ഇന്നത്തെ തീയതി :

Sunday, October 17, 2010

അക്ഷരത്തിനും മതം.

പൂന്താനം ഇല്ലത്ത് നടന്ന എഴുത്തിനിരുത്ത്  മഹോല്‍സവത്തിനെത്തിയ മുസ്ലീം കുട്ടിയെ എഴുത്തിനിരുത്താന്‍ മത മേലാളന്മാര്‍ അനുവദിച്ചില്ല പോലും. ദേവസ്വം ബോര്‍ഡാണു വില്ലന്‍ എന്നാണ് കരുതുന്നത്. അക്ഷരത്തിനും മതം കല്പ്പിച്ചു നല്‍കിയത് മഹാ ചെറ്റത്തരമായി പോയി. ഇങ്ങനെ അയിത്തമുള്ള സ്ഥലത്ത് ഇത്തരം പരിപാടികള്‍ നടത്താന്‍ എന്തിനു ശ്രമിക്കണം  എന്ന സാംസ്കാരിക നായകന്മാര്‍ ചിന്തിക്കാന്‍ സമയമായിരിക്കുന്നു. കൂടുതലൊന്നും പറയാനില്ല.

Friday, October 15, 2010

വിവാഹപ്രായം 30 ആക്കണം (എന്റെ വിവാഹം കഴിഞ്ഞതാ..)

കുറെ നാള്‍ കൂടി ഒരു പോസ്റ്റ് ഇടണമെന്ന് തോന്നിയത് വനിതാ കമ്മീഷന്റെ പുതിയ കണ്ടുപിടുത്തത്തെ പറ്റി കേട്ടപ്പോഴാണ്. വിവാഹപ്രായം ഇരുപത്തഞ്ചാക്കണമെന്ന് ദേശീയ വനിതാ കമ്മീഷനോട് ഇവര്‍ ആവശ്യപ്പെടുവാന്‍ തീരുമാനിച്ചിരിക്കുന്നു.


ഇരുപത്താറാം വയസില്‍ ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ എന്റെ ഭാര്യക്ക് ഇരുപത് വയസ്സായിരുന്നു പ്രായം. നാളുകള്‍ കുറെ കഴിഞ്ഞു. പക്വത കുറഞ്ഞു പോയി എന്ന കാരണത്താല്‍ ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഒന്നുമുണ്ടായതായി എനിക്കിതു വരെ തോന്നിയിട്ടില്ല. ഇതു വരെ ഒരു വിവാഹ മോചനത്തെ പറ്റി ചിന്തിച്ചിട്ടുമില്ല.

ഇരുപത്തഞ്ച് വയസാകാതെ പക്വത വരില്ല എന്നാണ് വനിതാ കമ്മീഷന്‍ അംഗങ്ങളുടെ കണ്ടെത്തല്‍. ഈ കണ്ടെത്തല്‍ നടത്തിയ കമ്മീഷന്‍ അംഗങ്ങളില്‍ എത്ര പേര്‍ വിവാഹം കഴിച്ചിട്ടുണ്ടെന്നോ അതില്‍ എത്ര പേര്‍ ഇരുപത്തഞ്ച് വയസ്സിനു ശേഷം വിവാഹം കഴിച്ചു എന്നോ എനിക്കറിയില്ല. ഏതായാലും ഇതിലും ബാലിശമായ ഒരു തീരുമാനം ഞാന്‍ ഈയിടെ ഒന്നും കേട്ടിട്ടില്ല.

ഒരാള്‍ക്ക് വിവാഹം കഴിക്കാന്‍ പക്വത വന്നോ എന്ന് തീരുമാനിക്കാന്‍ ആര്‍ക്കാണ് അവകാശം? ബാല വിവാഹം തടയാന്‍ നിയമങ്ങള്‍ ഇപ്പോള്‍ തന്നെ നമ്മുടെ നാട്ടിലുണ്ട്. പതിനെട്ട് എന്നുള്ളത് ഇരുപത് എന്നാക്കി മാറ്റാന്‍ ശുപാര്‍ശ ചെയ്താല്‍ കുറച്ചൊക്കെ മനസ്സിലാക്കാമയിരുന്നു. ഇരുപത്തഞ്ച് എന്ന് പറയുന്നതാണ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളത്. ഇരുപത്തി നാലു വയസ്സു വരെ വരാത്ത എന്ത് പക്വത ആണ് ഇരുപത്തഞ്ച് ആകുമ്പോള്‍ കിട്ടുക?

ഇരുപത്തഞ്ച് വയസ്സില്‍ കല്യാണം കഴിഞ്ഞ് ഇരുപത്തെട്ടിലോ, മുപ്പതിലോ കുട്ടികളുണ്ടായി അവര്‍ക്ക് കല്യാണ പ്രായമാകുമ്പോഴേക്കും സ്വന്തം ജീവിതം അവസാന ഘട്ടത്തില്‍ എത്തിയിരിക്കും. ഇനി മുതല്‍ മുത്തശ്ശി-മുത്തശ്ശന്മാര്‍‍ എന്നൊരു സംഭവം ഉണ്ടാകാന്‍ സാധ്യത ഇല്ല എന്നു തോന്നുന്നു. കുട്ടികളുടെ കുട്ടികളുടെ കല്യാണം കാണാനുള്ള ഭാഗ്യം ആര്‍ക്കൊക്കെ കാണുമോ എന്തോ?

ഈ തീരുമാനം എടുത്ത അംഗങ്ങള്‍ എല്ലാവരുടെയും കാര്യങ്ങള്‍ കഴിഞ്ഞവരാണ് എന്നു വിശ്വസിക്കുന്നു. അവരുടെ മക്കളുടെ വിവാഹം എത്ര വയസ്സില്‍ കഴിഞ്ഞു എന്നും അവരില്‍ എത്ര പേര്‍ വിവാഹമോചനം നേടി വീട്ടിലിരിക്കുന്നു എന്നു കൂടി വെളിപ്പെടുത്തിയാല്‍ നന്നായിരുന്നു. ഇനി അതല്ല അവരുടെ വീടുകളില്‍ പക്വതയില്ലായ്മ കൊണ്ടുണ്ടായ പ്രശ്നങ്ങള്‍ എന്തൊക്കെയായിരുന്നു എന്നെങ്കിലും പറയാമായിരുന്നു.

പറഞ്ഞു വന്നത്, പ്രായമല്ല മറിച്ച് വളര്‍ന്നു വരുന്ന സാഹചര്യവും, വളര്‍ത്തുന്ന രീതിയും, മാതാപിതാക്കളുടെ സമീപനവും ഒക്കെയാണ് ഒരു കുട്ടിയുടെ സ്വഭാവത്തെയും പക്വതയെയും ഒക്കെ രൂപപ്പെടുത്തുന്നതും അത് സമൂഹത്തിനു മുമ്പില്‍ എത്തിക്കുന്നതിനും മൂല കാരണമായി വരുന്നത്. വളര്‍ത്തു ദോഷം ഉള്ള കുട്ടികള്‍ ഇരുപത്തഞ്ചല്ല, മുപ്പതായാലും പക്വത ആര്‍ജ്ജിക്കില്ല.

വിവാഹ പ്രായം കൂട്ടുന്നതിനല്ല, മറിച്ച് നിലവിലുള്ള പ്രായത്തില്‍ തന്നെ പെണ്‍ കുട്ടികള്‍ക്കും ആണ്‍ കുട്ടികള്‍ക്കും വിവാഹത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും സമൂഹ ജീവിതത്തെ കുറിച്ചും വ്യക്തമായ അറിവ് നേടി കൊടുക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്.

Sunday, June 20, 2010

ഇങ്ങനെയും ഫത്വ...

ജനങ്ങള്‍ക്ക് മുഴുവന്‍ (പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക് ) ഉപകാരപ്രദമായ  ഒരു ഫത്വ സൗദി സ്ത്രീകള്‍ മുതലാക്കാന്‍ ഒരുങ്ങുന്നു എന്നു വാര്‍ത്ത. Shaikh Abdul Mohsin Bin Nasser Al Obaikan എന്ന പണ്ഠിതന്‍ പുറപ്പെടുവിച്ച ഫത്വ എന്തെന്നു വച്ചാല്‍ "സ്ത്രീകളും അവരുടെ പെണ്‍‌മക്കളുമായി അടുത്തിടപഴകാന്‍ തങ്ങളുടെ ഡ്രൈവര്മാരെ പ്രാപ്തരാക്കാന്‍ സ്ത്രീകള്‍ ഡ്രൈവര്‍മാരെ സ്വന്തം മുലയൂട്ടണം" എന്നാണ്. അങ്ങനെ ചെയ്യുക വഴി ഡ്രൈവര്‍മാര്‍ ആ സ്ത്രീകള്‍ക്ക് മകനെ പോലെയാകും പോലും.. ഓരോരോ നിയമങ്ങളേ.. അങ്ങനെയായാല്‍ പിന്നെ പെണ്മക്കള്‍ക്ക് അയാള്‍ ആങ്ങളയായി. അപ്പോള്‍ പിന്നെ അവര്‍ക്ക് അയാളുമായി തുറന്നിടപെടുന്നതിന് ഇസ്ലാം നിയമത്തില്‍ വിലക്കുകളില്ലല്ലൊ...

സൗദിയില്‍ സ്ത്രീകള്‍ക്ക് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഡ്രൈവിങ് ലൈസന്‍സ് നിഷിദ്ധമാണ്. സ്ത്രീകള്‍ക്ക് ഡ്രൈവര്‍മാരോടൊപ്പം പുറത്തു പോകാന്‍ വിലക്കുകളും ഉണ്ട്. അപ്പോള്‍ പിന്നെ ഇതല്ലാതെ ഒരു മാര്‍ഗ്ഗവും ആ പണ്ഠിതന്‍ കണ്ടില്ല. ഇങ്ങനെ ചെയ്താലും കുഴപ്പമില്ല, "സ്ത്രീകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന പ്രശ്നമേ ഇല്ല".

സ്ത്രീകളും അടങ്ങിയിരിക്കാന്‍ പോകുന്നില്ല എന്നാണ് അറിഞ്ഞത്. ഇനിയെങ്കിലും ലൈസന്‍സ് കിട്ടിയില്ലെങ്കില്‍ തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മുല കൊടുത്ത് മക്കളാക്കും എന്നാണവര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അതിനായി മുദ്രാവാക്യം തന്നെ ഉണ്ടാക്കിയിരിക്കുന്നു.. "We either be allowed to drive or breastfeed foreigners,". നല്ല മൂവ്‌മെന്റ്...

ഗള്‍ഫ് ന്യൂസില്‍ വന്ന വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത് ഈയൊരു ഫത്വ തികച്ചും പരിഹാസ്യമാണെന്നാണ്. സൗദി പൗരന്മാരുടെ തന്നെ സംശയം കേട്ടാല്‍ ഇതു തികച്ചും ശരിയാണെന്നാണ് തോന്നുന്നത്. ഒരാളുടെ സംശയം 'ഇങ്ങനെ മുല കൊടുക്കുന്നത് ഭര്‍ത്താവിന്റെ മുമ്പില്‍ വച്ചു വേണോ അതോ ഭര്‍ത്താവില്ലാത്തപ്പോള്‍ വേണോ' എന്നാണ്. ഇനിയൊരാളുടെ പേടി ഭര്‍ത്താവില്ലാത്തപ്പോള്‍ ഇതു ചെയ്യുന്നതിനിടയില്‍ ഭര്‍ത്താവ് കയറി വന്നാല്‍ ആ ഭാര്യയെ ആരു രക്ഷിക്കും എന്നാണ്.

കലികാലം... അല്ലാതെന്തു പറയാന്‍?..

ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സംശയം. ഭാര്യമാരുടെ മുല കുടിച്ചിട്ടുള്ള ഭര്‍ത്താക്കന്മാര്‍ ഈ നിയമ പ്രകാരം ഭാര്യമാര്‍ക്ക് മകനായി മാറുമോ? അങ്ങനെ വന്നാല്‍..................

Friday, June 18, 2010

സി എം എസ് - എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു

ഞാന്‍ പഠിച്ചിട്ടില്ലെങ്കിലും പലപ്രാവശ്യം പോയിട്ടുള്ള, കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ , ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള എനിക്ക് പ്രയെപ്പെട്ട  കോട്ടയം സി എം എസ് കോളെജില്‍ നടന്ന ആക്രമണത്തില്‍ ഞാന്‍ എന്റെ വ്യക്തിപരമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.


ആക്രമണം നടത്തിയത് എസ് എഫ് ഐ-കാര്‍ മാത്രമാണ് എന്ന് വിശ്വസിക്കാന്‍ വളരെ പ്രയാസം.. ഇത് സി.പി.എം പാര്‍ട്ടിയില്‍ ആരൊക്കെയോ അറിഞ്ഞ് നടന്ന ആക്രമണം തന്നെയാണെന്ന് പണ്ട് എസ് എഫ് ഐ ആയിരുന്ന ഞാന്‍ വിശ്വസിക്കുന്നു. കാരണം മാധ്യമങ്ങളില്‍ കണ്ട വിധമുള്ള അടിച്ചു തകര്‍ക്കല്‍ എസ് എഫ് ഐ കാര്‍ തനിയെ ചെയ്യുമെന്ന് തോന്നുന്നില്ല.


സഭാ നേതാക്കന്മാര്‍ പറയുന്ന പോലെയുള്ള ന്യൂനപക്ഷത്തിനെതിരെ ഉള്ള ആക്രമണമായൊന്നും ഞാന്‍ കരുതുന്നില്ല. തെരെഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ അങ്ങനെയൊരു നീക്കം നടത്താന്‍ കോട്ടയത്തെ ഇടതു പക്ഷ മുന്നണി മുതിരുമോ എന്ന് അറിയില്ല.


സ്വയം പ്രതിരോധം തീര്‍ക്കുന്നത് നിയമവാഴ്ചക്കെതിരാണെന്ന് ആഭ്യന്തര മന്ത്രി പറയുന്ന കേട്ടു,, സം‌രക്ഷണം നല്‍കേണ്ട പോലീസ് നോക്കി നില്‍ക്കെ ഇങ്ങനെയൊരു ആക്രമണം നടന്നുവെങ്കില്‍ പിന്നെ സ്വയം സം‌രക്ഷണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ എന്ത് തെറ്റാണ് എന്ന് മനസ്സിലാകുന്നില്ല.
 

എസ്.എഫ്.ഐ ക്കാരേ .. എന്തായാലും ഇക്കാണിച്ചത് മോശമായി പോയി.. ആരു ചെയ്താലും അത് എസ് എഫ് ഐ-യുടെ പേരിലാണ് എന്നോര്‍ക്കുക,,,

Sunday, June 6, 2010

സ്വകാര്യ ഇന്‍ഷുറന്‍സ് മേഖല കെണിയോ ?

കഴിഞ്ഞ ആഴ്ച മനോരമയില്‍ വന്ന ഒരു ലേഖനവും - "എന്നാലും എന്റെ ഇന്‍ഷുറന്‍സ് സുന്ദരീ...". (ലേഖനം എന്നു പറയാമോ അതോ കഥ എന്ന് പറയണോ എന്നറിയില്ല ) അതിലെ കമന്റുകളും വായിച്ചപ്പോള്‍ ഇന്‍ഷുറന്‍സ്‌ ഏജന്റുമാര്‍ ആണ് കേരളത്തിലുള്ളതില്‍ വച്ചേറ്റവും നികൃഷ്ടരെന്നു തോന്നി. ഒരാള്‍ ഒരു കഥ എഴുതിയതായാണ് എനിക്ക്‌ തോന്നിയത്‌. പക്ഷേ ഗള്‍ഫില്‍ ജീവിക്കുന്ന ചിലര്‍ അതിനെഴുതിയ കമന്റ്‌ വായിച്ചപ്പോഴാണ് ജിവിക്കാന്‍ വേണ്ടി തങ്ങളുടെ ജോലി ചെയ്യുന്ന ഏജന്റുമാരെ അടച്ചാക്ഷേപിച്ചിരിക്കുന്നത്‌ കണ്ടത്‌.

അവധിക്കു നാട്ടില്‍ ചെല്ലുന്ന പ്രവാസികള്‍ക്ക്‌ പലപ്പോഴും ഇത്തരം ഏജന്റുമാര്‍ ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ടെന്നത്‌ നേരു തന്നെ. പക്ഷേ ആവശ്യവും കഴിവുമുണ്ടെങ്കില്‍ മാത്രമേ ഇത്തരം ഇന്‍ഷുറന്‍സ്‌ എടുക്കേണ്ടതുള്ളു. തങ്ങള്‍ക്ക്‌ ആവശ്യമില്ലെങ്കില്‍ അല്ലെങ്കില്‍ പ്രീമിയം അടക്കാന്‍ കഴിയില്ല എന്ന് തോന്നിയാല്‍ അവരെ നല്ല വാക്ക്‌ പറഞ്ഞ്‌ ഒഴിവാക്കമല്ലോ.

ഇന്‍ഷുറന്‍സ്‌ മേഖല ഇന്ന് ഒരു ഇന്‍വെസ്റ്റ്‌മന്റ്‌ മേഖലയായി മാറിയിരിക്കുന്നു എന്നത്‌ വസ്തുതയാണ്. സ്വകാര്യ-വിദേശ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ അധികവും മാര്‍ക്കറ്റ്‌ ബേസ്ഡ്‌ ഇന്‍വെസ്റ്റ്‌മന്റ്‌ പോളിസികള്‍ ആണ് ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്നത്‌. അത്‌ എപ്പോഴും റിസ്ക്‌ അടങ്ങിയതായിരിക്കും. ഒരു റിസ്കും ഇല്ലാതെ വെറുതെ ഇരട്ടി കാശ്‌ തരാം എന്നാരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുന്നവരെ പറഞ്ഞിട്ട്‌ കാര്യമില്ല. അവര്‍ പിന്നീട്‌ കാശ്‌ പോയി എന്ന് വിലപിച്ചിട്ട്‌ കാര്യമില്ല. അതിന്‍ ഏജന്റുമാരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല എന്നാണ്‍ എനിക്കു തോന്നുന്നത്‌.

പ്രസ്തുത ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം പോളിസി എടുത്തവന് കാശ് പോയതില്‍ ഒരു സങ്കടവും തോന്നേണ്ടതില്ല. അതു പോലെ എല്ലാ ഏജന്റുമാരും അയാള്‍ പറയുന്ന തരക്കാരുമല്ല.
 
പലപ്പോഴും ഏജന്റുമാര്‍ മുഴുവന്‍ കാര്യങ്ങളും പറഞ്ഞു തരുന്നില്ല എന്നത്‌ കാര്യമാണ്. അവര്‍ക്ക്‌ അതിലുള്ള അജ്ഞത ആണ് അതിന്റെ കാര്യം. പലര്‍ക്കും നെറ്റ്‌ വഴി ഈ ഫണ്ട്‌ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് പോലും അറിയില്ല. ഐ.സി.ഐ.സി.ഐ പോലെയുള്ള സ്വകാര്യ ഇന്‍ഷുറന്‍സ്‌ സ്ഥാപനങ്ങള്‍ സ്വന്തം ഫണ്ട്‌ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ "സ്വിച്ച്‌" ചെയ്യാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനു നല്‍കുന്നുണ്ട്‌. കുറച്ചൊരു ശ്രദ്ധ മാര്‍ക്കറ്റില്‍ ഉണ്ടെങ്കില്‍ സ്വന്തം കാശ്‌ നഷ്ടമാകാതെ നോക്കാം. ഇതൊന്നും നോക്കാന്‍ കഴിയാതെ കാശ്‌ ഇരട്ടിയാകും എന്നൊക്കെ വിചാരിച്ചിരുന്നാല്‍ മാര്‍ക്കറ്റില്‍ ഇടിവുണ്ടാകുമ്പോള്‍ ചിലപ്പോള്‍ കാശ്‌ പോയെന്നിരിക്കും. പക്ഷേ തിരികെ പഴയപോലെ ആകുകയും ചെയ്യും. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം ബാധിച്ച കഴിഞ്ഞ വര്‍ഷം പലര്‍ക്കും ഇങ്ങനെ കാശ്‌ പോയിട്ടുണ്ടാകാം. പക്ഷേ അവര്‍ക്കൊക്കെയും തന്നെ ഇപ്പോള്‍ പഴയ നിലയിലേക്ക്‌ എത്തിയിട്ടുണ്ടാകാം. അല്ലെങ്കില്‍ എത്താറായിട്ടുണ്ടാകാം. ആ നഷ്ടം ഏജന്റുമാരുടെ തലയില്‍ കെട്ടി വയ്ക്കുന്നത്‌ ശരിയല്ല. കാരണം ഇങ്ങനെ ഒരു തകര്‍ച്ച ആരും മുന്നില്‍ കണ്ടതല്ലല്ലോ.

ഇങ്ങനെ ഒക്കെ ആണെങ്കിലും ഒന്നു വച്ചാല്‍ പത്തു കിട്ടുമെന്ന വാക്ക്‌ വിശ്വസിച്ച്‌ എടുത്തു ചാടരുത്‌ എന്ന് കൂടി പറയട്ടെ. എടുക്കുന്ന പോളിസിയെ കുറിച്ചു അത്‌ എങ്ങനെ കൈകാര്യം ചെയ്യാം എന്നും സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുക. എന്നിട്ട്‌ മാത്രം യൂണിറ്റ്‌ ലിങ്ക്ഡ്‌ പോളിസികള്‍ എടുക്കുക.

ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്നതിനെ വരെ നിശിതമായി വിമര്‍ശിച്ചവരെ അതിന്റെ കമന്റുകള്‍ക്കിടയില്‍ കണ്ടു. തന്റെ മൂന്നു തലമുറക്കു വരെ സമ്പാദിച്ചു വച്ചിരിക്കുന്നവരെ ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു ഇന്‍ഷുറന്‍സ്‌ എങ്കിലും എടുത്തിട്ടില്ലാത്തവര്‍ ബുദ്ധിശൂന്യതയാണ് ചെയ്യുന്നത്‌ എന്ന് തോന്നുന്നു. പെട്ടെന്നുള്ള ഒരു അത്യാഹിതം സകല കണക്കു കൂട്ടലുകളും പിഴപ്പിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്‌. ആ സന്ദര്‍ഭത്തില്‍ തന്റെ ഉറ്റവര്‍ക്ക്‌ ഒരു സഹായം ആകും എന്നുറപ്പുണ്ടെങ്കില്‍ ഒരു പോളിസി എടുക്കുന്നതില്‍ എന്താണ് തെറ്റ്‌ എന്ന് മനസ്സിലാകുന്നില്ല.

ഏതായാലും സ്വകാര്യ ഇന്‍ഷുറന്‍സ് മേഖല കെണിയാനെന്ന് എനിക്കു തോന്നുന്നില്ല... കാരണം തീരുമാനമെടുക്കാന്‍ നമുക്ക് സ്വാതന്ത്ര്യം ഉണ്ടല്ലോ !!!!


::::::::::::::::::  അടിക്കുറിപ്പ്‌  :::::::::::::::::::


ഞാന്‍ ഒരു ഇന്‍ഷൂറന്‍സ്‌ ഏജന്റല്ല. മൂന്നാലു പോളിസികള്‍ കയ്യില്‍ ഉണ്ട്‌. വലിയ നഷ്ടമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ചെറിയ ലാഭം ഉണ്ടുതാനും..

Wednesday, April 14, 2010

IPL - കേരള ടീം കേരളത്തിന്റെ സ്വത്ത് ??

ഐ പി എല്‍ കേരള ടീം കേരളത്തിന്റെ ആവശ്യമോ അതോ ശ്രീ തരൂരിന്റെ ആവശ്യമോ എന്നത്‌ ഇപ്പോള്‍ സംശയമായിരിക്കുന്നു. കാരണം കേരളത്തിന്റെ ആവശ്യമാണെന്ന് ശശി തരൂരിന്റെ ആരാധകരും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും സ്റ്റാഫും ഒക്കെ പറയുന്നു. കേരള ടീം എങ്ങനെ കേരള ജനതയുടെ ആവശ്യമായെന്ന് എനിക്കൊട്ടും മനസ്സിലാകുന്നില്ല. കേരള ടീം വന്നാല്‍ വികസനം വരുമെന്നൊക്കെ പറയുന്നത് കേട്ടു. പട്ടിണി അകറ്റാനും തൊഴിലില്ലായ്മ ഇല്ലാതാക്കനും ഈ ടീം വരുന്നതു കൊണ്ടായെങ്കില്‍ നല്ലതു തന്നെ.

ഈ ടീമുകൊണ്ട് കേരളത്തിനുണ്ടാകുന്ന ലാഭത്തെ പറ്റി പുറമെ ചിന്തിച്ചാല്‍,
1. കേരളത്തിന്റെ പേരില്‍ ഒരു ടീം ഉണ്ടായാല്‍ നാം മലയാളികള്‍ക്ക്‌ സപ്പോര്‍ട്ട്‌ ചെയ്യാന്‍ ഒരു ടീം ആകും,

2. കളി നടക്കുന്ന സീസണില്‍ കൊച്ചിയിലും പരിസരത്തുമുള്ള ബിസിനസ്സുകാര്‍ക്കും കച്ചവടക്കാര്‍ക്കും കുറച്ച്‌ ലാഭം ഉണ്ടാകും.

3. സര്‍ക്കാരിനു നികുതി ഇനത്തില്‍ കുറച്ച്‌ പൈസ കിട്ടും.

4. നമ്മുടെ കളിക്കാരില്‍ നാലഞ്ച്‌ പേര്‍ക്ക്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിക്കാരോടൊപ്പം കളിക്കാനും കുറച്ച്‌ കാശ്‌ സമ്പാദിക്കാനും കഴിയും.

ഇനി നഷ്ടങ്ങളെ കുറിച്ചാണെങ്കില്‍,

1. കളി നടക്കുന്ന ദിവസങ്ങളില്‍ കൊച്ചിയിലുള്ള ജനങ്ങള്‍ ട്രാഫിക്‌ ജാമിലും തിരക്കിലും വലയും.

2. തുടര്‍ച്ചയായി കളി നടക്കുന്നതിനാല്‍ ആ നാളുകളില്‍ പല മേഘലകളിലും പ്രൊഡക്റ്റിവിറ്റി കുറയും. (ഇത്‌ ഇല്ലെങ്കില്‍ കൂടുമോ എന്നൊന്നും ചോദിക്കരുത്‌.)

3. നികുതി കിട്ടുമെങ്കിലും സെക്യൂരിറ്റി ഇനത്തിലും മറ്റു ചിലവുകള്‍ക്കായും കുറെയേറെ ചിലവാകും.

ഇതൊക്കെയാണ്‍ ഒറ്റ നോട്ടത്തില്‍ എനിക്ക്‌ മനസ്സിലായത്‌. 1533 കോടി രൂപ മുടക്കി ഒരു ടീം വാങ്ങിയവര്‍ അത്‌ കേരളത്തിന് വേണ്ടിയാണ് വാങ്ങിയതെന്നൊന്നും വിശ്വസിക്കാന്‍ ഞാനില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ വടക്കേ ഇന്ത്യക്കാര്‍ കേരളത്തിനെതിരെ പടക്കു വന്നിരിക്കുന്നു എന്നൊക്കെയാണ് വരുത്തി തീര്‍ത്തിരിക്കുന്നതെന്ന് തോന്നുന്നു. അവരുടെ സമരം ശശി തരൂരിനെതിരെയല്ല, മറിച്ച്‌ കേരളത്തിനെതിരെ ആണെന്നാണ് ഇന്നത്തെ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടത്‌.

ഏതായാലും 1533 കോടി രൂപ കേരളത്തിനു വേണ്ടി എവിടെ നിന്നു വന്നുവെന്നൊന്നും അഭ്യസ്ഥ വിദ്യരായ, സമ്പന്നരായ മലയാളികള്‍ ചിന്തിക്കുന്നില്ല എന്നത്‌ നല്ലതു തന്നെ !! പക്ഷേ അത്‌ മുടക്കിയവരും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും ലാഭം കിട്ടാനല്ലാതെ മലയാളികളെ ക്രിക്കറ്റിന്റെ ആവേശ കൊടുമുടിയില്‍ എത്തിക്കാനാണെന്നൊക്കെ പറയുന്നത്‌ വെറുതെയാണെന്ന് എനിക്കു തോന്നുന്നു.

ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതം തുറന്ന പുസ്തകമായില്ലെങ്കിലും ഇടക്കൊക്കെ തുറന്നു നോക്കാവുന്നതായിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.

Friday, February 26, 2010

എം എഫ് ഹുസൈന്‍... കഷ്ടം! ! .. ഇത് വേണ്ടായിരുന്നു.

എം എഫ് ഹുസൈന്‍ .. നിങ്ങളെ ഞാന്‍ എഴുതി തള്ളുന്നു. തൊണ്ണൂറ്റഞ്ചാം വയസ്സില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ആ മനസ്സിനെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. താങ്കളുടെ ജീവന് ഇനി എന്ത് ഭീഷണി. ജീവിച്ച് കൊതി തീരാത്ത മനസ്സായിരുന്നോ അത്? ഇനിയും സമയമുണ്ട്. താങ്കള്‍ക്ക് ആ തീരുമാനം മാറ്റാം.

എന്തൊക്കെ പ്രതി ബന്ധങ്ങള്‍ ഉണ്ടായാലും എം എഫ് ഹുസൈന്‍ ഇന്ത്യന്‍ പൗരന്‍ ആയിരുന്നാല്‍ അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കും. സ്വന്തം ഇഷ്ടപ്രകാരം ജോലി സംബന്ധമായി ജീവിതം പറിച്ചു നടുന്നവരും, പാശ്ചാത്യ ജീവിതം ഇഷ്ടപെടുന്നതിന്റെ പേരില്‍ വിദേശത്ത് കുടിയേറുന്നവരും ധാരാളം ഉണ്ട്. പക്ഷേ ഇത് അങ്ങനെ ആണെന്ന് തോന്നുന്നില്ല. ഒരു കലാകാരന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ഇത്ര നാളും അറിയപ്പെട്ടിരുന്ന എം. എഫ് ഹുസൈന്‍ ഇനി എന്തായിരിക്കും ഇന്ത്യാക്കാര്‍ക്ക്? എന്റെ നാടിനെ തള്ളീപ്പറയുന്നതിന് തുല്യമായി,ഉപേക്ഷിച്ച ഒരാള്‍.

രണ്ടര വര്‍ഷം മുമ്പ് അദ്ദേഹത്തെ എതിര്‍ത്ത് രാഹുല്‍ ഒരു പോസ്റ്റ് ഇടുമ്പോള്‍ എം എഫ് ഹുസൈന്‍ എന്ന കലാകാരനെ തള്ളിപ്പറയാന്‍ തോന്നിയിരുന്നില്ല. അതൊക്കെ അദ്ദേഹത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യം എന്നു കരുതി. അന്ന്‍ അദ്ദേഹം വരച്ച ചിത്രങ്ങള്‍ ആരെയും അപമാനിക്കുന്നതായി തോന്നിയിരുന്നില്ല. പക്ഷേ ഇന്ന് അദ്ദേഹം എന്നെ പോലെ ചിന്തിച്ച പലരെയും അപമാനിതനാക്കിയിരിക്കുന്നു എന്ന് തോന്നിപ്പോകുന്നു. തന്റെ സൃഷ്ടികളുടെ പേരില്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങളെ നേരിടാന്‍ വയ്യെങ്കില്‍ പിന്നെന്തിന് ഈ പണിക്ക് പോയി? അതും ഈ പ്രായത്തില്‍ അദ്ദേഹം എന്തിനെ ഭയക്കണം? സ്വന്തം ജീവനെയോ?

ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു ജീവിതം മുഴുവന്‍ ഹോമിക്കുന്നവര്‍ക്ക് പോലും അവിടെ പൗരത്വം കിട്ടാത്ത സാഹചര്യത്തില്‍ ഇദ്ദേഹത്തിന് എന്തിനവര്‍ പൗരത്വം കൊടുക്കുന്നു എന്ന് കൂടി ചിന്തിച്ചു പോകുന്നു. അതിലെ രാഷ്ട്രീയം തീരെ മനസ്സില്‍ പിടിക്കുന്നില്ല. നമ്മുടെ രാജ്യം ഇദ്ദേഹത്തെ പോലെയുള്ള കലാകാരന്മാര്‍ക്ക് സുരക്ഷിതമല്ല എന്നാണോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത് ? ഇദ്ദേഹത്തിന്റെ ഖത്തര്‍ പൗരത്വത്തെ അനുകൂലിക്കുന്ന ധാരാളം ആളുകളുണ്ടാവാം. എനിക്കെന്തോ ദഹിക്കുന്നില്ല, അത്ര തന്നെ.

ഈ പഴയ (ചെറിയ) പോസ്റ്റില്‍‍ ഞാന്‍ പറഞ്ഞത് തന്നെ വീണ്ടും പറയുന്നു.
"എനിക്ക് പ്രിയപ്പെട്ടത് എന്റെ കേരളവും അതുള്‍പ്പെടുന്ന എന്റെ ഇന്ത്യയും തന്നെയാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു."

:: വാല്‍ക്കഷണം ::
ഇനി ഇവര്‍ തസ്ലീമ നസ്രീന് കൂടി പൗരത്വം കൊടുത്തിരുന്നെങ്കില്‍ !! അവരും ഒരു പാവം കലാകാരിയല്ലേ ..

Sunday, February 21, 2010

സമര ഭീഷണിയുമായി വീണ്ടും ..

വൈദ്യന്മാര്‍ വീണ്ടും സമരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഇവര്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യും? എതിക്സ് എന്നൊന്നും പറഞ്ഞ് ഇവന്മാരെ നിലക്ക് നിര്‍ത്താനാവില്ല. കാരണം കാശിനോടുള്ള വെറി പിടിച്ച ചില ഭ്രാന്തന്മാരുടെ കൂട്ടമാണിവരുടെ സംഘടനാ തലപ്പത്തിരിക്കുന്നവര്‍. അവര്‍ക്കെവിടെ എതിക്സ്? നല്ലവരായ ഡോക്ടര്‍‌മാരുടെ വില കൂടി കളയുന്ന കൂട്ടങ്ങള്‍.

കഴിഞ്ഞ ദിവസം അവരുടെ നേതാവിനെ തന്നെ സസ്പെന്റ് ചെയ്തപ്പോള്‍ ആ മാന്യ ദേഹം പറഞ്ഞത് അദ്ദേഹം അപേക്ഷിച്ചിട്ടു പോലും അദ്ദേഹത്തെ സര്‍‌വിസില്‍ നിന്നും പിരിഞ്ഞു പോകാന്‍ അനുവദിച്ചില്ല എന്നാണ്. പക്ഷേ . മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ എന്ന പേരുള്ളതു കൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ രോഗികള്‍ വരുന്നതെന്ന് അദ്ദേഹം മറന്നുവെന്നു തോന്നുന്നു. അല്ലെങ്കില്‍ ഈ പോകുന്ന ജനങ്ങളുടെ പട്ടി പോയെനെ. അതു മനസ്സിലാക്കിയാല്‍ ഈ പറയുന്ന ഭിഷഗ്വര ശ്രേഷ്ടന്മാര്‍ക്കൊക്കെ കൊള്ളാം. അത് ഓര്‍മിപ്പിക്കാന്‍ സര്‍ക്കാരും മടിക്കരുത്. സമരം ചെയ്യും എന്ന് പറയുന്നവര്‍ സമരം തുടങ്ങുമ്പോള്‍ നേതാക്കന്മാരെ തന്നെ പിരിച്ചു വിടണം. എന്നിട്ട് അവരോട് പ്രൈവറ്റ് പ്രാക്ടിസ് ചെയ്തോളാന്‍ പറയുക. അത്ര തന്നെ.

ഇവന്മാരുടെ ഒക്കെ വിചാരം ഡോക്ടര്‍ ആകുന്നതു തന്നെ രോഗികളെ പിഴിഞ്ഞ് കാശ് ഉണ്ടാക്കാനാണ് എന്നാണ്. എല്ലാവരും പഠിക്കുന്ന പോലെ ഒരു കോഴ്സ് തന്നെയല്ലെ ഇവന്മാരും (കുറെയൊക്കെ) സര്‍ക്കാര്‍ ചിലവില്‍ പഠിക്കുന്നത് ?


തന്റെ ജോലി സ്ഥലത്ത് ഒരു രോഗിയെ പൂര്‍ണമായും ചികിത്സിക്കാന്‍ സമയം തികയാതെ വരുന്ന ചില ഡോക്ടര്‍മാര്‍ ചെറിയ ഒരു ഫീസ് വാങ്ങി രോഗിക്ക് വൈദ്യോപദേശം കൊടുക്കുന്നതില്‍ തെറ്റ് പറയാനാവില്ല എങ്കിലും അങ്ങനെ ഒരു ഇളവ് കൊടുക്കുന്നത് മുകളില്‍‍ പറഞ്ഞ ആര്‍ത്തി പണ്ടാരങ്ങള്‍ മുതലെടുത്തു കളയും. വീട്ടില്‍ ചെന്നു കാശ് കൊടുത്താലെ മതിയായ ചികിത്സ കൊടുക്കൂ എന്നു പറയുന്ന (ചില) പരിഷകളെയാണ് തെരുവില്‍ നേരിടേണ്ടതെന്നു തോന്നുന്നു. തൊണ്ണൂറായിരം ശമ്പളം വാങ്ങുന്ന ഇവര്‍ അതിന്റെ ഇരട്ടിയെങ്കിലും മറ്റു വഴികളിലൂടെ ഉണ്ടാക്കണമെന്ന് കരുതുന്നവരാണ്. ജനങ്ങള്‍ ജാഗരൂഗരായി ഇരിക്കുക. ചെരുപ്പു മാലകള്‍ ഇവര്‍ക്കായി കരുതി വയ്ക്കുക. നാളെ ഒരു പക്ഷേ നിങ്ങളുടെ ആരുടെയെങ്കിലും ജീവന്‍ വച്ചാകും ഇവര്‍ വില പേശുന്നത്.
::::::::::::::::::::::: xx ::::::::::::::::::::::::::
ഈ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത് കാശിനു വേണ്ടി മാത്രം തന്റെ പാവനമായ ജോലിയെ വ്യഭിചരിക്കുന്ന ഡോക്ടര്‍മാരെ പറ്റി മാത്രമാണ്. തന്റെ മുന്നിലിരിക്കുന്ന രോഗിയുടെ രക്ഷ മാത്രം മനസ്സില്‍ കാണുന്ന എനിക്കറിയാവുന്നതും അറിയാത്തതുമായ നല്ലവരായ ഡോക്ടര്‍മാര്‍, ഇങ്ങനെ ഒരു കുറിപ്പെഴുതിയതിന് എന്നോട് ക്ഷമിക്കട്ടെ.

Sunday, January 10, 2010

ഇടതു പക്ഷ പാര്‍ട്ടികളും മതവിശ്വാസവും.

ഇടതു പക്ഷ പാര്‍ട്ടികള്‍ മതവിശ്വാസത്തിനോ ദൈവവിശ്വാസത്തിനോ എതിരാണോ? അല്ല എന്ന് വിശ്വസിക്കാനാണിഷ്ടം. എങ്കിലും ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ അങ്ങനെയല്ല എന്ന് തോന്നിപ്പോകുന്നു. വിശ്വാസം ഉണ്ടായിരുന്ന കാലത്തും ഇടതു പക്ഷ ചിന്താഗതിയുണ്ടായിരുന്ന ഒരാളെന്ന നിലയില്‍ ഇതിനൊരു ശരിയായ ഉത്തരം കിട്ടിയാല്‍ നന്നായിരുന്നു എന്ന് തോന്നുന്നു. പക്ഷേ സി.പി.എം നേതാക്കള്‍ ഇക്കാര്യത്തില്‍ ഉരുണ്ടുകളിക്കുന്നു എന്ന് എനിക്കു വ്യക്തിപരമായി തോന്നിപ്പോകുന്നു. ഒരു ചാനല്‍ ചര്‍ച്ചയിലും ആരും വ്യക്തമായി ഉത്തരം പറയുന്നത്‌ കണ്ടില്ല.


ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ കമ്യൂണിസം പൂര്‍ണ്ണമായി നടപ്പാവില്ല എന്നറിഞ്ഞു കൊണ്ടു തന്നെ കമ്യൂണിസത്തെ ഇഷ്ടപ്പെടുന്നവനാണ് ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു രാഷ്ട്യീയ പാര്‍ട്ടിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ സത്ത ഉള്‍ക്കൊണ്ടു കൊണ്ട്‌ പ്രവര്‍ത്തിക്കേണ്ട ഒരു പാര്‍ട്ടി. ഇന്ത്യയില്‍ ജീവിക്കുന്ന ഓരോ പൗരനും മതവിശ്വാസ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതാണ് നമ്മുടെ ഭരണഘടന എന്നാണ് ഞാന്‍ ധരിച്ചിരിക്കുന്നത്‌. അതില്‍ നിന്നും വ്യതിചലിക്കുന്ന ഓരോ പാര്‍ട്ടിയും ജനങ്ങളില്‍ നിന്ന് കൂടുതല്‍ അകലുന്നു എന്ന് വേണം കരുതാന്‍. കാരണം ഇന്നത്തെ സാഹചര്യത്തില്‍ മതവിശ്വാസികളല്ലാത്തവരെ മാത്രം കൂട്ടത്തില്‍ നിര്‍ത്തി ഇന്ത്യയില്‍ ഒരു പാര്‍ട്ടിക്കും മുന്നോട്ട്‌ പോകാന്‍ പറ്റില്ല എന്നത്‌ തന്നെ. ഇനി അങ്ങനെ ഒരു പാര്‍ട്ടി തീരുമാനിച്ചാല്‍ തന്നെ അത്‌ ജനാധിപത്യത്തെ അവഹേളിക്കലാകും എന്നും ഞാന്‍ കരുതുന്നു.

മുകളില്‍ പറഞ്ഞ പോലെ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു രാഷ്ട്യീയ പാര്‍ട്ടി മാത്രമാണ് എന്നതാണ് ആദ്യമായി നേതാക്കള്‍ മനസ്സിലാക്കേണ്ടത്‌. കമ്യൂണിസ്റ്റ്‌ ചിന്താഗതിയില്‍ ഉറച്ചു നിന്നു കൊണ്ട്‌ ജനാധിപത്യത്തിന് ഉതകുന്ന രീതിയിലുള്ള ഒരു തിരുത്തല്‍ രേഖ ആണ് പാര്‍ട്ടിക്കിന്നാവശ്യം. (ഇപ്പോള്‍ വരുന്നെന്ന് പറയുന്ന ഈ തിരുത്തല്‍ രേഖ എന്താണെന്ന് ഇന്നും എനിക്കു ശരിക്കറിയില്ല കേട്ടോ. സ: മനോജിന്റെ പ്രശ്നത്തില്‍ വായിച്ചുള്ള അറിവേ ഉള്ളു). എന്നാല്‍ മാത്രമേ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയോടുള്ള മമത കൂടുകയുള്ളൂ.


ഇന്നലെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവറില്‍ സ: ജയരാജനോട്‌ മതങ്ങള്‍ക്കെതിരെ എന്തെങ്കിലും തിരുത്തല്‍ രേഖയില്‍ പറയുന്നുണ്ടോ എന്ന ചോദ്യത്തിന്‍ അദ്ദേഹം ആവര്‍ത്തിച്ചു പറയുന്ന ഉത്തരം " പാര്‍ട്ടി നേതാക്കള്‍ ആര്‍ഭാടരഹിതമായ ജീവിതം നയിക്കണം, വിവാഹ ചടങ്ങുകള്‍ ചിലവു കുറഞ്ഞ രീതിയില്‍ ആയിരിക്കണം എന്നൊക്കെയുള്ള ചട്ടങ്ങള്‍ പണ്ടു മുതല്‍ തന്നെ നിലവില്‍ ഉള്ളതാണ് " എന്നാണ്. അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന് പറയുന്ന പോലെ തോന്നി. പിന്നീട്‌ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ മനോജിന് പാര്‍ട്ടിയില്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന വിശ്വാസങ്ങള്‍ തുടരുന്നതില്‍ കുഴപ്പമില്ല എന്നാണ്. അപ്പോഴും നേതാക്കള്‍ മതപരമായ ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നു തെറ്റു തിരുത്തല്‍ രേഖയില്‍ പറയുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അദ്ദേഹം പറയുന്നില്ല.


മതവിശ്വാസം പാടില്ല എന്ന് പറയാന്‍ ഏതെങ്കിലും പാര്‍ട്ടിക്ക്‌ അധികാരമുണ്ടോ? തീര്‍ച്ചയായും ഇല്ല. അങ്ങനെ ഒരു പാര്‍ട്ടിയുടെ ഭരണഘടനയില്‍ എഴുതി വച്ചാല്‍ അത്‌ ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനം ആകില്ലേ... മതത്തിന്റെ പേരില്‍ ഉടലെടുത്തിരിക്കുന്ന പാര്‍ട്ടികളെ എതിര്‍ക്കുന്ന പോലെ തന്നെ വിശ്വാസികള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളേയും ജനങ്ങള്‍ക്ക്‌ എതിര്‍ക്കേണ്ടി വരും എന്ന് നേതാക്കള്‍ മനസ്സിലാക്കുമെന്ന് കരുതുന്നു. മറ്റു പല പാര്‍ട്ടികളുടേതിനേക്കാളും ഇത്തിരി പ്രവൃത്തി ഗുണം കൂടുതലുണ്ട്‌ എന്ന് തോന്നുന്നതിനാല്‍ മാത്രമാണ് ഇടതു പക്ഷത്തിന് പലരും പിന്തുണ നല്‍കുന്നത്‌ എന്ന് കൂടി ഓര്‍ക്കുക. തമ്മില്‍ ഭേദം എന്ന ലൈന്‍.


ഇതൊന്നും ശ്രീ മനോജിന്റെ പ്രവൃത്തിയെ ന്യായീകരിക്കാനോ അദ്ദേഹം ചെയ്തത്‌ ശരിയാണെന്ന് പറയാനോ അല്ല. വ്യക്തിപരമായി അദ്ദേഹം ചെയ്തത്‌ ന്യായീകരിക്കണ്ടത്‌ അദ്ദേഹത്തിന്റെ മാത്രം കാര്യമാണ്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ പെട്ടെന്ന് ഉണ്ടായ രാജിയാണിതെന്ന് ഞാന്‍ കരുതുന്നു. അതില്‍ അദ്ദേഹത്തിന് വ്യക്തിപരമായ കാര്യങ്ങള്‍ ഉണ്ടാകാം. പാര്‍ട്ടി വിട്ടു പോകുന്നതു കൊണ്ട്‌ അദ്ദേഹത്തിനു വ്യക്തിപരമായ ഗുണങ്ങളും കാണും. അതൊന്നും എന്റെ പ്രശ്നമല്ല. സി.പി. എം എന്ന പാര്‍ട്ടി മതവിശ്വാസത്തെ എതിര്‍ക്കുന്നുണ്ടോ?, ദൈവവിശ്വാസി ഒരിക്കലും കമ്യൂണിസ്റ്റ്‌ ആകില്ല എന്ന് കരുതുന്നുണ്ടോ? മതവിശ്വാസികള്‍ (കീഴ്ഘടകങ്ങളിലെങ്കിലും) നേതൃത്വത്തിലേക്ക്‌ വരുന്നതിനെ പാര്‍ട്ടി എതിര്‍ക്കുമോ ?


ഇതൊക്കെയാണ് എന്റെ മനസ്സില്‍ തോന്നിയ സംശയങ്ങള്‍. ഇതൊക്കെ അറിഞ്ഞിട്ടു വേണം സി.പി. എം എന്ന രാഷ്ട്രീയപാര്‍ട്ടിയെ തുടര്‍ന്നും നിരുപാധികമായി പിന്തുണക്കണമോ എന്ന് ആലോചിക്കാന്‍. പാവങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി എന്ന പേരുതന്നെ ഈയിടെയായി പാര്‍ട്ടിക്കു നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്‌. നേതാക്കള്‍ തന്നെ ആര്‍ഭാടപൂര്‍ണ്ണമായ ജീവിതത്തിലേക്ക്‌ തന്നെയല്ലേ പോകുന്നത്‌? സ: ജയരാജന്‍ പറഞ്ഞ ആര്‍ഭാടരഹിതമായ പാര്‍ട്ടിക്കല്യാണത്തിന്റെ ഒക്കെ കാലം കഴിഞ്ഞു എന്ന് നമ്മള്‍ പലപ്പോഴും കണ്ടു കഴിഞ്ഞതാണ്. അപൂര്‍വ്വം ചിലതൊക്കെ നടക്കുന്നു എന്ന് മറക്കുന്നില്ല.


ഈ പ്രശ്നത്തില്‍ മറ്റ് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് പല അഭിപ്രായങ്ങള്‍ ആണുള്ളതെന്ന് പത്രങ്ങളില്‍ നിന്ന് മനസ്സിലാകുന്നു.


വാല്‍ക്കഷണം.

എന്റെ മതവിശ്വാസമോ ദൈവവിശ്വാസമോ ഈ പോസ്റ്റിന് കാരണമാകുന്നില്ല. ഇത്‌ സാധാരണ വോട്ടര്‍ക്ക്‌ ഭരണഘടന പറഞ്ഞിരിക്കുന്ന അവകാശത്തെ ഒരു പാര്‍ട്ടി എതിര്‍ക്കുന്നുണ്ടോ എന്ന സംശയത്തില്‍ നിന്ന് ഉണ്ടായ പോസ്റ്റ്‌ മാത്രമാണ്. എ.സി മുറിയില്‍ ജോലി ചെയ്യുന്ന നിനക്കൊക്കെ പാവപ്പെട്ടവരുടെ പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ എന്തവകാശം എന്ന് ചോദിക്കുന്നവര്‍ക്ക്‌ വേണ്ടി എഴുതിയതല്ല ഇത്‌ എന്ന് അറിയിച്ചു കൊള്ളുന്നു.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി