ഇന്നത്തെ തീയതി :

Sunday, December 30, 2007

പുതുവത്സരാശംസകള്‍ .... 2008

ഒരു വര്‍ഷം കൂടി പിന്നിടുന്നു.....അതെ 2007 കടന്നു പോകുന്നു..

തിരിഞ്ഞു നോക്കുമ്പൊള്‍ നല്ല ഓര്‍മകളും നല്ലതല്ലാത്ത ഓര്‍മകളും ഉണ്ട്......

എങ്കിലുംനല്ല ഓര്‍മകളെ മനസ്സിലേറ്റി കൊണ്ട് മുന്നോട്ട് പോകാനാണെനിക്കിഷ്ടം......

ചീത്തയൊക്കെ മനസ്സിന്റെ ഒരു കോണില്‍ കിടക്കട്ടെ. .....

ഇടക്കൊക്കെ തികട്ടി വന്നേക്കാമെങ്കിലും അവയൊന്നും മറ്റുള്ളവര്‍ക്ക് ഒരു നോവായി മാറാതിരിക്കട്ടെ...


എന്നെ അറിയാവുന്നവര്‍ക്കും, അറിയാത്തവര്‍ക്കും എല്ലാം ഒരു നല്ല 2008 ആശംസിക്കുന്നു. .....

പുതുവര്‍ഷം , അല്ല ... വരുന്ന വര്‍ഷം മുഴുവനും എല്ലാവരുടെയും ജീവിതത്തില്‍ നല്ലത് മാത്രം വരട്ടെ......

എല്ലാവരുടെയും മനസ്സില്‍ നന്മ വളരട്ടെ..... ലോകാ സമസ്താ സുഖിനോ ഭവന്തു...


" HAPPY NEW YEAR" to ALL OF YOU

Saturday, December 22, 2007

ഋഷിരാജ് സിംഗ് .. ഒരു ഉറക്കം കെടുത്തി

ഋഷിരാജ് സിംഗ് ..... ഇഷ്ടന്‍ ആണ് നട്ടെല്ലുള്ള ഒരു ഐ പി എസ് -കാരന്‍ . കക്ഷി കുറെ നാള്‍ ട്രാഫിക്കില്‍ ഇരുന്നു. നേരം വെളുക്കുമ്പോള്‍ ഏതെങ്കിലും ചെക്ക് പോസ്റ്റിലോ വഴിയിലോ ക്ലീനര് ആയി നിന്നു വണ്ടിക്കരുടെ ഉറക്കം കെടുത്തി.

അപ്പോള്‍ അദ്ദേഹത്തെ കെ എസ് ഇ ബി നന്നാക്കാന്‍ വിജിലന്സിലേക്ക് മാറ്റി. അവിടെ അദ്ദേഹം സാക്ഷാല്‍ പദ്മജയെ തന്നെ റെയ്ഡ് ചെയ്തു. രാത്രി ഒക്കെ കെ എസ് ഇ ബി ഓഫീസുകലില് കടന്നു ചെന്നു അവിടുത്തെ ജീവനക്കാരുടെ 'ഉറക്കം' കെടുത്തി.

പിന്നെ കേള്‍ക്കുന്നു അദ്ദേഹം വ്യാജ സി.ഡി റെയ്ഡ് ചെയ്യുന്നു. അവിടെ ഉറക്കം കേട്ടത് ടോമിന്‍ തച്ചങ്കരി സാറിന്റെതായിരുന്നു. അപ്പോഴതാ അദ്ദേഹത്തെ മൂന്നാറിലേക്ക് വിടുന്നു.അവിടെ അദ്ദേഹം മൂലം ഉറക്കം കേട്ടത് കുറച്ചു എലികളുടെത് ആയിരുന്നു.

ഇപ്പോള്‍ ഇതാ അദ്ദേഹം മൂലം പാവം അബ്കാരികള്‍ ഉറക്കമില്ലാതെ നടക്കുന്നു. അല്ല ഇങ്ങേര്‍ക്കു ഇതെന്തിന്റെ അസുഖമാ എന്നാണ് അബ്കാരികള്‍ ചോദിക്കുന്നത്. പാവങ്ങള്‍ ഇത്തിരി കള്ള് കച്ചവടവും അതിലേറെ വ്യജക്കച്ചവടവും ആയി ഒരു കണക്കിന് ഉന്തിയും തള്ളിയും ജീവിച്ചു പോകുന്നതിന്റെ ഇടയില്‍ ആണ് ഈ സാറിന്റെ ഒരു റെയ്ഡ്. എന്നിട്ട് കുറെ കണക്കുകളും. ഒരു ദിവസം മൂന്നു ലക്ഷം ലിറ്ററെ ചെത്തുന്നുള്ളല്ലോ, പിന്നെങ്ങനെയാ നാല്‍പ്പത് ലക്ഷം ലിറ്റര്‍ വില്‍ക്കുന്നത് എന്നൊക്കെ ചോദിച്ചാല്‍ നാലാം ക്ലാസ് വരെ പോലും പഠിച്ചിട്ടില്ലാത്ത പാവം പണക്കാര്‍ എങ്ങനെ ഉത്തരം പറയാനാണ്? അതിന്റെ ഉത്തരം കിട്ടാതെ ആണ് ആ പാവങ്ങള്‍ ഉറക്കമില്ലാതെ നടക്കുന്നത്.

അല്ല , നാട്ടുകാരുടെ എല്ലാം ഉറക്കം കെടുത്തുന്ന ഈ സാര്‍ എപ്പോഴാണാവോ ഉറങ്ങുന്നത് ?

വാല്‍ക്കഷ്ണം
.....................

ഇനി ഈ സാറിനെ എങ്ങോട്ട് മാറ്റും എന്നോര്‍ത്തു തലപ്പത്തിരിക്കുന്നവര്‍ക്ക് ഉറക്കം കിട്ടാതായിരിക്കുന്നു എന്ന് തിരുവനതപുരത്തുകാര്‍ അടക്കം പറയുന്നു. മാറ്റാന്‍ വേറെ വകുപ്പുകള്‍ ഒന്നുമില്ല പോലും... ഇനി എന്ത് ചെയ്യും,,കാത്തിരുന്നു കാണാം ...

Saturday, December 15, 2007

സ്റ്റാര്‍ സിംഗര്‍ .. ഏഷ്യാനെറ്റ് നന്നായി.....

ഇന്നു രാവിലെ എല്ലാവരെയും അറിയിച്ച് ഏഷ്യാനെറ്റ്കാര്‍ എലിമിനേഷന് റൌണ്ട് ചിത്രീകരിക്കുന്നു. നാട്ടുകാരെ ഇത്തിരി ഒക്കെ ബഹുമാനം ഉണ്ടെന്നു മനസ്സിലായി. 6 -7 റൌണ്ടുകളില്‍് അവര്‍ ജനങ്ങളെ പറ്റിച്ചപ്പോള്‍ അത്രയ്ക്ക് പ്രതികരണം അല്ലായിരുന്നോ ഉണ്ടായത്. ഇന്റര്നെറ്റ് വഴിയാണ് ഇത്രയും ജനങ്ങള്‍ ആ പറ്റിപ്പിനെകുറിച്ച് അറിഞ്ഞത്. ഈ സൗകര്യം ഇല്ലായിരുന്നു എങ്കില്‍ ഇത്രയും പെട്ടെന്ന് ഒരു ചാനലുകളും അവരുടെ നാടകങ്ങള്‍ കഥ മാറ്റി അവതരിപ്പിക്കില്ലായിരുന്നു. ഞാനും ഇവിടെ (ഐഡിയ സ്റ്റാര്‍ സിംഗര്‍.... ഒരു തട്ടിപ്പ്‌ നാടകം..?? )പ്രതികരിച്ചിരുന്നു എന്നതില്‍ എനിക്ക് സന്തോഷം തോന്നുന്നു.

ഇത്തരം ഒരു പ്രതികരണം വന്ന നാളുകളില്‍ തന്നെ അമൃത ടി.വി-കാര്‍ അവരുടെ SMS വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും എന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ ഏഷ്യാനെറ്റും വഴിക്കു വരുന്നു. ഇനി ആ SMS വോട്ടുകളുടെ ഡീറ്റൈല്‍്സ് കൂടി പറഞ്ഞാല്‍ നല്ലതായിരുന്നു.

Monday, December 3, 2007

പവ്വത്തില്‍ പിതാവിന്റെ തമാശ..

പവ്വത്തില്‍ 'പിതാവ്' ഇന്നലെ പറയുകയുണ്ടായി ''വല്യാടുകളെ ഇനി നിങ്ങള്‍ നിന്റെ കുഞ്ഞാടുകളെ സാത്താന്റെ വചനം പഠിപ്പിക്കാനായി മറ്റെങ്ങും വിടരുത് , അവരെ നമ്മുടെ വിദ്യാലയങ്ങളില്‍ വിട്ടു സാരോപദേശം മാത്രം പഠിപ്പിക്കു " എന്ന് .

എന്താ അച്ചോ ഇങ്ങനെ പറയുന്നത്? ഒരു ഇത്തിരി വിവരമുള്ള വര്‍ത്തമാനം പറയാന്‍ മേലെ? വിവരമില്ലഞ്ഞിട്ടണോ അതോ നടിക്കുന്നതാണോ? മറ്റു സമുദായങ്ങളും അങ്ങനെ തന്നെ തീരുമാനിച്ചാല്‍ കോളേജ് നിറക്കാന്‍ പിള്ളാരെ കിട്ടുമോ നിങ്ങളുടെ സമുദായങ്ങളില്‍ നിന്നു?
ഞാന്‍ പഠിച്ചതും ഒരു മാര്‍ത്തോമ സ്കു‌ളിലും ഓര്‍ത്തഡോക്സ് കോളേജിലും ആണ് . അന്ന് അവിടെ ഉണ്ടായിരുന്നതില്‍ 50%-ലേറെ കുട്ടികള്‍ ഹിന്ദുവോ മുസ്ലിമോ ആയിരുന്നു. പിന്നെന്തിനാ പിതാവേ ഈ വിവേചനം. പിതാവ് വര്‍ഗീയ വിഷം വളര്ന്നു വരുന്ന തലമുറയില്‍ കൂടി കുത്തിവയ്ക്കാന്‍ തീരുമാനിച്ചോ? അല്ലെന്കില്‍ ഇത്ര വിവരമില്ലാത്തതും പ്രകോപനപരവുമായ ഒരു പ്രസ്താവന വേണമായിരുന്നോ?

ഇനി ഇങ്ങനെ പറയണം എന്ന് തോന്നിയാല്‍ തന്നെ സര്‍ക്കാരിനോട് ഒരു കാര്യം കൂടി പറയണമായിരുന്നു. "ദേ പിടിച്ചോ പുല്ലേ, നിന്റെ എയിഡുകള്‍്. സര്‍ക്കാര്‍ എയിടെഡ് എന്നൊന്നും ഇനി പറയല്ലേ. ഞങ്ങള്‍ക്കറിയാം സ്കു‌ലും കോളെജും നടത്താന്‍. ആരുടെയും ഓശാരം ഞങ്ങള്‍ക്ക് വേണ്ട."

അങ്ങനെ പറയാന്‍ വിശുദ്ധ തിരുമേനിക്കു ധൈര്യം ഉണ്ടോ? ഉണ്ടെങ്കില്‍ പറയട്ടെ. പറയില്ല. ഇവരുടെ ഒക്കെ വര്‍ത്തമാനം കേട്ടാല്‍ തോന്നും സമൂഹത്തെ പരിപോഷിപ്പിക്കാന്‍ ആണ് അവര്‍ സ്ഥാപനങ്ങള്‍ നടത്തുന്നത് എന്ന്. ആയിരുന്നു ഒരു കാലത്ത്. പക്ഷെ ഇന്നോ? ഒന്നു ചിന്തിച്ചു നോക്കൂ.

ഇതൊക്കെ പവ്വത്തില്‍ പിതാവിന്റെ ഒരു തമാശ അല്ലെ. എങ്ങനെ നടക്കാന്‍ ? ഗവണ്മെന്ട് മെഡിക്കല്‍ കോളെജില്‍ പഠിക്കുന്നവര്‍് എന്ത് ചെയ്യും ? നിര്ത്തി പുഷ്പഗിരിയില്‍ ചേരുമോ? ഓ ..അതാവും സ്വപ്നം. എത്ര നല്ല നടക്കാത്ത സ്വപ്നം ! ! !

Sunday, December 2, 2007

ഭക്തി കച്ചവടം


രാജി രാജഗോപലന്റെ ശബരിമലയും സ്ത്രീകളും എന്ന പോസ്റ്റില്‍ ചെങ്ങന്നൂര്‍ അമ്പലത്തിലെ ദേവി ത്രിപ്പുത്ത് ആകുന്നതിനെ പറ്റി വന്ന കമന്റില്‍ നിന്നാണ് ഈ പോസ്റ്റിന്റെ തുടക്കം. ( അവിടെ കമന്റ്റ് ഇടാന്‍ ടൈപ് ചെയ്തതാണ് . പക്ഷെ അപ്രുവല്‍ ആകുന്ന വരെ നോക്കിയിരിക്കാന്‍ ക്ഷമ ഇല്ലാത്തതിനാല്‍ ഇവിടെ ഒരു പോസ്റ്റ് ആക്കുന്നു).

ചില ഭക്തന്മാര്‍ പറയുന്ന പോലെ ദേവി ത്രിപ്പുത്ത് ആകുന്നു എന്ന് തന്നെ വിശ്വസിക്കുക. ത്രിപ്പൂത് ആകുന്ന ദേവിയെ പരിചരിക്കാന്‍ എന്ത് കൊണ്ട് ചെങ്ങന്നൂര്‍ അമ്പലത്തില്‍ ഒരു 'തന്ത്രിണിയെ' വക്കുന്നില്ല? പണ്ടൊക്കെ ആ ക്ഷേത്രത്തില്‍ ഇതൊരു ആചാരം മാത്രം ആയിരുന്നു. ഇപ്പോള്‍ അതൊരു ബിസിനെസ്സ് ആയി എന്ന് മാത്രം. തീണ്ടാരി ആയ സ്ത്രീകളെ മാറ്റി താമസിപ്പിക്കുന്ന ആചാരം കേട്ടിട്ടുണ്ട് . അപ്പോള്‍ ആണുങ്ങള്‍ അവരെ പരിചരിക്കാന്‍ നില്‍ക്കുന്നതായി കേട്ടിട്ടില്ല. തിണ്ടാരി ആയ സ്ത്രീകളുടെ വസ്ത്രങ്ങള്‍ ആണുങ്ങള്‍ പരിശോദിക്കുന്നതും അത് ഇറയത്ത്‌ അതിഥികള്ക്ക് കാണാന്‍ വേണ്ടി പ്രദര്‍്ശിപ്പിക്കുന്നതും പഴയ കാലത്ത് പോലും കേട്ടിട്ടില്ല. അങ്ങനെയുള്ള 'ദുരാചാരങ്ങള്‍' ഇങ്ങനത്തെ 'ഭക്തന്മാര്‍' ഉള്ളിടത്തോളം കാലം മാറ്റാന്‍ പറ്റില്ല. ഇന്നത്തെ യുവ തലമുറയിലും വളര്ന്നു വരുന്നത് ഇത്തരം ഭക്തി തന്നെയാണ്. ആചാരങ്ങള്‍ അത് തെറ്റാണെങ്കിലും മാറ്റാന്‍ അവര്‍ മുമ്പോട്ട്‌ വരുന്നില്ല.

അത് പോലെ ദേവി പ്രതിഷ്ഠ ഉള്ള എത്ര അമ്പലങ്ങള്‍ കേരളത്തില്‍ ഉണ്ട്. അവിടെ എല്ലായിടത്തും ഈ പ്രതിഭാസം ഉണ്ടാകേണ്ടതല്ലേ ? ഇതൊക്കെ തന്ത്രി കുടുംബം പണ്ടു മുതലേ നടത്തുന്ന ഒരു നാടകം ആകാമല്ലോ. മറ്റാരും ശ്രീകോവിലില്‍ കടക്കാതിടത്തോളം ഈ വസ്ത്രം എപ്പോള്‍ ധരിപ്പിക്കുന്നു എന്നറിയില്ലല്ലോ. ആവോ എനിക്കറിയില്ല. ( ഈ ആചാരത്തെ പറ്റി കുടുതല്‍ അറിവില്ലത്തതിനാല്‍ അറിവുള്ളവര്‍ക്കായി വിടുന്നു..)

ഇതേ പോലെയുള്ള മാളികപ്പുറത്തമ്മ എന്ത് കൊണ്ടു തൃപ്പൂത് ആകുന്നില്ല? മണ്ഡല കാലം മുഴുവന്‍ സ്ത്രീകല്ക്ക് വ്രുതം എടുക്കനവില്ല എന്ന കാരണത്താല്‍ സ്ത്രീകളെ ശബരിമലയില്‍് നിന്നു മാറി നിര്‍ത്താന്‍ പാടില്ല. വേണമെങ്കില്‍ യാത്ര ദുരിതമോ, തിരക്കോ ഒക്കെ പറഞ്ഞു സ്ത്രീകള്‍ക്ക് സ്വയം ഒഴിഞ്ഞു നില്‍കാമല്ലോ. അതെല്ലാം സഹിച്ച് അയ്യപ്പനെ കാണാന്‍ എത്തുന്നവരെ തടയുന്നത് അധാര്‍മികം തന്നെ ആണ് .

ജാതി രാഷ്ട്രിയവും ഇത്തരം ആചാരങ്ങളെ വളര്‍ത്തി കൊണ്ടു വരുന്നു. എങ്കില്‍ അല്ലെ അവര്‍ക്ക് നിലനില്‍പ്പ് ഉള്ളു. പല അമ്പലങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംഖങ്ങള്‍ അവരുടെ ആശയങ്ങല്ക്കനുസരിച്ച് പുതിയ തലമുറയെ വളര്‍ത്താന്‍ നോക്കുന്നു. പലയിടത്തും സപ്താഹം, അഷ്ടമംഗല ദേവപ്രശ്നം, തുടങ്ങിയ 'പേക്കു‌ത്തുകള്‍" നടത്തി യഥാര്‍ത്ഥ ഭക്തന്മാരെ കൂടി വഴി തെറ്റിക്കുന്നു. അവര്‍ സൌമ്യഭവത്തില്‍ ഉള്ള ദേവിയെ പ്രശ്നം വച്ച് 'ഉഗ്രരൂപിണി' ആക്കുന്നു, പുതിയ വഴിപാടുകള്‍ ആരംഭിക്കുന്നു, തീണ്ടാരി വസ്ത്രം വരെ വിറ്റു കാശാക്കുന്നു. അത്ര തന്നെ. അതാണ് ഇന്നത്തെ ഭക്തി കച്ചവടം.

Wednesday, November 21, 2007

എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ്സ്.,,, ശരിക്കും “എക്സ്പ്രസ്”‘ സര്‍വീസ്.

ഇന്നലെ രാത്രി എന്റെ ഭാര്യയുടെ ചേച്ചിയുടെ ഭര്‍ത്താ‍വിനെ ഞാന്‍ അബുദാബി എയര്‍പോര്‍ട്ടില്‍ നിന്നും കൊച്ചിയിലേക്ക് യാത്രയാക്കി. അപ്പോള്‍ സമയം രാത്രി 12.30. വീട്ടില്‍ വന്ന് ഞാന്‍ ഒരിക്കല്‍ കൂടി ചെക്ക് ചെയ്തു. കുഴപ്പം ഇല്ല്ല, 1.35-നു വിമാനം വരും, 2.39-നു പോകൂം എന്ന് പറഞ്ഞത് കേട്ട് സ്വസ്ഥമായി കിടന്നുറങ്ങി. ..

രാവിലെ ചേച്ചി നാട്ടില്‍ ‍നിന്ന് വിളിച്ചു.

ഓഹ്.... ഇത്ര പെട്ടെന്ന് അങ്ങ് എത്തിയല്ലോ എന്നോര്‍ത്ത് സമാ‍ധാനത്തോടെ സംസാരം ആരംഭിച്ച ഞാന്‍ ചേച്ചിയുടെ ചോദ്യം കേട്ട് ശൂ‍ന്യമായി പോയി...

‘ചേട്ടന്‍ ഇപ്പോഴും അബുദാബിയില്‍ ആണെന്ന് വിളിച്ചു പറഞ്ഞു, , ഒന്ന് അന്വേഷിക്കാമോ?” എന്നാണ് ചോദ്യം.

ഉടന്‍ ഞാന്‍ ചേട്ടനെ വിളിച്ചു... അതെ മൊബൈല്‍ അടിക്കുന്നുണ്ട്. ചേട്ടന്‍ അബുദാബി വിട്ടിട്ടില്ല.

ചോദിച്ചപ്പോള്‍ ചേട്ടന്‍ പറഞ്ഞു,

“ ഇന്ന് വൈകുന്നേരം 4.30-നു പോകുമായിരിക്കും എന്ന് എയര്‍ ഇന്‍ഡ്യാക്കാര്‍ പറഞ്ഞത്രേ.... കുട്ടികളും, വയസ്സായവരും എല്ലാം കൂടി അവിടെ ഇരിക്കുന്നു. ഞാനും ഇരിക്കുന്നു”.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തെ കാണാം എന്ന പ്രതീക്ഷയോടെ പോയ ചേട്ടന്റെ മനസ്സിലെ വിഷമം ആ വാക്കുകളില്‍ ഉണ്ടായിരുന്നു. (ആകെ 10 ദിവസത്തേക്കാണ് ചേട്ടന്‍ നാട്ടില്‍ പോയിരിക്കുന്നത്. പുതിയ ഒരു ജോലി ശരിയായിട്ട്, വിസ ചേഞ്ച് ചെയ്യാന്‍ കിഷില്‍ പോകാതെ കമ്പനിക്കാരുടെ കാലു പിടിച്ച് കിട്ടിയ “വെക്കേഷന്‍ ” ആണിത്).

ഇന്നലെ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ എങ്കിലും ആ *^$#%*< , >*&*$^# പറഞ്ഞിരുന്നു എങ്കില്‍ ഇന്ന് ഉച്ച കഴിഞ്ഞ് പോയാല്‍ മതിയായിരുന്നു.

പറ്റിപ്പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ ....അടുത്ത പ്രാവശ്യം എങ്കിലും വേറെ ഏതെങ്കിലും ഫ്ലൈറ്റില്‍ ടിക്കറ്റ് എടുക്കാന്‍ തോന്നണമേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

ഈ പോസ്റ്റ് ഇടുമ്പോള്‍ ചേട്ടന്‍ അവിടെ ഇരുന്നു ഉറങ്ങുകയാവും, അല്ല്ലെങ്കില്‍ ഉറക്കം തൂങ്ങുകയാവും.

“അബുദാബിയില്‍ ഇന്നു ഭയങ്കരമായ മൂടല്‍മഞ്ഞ് ഇല്ല.”

Saturday, November 17, 2007

സുജിതിന്റെ സ്റ്റാര്‍ സിംഗര്‍ പോസ്റ്റ്.. ചില സാദൃശ്യങ്ങള്‍.

സുജിത് ഭക്തന്‍ ഇവിടെ ഏഷ്യാനെറ്റ് ജനങ്ങളെ വന്ചിക്കുന്നു (Exclusive) എന്ന പേരില്‍ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നു.എന്റെ കഴിഞ്ഞ മാസത്തെ ഒരു പോസ്റ്റ് എടുത്ത് കുറച്ച് ചേരുവകള്‍ ചേര്‍ത്ത് ഇട്ടതല്ലേ എന്നൊരു സംശയം. അതില്‍ എനിക്കു പ്രതിഷേധം ഇല്ല. കാരണം SMS എന്ന ഈ വഞ്ചന ജനങ്ങള്‍ എങ്ങനെ എങ്കിലും മനസ്സിലാക്കണം. എന്റെ ബ്ലോ‍ഗിനെക്കാള്‍ സുജിതിന്റെ ബ്ലോഗ് കൂടുതല്‍ ആള്‍ക്കാര്‍ വായിക്കുന്നതാണല്ലോ. അതിനാല്‍ നല്ല കാര്യം തന്നെ.

പക്ഷേ ആ വാചകങ്ങള്‍ keralites.net എന്ന വെബ്‌സൈറ്റില്‍ നിന്നാണെന്നു സുജിത് പറയുന്നത് എങ്ങനെ എന്നു എനിക്കു മനസ്സിലാകുന്നില്ല്ല.

ഇനി കാണൂന്ന വാചകങ്ങള്‍ എന്റെ ഐഡിയ സ്റ്റാര്‍ സിംഗര്‍.... ഒരു തട്ടിപ്പ്‌ നാടകം..?? പോസ്റ്റിലേതല്ലേ എന്ന് എനിക്കൊരു സംശയം.

“കഴിഞ്ഞ ദിവസം ഒരു എലിമിനേഷന്‍ റൗണ്ട്‌ കണ്ടു. ഇത്‌ കുറ‍ഞ്ഞത്‌ ഒരാഴ്ച എങ്കിലും മുന്‍പേ ഷൂട്ട്‌ ചെയ്തതായിരിക്കും. അതില്‍ 'ഔട്ട്‌' ആയ കുട്ടികളും 'ഇന്‍' ആയ കുട്ടികളും അതിന്റെ തലേ ദിവസം വരെ നിങ്ങളോട്‌ വോട്ട്‌ ചോദിച്ചവര്‍ ആയിരിക്കും. അപ്പോള്‍ നിങ്ങള്‍ ചെയ്ത വോട്ട്‌ എവിടെ പോയി? ആരെങ്കിലും ചിന്തിച്ചോ? ഇനിയെങ്കിലും ആരും SMS ചെയ്ത്‌ വഞ്ചിതരാകാതിരിക്കാന്‍ ശ്രമിക്കുക. നിങ്ങളൂടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുക.

ഇനി അന്തര്‍നാടകത്തിലേക്ക്‌..

ഒരു SMS അയക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ പോകുന്നത്‌ 4 മുതല്‍ 6 വരെ രൂപാ വരെ.. അതില്‍ കുറച്ച് ഫോണ്‍ കമ്പനിക്കും ബാക്കി സ്പോണ്‍‍സര്‍ക്കും ലഭിക്കുന്നു. ഏറ്റവും കൂടുതല്‍ SMS കിട്ടിക്കൊണ്ടിരിക്കുന്ന ആള്‍ക്കാരെ നില നിര്‍ത്തികൊണ്ട്‌ (SMS കൂടുതല്‍ കിട്ടിയാല്‍ അവര്‍ക്ക്‌ പരിപാടി നഷ്ടമില്ലാതെ നടത്തി കൊണ്ട്‌ പോകാം.) മറ്റുള്ളവര്‍ക്ക്‌ ഓരോ 'അന്യായങ്ങള്‍' പറഞ്ഞ്‌ വിധികര്‍ത്താക്കള്‍ മാര്‍ക്ക്‌ കുറക്കുന്നു.”

സാദൃശ്യം ഉണ്ടെന്നു ചിലപ്പോള്‍ എനിക്ക് തോന്നിയതാണാവോ? ആ എനിക്കറിയില്ല.

പിന്നെ ഈ ഫൈനല്‍ പ്രവചനം എത്ര മാത്രം ശരിയാണെന്ന് ഇതുവരെ അറിഞ്ഞില്ല. ഏതായാലും SMS വഞ്ചന എപ്പോഴും വഞ്ചന തന്നെ.

Sunday, October 21, 2007

ഐഡിയ സ്റ്റാര്‍ സിംഗര്‍.... ഒരു തട്ടിപ്പ്‌ നാടകം..??

ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത്‌ SMS-ന്റെ കുറവ്‌ മൂലമാണ്‍ എന്നു. പക്ഷേ ,ഈ SMS എന്നതൊരു ശുദ്ധ തട്ടിപ്പാണെന്ന് എനിക്കു തോന്നുന്നു .

ഉദാ: കഴിഞ്ഞ ദിവസം ഒരു എലിമിനേഷന്‍ റൗണ്ട്‌ കണ്ടു. ഇത്‌ കുറ‍ഞ്ഞത്‌ ഒരാഴ്ച എങ്കിലും മുന്‍പേ ഷൂട്ട്‌ ചെയ്തതായിരിക്കും. അതില്‍ 'ഔട്ട്‌' ആയ കുട്ടികളും 'ഇന്‍' ആയ കുട്ടികളും അതിന്റെ തലേ ദിവസം വരെ നിങ്ങളോട്‌ വോട്ട്‌ ചോദിച്ചവര്‍ ആയിരിക്കും. അപ്പോള്‍ നിങ്ങള്‍ ചെയ്ത വോട്ട്‌ എവിടെ പോയി? ആരെങ്കിലും ചിന്തിച്ചോ? ഇനിയെങ്കിലും ആരും SMS ചെയ്ത്‌ വഞ്ചിതരാകാതിരിക്കാന്‍ ശ്രമിക്കുക. നിങ്ങളൂടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുക.

ഇനി അന്തര്‍നാടകത്തിലേക്ക്‌..

ഒരു SMS അയക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ പോകുന്നത്‌ 4 മുതല്‍ 6 വരെ രൂപാ വരെ.. അതില്‍ കുറച്ച് ഫോണ്‍ കമ്പനിക്കും ബാക്കി സ്പോണ്‍‍സര്‍ക്കും ലഭിക്കുന്നു. ഏറ്റവും കൂടുതല്‍ SMS കിട്ടിക്കൊണ്ടിരിക്കുന്ന ആള്‍ക്കാരെ നില നിര്‍ത്തികൊണ്ട്‌ (SMS കൂടുതല്‍ കിട്ടിയാല്‍ അവര്‍ക്ക്‌ പരിപാടി നഷ്ടമില്ലാതെ നടത്തി കൊണ്ട്‌ പോകാം.) മറ്റുള്ളവര്‍ക്ക്‌ ഓരോ 'അന്യായങ്ങള്‍' പറഞ്ഞ്‌ വിധികര്‍ത്താക്കള്‍ മാര്‍ക്ക്‌ കുറക്കുന്നു. എന്നിട്ട്‌ സ്വാഭാവികമായ രീതിയില്‍ അവരെ പരിപാടിയില്‍ നിന്ന് പുറത്താക്കുന്നു. അത്‌ പക്ഷേ നിങ്ങള്‍ കണ്ട്‌ കൊണ്ടിരിക്കുന്ന റൗണ്ടില്‍ നിങ്ങള്‍ അയക്കുന്ന SMS മൂലം അല്ല എന്ന് മാത്രം. അതായത്‌ പരിപാടിയുടെ തിരക്കഥ മുന്‍പേ എഴുതപ്പെട്ടതാണെന്നര്‍ത്ഥം.

വിധികര്‍ത്താക്കള്‍ക്ക്‌ ഭാരിച്ച പ്രതിഫലം കിട്ടുന്നതിനാല്‍ അവര്‍ യഥാര്‍ത്ഥ പ്രതിഭയെ പോലും അവഗണിക്കും. പങ്കെടുക്കുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കും ഇതിനുള്ളിലെ നാടകങ്ങള്‍ പുറത്ത്‌ പറയാന്‍ പാടില്ലത്രേ..കാരണം അവര്‍ ഒപ്പ്‌ വച്ചിരിക്കുന്ന നിബന്ധനകളില്‍ ഇതെല്ലാം ഉള്‍പ്പെടും.

ഇനി എന്റെ സംശയങ്ങള്‍?

ശരിക്കും ഇവര്‍ ജനങ്ങളെ വഞ്ചിക്കുന്നു എങ്കില്‍ ഇവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഇവിടെ ആരുമില്ലേ?

ഒരു പൊതു താല്‍പര്യ ഹര്‍ജി കൊടുത്താല്‍ ഓരോരുത്തര്‍ക്കും കിട്ടുന്ന വോട്ടും അതിന്റെ ഉറവിടവും ഇതിന്റെ സംഘാടകര്‍ക്ക്‌ കോടതിയില്‍ ബോധിപ്പിക്കേണ്ടി വരുമല്ലോ.

അതിന് നാട്ടിലുള്ള ആരെങ്കിലും തയ്യാറാകുമോ?...തയ്യാറായാല്‍ എല്ലാ ചാനലിലും ഇങ്ങനെ നടക്കുന്ന SMS തട്ടിപ്പ് അവര്‍ തനിയെ നിര്‍ത്തും ... അല്ലെങ്കില്‍ പാവപ്പെട്ടവരെ പറ്റിക്കുന്ന ഈ പരിപാടി തുടര്‍ന്നു കൊണ്ടേയിരിക്കും.


ഒ,ടോ... ഇതിന്റെ അവതാരകയെ പറ്റി ഒരു വാക്ക്‌... മലയാളവും ഇംഗ്ലീഷും ശരിയായി പറയാനറിയാത്ത തുണി അലര്‍ജിയുള്ള "രഞ്ജിനി", സ്വരങ്ങള്‍ക്കും അക്ഷരസ്ഫുടതക്കും പ്രാധാന്യമുള്ള ഒരു സംഗീത പരിപാടിയുടെ അവതാരക ആയതില്‍ നിന്ന് തന്നെ ഇതിന്റെ കച്ചവട ലക്ഷ്യം മനസ്സിലാക്കാവുന്നതെയുള്ളു.

(ഇന്നലെ വന്ന ഒരു മെയില്‍ ആണ് ഇങ്ങനെ ഒരു കുറിപ്പിനാധാരം. അതില്‍ പറഞ്ഞിരുന്നതെല്ലാം ശരിയാണോ എന്നറിയില്ല. ശരിയാവാം എന്ന് തോന്നിയത്‌ കൊണ്ടാണ് ഇതെഴുതുന്നത്‌)

Monday, October 8, 2007

എടപ്പാളുകാരേ.... അല്ല മലയാളികളേ.... ലജ്ജാകരം......

ഇന്നലെ കൈരളി റ്റി.വി യില്‍ ആ ദൃശ്യം കണ്ട മനസാക്ഷിയുള്ള ആരും പറഞ്ഞിരിക്കും ഇങ്ങനെ. "
എടപ്പാളുകാരേ.... അല്ല മലയാളികളേ....ലജ്ജിക്കൂ..."

(നാടോടികള്‍ എന്ന പേരില്‍ പോക്കറ്റടിയും, പിടിച്ചുപറിയും നടത്തുന്ന പലരെയും മറന്നിട്ടല്ല ഈ കുറിപ്പ്).
അവള്‍ തമിഴ്‌നാട്ടുകാരിയോ, മോഷ്ടാവോ, കൊലപാതകിയോ ആരുമായിക്കൊള്ളട്ടെ, അവളുടെ വയറ്റില്‍ വളരുന്ന ആ ജീവനെ എങ്കിലും ആ പാപികള്‍ക്ക്‌ ഓര്‍ക്കാമായിരുന്നു. പട്ടാപകല്‍, നടുറോഡില്‍, നൂറുകണക്കിനു ആള്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കെ ഇങ്ങനെ ചെയ്തവര്‍ ആരായാലും അവന്മാരെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ചാല്‍ മാത്രം പോരാ...കണ്ണില്‍ ഉപ്പും മുളകും തേച്ച്, നഖത്തിനിടയില്‍ മൊട്ടുസൂചി കയറ്റണം.


ഈ പാതകം നടത്തിയതിന് ആ സ്ത്രീകളോടും, കരഞ്ഞു കൊണ്ടിരുന്ന ആ കുട്ടിയോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. പണ്ട്‌ ഫൂലന്‍ദേവിയെ ഇങ്ങനെ വസ്ത്രാക്ഷേപം നടത്തി നടുറോഡില്‍ കൂടി നടത്തുന്നത്‌ സിനിമയില്‍ കണ്ടിട്ടുണ്ട്‌. ബീഹാറില്‍ ഈയിടെ നടന്ന ഒന്നു രണ്ട് സംഭവങ്ങളും ഓര്‍മയില്‍ കാണുമല്ലോ. എതാണ്ട്‌ അതിനു തുല്യമായ കിരാത ശിക്ഷ നടത്തിയ എടപ്പാളുകാരേ.....അല്ല മലയാളികളേ...സ്വയം എങ്കിലും ആ സ്ത്രീയോട്‌ മാപ്പ്‌ ചോദിക്കൂ....

ഇത്രയും സമയം ഈ ക്രൂരകൃത്യം നടുറോഡില്‍ നടന്നിട്ട് ഒരു സാമൂഹ്യപ്രവര്‍ത്തകനോ, റംസാന്‍ വ്രതകാലം ആയിട്ടും ഒരു മതനേതാവോ, ഒരു രാഷ്ട്രീയക്കാരനോ അത് തടയാന്‍ എത്തിയില്ല എന്നത് അത്ഭുതകരം...ഇങ്ങനെ പോയാല്‍ കേരളത്തിലും ‍മോഷ്ടാവിനെ ബൈക്കില്‍ കെട്ടി വലിക്കുകയും, പിടിച്ചു പറിക്കാരുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്യുന്ന കാലം അതി വിദൂരം അല്ല.

Saturday, September 29, 2007

ഒരു അപകടത്തിന്റെ ഓര്‍മ...

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 5.45 മണിയോടെ ഞങ്ങള്‍ അബുദാബിയില്‍ നിന്ന് ഷാര്‍ജയിലേക്ക്‌ പുറപ്പെട്ടു. ആ നശിച്ച സാലിക്‌ (ടോള്‍ ഗേറ്റ്‌) ഒഴിവാക്കാന്‍ അന്നു ഞാന്‍ തിരഞ്ഞെടുത്തത്‌ അവസാനത്തെ ഫ്രീ എക്സിറ്റ്‌ ആയിരുന്നു. അണ്ടര്‍പാസ്സില്‍ കൂടി ഷൈക്‌ സായിദ്‌ റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ ഓവര്‍ ബ്രിഡ്ജില്‍ നിന്നും "പാം ജുമൈറ"യിലേക്ക്‌ ഇറങ്ങാതെ ജുമൈറ റോഡിലേക്ക്‌ ഇറങ്ങുമ്പോള്‍ ആ പാലത്തില്‍ വച്ചാണ്‍ ആ ദൃശ്യം കാണേണ്ടി വന്നത്‌. ആ പാലം ജുമൈറ റോഡുമായി യോജിക്കുന്നതിനു ഒരു 25 മീറ്റര്‍ പുറകില്‍ ഒരു ജീപ്പ്‌ നിര്‍ത്തിയിട്ടിരിക്കുന്നു. രണ്ട്‌ ടാക്സിയും മറ്റോരു ഫോര്‍ വീല്‍ ഡ്രൈവ്‌ കാറും അടുത്ത്‌ തന്നെ ഉണ്ട്‌. എന്തോ ആക്സിഡന്റ്‌ ആണെന്ന് എനിക്കു മനസ്സിലായി. വണ്ടി ഓടിച്ചിരുന്ന ആള്‍ വെളിയില്‍ ഇറങ്ങി നിന്ന് ഫോണ്‍ ചെയ്യുന്നു. അടുത്തു വരുന്ന വണ്ടിക്ക്‌ അയാള്‍ കൈ കാണിക്കുന്നു. സൂക്ഷിച്ച് നോക്കിയപ്പോള്‍ കണ്ടു ആ വണ്ടിയുടെ തൊട്ടുതാഴെ ഒരാള്‍ അനക്കമില്ലാതെ കിടക്കുന്നു. അത്‌ കണ്ട ഞാന്‍ അറിയാതെ തന്നെ വണ്ടി നിര്‍ത്തി.(വര്‍ഷങ്ങളായി വണ്ടി ഓടിക്കുന്ന ഞാന്‍ വഴിയില്‍ ഒരു പക്ഷിയോ മേറ്റെന്തെങ്കിലും ജീവിയോ കിടക്കുന്നത്‌ കണ്ടാല്‍ പോലും ആ ജീവനെപറ്റി ഓര്‍ത്തു പോകും). ഇതു കണ്ട എന്റെ ഭാര്യയും അനിയനുമെല്ലാം ശരികും അപ്സെറ്റ്‌ ആയപോലെ...ഇറങ്ങി നോക്കാനാവാത്ത അവസ്ഥ. കാരണം വഴി യോജിക്കുന്നതിനും കുറച്ച് പുറകിലാണു സംഭവം നടന്നിരിക്കുന്നത്‌.

സന്ധ്യാസമയം,ഒരുപക്ഷേ ഇത്തീരി വേഗം കൂടുതല്‍ ആയിരുന്നിരിക്കാം. പാലത്തിനടിയില്‍ നല്ല വെളിചമില്ല. ആ വണ്ടി ഓടിചിരുന്ന ആളെ കുറ്റം പറയാനാവാത്ത സാഹചര്യം. നോമ്പ്‌ തുറക്കുന്ന സമയം ആയതിനാല്‍ വഴി ഒക്കെ ഒഴിഞ്ഞ്‌ കിടക്കുന്നു.എന്താണ്‍ പിന്നീട്‌ സംഭവിച്ചതെന്നറിയില്ല... ഞങ്ങളുടെ പുറകില്‍ വണ്ടികള്‍ വരിയായി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടെ നിന്നു യാത്രയായി..പോകുന്ന വഴി കണ്ടു പോലീസും ആംബുലന്‍സും ഒക്കെ അങ്ങോട്ടേക്ക്‌ പോകുന്നു.

ആ വഴി ക്രോസ്‌ ചെയ്ത ആള്‍ ഒരു നിമിഷം ഒന്നു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍..............പരിഭ്രമത്തോടെ ആര്‍ക്കൊ ഫോണ്‍ ചെയ്യുന്ന ആ ഡ്രൈവറുടെ അവ്യക്തമായ രൂപം മനസ്സില്‍ നിന്നു പോയില്ല, ഇതു വരെ. (ആ രൂപത്തിനു ഒരു മലയാളിത്തം ഉണ്ടായിരുന്നു എന്ന് തോന്നുന്നു)....വണ്ടി ഇടിച്ച് നിലത്തു കിടന്ന ആളുടെ ദുര്യോഗത്തെ പറ്റി ഓര്‍ത്തു സങ്കടപ്പെടുമ്പോഴും ആ ഡ്രൈവറുടെ അവസ്ഥയും അയാളുടെ വരും ദിവസങ്ങളെ പറ്റിയും ആയിരുന്നു എന്റെ വ്യാകുലത......

Thursday, September 6, 2007

മറ്റൊരു പ്രവാസി കൂ‍ടി.....

അതെ...

ഇന്നിതാ മറ്റൊരു പ്രവാസി കൂടി പിറന്നിരിക്കുന്നു...

എന്റെ അനിയന്‍ “‘സുനില്‍” ഇന്ന് അബുദാബിയില്‍ ലാന്‍ഡ് ചെയ്യും...

പ്രവാസികളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായോ എന്ന് എനിക്കറിയില്ല...പക്ഷേ പ്രവാസികളുടെ ജീവിതം അറിയാന്‍ ഒരാള്‍ കൂ‍ടി ആയി....

Monday, August 27, 2007

ഇന്ന് തിരുവോണം.....

ഓണം....

വീണ്ടും ഒരു ഓണം കൂടി....സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നാളുകള്‍ എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്നു അത്മാര്‍ത്ഥമായി ആശംസിക്കുന്നു....

ഓണത്തിന്റെ നാളുകളിലും ഒഴിഞ്ഞ വയറുമായി ഒരു വറ്റ്‌ ചോറിനായി കാത്തിരിക്കുന്ന എല്ലാ പാവങ്ങളും, ഓണത്തിന്റെ പേരില്‍ മദ്യത്തിനും,ആര്‍ഭാടങ്ങള്‍ക്കും വേണ്ടി നാം അനാവശ്യമായി പാഴാക്കുന്ന ഒരോ അണ തുട്ടുകള്‍ക്കും നമ്മെ ശപിക്കാതിരിക്കട്ടെ...

തല ചായ്ക്കാന്‍ ഇടമില്ലാത്തവര്‍ , സ്വര്‍ണം പൂശിയ ആഡംബര ദേവാലയങ്ങളെയും.. കൊട്ടാരങ്ങളെയും അതില്‍ വിരാചിക്കുന്ന അഭിനവ മഹാബലിമാരെയും കല്ലെറിയാതിരിക്കട്ടെ...

എല്ലാവര്‍ക്കും നന്മ മാത്രം വരട്ടെ....മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയട്ടെ..... എന്നും ഓണമാവട്ടെ....

Tuesday, July 10, 2007

അച്ചുവിന്റെ കുളി ബക്കറ്റിലാണ്...

ഒരു ദിവസം അച്ചുവിനു തോന്നി ബകറ്റില്‍ കയറി നിന്നു കുളിക്കാം എന്ന്... വീഴും എന്ന് അറിയാമായിട്ടും അവന്‍ അതില്‍ കയറി നിന്ന് കുളിച്ചു....



ആദര്‍ശ് എന്ന അച്ചു.....

Sunday, June 17, 2007

പനയില്‍ വിരിഞ്ഞ മുത്തുകള്‍....

വെള്ളിയാഴ്ച കടയില്‍ പോകുന്ന നേരം , ഫ്ലാറ്റിന്റെ താഴെ നില്‍ക്കുന്ന ഒരു ചെറിയ ഈന്തപ്പനയിലേക്കു നോക്കി....
അതില്‍ കിടക്കുന്ന മുത്തുമണികള്‍ വെയിലേറ്റ് തിളങ്ങുന്നു....
അപ്പോള്‍ തോന്നിയ ഒരു കൌതുകത്തിന്, കയ്യിലിരുന്ന മൊബൈലില്‍ ഒന്നു രണ്ട് പടങ്ങള്‍ എടുത്തു.

അത് ഇവിടെ കിടക്കട്ടെ എന്നു തോന്നി.....


ഒരെണ്ണം എടുത്തപ്പോള്‍ വീണ്ടും ഒരെണ്ണം കൂടി എടുക്കാന്‍ തോന്നി.......

ചെറിയ പനയില്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ ഒരു ഭംഗി തോന്നി......

കാണുന്ന നീങ്ങള്‍ക്കും അങ്ങനെ തന്നെ അല്ലെ?..... അല്ലെങ്കിലും പ്രശ്നം ഇല്ല കേട്ടൊ....

Saturday, June 16, 2007

‘സ്വ’കാര്യങ്ങള്‍...

കഥയോ കവിതയോ ലേഖനങ്ങളോ അല്ലാതെ ...അനില്‍ എന്ന ‘ഞാന്‍’എന്റെ സ്വന്തം ചിന്തകള്‍..അല്ലെങ്കില്‍.. ‘സ്വ’കാര്യങ്ങള്‍ പങ്ക് വയ്കുന്ന ഒരിടം... അത് ഇതായിരിക്കട്ടെ....

ചിലപ്പോള്‍ ഞാന്‍ എന്റെ ‘പ്രിയ’തമയെ പറ്റി പറയും... ചിലപ്പോള്‍ മൂത്ത മകന്‍ ‘ആദി’ എന്ന ആദിത്യയെ കുറിച്ച് പറയും, ചിലപ്പോള്‍ ഇളയ മകന്‍ ‘അച്ചു’ എന്ന ആദര്‍ശിന്റെ വീരകൃത്യങ്ങള്‍ പറയും,,,,ഇനി ചിലപ്പോള്‍ ചില പടങ്ങള്‍ ഇട്ടു എന്ന് വരാം...

ഒക്കെ സമയം പോലെ ചെയ്യാന്‍ ഈ ഒരു സ്ഥലം ഉപകരിക്കട്ടെ....

ഇതിനു അവസരം ഒരുക്കി തന്ന blogger.com പ്രവര്‍ത്തകര്‍ക്ക് എന്റെ നന്ദി അറിയിക്കട്ടെ....

എന്റെ മറ്റൊരു സംരഭം “സ്പന്ദനങ്ങള്‍”

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി