ്കന്റേയും മധ്യവയസ്കയുടേയും മൊബൈലുകളിലും കമ്പ്യൂട്ടറിലും പലതരം ചിത്രങ്ങളും സിനിമകളും ക്ലിപ്പുകളും വന്നു നിറഞ്ഞു. അതൊന്നും കാണുന്നത് തെറ്റല്ല എന്ന് പലരും പറയാന്‍ തുടങ്ങി. പണ്ടൊക്കെ വളരെ രഹസ്യമായി കുറെ പേര്‍ കൂടി പിരിവു നടത്തി ടി വിയും വിസിപിയും വാടകക്കെടുത്ത് ഒഴിവുള്ള വീടുകളിലിരുന്ന് കണ്ടിരുന്ന ബ്ലൂഫിലിമുകള്‍ ഇന്ന് സി ഡി-യിലാക്കി അങ്ങോട്ടും ഇങ്ങോട്ടും കൈമാറാന്‍ കോളേജ് കുട്ടികള്‍ക്ക്, എന്തിന് സ്കൂള്‍ കുട്ടികള്‍ക്ക് വരെ മടിയില്ലാതായി.

ദിവസവും കാണുന്ന സിനിമയിലും സീരിയലുകളിലും ചുംബനങ്ങളോ അതിലും കൂടുതലോ ആയ കാഴ്ചകള്‍ വീടുകളിലിരുന്ന് കാണാന്‍ അവസരങ്ങള്‍ ഏറെയാണിന്ന്. ആളൊഴിഞ്ഞു കിട്ടുന്ന വേളകളില്‍ ഒരു ചുംബനം കൈമാറുന്നത് തെറ്റല്ല എന്ന് യുവ തലമുറയിലെ കാമുകീ കാമുകന്മാര്‍ ചിന്തിക്കാന്‍ തുടങ്ങിയെങ്കില്‍ അതില്‍ അവരെ കുറ്റം പറയാനാവില്ല. അതിലും കടന്നു ചിന്തിച്ചാല്‍ കാമുകീ കാമുകന്മാരല്ലാത്ത കൂട്ടുകാര്‍ക്കിടയില്‍ പോലും ഒരു ചുംബനം അത്ര വലിയ പ്രശ്നമല്ലാതായി എന്നു വേണം കരുതാന്‍. ന്യൂ ഈയര്‍ ആഘോഷങ്ങളുടെ ഭാഗമായി ഉന്നതന്മാരും അവരുടെ മക്കളും വലിയ ഹോട്ടലുകളില്‍ നടത്തുന്ന പാര്‍ട്ടികളിലൊക്കെ നാം കാണുന്നത് ഈ പരസ്യ ചുംബനം തന്നെയല്ലേ? മഹാനഗരങ്ങളിലെ പബ്ബുകളില്‍ മദ്യവും കഴിച്ച് യുവതീ യുവാക്കള്‍ കൈമാറുന്നതും ചുംബനങ്ങളല്ലേ? അവരും കുടുംബത്ത് നിന്ന് വന്നവര്‍ തന്നെയല്ലേ?

ഒന്നു ചുംബിച്ചാല്‍ ഇടിഞ്ഞു വീഴുന്നതാണോ നമ്മുടെ സംസ്കാരം. അല്ല എന്ന് നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും അറിയാം. മറ്റുള്ളവരെ ബോധിപ്പിക്കാനാണ് നമ്മള്‍ ജീവിക്കുന്നത് തന്നെ, അപ്പോള്‍ പിന്നെ നാം ചുംബനത്തെയൊ ആലിംഗനത്തെയോ പിന്തുണച്ചാല്‍ മറ്റുള്ളവര്‍ എന്തു കരുതും എന്നതാണ് നമ്മുടെ ആദ്യ ചിന്ത. അതാണ് എല്ലാം തെറ്റാണ് എന്ന് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമ്മളെ പ്രേരിപ്പിക്കുന്നത്. മറ്റുള്ളവരെ ബോധിപ്പിക്കാനല്ലാതെ സ്വന്തം മനസ്സിന്റെ വിളി കേട്ട് ജിവിക്കാന്‍ എന്ന് നമുക്ക് സാധിക്കുന്നോ അന്നേ നമ്മുടെ സമൂഹം നന്നാകൂ.
---------- ---------- ---------- ---------- ---------- ---------- ----------
പറഞ്ഞു വന്നത്, പ്രേമം എന്നത് തനിയെ വന്നു ചേരുന്നതോ സ്വയം എടുത്ത് തലയില്‍ വക്കുന്നതോ എന്തുമാകട്ടെ, പ്രേമിക്കുന്നവര്‍ക്കിടയില്‍ കടന്നു ചെന്ന് അവരുടെ 'സ്വകാര്യത'യില്‍ ഇടപെടാന്‍ സമൂഹത്തിന് ഒരധികാരവും ഇല്ല. (പബ്ലികിന്റെ മുമ്പിലാണെങ്കില്‍ അത് കാമോദ്ദിപകമാണെങ്കില്‍ നിങ്ങള്‍ക്ക് പരാതിപ്പെടാം)  അവരുടെ കുടുംബക്കാര്‍ക്ക് വേണമെങ്കില്‍ അവരെ ഉപദേശിക്കാം, പ്രായപൂര്‍ത്തിയകാത്തവരാണെങ്കില്‍ 'തക്കതായ' ശിക്ഷ കൊടുക്കാം. അത്ര തന്നെ.

ഞാന്‍ ആദ്യം പറഞ്ഞ ഭാഗങ്ങളിലുള്ള "പഴയ തലമുറക്ക്" കിട്ടിയിരുന്ന സ്വാതന്ത്ര്യം പോലും നിഷേധിക്കാന്‍ നമ്മുടെ കുട്ടികള്‍ എന്ത് തെറ്റാണ് ചെയ്തത്? ഞങ്ങളുടെ കാലത്ത് മാങ്ങയായിരുന്നു തേങ്ങയായിരുന്നു, ഞങ്ങള്‍ പഠിച്ച സമയത്ത് അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു, കോളജിന്റെ പല മൂലകളും പഞ്ചാര മുക്കുകളായിരുന്നു, ലവേഴ്സ് കോറ്ണറുകള്‍ എല്ലാ കോളജിന്റെയും ഭാഗമായിരുന്നു എന്നൊക്കെ പറഞ്ഞ് വീമ്പിളക്കുന്ന "പഴയ തലമുറ" ഇന്നത്തെ കുട്ടികള്‍ക്ക് ആ ജീവിതം നിഷേധിക്കാന്‍ തുനിയുന്നുവെങ്കില്‍ ചികിത്സിക്കേണ്ടത് പുതിയ തലമുറയെ അല്ല മറിച്ച് ഈ പറഞ്ഞ പഴയ തലമുറയെ തന്നെയാണ്. 

Monday, April 28, 2014

ദേവസ്വം ബോര്‍ഡ് - രാജഭരണകാലത്തും ശേഷവും

കൊല്ലവര്‍ഷം 927 അതായത് എ.ഡി 1812 വരെ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം അതാത് ദേവസ്വങ്ങളുടെ കീഴില്‍ ഹിന്ദുക്കള്‍ തന്നെ നടത്തിയിരുന്നു. ആ സമയത്താണ് മണ്‍റോ സായിപ്പ് റസിഡന്റായി വരുന്നത്. അന്നത്തെ "രാജ്ഞി" ലക്ഷീറാണി മൈനറായിരുന്നത് കൊണ്ട് അവരെ ഭരണകാര്യങ്ങളില്‍ സഹായിക്കാന്‍ മണ്‍റോയെ ദിവാന്‍‌ജി ആയി നിയമിച്ചു. അദേഹത്തിന്റെ ഉപദേശപ്രകാരം 378 അമ്പലങ്ങളും അവയുടെ സ്വത്തായ 65,000 ഏക്കര്‍ പുരയിടങ്ങളും 60 ലക്ഷപ്പറ നിലം ഇവയെല്ലാം കൂടി സര്‍ക്കാരിലേക്കെടുത്തു. അതിനു ശേഷം 1123 മൈനര്‍ ക്ഷേത്രങ്ങള്‍ കൂടി സര്‍ക്കാര്‍ ഏറ്റെടുത്തു.

മേല്പ്പറഞ്ഞ അമ്പലങ്ങള്‍ സര്‍ക്കാര്‍ അധീനതയില്‍ ആയതില്‍ പിന്നെ അവിടെ ശരിയായ രീതിയില്‍ പൂജകളോ കര്‍മ്മങ്ങളോ നടന്നിരുന്നില്ല. ഉടമസ്ഥന്മാര്‍ക്കു യാതൊരു അധികാരവും ഇല്ലാതായി. അവരുടെ അഭിപ്രായത്തെ അവഗണിച്ചു. ഇടിഞ്ഞു പൊളിഞ്ഞു കിടന്ന ക്ഷേത്രങ്ങള്‍ക്കായി ഒന്നും സര്‍ക്കാര്‍ ചെയ്തില്ല.ക്ഷേത്രക്കുളങ്ങള്‍ നന്നാക്കിയില്ല. പല്‍സ് ക്ഷേത്രങ്ങളും നാമാവശേഷമായി. കിഴക്കേ മലയോരത്തുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ ഭൂരിഭാഗവും മണ്ണിനടിയിലായി. അവയുടെ സ്വത്ത് മുഴുവനും അഹിന്ദുക്കളുടെ കൈവശമായി.

ഇരുപതാം നൂറ്റാണ്ട് ആയപ്പോള്‍ കൃസ്ത്യന്‍ സ്കൂളുകള്‍ക്കും മിഷണറി പ്രവര്‍ത്തനങ്ങളിക്കും ധാരാളം സഹായങ്ങള്‍ തിരുവിതാംകൂര്‍ രാജാവില്‍ നിന്നുണ്ടായി. തീര്‍ച്ചയായും അത് ബ്രിട്ടീഷുകാരെ സന്തോഷിപ്പിക്കാന്‍ തന്നെയാണ്‍. പത്മനാഭ സ്വാമിക്ഷേത്രത്തിനു സമീപം തന്നെ സ്കൂളു തുടങ്ങി.

(തിരുവിതാംകൂറില്‍) വിദേശികളായ ഒരു കൂട്ടം ബ്രാഹ്മണരുടെ വിളനിലങ്ങളായി മാറി ഈ ദേവസ്വം. നമസ്കാര ചോറും പലഹാരങ്ങളും ഉള്‍പ്പെടെ എല്ലാം കയ്യടക്കിയ, വിധിപ്രകാരം പൂജ ചെയ്യാനറിയാത്ത, മലയാളഭാഷ എഴുതുവാനും വായിക്കാനും അറിയാത്ത ഈ ബ്രാഹ്മണര്‍ ഒരു കാലത്ത് ദേവസ്വം ഉടമസ്ഥരായിരുന്ന നായന്മാരെ ദേവസ്വത്തില്‍ നിന്ന് അകറ്റി നിര്‍ത്തി. തീര്‍ത്ഥവും പ്രസാദവും പട്ടിക്ക് എച്ചില്‍ എന്ന പോലെ എറിഞ്ഞു കൊടുത്തു. (പല അമ്പലങ്ങളിലും ഇപ്പോഴും ഇങ്ങനെ തന്നെ). അബ്രാഹ്മണര്‍ക്ക് അമ്പലങ്ങളില്‍ മണി അടിക്കാന്‍ പാടില്ല, മണ്ഡപത്തില്‍ പ്രവേശിക്കാന്‍ പാടില്ല, ഊട്ടുപുരയില്‍ ചോറില്ല അങ്ങനെ നിരവധി വിലക്കുകള്‍.

മറ്റൊരു ആരോപണമാണ് ദേവസ്വം ഡിപ്പര്‍ട്ട്മെന്റിലെ ബ്രാഹ്മണമേധാവിത്വം. അവിടെയും നായന്മാര്‍ തഴയപ്പെട്ടു. ഭൂരിപക്ഷം ഉദ്യോഗസ്ഥരും ബ്രാഹ്മണന്മാരായി. ആണ്ടു തോറും 25 ലക്ഷം ചിലവു ചെയ്യുന്ന (1936-ലെ കണക്കാണ്) ദേവസ്വം ബോര്‍ഡ് ഒരു കമ്മീഷണറുടെ ഇഷ്ടത്തിനാണ് അന്നും നടന്നിരുന്നത്. ധര്‍മ്മക്കഞ്ഞിക്കു ചിലവാക്കുന്ന സംഖ്യ ശ്രീമൂലം ഷഷ്ട്യാബ്ദപൂര്‍ത്തി സ്മാരക ഹിന്ദുമഹിളാമന്ദിരത്തിനു കൊടുക്കാതെ കണ്ണമ്മൂല കൃസ്ത്യന്‍ മിഷനു കൊടുത്തു എന്നും പറയുന്നു.   1925-ല്‍ ദിവാന്‍ജിയെ ദേവസ്വം ഭരണത്തില്‍ നിന്ന് എടുത്തു കളഞ്ഞെങ്കിലും 1932 ആയപ്പോള്‍ വീണ്ടും ദിവാനു ഭരണ ചുമതല നല്‍കി. ദിവാന്‍‌ജിയുടെ ഭരണത്തില്‍ നായന്മാര്‍ക്കു എല്ലാ അധികാരങ്ങളും നഷ്ടമായി.
                     xx :::::::::::::::::::::::::::::::::::::::::::::::::::: xx
ഇതൊക്കെയാണ് 1936 വരെയുള്ള കാര്യങ്ങള്‍. അതുവരെ അവര്‍ണ്ണഹിന്ദുക്കള്‍ക്ക് ഈ ക്ഷേത്രങ്ങളില്‍ പ്രവേശനം ഇല്ലായിരുന്നു എന്നത് മറ്റൊരു കാര്യം. തര്‍ക്കങ്ങളും ഈ സവര്‍ണ്ണ മേധാവിത്വവുമൊക്കെ പറയുന്നത് നായരും അതിന് മുകളിലുള്ളവരും തമ്മില്‍ ആയിരുന്നു എന്നോര്‍ക്കുക. 1936 നവംബറിലാണ് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദത്തിനും പല സമരത്തിനുമൊടുവില്‍ പ്രസിദ്ധമായ ക്ഷേത്രപ്രവേശനവിളംബരം ഉണ്ടാകുന്നത്.

വിളംബരത്തിന്റെ പൂർണ്ണരൂപം

“ശ്രീപദ്മനാഭദാസ വഞ്ചിപാലസർ രാമവർമകുലശേഖര കിരീടപതിമന്നേ സുൽത്താൻ മഹാരാജ രാമരാജ ബഹദൂർ ഷംഷെർ ജംഗ്,നൈറ്റ് ഗ്രാൻ‌ഡ് കമാൻഡർ ഓഫ് ദ് ഇന്ത്യൻ എം‌പയർ, തിരുവതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ട് 1936-നു 12-നുക്കു ശരിയായ 1112 തുലാം 12-ന് പ്രസിദ്ധപ്പെടുത്തുന്ന വിളംബരം: “നമ്മുടെ മതത്തിന്റെ പരമാർത്ഥതയും സുപ്രമാണതയും ഗാഢമായി ബോദ്ധ്യപ്പെട്ടും ആയതു ദൈവികമായ അനുശാസനത്തിലും സർവവ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും, അതിന്റെ പ്രവർത്തനത്തിൽ അതു ശതവർഷങ്ങളായി കാലപരിവർത്തനത്തിന് അനുയോജിച്ചു പോന്നുവെന്നു ധരിച്ചും, നമ്മുടെ ഹിന്ദുപ്രജകളിൽ ആർക്കുംതന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമതവിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാൻ പാടില്ലെന്നുള്ള ഉത്കണ്ഠയാലും നാം തീരുമാനിക്കുകയും ഇതിനാൽ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാൽ, സമുചിതമായ പരിതസ്ഥിതികൾ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചുനടത്തുന്നതിനും നാം നിശ്ചിയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി, ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാൾക്കും നമ്മുടെയും ഗവൺ‌മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേൽ യാതൊരു നിരോധനവും ഉണ്ടായിരിക്കാൻ പാടില്ലെന്നാകുന്നു”

അതിനു ശേഷം മാത്രമാണ് അവര്‍ണ്ണരെന്നു പറയപ്പെടുന്ന താഴ്ന്ന ജാതി ഹിന്ദുക്കള്‍ക്ക് ദേവസ്വം വക ക്ഷേത്രങ്ങളിലെങ്കിലും പ്രവേശിക്കാനായത്. ഇങ്ങനെയൊക്കെയാണ് പ്രജാക്ഷേമ തല്പരരായ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നായന്മാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുക്കളെ പരിപോക്ഷിപ്പിച്ചിരുന്നത്. ചുരുക്കി പറഞ്ഞാല്‍ തിരുവിതാം‌കൂര്‍ ഗവണ്മെന്റിന്റെ ഒന്നര നൂറ്റാണ്ടോളം നീളുന്ന ദേവസ്വം ഭരണം കൊണ്ട് ഹിന്ദുസമുദായം ക്ഷയിച്ചു, നാട്ടിലെ നമ്പ്പൂതിരി സമൂഹം ക്ഷയിച്ചു, പകരം പരദേശബ്രാഹ്മണര്‍ കുബേരന്മാരായി തീര്‍ന്നു.

             xx :::::::::::::::::::::::::::::::::::::::::::::::::::: xx

ഇങ്ങനെ പലവിധത്തില്‍ നശിച്ചതും മണ്ണിനടിയിലായതും കഴിച്ചുള്ള, ക്ഷയിച്ച ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള 1194 ക്ഷേത്രങ്ങളാണ് തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മതസ്ഥാപന ആക്റ്റ് (1950) പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങളിലേക്കു വന്നതും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലേക്ക് മാറ്റപ്പെട്ടതും. (പിന്നീട് ചില ക്ഷേത്രങ്ങള്‍ കൂടി ഇതിലേക്ക് കൂട്ടി ചേര്‍ത്തിട്ടുണ്ട്). അതായത് അന്നു വരെ തിരുവിതാംകൂര്‍ രാജവംശത്തിന്റെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന ക്ഷേത്രങ്ങളാണ് ഇന്ത്യ എന്ന രാജ്യത്തിന് തത്വത്തില്‍ കൈമാറിയതെന്നര്‍ത്ഥം. അവയുടെ പുനരുദ്ധാരണം, റോഡ് നിര്‍മ്മാണം, അനുബന്ധ സൗകര്യങ്ങളൊരുക്കല്‍ തുടങ്ങിയ പല കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവായിട്ടുണ്ടെന്നതും വസ്തുതയാണ്.

ഇതൊന്നും അറിയാതെ അമ്പലങ്ങളെല്ലാം സര്‍ക്കാര്‍ കയ്യടക്കി വച്ചിരിക്കുന്നുവെന്നും വരുമാനം എല്ലാം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നു എന്നും മുറവിളി കൂട്ടുന്നവര്‍ ഇതൊക്കെ മനസ്സിലാക്കിയാല്‍ നന്ന്. ഇന്ന് വരുമാനം ഉള്ള അമ്പലങ്ങള്‍ ഒന്നര നൂറ്റാണ്ടോളം കയ്യടക്കി വച്ചിരുന്നത് തിരുവിതാംകൂര്‍ രാജവശത്തിന്റെ അധീനതയിലുള്ള ദേവസ്വം ബോര്‍ഡാണ്. ആ ബോര്‍ഡ് രൂപ്പീകരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഭൂസ്വത്തൊക്കെ അന്യാധീനപ്പെടാന്‍ കാരണം ബ്രിട്ടീഷുകാരാടുള്ള വിധേയത്വവും കെടുകാര്യസ്ഥതയുമാണ്.

           xx :::::::::::::::::::::::::::::::::::::::::::::::::::: xx

1112 തുലാമാസത്തില്‍ (1936 നവമ്പര്‍) സര്‍ സി പി-യെ കാണാന്‍ പോയ നായര്‍ വിജിലന്‍സ് കമറ്റിയോട് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്

"പടയാളികളായ നിങ്ങള്‍ കൂലിക്കു വേണ്ടിയല്ല, രാജ്യത്തിനും രാജാവിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ആത്മസം‌യമനവും ശിക്ഷണവുമുള്ള സമുദായത്തിന് രാഷ്ട്രീയമായ വിജയമുണ്ടാകും. നായന്മാര്‍ പട്ടാളങ്ങളുടെ നായകന്മാര്‍ എന്ന നിലയില്‍ സൈനീക പാരമ്പര്യമുള്ളവരാകുന്നു. ആ പാരമ്പര്യം ദ്യോതിപ്പിക്കുന്നത്  രാജഭക്തിയും ജീവിതത്തില്‍ ശിക്ഷണവുമാകുന്നു. ഈ ഡപ്യുട്ടേഷന്റെ ഫലമായോ ഗവണ്മെന്റിന്റെ പ്രവൃത്തിയുടെ ഫലമായോ എന്തു സംഭവിച്ചാലും നിങ്ങള്‍ നിസഹകരണം ഭാവിക്കാതെ നിങ്ങളുടെ ഭരണാധികാരിയുടെ ഭാഗത്ത് നില്‍ക്കണമെന്നുള്ള കാര്യം വിസ്മരിക്കയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു"

അതിനു ശേഷം ഇരുപത് ദിവസത്തിനകം ക്ഷേത്രപ്രവേശനവിളംബരം ഉണ്ടാകുന്നു. അന്ന് സര്‍ സി പി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും അനുസരിക്കുന്നവരാണ് തിരുവിതാംകൂറിലെ ഒരു വിഭാഗം നായര്‍ തറവാട്ടുകാര്‍. അവര്‍ക്ക് ഇപ്പോഴും പൊന്നു തമ്പുരാന്‍ കഴിഞ്ഞേ എന്തും ഉള്ളൂ.

          xx :::::::::::::::::::::::::::::::::::::::::::::::::::: xx

അനുബന്ധം 1: മണ്‍റോ സായിപ്പിന്റെ കാലത്താണ് കല്ലടയിലെ തുരുത്ത് മിഷണറി സംഘത്തിന് വിട്ടുകൊടുക്കുകയും അത് പിന്നീട് മണ്‍‌റോ തുരുത്താകുകയും ചെയ്തത്. അതേ കാലഘട്ടത്തിലാണ് പൂഞ്ഞാര്‍ കൊട്ടാരത്തില്‍ നിന്ന് മൂന്നാര്‍ കുന്നുകള്‍ മണ്‍റോ കൈക്കലാക്കുന്നതും ടര്‍ണറും ഷാര്‍പ്പും ഒക്കെ തെയിലത്തോട്ടം ഉണ്ടാക്കുന്നതും. കണ്ണന്‍ ദേന കമ്പനിയും സ്വാതന്ത്ര്യത്തിനു ശേഷം പിന്നീടത് ടാറ്റാ- ഫിന്‍ലേ കമ്പനിക്ക് കൈമാറിയതും അതിനു ശേഷം നടന്നതുമൊക്കെ ചരിത്രം. 1,36,600 ഏക്കര്‍ സ്ഥലം ഇന്ന് ചുരുങ്ങിയത് ഒരു പതിനായിരം കോടി രൂപ മതിപ്പു വില കാണുമെന്ന് കരുതാം. അതും പൊതുസ്വത്ത് എന്ന പരിധിയില്‍ വരേണ്ടതായിരുന്നു.

അനുബന്ധം 2: മറ്റു പാര്‍ട്ടികള്‍ ക്രിസ്ത്യന്‍ മിഷണറികള്‍ക്ക് അതിരു വിട്ട സഹായം ചെയ്യുന്നു എന്നു പറഞ്ഞ് കരയുകയും അതേ സമയം പൊന്നു തമ്പുരാനെ സ്രാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ ശക്തികള്‍ ഏറ്റവും കൂടുതല്‍ കൃസ്ത്യന്‍ പ്രീണനം നടന്നത് 1812 മുതലിങ്ങോട്ട് രാജഭരണത്തിന്റെ അവസാനം വരെയാണെന്നുള്ള വസ്തുതകള്‍ മറക്കുന്നു.

അനുബന്ധം 3: 1936-നു മുമ്പ് അധ:കൃതരായ ഹിന്ദുക്കള്‍ ജാതീയമായ വേര്‍‌തിരിവ് മൂലവും അയിത്തം പോലെയുള്ള ദുരാചാരങ്ങള്‍ മൂലവും പൊതു സമൂഹത്തില്‍ നിന്ന് തഴയപ്പെട്ടത് മുതലെടുത്ത് കൃസ്ത്യന്‍ മിഷണറിമാരും മുസ്ലിം സമുദായവും അവരെ മതം മാറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അന്നത്തെ സവര്‍ണ്ണമേധാവിത്വത്തിനും ഭരണകര്‍ത്താക്കളും തന്നെയല്ലേ?

           xx :::::::::::::::::::::::::::::::::::::::::::::::::::: xx

വിവരങ്ങള്‍ക്ക് അവലംബം: ദേവസ്വം ഭരണവും ഹിന്ദുമതവും;  ആറ്റുങ്ങല്‍ കെ ഗോപാലന്‍ നായര്‍ (1936-37-ല്‍ പ്രസിദ്ധീകരിച്ചത്)
ചില വിവരങ്ങള്‍ക്ക് കടപ്പാട് : ബാബുരാജ് ഭഗവതി (ബ്ലോഗില്‍ നിന്ന്)
സാങ്കേതികമായി തെറ്റുണ്ടെങ്കില്‍ പറയുക. തിരുത്തുന്നതായിരിക്കും.

Wednesday, February 5, 2014

Infatuation അഥവാ മോഹിപ്പിക്കല്‍

Infatuation (പണ്ടു വായിച്ച ഒരു ലേഖനത്തിന്റെ ഓര്‍മയില്‍ നിന്നുള്ള പരിഭാഷ)

1. ആദ്യമായി ഒറ്റ നോട്ടത്തില്‍ എതിര്‍ലിംഗത്തില്‍ പെട്ട ആളോട് തോന്നുന്ന ആകര്‍ഷണത്തെ "മോഹിക്കല്‍" അഥവാ ബുദ്ധിമയങ്ങുക (Infatuation) എന്ന് പറയാം. യഥാര്‍ത്ഥമായ സ്നേഹത്തില്‍ നിന്നുണ്ടാകുന്ന ഒന്നല്ല ഈ മോഹിപ്പിക്കല്‍.സ്നേഹം എന്നത് തീപോലെയുള്ള സുഹൃദ് ബന്ധമാണ്. അത് വേരുറക്കുകയും വികസിക്കുകയും ചെയ്യുന്നത് വളരെ സമയമെടുത്തായിരിക്കും.

2. Infatuation-നു ആത്മവിശ്വാസം കുറവായിരിക്കും. അവന്‍/അവള്‍ നിന്നില്‍ നിന്ന് അകന്നു നില്‍ക്കുമ്പോള്‍ അവന്‍/അവള്‍ നിന്നെ വഞ്ചിക്കുന്നോ എന്ന് തോന്നിക്കുകയും രഹസ്യമായി നിരീക്ഷിക്കുകയും ചെയ്യും. മറിച്ച്, സ്നേഹം എന്നാല്‍ വിശ്വാസമാണ്. നിങ്ങള്‍ ശാന്തമായി സുരക്ഷിതമായി ഭീഷണിയില്ലാതെ കഴിയും. നിങ്ങളുടെ സ്നേഹഭാജനവും അതു തന്നെ അനുഭവിക്കുമ്പോള്‍ കൂടുതല്‍ വിശ്വാസമുള്ളവരായി ഭവിക്കുന്നു.

3. മോഹിപ്പിക്കല്‍ സുരക്ഷിതത്വമില്ലാത്തതിന്റെ തെളിവാണ്. നിങ്ങള്‍ സന്ദീപ്തരും  കുതൂഹലരും ആകുമെങ്കിലും തികച്ചും സന്തോഷവാന്മാരാകില്ല. ഉയരുന്ന സംശയങ്ങള്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍, പിന്നെ കമിതാവിന്റെ ചില വ്യക്തമല്ലാത്ത പ്രവൃത്തികള്‍ തുടങ്ങിയവ അടുത്തറിയാന്‍ ശ്രമിക്കില്ല, അത് ഒരു പക്ഷേ സ്വപ്നങ്ങളെ നശിപ്പിച്ചേക്കം. എന്നാല്‍, സ്നേഹം തികച്ചും മനസ്സിലാക്കാവുന്നതും പക്വവുമയതാണ്. അത് ശ്വാശതമാണ്.

4. മോഹിപ്പിക്കലിന് ലൈഗികമായ ഒരു കണ്ണിയുണ്ട്. നിങ്ങള്‍ വിശ്വസ്തയാണെങ്കില്‍ ശരീരികമായ അടുപ്പത്തില്‍ എത്തുമെന്ന ഭയത്താല്‍ നിങ്ങള്‍ക്ക്  കമിതാവിന്റെ കൂടെ കൂട്ടുചേരലിന്  ബുദ്ധുമുട്ടാണെന്ന് സമ്മതിക്കേണ്ടി വരും.

5. മോഹിപ്പിക്കല്‍ അഥവാ ബുദ്ധിയെ മയക്കല്‍ താല്‍ക്കാലികവും കാലക്രമേണ മങ്ങുന്നതുമായിരിക്കും..ഒരു പക്ഷേ അത് പിന്നീട് പശ്ചാത്താപം തോന്നുവനുള്ള കാരണങ്ങളിലേക്ക് നയിച്ചു എന്നു വരാം.

6. മോഹിപ്പിക്കല്‍ , അതു നിങ്ങളെ കൊണ്ട് പറയിക്കും ; "നമുക്ക് പെട്ടെന്ന് വിവാഹിതരാകാം, എനിക്ക് നിന്നെ നഷ്ടപ്പെടുത്തുവാനാവില്ല.

7. മോഹിപ്പിക്കല്‍ നിങ്ങളെ anxious, nervous and jealous ഉള്ളതാക്കി തീര്‍ക്കും. കമിതാവില്ലാതെ ജീവിക്കാനാവില്ല എന്ന് തോന്നിപ്പോകും. നിങ്ങളുടെ കണ്ണില്‍ അയാള്‍ പൂര്‍ണ്ണനായതിനാല്‍ യത്ഥാര്‍ത്ഥത്തില്‍ അയാളാരാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാനാവില്ല.

:::::::::::::::::::::::   xxxxxxxxxxxxxxx   :::::::::::::::::::::    xxxxxxxxxxxxxxx  :::::::::::::::::::::::: xxxxxxxxxxxxxxx 

പലപ്പോഴും ഈ പറയുന്ന Infatuation ആണ് പ്രേമം എന്ന് തെറ്റിദ്ധരിക്കപ്പെടുന്നതും പക്വമല്ലാത്ത മനസ്സുള്ളവരുടെ ആത്മഹത്യയില്‍ വരെ എത്തിച്ചേരുന്നതും. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക പശ്ചാത്തലത്തില്‍  ബന്ധങ്ങള്‍ക്ക് മാറ്റം വരുകയും ഒരു വിവാഹേതര ബന്ധം തെറ്റല്ല എന്ന് സാഹിത്യത്തിലൂടെയും ദൃശ്യമാധ്യമങ്ങളില്‍ കൂടെയും മനസ്സില്‍ ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തന്നോട് അടുക്കുന്ന എതിര്‍ലിംഗക്കാരോട്  ഈ പറയുന്ന മോഹിക്കല്‍ തോന്നുന്നത് സ്വാഭാവികം. വളരെ ലാഘവത്തോടെ ഈ ബന്ധങ്ങളെ സമീപിക്കുന്നവര്‍ അതേ ലാഘവത്തോടെ തന്നെ അതില്‍ നിന്ന് പിന്മാറുകയും ചെയ്യും. പക്ഷേ തനിക്കു തോന്നുന്ന Infatuation എന്ന വികാരം പ്രേമം ആണെന്ന് ധരിക്കുകയും, എന്നാല്‍ തന്റെ ഈ ബന്ധത്തിലെ പങ്കാളി അങ്ങനെ കരുതാതിരിക്കുകയും ചെയ്യുമ്പോഴാണ് ആത്മഹത്യയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. പൂര്‍‌വ്വകാലങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ ആണ് ഇരയുടെ സ്ഥാനത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇന്നിത് ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഒരേ പോലെ ബാധകമാണ്‍.

നാലാമത്തെ പോയിന്റില്‍ പറയുന്ന ഭയം, അത് ഇല്ലാതാകുന്ന ചില അവസരങ്ങള്‍, അതില്‍ ശരീരിക ബന്ധങ്ങള്‍ യാദൃശ്ചികമായി ജീവിതത്തില്‍ സംഭവിച്ചു പോവുകയും അത് ചിലര്‍ക്കെങ്കിലും പശ്ചാതാപം തോന്നുന്ന അവസ്ഥയിലേക്ക്  എത്തുകയും ചെയ്യുന്നു.

അതുപോലെ തന്നെ രണ്ടാമത്തെ പോയിന്റ്. തന്റെ ഈ ബന്ധത്തിലെ പങ്കാളി മറ്റുള്ളവരോട് ഇടപഴകുന്നതും ഇതേ രീതിയിലായിരിക്കും എന്ന മുന്‍‌വിധി സ്വാഭാവികമായും അയാളെ സംശയദൃഷ്ടിയോടെ നിരീക്ഷിക്കാന്‍ ഇടയാക്കുന്നു. ഇത് സ്വയം മാനസിക സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്യുന്നു.

പലപ്പോഴും വിവാഹേതര ബന്ധങ്ങളും ആരംഭിക്കുന്നതും അസ്വസ്ഥമായ അവസ്ഥയിലേക്ക് അത് നീങ്ങുന്നതും ഈ മോഹിപ്പിക്കല്‍ മൂലമാണ്, അല്ലാതെ സ്നേഹം മൂലമല്ല. ഈ പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണ് പലപ്പോഴും ഇവയൊക്കെ പരാജയപ്പെടുന്നതും പങ്കാളിയെ ഉത്മൂലനം ചെയ്യാന്‍ പോലും പലരും തുനിയുന്നതും.

Friday, January 3, 2014

ആധാര്‍ കാര്‍ഡും വ്യക്തിവിവരങ്ങളും


ആധാര്‍ കാര്‍ഡ് എടുക്കുന്നതോ എടുക്കാതിരിക്കുന്നതോ ഓരോരുത്തരുടെ ഇഷ്ടം. അതില്‍ അഭിപ്രായം പറയാന്‍ ഞാനില്ല. ആധാര്‍ ഉണ്ടെങ്കിലേ സബ്സിഡി സിലിണ്ടാര്‍ കിട്ടൂ എന്ന് പറയുന്നതും എനിക്ക് ബാധകമല്ല. കാരണം റേഷന്‍ കാര്‍ഡ് ഉണ്ടെങ്കിലേ ഗ്യാസ് ഏജന്‍സി സബ്സിഡി ഉള്ള ഗ്യാസ് തരൂ. പ്രവാസി എന്ന നിലയില്‍ റേഷന്‍ കാര്‍ഡ് തരാനാകില്ല എന്ന് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞിട്ടുണ്ട്. എങ്കിലും കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം കാര്‍ഡ് കിട്ടുകയും ചെയ്തു എന്ന് ഇന്നറിയാന്‍ കഴിഞ്ഞു.

ആധാര്‍ കാര്‍ഡ് എടുക്കില്ല എന്ന് പറഞ്ഞ് പലരും ഇട്ട പോസ്റ്റ് ഇന്നു കണ്ടു. അതിന് പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ വളരെ രസകരമായി തോന്നി. പലര്‍ക്കും പ്രശ്നം ഇത് പ്രൈവറ്റ് കമ്പനികള്‍ ചെയ്യുന്നതിനാല്‍ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമല്ല എന്നാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനു പ്രവാസികളുടെ പാസ്പോര്‍ട്ട് പുതുക്കുന്നത് പ്രൈവറ്റ് ഏജന്‍സികളാണെന്ന് ഇവര്‍ക്കറിയാമോ? ഞങ്ങളുടെ പ്രൈവസിക്കൊന്നും ഒരു വിലയുമില്ലേ? എല്ലാ പ്രവാസികളുടേയും വിവരങ്ങള്‍ അമേരിക്കയുടെ കയ്യില്‍ എത്താന്‍ ആധാര്‍ കാര്‍ഡ് വേണമെന്നില്ല എന്നര്‍ത്ഥം.

ഇനി ചിലര്‍ പറയുന്നത്, വിരലടയാളങ്ങളും മറ്റും കൊടുക്കുന്നത് സുരക്ഷിതമല്ല എന്നാണ്. അതിലും ഞങ്ങള്‍ പ്രവാസികള്‍ പരാജയപ്പെടുന്നു. ഇവിടെ യു എ ഇ-യില്‍ വന്നവര്‍ ഒക്കെ എമിറെറ്റ്സ് ഐ ഡി (Emirates ID) എടുക്കണം. അവിടെ എല്ലാ കൈവിരലുകളും രണ്ടു കണ്ണുകളും സ്കാന്‍ ചെയ്തു വയ്ക്കും. ഇവിടെ വന്നിറങ്ങുന്ന ഒരോ വിസിറ്റേഴ്സും കണ്ണിന്റെ സ്കാനിന് വിധേയനാകണം. അതൊക്കെ തന്നെയല്ലേ ആധാറിനും ചെയ്യുന്നത്? പിന്നെന്താണ് ഇന്ത്യയിലുള്ളവര്‍ ഇതിന് ഇത്ര പേടിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
---------------------------   ---------------------------------------- -----------------------------
ഒരു ചൈനാ മേഡ് USB ഉപയോഗിക്കുമ്പോള്‍ പോലും നിങ്ങളുടെ പ്രൈവറ്റ് കാര്യങ്ങള്‍ ചൈനയില്‍ എത്താവുന്ന സാഹചര്യത്തില്‍ കുറച്ചു കാര്യങ്ങള്‍ അമേരിക്കയുടെ കയ്യിലും ചെല്ലട്ടെ. പറഞ്ഞു വന്നത് ഒന്നും ഇന്ന് പ്രൈവറ്റ് അല്ല. എല്ലാം പബ്ലിക് തന്നെയാണ്, നിങ്ങളറിയാതെ തന്നെ.

Thursday, December 26, 2013

വിദേശ ഇന്ത്യാക്കാരും വീട്ടുജോലിക്കാരും.


വിദേശത്തേക്ക് വീട്ടുജോലിക്കാരെ കൊണ്ടു പോകുന്നത് സാധാരണമാണ്‍. ഭര്‍ത്താവും ഭാര്യയും ജോലിക്കു പോകുന്ന കുടുംബങ്ങളില്‍ പലപ്പോഴും ഇതൊരു ആവശ്യമാണെന്ന് തോന്നുന്നു. ബേബി സിറ്റിങ്, ലോക്കല്‍ ബേബി സിറ്റര്‍ ഒക്കെ അറേഞ്ച് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനാണ് പലപ്പോഴും ആള്‍ക്കാര്‍ നാട്ടില്‍ നിന്ന് തന്നെ ആള്‍ക്കാരെ ഏര്‍പ്പാട് ചെയ്യുന്നത്. ഇതില്‍ ഉള്ള പ്രശ്നങ്ങളും കാഴ്ചപ്പാടുകളും നോക്കാം.
 
സാധാരണയായി നാട്ടില്‍ നിന്ന് തന്നെ ഒരു മാസശമ്പളം പറഞ്ഞുറപ്പിച്ചാണ് ആള്‍ക്കാരെ ജോലിക്കായി കൊണ്ടു വരുന്നത്. ഗള്‍ഫില്‍ നേരത്തെ ഏഴായിരം, എണ്ണായിരം രൂപ ആയിരുന്നത് ഇപ്പോള്‍ പതിനായിരം-പന്തീരായിരം റേഞ്ചില്‍ എത്തിയിട്ടുണ്ട്. താമസവും ഭക്ഷണവും തികച്ചും സൗജന്യം. നാട്ടില്‍ ആറായിരം മുതല്‍ പതിനായിരം വരെ അല്ലെങ്കില്‍ മെട്രോ നഗരങ്ങളില്‍ പതിനയ്യായിരം വരെ കിട്ടുന്നുണ്ടായിരിക്കാം. അതില്‍ നിന്ന് ചിലവും കഴിഞ്ഞ് എത്ര കാണും എന്ന് കണക്കു നോക്കിയാല്‍ അറിയാം. ഈ സാഹചര്യത്തിലാണ് പതിനായിരം വരെ ശമ്പളം പറഞ്ഞുറപ്പിച്ച് വിദേശത്തേക്ക് വരുവാന്‍ ഒരു ഗാര്‍ഹിക തൊഴിലാളി തയ്യാറാകുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ വാക്കാലുള്ള എഗ്രിമെന്റാണിത്. ചുരുക്കം ചിലര്‍ എഴുതി ഉണ്ടാക്കാറുണ്ട്.
യു എ ഇ-യില്‍ ഒരു ഇന്ത്യന്‍ തൊഴിലാളിയെ കിട്ടാന്‍ ഇന്ത്യന്‍ എമ്പസിയില്‍ ചെന്ന് അവിടുത്തെ ഒരു ഫോമില്‍ ഒരു കോണ്ട്രാക്ട് ഉണ്ടാക്കണം. ആയിരത്തി ഒരുനൂറ് ദിര്‍ഹമാണ്‍ മിനിമം കൂലി. അതായത് ഇന്നത്തെ നിലയില്‍ പതിനാറായിരത്തി അഞ്ഞൂറ് രൂപ. അതിനു പുറമെ താമസം, ഭക്ഷണം, വര്‍ഷത്തെ ടിക്കറ്റ്, ലീവ് സാലറി, ടെലെഫോണ്‍.. എല്ലാം കൊടുക്കണം. എല്ലാം കൂടി കൂട്ടുമ്പോള്‍ രണ്ടായിരം ദിര്‍ഹത്തോളം വരും. ഒരു ഓഫീസ് തൊഴിലാളിക്ക് കിട്ടുന്നത് രണ്ടായിരം ദിര്‍ഹം മുതല്‍ മുകളിലോട്ടാണ്‍. പകലന്തിയോളം പൊരിവെയിലില്‍ പണിയെടുക്കുന്ന മേസ്തിരി, ആശാരി, ഇലക്ട്റീഷ്യന്‍ തുടങ്ങിയവരുടെ മാസശമ്പളം ആയിരം മുതല്‍ ആയിരത്തഞ്ഞൂറ് വരെ ആണ്‍.

വിദേശത്ത് എത്തിയാല്‍ അതാത് സ്ഥലത്തെ തൊഴില്‍ നിയമം അനുസരിച്ച് ഒരു ലേബര്‍ കോണ്ട്രാക്റ്റ് ഉണ്ടാക്കുന്നു. വിസ സ്റ്റാമ്പ്  ചെയ്യാന്‍ ഇത് ആവശ്യമായതിനാല്‍ പലരും ഇതിനെ ഒരു ഫോര്‍മാലിറ്റി ആയി കാണുന്നു. എന്നിട്ട്, നാട്ടില്‍ നിന്ന് പറഞ്ഞുറപ്പിച്ച ശമ്പളം മാസാമാസം ഇവരുടെ ബാങ്കിലേക്ക് അയക്കുന്നു. ഇതാണ്‍ സാധാരണ നടക്കുന്നത്.


ഇനി ഇവരുടെ പണിസമയവും പണികളേയും പറ്റി നോക്കാം. കൂടുതലും കുട്ടികളെ നോക്കുക എന്നതാണ്‍ പ്രധാന പണി. അതിന്റെ കൂടെ വീട്ടുപണികളും ചെയ്യണം. സാധാരണ ഒരു വീട്ടമ്മ നാട്ടില്‍ ചെയ്യുന്ന പണികള്‍ തന്നെ. ഭക്ഷണം ഉണ്ടാക്കുക, അടിച്ചു വാരുക (ഒരു ബെഡ്‌റൂം ഉള്ള ഫ്ലാറ്റ് അല്ലെങ്കില്‍ മാക്സിമം 3-ബെഡ്‌റൂം ഫ്ലാറ്റ്), തുണി കഴുകുക (വാഷിങ് മെഷീന്‍ ഉപയോഗിച്ച്) തുടങ്ങിയവയാണ് പ്രധാന പണികള്‍. ഇത്രയും പണി, ചെയ്യാന്‍ പരിചയം ഉള്ളവര്‍ക്ക് മൂന്നു മണിക്കൂര്‍ കൊണ്ട് എല്ലാം തീരും.  കൊച്ചു കുട്ടികള്‍ ഉള്ള വീടാണെങ്കില്‍ ഇത്തിരി കൂടി ബുദ്ധിമുട്ട് തന്നെ. അപ്പോള്‍ പലപ്പോഴും വീട്ടമ്മ തന്നെ കുറെ പണികള്‍ ചെയ്യുന്നു എന്നതാണ് കണ്ടിരിക്കുന്നത്. സ്കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ സ്കൂള്‍ ബസ് വരുമ്പോള്‍ കുട്ടിയെ വഴിയില്‍ നിന്ന് കൂട്ടി കൊണ്ടു വരണം. കുട്ടി സ്കൂളില്‍ പോകുന്ന സമയം മിക്കവാറും തൊഴിലാളിക്ക് വിശ്രമിക്കാം. ഒരു ഫ്ലാറ്റില്‍ താമസിക്കുന്ന ഫാമിലിയില്‍ ഒരു ഗാര്‍ഹിക തൊഴിലാളിക്ക് ജോലി ചെയ്യേണ്ടി വരുന്നത് (കുട്ടികളെ നോക്കുന്നതൊഴിച്ച്) കേവലം നാല്‍-അഞ്ച്-ആറ് മണിക്കൂര്‍ ആണ്‍.


ഇന്ത്യന്‍ കുടുംബങ്ങളുടെ കൂടെ ജോലിക്കു നില്‍ക്കുന്ന ഏകദേശം അറുപത് എഴുപത് ശതമാനം ഗാര്‍ഹിക തൊഴിലാളികളും അസംതൃപ്തരാണ് എന്നാണ് മനസ്സിലാക്കിയത്. അതുപോലെ തന്നെ ഏകദേശം എണ്‍പത് ശതമാനം തൊഴില്‍ ദാതാക്കളും അസംതൃപ്തരാണ്‍. കാരണങ്ങള്‍ പലതാണ്‍. തൊഴിലാളികളുടെ കാര്യമെടുത്താല്‍, പല സാഹചര്യങ്ങള്‍ മൂലമാണ് പലരും വിദേശത്തേക്ക് വരാന്‍ "നിര്‍ബന്ധിതരാ"കുന്നത്. പലര്‍ക്കും ഇവിടെ എത്തിപ്പെട്ടു കഴിഞ്ഞുള്ള ഏകാന്തതയുമായി താദാമ്യം പ്രാപിക്കാനാകുന്നില്ല. അയല്‍‌പക്കത്ത് പോകുകയും കുറച്ച് ലോകകാര്യങ്ങളും കുന്നായ്മയും പറയുകയുമൊക്കെ ചെയ്തിരുന്നവര്‍ പെട്ടെന്ന് ആരും സംസാരിക്കാനില്ലാത്ത ഒരിടത്തേക്കു വരുമ്പോഴുള്ള അസ്വസ്ഥത. അതുപോലെ സ്വതന്ത്രരായി നടന്നവര്‍ക്ക് പെട്ടെന്ന് സ്വാതന്ത്രയം നഷ്ടപ്പെട്ട ഒരു തോന്നല്‍. ഇതെല്ലാം കഴിഞ്ഞ് അടുത്ത ഫ്ലാറ്റിലെ തൊഴിലാളിക്ക് തന്നേക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടുന്നു എന്നറിയുമ്പോഴേക്കും ഈ അസ്വസ്ഥത അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നു. അവസാനം കോണ്ട്രാക്റ്റ് കാലാവധി കഴിയാതെ തന്നെ ക്യാന്‍സലാക്കി തിരികെ നാട്ടിലേക്ക് പോകുന്നു.


യു എ ഇ-യിലേക്ക് ഒരാളെ കൊണ്ടുവരുന്നതിനുള്ള എംബസിയിലെയും എമിഗ്രേഷനിലെയും ചിട്ടവട്ടങ്ങള്‍ ഇതിലും ബ്രഹതാണ്‍. ഒരു ആളെ ജോലിക്കു കൊണ്ടു വരാന്‍ വിസ എടുക്കണെമെങ്കിലുള്ള ചടങ്ങുകള്‍ അറിഞ്ഞു കഴിയുമ്പോള്‍ തന്നെ ചിലര്‍ ആ തീരുമാനം വേണ്ടെന്ന് വക്കുന്നു.

ആദ്യമായി രക്തബന്ധത്തില്‍ ഉള്ളയാളല്ല എന്ന സര്‍ട്ടിഫിക്കറ്റ് എംബസിയില്‍ നിന്ന് വാങ്ങണം. അതും വാങ്ങി, കമ്പനി ലെറ്റര്‍ (സാലറി സര്‍ട്ടിഫികറ്റ്), ഫ്ലാറ്റിന്റെ കരാര്‍, സ്വന്തം തൊഴില്‍ കരാര്‍ എന്നിവയെല്ലാം ഹാജരാക്കി വിസ എടുക്കണം. അതിനു ശേഷം എംബസിയില്‍ പോയി അവിടുത്തെ "തൊഴില്‍ കരാര്‍" ഇംഗ്ഗ്ലിഷിലും അറബിയിലും അടിച്ച്, ഷാരിയ കോര്‍ട്ടില്‍ പോയി അറ്റസ്റ്റ് ചെയ്ത്, ഫോറിന്‍ അഫ്ഫയേഴ്സില്‍ പോയി അറ്റസ്റ്റ് ചെയ്ത് വീണ്ടും എംബസിയില്‍ ചെല്ലുമ്പോള്‍  അവിടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി 9200 ദിര്‍ഹം (ഏകദേശം ഒന്നര ലക്ഷം രൂപ) അടക്കുമ്പോള്‍ അവര്‍ സ്റ്റാമ്പ് ചെയ്തു തരും. അതു നാട്ടില്‍ കൊണ്ടു വന്ന് പോകേണ്ട ആളെയും കൂട്ടി അവരുടെ ഇന്‍ഷുറന്‍സ് തുക അടച്ച് ഫീസും അടച്ചാല്‍ മാത്രമേ എമിഗേഷന്‍ ക്ലീയറന്‍സ് കിട്ടു. പ്രായം മുപ്പതിന്‍ മേല്‍ ആകണം. അങ്ങനെ നാട്ടില്‍ നിന്ന് വരുന്ന ആളിനെ പതിനഞ്ച് ദിവസത്തിനകം എംബസിയില്‍ ഹാജരാക്കണം. അവര്‍ തൊഴിലാളിക്ക് വേണ്ട ഉപദേശമൊക്കെ കൊടുക്കും. നമ്മള്‍ പീഢിപ്പിച്ചാല്‍ എംബസിയില്‍ അറിയിക്കണം എന്ന രീതിയില്‍. അവര്ക്ക് ഒരു മൊബൈല്‍ കൊടുക്കണം (ആ നമ്പര്‍ എംബസിയില്‍ എഴുതി വക്കുമെങ്കിലും, എന്തു കൊണ്ടോ ആരെയും എംബസിയില്‍ നിന്ന് വിളിച്ച് സുഖവിവരം അന്വേഷിക്കാറില്ല) നാട്ടിലേക്ക് വിളിക്കാനുളള കാശും കൊടുക്കണം. ഇതെല്ലാം കഴിഞ്ഞ് അവര്‍ എത്ര വര്‍ഷം കഴിഞ്ഞു നാട്ടില്‍ പോകുന്നോ, അതിന്‍ മുമ്പ് അവരെ എംബസിയില്‍ ഹാജരാക്കി അവര്‍ക്കു കുഴപ്പമൊന്നും ഇല്ല എന്ന് ഉറപ്പു വരുത്തണം. ഈയിടെയായി അതും പോരാ, അവര്‍ക്ക് ശമ്പളം കൊടുത്തതിന്റെ തെളിവ് ഹാജരാക്കണമെന്ന് ശഠിക്കുന്നു എന്നും കേട്ടു. അതെല്ലാം കഴിഞ്ഞ് ആള്‍ ക്യാന്‍സല്‍ ചെയ്തു പോയാല്‍ മാത്രമേ മുകളില്‍ പറഞ്ഞ സെക്യൂരിറ്റി തുകക്കുള്ള ചെക്ക് (ഒരു മാസത്തിനകം) കിട്ടുകയുള്ളു. അതും വര്‍ഷം എത്ര കഴിഞ്ഞായാലും ഒരു പലിശയുമില്ലാതെ.


വിസ  പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യാന്‍, മെഡിക്കല്‍ ടെസ്റ്റ്, ഐഡന്റിന്റി കാര്‍ഡ്, ഇവിടുത്തെ ഇന്‍ഷുറന്‍സ് എന്നിവക്ക് വീണ്ടും പണം ചെലവാക്കണം. അതിനു ശേഷം 5000+200 ദിര്‍ഹം ഒരു വര്‍ഷത്തേക്ക് അടച്ച് വിസ അടിക്കണം. ഇത് ഫീസ് ആണ്‍, തിരികെ കിട്ടില്ല.

നേരത്തെ പറഞ്ഞല്ലോ എണ്‍പത് ശതമാനം തൊഴില്‍ ദാതാവും തൃപ്തരായിരിക്കില്ല എന്ന്. കാരണങ്ങള്‍ പലതാണ്‍. നാട്ടില്‍ നിന്ന് പോരുമ്പോള്‍ ഉള്ള ആളായിരിക്കില്ല ഇവിടെ എത്തുന്നത്. സ്വന്തം പ്രശ്നങ്ങള്‍ കൊണ്ട് അസ്വസ്ഥരായ തൊഴിലാളികള്‍ അവരുടെ അസ്വസ്ഥതകള്‍ കാണിക്കുന്നതു മൂലം പ്രശ്നങ്ങള്‍  ഉടലെടുക്കുന്നു. മിക്കവാറും താന്‍ നാട്ടില്‍ നിന്ന് പോന്നു കഴിയുമ്പോള്‍  നാട്ടിലോ വീട്ടിലോ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ വരെ അവരെ അസ്വസ്ഥരാക്കുന്നു. പുറമേ നിന്നുള്ള ഉപദേശങ്ങളും ചില പുറംബന്ധങ്ങളും തൊഴില്‍ ദാതാവ്-തൊഴിലാളി ബന്ധത്തെ ബാധിക്കുന്നു. കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോകുമ്പോള്‍ കാണുന്നവര്‍ വരെ തൊഴിലാളിയോട് അടുക്കാന്‍ ശ്രമിക്കുന്നതായി കാണാറുണ്ട്. പലയിടങ്ങളിലും മൊബൈല്‍ തന്നെ ഇതിലും വില്ലന്‍ കഥാപാത്രം. പല കേസിലും തൊഴിലാളികള്‍ കബളിക്കപ്പെടുമ്പോള്‍ ചില കേസുകളില്‍ തൊഴിലാളികള്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ട്. (ചോദ്യം വേണ്ട, ഇതിന് രണ്ടിനും സാക്ഷിയായിട്ടുണ്ട്.). ഇതിന്റെ എല്ലാം തലവേദന അനുഭവിക്കുന്നത് "സ്പോണ്‍സര്‍"എന്ന പാവം തൊഴില്‍ ദാതാവ്.


എന്റെ അറിവില്‍ പെട്ടവയില്‍ വലരെ കുറച്ച് കേസില്‍ മാത്രമേ തൊഴിലാളികള്‍ പീഢിക്കപ്പെടുന്നുള്ളു. (പീഢനം എന്നാല്‍ മാനസിക ശരീരിക പീഢനം, ലൈംഗിക പീഢനം അല്ല). നിയമങ്ങള്‍ കര്‍ശനമായതിനാലും, ഇത്രയും കടമ്പകള്‍ കടന്നു വരുന്നതിനാലും, കുറെ പണനഷ്ടം വരുന്നതിനാലും തൊഴില്‍ ദാതാക്കള്‍ കഴിവതും "അഡ്ജസ്റ്റ്"ചെയ്തു പോകാറാണ്‍ പതിവ്.

:::::::::::::::: x x :::::::::::::::: x x :::::::::::::::: x x :::::::::::::::: x x
 
ഇതെല്ലാം ഗള്‍ഫ് രാജ്യങ്ങളിലെ കാര്യം. ഇവിടെ സ്പോണ്‍സറിന്റെ പക്കല്‍ നിന്ന് ചാടി പോകുന്നത് കുറവാണ്‍. ചാടി പോയി ആജീവനാന്തം പണി ചെയ്താലും ഇവിടെ സിറ്റിസണ്‍ഷിപ്പ് കിട്ടില്ല. എവിടെ വച്ചെങ്കിലും പിടിക്കപ്പെട്ടാല്‍ ജയില്‍വാസവും നാടു കടത്തലും. ജോലിക്കു നിര്‍ത്തുന്നവന്‍ 50000 ദിര്‍ഹം പിഴയും. ഇതു കൊണ്ട് തന്നെ ആ സാഹസം ചെയ്യാന്‍ ആരും മെനെക്കെടാറില്ല.

എന്നാല്‍ പാശ്ചാത്യനാടുകളില്‍  അങ്ങനെയല്ല എന്നാണ് കേട്ടിരിക്കുന്നത്. അഞ്ചു വര്‍ഷം ആ രാജ്യത്ത് പിടിക്കപ്പെടാതെ കഴിഞ്ഞു കൂടിയാല്‍ പോലും സിറ്റിസണ്‍ഷിപ്പ് കിട്ടും എന്നൊക്കെ കേട്ടിട്ടുണ്ട്. അങ്ങനെയാനെങ്കില്‍ എങ്ങനെയെങ്കിലും ഒരു ഗാര്‍ഹിക തൊഴിലാളി വിസ സംഘടിപ്പിക്കാന്‍ എത്ര കുറഞ്ഞ ശമ്പളം ആണെങ്കിലും ഏത് കരാറിലും ഒപ്പുവക്കാന്‍ പലരും തയ്യാറാകും.  ഒരു മാസം വീട്ടു പണിയെടുക്കാന്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ ശമ്പളം കൊടുക്കാന്‍ എത്ര ഇന്ത്യാക്കാര്‍ തയ്യറാകും? അപ്പോള്‍ മുകളില്‍ പറഞ്ഞ പോലെ പരസ്പരം സമ്മതിച്ച തുകക്ക് മറ്റൊരു കരാര്‍ ഉണ്ടാക്കും. അതായിരിക്കില്ലേ ദേവയാനി കേസിലും സംഭവിച്ചിരിക്കുക. അതെ എന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും കുറഞ്ഞ കൂലി കൊടുത്ത് തൊഴിലാളിയെ വഞ്ചിച്ചു എന്നാണ്‍ പലരും പലയിടത്തും എഴുതി കണ്ടത്. ആ തൊഴില്‍ ദാതാവിന്റെ പക്ഷത്ത് നിന്ന് നോക്കിയാല്‍ അതെത്രമാത്രം ശരിയാണെന്ന് സംശയമുണ്ട്. അമേരിക്കന്‍ നിയമങ്ങളുടെ ലംഘനമാണ്‍ ദേവയാനി നടത്തിയത് എന്ന് പറയുമ്പോഴും അതിനെ ന്യായീകരിക്കാന്‍ പറ്റില്ലയെങ്കിലും മറ്റു പലരും  ചെയ്യുന്ന  കുറ്റമാണ്‍ ദേവയാനി ചെയ്തതെന്ന് പറയേണ്ടിയിരിക്കുന്നു.


ഇനി ഇവിടെയാണ് എംബസിയുടെ ഇരട്ടത്താപ്പ്. യു എ ഇ-യിലെ ഒരു സാധാരണ ഇന്ത്യാക്കാരന്‍ കൊണ്ടു വരുന്ന തൊഴിലാളിക്ക് ഇന്ത്യന് ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്നത് മിനിമം 1100 ദിര്‍ഹം ആണ്‍. പരസ്പര ധാരണയില്‍ വരുന്ന ആള്‍ക്ക് കൊടുക്കുന്നത് പതിനായിരമോ പന്തീരായിരമോ ആണെന്നറിയാവുന്ന എംബസിക്കാര്‍  സെക്യൂരിറ്റി തുകയുടെ ബലത്തില്‍ 1100 ദിര്‍ഹം തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍ഫെര്‍ ചെയ്തതിന്റെ തെളിവുകള്‍ ചോദിക്കുന്നു. നേരെ മറിച്ച് അവരുടെ തന്നെ ഉദ്യോഗസ്ഥ പരസ്പരം ഉണ്ടാക്കിയ കരാറില്‍ പറഞ്ഞ ശമ്പളം കൊടുക്കുന്നതിനെ അനുകൂലിക്കുന്നു.

ഇങ്ങനെ വിദേശ ഇന്ത്യാക്കാരുടെ ഗാര്‍ഹിക തൊഴിലാളി പ്രശ്നം കുറെയേറെ കുരുക്കുകള്‍ നിറഞ്ഞതാണ്‍. അത് മാറി മാറി വരുന്ന നിയമങ്ങളും നയങ്ങളും കൊണ്ട് കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നുമുണ്ട്. ഭാവിയില്‍ ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടു പോകുന്നത് വിദേശ ഇന്ത്യാക്കാര്‍ നിര്‍ത്തും എന്നാണ്‍ തോന്നുന്നത്.

:::::::::::::::: x x :::::::::::::::: x x :::::::::::::::: x x :::::::::::::::: x x
 
ഈ ലിങ്ക് കൂടി നോക്കൂ... ഒരാളെ കൊണ്ടു വരാന്‍ ഉള്ള മാസക്കണക്ക് ഇതില്‍ കാണാം
 

Thursday, November 28, 2013

ഒരു മതം വേറൊരു മതത്തെ കാണുമ്പോള്‍ !!

----<< " സര്‍പ്പത്തെ തിന്മയുടെയും സാത്താന്‍റെയും പ്രതീകമായിട്ടാണ്‌ ബൈബിളില്‍ നാം കാണുന്നത്. എന്നാല്‍, ഹൈന്ദവ അവതാരങ്ങളുടെയെല്ലാം ശരീരമാസകലം സര്‍പ്പത്തെക്കൊണ്ട് അലങ്കരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്! ശിവന്‍ കഴുത്തില്‍ മാലയായി ധരിക്കുമ്പോള്‍ പത്മനാഭന്‍റെ ശയനംതന്നെ പാമ്പിന്‍റെ പുറത്താണെന്ന് നമുക്കറിയാം! ഇത്തരത്തില്‍ പാമ്പുമായുള്ള അഭേദ്യമായ ബന്ധം സൂചിപ്പിക്കുന്നത് പിശാചില്‍നിന്നുള്ള ഉത്ഭവത്തെയാകുന്നു.">>-----

---------<<" ഹിന്ദു ദേവന്മാരില്‍ ഉഗ്രപ്രതാപിയാണ് ശിവന്‍! ഈ ശിവനുമായി മുഹമ്മദിനുള്ള ബന്ധം വളരെ വ്യക്തമായി കാണാന്‍ കഴിയും. ഇവര്‍ ഇരുവരും ശിരസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് ചന്ദ്രക്കല ആയത് അവിചാരിതമായിട്ടല്ല. മുഹമ്മദിനും ഇസ്ലാം മതക്കാര്‍ക്കും ചന്ദ്രന്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രതീകമായത് അല്ലാഹുവെന്ന ചന്ദ്രദേവനെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്ലാം നിലലനില്‍ക്കുന്നതെന്ന കാരണത്താലാണ്! അതുകൊണ്ട് ഇസ്ലാംമതക്കാര്‍ ചന്ദ്രനെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു.">> ---------------

------------<<<സ്ത്രീവേഷത്തില്‍ കണ്ടാല്‍ മഹാവിഷ്ണുവിനെപ്പോലും വെറുതെ വിടാത്തവനായിരുന്നു ശിവന്‍ എന്നതിന്‍റെ തെളിവാണ്, വിഷ്ണുവിന്‍റെ മോഹിനിരൂപമായ വിഷ്ണുമായയില്‍ അയ്യപ്പനെ ജനിപ്പിച്ചത്. മുഹമ്മദുമായുള്ള ശിവന്‍റെ മറ്റൊരു വലിയ സാമ്യമാണ് ലൈംഗീക വിഷയത്തിലുള്ള പൊരുത്തം. സ്ത്രീരൂപം കണ്ടാല്‍ സ്വന്തം മകന്‍റെ ഭാര്യയെപ്പോലും പ്രാപിക്കാന്‍ തയ്യാറാകുന്ന മുഹമ്മദുമായി ശിവനെ ചേര്‍ത്തുവയ്ക്കുന്ന ഘടകങ്ങളിലൊന്ന് ഇതുതന്നെ! അയ്യപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതീഹ്യം  ഇങ്ങനെയാകുന്നു: അരയകുലത്തില്‍പ്പെട്ട കണ്ടനും കറുത്തമ്മയ്ക്കും പൊന്നമ്പലമേട്ടിലെ ഗുഹയില്‍ ജനിച്ച പൊന്നമ്പലവാസനാണ് അയ്യപ്പന്‍! ഏതായാലും ഈ അയ്യപ്പന്‍റെ പിതൃത്വം ഏറ്റെടുത്തുകൊണ്ട് സകല പിശാചുക്കളും ‍ ഇറങ്ങിയിട്ടുണ്ടെന്നത് വിസ്മരിക്കരുത്....  അയ്യപ്പന്‍ ആരുടെ മകനാണെങ്കിലും അത് പിശാചാണെന്ന കാര്യത്തില്‍ മനോവയ്ക്ക് യാതൊരു സംശയവുമില്ല!>>> ------------

--- <<<"ഇസ്ലാമിനോട് ഒരു കാര്യംകൂടി ഹൈന്ദവര്‍ ചോദിക്കുന്നുണ്ട്: സനാതനധര്‍മ്മത്തെ രഹസ്യമായി അനുകരിക്കുന്ന മുസ്ലിങ്ങള്‍ എന്തുകൊണ്ടാണ് പരസ്യമായി ഇതിനെതിരായ നിലപാടെടുക്കുന്നത് എന്നാണ് ഇവരുടെ സംശയം. എന്നാല്‍, ഇതിന്‍റെ ഉത്തരം ആത്മീയജ്ഞാനമുള്ള ഏതൊരു ക്രൈസ്തവനും അറിയാം! ഹിന്ദുത്വവും ഇസ്ലാമികതയും ഒരേതൂവല്‍പ്പക്ഷികള്‍ ആണെന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കേണ്ടത് സാത്താന്‍റെ ആവശ്യമാണ്‌! അല്ലാഹുവെന്ന പേരില്‍ വിലസുന്നവന്‍ സാത്താനാണെന്ന സത്യം ഒറ്റയടിക്ക് വെളിപ്പെട്ടാല്‍, ‍ താന്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം  നാശക്കൂമ്പാരമാകും എന്നകാര്യം ആരെക്കാളും നന്നായി മുഹമ്മദിനറിയാം! " >>>--------

xxxxxxxxxxxxxxxxxx     ::::::::::::::::      xxxxxxxxxxxxxxxxxxx

ഇതൊന്നുമെന്റെ വാക്കുകള്‍ അല്ല. ഇതെല്ലം "മനോവ ക്രിസ്ത്യന്‍ ജേര്‍ണല്‍"  എന്ന പേരില്‍ നടത്തുന്ന  ഓണ്‍ലൈന്‍ ജേര്‍ണലില്‍ നിന്നാണ്. തങ്ങളുടെ മതത്തിലെ നന്മകളെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനേക്കാള്‍ മറ്റു മതങ്ങളെ എന്തൊക്കെ രീതിയില്‍ ഭല്‍സിക്കാം എന്നതിലാണ് ഇതിന്റെ നടത്തിപ്പുകാര്‍ ഗവേഷണം നടത്തുന്നത് എന്ന് തോന്നുന്നു. എന്തായാലും നല്ല നല്ല കുറെ ലേഖനങ്ങളിലൂടെ മതങ്ങളും ദൈവങ്ങളും എല്ലാം തട്ടിപ്പാണെന്ന് ഇവര്‍ തന്നെ കാണിച്ചു തരുന്നു.

ക്രിസ്ത്യന്‍ മതത്തിലെ തന്നെ വിവിധ വിഭാഗങ്ങളെയും ഇവര്‍ വിമര്‍ശിക്കുന്നുണ്ട് എന്നത് ക്രിസ്ത്യന്‍ മതത്തിലെ അന്തച്ഛിദ്രങ്ങളും വെളിവാക്കുന്നുണ്ട്. ഇതറിയണമെങ്കില്‍ ഈ ജേര്‍ണല്‍ പ്രചരിപ്പിക്കുന്ന ചില ഫേസ്‌ബൂക് ഐ ഡി കളിലൂടെ പോകണം. മതങ്ങള്‍ മനുഷ്യനെ എങ്ങനെയൊക്കെ  ചിന്തിപ്പിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായ കുറെ അധികം ലേഖനങ്ങള്‍ ഇതില്‍ കാണാന്‍ സാധിച്ചു.

അഭിനന്ദനങ്ങള്‍ ദുബായ് - World Expo 2020

World Expo 2020 ദുബായില്‍ നടക്കുമെന്ന് കേട്ടപ്പോള്‍ പലരും സന്തോഷത്തോടെ അഭിനന്ദന പോസ്റ്റുകള്‍ ഫേസ്‌ബൂക്കില്‍ ഇട്ടു. ചുരുക്കി പറഞ്ഞാല്‍ ഇന്നലെ വൈകിട്ട് യു എ ഇ പ്രവാസികളുടെ സ്റ്റാറ്റസുകളില്‍ തൊണ്ണൂറ് ശതമാനവും ഇതുമായി ബന്ധപ്പെട്ടതായിരിക്കും എന്ന് തോന്നുന്നു.

എന്താണ് എക്സ്പോ...
The Great Exhibition, held in London in 1851, inaugurated World Expos as the hallmark events of a world aspiring to strengthen its connections, celebrate its cultural diversity and marvel at its technological wonders.

Every five years and for a period of six months, World Expos attract millions of visitors. The World Expo has never been held in the Middle East, Africa and South East Asia in the history of the event.

The UAE was bidding to host the World Expo 2020 in Dubai under the theme ‘Connecting Minds, Creating the Future’.

World Expo 2020 കൊണ്ട് ഉണ്ടായേക്കാവുന്ന ഗുണങ്ങള്‍

  1. ഇവിടെ ജോലി ചെയ്യുന്ന പലര്‍ക്കും തങ്ങളുടെ ജോലി 2020 വരെ എങ്കിലും "തെറിക്കില്ല" അല്ലെങ്കില്‍ ഈ ജോലി പോയാലും വേറൊന്നു "തരപ്പെടുത്താം" എന്ന ആശ്വാസമാണ്‍ ഇന്നലത്തെ അറിയിപ്പോടെ ലഭിച്ചിരിക്കുന്നത്.

2.483 ഹെക്ടര്‍ സ്ഥലത്ത് ഒരു ചെറിയ സിറ്റി തന്നെ ഇതിനായി നിര്‍മിക്കപ്പെടും. അതിനോട് അനുബന്ധിച്ച് നിരവധി റോഡുകളും പാലങ്ങളും നിര്‍മ്മിക്കപ്പെടും. അതിനു വെളിയില്‍ ഹോട്ടലുകള്‍ പോലെയുള്ള പല കെട്ടിടങ്ങളുടേയും പണി നടക്കും. ഇതിലൊക്കെ കുറെ പേര്‍ക്ക് ജോലി കിട്ടും. ഹോട്ടലുകള്‍ തുടങ്ങിക്കഴിഞ്ഞാല്‍ അനേകം പേര്‍ക്ക് ആ ഫീല്‍ഡില്‍ ജോലി കിട്ടും. (എല്ലാം മലയാളികള്‍ക്കാണ്‍ നേട്ടം എന്നൊന്നും അര്‍ത്ഥമില്ല.)

3. ആറുമാസം നീണ്ടു നില്‍ക്കുന്ന World Expo 2020-യില്‍ രണ്ടു കോടി സന്ദര്‍ശകര്‍ എങ്കിലും എത്തും എന്നാണ്‍ സംഘാടകര്‍ കരുതുന്നത്. അതില്‍ നിന്ന് തന്നെ ഇത് എത്ര വലിയ ഒരു "പരിപാടി"ആണെന്ന് ഊഹിക്കം.

4. ജോലി സാധ്യതെയെ പറ്റി പുറത്തു വന്ന ഊഹക്കണക്ക് അനുസരിച്ച് 270,000 നേരിട്ടുള്ള അവസരങ്ങളും അതിന്റെ 50 മടങ്ങ് നേരിട്ടല്ലാതെയുള്ള അവസരങ്ങളും സൃഷ്ടിക്കപ്പെടും. എത്രത്തോളം ശരിയാണെന്ന് അറിയില്ല. (ഒരു സ്മാര്‍ട്ട് സിറ്റിക്ക് തൊണ്ണൂറായിരം എന്ന കണക്കനുസരിച്ക്‍ കൂടുതലല്ല എന്ന് തോന്നുന്നു )

  ---------------- ------------------ ------------------------

കുറച്ച് വിവരങ്ങള്‍ World Expo 2020 വെബ്‌സൈറ്റില്‍ നിന്നും.http://www.expo2020dubai.ae/en/

Wednesday, November 6, 2013

യുഗങ്ങളും മഹാഭാരതവും

ശിലായുഗം (Stone Age)

  പ്രപഞ്ചോല്പത്തി മുതല്‍ ബി സി അയ്യായിരം വരെയുള്ള നീണ്ട കാലയളവിനെ നമുക്ക് ശിലായുഗം എന്ന് വിശേഷിപ്പിക്കാം അന്ന് മനുഷ്യനും അവന്റെ പൂര്‍‌വ്വികരും കല്ലുകൊണ്ടുള്ള ആയുധങ്ങളും മറ്റുമാണ്‍ ഉപയോഗിച്ചു കൊണ്ടിരുന്നത്.

വെങ്കലയുഗം (Bronze Age)

ഏകദേശം BC 3300-ഓടു കൂടി വെങ്കലത്തിന്റെ ഉപയോഗം തുടങ്ങി. ആഭരണങ്ങള്‍ക്കും പാത്രനിര്‍മ്മാണത്തിനുമൊക്കെ വെങ്കലം ഉപയോഗിച്ചു വന്നു. ആവശ്യത്തിന്‍ ബലമില്ലാതിരുന്നതിനാല്‍ ആയുധം ഉണ്ടാക്കാന്‍ വെങ്കലം ഉപയൊഗിച്ചിരുന്നില്ല. ആ കാലഘട്ടം ഏകദേശം BC1300 വരെ നീണ്ടു എന്നു പറയാം.

അയോയുഗം (Iron Age)

BC 1700-ഓട് കൂടി ഇരുമ്പ് കണ്ടു പിടിക്കപ്പെട്ടു. അതുനു മുമ്പ് തന്നെ ഉല്‍ക്കാശകലങ്ങളില്‍ നിന്ന് ഇരുമ്പ് വേര്‍ തിരിച്ചെടുത്തിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. ഇതൊക്കെയാണെങ്കിലും BC 1200-നു ശേഷമാണ്‍ ഇരുമ്പ് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് ഗവേഷകര്‍ പറയുന്നു. ഇന്ത്യയില്‍ ഇരുമ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതും ഈ കാലഘട്ടത്തില്‍ ആണെന്ന് പറയപ്പെടുന്നു. BC 1100-ഓട് കൂടി എത്തിയ ആര്യന്മാര്‍ ആണ്‍ ഇരുമ്പിന്റെ ഉപയോഗം ഇന്ത്യയില്‍െത്തിച്ചതെന്നും ചിലര്‍ പറയുന്നു. കൗടില്യന്റെ അര്‍ത്ഥശസ്ത്രത്തില്‍ ഇരുമ്പിനെ പറ്റി പറഞ്ഞിട്ടുണ്ട്. അത് BC മൂന്നാം നൂറ്റാണ്ടിലെ കാര്യം. പിന്നീടീങ്ങോട്ട് ഇരുമ്പ് ആണ്‍ എല്ലാ കാര്യത്തിനും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം.

  ************************ *************************

മുകളില്‍ ഇത്രയും ചുരുക്കി പറഞ്ഞ കാര്യങ്ങള്‍ ചില സംശങ്ങള്‍ തീര്‍ക്കാനാണ്... മഹാഭാരതകഥ നടക്കുന്നത് എന്നാണ് എന്ന ചോദ്യത്തിന്‍ ഉത്തരം തേടിയുള്ള യാത്ര ആയിരുന്നു. പലയിടത്തും പലതും കണ്ടു. ലോജിക്കലി കഥ നടക്കാന്‍ സാധ്യതയുള്ളത് BC 1000-നു ശേഷമായിരിക്കണം. കാരണം മഹാഭാരതത്തില്‍ ഇരുമ്പിനെ കുറിച്ചുള്ള പല പ്രസ്ഥാവനകളുമുണ്ട് എന്നത് തന്നെ. അമ്പ് ഉപയോഗം തന്നെ ഏറ്റവും വലിയ ഉദാഹരണം. പിന്നെ, ധൃതരാഷ്ട്രാലിംഗനം, ആ ഇരുമ്പുലക്കയും പിന്നെ ശ്രീകൃഷ്ണന്റെ അന്ത്യവും ഒക്കെ ഇരുമ്പുമായി ബന്ധപ്പെട്ടതാണ്‍.


നിഗമനങ്ങള്‍ :

1: ഇപ്പോള്‍ പ്രചരിക്കുന്നതു പോലെ ശ്രീകൃഷണന്‍ ജനിച്ചതും മഹാഭാരത കഥ നടന്നതും അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പല്ല.

2: ത്രേതായുഗത്തില്‍ ശ്രീരാമന്‍ ഉപയോഗിച്ചതും അമ്പ് തന്നെയാണെന്നതിനാല്‍ ആ കഥയും മുകളീല്‍ പറഞ്ഞ കാലഘട്ടത്തില്‍ തന്നെ നടന്നതാവണം..

ചുരുക്കം: പുരാണ കഥകള്‍ കഥകളായി തന്നെ വിശ്വസിക്കണം, അതിലെ സാരാംശം ഗ്രഹിക്കണം, അതില്‍ പറയുന്ന നല്ലതെല്ലാം മനസ്സിലാക്കണം. അതല്ലാതെ ഇന്നു പ്രചരിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ "കഥകളും" നടപ്പില്‍ വരുത്താന്‍ ചിലര്‍ ശ്രമിക്കുന്ന "അജണ്ടയും" മനസ്സിലാകാതെ ഇതെല്ലാം വള്ളി പുള്ളി വിടാതെ വിഴുങ്ങുന്ന വിഡ്ഡികള്‍ ആകാതിരിക്കുക..

Sunday, October 13, 2013

ജസീറയുടെ സമരം - ഭാവുകങ്ങള്‍

ജസീറ സമരപ്പന്തല്‍ എന്തിന് ഡല്‍ഹിയിലേക്ക് മാറ്റി എന്ന് ചോദിച്ചവരുണ്ട്. സ്വന്തം നാട്ടില്‍ നടത്തിയ സമരത്തിനു ശേഷം രണ്ടു മാസം തിരുവനന്തപുരത്തു സമരം നടത്തിയിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ( ഇടതു വലതു പക്ഷാഭേതം ഇല്ല) ആ സമരം ഏറ്റെടുത്ത് നടത്താന്‍ തയ്യാറായില്ല. എന്തു കൊണ്ടെന്ന് ചോദ്യത്തിനുള്ള ഉത്തരം എല്ലാവര്‍ക്കും അറിയാം എന്ന് കരുതാം. ഡല്‍ഹിയിലേക്ക് സമരം മാറ്റി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ ചിത്രം മാറി (കേരളത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലേ എന്ന ചോദ്യം തല്‍ക്കാലം ചോദിക്കുന്നില്ല). രമേശ് ചെന്നിത്തല സമരപ്പന്തലില്‍ എത്തി. കുട്ടികളുടെ വിദ്യാഭ്യാസത്തെ പറ്റിയാണ്‍ അങ്ങേര്‍ക്കും ആകുലത. (പഠിക്കാന്‍ പോകാത്ത അല്ലെങ്കില്‍ അതിന്‍ കഴിവില്ലാത്ത അനേകം കുട്ടികള്‍ കേരളത്തിലുണ്ടെങ്കിലും അവരെ ഒന്നും ആരും കാണുന്നില്ലേ എന്നത് മറ്റൊരു ചോദ്യം). വി ഡി സതീശനോ വേണു ഗോപാലോ മറ്റാരൊക്കെയോ സമര പന്തലില്‍ ചെന്ന് സുഖവിവരം തിരക്കി പോലും. കേരളത്തില്‍ വച്ച് അത് ചെയ്തു കൂടായിരുന്നോ? ജസീറക്ക് കൊടുത്ത ഉറപ്പ് പാലിക്കുന്നുണ്ടോ എന്നെങ്കിലും അന്വേഷിച്ചോ ഈ മാന്യന്മാര്‍? സാക്ഷര കേരളം, പ്രബുദ്ധ കേരളം എന്നൊക്കെ പറയുമ്പോഴും ഏതെങ്കിലും യുവജന സംഘടനകളോ വിദ്ധ്യാര്‍ത്ഥി പ്രസ്ഥാനങ്ങളോ ജസീറയെ പിന്താങ്ങുവാന്‍ (എന്റെ അറിവില്‍) കേരളത്തില്‍ ഇല്ലായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്‍. ഇടക്ക് ചില ഒറ്റപ്പെട്ട ഇടപെടലുകള്‍ ഉണ്ടായിരുന്നു എന്നത് മറക്കുന്നില്ല. ഡല്‍ഹിയിലെ അക്രമങ്ങളെ കുറ്റം പറയുമ്പോഴും അവിടെയുള്ള വിദ്ധ്യാര്‍ത്ഥി സംഘടനകള്‍ ജസീറക്ക് പിന്തുണയുമായി എത്തുന്നു എന്നത് ഒരു നല്ല ലക്ഷണമായി കാണുന്നു. ജസീറയുടെ സമരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

പൈലീന്‍ ദുരന്തനിവാരണം- സാങ്കേതിക വിജയം

ശാസ്ത്ര സാങ്കേതിക വിദ്യകള്‍ മനുഷ്യനെ എങ്ങനെയെല്ലാം രക്ഷിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‍ ഇന്നലെ നാം കണ്ടത്. പണ്ടായിരുന്നെങ്കില്‍ നടന്നേക്കാമായിരുന്ന ഒരു വന്‍ ദുരന്തമാണ്‍ ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വിദഗ്ദരും സര്‍കാരും നമ്മൂടെ സൈന്യവും ഒത്തു ചേര്‍ന്ന് കുരെയെങ്കിലും തടഞ്ഞത്. കുറഞ്ഞ പക്ഷം ആള്‍നാശത്തിന്റെ കണക്കിലെങ്കിലും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ ഗതിയും വേഗവും ഏകദേശം കൃത്യമായി പ്രവചിച്ചത് നമ്മള്‍ തന്നെ വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ സഹായത്തോടെ ആണെന്നത് അഭിമാനാര്‍ഹം തന്നെ. ചന്ദ്രയാന്‍ വിക്ഷേപണം (ചാന്ദ്രയാന്‍ 1 - അടിസ്ഥാന വിവരങ്ങള്‍ ) നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ചവര്‍ ധാരാളം ഉണ്ട്. വെറുതെ പണം ധൂര്‍ത്തടിക്കുന്നു എന്നായിരുന്നു എന്ന ആക്ഷേപം. ഇന്‍‌സാറ്റ് പദ്ധതിയുടെ തുടക്കത്തില്‍ അങ്ങനെ ഒരു അക്ഷേപം ഉണ്ടായിരുന്നോ എന്നറിയില്ല. ഉണ്ടായിരുന്നുവെങ്കിലും ഇല്ലെങ്കിലും അന്ന് അതിനു വേണ്ടി ചിലവാക്കിയ പണം ഇതുപോലെയൊക്കെയുള്ള അവസരങ്ങളില്‍ മുതലായി എന്നാണ്‍ എനിക്ക് തോന്നുന്നത്. നമ്മുടെ ചൊവ്വാ ദൗത്യത്തിനും ഇതു പോലെ തന്നെയുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരും. പക്ഷേ വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും ഇന്ന് നമ്മള്‍ നടത്തുന്ന പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അന്നത്തെ ജനതക്ക് ഉപകാരപ്രദമായേക്കും എന്നത് അതില്‍ നിന്ന് പിന്‍‌മാറാതെയിരിക്കാന്‍ നമുക്ക് പ്രേരണയാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

Saturday, May 25, 2013

കണ്‍‌വെണ്‍ഷന്‍ സെന്റര്‍ - ബോള്‍ഗാട്ടി


എന്താണ് ലുലു കണ്‍‌വെന്‍ഷന്‍ സെന്റര്‍ എന്നോ, എന്താണ് ആ പ്രോജക്റ്റ് എന്നൊ ഒന്നും അറിയാത്തവരാണ് കേരളത്തിലെ തൊണ്ണൂറ് ശതമാനം ആള്‍ക്കരും. അതില്‍ ഉള്‍പ്പെടുന്നവനാണ് ഞാനും. യൂസഫലി പത്രസമ്മേളനം നടത്തി " എന്നെ കയ്യേറ്റകാരന്‍ എന്നു വിളിച്ചില്ലേ, അതിനാല്‍ ഞാന്‍ കൂട്ടുവെട്ടി, ഞാന്‍ എന്റെ സെന്ററും കൊണ്ട് നാടു വിടുന്നു" എന്ന് പറയുന്ന നിമിഷം,  കേരളത്തിന്റെ വികസനത്തിനു വിലങ്ങുതടിയായി ആരോ പ്രവര്‍ത്തിക്കുന്നു എന്ന് നാട്ടുകാര്‍ക്ക് മുഴുവന്‍ മനസ്സിലായി.

വായിച്ചറിഞ്ഞിടത്തോളം ഒരു കണ്‍‌വെന്‍ഷന്‍ സെന്ററും, അതിന്റെ കൂടെ ഗ്രാന്റ് ഹയാത്ത് ഹോട്ടലും ആണ് ആ പ്രോജക്ട്. ആ പ്രോജക്റ്റ് ആണ് ഇപ്പോള്‍ കേരളത്തിന് നഷ്ടപ്പെടുന്നത്. കേരളത്തിന്റെ വികസനത്തിന് വിലങ്ങു തടിയാകുന്നവര്‍, അതായത് ഇടതുപക്ഷം ജനങ്ങളോട് മാപ്പു പറയണം. മാപ്പു പറയുന്നതിന് മുമ്പ്,,,,

ഈ സെന്റര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. അതു കൊണ്ട് കേരളത്തിന് എന്തൊക്കെയാണ് നഷ്ടപ്പെടുന്നത് എന്നൊക്കെ ആരെങ്കിലും ജനങ്ങളെ പറഞ്ഞു മനസ്സിലാക്കണം. പതിനാലായിരം തൊഴിലവസരം, ഇരുപതിനായിരം തൊഴിലവസരം, അമ്പതിനായിരം ഇന്‍‌ഡയറക്റ്റ് തൊഴിലവസരം എന്നൊക്കെ ആര്‍ക്കും പറയാവുന്നതാണ്.

ഒരു കണ്‍‌വെന്‍ഷന്‍ സെന്റര്‍ പണി തീരുന്നതു വരെ പല കമ്പനികള്‍ക്കും അവിടെ പണി കിട്ടും, പലര്‍ക്കും ആ കമ്പനികളില്‍ ജോലി കിട്ടും എന്നതൊക്കെ ഏത് പ്രോജക്ടിലും ഉള്ളതാണ്. അത് കൂടുതലും മലയാളികള്‍കാവില്ല എന്നത് കേരളത്തിലെ ഇന്നത്തെ തൊഴില്‍മേഘലയെ അറിയുന്നവര്‍ക്കറിയാം. ആതൊന്നുമല്ലാതെ സ്ഥിരം തൊഴിലവസരങ്ങള്‍ എത്ര കാണും എന്നതാണ് ഒരു സ്ഥാപനത്തിന്റെ തൊഴിലവസരം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

കണ്‍‌വെണ്‍ഷന്‍ സെന്റര്‍ എന്നത് എക്സിബിഷന്‍സ് നടത്താനുള്ള പല ഹാളുകളാണ്. അവിടെ നടക്കുന്ന എക്സിബിഷനുകളില്‍ കൂടുതലും പൊതു ജനങ്ങള്‍ക്ക് ഉള്ളതാകില്ല. ലോകത്തിന്റെ പല ഭാഗത്തു നിന്ന് ക്ഷണം സ്വീകരിച്ചെത്തുന്ന പല കമ്പനികളിലെ ആളുകള്‍ക്കു വേണ്ടിയുള്ള എക്സിബിഷനുകള്‍ ആയിരിക്കും അവയില്‍ ഭൂരിഭാഗവും. അങ്ങനെ ഗസ്റ്റുകള്‍ വന്നാല്‍ നമ്മുടെ ഹോട്ടലുകള്‍ക്കൊന്നും ഉപയോഗം ഉണ്ടാകാതിരിക്കാനാണ് ആ കണ്‍‌വെന്‍ഷന്‍ സെന്ററിന്റെ കൂടെ ഹയാത്ത് ഹോട്ടല്‍ കൂടി തുടങ്ങുന്നത്.

ഒരു എക്സിബിഷന്‍ സെന്റര്‍ തുടങ്ങിക്കഴിഞ്ഞാല്‍ അതില്‍ നിന്നുള്ള വരുമാനം സാധാരണക്കാരന് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ്. അത് ദുബായിലും അബു ദാബിയിലും ഉള്ള എക്സിബിഷന്‍ സെന്ററുകള്‍ ദിനേന കാണുന്ന ഒരു ഗള്‍ഫ് വ്യവസായി ആയ യൂസഫലിക്ക് നല്ലവണ്ണം അറിയാം. ഇങ്ങനെയുള്ള ഒരു എക്സിബിഷന്‍ സെന്ററില്‍ പതിനാലായിരമോ അതിലധികമോ സ്ഥിരം തൊഴിലവസരം കാണും എന്നത് ഒരു മിഥ്യയാണ്. ഉള്ളതില്‍ തന്നെ ഭൂരിഭാഗവും നാലാംതരം തൊഴിലവസരങ്ങള്‍ ആയിരിക്കും. ഉദാഹരണമായി ക്ലീനേഴ്സ്, ഓഫിസ് ബോയ്സ് തുടങ്ങിയവ. അതിനൊട് ചേര്‍ന്നു തുടങ്ങുന്ന ഹയാത്ത് ഹോട്ടല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ആണ്. അതില്‍ ഉണ്ടാകുന്ന തൊഴിലവസങ്ങള്‍ അത് ഹോട്ടലുകാര്‍ തീരുമാനിക്കും.

ഈ ഒരു എക്സിബിഷന്‍ സെന്ററും ഹോട്ടലും തുടങ്ങി ആ വ്യവസായ ഗ്രൂപ്പിനും മാത്രം ലാഭം ഉണ്ടാക്കാന്‍ വേണ്ടി ബോള്‍ഗാട്ടി ദ്വീപില്‍ ചെറിയ പാട്ടത്തിന് സ്ഥലം വിട്ടുകൊടുക്കുക എന്നത്
ആത്മഹത്യാപരം തന്നെയാണ്. അത് ഇടതുപക്ഷം ആയാലും വലതു പക്ഷം ആയാലും. എല്ലാത്തിനും എന്റെ പക്കല്‍ ഗവണ്മെന്റ് കടലാസുകള്‍ ഉണ്ടെന്ന് പറയുന്ന യൂസഫലി നാട്ടുകാരെ കളിയാക്കുകയാണോ എന്ന് സംശയം. കാരണം ഇത്രയും മുതല്‍ മുടക്കുന്ന ഒരാള്‍ക്ക് പേപ്പറുകള്‍ ഒപ്പിക്കാന്‍ ഒരു വിഷമവും ഉണ്ടാകില്ല എന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം. തീരദേശ നിര്‍മ്മാണ നിയമങ്ങളും മാറ്റി മറിച്ച പേപ്പറുകളും അതില്‍ കാണും. ആ പേപ്പര്‍ വര്‍ക്കുകളില്‍ എന്തോ തരികിട ഉള്ളതു കൊണ്ടല്ലേ ഇടതുപക്ഷത്തിന്റെ പിടലിയില്‍ കുറ്റം ചാര്‍ത്തി യൂസഫലി പ്രോജക്റ്റ് അവസാനിപ്പിക്കുന്നതെന്നാണ് എന്റെ സംശയം. അതായത്, ആരെങ്കിലും കുത്തിപ്പൊക്കിയാല്‍ ആ പ്രോജക്ടിന് സ്റ്റേ വരുവാനുള്ള സാധ്യത മുന്നില്‍ കണ്ടു കൊണ്ടൂള്ള ഒരു രക്ഷപെടല്‍ . ഒരു പ്രശ്നവുമില്ലാതെ വെറുതെ ഒരു പ്രോജക്ട് ഉപേക്ഷിക്കാന്‍ മാത്രം വിഡ്ഡിയാണൊ മിസ്റ്റര്‍ യൂസഫലി???

 

Sunday, October 7, 2012

ഉയിര്‍ത്തെഴുനേല്‍ക്കുന്ന വെസ്റ്റ് ഇന്‍ഡീസ്.

എണ്‍പത്തഞ്ചില്‍ ടി വി യില്‍ കളി കാണാന്‍ തുടങ്ങുന്ന കാലത്ത് എങ്ങനെ തോല്പ്പിക്കും എന്ന് മറ്റു രാജ്യങ്ങള്‍ തല പുകഞ്ഞ് ആലോചിച്ചു കൊണ്ടിരുന്ന ടീം ആയിരുന്നു വെസ്റ്റ് ഇന്‍ഡീസ്. ഗ്രീനിഡ്ഗും ഹെയിന്‍സും ഓപ്പണ്‍ ചെയ്തിരുന്ന ഇനിംഗ്സ് റിച്ചി റിച്ചാഡ്സണ്‍, കുള്ളനായ ലോഗി തുടങ്ങിയവരില്‍ നിന്ന് മഹാനായ വിവിയന്‍ റിച്ചാര്‍ഡ്സില്‍ എത്തുമ്പൊഴേക്കും ഒരു വിധം ബൗളര്‍മാരും മടുത്തു തുടങ്ങിയിരിക്കും. ഡീന്‍ ജോണ്‍സ് എന്ന കീപ്പറും കൂടി കഴിഞ്ഞാല്‍ ബാറ്റ്സ്മാന്മാര്‍ കഴിഞ്ഞു.... അത്രയും ആയിക്കിട്ടിയാല്‍ രക്ഷപെട്ടു.. പിന്നെയുള്ളത് ഹോള്‍ഡിംഗ്, ആംബ്രോസ്, മാര്‍ഷല്‍, ഗാര്‍ണര്‍, വാല്‍ഷ്, പാറ്റേഴ്സണ്‍ തുടങ്ങിയ പാവം ബൗളര്‍മാര്‍...


ഇനി ഇവരെയെല്ലാം ഔട്ട് ആക്കി ഇന്നിങ്സ് തുടങ്ങുമ്പോള്‍ ആദ്യം എത്തുന്നത് കുറ്റിത്താടിയുമായി ഒരു സൈഡില്‍ നിന്നുള്ള റണ്ണ്പ്പുമായി മാര്‍ഷല്‍. പുറകെ അജാനുബാഹുവായ ഗാര്‍നര്‍, ആംബ്രോസ്... പോരേ... ഇവരെ കാണൂമ്പോള്‍ മുട്ടിടിച്ചു നില്‍ക്കുന്ന ബാറ്റ്സ്മാന്മാര്‍ എല്ലാ ടീമുകളിലും ഉണ്ടായിരുന്നു..

ഇന്നിപ്പോള്‍ T20 നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ കാണൂമ്പോള്‍ പഴയ കാലത്തേക്ക് തിരിച്ചു പോക്കാന്‍ ഈ ടീമിനു കഴിയുമോ എന്ന് ഓര്‍ത്തു പോയി. പഴയ കാലത്തേക്ക് പോയില്ലെങ്കിലും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനു ഇതൊരു തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.

Saturday, April 21, 2012

ഉമ്മന്‍ ചാണ്ടിയും ഞാനും

ഉമ്മന്‍ ചാണ്ടിയെന്ന വിഗ്രഹം എന്റെ മനസ്സില്‍ ഉടഞ്ഞു കഴിഞ്ഞു. രാഷ്ട്റീയക്കാരന്‍ എന്ന് പറയാന്‍ പോലും കൊള്ളാത്ത രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും ഏറാന്‍ മൂളികളായി സ്വന്തം വ്യക്തിത്വത്തെ പോലും തിരിച്ചറിയാന്‍ വയാത്ത കോണ്‍ഗ്രസ് നേതാക്കളുടെ ഇടയില്‍ ഉമ്മന്‍ ചാണ്ടിയെ വേറിട്ട് കാണാന്‍ രാഷ്ട്രീയമല്ലാത്ത ചില കാരണങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു.


കൊച്ചു പ്രായത്തില്‍, അതായത് നാലാം ക്ലാസിലും അഞ്ചാം ക്ലാസിലും ഒക്കെ പഠിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി എന്നത് അച്ചന്റെ അനിയന്റെ കൂടെ പഠിച്ച ഒരു മന്ത്രിയായിരുന്നു. അതു കൊണ്ട് തന്നെ അന്ന് അങ്ങേരോട് ഭയങ്കര സ്നേഹവും ബഹുമാനവും ഒക്കെ ആയിരുന്നു.

പിന്നെ ഇത്തിരി കൂടി വലുതായപ്പോള്‍ നാട്ടില്‍ ആരു മരിച്ചാലും, അല്ലെങ്കില്‍ ഒരു കല്യാണമുണ്ടെങ്കില്‍ അവിടെയൊക്കെ ഓടിയെത്താന്‍ ശ്രമിക്കുന്ന ഒരു എം.എല്‍.എ എന്ന നിലയില്‍ ആ ബഹുമാനം കൂടിവന്നു. പിന്നീട് ഇത്തിരി കൂടി വലുതായപ്പോള്‍ രാഷ്ട്രീയം ഇത്തിരി ഒക്കെ മനസ്സില്‍ കടന്നു വന്നപ്പോള്‍ എതിര്‍ ചേരിയിലാണെങ്കിലും ഞങ്ങളുടെ മണ്ഢലത്തില്‍ അജയ്യന്‍ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയോട് എന്നും ബഹുമാനം ആയിരുന്നു.

പക്ഷേ, ഈ ഗവണ്മെന്റിന്റെ സാരഥി ആയതിനു ശേഷം ആ ബഹുമാനം ഒക്കെ പോയി. പത്തു മാസം കൊണ്ട് ഉമ്മന്‍ ചാണ്ടി എന്ന നല്ല രാഷ്ട്രീയക്കാരന്‍, എന്റെ മനസ്സില്‍ കേരളം കണ്ട ഏറ്റവും നാണം കെട്ട മുഖ്യമന്ത്രി ആയി. സ്വന്തം കസേര നില നിര്‍ത്താന്‍ ആരുടെയൊക്കെ കാലു നക്കാനും അങ്ങേര്‍ക്ക് മടിയില്ല എന്ന്‍ മനസ്സിലാക്കിയതിനാലാണത്.

അഞ്ചാം മന്ത്രി എന്ന ലീഗിന്റെ ആവശ്യത്തിന് വഴങ്ങുകയും, അവരുടെ ആവശ്യം നിറവേറ്റി തന്റെ ആവശ്യം സഫലമാക്കന്‍ ആ നാണം കെട്ട മനുഷ്യന്‍ മന്ത്രി സഭയില്‍ നടത്തിയ അഴിച്ചു പണി ഒരു മുഖ്യമന്ത്രിക്ക് എത്ര മാത്രം താഴാന്‍ കഴിയും എന്നതിന്റെ തെളിവായി ഞാന്‍ കാണുന്നു. സാമുദായിക സന്തുലനം എന്നത് പേരിലെങ്കിലും വരുത്താന്‍ വേണ്ടിയെന്ന പോലെ (സാധിക്കുന്നില്ലയെങ്കിലും) സമുദായ സ്ംഘടനകളെ തൃപ്തിപ്പെടുത്താനുള്ള ആ ശ്രമം തികച്ചും അല്പത്തമായി പോയി.

ഇന്നിപ്പോള്‍ മുസ്ലിം ലീഗിന്റെ ഔദാര്യമാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേര എന്ന് അവര്‍ തന്നെ വിളിച്ചു പറഞ്ഞിട്ടും യാതൊരു ഉളുപ്പുമില്ലാതെ അതില്‍ ഇരിക്കാനുള്ള ശ്രമം തുടരുന്ന ഉമ്മന്‍ ചാണ്ടീ, നിങ്ങള്‍ എന്നില്‍ അവശേഷിച്ചിരുന്ന ബഹുമാനവും കൂടി കളഞ്ഞു കുളിച്ചു... ഒന്നോ രണ്ടോ ജില്ലകളില്‍ മാത്രം എം എല്‍ എ-മാരെ സൃഷ്ടിക്കാന്‍ കഴിവുള്ള, ഒരു മത സംഘടന പോലെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ മുസ്ലിം ലീഗ് എന്ന പാര്‍‍ട്ടിയുടെ കുഴലൂത്തുകാരനഅയി താങ്കള്‍ അധ:പതിച്ചു പോയതില്‍ പണ്ടൊക്കെ നിങ്ങനെ ബഹുമാനിച്ചിരുന്ന എനിക്ക് പോലും സഹതാപം തോന്നുന്നു. ആര്യാടന്‍ പറഞ്ഞതു പോലെ സ്വന്തമായി എം എല്‍ എ മാരെ ജയിപ്പിക്കാന്‍ കഴിവുള്ളവരായി ഇന്ന് സി.പി.എമ്മും കോണ്‍ഗ്രസും മാത്രമേ ഉള്ളൂവെന്ന് ഇനി എന്നാണാവോ ഉമ്മന്‍ ചാണ്ടി മനസ്സിലാക്കുന്നത്?


ഇറ്റാലിയന്‍ കപ്പല്‍ കൊലയാളികളെ വിട്ടു കൊടുക്കാന്‍ ഇറ്റാലിയന്‍ മദാമ്മ നടത്തുന്ന നാടകത്തിലെ വിദൂഷകന്റെ വേഷം കൂടി കെട്ടിയാടി തീര്‍ത്താല്‍ പിന്നെ ഉമ്മന്‍ ചാണ്ടിക്ക് മലയാളികളുടെ മനസ്സില്‍ എവിടെയാകും സ്ഥാനം എന്ന് അങ്ങേരുടെ ചുറ്റും നില്‍ക്കുന്ന മനകുണാപ്പന്മാര്‍ എങ്കിലും പറഞ്ഞു കൊടുത്തിരുന്നെങ്കില്‍!

അടുത്ത പ്രാവശ്യം എങ്കിലും ഏതെങ്കിലും നട്ടെലുള്ള ജീവിയെ പുതുപ്പള്ളിയില്‍ നിന്ന് ജയിപ്പിക്കണേയെന്ന് പഴയൊരു പുതുപ്പള്ളീ മണ്ഢലക്കാരനായ ഞാന്‍ പുതുപ്പള്ളിക്കാരോട് അപേക്ഷിച്ചു കൊള്ളുന്നു.

*******************     XX       *******************

അടിക്കുറിപ്പ്:

ശബനം മൗസി എം.പി ആയെങ്കില്‍ അതേ ഗണത്തില്‍ പെട്ട ഒരു മുഖ്യമന്ത്രിയെ ആദ്യമായി സൃഷ്ടിച്ചതില്‍ കേരള ജനതക്ക് അഭിമാനിക്കാം...

Tuesday, October 11, 2011

നിര്‍മല്‍ മാധവ് പ്രശ്നം - ആകെ കണ്‍ഫ്യൂഷന്‍

ആരെ സപ്പോര്‍ട്ട് ചെയ്യും എന്നറിയാതെ വിഷമിക്കുന്ന ഒരു അവസ്ഥ. അതാണിപ്പോള്‍.. വെടിയും പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെറി പിടിച്ചു ഓടുന്ന പോലീസിനെ കണ്ടാല്‍ എസ്.എഫ് ഐ-യെ സപ്പോര്‍ട്ട് ചെയ്യാന്‍ തോന്നുന്നു.


ഇരുപത്തിരണ്ടായിരത്തിനു മേല്‍ റാങ്കുള്ളവര്‍ക്കും ഗവണ്‍മെന്റ് കോളജില്‍ എഞ്ചിനീയറിങ്ങ് പഠിക്കണം എന്ന് വാശി പിടിക്കുന്ന നിര്‍മലിനെ സപ്പോര്‍ട്ട് ചെയ്യാന്‍ മനസ്സ് അനുവദിക്കുന്നില്ല. കാശ് ഉള്ളതു കൊണ്ടുമാത്രം എഞ്ചിനീയറിങ് പഠിക്കുന്നത് എങ്ങനെ ന്യായീകരിക്കാന്‍? അത് മെറിറ്റില്‍ അവിടെ പഠിക്കുന്ന് മറ്റുള്ളവരെ കൊച്ചാക്കുന്നതിന് തുല്യമല്ലേ?

അപ്പോള്‍ കുറെ പേര്‍ പറയുന്നു, എസ് എഫ് ഐ-ക്കാരുടെ തുടര്‍ച്ചയായ ആക്രമണം മൂലമാണ് ഈ നിര്‍മല്‍ പല കോളേജുകള്‍ മാറി അവസാനം ഇവിടെ എത്തുന്നതെന്ന്. അപ്പോള്‍ അയാളെ സപ്പോര്‍ട്ട് ചെയ്യുകയും എസ് എഫ് ഐ-യെ തള്ളിപ്പറയുകയും വേണം. അപ്പോഴും സംശയം ബാക്കി. അടുത്ത വര്‍ഷം ഇങ്ങനെ പല കാരണങ്ങള്‍ ഉണ്ടാക്കി സ്വാശ്രയ കോളെജുകളില്‍ നിന്ന് വരുന്നവരെ ഒക്കെ ഗവണ്മെന്റ് എന്‍‍ചിനീയറിങ് കോളെജില്‍ ചേര്‍ക്കേണ്ടി വന്നാലോ? അത് ശരിയാകില്ല.

സകല ചട്ടങ്ങളും ലംഘിച്ച് ഒരു വിദ്യാര്‍ത്ഥിയെ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രവേശിപ്പിച്ച ഗവണ്മെന്റ്, ഒരു തീരുമാനവും എടുക്കാതെ വെറുതെ ഇരിക്കുന്നു. അവരെ എങ്ങനെ സപ്പോര്‍ട്ട് ചെയ്യാന്‍?
എന്തായാലും നിര്‍മല്‍ അവിടെ പഠിക്കുന്നതിനോട് യോജിക്കാനാവില്ല, ആ പോലീസുകാരന്‍ ചെയ്തത് ഒട്ടും ശരിയല്ല, എസ് എഫ് ഐ നേതാവ് റാഗിങ് ചെയ്തെങ്കില്‍ അത് ന്യായീകരിക്കാന്‍ ഒട്ടുമാവില്ല എന്നിവ തീരുമാനിച്ച് തല്‍കാലം നിര്‍ത്താം.



Wednesday, July 13, 2011

പഴയ കോപ്പിയടി, ഇപ്പോള്‍ വ്യാപകം..

ഇതാണോ പുതിയ ബൂലോകം  എന്ന് ചോദിക്കേണ്ടിയിരിക്കുന്നു,, കാരണം ഫേസ്ബുക്കില്‍ വരെ പേസ്റ്റ് ചെയ്ത്  പ്രസിദ്ധമായിരിക്കുന്ന ഒരു പോസ്റ്റ് ആണിത്.

സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍. - "ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ' എന്ന് മാത്രമേ വിളിക്കാവൂ. ...എന്നു തുടങ്ങുന്ന ഒരു പോസ്റ്റ്.

ഫേസ് ബൂക്കില്‍ കണ്ടപ്പോള്‍ ഇത് ഏത് ബ്ലോഗില്‍ നിന്നാണെന്ന് അറിയാന്‍ ഒന്നു സേര്‍ച്ച് ചെയ്തതാ.. അപ്പോള്‍  കിട്ടിയത് കുറെയേറെ ഉത്തരങ്ങള്‍... ഇപ്പോള്‍ ഇതിന്റെ ഒരിജിനല്‍ ആരുടേതാണെന്ന്  പോലും സംശയമായി.. കിട്ടിയ ഉത്തരങ്ങളുടെ തീയതി വച്ചു നോക്കിയാല്‍ "മായാലോകം" എന്ന ബ്ലോഗില്‍ നിന്നാണ് ഇത് വൈറസ് പോലെ പടര്‍ന്നിരിക്കുന്നതെന്ന് തോന്നുന്നു.. അതിനാല്‍ തല്‍ക്കാലം ക്രെഡിറ്റ് Maya V ക്ക് കൊടുക്കാം. അതല്ല,, മറ്റാരെങ്കിലുമാണ് കര്‍ത്താവെങ്കില്‍ ക്രെഡിറ്റ് എടുത്ത് അവര്‍ക്ക് കൊടുക്കാം...

May 15, 2011... മായാലോകം...


May 24, 2011.... വിജേഷ് വി നായര്

May 27, 2011 .... എലന്ത

May 29, 2011 .... RAP

May 31, 2011 ..... സംഗീതസംഗമം...

June 10, 2011 ...... കൂട്ടുകാരന്‍

June 18, 2011 ... കൂട്ട് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക്

July 13, 2011 ...... സൈമണ്‍ മാഷ്


ഇനി അനേകം കൂട്ടയ്മകളീല്‍ ഇത് കാണാം.. ഫേസ് ബൂക്കില്‍ വേറെയും.. അതു പോട്ടെ,,,


പക്ഷേ .. ബ്ലോഗുകളില്‍ ഇത് കോപ്പി ചെയ്തു വയ്ക്കുന്നവര്‍ക്ക് നാണമില്ലേ?

Sunday, July 3, 2011

കൗതുക വാര്‍ത്ത

ഇന്നത്തെ ദീപികയില്‍ വന്ന ഒരു വാര്‍ത്തയാണിത്.



ദീപിക - 03/07/2011


ആരെങ്കിലും ഒക്കെ ഫോര്‍‌വേര്‍ഡ് ചെയ്യുന്ന മെയിലുകള്‍ വാര്‍ത്തയാക്കുമ്പോള്‍ ദീപിക പോലുള്ള പത്രം ഒരു അഞ്ചു വര്‍ഷം മുമ്പോട്ടുള്ള കലണ്ടര്‍ എങ്കിലും ചെക്കു ചെയ്തിരുന്നെങ്കില്‍ !! പണിയില്ലാതിരിക്കുന്ന ചില ഊഹാപോഹികള്‍ മനുസ്യനെ പറ്റിക്കാന്‍ ഓരോ മെയിലുകള്‍ പടച്ചു വിടും. എന്നിട്ട് അതിനടിയില്‍ ഒരു കുറിപ്പും കൊടുക്കും. ഈ മെയില്‍ അഞ്ചു പേര്ക്ക് അയച്ചു കൊടുത്താല്‍ അയക്കുന്നവന്റെ അച്ചനും അമ്മയ്ക്കും വേറെ കല്യാണം നടക്കും എന്നൊക്കെയാകും ഉള്ളടക്കം.. കേട്ട പാതി കേള്‍ക്കാത്ത പാതി അയക്കും പത്തു പേര്‍ക്ക്.. ഇങ്ങനെയുള്ള ഒരു മെയില്‍ ആണ് ഈ വാര്‍ത്തക്ക് ആധാരം എന്നറിയാം. കാരണം എനിക്കും കിട്ടിയിരുന്നു ആ മെയില്‍; മൂന്നാലു പ്രാവശ്യം ... അയച്ചവര്ക്കൊക്കെ മറുപടിയും അയച്ചിരുന്നു. 2016 ജൂലൈ-യിലെ കലണ്ടര്‍ ഒന്നു നോക്കാന്‍,,,,




എന്റെ കമ്പ്യൂട്ടറിലെ കലണ്ടര്‍


ദീപികയില്‍ ഈ വാര്‍ത്ത എഴുതിയവന് 2016 വരെ ആയുസ്സുണ്ടോ എന്നൊന്നും അറിയില്ല, പക്ഷേ ആ വര്‍ഷം ജൂലൈ ഈ വര്‍ഷത്തെ ജൂലൈ-യുടെ ആവര്‍ത്തനമാണ്. ഈ അപൂര്‍‌വ്വ ജൂലൈ പണമുണ്ടാക്കാന്‍ പറ്റിയ മാസമാണെന്ന് അഭിനവ ജ്യോതിഷികളും പറയുന്നു പോലും. അപ്പോള്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരു ചാന്‍സുകൂടി കിട്ടും എന്ന് സാരം.

ഇതൊക്കെ ഫോര്‍‌വേറ്‌ഡ് ചെയ്ത് സായൂജ്യമണഞ്ഞ് പണവും നോക്കി ഇരിക്കുന്നവന്റെ ഒക്കെ ചന്തിക്ക് പെടക്കണം. പറഞ്ഞിട്ടു കാര്യമില്ല. ഇന്ന് നാട്ടില്‍ നടക്കുന്ന പണമിടപാട് തട്ടിപ്പ് മുഴുവന്‍ ഇങ്ങനെയുള്ളവരെ പറ്റിച്ച് ആളുകള്‍ മുങ്ങുന്നത് തന്നെയാണ്.

പ്രബുദ്ധരായ, അഭ്യസ്തവിദ്യരായ "വിഡ്ഡികളുടെ" നാടായി നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നു. അതിനു കുട പിടിക്കാന്‍ കുറെ ജ്യോതിഷികളും അവര്‍ക്ക് പരസ്യം കൊടുക്കാന്‍ കുറെ മാധ്യമങ്ങളും... കഷ്ടം


Saturday, January 15, 2011

മകരവിളക്ക് അപകടം ??

മകരവിളക്ക് മഹോത്സവത്തിനിടയില്‍ ഉണ്ടായ അപകടം നാടിനെയാകെ നടുക്കിയിരിക്കുന്ന ഈ അവസരത്തില്‍ മരിച്ചവരുടെ ബന്ധുക്കളോടുള്ള അനുശോചനങ്ങള്‍ അറിയിക്കട്ടെ.


അതോടൊപ്പം എനിക്കുണ്ടായ ചിന്തകള്‍ പങ്കു വയ്ക്കുന്നു. ഇത് ഇപ്പോള്‍ പറയുന്നത് അനുചിതമായി പോയി എന്ന് പറയുവാന്‍ ഉദ്ദേശിക്കുന്നവരോട് ഒരു അപേക്ഷ... ദയവായി വായിച്ചിട്ട് കമന്റ് ഇടാതിരിക്കുക.

ദിനം തോറും (മണ്ഠല കാലത്ത്) ലക്ഷക്കണക്കിന് ഭക്തര്‍ വരുന്ന കേരളത്തിലെ ഒരേ ഒരു പുണ്യസ്ഥലമാണ് ശബരിമല. സര്‍കാരിനും, പൊതുജങ്ങള്‍ക്ക് പല രീതിയിലും, വരുമാനം ലഭിക്കുന്ന ഒരു തീര്‍ത്ഥാടനമാണ് ശബരിമലയിലേത്. (നാട്ടിലെ നോണ്‍-വെജ് ഹോട്ടലുകള്‍ പോലും "വെജിറ്റേറിയന്‍" ആകുന്ന കാലം) എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പലതും സ്ഥാപിക്കുന്നതില്‍ അവിടെ സര്‍ക്കരും, ദേവസ്വം ബോര്‍ഡും അലംഭാവം കാണിക്കുന്നു എന്നൊക്കെയാണ് പല മാധ്യമ റിപോര്‍ട്ടുകളീല്‍ നിന്നും മനസ്സിലായിട്ടുള്ളത്. സുരക്ഷ എന്നാല്‍ 'തീവ്രവാദി' ആക്രമണങ്ങളില്‍ നിന്നുള്ള സുരക്ഷ മാത്രമല്ല എന്ന് ഇപ്പോഴെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്.

മലയിടിഞ്ഞ് വീണോ, ഉരുള്‍ പൊട്ടലില്‍ അകപ്പെട്ടോ ഭക്തര്‍ മരിച്ചാല്‍ അത് ആരുടെയെങ്കിലും വീഴ്ചയായി കണക്കാക്കാന്‍ കഴിയില്ല. പക്ഷേ ഇന്നലെ നടന്ന പോലെയുള്ള ദുരന്തങ്ങള്‍ ഒരു പരിധി വരെയെങ്കിലും ഒഴിവാക്കാവുന്നതാണ്. വണ്ടിപ്പെരിയാറില്‍ നിന്നും 30-40 ആളുകളെ അകത്തും പുറത്തുമായി ഇരുത്തി ട്രിപ് അടിക്കുന്ന ജീപ്പുകള്‍ അധികാരികളുടെ മുമ്പില്‍ കൂടി തന്നെയാണ് പോകുന്നത്. എന്നിട്ടും അവ യധേഷ്ടം ഓടിക്കൊണ്ടിരിക്കുന്നു. സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത പുല്‍‌മേട്ടിലേക്ക് എത്ര പേര്‍ കയറി പോകുന്നു എന്നൊന്നും ആരും കണക്കാക്കുന്നില്ല. അഗാധമായ ഗര്‍ത്തങ്ങളിലേക്ക് പതിക്കാതിരിക്കാന്‍ സുരക്ഷ വല്ലതും ഉണ്ടോ എന്നൊന്നും എനിക്കറിയില്ല.

ഇനി, മകരവിളക്ക് എന്നത് ദിവ്യാത്ഭുതം അല്ല എന്ന് കാലാകാലങ്ങളായി പലരും പറയുന്നു. ആദിവാസികള്‍ അനുഷ്ടിച്ചു വന്നിരുന്ന ഒരു ഉത്സവം, അത് 'ആരൊക്കെയോ' ഏറ്റെടുത്ത് നടത്തി ജ്യോതി തെളിയിക്കുന്നു എന്നാണ് ആരോപണം. ആ ആരോപണങ്ങള്‍ നില നില്‍ക്കെ തന്നെ, ലക്ഷക്കണക്കിന് ഭക്തര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇത് കാണാന്‍ എത്തുന്നു. അവരൊന്നും ഈ ആരോപണങ്ങളെ പറ്റി അറിയുന്നില്ല എന്നാണ് എന്റെ വിശ്വാസം. മകരവിളക്ക് എന്നത് ദൈവീക പ്രഭാവത്താല്‍ തനിയെ തെളിയുന്ന എന്തോ അത്ഭുതം ആണെന്ന് കരുതി തന്നെയാണ് അവര്‍ അവിടെ തടിച്ചു കൂടുന്നത്. ഇനിയെങ്കിലും ഈ ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തി ആരോപണം ശരിയാണെങ്കില്‍ അത് നിര്‍ത്തലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഇനി, ഈ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ അത് ഭക്തര്‍ക്കുള്ള ഒരു അനുഗ്രഹമായി കണക്കാക്കമല്ലോ. അത് ഭക്തിയെ കൂടുതല്‍ ഊട്ടിയുറപ്പിക്കുവാന്‍ സഹായകമാകും. പിന്നെന്തിന് ഭക്തര്‍ ഇങ്ങനെ ഒരു അന്വേഷണത്തെ എതിര്‍ക്കണം?

തീര്‍ത്ഥാടനം നിര്‍ത്തണമെന്നൊന്നും ആരും പറയില്ല, പക്ഷേ പോകുന്നവര്‍ തങ്ങളുടെയും കൂടെയുള്ളവരുടേയും കൂടി സുരക്ഷയെ പറ്റി ബോധവാന്മാരായില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. സര്‍കാരിനും അധികാര കേന്ദ്രങ്ങള്‍ക്കും, പ്രവര്‍ത്തകര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത പലതും സ്വയം തടയാന്‍ തീര്‍ത്ഥാടകര്‍ ശ്രമിക്കണം. ഉയരമുള്ള മരങ്ങളിലും, അഗാധമായ കൊക്കയുടെ വക്കത്തും ഒക്കെയിരുന്ന് ജ്യോതി ദറ്ശിക്കാന്‍ പാടു പെടുന്നവര്‍ സ്വയം ശവക്കുഴികള്‍ ഒരുക്കുകയാണെന്ന് കൂടി പറയേണ്ടിയിരിക്കുന്നു. ഭക്തി ആവാം, പക്ഷേ "അന്ധമായ" ഭക്തി അപകടം വരുത്തും.

സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം എന്ന പ്രഹസനം നടത്താന്‍ ഒരുങ്ങുന്നുണ്ട്. നാലു വര്‍ഷം കഴിയുമ്പോല്‍ കിട്ടുമായിരിക്കും എന്ന് കരുതുന്ന ഒരു സിറ്റിങ് ജഡ്ജ്ജിയേക്കൊണ്ട്  നമുക്ക് അങ്ങനെയൊരു പരിപാടി എന്തിനു നടത്തുന്നു എന്ന് കൂടി ആലോചിക്കുക.

അടുത്ത മണ്ഠല കാലത്തെങ്കിലും നല്ല റോഡുകളും നല്ല സുരക്ഷാ സം‌വിധാനങ്ങളുമായി മല കയറുവാന്‍ അയ്യപ്പ ഭക്തര്‍ക്ക് കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകുന്നു.

അടിക്കുറിപ്പ്

പ്ലാസ്റ്റിക് നിരോധിത മേഖല എന്ന് പറയുന്ന ശബരിമലക്കാടികളിലൂടെ ഇരുമുടിക്കെട്ടിന്റെ മുകളില്‍ കൂടി പ്ലാസ്റ്റിക് മഴക്കോട്ടുമിട്ട്, പ്ലാസ്റ്റിക് കുപ്പിയില്‍ മിനറല്‍ വാട്ടറുമായി പോകുന്ന അയ്യപ്പന്മാരെയും ടെലിവിഷനില്‍ കണ്ടു.

Wednesday, January 12, 2011

അങ്കിളിന്റെ നിര്യാണത്തില്‍ അനുശോചനം

 ശ്രീ ചന്ദ്രകുമാര്‍ എന്‍.പി എന്ന റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരന്‍ 9-01-2011 ന് ഹൃദ്രോഗസംബന്ധമായ അസുഖം മൂലം നിര്യാതനായി. 'അങ്കിള്‍' എന്ന അപരനാമത്തില്‍ ഉപഭോക്താവ് (http://upabhokthavu.blogspot.com/), സര്‍ക്കാര്‍ കാര്യം (http://sarkkaarkaryam.blogspot.com/) എന്നീ ബ്ലോഗുകള്‍ എഴുതിയിരുന്ന അദ്ദേഹത്തിന്റെ നിര്യാണം ഇവിടെ നിന്ന് ഇന്നാണ് അറിഞ്ഞത്.

ഇത്രയും താമസിച്ചാണെങ്കിലും, അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി