ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല്‍കുന്നു ഈ ഭക്തി വില്‍പ്പന. തീര്‍ച്ചയായും നമ്മുടെ വ്യവസായികള്‍ക്ക് അനുകരിക്കാവുന്ന ഒരു മാതൃക. പരസ്യം കൊണ്ട് എങ്ങനെ ഒരു വ്യവസായം വിപുലീകരിക്കാം എന്നും ഭക്തി എങ്ങനെ വളര്‍ത്താം എന്നും ആറ്റുകാല്‍ എന്ന സ്ഥലത്തുള്ളവര്‍ക്ക് നന്നായി അറിയാം എന്ന് നേരത്തെ തെളിയിച്ചു കഴിഞ്ഞതാണല്ലോ. (ഒരാള്‍ ജ്യോതിഷം വിറ്റു കാശാക്കുന്നത് നമ്മുടെ കണ്‍മുമ്പില്‍ ഉണ്ടല്ലോ).
വഴി നീളെ അടുപ്പ് കൂട്ടി പൊതുജനത്തിനു ശല്യം ഉണ്ടാക്കുന്നത് ദൈവത്തിന്റെ പേരില്‍ ആയതിനാല്‍ ആരും മിണ്ടില്ല എന്ന് ഇതിന്റെ സംഘാടകര്‍ക്ക് നല്ലവണ്ണം അറിയാം. ജാഥകള്‍ പോലും നിരോധിച്ച സെക്രട്ടറിയേറ്റും പരിസരത്തും വരെ അടുപ്പുകള്‍ കൂട്ടി പൊങ്കാലയിടാന്‍ വേദി ആയെങ്കില്‍ അതിനര്‍ത്ഥം ഭക്തിയുടെ പേരില്‍ എന്തും ആകാം എന്നല്ലേ? ഇന്നലെ ചാനലുകളില്‍ എല്ലാം ഇത് തന്നെ ആയിരുന്നു .
ഇതിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ എന്തോ പോലെ തോന്നി. പൊങ്കാല അടുപ്പുകളിലേക്ക് ഹെലികോപ്റ്ററില്‍ നിന്നും പുഷ്പവൃഷ്ടി നടത്തുന്ന കാഴ്ച കണ്ടപ്പോള്‍ സത്യത്തില്‍ ചിരി വന്നു പോയി. ഇതാണോ ഭക്തി??? അടുപ്പുകള്‍ക്കിടയിലൂടെ ഒരു വയസ്സായ ആള്‍ നടന്ന് ഒരു പാത്രത്തില്‍ നിന്നു തെങ്ങിന്‍ പൂക്കുല കൊണ്ട് എന്തോ വെള്ളം തളിക്കുന്നു, തീര്‍ഥം ആണത്രെ. അത് എവിടെ ഒക്കെ വീഴുന്നു എന്നൊന്നും അയാള്‍ ശ്രദ്ധിക്കുന്നതായി തോന്നിയില്ല.
സ്ത്രീകളുടെ ശബരിമല ആണു ആറ്റുകാല്‍ അമ്പലം എന്ന് പറയുന്നത് കേട്ടു. അത് ഏത് വകുപ്പിലാണു എന്ന് മനസ്സിലായില്ല. ഈ അമ്പലത്തിന്റെ അധികൃതര്‍ തന്നെ ചാര്‍ത്തി കൊടുത്ത അലങ്കാരം ആയിരിക്കും ഈ പദവി എന്നു തോന്നുന്നു. (ഇവിടെ എന്താ ആണുങ്ങള്‍ക്ക് പ്രവേശനം ഇല്ലേ? അതോ വേറെ ഏതെങ്കിലും തരത്തില്‍ ശബരിമലയുമായി താരതമ്യം ചെയ്യാന്‍ പറ്റുമോ, എനിക്കറിയില്ല.)
ഇത്രയൊക്കെ തോന്നാന്‍ കാരണം അഞ്ചാറു വര്‍ഷം അല്ലെങ്കില്‍ ഒരു പത്ത് വര്‍ഷത്തിനു മുമ്പ് വരെ ആറ്റുകാല്‍ അമ്പലം കേരളത്തിലെ ഒരു സാധാരണ അമ്പലം മാത്രം ആയിരുന്നു. (പൊങ്കാല ഇടാന്‍ വന്ന 'താരങ്ങള്‍' പറയുന്ന കേട്ടു അഞ്ചു വര്‍ഷമായി പൊങ്കാല ഇടുന്നുണ്ടെന്ന്. തിരുവനന്തപുരത്തുള്ള അവര്‍ പോലും പൊങ്കാല ഇടാന്‍ തുടങ്ങിയിട്ട അഞ്ച് വര്‍ഷമേ ആയിട്ടുള്ളൂ. ). ഇപ്പോള്‍ അത് 25 ലക്ഷം സ്ത്രീകള്‍ വരുന്ന അമ്പലം ആയത് എങ്ങെനെ എന്ന് ചിന്തിച്ചു പോയി. അതില്‍ പരസ്യത്തിനുള്ള സ്ഥാനം ചിന്തിച്ചു പോയി.
ഇനി കണക്ക് നോക്കിയാല്‍ ഇതിന്റെ രഹസ്യം മനസ്സിലാകും. 25 ലക്ഷം പൊങ്കാലക്കാര്‍ 10 രൂപ വച്ച് നേര്‍ച്ചയിട്ടാല്‍ രണ്ടര കോടി, അത് ആവറേജ് അന്‍പത് രൂപ ആയാല്‍ പന്ത്രണ്ടര കോടി..പൊങ്കാല ഇടുന്നതിന് വല്ല നടപ്പണവും അടക്കണമോ എന്നു എനിക്കറിയില്ല, ഇത് നേര്‍ച്ചയുടെ കാര്യമാ പറഞ്ഞത്. (ഹെലികോപ്റ്ററില്‍ പുഷ്പ വൃഷ്ടി നടത്തിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ.)
ഇതെല്ലാം കഴിഞ്ഞ് നേര്‍ച്ച കോഴികളെ പോലെ കുറച്ച് കുട്ടികളെ ഒരുക്കി നിര്‍ത്തിയിരിക്കുന്നു. കുത്തിയോട്ട മല്‍സരം ഉണ്ട് പോലും. കഴിഞ്ഞ ആഴ്ച ഒരു ചാനലില്‍ കണ്ടിരുന്നു ഈ കുട്ടികളെ, നാലും അഞ്ചും വയസ്സ് ഉള്ള കുട്ടികളെയും അതില്‍ കണ്ടിരുന്നു. ഒരാഴ്ച്ക അമ്പലത്തില്‍ താമസിച്ച് വൃതം എടുക്കാന്‍ വന്നവര്‍. നിലത്ത് കിടന്നു കരയുന്നവരേയും കണ്ടു. ഇങ്ങനെ ഉള്ള കുട്ടികളെയാണ് ശൂലം കുത്തി ഓടിക്കുന്നത്. ഇതില്‍ നിന്ന് എന്ത് പുണ്യം ആണാവ്വോ അവര്‍ക്ക് ലഭിക്കുക? (ജല്ലിക്കെട്ട് ഇതിലും ഭേദമല്ലേ? )
ഭക്തി നല്ലതാണ് , അത് മനസ്സിന്റെ ഉള്ളില്‍ നിന്നു വരണം. പക്ഷേ ഇത്തരത്തിലുള്ള ഭക്തി എത്രത്തോളം ആത്മാര്‍ത്ഥമാണ് എന്നൊരു സംശയം. ഇത് ഒരു അടിച്ചേല്‍പ്പിച്ച ഭക്തി അല്ലേ? അല്ലെങ്കില്‍ വാണിജ്യവല്‍ക്കരിച്ച ഭക്തി അല്ലേ?ഇപ്പോള്‍ ഈ പൊങ്കാല മറ്റൂ പല അമ്പലങ്ങളീലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്നു. (മറ്റൊരു വ്യവസായിക അമ്പലമായ ചക്കുളത്ത് കാവിലും പൊങ്കാല നടത്തുന്നുണ്ട് എന്നാണ് അറിഞ്ഞത്.)
ഇതിന്റെ പേരില്‍ ആരും എന്നെ തല്ലാന്‍ വരണ്ട. ഇന്നലെ ചാനലുകള്‍വഴി ഇത് ആഘോഷിക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയതാ. ഒന്നുണ്ട് ,മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ഇങ്ങനത്തെ ഉല്‍സവങ്ങള്‍ക്ക് കഴിയും എന്നു തോന്നുന്നു. വെള്ളിയാഴ്ച ആയിട്ടു കൂടി മുസ്ലിം പള്ളിയുടെ മുന്‍പില്‍ അടുപ്പ് കൂട്ടി എന്ന് പറഞ്ഞ് ആരും വഴക്കു കൂടിയതായി കേട്ടില്ല.
Saturday, February 23, 2008
ആറ്റുകാല്‍ പൊങ്കാല - ഭക്തി വ്യവസായം
Subscribe to:
Post Comments (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
36 comments:
ഭക്തി നല്ലതാണ് , അത് മനസ്സിന്റെ ഉള്ളില്‍ നിന്നു വരണം. പക്ഷേ ഇത്തരത്തിലുള്ള ഭക്തി എത്രത്തോളം ആത്മാര്‍ത്ഥമാണ് എന്നൊരു സംശയം. ഇത് ഒരു അടിച്ചേല്‍പ്പിച്ച ഭക്തി അല്ലേ? അല്ലെങ്കില്‍ വാണിജ്യവല്‍ക്കരിച്ച ഭക്തി അല്ലേ?ഇപ്പോള്‍ ഈ പൊങ്കാല മറ്റൂ പല അമ്പലങ്ങളീലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്നു. (മറ്റൊരു വ്യവസായിക അമ്പലമായ ചക്കുളത്ത് കാവിലും പൊങ്കാല നടത്തുന്നുണ്ട് എന്നാണ് അറിഞ്ഞത്.)
ഈ പൊങ്കാലയിടലും ഒന്നും ഭക്തിയല്ല . ഇതിന് ദൈവമായൊന്നും (അങ്ങനെയൊരു ശക്തിയുണ്ടെങ്കില്‍)യാതൊരു ബന്ധവുമില്ല. ജനങ്ങളുടെ വര്‍ധിച്ചുവരുന്ന മാനസികവൈകല്യങ്ങളുടെ നിദര്‍ശനങ്ങളാണിതൊക്കെ . ടി.വി.ആണിതൊക്കെ വളര്‍ത്തുന്നത് . ടി.വി.യില്‍ വരുന്നതെന്തും ആളുകള്‍ സ്വീകരിക്കുന്നു . ഇനി വരും വര്‍ഷങ്ങളില്‍ കേരളം മുഴുവനും പൊങ്കാല അടുപ്പുകള്‍ നിറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല . ദൈവം എന്നാല്‍ ഒരു പ്രപഞ്ചശക്തിയാണെന്നാണ് വിശ്വാസമുള്ളവര്‍ എല്ലാവരും ഒരേ പോലെ പറയുന്നത് . ആ ശക്തി പ്രപഞ്ചം സൃഷ്ടിച്ച് സര്‍വ്വചരാചരങ്ങളേയും പരിപാലിക്കുന്നു എന്നും പറയുന്നു. എത്ര നല്ല കാര്യം ! എല്ലാ ജീവജലങ്ങളേയും ഒരു ദിവ്യശക്തി സദാ പരിപാലിക്കുന്നു . അങ്ങനെയെങ്കില്‍ അവിടെ നിര്‍ത്തിക്കൂടേ വിശ്വാസവും ഭക്തിയും ? എന്നും പ്രഭാതത്തില്‍ എഴുനേറ്റ് ആ ശക്തിയോട് നന്ദി പറയുന്നേടത്ത് മതിയാക്കിക്കൂടേ വഴിപാടുകള്‍ ? പ്രപഞ്ചം തന്നെ സൃഷ്ടിച്ചെടുത്ത മഹാശക്തിക്ക് നിസ്സാരനായ മനുഷ്യന്‍ കാണിക്കകള്‍ കൊടുക്കേണ്ടതുണ്ടോ ? പണവും, സ്വര്‍ണ്ണവും, വസ്ത്രങ്ങളും, ആഹാരപദാര്‍ത്ഥങ്ങളും , വീടുകളും എല്ലാം മനുഷ്യരുടെ ആവശ്യങ്ങളാണ് . ഇതൊക്കെ ദൈവത്തിനെന്തിന് ? ദൈവം എന്നാല്‍ സര്‍വ്യാപിയായ ചൈതന്യമാണെന്നല്ലേ എല്ലാ ഗ്രന്ഥങ്ങളിലും പറയുന്നത് . ഒരു സ്ഥലത്ത് ഒരു അമ്പലം പണിത് അവിടെ ഒരു വിഗ്രഹം സ്ഥാപിച്ചിട്ട് അതിന് ആമ്മ ,ഭഗവതി , അപ്പന്‍ , ദേവി, ദേവന്‍ എന്നിവയിലേതെങ്കിലും ഒരു പേരിട്ടാല്‍ അത് ദൈവമാകുമോ ? തീര്‍ച്ചയായും ഇല്ല തന്നെ . ഇത്തരം പ്രവൃത്തികള്‍ കുട്ടികള്‍ മണ്ണപ്പം ചുട്ടു കളിക്കുന്ന പോലെ ബാലിശമാണ് . ഇങ്ങനെ ചെയ്യുന്നതിനൊന്നും യാതൊരു ഫലവുമില്ല . ഇത്തരം വഴിപാടുകളില്‍ സംപ്രീതമായി വല്ലതും സാധിപ്പിച്ചു കൊടുക്കുന്ന ഒരു ദൈവശക്തിയും നിലവിലില്ല . ഇതൊക്കെ മനുഷ്യരുടെ ആര്‍ത്തിയും ദുരയും അജ്ഞതയും ദൌര്‍ബ്ബല്യങ്ങളും വെളിവാക്കുന്നു എന്നേയുള്ളൂ. ഒരു ജനസമൂഹം മുഴുവന്‍ മദ്യപാനം,ലോട്ടറിടിക്കറ്റിലുള്ള വ്യാമോഹം,ഭക്തിവൈകൃതങ്ങള്‍,തുടങ്ങിയ മാനസിക രോഗങ്ങള്‍ക്കടിമപ്പെട്ട് നട്ടം തിരിയുന്ന കാഴ്ചയാണിന്ന് കേരളത്തില്‍ കാണുന്നത് . ജനങ്ങളെ നേര്‍വഴിക്ക് നയിക്കാന്‍ ഇന്ന് ആരുമില്ല . കാരണം എല്ലാവരും രാഷ്ട്രീയക്കാരും ,ആത്മീയക്കാരും , മതക്കാരും എല്ലാം തന്നെ ഇന്ന് കച്ചവടക്കാരാണ് .ആര്‍ക്കും ഒന്നും പോര. തങ്ങളുടെ വ്യാപാരം വര്‍ദ്ധിപ്പിച്ച് കോടികള്‍ സമ്പാദിക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും . ജീവിതം എത്ര നിസ്സാരവും ക്ഷണികവുമാണെന്ന സത്യം ഇക്കൂട്ടര്‍ ഓര്‍ക്കുന്നേയില്ല . ആര്‍ക്ക് വേണ്ടിയാണ് അല്ലെങ്കില്‍ എന്തിന് വേണ്ടിയാണ് ഇവര്‍ ഇങ്ങനെ പണവും ഭൂമിയും മറ്റുള്ളവരില്‍ നിന്ന് ചുരണ്ടിയെടുത്ത് സമ്പാദിച്ചു കൂട്ടുന്നത് . ഇവരുടെ മക്കള്‍ക്ക് വേണ്ടിയോ ? ഏതായാലും പൊങ്കാലയിട്ടും ശരണം വിളിച്ച് മല കയറിയും ക്ഷീണിക്കുന്ന ഭക്തര്‍ക്ക് അതിന്റെയൊന്നും പേരില്‍ ഒന്നും കിട്ടാനില്ല . നല്ല മനസ്സിന്റെ ഉടമകളായി ബന്ധുക്കളേയും അയല്‍ക്കാരേയും വഴിയില്‍ കണ്ടുമുട്ടുന്ന സഹജീവികളെയും അകൃത്രിമമായി സ്നേഹിക്കുകയും അവരോട് സുതാര്യമായി പെരുമാറുകയും കിട്ടുന്നതില്‍ കുറച്ച് അവരുമായി പങ്ക് വയ്ക്കുകയും ചെയ്തിരുന്നുവെങ്കില്‍ അല്പം മന:സമാധാനവും സംതൃപ്തിയും ലഭിക്കുമായിരുന്നു . ഈ പ്രകടനപരതയാര്‍ന്ന ഭക്തിക്കോപ്രായങ്ങളും ഉറഞ്ഞു തുള്ളലുകളും മാനസികമായ അശാന്തിയിലേക്കും അസ്വസ്ഥതയിലേക്കും മാത്രമേ ആളുകളെ നയിക്കൂ . സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ചുറ്റിലും ഒരു പത്ത് പേരുണ്ടാവുക എന്നതിലെ സുകൃതം പതിനായിരം അമ്പലങ്ങള്‍ തെണ്ടി നടന്ന് നേര്‍ച്ച ഒപ്പിച്ചാലും കിട്ടുകയില്ല . ദൈവം എന്ന ഒരു ശക്തിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ ശക്തിയുടെ സ്ഥാനം തങ്ങള്‍ കരുതുന്നതിലും എത്രയോ ഉയരത്തിലാണെന്ന് ഭക്തര്‍ മനസ്സിലാക്കണം . ആ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഇത്തരം അടുപ്പ് കൂട്ടലുകള്‍ കൊണ്ട് കഴിയില്ല എന്നും മനസ്സിലാക്കണം . ആദ്യമായി ദൈവം എത്രയുണ്ടെന്നും അതെന്താണെന്നും ചിന്തിക്കാന്‍ ശ്രമിക്കണം . സിനിമാ-സീരിയല്‍ നടിമാര്‍ പറയും അവര്‍ പൊങ്കാലയിട്ടത് കൊണ്ടാണ് തങ്ങള്‍ക്ക് ഈ ചാന്‍സ് കിട്ടിയതെന്ന് . അതെല്ലാം വെറും പൊളിവചനങ്ങളാണ് .
ഏതായാലും ഞാന്‍ ഇവിടെയിങ്ങനെ നീണ്ട ഒരു കമന്റ് എഴുതിയത് കൊണ്ടൊന്നും ഈ പൊങ്കാല നില്‍ക്കാന്‍ പോകുന്നില്ല . വിവരമുള്ളവര്‍ ഇനി മേലില്‍ ഈ പുകപ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പൊങ്കാലദിവസം മറ്റെവിടെയെങ്കിലും പോകുന്നതായിരിക്കും നല്ല്ലത് .
ഇതൊക്കെ കാണുമ്പോള്‍ ഇന്നു നിലവിലുള്ള പൂജാദികര്‍മ്മങ്ങളെല്ലം ചിട്ടവട്ടത്തോടെ ഹൈന്ദവധര്‍മ്മതിനു പകര്‍ന്നു നല്കിയ ശ്രീ ആദിശങ്കരന്‍ എഴുതിയ ഒരു ശ്ലോകം എല്ലാ ഹിന്ദുക്കളും ഓര്‍ത്തെങ്കില്‍ എന്നു അറിയാതെ ആശിച്ചുപോകുന്നു...
രൂപം രൂപ വിവര്‍ജ്ജിത സ്വഭവതോ
ധ്യാനേനയത് കല്‍പ്പിതം
സ്തുത്യാനിര്‍വചനീയതാഖില ഗുരോ
ദൂരീകൃതായന്മയാ
വ്യാപ്തിത്വം ച നിരാകൃതം ഭഗവതോ
യത് തീര്‍ത്ഥയാത്രാദിനാ
ക്ഷന്തവ്യം ജഗദീശ തദ് വികലതാം
ദോഷത്രയം മത്‌കൃതം.
(സാരാംശം: അല്ലയോ ജഗദീശ്വരാ.. രൂപമില്ലാത്ത അങ്ങയെ ഞാന്‍ മനസ്സില്‍ വിവിധ രൂപം സങ്കല്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു, വാക്കുകള്‍ക്കതീതനായ അങ്ങയെ ഞാന്‍ വാക്കുകള്‍ കൊണ്ടും പദങ്ങള്‍ കൊണ്ടും സ്തുതിച്ചു, അവിടുന്ന് എങ്ങും നിറഞ്ഞുനില്‍ക്കുന്നു എന്ന സനാതനസത്യത്തെ നിരാകരിച്ചു ഞാന്‍ പലയിടത്തും തീര്‍ത്ഥയാത്രകള്‍ നടത്തി അങ്ങയെ ധ്യാനിക്കാന്‍ ശ്രമിച്ചു, ഞാന്‍ ചെയ്തുപോയ ഈ മൂന്നു തെറ്റുകള്‍ക്കും മാപ്പു നല്‍കി എന്റെ അപരാധങ്ങള്‍ പൊറുക്കേണമേ )
എത്ര മഹനീയമായ ദൈവികത. ഇതാണ് യഥാര്‍ത്ഥ ഹൈന്ദവികത. ഇതറിയാതെ അമ്പലങ്ങള്‍തോറും നടന്നും കുട്ടിദൈവങ്ങളെ നമസ്‌കരിച്ചും ഹൈന്ദവികതയെ നാണംകെടുത്തുന്നവര്‍ക്ക് ആരു മാപ്പുകൊടുക്കാന്‍?
എല്ലാ മതങ്ങളിലും ഇങ്ങനെ പണമുള്ളവര്‍ക്ക് മാത്രമായിട്ടുള്ള ചില പൊള്ളയായ ആചാരങ്ങള്‍ ഉണ്ട്. അനിലിനെ പോലെയുള്ളവര്‍ ഈ പൊള്ളത്തരങ്ങളില്‍ ഇങ്ങനെയെങ്കിലും പ്രതികരിക്കുന്നത് അഭിനന്ദനമര്‍ഹിക്കുന്നു.
"ഏതായാലും പൊങ്കാലയിട്ടും ശരണം വിളിച്ച് മല കയറിയും ക്ഷീണിക്കുന്ന ഭക്തര്‍ക്ക് അതിന്റെയൊന്നും പേരില്‍ ഒന്നും കിട്ടാനില്ല . ""നല്ല മനസ്സിന്റെ ഉടമകളായി ബന്ധുക്കളേയും അയല്‍ക്കാരേയും വഴിയില്‍ കണ്ടുമുട്ടുന്ന സഹജീവികളെയും അകൃത്രിമമായി സ്നേഹിക്കുകയും അവരോട് സുതാര്യമായി പെരുമാറുകയും കിട്ടുന്നതില്‍ കുറച്ച് അവരുമായി പങ്ക് വയ്ക്കുകയും"" ചെയ്തിരുന്നുവെങ്കില്‍ അല്പം മന:സമാധാനവും സംതൃപ്തിയും ലഭിക്കുമായിരുന്നു" .
എനിയ്ക്കു തോന്നിയില്ല ഈ വക അല്പ്പം ഗുണങ്ങള്‍ പോലുമില്ലാത്തവരല്ല അവിടെ കൂടിയിരുന്നതെന്ന്.
ജനത്തെ കൂട്ടത്തോടെ സ്വാധീനിക്കുന്ന ചിലവ്യാവസായിക ബുദ്ധിഘടകങ്ങള്‍ തന്നെയാണു പിന്നില്‍, ഉദ്ധേശം ധനസമാഹരണവും.സാമാന്യ ജനത്തിന് കേവലയുക്തികൊണ്ട് സാഹചര്യങ്ങളോടു പൊരുതാന്‍ കഴിയാതെ വരുമ്പോള്‍ ആ അവസരം മുതലെടുപ്പുകാര്‍ വിനിയോഗിക്കുന്നുണ്‍ട്.ജനം നിസ്സഹായരാണ്,തിരിച്ചറിവുകള്‍ കൊണ്ട് അവര്‍ പ്രബുദ്ധരാകണമെങ്കില്‍ അടിസ്ഥാനപരമായ വിദ്യാഭ്യാസം മുതല്‍ തന്നെ ഒത്തിരി ശുദ്ധമാവേണ്ടിയിരിക്കുന്നു.
i appreciate your views.now all are commercialised,even faith also. next year a chance that the pongala committe wiil issue a lottery with every registration,and offer big freebies
ഒരു സംശയം ഇതെന്റെ മാത്രം ആവാം... ഭക്തിയും വിശ്വാസവുമെല്ലാം അവരവരുടെ സ്വകര്യതയാ. അവര്‍ക്കു വിശ്വാസം ഉള്ളത് പോലെ അവര്‍ ചെയ്യുന്നു .. ഞാന്‍ ഒരിടത്ത്വായിച്ചതാ... പണ്ട് ചില ഭക്തരുടെ ഭക്തിയെ പരീക്ഷിക്കാന്‍ ശ്രീ പാര്‍വ്വതിയും ശ്രീ പരമേശ്വരനും കൂടീ തീരുമാനിച്ചു... ഗംഗയില്‍ മുങ്ങിയാല്‍ ചെയ്തപാപങ്ങള്‍ക്ക് പരിഹാരവും അതില്‍ നിന്നും മുക്തിയും കിട്ടും എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.. അങ്ങിനെ കുറച്ച് ഭക്തര്‍ പാപപരിഹാരര്‍ത്ഥം ഗംഗയില്‍ മുങ്ങി...( ഒരാള്‍ ഒഴികെ എല്ലാവരും വലിയ പണ്ഡിതന്മാരും അതു പോലെ ഉള്ളവര്‍ ആയിരുന്നു .. പക്ഷെ അതില്‍ ഒരാള്‍ പാണ്ഡിത്യമോ കാര്യമായ അറിവോ വിദ്യാഭ്യാസമോ ഒന്നും ഇല്ലാത്ത ഒരു പാവം.... )..എല്ലാവരും ഗംഗയില്‍ മൂങ്ങി.ഈ പാവവും അങ്ങനെ ചെയ്തു.. ആ സമയം ശ്രീ പാര്‍വ്വതിയും പരമേശ്വരനും ഒരു വയസ്സായ വൃദ്ധയുടെയും മരിക്കാറായ ഒരു വൃദ്ധന്റെയും രൂപത്തില്‍ അവിടെ വന്നു.. വൃദ്ധ വാവിട്ടു നിലവിളിച്ചു.. തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കൂടിനിന്നവരോട് കരഞ്ഞു പറഞ്ഞു പലരും വൃദ്ധനെ സഹായിക്കാന്‍ അടുത്തെങ്കിലും വൃദ്ധ പറഞ്ഞു ഈ കൂട്ടത്തില്‍ പാപം ചെയ്യാത്തവര്‍ മാത്രം എന്റെ ഭര്‍ത്താവിനെ സ്പര്‍ശിക്കാവു അല്ലെങ്കില്‍ അദ്ദേഹം മരീച്ച് പോകുമെന്ന്... പെട്ടെന്ന് മുന്നോട്ട് വന്നവര്‍ എല്ലം പിന്മാറി കാരണം ഗംഗയില്‍ മുങ്ങി എന്നാലൂം തങ്ങളുടെ പാപം മാറിയിട്ടുണ്ട് എന്നതിനു ഉറപ്പില്ലല്ലൊ.... നമ്മള്‍ സ്പര്‍ശിച്ച് ഈ പാവം വൃദ്ധന്‍ മരിച്ചാലോ എന്ന് ഭയപ്പെട്ടു.. പക്ഷെ ആ പണ്ഡിതന്‍ അല്ല്ലാത്ത ആ പാവം മനുഷ്യന്‍ വേഗം ചെന്ന് വൃദ്ധനെ സഹായിച്ചു.. പെട്ടെന്ന് പാര്‍വ്വതീ പരമേശ്വരന്മാര്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു വിശ്വാസത്തോടെ എന്ത് ചെയ്താലും ദൈവത്തിന്‍ ഇഷ്ടം ആണെന്നും വിശ്വാസം ഇല്ലാതെ എന്തുചെയ്തിട്ടും കാര്യമില്ലന്നും.... .. ഇതു തന്നെ അല്ലെ എല്ലാമതക്കരുടെയും വിശ്വാസവും അവിശ്വാസവും തമ്മില്‍ ഉള്ള വ്യത്യാസം..... വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ... എന്തിനു അവരെ വിമര്‍ശിക്കണം...നമ്മുടെ നാട്ടില്‍ വലിയ ക്രൂരതകള്‍ നടക്കുന്നില്ലെ.... ? നമുക്ക് അതിനെതിരെ പോരാടാം . അതിനായി ശ്രമിക്കാം.....
ആചാരങ്ങള്‍ (ദുരാചാരങ്ങളല്ല) അനുഷ്ഠിക്കാനുള്ളതാണ്.
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നു ബൈബിളില്‍
പറയുന്നപോലെ ഓരൊരുത്തര്‍ക്കും അവരുടേതായ വിശ്വാസ
ങ്ങളില്ലെ, എന്തിനു വെറുതെ ഒരു കോലാഹലം?. വിശ്വസിക്കുന്നവര്‍
വിശ്വസിച്ചോട്ടേ..ഇല്ലാത്തവരെ ആരും നിര്‍ബന്ധിക്കാറില്ലല്ലോ?
ഉവ്വോ? വീട്ടില്‍ വന്ന് കൈപിടിച്ച് അവിടേ ആരേം കൊണ്ടുപോയി
നിര്‍ബ്ബന്ധമായി പൊങ്കാലയിടീപ്പിച്ചതായി എനിക്കറിവില്ല.
ഒരു കാര്യംകൂടെ താങ്കളുടെ ശ്രദ്ധയ്ക്ക് അവിടെ താങ്കള്‍ പോയി
കണ്ടിട്ടില്ലെങ്കില്‍ കാണണം എന്തിനാന്നറിയോ താങ്കള്‍ക്ക് ഭക്തി
ഉണ്ടാകാന്‍ വേണ്ടിയല്ല. ഇത്രേം ജനങ്ങള്‍
എത്തുന്ന ഒരു സ്ഥലത്ത് വലിയ അനിഷ്ടങ്ങളൊന്നും കൂടാതെ
ഇതുവരേം കാര്യങ്ങള്‍ നടന്നത് സര്‍ക്കാരിന്റെ മാത്രം കഴിവൊന്നുമല്ല
അവിടത്തെ തദ്ദേശീയരായ ചെറുപ്പക്കാര്‍, അതിനു ചുറ്റും താമസിക്കുന്ന
വീട്ടൂകാര്‍ അവരുടെ ത്യാഗം കൂടെയാണത്. സ്വന്തം വീട് വിട്ടു കൊടുത്ത്
പൊങ്കാലയിടാനെത്തുന്ന ലക്ഷക്കണക്കിനു ഭക്തര്‍ക്ക് സൌകര്യങ്ങള്‍
ചെയ്തുകൊടുക്കുന്നത് ഒരു ബിസിനസ് ലക്ഷ്യവും വച്ചല്ല. വരുന്നവര്‍ക്ക്
ആഹാരവും വിശ്രമിക്കാനുള്ള സൌകര്യങ്ങളും അതിനു ചുറ്റും പൊങ്കാല
-എത്തുന്നതുവരെയുള്ള സ്ഥലങ്ങളിലെ - വീട്ടുകാര്‍ ചെയ്യുന്നത് കാശ്
വാങ്ങിയിട്ടല്ല. 15 ലക്ഷത്തില്‍ നിന്നും 20 ലക്ഷത്തിലേയ്ക്ക് ജനത്തിന്റെ
ഒഴുക്കുണ്ടായത് അവരുടെ മനസ്സുകളില്‍ ദേവിയോടുള്ള ഭക്തി കൊണ്ട്
മാത്രമാണ്.......
താങ്കള്‍ക്ക് വിശ്വാസമില്ലെങ്കില്‍ വേണ്ട... എന്തിന് മറ്റുള്ളവരുടെ വിശ്വാസ
ത്തിന്മേല്‍ കത്തി കയറ്റുന്നു???
സുകുമാരേട്ടാ, ഇത്ര നീണ്ട ഒരഭിപ്രായത്തിനു നന്ദി...
കൃഷ്ണ.തൃഷ്ണ... ആദി ശങ്കരനെ ഒക്കെ അറിയാവുന്നവര്‍ ആരും അല്ലല്ലോ ഇതൊക്കെ നടത്തുന്നതും, നടത്തിക്കുന്നതും.
കനല്‍.. എന്തെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ അത് അനീതി ആകില്ലേ?
കാവലാന്‍... അത്രയുമേ ഞാനും പറഞ്ഞുള്ളൂ...
നന്ദു.. വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ... ആരുടെയും വിശ്വാസത്തില്‍ ഞാന്‍ കത്തി കയറ്റിയൊന്നുമില്ല. അത് വിപണനം ചെയ്തതിനെയാണ് ഞാനെതിര്‍ത്ത് പറഞ്ഞത്.
എന്തു കൊണ്ട് അഞ്ചാറ് വര്‍ഷം മുമ്പ് വരെ ഇങ്ങനെയുള്ള ചടങ്ങുകള്‍ ഒന്നും ആരും അറിഞ്ഞില്ല? ഇതൊക്കെ പ്രാദേശികമായ ഉല്‍സവങ്ങള്‍ ആയിരുന്നു. ഞങ്ങളുടെ നാട്ടിലും അമ്പലങ്ങളും ഉല്‍സവങ്ങളും ഒക്കെയുണ്ട്. അതാത് കരകളില്‍ ഉള്ളവര്‍ ആ നാടിന്റെ ഐശ്വര്യത്തിനായി ഓരോ ദേവി സങ്കല്പ്പങ്ങളെ കുടിയിരുത്തുന്നു. അവര്‍ അത് പലപേരുകളില്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നു. കോട്ടയത്ത് തന്നെ മണര്‍കാട്ടമ്മ, കുട്ടിക്കാട്ടമ്മ, കുമാരനല്ലൂരമ്മ,പാറപ്പാടത്തമ്മ, പള്ളിപ്പുറത്ത് കാവിലമ്മ, മലമേല്‍ക്കാവിലമ്മ, അങ്ങനെ പല ദേവിമാരുണ്ട്. അതാത് സ്ഥലത്തെ ആള്‍ക്കാര്‍ അവരവരുടെ സ്ഥലത്തെ അമ്മമാരെ പ്രാര്‍ത്ഥിക്കുന്നു. നന്മ വരണേ എന്നു പ്രാര്‍ത്ഥിക്കുന്നു. അതാണ് വിശ്വാസം. ഇതിപ്പോള്‍ ആറ്റുകാല്‍ അമ്മക്കു പൊങ്കാല ഇട്ടാല്‍ എല്ലാം സാധിക്കും എന്ന രീതിയില്‍ ഉള്ള ഒരു പരസ്യ പ്രചാരണം ആയേ (ഇന്നലെ കണ്ടതൊക്കെ )എനിക്കു തോന്നിയുള്ളൂ.
വിശ്വസിക്കരുത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അത് അവരവരുടെ ഇഷ്ടം. പക്ഷേ ആ ഹെലികോപ്റ്ററില്‍ പൂ വിതറിയതിനെ എങ്ങനെ ന്യായീകരിക്കും? എനിക്കറിയില്ല.
അനില്‍ജീ,
ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തിയതും, ചാനലുകളില്‍ ലൈവ് വന്നതുമൊക്കെയാണ് താങ്കളെ ചൊടിപ്പിച്ചതെങ്കില്‍ അങ്ങനെയൊന്നവര് ചെയ്തുപോയി, ക്ഷമിച്ചുകള അമേദ്യമൊന്നുമല്ലല്ലോ പുഷ്പമല്ലെ ദേഹത്തുവീണാലും വലിയ പരുക്കൊന്നും വരില്ല.
ലക്ഷക്കണക്കിന് തുക ചിലവിട്ട് തൃശ്സൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്തുന്നില്ലെ ഇതൊന്നും ഒരു ദേവിയും ദേവനും പറഞ്ഞിട്ടല്ല അക്കാര്യത്തില്‍ ഞാനും താങ്കളുടെ പക്ഷത്തുണ്ട്. മീഡിയയുടെ എണ്ണം പെരുകിയപ്പോള്‍ അവരത് ആഘോഷമാക്കി മാറ്റി. ആറ്റുകാല്‍ ട്രസ്റ്റ് അതിനെന്തു പിഴച്ചു? ആറ്റുകാലമ്മയില്‍ വിശ്വാസമര്‍പ്പിച്ച് അവിടെ തൊഴാന്‍ വരുന്ന ഭക്ത ജനങ്ങള്‍ എന്തു പിഴച്ചു?. പിന്നെ വിശ്വാസം അതു പറഞ്ഞു പറഞ്ഞ് വ്യാപിക്കുന്നതാണ്. ഒരു സ്ത്രീ എന്തെങ്കിലും മനസ്സില്‍ കരുതി വിശ്വസിച്ച് അവര്‍ക്കത് നടന്നു കിട്ടീയാല്‍ അവരത് പത്തുപേരോടു പറയും കേള്‍ക്കുന്നവര്‍ക്ക് എന്നാലവിടെയൊന്നു പോകണം എന്നു തോന്നും (മനസ്സില്‍ ഭക്തിയുള്ളവരുടെ കാര്യമാണ് ഞാന്‍ പറഞ്ഞത് ) അതു നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയും ചെയ്യും അതാണ് ആറ്റുകാലും, ചക്കുളത്തും, മണ്ടയ്ക്കാടും കാണുന്നത്. അതില്‍ അസഹിഷ്ണുക്കളായ സുകുമാരന്‍ ചേട്ടനെപ്പോലുള്ള യുക്തിവാദികളോ താങ്കളോ, മന്ത്രിയോ വിചാരിച്ചാല്‍ ജനങ്ങളുടെ രൂഡമൂലമായ വിശ്വാസങ്ങളെ മാറ്റി മറിയ്ക്കാനൊ തിരുത്താനൊ കഴിയില്ല! ഇനിയിപ്പോള്‍ സര്‍ക്കരിനും വേദന വരും കാരണം ലക്ഷക്കണക്കിനു രൂപ അവിടെ നടവരവുണ്ടല്ലോ എന്നാല്‍ പിന്നെ ദേവസ്വത്തിലേയ്ക്ക് കൂട്ടാമെന്ന്?. അവിടെ രാഷ്ട്രീയക്കാരുടെ കൈയിട്ടുവാരലില്ല. ട്രസ്തിന്റെ കീഴില്‍ വളരെ മംഗളകരമായി നടക്കുന്നുണ്ട്. അങ്ങു നടന്നു പോട്ടെ അനിലേ! ഒരു ചെറിയ ഓലപ്പുരയില്‍ നാലഞ്ചു കുടുംബക്കാരുടെ വകയായിരുന്ന തെക്കത് ഇന്ന് ഗിന്നസ് ബുക്കില്‍ വരെയെത്തിപ്പെട്ടതിനു പിന്നില്‍ ഭക്തരുടെ സാന്നിദ്ധ്യം തന്നെയാണ്. മീഡിയകള്‍ വന്നത് ഇപ്പോഴെയുള്ളു അതിനു മുന്‍പ് ആറ്റുകാല്‍ പൊങ്കാല കേരളം മുഴുവന്‍ അറിയപ്പെട്ടതു തന്നെയായിരുന്നു. കേരളത്തിലെ നാനാ പ്രദേശങ്ങളില്‍ നിന്ന് അവിടെ പൊങ്കാലയിടാന്‍ സ്ത്രീ ജനങ്ങള്‍ വന്നിരുന്നു. മീഡിയ കൂടിയപ്പോള്‍ അതിനു പ്രചാരം വര്‍ദ്ധിച്ചിരിക്കാം. ഞങ്ങളൊക്കെ ആ കരിയിലും പുകയിലും ജീവിച്ചവരാണ് . സുകുമാരന്‍ ചേട്ടന്‍ പറഞ്ഞ പുകപ്രളയത്തില്‍. ഞങ്ങളൊന്നും ഒളിച്ചോടിയില്ല അവിടെ നിന്നും മറിച്ച് അവിടെ എത്തുന്നവര്‍ക്കുള്ള സഹായങ്ങള്‍ ചെയ്ത് ആ പുകയും കരിയും അനുഭവിച്ച് അവിടെ ഉണ്ടായിരുന്നവരാണ്. അതില്‍ അഭിമാനവും ഉണ്ട്.
അനില്‍ശ്രീ,
താങ്കള്‍ക്ക് ഈ വാണിജ്യവത്ക്കരിച്ച ഭക്തിയില്‍ വിശ്വാസമില്ലെങ്കില്‍ വേണ്ട. വിശ്വസിക്കുന്നവര്‍ അത് ചെയ്യട്ടെ. ഇപ്രകാരം വിമര്‍ശിക്കാന്‍ തുടങ്ങിയാല്‍ സര്‍ക്കാര്‍ സബ്സിഡിയോടെ നടക്കുന്ന പരിപാവനമായ ഹജ് കര്‍മത്തെയും വിമര്‍ശിക്കില്ലെ? പലരും വീടുകളില്‍ വൃതം നോക്കിയും മറ്റും പൊങ്കാലയിടാറുണ്ട്. ചാനലുകളുടെ ആധിക്യം അവര്‍ക്ക് ചൂടുള്ള കൂടുതല്‍ വാര്‍ത്തകള്‍, കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുക്കുന്ന വിശേഷം മുതലായവകാട്ടി കാഴ്ചക്കാരെ സംഘടിപ്പിച്ച് പരസ്യങ്ങളിലൂടെ പണമുണ്ടാക്കലല്ലെ ലക്ഷ്യം? അവര്‍ ആറ്റുകാല്‍ പൊങ്കാലയെപ്പറ്റി കാണിച്ചില്ലെങ്കിലല്ലെ അതിശയിക്കേണ്ടു.
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കും എന്നൊക്കെ പറഞ്ഞാല്‍ എങ്ങന്നാ... ഹിന്ദുക്കളെ വിമര്‍ശിച്ചാലല്ലേ മതേതര പുരോഗമനവാദിയാകാന്‍ കഴിയൂ.
പണം കൊടുത്തും വാങ്ങിയും ഉള്ള ഭക്തി
അത് ആരാധനയാണോ?
ഒരു മതത്തിന്റെയും (ഹിന്ദു, കൃസ്ത്യന്‍, മുസ്‌ലിം)വിശുദ്ധ പ്രമാണങ്ങളിലൊന്നും ദൈവത്തെ
ആരാധിക്കാനും, പൂജിക്കാനും, പ്രാര്‍ഥിക്കാനും (എല്ലാം ഒന്നു തന്നെ!)
പണം വേണമെന്ന് പറഞ്ഞിട്ടില്ല.
മുസ്‌ലിംകളില്‍ പൌരോഹിത്യം നിരോധിക്കപ്പെട്ട
മതമായിട്ടുകൂടി എന്തൊക്കെ പേക്കൂത്തുകളാണ് നടമാടുന്നത്?
ശവകുടീര വ്യവസായം (ജാറം) പോലുള്ളവ ഉദാഹരണം.
എത്രവലിയ പണ്ഡിതനായാലും അയാള്‍ പറയുന്നത് ‘തൊണ്ടതൊടാതെ’ വിഴുങ്ങുന്നവന്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്നും പുറത്താണ് എന്ന് പഠിപ്പിക്കപ്പെട്ട മതത്തില്‍, കല്യാണത്തിന് പള്ളിയിലെ ഇമാം വേണം, ഗൃഹപ്രവേശത്തിന്, എന്തിന് മരിച്ചാല്‍ പോലും!
കഷ്ടം! എന്നല്ലാതെ എന്തു പറയാന്‍??!!
പിന്നെ ഒരാള്‍ ഒരു തറ്റ് ചെയ്യുന്നത് കാണുകയും അത് തെറ്റാണെന്ന് നമുക്ക് ബോധ്യപ്പെടുകയും ചെയ്തിട്ടും, ആ സഹോദരനെ തെറ്റാണ് സഹോദരാ ഈ ചെയ്യുന്നത് എന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് മറ്റുള്ളവരുടെ വിശ്വാസത്തില്‍ കുതിരകയറലാണെന്ന് എനിക്ക് തോന്നുന്നില്ല.
മറിച്ച് ധീരതയാണത്.
ഇത്രയധികം ആളുകള്‍ കൂടിയിട്ട് അപകടാങ്ങളോ അനിഷ്ടങ്ങളോ ഉണ്ടാകാത്തത് ദേവീ കടാക്ഷമാണെങ്കില്‍,
ക്രിസ്ത്യാനികള്‍ക്കും, മുസ്‌ലിംകള്‍ക്കും, എന്തിന് നിരീശ്വര വാദികള്‍ക്കും അത്തരത്തിലുള്ള ‘കടാക്ഷങ്ങള്‍’ അവകാശപ്പെടാമല്ലൊ!
ഇനി നിര്‍ഭാഗ്യവശാല്‍ എന്തെങ്കിലും അപകടങ്ങള്‍ ഉണ്ടായാല്‍?
ദേവീ കടാക്ഷം ഉണ്ടായില്ലെന്നോ, ദേവി തന്നെ ഇല്ല എന്നോ പറയാനും ആളുകളുണ്ടാകില്ലേ?
എല്ലാ മതങ്ങളിലും ഇങ്ങനെ പണമുള്ളവര്‍ക്ക് മാത്രമായിട്ടുള്ള ചില പൊള്ളയായ ആചാരങ്ങള്‍ ഉണ്ട്.
ഇതിനോട് യോചിക്കാന്‍ കഴിയുന്നില്ല.
ഒരു മതത്തിലും അങ്ങിനെയൊരു വേര്‍ത്തിരിവില്ല. പുരോഹിതന്മാര്‍ കടത്തിക്കൂട്ടിയതല്ലാതെ!
ഓരോ ക്ഷേത്രങ്ങളിലും ഓരോ ആചാരങ്ങള്‍ അല്ലേ അനില്‍..വിശ്വസിക്കുന്നവര്‍ ഓരോന്നും ചെയ്യട്ടേ..ഇവിടെ പറവൂരില്‍ ഒരു ക്ഷേത്രത്തില്‍ മുടി വളരാന്‍ വേണ്ടി ദേവിക്കു ചൂല്‍ വഴിപാട് നടത്തുന്ന ഒരു അംബലം ഉണ്ട്..ഉത്സവം തുടങ്ങുംപ്പോള്‍ എത്ര സ്തീകള്‍ ആണു ആ വഴിപാട് കഴിക്കാന്‍ എത്തുന്നത്..മുടികൊഴിച്ചില്‍ മാറാനും അഴകും ആരൊഗ്യവും ഉള്ള മുടി ഉണ്ടാകാനും ആണു ചൂല്‍ നേരുന്നത്..എനിക്കു തോന്നുന്നു കേരളത്തില്‍ കാളികുളങ്ങരയില്‍ മാത്രം ഉള്ള ഒരു വഴിപട് ആണു ഇതെന്ന്..എന്നാല്‍ ഈ വഴിപടു ചെയ്ത എല്ലാ സ്ത്രീകളും പനങ്കുല പോലെ മുടി ഉള്ളവരാണോ എന്നു ചോദിച്ചാല്‍.. ഹ ഹ ഹ എനിക്കു ചിരിക്കാനേ പറ്റൂ..അതു കൊണ്ട് ഓരോരുത്തരും അവരവരുടെ വിശ്വാസമനുസരിച്ച് ആരാധിക്കട്ടെ...
കാന്താരിക്കുട്ടീ , വിശ്വാസങ്ങളുടെ പേരില്‍ പല തട്ടിപ്പുകളും ഇപ്പോള്‍ നാട്ടില്‍ അരങ്ങേറുന്നു. ഈ വിശ്വാസം എന്ന് പറയുന്നത് അത്ര അലംഘനീയവും പാവനവും ചോദ്യം ചെയ്യാന്‍ പാടില്ലാത്തതുമാണോ ? വിശ്വസിക്കുന്നവര്‍
വിശ്വസിച്ചോട്ടേ , നിങ്ങള്‍ എന്തിനാ എതിര്‍ക്കുന്നത് എന്ന് ഇപ്പോള്‍ വ്യാപകമായി പറഞ്ഞു വരുന്നുണ്ട് . അത് ശരിയാണോ ? മറ്റുള്ളവര്‍ ചെയ്യുന്നതും പറയുന്നതും കണ്ടും കേട്ടുമാണ് ഒരാളില്‍ വിശ്വാസങ്ങള്‍ രൂപപ്പെടുന്നത് . അതില്‍ തെറ്റുകള്‍ സംഭവിക്കാം . ആ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് ഒരു സാമൂഹ്യ ജീവിയെന്ന നിലയില്‍ പലരും എല്ലായ്പ്പോഴും ചെയ്തുവരുന്നതാണ് . സമൂഹം ഇന്നത്തെ നിലയില്‍ വളര്‍ന്നത് ഇത്തരം ചൂണ്ടിക്കാട്ടലിലൂടേയും തിരുത്തലിലൂടേയുമല്ലേ ? ബോധപൂര്‍വ്വം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് അവരെ വിശ്വസിപ്പിച്ച് ചൂഷണത്തിന് ഇരയാക്കുന്നത് ഇന്ന് സാര്‍വ്വത്രികമാണ് . എന്റെ അറിവില്‍ ഒരു നാല്‍പ്പത് വര്‍ഷം മുന്‍പ് നാട്ടില്‍ പട്ടിണിയും ദരിദ്ര്യവും പകര്‍ച്ച വ്യാധികളുമായിരുന്നു . അന്നൊന്നും ഇത്രയും അമ്പലങ്ങളോ ആചാരങ്ങളോ ഒന്നും ഇല്ലായിരുന്നു . ഇപ്പോള്‍ ഇക്കാണുന്ന സുഭിക്ഷതയിലേക്കെത്തിയത് ആരെങ്കിലും പ്രാര്‍ത്ഥിച്ചത് കൊണ്ടോ വഴിപാടുകള്‍ കഴിച്ചത് കൊണ്ടോ അല്ല. ഓരോ കാലത്തും നിലവിലുണ്ടായിരുന്ന വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ നിലനിന്നിരുന്നുവെങ്കില്‍ ഇന്നത്തെ ഈ ജീവിതനിലവാരം ഉണ്ടാകുമായിരുന്നോ എന്ന് ആലോചിക്കുന്നത് നല്ലതാണ് . അന്നൊക്കെ വസൂരി വന്നാല്‍ അത് മാരിയമ്മ എന്ന ദേവി വിളയാടിയതാണ് എന്നായിരുന്നു വിശ്വാസം . അതേ പോലെ തുടര്‍ന്നും വിശ്വസിച്ച് ഗോവസൂരി പ്രയോഗത്തെ ആളുകള്‍ തിരസ്കരിച്ചിരുന്നുവെങ്കില്‍ ഇന്ന് ഇവിടെ ആരെങ്കിലും ബാക്കി കാണുമായിരുന്നോ ? എത്രയെത്ര വിശ്വാസങ്ങള്‍ മനുഷ്യര്‍ ഉപേക്ഷിച്ചു ! ഇല്ലെന്ന് പറയാന്‍ പറ്റുമോ ? അതൊന്നും സ്വമേധയാ ഉപേക്ഷിച്ചതല്ല . ചിന്തിക്കുന്നവര്‍ ഓരോ വിശ്വാസങ്ങളിലേയും പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി . ആദ്യമാദ്യം എതിര്‍ത്തു . പിന്നീട് ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ എത്രയോ വിശ്വാസങ്ങള്‍ തള്ളിക്കളഞ്ഞു . വിശ്വസിക്കുന്നു എന്നത് ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ഒരു മാനസികവ്യാപാരമാണെന്ന് ധരിക്കരുത് . വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ തന്നെ വിശ്വാസങ്ങള്‍ക്കെതിരെ സത്യങ്ങളും പ്രചരിപ്പിക്കാമെന്ന് അംഗീകരിക്കണം . വിശ്വാസങ്ങള്‍ എത്ര പൊള്ളയാണെന്നും നിരര്‍ത്ഥകമാണെന്നും ചിരിച്ചു കൊണ്ട് ചൂല്‍ വഴിപാടിനെപ്പറ്റി കാന്താരിക്കുട്ടി പറഞ്ഞല്ലോ . ഭക്തിയും വിശ്വാസവും വഴിപാടും ഒക്കെ തികച്ചും വ്യക്തിപരം തന്നെ . എന്നാല്‍ അതൊക്കെ നടുത്തെരുവില്‍ എത്തുമ്പോള്‍ വിമര്‍ശന വിധേയമാകും . അതില്‍ അസഹിഷ്ണുത ഉണ്ടായിട്ട് കാര്യമല്ല. അപ്പോള്‍ മറ്റ് ആചാരങ്ങളെ ചൂണ്ടിക്കാട്ടി ന്യായീകരിക്കുന്നത് ശരിയല്ല . ഒരു പ്രത്യേക സംഗതിയെ വിമര്‍ശിക്കുമ്പോള്‍ സമാനമായ മറ്റെല്ലാറ്റിനേയും വിമര്‍ശിച്ചതിന് ശേഷം മാത്രമേയാകാവൂ എന്നത് പ്രായോഗികമല്ല്ലല്ലോ . നിലവിലുള്ള പല വിശ്വാസങ്ങളും മനുഷ്യന്റെ സാമാന്യ യുക്തിയെ കൊഞ്ഞനം കുത്തുന്നതാണ് . അതൊക്കെ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുമ്പോള്‍ എതിര്‍ക്കപ്പെടുക തന്നെ ചെയ്യും . ഇന്നുള്ള വിശ്വാസങ്ങള്‍ പലതും കാലാന്തരത്തില്‍ കൊഴിഞ്ഞു പോവുക തന്നെ ചെയ്യും . ഞാന്‍ ഒന്ന് ചോദിക്കട്ടെ : ഈ വിശ്വസിക്കുന്നത് സത്യം തന്നെയാവണ്ടേ ? വിശ്വസിച്ചു പോയി എന്നതിന്റെ പേരില്‍ എന്ത് അസംബന്ധങ്ങളും തുടര്‍ന്നും വിശ്വസിക്കണോ ? കുറഞ്ഞ പക്ഷം ഈ വിശ്വാസങ്ങള്‍ ശരിയാണോ എന്ന് ഒന്ന് ആലോചിച്ചു കൂടേ ? മുന്‍പൊക്കെ ചത്തു പോയ ആളുകളുടെ പ്രേതങ്ങള്‍ ജീവിക്കുന്നവരുടെ ശരീരത്തില്‍ പ്രവേശിച്ച് പല വിക്രിയകളും ചെയ്യുന്നത് നാട്ടില്‍ പതിവായിരുന്നു . ആ പ്രേതങ്ങളെ ഒഴിപ്പിക്കാന്‍ നാട്ടില്‍ ധാരാളം മന്ത്രവാദികളുമുണ്ടായിരുന്നു . പ്രേതാവാശേത്തില്‍ എല്ലാവര്‍ക്കും വിശ്വാസമായിരുന്നു . ഇന്നോ ? അന്ന് പ്രേതം (പേന കൂടല്‍ എന്ന് എന്റെ നാട്ടില്‍ )കൂടുക എന്ന വിശ്വാസത്തെ എതിര്‍ത്തവരെ കുറ്റം പറയാമോ ? മനുഷ്യനില്‍ അന്തര്‍ലീനമായ ഭയങ്ങള്‍ നിമിത്തം പല വിശ്വാസങ്ങള്‍ക്കും ഓരോ കാലത്തും ആളുകള്‍ വശംവദരാകുന്നു . അതിനെയൊന്നും എതിര്‍ക്കരുത് എന്ന് പറയരുത് . ഈ ലോകത്ത് വിശ്വസിക്കുക എന്ന ശീലം ഉള്ളവര്‍ മാത്രമായിരുന്നു ഒന്നൊഴിയാതെ എങ്കില്‍ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് കാന്താരിക്കുട്ടി ഒന്ന് ആലോചിച്ചു നോക്കൂ .....
ഇപ്പം ഒരു "ഗ്ലാമര്‍" ആണ് ഹിന്ദുമത വിശ്വാസം, അംബലങ്ങള്‍, എന്നതിനെക്കുറിച്ച് കളിയാക്കി എഴുതുന്നത്.
5 കൊല്ലമേ ആയുള്ളു പൊങ്കാല എന്നൊക്കെ എത്ര ആധികാരിതയോടെയാണ് വിളിച്ചുകൂവുന്നത്.
എനിക്ക് പത്ത് വയസ്സുവരെ ഞങ്ങളാറ്റുകാലിനടുത്തുള്ള മണക്കാട്ടാണ് താമസിച്ചിരുന്നത് (ഇപ്പോള്‍ 40 കഴിഞ്ഞു കുറേ വര്‍ഷങ്ങളും കൂടി ആയി എന്നു കൂട്ടിക്കോ ;-0 ) അന്നേ എനിക്ക് പൊങ്കാല ഓര്‍മ്മയുണ്ട് ബന്ധുക്കളും ,മറ്റും വീട്ടില്‍ വന്നു നിന്ന് പൊങ്കാല ഇട്ടിട്ട് പോകുമായിരുന്നു.
അന്നും ഇന്നും പൊങ്കാല ഇടാന്‍ വരുന്നവര്‍ക്ക് സമീപത്തെ എല്ലാ വീട്ടുകാരും ജാതിമതഭേദമന്യേ തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തുകൊടുക്കുമായിരുന്നു. വളരെ വലിയ ഒരു മുസ്ലിം സമൂഹം ഉള്ള സ്ഥലമാണ് മണക്കാട് എങ്കിലും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായതായി കേട്ടിട്ടില്ല.
ഇത്രയും popular ആയത് ഈയിടെ ആയിരിക്കാം. പണ്ടൊക്കെ മണക്കാട് ചന്തയുടെ അടുത്തു വരെ എത്തുമ്പോള്‍ ഞങ്ങള്‍ കാണാന്‍ പോകുമായിരുന്നു.
പിന്നെ തീയും പുകയും ഒന്നും പൊങ്കാലയിടുന്നവരെപ്പോലെ മറ്റുള്ളവരും കാര്യമായി എടുക്കാറില്ല.
ചുമ്മാ എന്തെങ്കിലും ഒക്കെ തട്ടിവിടരുതെ.
ആറ്റുകാല്‍ പൊങ്കാലയും വസ്സൂരിയും തമ്മിലുള്ള ബന്ധം എന്താണെന്നു മനസ്സിലാകുന്നില്ല. ആറ്റുകാല്‍ പൊങ്കാല വന്നു ആളുകല്‍ മരിച്ചുകൊണ്ടിരികയാണൊ?
ജീവിതത്തില്‍ പ്രതീക്ഷയുടെ അഗ്നി ജ്വലിപ്പിച്ചുകൊണ്ടു കുറച്ചു പേരെയെങ്കിലും ഒരു വര്‍ഷം കൂടി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നെങ്കില്‍ പൊങ്കാല നടക്കുന്നതല്ലേ നല്ലത്.
തെരുവുകളില്‍ നടക്കുന്ന രാഷ്ട്രീയ മഹാമേളകള്‍ മൂലമുണ്ടാകുന്ന പൊതുജനശല്ല്യത്തെക്കുറിച്ചൊക്കെ എഴുതിയാല്‍ പുരോഗമനന്‍ ആകാന്‍ പറ്റില്ലല്ലൊ?
ഹിന്ദുക്കളെയകുമ്പോല്‍ ആരു പ്രതികരിക്കാന്‍. ഇനി പ്രതികരിച്ചാല്‍ അവന്‍ സംഘപരിവാര്‍ വര്‍ഗ്ഗീയവാദി....
പല പ്രാവശ്യം പറഞ്ഞതാണല്ലോ, ഇന്നലത്തെ ആ കോലാഹലം കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയതാ എഴുതിയിരിക്കുന്നത്. ചാനലുകളില്‍ ലൈവ് കാണിക്കാന്‍ ആറ്റുകാല്‍ ട്രസ്റ്റ് കാശ് കൊടുത്തു എന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ.
ചന്ദ്രേട്ടാ, എനിക്ക് ഇങ്ങനെയുള്ള ഭക്തിയില്‍ വിശ്വാസം ഇല്ല എന്നത് നേര്. പക്ഷേ ആരും വിശ്വസിക്കരുത് എന്നൊന്നും ഞാന്‍ പറഞ്ഞില്ല.
മലയാളി, " ഒരാള്‍ ഒരു തറ്റ് ചെയ്യുന്നത് കാണുകയും അത് തെറ്റാണെന്ന് നമുക്ക് ബോധ്യപ്പെടുകയും ചെയ്തിട്ടും, ആ സഹോദരനെ തെറ്റാണ് സഹോദരാ ഈ ചെയ്യുന്നത് എന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് മറ്റുള്ളവരുടെ വിശ്വാസത്തില്‍ കുതിരകയറലാണെന്ന് എനിക്കും തോന്നുന്നില്ല".
കാന്താരിക്കുട്ടി, ഇങ്ങനെയുള്ള ആചാരങ്ങള്‍ പലയിടത്തും കാണും. അത് ചാനല്‍ ലൈവ് കാണിക്കാത്തതിനാല്‍ നമ്മളില്‍ പലരും അറിയുന്നില്ല.
രാജേഷ്, ആരെയും കളിയാക്കിയാല്‍ കിട്ടുന്നതല്ല ഈ "ഗ്ലാമര്‍". അല്ലെങ്കിലും, ഇപ്പോഴും ഒരു ന്യൂനപക്ഷം മാത്രം വായിക്കുന്ന ബ്ലോഗ് ലോകത്ത്, അതും പത്തോ ഇരുനൂറോ പേര്‍ വായിക്കുന്ന എന്റെ ബ്ലോഗില്‍ എഴുതിയാല്‍ എനിക്കെന്ത് ഗ്ലാമര്‍ ആണാവോ ഉണ്ടാവുക? (എന്റെ മനസ്സില്‍ തോന്നുന്നത് എഴുതാന്‍ അല്ലേ ബ്ലോഗ്, അല്ലാതെ ബ്ലോഗ് എഴുതി സമൂഹം നന്നാക്കാം, ഗ്ലാമര്‍ ഉണ്ടാക്കാം എന്നൊന്നും ഞാന്‍ കരുതുന്നില്ല. അതിനൊന്നും ഞാന്‍ ആളല്ല.) അഞ്ചു കൊല്ലം മുമ്പാണ് പൊങ്കാല തുടങ്ങിയത് എന്ന് പറയാന്‍ ഞാന്‍ അത്ര ലോക വിവരം ഇല്ലാത്ത ആളൊന്നും അല്ല കേട്ടോ. രാജേഷിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ഇത്ര 'Popular" ആയിട്ട് അഞ്ചോ പത്തോ വര്‍ഷമേ ആയുള്ളു എന്നാണ് ഞാനും പറഞ്ഞത്.
ഭൂലോകം, ഹിന്ദുക്കള്‍ എന്നത് വിമര്‍ശനങ്ങള്‍ക്കതീതര്‍ ആണോ? അല്ലെങ്കിലും ഇതില്‍ ഹിന്ദു വിശ്വാസത്തിനെതിരെ വിമര്‍ശനം ഇല്ലല്ലോ. ചില ആചാരങ്ങളെ (അനാചാരങ്ങള്‍ ആണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കൂ) വാണിജ്യവല്‍ക്കരിക്കുന്നതിനെതിരെ ആയിരുന്നു എന്റെ പോസ്റ്റ്. അല്ലെങ്കിലും ആരെങ്കിലും വിമര്‍ശിച്ചു എന്ന് കരുതി തകരുന്നതൊന്നുമല്ലല്ലോ ഹിന്ദുത്വം.
സന്തോഷേ.. നന്ദു മാഷിന്റെ പോസ്റ്റ് അല്ല കേട്ടോ.... നന്ദു ഈ പോസ്റ്റിനെ എതിര്‍ക്കുകയാണ് ചെയ്തത്. എന്തായാലും പോസ്റ്റ് ഇഷ്ടമായി എന്നു പറഞ്ഞതിന് നന്ദി.
ഇത്ര 'Popular" ആയിട്ട് അഞ്ചോ പത്തോ വര്‍ഷമേ ആയുള്ളു എന്നാണ് ഞാനും പറഞ്ഞത്.
(1)ഇത്രയൊക്കെ തോന്നാന്‍ കാരണം അഞ്ചാറു വര്‍ഷം അല്ലെങ്കില്‍ ഒരു പത്ത് വര്‍ഷത്തിനു മുമ്പ് വരെ ആറ്റുകാല്‍ അമ്പലം കേരളത്തിലെ ഒരു സാധാരണ അമ്പലം മാത്രം ആയിരുന്നു. (പൊങ്കാല ഇടാന്‍ വന്ന 'താരങ്ങള്‍' പറയുന്ന കേട്ടു അഞ്ചു വര്‍ഷമായി പൊങ്കാല ഇടുന്നുണ്ടെന്ന്. തിരുവനന്തപുരത്തുള്ള അവര്‍ പോലും പൊങ്കാല ഇടാന്‍ തുടങ്ങിയിട്ട അഞ്ച് വര്‍ഷമേ ആയിട്ടുള്ളൂ.
(2)എന്തു കൊണ്ട് അഞ്ചാറ് വര്‍ഷം മുമ്പ് വരെ ഇങ്ങനെയുള്ള ചടങ്ങുകള്‍ ഒന്നും ആരും അറിഞ്ഞില്ല?
ഇതിലേതാണ് ഞാന്‍ തെറ്റി വായിച്ചത് അനില്‍ശ്രീ?;-)
അനില്‍, ഒരു ചെറിയ ആശയ വിനിമയത്തില്‍ വന്ന അബധമാണിത്. ക്ഷമിക്കുമല്ലോ? എന്തായാലും ബ്ലോഗ് നന്നായിരുന്നു. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.
ഞാനൊരു സംശയം ചോദിച്ചോട്ടെ?
ഇങ്ങ് കോട്ടയം ജില്ലയിലെ ഒരു പട്ടിക്കാട് താമസിക്കുന്ന ഒരു പാവം ശുദ്ധ ഹിന്ദുമത വിശ്വാസി. അന്നന്നത്തേക്ക് കഷ്ടിച്ചു വക കണ്ടെത്തുന്ന ഒരു അധ്വാന ശീലന്‍, തന്റെ ഭാരയയും ആറ്റുകാലില്‍ പോയി പൊങ്കാലയിട്ട് അടുത്തകൊല്ലത്തേക്കുള്ള ഐശ്വര്യം വാങ്ങികൊണ്ട് വരാന്‍ ആഗ്രഹിച്ചു.തന്റെ വീട്ടിലെ ബ്ലാക്ക് ആന്റ് വൈറ്റ് ടീവിയില്‍ നടിമാര്‍ പൊങ്കാലയിട്ട് ഐശ്യര്യം വാങ്ങുന്നത് കണ്ടപ്പഴാ ഈ പൂതി കടന്ന് കൂടിയത്.
അതിനു വേണ്ടി തന്റെ കിടാങ്ങളെ ഒരാഴ്ച പാതി പട്ടിണിയിലിട്ട് കാര്യം സാധിച്ചു. ആറ്റുകാലമ്മ ഈ ഭക്തിയില്‍ സംത്യപ്തയായി കാണുമോ?
ഞാന്‍ ചിന്തിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല . അമ്മേ ആ കിടാങ്ങളുടെ കരച്ചില്‍ സഹിക്കാന്‍ മേലാ...
ആ നടീമാരുടെ ഐശ്യര്യം ഇങ്ങേര്‍ക്ക് കിട്ടിയാലും നിക്ക് സന്തോഷാവും ... ന്നാലും
ഹ..ഹ..ഹ.മൂസാക്കാ, ചോദ്യം ആരോടെന്ന് വ്യക്തമാക്കാത്തതുകോണ്ടാണ്‍ ഞാന്‍ ചാടിക്കേറി ഉത്തരം പറയുന്നത് ക്ഷമിക്കണേ..
നമ്മുടെ (അങ്ങിനെ തന്നെ പറഞ്ഞോട്ടെ പിണങ്ങല്ലെ?!) കഥകളില്‍ പറഞ്ഞ് കേട്ടത് പണ്ട് കുചേലന്‍ ശ്രീകൃഷ്ണനെ കാണാന്‍ പോയതും താങ്കള്‍ പറഞ്ഞപോലെ പട്ടിണി കൊണ്ട് കുടുംബം പൊറുതി മുട്ടിയപ്പോള്‍ പെണ്ണുമ്പിള്ള കൊടുത്ത ഒരു പിടി അവിലുമായിട്ടായിരുന്നു. പക്ഷെ തിരികെ വന്നപ്പോള്‍ അദ്ദേഹത്തിന്‍ സൌഭാഗ്യങ്ങള്‍ ലഭിച്ചു എന്നാണ്. എന്നു വച്ച് അതേപോലെ എന്നല്ല ഞാന്‍ ഉദ്ദേശിച്ചത് ഒരു പക്ഷെ അദ്ദേഹത്തിന്റെ അപ്പോഴുള്ള അവസ്ഥ് മാറാനിടയായെങ്കിലോ?. അതവിടെ നില്‍ക്കട്ടെ, ഞാന്‍ മൂസാക്കയോട് പറയാന്‍ വന്നത് മറ്റൊരു കാര്യം,
“അന്നന്നത്തേക്ക് കഷ്ടിച്ചു വക കണ്ടെത്തുന്ന ഒരു അധ്വാന ശീലന്‍, തന്റെ ഭാരയയും ആറ്റുകാലില്‍ പോയി പൊങ്കാലയിട്ട് അടുത്തകൊല്ലത്തേക്കുള്ള ഐശ്വര്യം വാങ്ങികൊണ്ട് വരാന്‍ ആഗ്രഹിച്ചു.തന്റെ വീട്ടിലെ ബ്ലാക്ക് ആന്റ് വൈറ്റ് ടീവിയില്‍ നടിമാര്‍ പൊങ്കാലയിട്ട് ഐശ്യര്യം വാങ്ങുന്നത് കണ്ടപ്പഴാ ഈ പൂതി കടന്ന് കൂടിയത്.
അതിനു വേണ്ടി തന്റെ കിടാങ്ങളെ ഒരാഴ്ച പാതി പട്ടിണിയിലിട്ട് കാര്യം സാധിച്ചു. ആറ്റുകാലമ്മ ഈ ഭക്തിയില്‍ സംത്യപ്തയായി കാണുമോ?“
താങ്കള്‍ ചോദിച്ച ഇതേ ചോദ്യം എനിക്കും തിരികെ ചോദിക്കാനുണ്ട് മറ്റൊരു വിധത്തില്‍
പക്ഷെ ഞാന്‍ നില്‍ക്കുന്ന സ്ഥലവും സാഹചര്യവും എന്നെ അതിന്‍ അനുവദിക്കുന്നില്ല. അതിനാല്‍ ആ ചോദ്യം അങ്ങേയ്ക്ക് മനസ്സിലായി കാണുമെന്നു ഞാന്‍ കരുതുന്നു!..
മൂസാക്കാ ഇതൊക്കെ ഓരൊ മതത്തിലും കാലങ്ങളായി നിലനിന്നു പോന്ന വിശ്വാസങ്ങളല്ലെ?. എല്ലാ മതങ്ങളിലും ഇതുപോലുള്ള ആചാരങ്ങളോ അനാചാരങ്ങളൊ ഉണ്ട്. അതൊന്നും ഒരു ദൈവവും പറഞ്ഞു ചെയ്യിക്കുന്നതല്ല മനുഷ്യന്റെ വിശ്വാസങ്ങളില്‍ നിന്നു രൂപപ്പെട്ടു വരുന്നതാണ്. പൊങ്കാലയിടുന്നതു സ്വന്തമായം നാടിനും ഐശ്വര്യത്തിനു വേണ്ടിയാണ്‍ അല്ലാതെ ഒരു പ്രദേശത്തെയൂം ജനങ്ങള്‍ നശിച്ചു പോണേന്നു ആശിച്ച് ആരെങ്കിലും പൊങ്കാലയിടാറുണ്ടോ?. നിലവിളക്ക് കത്തിയ്ക്കുന്നത് ഐശ്വര്യമാണ് എന്നാല്‍ അതിനെ തള്ളിപ്പറയുന്നവരും ഇല്ലേ? നല്ലതിനെ കൂട്ടുക ഇല്ലാത്തതിനെ തള്ളുക. ആള്‍ക്കാര്‍ക്ക് നാശമുണ്ടാക്കാനാണ്‍ ഇത്തരം പൊങ്കാലകള്‍ നടത്തുന്നതെങ്കില്‍ അതിനെ അങ്ങേയറ്റം എതിര്‍ക്കുക തന്നെ വേണം താങ്കളോടൊപ്പം ഞാനും നില്‍ക്കാം.. :)
നന്ദേട്ടാ...
നന്ദേട്ടന്‍ ചോദിച്ചില്ലേലും ഞാനത് മനസിലാക്കി. കുടുംബത്തെ പട്ടിണിയിലാക്കിയിട്ട് ,സ്വന്തം പ്രാഥമികകര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാതെ ആരെങ്കിലും ആ കര്‍മ്മത്തിനു പോകുന്നുണ്ടെങ്കില്‍ അയാള്‍ക്ക് ഒരിക്കലും തന്റെ കര്‍മ്മസാഫല്യം നേടാനാവില്ല എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത് അത് ഏത് മതസ്ഥനായാലും.
(നമ്മുടെ എന്ന് തന്നെ പറഞ്ഞുകൊള്ളു.. രാമായണവും മഹാഭാരതവും എന്റെ പൂര്‍വികര്‍ തന്ന എനിക്കും കൂടി അവകാശപെട്ടതുതന്നെയാണ്. മലയാളിയായ ഞാന്‍ എന്റെ സംസ്കാരത്തില്‍ അഭിമാനിക്കതുപോലെ ഭാരതീയന്‍ കൂടിയായ ഞാന്‍ എന്റെ പൂര്‍വിക സ്വത്തായ ഇതിഹാസഗ്രന്ഥങ്ങളിലും അഭിമാനം കൊള്ളുന്നു.)
വിഷയം അതല്ല, മാധ്യമങ്ങളുടെ വാണിജ്യബുദ്ധിയില്‍ സാധാരണക്കാരനായ മനുഷ്യനെ തന്റെ പ്രാഥമിക കര്‍ത്തവ്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്ന പ്രവണതയെ അനില്‍ശ്രീ എതിര്‍ത്തു, അതിനെ ചോദ്യംചെയ്യുന്നവരോട് ഒരു സംശയം ചോദിച്ചു. എന്റെ സംശയത്തിലെ ആറ്റുകാല്‍ പൊങ്കാലയെ പരിശുദ്ധ ഹജ്ജ് കര്‍മ്മം എന്ന് തിരുത്തി വായിക്കണമെങ്കില്‍ അത് ധൈര്യപൂര്‍വ്വം ആയിക്കൊള്ളൂ. നടിമാരുടെ പോസിങ്ങും, ഹെലികോപ്ടറിലെ പുഷ്പാര്‍ച്ചനയുംതുടങ്ങിയ കര്‍മ്മമാറ്റങ്ങള്‍ ആധുനികത അവിടെയും കൊണ്ടുവന്നതായി എനിക്കറിവില്ല.ഉണ്ടെങ്കില്‍ ഇതുപോലെ ഒരുഅനില്‍ശ്രീയാവാന്‍ ഞാനും ആഗ്രഹിക്കുന്നു.
പൊങ്കാല പോട്ടെ, പൊങ്കാലയുടെ കൂടെ വൈകുന്നേരം നടത്തുന്ന കുത്തിയോട്ടത്തെ എങ്ങനെ ന്യായീകരിക്കും എന്നറിയില്ല. മുതിര്‍ന്നവര്‍ അല്ല, ബാലന്മാരെ ആണ് ഇങ്ങനെ പീഢിപ്പിക്കുന്നത് എന്ന് ഓര്‍ക്കുക. അതായത് അവര്‍ സ്വന്ത ഇഷ്ടപ്രകാരമോ, പൂര്‍ണ്ണ ഭക്തിയാലെയോ ആയിരിക്കില്ല അത് ചെയ്യുന്നത്. അതാണ് ഞാന്‍ നേര്‍ച്ചകോഴി എന്ന് പറഞ്ഞത്. ഇപ്രാവശ്യം ടി.വി -യില്‍ വന്നതിനാല്‍ അതിനും അടുത്ത പ്രാവശ്യം ബാലന്മാര്‍ കൂടും. (ഈ ശൂലം എവിടെയാണ് കുത്തുന്നത് എന്നോ, എത്ര എണ്ണം കുത്തുന്നു എന്നോ എനിക്കറിയില്ല, അതോ ശൂലം എന്നത് സാങ്കല്പ്പികം ആണോ എന്നും അറിയില്ല. ശൂലം കുത്തികൊണ്ട് ഓടും എന്ന് ചാനലുകളില്‍ പറയുന്നത് കേട്ടതാണ്. അറിവുള്ളവര്‍ തിരുത്തുക)
പണ്ട് നാട്ടില്‍ തൂക്കം നടത്തുമായിരുന്നു. അത് നിരോധിച്ചിട്ട് ആ നാട്ടില്‍ എന്തെങ്കിലും വിപത്ത് വന്നതായോ, അത് നടത്താത്തതിനാല്‍ ആര്‍ക്കെങ്കിലും ഐശ്വര്യം വരാത്തതായോ അറിയില്ല.
അനില്‍ശ്രീ,
ഭക്തിവ്യവസായം, ആള്‍ദൈവം, ആഗോളവത്ക്കരണം, അമേരിക്കന്‍ സാമ്രാജ്യത്വം - ഇത്തരം ക്ലീഷേ പ്രയോഗങ്ങളില്‍ ഏതെങ്കിലും ഒന്നു തെരഞ്ഞെടുത്ത് അല്പം വികസിപ്പിച്ച് അവിടവിടെ ചില ആരോപണങ്ങളും അധിക്ഷേപങ്ങളും ചേര്‍ത്താല്‍ പ്രസിദ്ധീകരണയോഗ്യമായൊരു ലേഖനമാകുമെന്നൊരു അവസ്ഥയുണ്ടിപ്പോള്‍. അത്തരമൊരു ശ്രമത്തിലൂടെയുള്ള കൂറുപ്രഖ്യാപിക്കലോ രചനാപരിശീലനമോ ആവും എന്നു കരുതി വായിച്ചു മടങ്ങുകമാത്രം ചെയ്തതായിരുന്നു ഈ ലേഖനം. എന്നാല്‍, പിന്നീടു വന്ന കമന്റുകള്‍, താങ്കളിത് ആത്മാര്‍ത്ഥതയോടെ തന്നെ എഴുതിയതാണെന്നും, പറഞ്ഞിരിക്കുന്നത് സ്വന്തം അഭിപ്രായങ്ങള്‍ തന്നെയാണെന്നും തോന്നിപ്പിച്ചു. അതു കൊണ്ട് ചില സംശയങ്ങള്‍ കുറിക്കുന്നു.
(1) ഇവിടെ, വാസ്തവത്തില്‍, ഭക്തി "വ്യവസായവല്‍ക്കരിക്ക"പ്പെടുന്നതിനെ മാത്രമാണോ താങ്കള്‍ എതിര്‍ക്കുന്നത്? 'ഭക്തി' എന്നതു മാത്രമെടുത്താല്‍ എതിര്‍പ്പില്ലെന്നാണോ?
(2) ഭക്തിയോട് എതിര്‍പ്പുണ്ടെങ്കില്‍, അതിന്റെ ആഴമെത്രയാണ്? ഭക്തിയേ പാടില്ല എന്നാണോ നിലപാട്? അതോ ഭക്തിയുടെ ആധിക്യം പാടില്ല എന്നേയുള്ളോ? അതോ ഭക്തിയുടെ വളര്‍ച്ച - കൂടുതല്‍ പേരിലേക്ക് അത് എത്തുന്നത് തടയണമെന്നാണോ?
(3) കുറച്ചൊക്കെ ആവാം എന്നാണെങ്കില്‍, അനുവദനീയമായ (എതിര്‍ക്കപ്പെടേണ്ടതില്ലാത്ത) പരിധി എത്രത്തോളമാണ്? ആ പരിധി നിര്‍ണ്ണയിച്ചതിന്റെ അടിസ്ഥാനമെന്താണ്? ആരും നിര്‍ബന്ധിക്കാതെ, ഒരു ചാനലിലും കാണാതെ സ്വയം തോന്നി ചെയ്യുന്നതാണെങ്കില്‍, എന്തും അനുവദിക്കപ്പെടാം എന്നുണ്ടോ?
(4) വര്‍ഷത്തിലൊരിക്കലേ ഉള്ളൂവെങ്കില്‍പ്പോലും, വിശ്വാസമില്ലാത്തവര്‍ക്കു ബുദ്ധിമുട്ടുണ്ടാകുന്ന മട്ടിലാണ് പൊങ്കാലയുടെ നടത്തിപ്പ് എന്നൊരഭിപ്രായമുണ്ടോ? അതാണോ പ്രശ്നം?
(5) ഇനിയിപ്പോള്‍, ഭക്തിയോ അതിന്റെ വളര്‍ച്ചയോ തടയേണ്ടതില്ലെങ്കിലും, ചാനലുകളിലൂടെയും മറ്റും അതിനു പ്രശസ്തി ലഭിക്കുന്നു എന്നതാണോ പ്രശ്നം? മനപ്പൂര്‍വ്വം ആരെങ്കിലും പ്രശസ്തി കൊടുക്കുന്നതല്ലാതെ, സ്വാഭാവികമായി പ്രശസ്തി വര്‍ദ്ധിച്ചാല്‍ അത് അംഗീകരിക്കാമോ?
(6) ഇതിലെ 'വ്യാവസായിക'ഘടകം എന്താണ്? ചടങ്ങുകളുമായി ബന്ധപ്പെട്ട് അമ്പലത്തിനു ധാരാളം വരുമാനമുണ്ടാകുന്നു എന്നതാണോ പ്രശ്നം? അങ്ങനെ പണമുണ്ടാക്കാനായി മനപ്പൂര്‍വ്വം ഇത്തരം ചടങ്ങുകള്‍ക്കു പ്രചാരം കൊടുക്കുന്നു എന്നാണോ? പൊതുവില്‍ ക്ഷേത്രങ്ങള്‍ക്കു വരുമാന വര്‍ദ്ധനയുണ്ടാകുന്നതിനേപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്? ക്ഷേത്രങ്ങളുടെ വരുമാനം ഇപ്പോള്‍ എങ്ങനെയാണു ചെലവഴിക്കപ്പെടുന്നത് എന്നതേപ്പറ്റി താങ്കള്‍ക്കറിയാമോ? അത് എങ്ങനെയാവണം എന്നതേപ്പറ്റി എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടോ?
(7) ഇത്തരം ചടങ്ങുകള്‍ക്ക് ഗുണപരമായ ചില "വ്യാവസായിക"വശങ്ങള്‍ കൂടിയുണ്ടെന്നു കരുതാമോ? പൊങ്കാലക്കലം, വസ്ത്രങ്ങള്‍ മുതലായവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധാരാളം പാവപ്പെട്ടവര്‍ക്കു തൊഴില്‍ ലഭിക്കുന്നില്ലേ? ഒരുപാടാളുകള്‍ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങളില്‍, അവര്‍ക്കെല്ലാം പൊതുവായി ആവശ്യമുള്ള സാധനങ്ങള്‍ക്ക് വിപണനസാദ്ധ്യതയേറുന്നതു സ്വാഭാവികമല്ലേ? (സി.പി.എം.-ന്റെ സംസ്ഥാനസമ്മേളനത്തിന്റെ സമയത്ത് കോട്ടയത്ത് മദ്യക്കച്ചവടത്തില്‍ ലക്ഷങ്ങളുടെ അധികവരുമാനമുണ്ടായതു കൂടി വേണമെങ്കില്‍ ചേര്‍ത്തു വായിക്കാവുന്നതാണ്)
ഇവിടെ, സത്യത്തില്‍ എല്ലാ ചോദ്യങ്ങളും ഏതാണ്ട് ഒരേ ദിശയിലുള്ളതാണ്. എതിര്‍ക്കപ്പെടേണ്ടതെന്തോ ഉണ്ടെന്ന ഒരു തോന്നലുളവാക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, എന്താണത് എന്നും എന്തുകൊണ്ടാണത് എതിര്‍ക്കപ്പെടേണ്ടത് എന്നും വ്യക്തമായി വിശദീകരിക്കാന്‍ കഴിഞ്ഞുവോ എന്നു സംശയിച്ചു പോകുന്നു. അതിന് സംക്ഷിപ്തമായ ഒരു വിശദീകരണം തരുവാനാകുമെങ്കില്‍, മുകളിലത്തെ ചോദ്യങ്ങള്‍ ഓരോന്നായി പരിഗണിക്കേണ്ടതില്ല.
സുകുമാരേട്ടന്റെ കാര്യത്തില്‍, നിലപാടു വളരെ വ്യക്തമാണ്. തന്റെ കമന്റുകളിലൂടെയും പോസ്റ്റുകളിലൂടെയും അദ്ദേഹമതു മുമ്പു തന്നെ വിശദീകരിച്ചിട്ടുള്ളതാണ്. അനിലിന്റെ നിലപാടിന്റെ കാര്യത്തിലും ആശയവ്യക്തത വരുത്തുവാനുള്ള ഒരു ശ്രമമായി മാത്രം ഇതിനെ കാണണമെന്നും, മുന്‍വിധികളോടെ ചോദ്യങ്ങളെ സമീപിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.
ഇതെല്ലാം ഇതിനകം തന്നെ നന്നായി വിശദീകരിച്ചു കഴിഞ്ഞവയാണ് എന്നാണഭിപ്രായമെങ്കില്‍, അതും പറയാവുന്നതാണ്.
അനിലെ,
അനില്‍ കരുതുമ്പോലെ കുന്തവും ശൂലവും ഒന്നും കുഞ്ഞുങ്ങളുടെ മേല്‍ കുത്തിക്കയറ്റുന്നതല്ല “കുത്തിയോട്ടം” വിക്കിയിലെ ലേഖനം നോക്കൂ താഴെ
ഇത് ആറ്റുകാല്‍ ട്രസ്റ്റിന്റെ സൈറ്റില്‍ കൊടുത്തിട്ടുള്ള വിവരം ആണ്.
Kuthiyottam and Thalappoli
Kuthiyottam performed by boys and Thalappoli by girls are two popular rituals made on the Ponkala day. A stream of young girls dressed in traditional attire holding Thalappoli starts very early in the morning with the hope that the Goddess almighty would be pleased to bestow on them beauty inward and outward, health, wealth and happiness. Boys below the age of 13
years make the offering of Kuthiyottam. These young boys represent the wounded soldiers of
the Goddess Mahishasura Marddini. On the third day of the festival these young boys receive the prasadam (offering) from the temple priest and start a seven day penance to purify their
body and mind. For the purpose they have to pass through rigorous physical and mental discipline such as sleeping on the floor, observing strict diet restrictions, staying in the temple etc. Besides these, the boys have to undergo such disciplines like prostrating 1008 times before the deity after their morning and evening oblations.
വിക്കിയിലെ ലേഖനം:-
കുത്തിയോട്ടം
ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല, താലപ്പൊലി എന്നിവ പോലെ വളരെ പ്രധാന വഴിപാടാണ് ആണ്‍കുട്ടികളുടെ കുത്തിയോട്ടം. ഇതില്‍ പതിമൂന്ന് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുവാന്‍ കഴിയുന്നത്. കാപ്പുകെട്ടി രണ്ടു ദിവസത്തിനു ശേഷമാണ് കുത്തിയോട്ടവ്രതം തുടങ്ങുന്നത്. മഹിഷാസുരനെ വധിച്ച യുദ്ധത്തില്‍ ദേവിയുടെ മുറിവേറ്റ് ഭടന്‍മാരാണ്
കുത്തിയോട്ടക്കാര്‍ എന്നതാണ് സങ്കല്പം. കാപ്പ് കെട്ടി മൂന്നാം നാള്‍ മുതല്‍ വ്രതം ആരംഭിക്കുന്നു.മേല്‍ശാന്തിയുടെ കയ്യില്‍ നിന്നും പ്രസാദം വാങ്ങിയാണ് വ്രതത്തിന്‍റെ തുടക്കം. വ്രതം തുടങ്ങിയാല്‍ അന്ന് മുതല്‍ പൊങ്കാല ദിവസം വരെ കുട്ടികള്‍ ക്ഷേത്രത്തിലാണ് കഴിയുന്നത്. അതിരാവിലെ 4:30 ന് ഉണര്‍ന്ന്
കുളിച്ച് ഈറനണിഞ്ഞ് ദേവീചിന്തയോടെ ഏഴു ദിവസം കൊണ്ട് 1008 തവണ പ്രദക്ഷിണം വയ്ക്കുന്നു. എല്ലാ വ്രതങ്ങളും പോലെ മല്‍സ്യ-മാംസാദികള്‍ കൂടാതെ ചായ, കാപ്പി എന്നിവയും കുത്തിയോട്ട ബാലന്മാര്‍ക്ക്
നല്‍കാറില്ല. രാവിലെ കഞ്ഞി, ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ, രാത്രിയില്‍ അവിലും പഴവും കരിക്കിന്‍ വെള്ളവുമാണ് വ്രതക്കാരുടെ ഭക്ഷണക്രമം. പൊങ്കാല കഴിയുന്നതുവരെ വീട്ടില്‍ നിന്നോ മറ്റ് സ്ഥലങ്ങളില്‍ നിന്നോ വ്രതക്കാര്‍ക്ക് ഒന്നും തന്നെ നല്‍കില്ല. മാത്രവുമല്ല അവരെ തൊടാന്‍ പോലും ആര്‍ക്കും അവകാവും
ഊണ്ടായിരിക്കുന്നതല്ല. പൊങ്കാല ദിവസം നൈവേദ്യം കഴിയുന്നതോട് കൂടി ദേവിയുടെ മുന്‍പില്‍ വച്ച് എല്ലാവരുടേയും വാരിയെല്ലിനു താഴെ ചൂരല്‍ കുത്തുന്നു. വെള്ളിയില്‍ തീര്‍ത്ത നൂലുകളാണ് ചൂരലായി ഉപയോഗിക്കുന്നത്. അതിനുശേഷം നല്ലതുപോലെ അണിയിച്ചൊരുക്കി മാതാപിതാക്കളുടെ കൂടെ
എഴുനള്ളത്തിന് അകമ്പടിക്കായി വിടുന്നു.
ആറ്റുകാല്‍ പൊങ്കാലയുടെ ഹെലികോപ്‌ടര്‍ ദൃശ്യം പകര്‍ത്തുവാനുള്ള അവകാശം ഞങ്ങള്‍ക്കുമാത്രമാണെന്ന് വിപ്ലവകാരികളുടെ വേറിട്ട ചാനല്‍ വിഡ്ഡികളെ ഓര്‍മ്മപ്പെടുത്തുന്നതുകണ്ടപ്പോള്‍ തൊലിയുരിഞ്ഞുപോയി. ഇതെല്ലാം തന്നെ വിപ്ലവം. ആറ്റുകാല്‍ പൊങ്കാലതന്നെയാണ് ശരിയായ വിപ്ലവം. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് വിപ്ലവഗാനവും.
കാണാപ്പുറം,
1. ഭക്തി എന്നതില്‍ എതിര്‍പ്പില്ല എന്ന് ഞാന്‍ പറഞ്ഞല്ലോ. കാരണം അത് അവരവരുടെ മൗലികാവകാശം ആണെന്നു ഞാന്‍ കരുതുന്നു. മതസ്വാതന്ത്ര്യം ഭാരതത്തില്‍ ഉള്ള കാലം വരെ മതത്തിലോ വിശ്വാസത്തിലോ മറ്റുള്ളവര്‍ കൈകടത്തേണ്ട കാര്യമില്ല.
2. അന്ധമായ ഭക്തിയെ എതിര്‍പ്പ് തന്നെയാണ്. അതിന്റെ ആഴവും പരപ്പും ഒന്നും അറിയില്ല. പൂജാരി പറഞ്ഞാല്‍ ചോദ്യം ചെയ്യാതെ അനുസരിക്കുക, ജ്യോത്സ്യന്‍ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുക, യന്ത്രങ്ങള്‍ ധരിച്ചാല്‍ പലതും നടക്കും എന്ന് പറയുന്നത് വിശ്വസിക്കുക, തുടങ്ങി പലതിലും എതിര്‍പ്പുണ്ട്.
3. ഭക്തി ഒരു തരം മാനസികചികില്‍സ ആയി കണക്കാക്കിയാല്‍ നല്ലതു തന്നെ. നല്ലത് വരട്ടെ എന്നുള്ള ശക്തമായ ചിന്ത മൂലം മനസ്സിനു വരുന്ന ശക്തി അത് നല്ലതാണ്. അതിനു വാണിജ്യപരമായ ഒരു മീഡിയയുടെ ആവശ്യമില്ല. അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏതെങ്കിലും പ്രത്യേക ദൈവത്തെ പ്രാര്‍ത്ഥിച്ചാല്‍ ഫലം കിട്ടും എന്നു പറയുന്നതില്‍ കഴമ്പില്ല.
4. ബുദ്ധിമുട്ട് ഉണ്ടോ എന്നു ചോദിച്ചാല്‍, ആ നാട്ടുകാരാണ് മറുപടി പറയേണ്ടത്. ഞാന്‍ നേരിട്ട് അനുഭവിച്ചിട്ടില്ല. കണ്ടിടത്തോളം ഒരു തലസ്ഥാന നഗരിയില്‍ ആയതിനാല്‍ പലര്‍ക്കും ബുദ്ധിമുട്ട് കാണും എന്നു തോന്നുന്നു. ആരും പറയുന്നില്ല 'എന്നതാവാം' നേര്.
5. നേരത്തെ ഒരു കമന്റില്‍ ഞാന്‍ പറഞ്ഞിരുന്നു, പ്രാദേശികമായ പല ഉത്സവങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ട്. അവിടെ ഒക്കെ ഇങ്ങനെ പല ചടങ്ങുകളും ഉണ്ട്. അതൊക്കെ "ഇത്തരത്തില്‍" പ്രശസ്തി നേടിയാല്‍ എന്തായിരിക്കും സ്ഥിതി? ആറ്റുകാല്‍ അമ്മയുടെ സമാന ഭാവത്തില്‍ ഉള്ള എത്ര ക്ഷേത്രങ്ങള്‍ കേരളത്തില്‍ കാണും? (അവിടെ ഏത് ഭാവത്തില്‍ ആണ് പ്രതിഷ്ട എന്ന് എനിക്കറിയില്ല). ഈ പൊങ്കാല ഇടാന്‍ ദൂരെ ദേശത്ത് നിന്ന് വരുന്ന ഭക്തകള്‍ക്ക് അവരവരുടെ സ്ഥലത്തുള്ള ദേവി ക്ഷേത്രത്തില്‍ പോയാല്‍ പോരെ? (ഇതൊരു സംശയം മാത്രമാണ് ).
6.നന്ദു എഴുതിയ പോലെ "ഒരു ചെറിയ ഓലപ്പുരയില്‍ "നാലഞ്ചു കുടുംബക്കാരുടെ" വകയായിരുന്ന തെക്കത് ഇന്ന് ഗിന്നസ് ബുക്കില്‍ വരെയെത്തിപ്പെട്ടതിനു പിന്നില്‍ ഭക്തരുടെ സാന്നിദ്ധ്യം തന്നെയാണ്." ഈ സാനിദ്ധ്യം ഉണ്ടായത് വെറും വായ്മൊഴി പരസ്യം കൊണ്ടാണ് എന്നു വിശ്വസിക്കണമോ? ഞാന്‍ മറ്റൊരു പോസ്റ്റിന്റെ കമന്റില്‍ എഴുതിയിരുന്നു കോട്ടയത്തിനടുത്തെ മള്ളിയൂര്‍ എന്ന അമ്പലത്തെ പറ്റി. ഇവിടെ ഒരു വഴിപാടിന് 20000-30000 ഒക്കെയാണ് ചാര്‍ജ്. ഇതൊക്കെ അമ്പലത്തിന് വരുമാനം ഉണ്ടാക്കാനല്ലാതെ എന്തിനാണ് ? ആ വരുമാനം കിട്ടാന്‍ അവര്‍ തന്നെ പരസ്യവും കൊടുക്കുന്നു. ( ഈ അമ്പലവും പ്രൈവറ്റ് ആണ് ഒരു കുടുംബത്തിന്റെ വക.)
7. ഇത്തരം ചടങ്ങുകള്‍ക്ക് ഗുണപരമായ ചില "വ്യാവസായിക"വശങ്ങള്‍ കൂടിയുണ്ടെന്നു കരുതാമോ?
ഇതിനോട് വളരെ യോജിക്കുന്നു. കണ്ടപ്പോഴേ ഈ അഭിപ്രായം ഞാന്‍ പറഞ്ഞിരുന്നു. മണ്‍കലം ഉണ്ടാക്കി വിറ്റ് ജീവിക്കുന്നവര്‍ക്ക് ഇത് നല്ലൊരു അനുഗ്രഹം ആണെന്ന്. (സാന്ദര്‍ഭികമായി പറയട്ടെ, അലുമിനിയം കലങ്ങളും സ്റ്റീല്‍ പാത്രങ്ങളും പൊങ്കാലക്ക് ഉപയോഗിക്കുന്നവരും അവിടെ ഉണ്ടായിരുന്നു).
ഇനി,
പൊങ്കാല ഇടരുതെന്നോ, പൊങ്കാല ഇടാന്‍ വരുന്നവരെ തടയണമെന്നോ എനിക്കെന്നല്ല, ആര്‍ക്കും പറയാന്‍ കഴിയില്ല. പക്ഷേ ആറ്റുകാല്‍ അമ്പലത്തില്‍ പൊങ്കാല ഇട്ടാലേ എന്തെങ്കിലും നടക്കൂ എന്ന് വിശ്വസിക്കാന്‍ എനിക്കു വയ്യ. അങ്ങനെയുള്ള രീതിയില്‍ വരുന്ന പരസ്യ കോലാഹലങ്ങളില്‍ എനിക്കുള്ള എതിര്‍പ്പ് ഈ തരത്തില്‍ എങ്കിലും പറഞ്ഞില്ലെങ്കില്‍ ശരിയാകില്ല എന്ന് തോന്നി. കാരണം ഇങ്ങനെ ഉള്ള അമ്പലങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നു. പലതും ഏതെങ്കിലും കുടുംബത്തിന്റെത് മാത്രമായിരിക്കും. ഇവിടെ ഒരു ആറ്റുകാല്‍ ട്രസ്റ്റ് എങ്കിലും ഉണ്ട്. (ഈ ട്രസ്റ്റിന്റെ ഭാരവാഹികളെയോ പ്രവര്‍ത്തനങ്ങളെയോ പറ്റി ഒന്നും അറിയാത്തതിനാല്‍ ഒന്നും പറയുന്നില്ല.) അതൊന്നുമില്ലാത്ത പല ചെറിയ അമ്പലങ്ങളും ഇപ്പോള്‍ വ്യവസായികാടിസ്ഥാനത്തില്‍ വിശ്വാസം കച്ചവടമാക്കുന്നു. ചില വ്യക്തികള്‍ പോലും അമ്പലങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പറയുന്നു. (തമിഴ്‌നാട്ടിലെ പോലെ). ഈ പൊങ്കാല അതിനൊരു വളം വച്ചു കൊടുക്കല്‍ ആണോ എന്ന് സ്വയം ചിന്തിച്ച് തീരുമാനിക്കൂ.
ഒരു സമൂഹത്തിന്റെ മനസാക്ഷിയെ കുറ്റപ്പെടുത്തുകയും.അതിനു ന്യായീകരണങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതു വളരെ അരോചകമായി അനുഭവപ്പെടുന്നു. അവരവരുടെ വിശ്വാസം അവരവരെ കാത്തു കൊള്ളട്ടെ എന്നു മാത്രം വിചാരിക്കുക. സ്വന്തം മന്തു മണലില്‍ പൂഴ്ത്തി വച്ചിട്ടു “അതാ പോകുന്നു മന്തുകാലന്‍“ എന്നു പറയുന്നതു പോലെ ഉള്ള ഒരു അഭ്യാസം മാത്രമാണു ഈ എഴുതിയ പോസ്റ്റും അതില്‍ വന്ന കമ്മെന്റ്സും എന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ടു. ഇതു മത സൌഹാര്‍ദം അല്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മുടെ നാടിന്റെ ഒരു സംസ്കാരം ആണു. അതു നടന്നു കൊള്ളട്ടെ. അതു ഒരു വിവാദം ആകേണ്ട എന്നാണു എന്റെ വിനീതമായ അഭിപ്രായം.എല്ലാ മതങ്ങളിലും ഇത്തരം ആചാരങ്ങള്‍ നിലവിലുണ്ടല്ലൊ.പിന്നെ എന്തിനു ഇതു മാത്രം ഒരു പരിഹാസ വിഷയമാക്കുന്നു.ഇതൊക്കെ വളരെ വ്യക്തി പരമായ വിശ്വാസങ്ങള്‍ ആയി നാം കാണുക. വിമര്‍ശിക്കാതെഇരിക്കുക.
വിശ്വാസത്തെ അതിന്റെ പാട്ടിനു വിട്ടേക്കുക.അതു പറഞ്ഞു കാലുഷ്യം ഉണ്ടാക്കാതിരിക്കുക.പരസ്പരം ചെളി വാരി എറിയാനേ അതു ഉപകരിക്കുള്ളു.ഒരു വിവാദത്തിനു വഴി മരുന്നിടാതെ ഇരിക്കുക കുഞ്ഞുബി .
അനില്‍, ഇതു ഭീരുത്വമാണ്‍,എല്ലവര്‍ക്കും അഭിപ്രായം പറയാന്‍ അവസരം കൊടുക്കണം താങ്കള്‍ കമന്റ് മോഡറേറ്റ് ചെയ്തതു വഴി അതില്ലാതാക്കിയിരിക്കുകയല്ലെ? താങ്കള്‍ക്കിഷ്ടപെട്ട കമന്റുകള്‍ മാത്രം പ്രസിദ്ധീകരിച്ചാല്‍ മതിയെങ്കില്‍ ഈ പോസ്റ്റിന്റെ തന്നെ ആവശ്യകതയുണ്ടോ?
നന്ദു ...ഭീരുത്വം കൊണ്ടല്ല.. ഒരു പക്ഷേ മുകളിലെ ഡിലിറ്റ് ചെയ്ത രണ്ട് കമന്റുകള്‍ നന്ദു കണ്ടു കാണില്ല. ഞാന്‍ അംഗമായ ഒരു മലയാളം കമ്യൂണിറ്റിയില്‍ നടന്ന എന്തോ പ്രശ്നത്തിന്റെ പേരില്‍, എന്റെ ബ്ലോഗില്‍ വന്ന് പച്ചക്ക് തെറി പറഞ്ഞപ്പോള്‍ ചെയ്തതാണ്. ഈ ചെയ്ത ആള്‍ അത് ഈ പോസ്റ്റില്‍ മാത്രമല്ല, പല പോസ്റ്റിലും ചെയ്തു. അതു കോണ്ടാണ് ഇങ്ങനെ ചെയ്തത്.
ഒരു കമന്റും ഞാന്‍ ഡിലിറ്റ് ചെയ്യുന്നില്ല,,,, എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന കമന്റ് മാത്രം ഇടാനാണെങ്കില്‍ കുഞ്ഞുബിയുടെ കമന്റ് അവിടെ കാണില്ലായിരുന്നല്ലോ..
ഭർത്താവിന്റെ അച്ഛൻ മരിച്ചാൽ പൊങ്കാല ഇടാൻ പറ്റുമോ?
Post a Comment